Aksharathalukal

മണ്ണും മഴത്തുള്ളിയും - തുടർക്കഥ ഭാഗം 2




 ഇരുട്ട് അന്തരീക്ഷത്തിൽ വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു.
 മുത്തച്ഛൻ വരുന്നതുകൊണ്ട് നേരത്തെ സ്കൂളിൽ നിന്നെത്തിയ മീര, ലക്ഷ്മി അമ്മയുമായി  ചേർന്ന് ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

" കണ്ണൻ വരാന്ന് പറഞ്ഞിട്ട് ഇതുവരെ എത്തിയില്ലല്ലോ.... "

 മീരയുടെ ചോദ്യം കേട്ടതും ലക്ഷ്മി അമ്മ ആ മുഖത്തേക്ക് നോക്കി.

" കുഞ്ഞ് വരുന്നതിന് കുറച്ചു മുന്നേയാണ്, സാധനങ്ങൾ എല്ലാം വാങ്ങി തന്നിട്ട് കണ്ണൻ പോയത്..... "

 ലക്ഷ്മി അമ്മ ഇതു പറയുന്നതിനിടെ മുൻവശത്തെ ഗേറ്റ് തുറക്കുന്ന ശബ്ദം മീര കേട്ടു.

 അവൾ ആകാംക്ഷയോടെ അങ്ങോട്ട് എത്തിനോക്കി.

 കണ്ണനായിരുന്നു അത്....കടെ അനുജത്തി
 ശ്രീക്കുട്ടിയും ഉണ്ടായിരുന്നു.

 രണ്ടുപേരും നടന്ന്, മീരയ്ക്കും, ലക്ഷ്മി അമ്മയ്ക്കും അരികിലെത്തി.

" അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് കണ്ണാ... "

" മരുന്ന് കഴിച്ചതിനുശേഷം നല്ല കുറവുണ്ട് മീരേടത്തി.... "

 കണ്ണൻ പറഞ്ഞു.

 മീര മുഖമുയർത്തി ശ്രീക്കുട്ടിയെ നോക്കി.

 മീര പഠിപ്പിക്കുന്ന സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീക്കുട്ടി.

  അവധി ദിവസങ്ങളിൽ ശ്രീക്കുട്ടി മിക്കവാറും മീരയ്ക്കൊപ്പം ആയിരിക്കും.

" നീ സ്കൂൾ വിട്ടു വന്നിട്ട് എന്തെങ്കിലും കഴിച്ചിരുന്നോ..... "

 ശ്രീക്കുട്ടിയെ നോക്കി, മീര ചോദിച്ചു.

" ചായ കുടിച്ചിരുന്നു മീരേടത്തി..... "

 ശ്രീക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

 മീരയും, ലക്ഷ്മി അമ്മയും പച്ചക്കറി അരിയുന്ന തിരക്കിലായിരുന്നു.

 കണ്ണനും അവർക്കൊപ്പം ചേർന്നു.

" ശ്രീക്കുട്ടി.... മേശപ്പുറത്ത് ഭക്ഷണം ഇരിക്കുന്നുണ്ട്... "

" ഇപ്പോൾ എനിക്ക് ഒന്നും വേണ്ട മീരേടത്തി.."

 അവർക്കരികിൽ ഇരിക്കുന്നതിനിടെ ശ്രീക്കുട്ടി പറഞ്ഞു.

" ഇവൾ എന്തെങ്കിലും പഠിക്കുന്നുണ്ടോ മീരേടത്തി..... "

  ശ്രീക്കുട്ടിയെ നോക്കിക്കൊണ്ട് കണ്ണൻ ചോദിച്ചു.

" അവൾ മിടുക്കി അല്ലേ കണ്ണാ.... നിങ്ങള് നോക്കിക്കോ... എല്ലാവരെയും ശ്രീക്കുട്ടി ഒരു ഞെട്ടല് ഞെട്ടിക്കും.... "

 മീര അരിഞ്ഞുവെച്ച പച്ചക്കറി കഴുകുന്നതിനിടെ പറഞ്ഞു.

