Aksharathalukal

മണ്ണും മഴത്തുള്ളിയും - തുടർക്കഥ - ഭാഗം 1



 ഇടവപ്പാതി കടന്നുപോയിരിക്കുന്നു.

 കറുത്തിരുണ്ട് ആകാശം ചുറ്റി നടന്ന മേഘങ്ങൾക്ക് പകരം,വെള്ളമേഘങ്ങൾ ഒഴുകി നടക്കാൻ തുടങ്ങിയിരിക്കുന്നു.

 രാവിലെ സൂര്യന്റെ ഇളം ചൂടിൽ, തോട്ടത്തിലൂടെ നടക്കുകയായിരുന്നു മീര.

 പറമ്പിൽ കുറെ പണിക്കാരുണ്ട്..... ഏക്കറ് കണക്കിന്  ഭൂമിയിൽ പച്ചക്കറി തോട്ടമാണ്.

രാവിലെ തന്നെ തോട്ടത്തിൽ ജോലിക്കാർ അവരവരുടെ ജോലിയിൽ മുഴുകാൻ തുടങ്ങിയിരുന്നു.

സ്ത്രീകൾ ആയിരുന്നു കൂടുതലും.

അഞ്ചുഏക്കറോളം ഭൂമിയിൽ കൃഷി വ്യാപിച്ചു കിടക്കുകയാണ്....

എല്ലാം തന്നെ പച്ചക്കറികളാണ്....ചിലതൊക്കെ വിളവെടുപ്പിനായി ഒരുങ്ങി നിൽക്കുന്നു.

കുറച്ച് നാളുകൾക്ക് മുന്നേ വരെ കാടുകയറി കിടന്ന ഭൂമിയായിരുന്നു ഇത്.

വലിയ കോയിക്കൽ തറവാടിന്റെ പാരമ്പര്യംഅന്നൊക്കെ ഈ പഴയ നാലുകെട്ടിൽ മാത്രം ഒതുങ്ങി നിന്നു.

തങ്ങൾക്കുള്ളതെല്ലാം വീതം വെച്ച് കിട്ടിയപ്പോൾ അതെല്ലാം വിറ്റ് ഓരോരുത്തരായി വിദേശത്തും സ്വദേശത്തുമായി കഴിയുന്നു.

ഇളയ മകനായ ഗോപിനാഥമേനോന്റെ പേരിലായിരുന്നു തറവാട്.

എന്തുകൊണ്ടോ അന്ന് അദ്ദേഹത്തിന് ഇത് വിൽക്കാൻ മനസ്സു വന്നില്ല.

ഇന്ന് അദ്ദേഹം കുടുംബസമേതം വിദേശത്താണ്.

അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ്....മീരയും ഹരിതയും.

ഇതിൽ മീര മറ്റെല്ലാവരിൽ നിന്നും വ്യത്യസ്ത യായിരുന്നു.

ആധുനികതയുടെ ബഹളങ്ങളിൽ ജീവിക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ തന്റെ ചെറുപ്പത്തിൽ താൻ കളിച്ചു വളർന്ന വലിയ കോയിക്കൽ തറവാടും ,പച്ചപ്പ് നിറഞ്ഞ ആ ഗ്രാമവുമായിരുന്നു.

അവളുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം ഒരു അധ്യാപിക ആവുക എന്നുള്ളതായിരുന്നു.
തൻറെ ഗ്രാമത്തിലേക്ക് മടങ്ങിവരണമെന്ന് അവൾ വളരെയേറെ ആഗ്രഹിച്ചിരുന്നു.

എന്നാൽ അച്ഛനും അമ്മയും അതിനു സമ്മതിച്ചില്ല.

എന്നാൽ ഒടുവിൽ മീരയുടെ വാശിക്ക് മുന്നിൽ അവർക്ക് വഴങ്ങേണ്ടി വന്നു.

