നിഹാരിക 3
നിഹ വന്നപ്പോൾ സ്നേഹദീപത്തിൽ കുട്ടികൾ പുറത്ത് കളിച്ചു കൊണ്ടിരിക്കുവായിരുന്നു..
അവൾ ഗേറ്റ് കടന്നു അകത്തേക്ക് വന്നതും അവരോടി ചെന്നവളെ വട്ടം പിടിച്ചു....
\"നിച്ചുവേച്ചി...\"
\"ആഹാ ഇതെന്താ എല്ലാവരും പുറത്ത്.. \"
\"കളിക്കുവാ... \"
കൂട്ടത്തിൽ ചെറിയ കുട്ടി വിളിച്ചു പറഞ്ഞു...
\"ന്നാ നിങ്ങൾ കളിച്ചോ.. ചേച്ചി അകത്തേക്ക് ചെല്ലട്ടെ... \"
സ്നേഹദീപത്തിൽ ചെറിയൊരു തയ്യൽ യൂണിറ്റ് ഉണ്ടായിരുന്നു... അവിടെ ചെറിയ ചെറിയ ഓർഡർ എടുത്തു ഡ്രസ്സ് അടിച്ചു കൊടുക്കാറുണ്ട്...
യമുനാമ്മയും രോഹിണിയും അവിടെ ആയിരുന്നു..
നിഹയെ കണ്ടപ്പോൾ അവർ പുറത്തേക്ക് വന്നു..
\"നിച്ചു.. എങ്ങനെയുണ്ടായിരുന്നു മോളെ ഇന്റർവ്യൂ... \"
\" ഇന്റർവ്യൂ പാസായി അമ്മേ അധികം ആൾക്കാർ ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ജോലി കിട്ടി... \"
\" അമ്മ മോൾക്ക് വേണ്ടി നല്ലോണം പ്രാർത്ഥിച്ചിരുന്നു... ദൈവങ്ങൾ അങ്ങനെയൊന്നും നമ്മളെ കൈവിടില്ല അല്ലേ... \"
\"ഇല്ലെന്റെ അമ്മെ... പിന്നെ അമ്മേ നാളെ രാവിലെ തന്നെ ഞാൻ പോകും... \"
\"രാവിലെയോ.. അതെന്താ പെട്ടെന്ന്.. \"
\" അത് അമ്മേ അവിടെ സ്റ്റാഫ് കുറവാണ്... അതുകൊണ്ടാണ് എന്നോട് നാളെ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞത്... \"
\" മോളെ നിനക്ക് താമസിക്കാൻ ഒരു സൗകര്യമൊക്കെ റെഡിയാക്കണ്ടേ.. \"
\"അതൊക്കെ കമ്പനി അക്കോമോഡേഷൻ ആണ്.. അതിനെക്കുറിച്ച് ഓർത്ത് എന്റെ അമ്മക്കുട്ടി ടെൻഷൻ ആവണ്ടാട്ടോ... \"
അമ്മയുടെ കവിളിൽ പിടിച്ചു കൊഞ്ചിക്കൊണ്ട് നിഹ പറഞ്ഞു..
\"നിച്ചു... മോള് പോയി ചായകുടിച്ച് ഒന്ന് റസ്റ്റ് എടുക്ക്.. ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ ഞാൻ യൂണിറ്റിലേക്ക് ചെല്ലട്ടെ ഇന്നു തീർത്തു കൊടുക്കേണ്ട ചില ജോലികളുണ്ട്.. \"
യമുനാമ്മ പോയതും രോഹിണി നിഹയുടെ കൂടെ മുറിയിലേക്ക് വന്നു..