" അത് ഒരു ഒന്നൊന്നര ഞെട്ടൽ ആയിരിക്കും അല്ലേ മീരേടത്തി.... "

 കണ്ണന്റെ വാക്കുകൾ കേട്ടതും, എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.

 സന്ധ്യയ്ക്ക് കനം വയ്ക്കാൻ തുടങ്ങിയിരിക്കുന്നു.

 തയ്യാറാക്കിയ ഭക്ഷണം മുഴുവൻ മേശപ്പുറത്തേക്ക് മാറ്റുന്ന തിരക്കിലായിരുന്നു എല്ലാവരും.

 മീര ക്ലോക്കിലേക്ക് നോക്കി.

 സമയം എട്ടു മണിയോട് അടുക്കുന്നു.

 അവിടെ നിന്ന് പുറപ്പെട്ട സമയം കണക്കാക്കുകയാണെങ്കിൽ, എത്തേണ്ട സമയമായിരിക്കുന്നു.

 മനസ്സിൽ ഓരോന്ന് ആലോചിക്കുന്നതിനിടയിലാണ് പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടത്.

 എല്ലാവരും ആകാംക്ഷയോടെ അങ്ങോട്ടു നോക്കി.

 കണ്ണൻ വേഗം ഓടിച്ചെന്ന് ഗേറ്റ് തുറന്നു.

 എല്ലാവരും മുറ്റത്തേക്ക് ഇറങ്ങുന്നതിനിടെ കാർ ഗേറ്റ് കടന്നുവന്നു.

 മീര പുഞ്ചിരിയോടെ കാറിനരികിലേക്ക്  നടന്നു.

 കാറിൽ നിന്നിറങ്ങിയ വല്യച്ഛനെയും മുത്തച്ഛനെയും അവൾ നോക്കി.

 മൂന്നുപേരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.

 കാറിൽ നിന്നിറങ്ങിയ മുത്തച്ഛൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.

 വർഷങ്ങൾക്കുശേഷം ഓർമ്മകൾ പൂക്കുന്ന മണ്ണിലേക്ക് ഒരു മടക്കയാത്ര.... പഴയകാല ഓർമ്മകളുടെ ഒരു തിരയിളക്കം ആ മുഖത്ത് കാണാമായിരുന്നു.

 മീര മുത്തച്ഛന്റെ കൈകളിൽ പിടിച്ചു.

 മുത്തച്ഛൻ വാത്സല്യത്തോടെ ആ തലമുടി ഇഴകളിലൂടെ തലോടി.

" മീര.... " - ആ ചുണ്ടുകൾ ചലിച്ചു.

 അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

" നീ ഇവിടെ ആകെ ഒന്ന് മാറ്റിമറിച്ചിട്ടുണ്ടല്ലോ മീരേ..... "

 വല്യച്ഛന്റെ വാക്കുകൾ കേട്ടതും പുഞ്ചിരിയോടെ മീര ആ മുഖത്തേക്ക് നോക്കി.

" ഈ മണ്ണിൽ ചവിട്ടുമ്പോൾ കിട്ടുന്ന സുഖം, അത് പറഞ്ഞറിയിക്കാൻ പറ്റില്ല വല്യച്ച.... അത് അനുഭവിച്ചു തന്നെ അറിയണം..... "

 മീര ചിരിച്ചുകൊണ്ട് പറഞ്ഞു.

" ഈ മണ്ണിനെ നീ മുറുകെ തന്നെ പിടിച്ചോ... നിന്റെ അച്ഛൻ ഇതിന് ആരോടൊക്കെയോ വിലപറയുന്നുണ്ട്..... "

 വല്യച്ഛൻ പറഞ്ഞു.