അച്ഛന്റെ കയ്യിൽ നിന്ന് തറവാടിന്റെ താക്കോലും വാങ്ങി, അമേരിക്കയിൽ നിന്നും വിമാനം കയറുമ്പോൾ അവൾ ഒറ്റയ്ക്കായിരുന്നു.

സ്വന്തമായി വീടുണ്ടെങ്കിലും വേരുകളില്ലാത്ത മണ്ണിൽ ഏകയായി അവൾ വലിയ കോയിക്കൽ തറവാട്ടുമുറ്റത്ത്് കാലുകുത്തി.

കാടുപിടിച്ച് കിടന്ന ഭൂമിയിൽ തന്നോട് ചേർന്നുനിന്ന കുറെ പേർക്കൊപ്പം അവൾ ആ മണ്ണിനോട്  മല്ലിട്ടു.

കൂടെ നിന്നവർക്കൊക്കെ അവൾ ഒരു അത്ഭുതമായിരുന്നു....വിദേശത്ത് സമ്പന്നതയിൽ കഴിയേണ്ടവൾ ഇവിടെ മണ്ണിനെ സ്നേഹിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു....

ആ അത്ഭുതം ഒരു യാഥാർത്ഥ്യമായപ്പോൾ മീരയുടെ സ്വപ്നങ്ങളിൽ അവരും പങ്കാളികളായി.

കണ്ണനും, ഭാർഗവീയമ്മയും, ശങ്കരനും അങ്ങനെ ഒത്തിരിയേറെ പേർ അവൾക്കൊപ്പം നിന്നു.

ജോലിക്ക് എത്തുന്നവർക്ക്, അവർക്ക് അർഹതപ്പെട്ട കൂലി അവൾ നൽകി.

തറവാട്ടിൽ മീരയ്ക്ക് കൂട്ടായി ലക്ഷ്മിയമ്മ ഉണ്ടായിരുന്നു.

കണ്ണനാണ് ലക്ഷ്മി അമ്മയെ കൊണ്ടുവന്നത്.

അടുക്കള പണിയും എല്ലാ കാര്യങ്ങളും ലക്ഷ്മി അമ്മ നോക്കും 

രാത്രിയിൽ മീരയ്ക്ക് ഒപ്പം ലക്ഷ്മി അമ്മ തറവാട്ടിൽ തന്നെ കഴിയും.

കണ്ണനായിരുന്നു മീരയുടെ സഹായത്തിന് കൂടെ ഉണ്ടായിരുന്നത്.

തന്നേക്കാൾ നാലു വയസ്സിന് ഇളയവൻ..അച്ഛന്റെ കൂട്ടുകാരൻ രാഘവന്റെ ഇളയ മകനായിരുന്നു കണ്ണൻ.

ഒരു ജോലി തേടിയുള്ള നടത്തത്തിനൊടുവിൽ ആണ് കണ്ണൻ മീരയുടെ അടുക്കൽ എത്തിപ്പെടുന്നത്.

തോട്ടത്തിലെ കാര്യങ്ങളെല്ലാം തന്റെ സഹായമില്ലാതെ നടത്തിക്കൊണ്ടു പോകാൻ കണ്ണന് കഴിയുമെന്ന് മനസ്സിലായതോടെ മീര തന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു അധ്യാപികയാവുക എന്ന തന്റെ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.

തൊട്ടടുത്ത സ്കൂളിൽ തന്നെ അധ്യാപികയായി ജോലി നേടി.

ഇടയ്ക്ക് അമേരിക്കയിൽ നിന്ന് അച്ഛന്റെയും, അമ്മയുടെയും പരിഭവം നിറഞ്ഞ വിളി 
വരാറുണ്ട്.

തിരികെ അമേരിക്കയിലേക്ക് ചെല്ലുന്നതിനെ പറ്റിയാണ് അച്ഛനും അമ്മയ്ക്കും എപ്പോഴും പറയാനുള്ളൂ.
പക്ഷേ താൻ ഒരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.

കാരണം ഇതൊരു സ്വർഗ്ഗമാണെന്ന് മനസ്സ് അറിയാതെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

മണ്ണും, സ്നേഹം നിറഞ്ഞ മനുഷ്യരും,കൊച്ചു ഇടവഴികളും അങ്ങനെ മനസ്സിൽ താൻ അവിടെയിരുന്ന് വരച്ച ചിത്രങ്ങൾക്ക് ജീവൻ കൈ വന്നതുപോലെ...

കടന്നുപോയ ഇടവപ്പാതിയുടെ തോരാ പെയ്ത്ത്  തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയുകയില്ല......നാലുകെട്ടിന്റെ മുകളിലത്തെ മുറിയിൽ നിന്ന് നോക്കിയാൽ,മഴയുടെ സൗന്ദര്യം ആവോളം നുകരാം.... തോട്ടത്തിന്റെ നടുവിലൂടെ പോകുന്ന ചാലിൽ വെള്ളം നിറഞ്ഞ്, അവിടെ നിന്ന് കുത്തിയൊലിച്ച് താഴെ പാടത്തേക്കും, പിന്നീട് അത് ഒഴുകി , നിറഞ്ഞ് കവിയാൻ പാകത്തിൽ നിൽക്കുന്ന തോട്ടിൽ ചെന്ന് ചേരുന്നതും ഇവിടെ നിന്നാൽ ശരിക്കും കാണാം.... അവസാനം ഈ പാടവും തോടും ഒരു പുഴയായി മാറുന്ന കാഴ്ച വല്ലാത്ത ഒരു അനുഭവമാണ്.......

അച്ഛന്റെ സഹോദരങ്ങളെല്ലാം പല ദേശങ്ങളിൽ ആണ്.......ഇതിൽ മൂത്ത സഹോദരന്റെ ഒപ്പമാണ് മുത്തച്ഛനും, മുത്തശ്ശിയും താമസിക്കുന്നത്.... അവർ ബാംഗ്ലൂരിലാണ്.......  മുത്തശ്ശി മരിച്ചപ്പോൾ താൻ അവിടെ പോയിരുന്നു.
മുത്തശ്ശിയുടെ മരണശേഷവും മുത്തച്ഛൻ ബാംഗ്ലൂരിൽ തന്നെയാണ് കഴിയുന്നത്.

പക്ഷേ മുത്തശ്ശിയുടെ മരണം മുത്തച്ഛനിൽ പല മാറ്റങ്ങളും വരുത്തി...... ആരോടും സംസാരിക്കാതെ ഏകനായി കഴിയുകയായിരുന്നു മുത്തച്ഛൻ.. ഒരിക്കൽ ഫോൺ ചെയ്യുന്നതിനിടെ അച്ഛനോട് വല്യച്ഛൻ ഇതൊക്കെ പറയുന്നത് താൻ കേട്ടു.

തോട്ടത്തിൽ നിന്ന് കയറി കാല് കഴുകി വരാന്തയിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ഗേറ്റ് കടന്ന് കണ്ണൻ വരുന്നത് മീര കണ്ടത്.

"എന്താ കണ്ണാ ഇന്ന് വൈകിപ്പോയോ.....?"

മീരയുടെ ചോദ്യം കേട്ടതും ചിരിച്ചുകൊണ്ട് കണ്ണൻ മുറ്റത്തുനിന്നു.

"ഒന്നും പറയേണ്ട മീരേടത്തി..... ഇന്നലെ രാത്രി മുതൽ അമ്മയ്ക്ക് നല്ല പനി..... രാവിലെ ഒന്ന് ആശുപത്രി വരെ കൊണ്ടുപോയി........ അതാ താമസിച്ചത്....."

"എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട്....?"

വരാന്തയിൽ കിടന്ന കസേരയിൽ ഇരിക്കുന്നതിനിടെ മീര ചോദിച്ചു.

ഈ സമയം അകത്തുനിന്ന് ലക്ഷ്മി അമ്മ ചായയുമായി വന്നു. അത് അവർ മീരക്ക് നേരെ നീട്ടി.