" ഇത് ഞാൻ ആർക്കും വിട്ടുകൊടുക്കില്ല വല്യച്ഛ... ഇതൊരു വാശി അല്ല.... തിരിച്ച് ചോദിക്കാത്ത ഒരു സ്നേഹം അത് ഈ മണ്ണിൽ ഉണ്ട്..... അത് തിരിച്ചറിയണമെങ്കിൽ ഈ മണ്ണിൽ ഒന്ന് കാലമർത്തിയാൽ മതി.... "

 മീരയുടെ വാക്കുകൾ കേട്ടതും, ഒരു ചെറുപുഞ്ചിരിയോടെ മുത്തച്ഛൻ അവളെ തന്നോട് ചേർത്തു നിർത്തി.

 പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഒന്നും മുത്തച്ഛനെ അലട്ടുന്നില്ലെന്ന് അവൾക്ക് മുത്തച്ഛനെ കണ്ടപ്പോൾ തോന്നി.

 ഇന്നും ഒരു താങ്ങുവടിയുടെ ആവശ്യമില്ലാതെ, നടക്കാൻ കഴിയുന്നുണ്ട് മുത്തച്ഛന്.

 മുത്തച്ഛൻ തന്റെ മുന്നിൽ നിന്നവരെ എല്ലാം മാറിമാറി നോക്കി.

" ഇവരൊക്കെ.... "

" ഇത് ലക്ഷ്മി അമ്മ..... വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് ലക്ഷ്മി അമ്മയാണ്...... ഇത് കണ്ണനും ശ്രീക്കുട്ടിയും... വല്യച്ഛനും മുത്തച്ഛനും അറിയുമായിരിക്കും... അണിമംഗലത്ത് രാഘവൻ..... ആ രാഘവേട്ടന്റെ മക്കളാണ്...... "

 ആ വാക്കുകൾ കേട്ടതും മുത്തച്ഛന്റെയും വല്യച്ഛന്റെയും കണ്ണുകൾ വിടർന്നു.

" അറിയും അറിയും....... നിന്റെ അച്ഛന്റെയും ഇവന്റെയും കളിക്കൂട്ടുകാരൻ ആയിരുന്നു രാഘവൻ..... "

 മുത്തച്ഛൻ പുഞ്ചിരിയോടെ പറഞ്ഞു.

 ഒരു മടങ്ങി വരവിന്റെ സുഖവും പേറി, വലിയ കോയിക്കൽ ഭാസ്കരമേനോൻ, തന്റെ ഓർമ്മകൾ ഉറങ്ങുന്ന ആ തറവാടിന് അകത്തേക്ക് കാലുകൾ എടുത്തു വച്ചു.

 വലിയച്ഛൻ മാധവനും അവരെ അനുഗമിച്ചു.

 ഈ സമയം കാറിനകത്തിരുന്ന പെട്ടികളെല്ലാം എടുത്ത് കണ്ണൻ അവർക്ക് പിറകെ നടന്നു.

 മുത്തച്ഛനും, വല്യച്ഛനും കുളികഴിഞ്ഞ് എത്തുമ്പോൾ, മേശപ്പുറത്ത് ഭക്ഷണം നിരന്നിരുന്നു.

" ധൈര്യമായിട്ട്  കഴിച്ചോ വല്യച്ച..... ഒരു വിഷവും ഇല്ലാതെ നമ്മുടെ പറമ്പിൽ വിളയുന്ന പച്ചക്കറികളാ.... "

 അതിനുള്ള മറുപടി മാധവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.

 ഭക്ഷണം കഴിച്ചതിനുശേഷം, മാധവൻ മുഖമുയർത്തി മീരയെ നോക്കി.

" കൊള്ളാം... വളരെ നാളെത്തി  മനസ്സും വയറും നിറഞ്ഞു.... "

 മുൻവശത്തേക്ക് നടന്ന വല്യച്ഛനും മുത്തച്ഛനും ഒപ്പം മീരയും കൂടി.