"അത് അവന് കൊടുക്ക്... ഞാൻ അകത്തുനിന്ന് കഴിച്ചോളാം...."

ലക്ഷ്മി അമ്മ ചായ ഗ്ലാസ് എടുത്ത് കണ്ണന് നേരെ നീട്ടി. കണ്ണൻ അത് വാങ്ങിച്ചു.

"ഇപ്പോൾ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല ചേച്ചി...."

മീര കസേരയിൽ നിന്ന് എഴുന്നേറ്റു.

"പിന്നെ കണ്ണാ...... ഇന്ന് പച്ചക്കറി വിറ്റു വരുന്ന പൈസയിൽ നിന്ന് ജോലിക്കാർക്കുള്ള കൂലി കൊടുത്തേക്ക്..... നിൻറെ ആവശ്യത്തിന് എന്താണെന്നുവെച്ചാൽ അതും എടുത്തോ.. ബാക്കി പണം ബാങ്കിലെ അക്കൗണ്ടിൽ നിക്ഷേപിക്ക്... കണക്ക് നമുക്ക് വൈകിട്ട് വന്നിട്ട് പറയാം..."

അതിന് മറുപടി പോലെ കണ്ണൻ തലയാട്ടി.

ചായകുടിച്ച് ഗ്ലാസ് വരാന്തയിലെ തിണ്ണയിൽ വയ്ക്കുന്നതിനിടെ കണ്ണൻ മുഖമുയർത്തി മീരയെ നോക്കി.

"മീരേടത്തി ഇങ്ങനെ കിടന്നു ബുദ്ധിമുട്ടേണ്ട കാര്യമുണ്ടോ..... തോട്ടത്തിൽ നിന്നാണെങ്കിൽ നല്ല ആദായം കിട്ടുന്നുണ്ട്.... അതിൻ്റെ ഒപ്പം ഈ സ്കൂളിലെ ജോലി കൂടി വേണോ..."

കണ്ണൻ്റ വാക്കുകൾ കേട്ടതും മീരയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

"മോനേ കണ്ണാ..... ഇതിൻ്റ സുഖം ഒന്ന് വേറെയാണെടാ...... ഈ മണ്ണ്, മനുഷ്യർ, ഗ്രാമം... ഇതൊക്കെ എന്റെ ഒരു സ്വപ്നമായിരുന്നു..... ആ സ്വപ്നം കണ്ട് തന്നെയാ ഞാൻ വളർന്നത്...... അമേരിക്കയിൽ നല്ലൊരു ജോലി നേടി അവിടെ അങ്ങ് കഴിയാം..... പക്ഷേ തിരക്കുപിടിച്ച ലോകത്ത് നിന്ന് വന്ന് ദാ.. ഇങ്ങനെ ഈ മണ്ണിൽ കാലുകുത്തി നിൽക്കുമ്പോൾ കിട്ടുന്ന സുഖം..... അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല...."

മീരയുടെ വാക്കുകൾ കേട്ടതും കണ്ണൻ ചിരിയോടെ ആ മുഖത്തേക്ക് നോക്കി.

"ഇതൊക്കെ ഇപ്പോൾ പറയും..... അച്ഛൻ കൊണ്ടുവരുന്ന ഏതെങ്കിലും ഒരു സായിപ്പിനെ ഒക്കെ കല്യാണം കഴിച്ചു കഴിയുമ്പോൾ, അങ്ങേരും പറയും മീരെടത്തിക്ക് ഭ്രാന്താണെന്ന്......"

കണ്ണൻ്റ പൊട്ടിച്ചിരി അവിടെ മുഴങ്ങി.

"അങ്ങനെ ഒരു ഭ്രാന്തനെയാണെടാ ഞാൻ കെട്ടുന്നുള്ളൂ...."

മീര ഇതു പറയുന്നതിനിടെ അകത്തുനിന്ന് ലക്ഷ്മി അമ്മ, മീരയുടെ ഫോണുമായി വന്നു.

"മോളെ ...... കുറെ നേരമായി ഇതിലേക്ക് വിളി വരുന്നു......"

മീര ആ ഫോൺ വാങ്ങി അതിലെ നമ്പറിലേക്ക് നോക്കി.


ബാംഗ്ലൂരിൽ നിന്ന് വല്യമ്മയാണ്.

മീര വേഗം തന്നെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.


രണ്ടുപേരും കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ചു.
പെട്ടെന്നുതന്നെ മീരയുടെ മുഖം വിടരുന്നത് കണ്ണനും ലക്ഷ്മി അമ്മയും കണ്ടു.

ബാംഗ്ലൂരിൽ നിന്ന് മുത്തച്ഛനെയും കൊണ്ട് വല്യച്ചൻ ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന് പറഞ്ഞതാണ് വലിയമ്മ.

മുത്തശ്ശിയുടെ മരണശേഷം മുത്തച്ഛൻ ആരോടും മിണ്ടാട്ടമില്ലാതെ കഴിയുകയായിരുന്നു.

ഇതിനിടെ വലിയച്ഛൻ, അച്ഛനെ വിളിച്ചപ്പോഴാണ് താൻ ഇവിടെ നാട്ടിൽ ഉണ്ടെന്ന കാര്യം വല്യച്ഛൻ അറിയുന്നത്.

കുറച്ചുനാൾ മീരയ്ക്കൊപ്പം മുത്തച്ഛൻ നിൽക്കട്ടെ എന്ന് രണ്ടുപേരും എടുത്ത തീരുമാനപ്രകാരമാണ് മുത്തച്ഛനെയും കൊണ്ട് വല്യച്ഛൻ നാട്ടിലേക്ക് തിരിച്ചത്.

അതിലേറെ താനിവിടെ ഒറ്റയ്ക്കാണെന്ന ഭയം അച്ഛനെയും അമ്മയെയും ഏറെ അലട്ടിയിരുന്നു. അതിനൊരു പ്രതിവിധി കൂടി ആവാം ഇതെന്ന് മീര കരുതി.

ഈ വാർത്ത മീരയ്ക്ക് വളരെയേറെ സന്തോഷം നൽകി. കാരണം തനിക്ക് ഇവിടെ ഒരു കൂട്ടാവും..... അതിലേറെ മുത്തച്ഛൻ കളിച്ചു വളർന്ന മണ്ണാണിത്..... ഈ ഓർമ്മകൾ പൂക്കുന്ന മണ്ണ് ചിലപ്പോൾ മുത്തച്ഛൻ്റെ മനസ്സിന് ഒരു സാന്ത്വനം ആയിരിക്കും.....

ഫോൺ താഴെ വച്ചിട്ട് മീര, കണ്ണനെയും ലക്ഷ്മി അമ്മയെയും നോക്കി.

"എല്ലാവർക്കും ഒരു സന്തോഷവാർത്തയുണ്ട്.. ഈ വലിയ കോയിക്കൽ തറവാടിന്റെ പഴയ അവകാശി വരുന്നു... ഭാസ്കര പണിക്കർ..... ഇന്ന് വൈകുന്നേരം ഇവിടെയെത്തും... മുത്തച്ഛൻ്റെ പിറന്ന മണ്ണിലേക്കുള്ള തിരിച്ചുവരവ് നമുക്ക് ഒരു ആഘോഷമാക്കണം.... രാത്രി അടിപൊളി സദ്യ......"

ലക്ഷ്മി അമ്മയെ ചേർത്തുനിർത്തിക്കൊണ്ട് മീര പറഞ്ഞു.


ലക്ഷ്മി അമ്മയുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.