"  ഇവിടെ ആകെ ഒരു മാറ്റം .... "

 വല്യച്ഛൻ പറഞ്ഞു.

" അങ്ങനെയൊന്നുമില്ല വല്യച്ഛ.... നല്ല വളക്കൂറുള്ള മണ്ണാ ഇത്..... അതിൽ ഇത്തിരി വിയർപ്പ് ഒഴുക്കിയാൽ പൊന്നു വിളയിക്കാം... ഓരോ തീരം തേടി നമ്മൾ യാത്ര തുടരുമ്പോഴും, പിറന്ന മണ്ണിനെ കുറിച്ചുള്ള ഓർമ്മകൾ നമുക്ക് എന്നും ഒരു കരുത്താ.... "

 മീരയുടെ വാക്കുകൾ മുത്തച്ഛനും കേട്ടിരിക്കുകയായിരുന്നു.

 സ്വപ്നലോകത്തു നിന്നും, പിറന്ന മണ്ണിലേക്ക് പറന്നിറങ്ങി ഇവിടെയാ സ്വപ്നലോകം തീർക്കുന്ന മുഖത്തേക്ക്, ഭാസ്കരമേനോൻ അതിശയത്തോടെ നോക്കി.

 എല്ലാവരിൽ നിന്നും വ്യത്യസ്ത യാണ് മീര....

" നിന്റെ അച്ഛന്റെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു..... "

 വല്യച്ഛന്റെ ചോദ്യം കേട്ടതും മീര ആ മുഖത്തേക്ക് നോക്കി.

" കുഴപ്പമൊന്നുമില്ല വല്യച്ച.... ഹോട്ടൽ ബിസിനസ് ഒക്കെ നല്ല രീതിയിൽ പോകുന്നുണ്ട്... പിന്നെ എല്ലാ ബിസിനസ്സിലും പാർട്ണർമാരും ഉണ്ട്.... അതിന്റേതായ ചില പ്രശ്നങ്ങളും ഉണ്ട്.... "

 കുടുംബത്തിലെ ഓരോ കാര്യങ്ങളും സംസാരിച്ച്, കുറെ നേരം എല്ലാവരും അവിടെ ഇരുന്നു.

 ഇതിനിടെ കണ്ണനും, ശ്രീക്കുട്ടിയും ഭക്ഷണം കഴിച്ച് യാത്ര ചോദിച്ച് ഇറങ്ങിയിരുന്നു.

 മുത്തച്ഛനും, വല്യച്ഛനും ഉറങ്ങാനായി തങ്ങളുടെ മുറികളിലേക്ക് പോയപ്പോൾ, മീര അടുക്കളയിലേക്ക് നടന്നു.

 അവിടെ ലക്ഷ്മി അമ്മ, പാത്രങ്ങളെല്ലാം കഴുകി വയ്ക്കുന്ന തിരക്കിലായിരുന്നു. മീരയും അവരെ സഹായിച്ചു.
" മോള് ഭക്ഷണം കഴിച്ചില്ലല്ലോ.. കഴിച്ച് കിടന്നോളൂ ഇത് എനിക്ക് തീർക്കാവുന്ന പണിയല്ലേ ഉള്ളൂ.. "

" അതുവേണ്ട... ഇത് തീർത്തിട്ട് നമുക്ക് ഒരുമിച്ചിരിക്കാം.. "

 മീരയുടെ വാക്കുകൾ കേട്ടതും ലക്ഷ്മി അമ്മയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

 മുകളിലത്തെ മുറിയിലായിരുന്നു മാധവൻ ഉറങ്ങാൻ കിടന്നിരുന്നത്.

 ആ മുറിയുടെ ജനാല തുറന്നിട്ട് മാധവൻ
 പുറത്തേക്ക് നോക്കി.

 നല്ല തണുത്ത കാറ്റിന്റെ സുഖം....