"കണ്ണാ..... ലക്ഷ്മി അമ്മയോട് ചോദിച്ചിട്ട് എന്തൊക്കെയാ വേണ്ടെന്നുവച്ചാൽ വാങ്ങിക്കൊടുക്കണം.... ഞാൻ സ്കൂളിൽ നിന്ന് നേരത്തെ എത്താം..... വൈകിട്ടത്തേക്കുള്ള സദ്യ എന്നിട്ട് നമുക്ക് ശരിയാക്കാം... വൈകിട്ട് നീ ഇവിടെ കാണണം....."


അതിന് മറുപടി പോലെ കണ്ണൻ തലയാട്ടി.

മീരയുടെ മനസ്സിൽ സന്തോഷം തിര തല്ലി.
മറ്റുള്ളവരുടെ തണലിൽ നിന്ന് ഓടി അകലാൻ താൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്... അപ്പോഴും തന്റെ സ്നേഹം അവർക്ക് പകർന്നു നൽകാൻ താൻ ഒരിക്കലും മറന്നിട്ടുമില്ല....

ഒരു പെണ്ണായി ജനിച്ചാൽ അവളുടെ ജീവിതത്തിന്റെ പരിമിതി അളക്കുന്നത് മറ്റുള്ളവരല്ല..... അവരവർ തന്നെയാണ്... ആ ബോധമാണ് ഇന്നും തന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്.....

അത് പരിമിതികളുടെ ലോകം അല്ല....
മറിച്ച് സ്വന്തം ചിറകു വിരിച്ച് താൻ കാണുന്ന സ്വപ്നങ്ങളിലേക്ക് പറക്കാൻ കൊതിക്കുന്ന ഒരു ലോകം....

ബഹളങ്ങളിൽ നിന്ന് പിറന്ന മണ്ണിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ച മുത്തച്ഛനെ പോലെ..... എല്ലാ മനസ്സിലും ഒരല്പമെങ്കിലും അവശേഷിക്കുന്നുണ്ടാകും ഗ്രാമം എന്ന നന്മ.....

ഈ മനോഹര തീരത്തിലൂടെ,
ആ നന്മയിലേക്കുള്ള യാത്ര......

 മുത്തച്ഛൻ്റ കൈകളിൽ പിടിച്ച്, നഷ്ടപ്പെട്ട ആ ബാല്യത്തിന്റെ പഴയ ഓർമ്മകളിലേക്ക് തിരികെ പോകണം.....

മീരയുടെ മനസ്സിന് വല്ലാത്തൊരു ആനന്ദം തോന്നി....

അവൾ മുത്തച്ഛൻ്റ വരവിനായി കാത്തിരുന്നു.



............................ തുടരും.....................................

മണ്ണും മഴത്തുള്ളിയും - തുടർക്കഥ ഭാഗം 2

മണ്ണും മഴത്തുള്ളിയും - തുടർക്കഥ ഭാഗം 2

5
560

 ഇരുട്ട് അന്തരീക്ഷത്തിൽ വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. മുത്തച്ഛൻ വരുന്നതുകൊണ്ട് നേരത്തെ സ്കൂളിൽ നിന്നെത്തിയ മീര, ലക്ഷ്മി അമ്മയുമായി  ചേർന്ന് ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു." കണ്ണൻ വരാന്ന് പറഞ്ഞിട്ട് ഇതുവരെ എത്തിയില്ലല്ലോ.... " മീരയുടെ ചോദ്യം കേട്ടതും ലക്ഷ്മി അമ്മ ആ മുഖത്തേക്ക് നോക്കി." കുഞ്ഞ് വരുന്നതിന് കുറച്ചു മുന്നേയാണ്, സാധനങ്ങൾ എല്ലാം വാങ്ങി തന്നിട്ട് കണ്ണൻ പോയത്..... " ലക്ഷ്മി അമ്മ ഇതു പറയുന്നതിനിടെ മുൻവശത്തെ ഗേറ്റ് തുറക്കുന്ന ശബ്ദം മീര കേട്ടു. അവൾ ആകാംക്ഷയോടെ അങ്ങോട്ട് എത്തിനോക്കി. കണ്ണനായിരുന്നു അത്....കടെ അനുജത്തി ശ്ര