 ഇവിടെ നിന്ന് പുറത്തേക്ക് നോക്കിയാൽ സുന്ദരമായ കാഴ്ചയാണ്.....

 കാട് കേറി കിടന്ന ഭൂമിയെല്ലാം ഇന്ന് വെട്ടി തെളിച്ചു..... അവിടം മുഴുവൻ കൃഷിയാണ്..... അതിനു പിറകിൽ നെൽപ്പാടവും തോടും എല്ലാം വ്യക്തമായി കാണും....

 ബാല്യത്തിന്റെ ഓർമ്മകളിൽ എവിടെയൊക്കെയോ ഈ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നുണ്ട്....

 ഇന്ന് ഇത് ഇങ്ങനെ നിൽക്കുന്നത് എല്ലാം മീരയുടെ കഴിവാണ്...

 താൻ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.... ഓരോ പെൺകുട്ടികളും ആധുനികതയുടെ മാറ്റത്തിനൊപ്പം നടന്നു നീങ്ങുമ്പോൾ,  അതെല്ലാം വിട്ട് പഴമയിലേക്ക് ഒരു മടക്കയാത്ര ആഗ്രഹിക്കുന്ന മനസ്സ്.....

 അവളാണ് ശരിയെന്ന് ഇതെല്ലാം കാണുമ്പോൾ അറിയാതെ തോന്നി പോകുന്നു.

 ഇതിനിടെ മേശപ്പുറത്തിരുന്ന മാധവമേനോന്റെ ഫോൺ ശബ്ദിച്ചു.

 അയാൾ ആകാംക്ഷയോടെ അങ്ങോട്ട് നോക്കി.
 വീട്ടിൽ നിന്നുള്ള വിളി ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്.

 അമേരിക്കയിൽ നിന്ന് ഗോപിയാണ്... മീരയുടെ അച്ഛൻ.

 ഇവിടത്തെ വിശേഷങ്ങൾ അറിയാനുള്ള വിളിയായിരിക്കും...

 മീരയെ കുറിച്ചുള്ള  ആവലാതി അവരെ എപ്പോഴും അലട്ടിയിരുന്നു.

 എന്നാൽ ഇന്ന് ജീവിതത്തിൽ വിജയം കൊയ്യുന്ന ഒരു പെൺകുട്ടിയാണ് അവൾ എന്നറിയുമ്പോൾ ഗോപിയുടെ മനസ്സ് തണുക്കും..

 മാധവൻ ഫോൺ കയ്യിലെടുത്തു.

" ഹലോ.... "

 എന്നാൽ കുറച്ചുനേരത്തേക്ക് മറു തലയ്ക്കൽ നിന്ന് ശബ്ദം ഒന്നും ഉണ്ടായില്ല.


 എന്നാൽ ഇതിനിടെ ആരുടെയോ തേങ്ങൽ കേൾക്കുന്നത് പോലെ മാധവന് തോന്നി.

 എന്തോ സംഭവിച്ചിരിക്കുന്നു....

" ഹരി... "

 മാധവന്റെ വിളി വീണ്ടുമുയർന്നു.


" മാധവേട്ടാ.... "

 മറുതലയ്ക്കലെ ശബ്ദത്തിലെ ഇടർച്ച മാധവൻ അറിയുന്നുണ്ടായിരുന്നു.

" എന്താടാ പറ്റിയത്... "

" കൂടെ നിന്നവരുടെ ചതിക്കുഴിയിൽ പെട്ടുപോയി മാധവേട്ടാ... "

" നീ എന്താണെന്ന് വെച്ചാൽ തെളിച്ചു പറ.. "

 മാധവൻ ഫോൺ ചെവിയോട് ചേർത്തുപിടിച്ചുകൊണ്ട് വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി.

" കൂടെ നിന്നവർ വിശ്വാസ വഞ്ചന കാണിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല.. ബാങ്കിലേക്ക് തിരിച്ചടയ്ക്കേണ്ട പണമെല്ലാം   സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, അവസാനം വലിയൊരു ബാധ്യതയുടെ വക്കിലാണ്ഇപ്പോൾ ഞാൻ നിൽക്കുന്നത്... എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല മാധവേട്ടാ...."

 ഇടർച്ച നിറഞ്ഞ ശബ്ദം കരച്ചിലിന്റെ വക്കോളം എത്തിയത് പോലെ മാധവന് തോന്നി.

" നീ വിഷമിക്കാതിരിക്ക്... എന്തിനും ഒരു പോംവഴിയില്ലേ"

 മാധവൻ,ഹരിയെ സമാധാനിപ്പിക്കാൻ നോക്കി.

" ഈ വലിയ നഗരത്തിൽ ഒറ്റപ്പെട്ടതുപോലെ മാധവേട്ടാ..... എന്റെ വിയർപ്പിന്റെ വിലയാണ് കൈവിട്ടു പോകാൻ പോകുന്നത്..... സമ്പാദ്യം എല്ലാം ഈ മണ്ണിൽ തന്നെ ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ.... "

 ഹരിയുടെ വാക്കുകൾ മുറിഞ്ഞു.

" പെട്ടെന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റും.... "

 മാധവൻ ചോദിച്ചു.

" മുന്നിൽ ഒറ്റ വഴിയേ ഉള്ളൂ.... സമ്പാദിച്ചു കൂട്ടിയത് എല്ലാം വിറ്റു പെറുക്കി, ബാങ്കിൽ അടയ്ക്കാനുള്ള പണം അടയ്ക്കണം.... "

 ഫോണിലൂടെ ഹരിയുടെ ഭാര്യയുടെ തേങ്ങൽ മാധവൻ കേൾക്കുന്നുണ്ടായിരുന്നു.

" അല്ലാതെ മറ്റൊരു വഴിയുമില്ല..... "

" ഇല്ല മാധവേട്ടാ.... ഈയൊരു അവസ്ഥയിൽ ആരും സഹായിക്കാൻ ഉണ്ടാവില്ല... അല്ലെങ്കിൽ പിന്നെ മറ്റൊരു വഴിയേ ഉള്ളൂ.... "

" എന്താടാ അത്..... "

 അവരുടെ ഇടയിൽ കുറച്ചുനേരം നിശബ്ദത പരന്നു.

" നാട്ടിലുള്ള തറവാടും സ്ഥലവും വിൽക്കണം... "

 ഹരിയുടെ വാക്കുകൾ കേട്ടതും, മാധവന്റെ കാലുകൾ നിശ്ചലമായി.

 അയാൾ ഒരല്പസമയം മറ്റേതോ ലോകത്ത് ആയിപോയി.

" മാധവേട്ടൻ എന്താ ഒന്നും മിണ്ടാത്തത്.... "

" ഞാനെന്തു പറയാനാ ഹരി.... ഇത് ഇപ്പോൾ നമ്മുടെ പഴയ തറവാട് അല്ല... നിന്റെ മകൾ തീർത്ത ഒരു സ്വർഗ്ഗമാണ്... അതെന്താണെന്ന് അനുഭവിച്ചറിയണമെങ്കിൽ ഇവിടെ തന്നെ വരണം.... ഈ ചെറുപ്രായത്തിൽ മണ്ണിനോട് മല്ലിട്ടും, തന്റെ ജോലിയിലൂടെയും, സമ്പാദിക്കുന്നത് ഞാൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.... "

" എനിക്ക് എല്ലാം അറിയാം മാധവേട്ടാ.... പക്ഷേ ഈ അവസ്ഥയിൽ നിന്ന് ഒന്ന് കരകയറണമെങ്കിൽ ..... "

 ഹരിക്ക് അത് പൂർത്തിയാക്കാൻ ആയില്ല.


" എനിക്ക് അറിയാം ഹരി... എന്നിരുന്നാലും ഇവിടെ വന്നപ്പോൾ കണ്ട കാര്യങ്ങൾ പറഞ്ഞെന്നേയുള്ളൂ... നമ്മുടെ അച്ഛൻ പോലും മാറി പോയിരിക്കുന്നു.. ഈ മണ്ണിൽ കാലുകുത്തിയത് മുതൽ അച്ഛനും ആ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നതുപോലെ... ഇതിനെല്ലാം നിമിത്തമായത് മീരയാണ്... "


" മാധവേട്ടന് അവളോട് ഒന്ന് സംസാരിച്ചു കൂടെ... "

" ഞാൻ സംസാരിക്കാം  ഹരി... ഇതറിയുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു എന്ന് വരാം.... എന്നാലും അവൾ നിന്നെ ഉപേക്ഷിക്കില്ല.... കാരണം ഒരുപാട് നന്മകൾ ആ മനസ്സിൽ ഉണ്ട്... ഏത് അച്ഛന്റെയും  പുണ്യമാണ് ഇങ്ങനെയൊരു മകൾ.... "


 മാധവന്റെ സ്വരമിടറാൻ തുടങ്ങിയിരുന്നു.

 അവരുടെ ഇടയിൽ കുറച്ചുനേരം നിശബ്ദത പരന്നു.

" ഹരി നീ ധൈര്യമായിരിക്ക്.... ഞാൻ അവളോട് സംസാരിക്കാം... "


 ഹരിയെ സമാധാനിപ്പിച്ച് ഫോൺ ഓഫ് ചെയ്യുമ്പോൾ, മാധവന്റെ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു.



 താൻ കണ്ട സ്വർഗം ഒരു നിമിഷം കൊണ്ട് ഇല്ലാതാവുന്നതുപോലെ....


 നാളെ ഇതെങ്ങനെ മീരയുടെ അടുത്ത് അവതരിപ്പിക്കും...

 എന്തായിരിക്കും അവളുടെ പ്രതികരണം...

 മാധവൻ വരാന്തയിൽ ഇട്ടിരുന്ന  കസേരയിൽ, അകലങ്ങളിലേക്ക് നോക്കി ഇരുന്നു.




.......................... തുടരും....................................................
..........








മണ്ണും മഴത്തുള്ളിയും - തുടർക്കഥ അവസാന ഭാഗം

മണ്ണും മഴത്തുള്ളിയും - തുടർക്കഥ അവസാന ഭാഗം

0
670

 മാധവമേനോൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. മീരയോട് പറഞ്ഞതിനുശേഷം അവളുടെ കണ്ണുകളിലെ നനവ്, അയാളുടെ മനസ്സിലും നോവ് പടർത്തി. എന്നാൽ മീരയുടെ വാക്കുകളാണ് മാധവ മേനോനെ അത്ഭുതപ്പെടുത്തിയത്." ഒരു പ്രതിസന്ധി വരുമ്പോൾ ഏത് അച്ഛനെയും സഹായിക്കേണ്ടത് മക്കളുടെ കടമയല്ലേ വല്യച്ഛ.... അല്ലെങ്കിൽ തന്നെ മീര ഇവിടെ എന്താണ് നേടിയിരിക്കുന്നത്.... എല്ലാം അച്ഛന് അവകാശപ്പെട്ടതല്ലേ.... ആ വിയർപ്പിന്റെ വിലയല്ലേ ഇതെല്ലാം.... " ആ വാക്കുകൾക്ക് ശേഷം ഒരു പൊട്ടിക്കരച്ചിലാണ് മാധവമേനോൻ പ്രതീക്ഷിച്ചത്. എന്നാൽ തലയുയർത്തിപ്പിടിച്ച് തന്റെ മുന്നിലൂടെ പോയ ആ മുഖം ഇപ്പോഴും മറക്കാൻ കഴിയുന്