\"നിച്ചു... \"
\"എന്താടി പെണ്ണെ.. \"
\"യമുനാമ്മയെ പറ്റിച്ചത് പോലെ എന്നോട് വേണ്ട.. പോയിട്ട് എന്തായി.. വിശദമായി പറയ്.. \"
\" ഞാൻ യമുനാമ്മയെ പറ്റിച്ചിട്ടൊന്നുമില്ല എന്റെ രോഹിണീ... ഓഫീസിൽ വെച്ച് കുറച്ച് കാര്യങ്ങളൊക്കെ ചോദിച്ചതിനു ശേഷം ശ്രീറാം സാർ എന്നെയും കൂട്ടി അവരുടെ വീട്ടിലേക്കു പോയി... \"
\"എന്നിട്ട്?? \"
\"എന്നിട്ടെന്താ... അലംകൃത എന്ന അല്ലു.. ഏകദേശം നാല് വയസ്സ് ഉണ്ടാവും.. കാന്താരി... നമ്മുടെ ചിന്നുവിനെ പോലെ... പക്ഷേ ഇച്ചിരി വാശിക്കാരിയാണ്.. അല്ലുവിനെ നോക്കാനാണ് ഞാൻ പോകുന്നത്.. \"
\"അവിടെ ബാക്കി ആരൊക്കെ ഉണ്ട്? \"
\" അതിനെക്കുറിച്ച് ഒന്നും എനിക്ക് വിശദമായി അറിയില്ല ഞാൻ ശ്രീറാം സാറിനെയും കുട്ടിയേയും മാത്രമേ കണ്ടുള്ളൂ സാറിന്റെ അമ്മ അവിടെയുണ്ട് പക്ഷേ ഞാൻ പുറത്തേക്കോന്നും കണ്ടില്ല പിന്നെ കാർത്തിക എന്ന ഒരു ചേച്ചിയേയും കണ്ടു അവിടുത്തെ ജോലിക്കാരി ആണെന്ന് തോന്നുന്നു.. \"
\" കുട്ടിയെ നോക്കിയാൽ മാത്രം മതിയോ അതോ വീട്ടുജോലി ഒക്കെ... \"
പറഞ്ഞതു മുഴുവൻ ആക്കാനാവാതെ രോഹിണി നിർത്തി...
\"ചെയ്യേണ്ടി വരുമായിരിക്കും.. എനിക്കറിയില്ല.. അതൊന്നും സംസാരിച്ചില്ല... \"
\"ആ കുട്ടി... എങ്ങനുണ്ട്?? \"
\"കുറച്ചു വാശിക്കാരി ആണെങ്കിലും എനിക്കിഷ്ടായി... അല്ലുവിന് എന്നെയും ഇഷ്ടായി.. \"
\"മ്മ്... നീ രാവിലെ പോകും അല്ലെ.. \"
\"പിന്നെ... രാവിലെ ഇറങ്ങും സാർ ഓഫീസിലേക്ക് പോകുന്നതിന് മുന്നേ എത്തണം.. \"
\"മ്മ്.. \"
\"നീ ഫ്രഷ് ആയിക്കോ ഞാൻ യൂണിറ്റിലേക്ക് പോകുവാ.. \"
നിഹയോട് യാത്ര പറഞ്ഞു രോഹിണി പുറത്തേക്ക് പോയി..
🌷🌷🌷🌷🌷🌷നിഹാരിക 🌷🌷🌷🌷🌷🌷
രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നേരം...
നിഹയുടെ മനസ്സിൽ മറ്റെന്തൊക്കെയോ ആയിരുന്നു..
\"ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ശ്രീറാം സാറിനെ ഞാനെങ്ങനെ സ്വപ്നം കണ്ടു അതും ഒരിക്കലും കാണാൻ പാടില്ലാത്ത രീതിയിൽ...\"
\"സാറിനെ കാണുമ്പോഴൊക്കെ ഇതുവരെ ആരോടും തോന്നാത്ത ഒരു ഫീലിംഗ്... \"
\"എനിക്കെന്താവും പറ്റിയെ... ദൈവമേ... !\"
ഓരോന്നാലോചിച്ചു കൊണ്ട് നിഹ ബെഡിലേക്ക് വീണു..
അപ്പോഴാണ് രോഹിണി അവിടേക്ക് വന്നത്..
\"ഡീ നിച്ചു... ഇതെന്താ വല്യ ആലോചനയിൽ ആണല്ലോ.. \"
\"നീയെന്താ ഇവിടെ.. \"
\"ഓഹ് നീ നാളെ പോകില്ലേ അപ്പൊ ഇന്ന് നിന്റെ കൂടെ കിടക്കാമെന്ന് കരുതി.. \"
അതും പറഞ്ഞു രോഹിണി നിഹയോടൊപ്പം കയറി കിടന്നു...
\"അപ്പൊ ഡോർമെറ്ററിയിൽ കുട്ടികളോടൊപ്പം ആരുണ്ട്?? \"
\"സംഗീത ഉണ്ട്.. \"
\"മ്മ്.. \"
\"നിച്ചു നിനക്കെന്താ പറ്റിയെ.. \"
രോഹിണി ചോദിച്ചു..
\"എന്ത് പറ്റാൻ.. \"
\"ഡീ പെണ്ണെ നിന്നെ ഞാൻ ആദ്യമായ് അല്ല കാണുന്നത്.. മര്യാദക്ക് കാര്യം പറഞ്ഞോ.. \"
രോഹിണി പറയുന്നത് കേട്ടപ്പോൾ നിഹ ഒരുനിമിഷം മിണ്ടാതിരുന്നു...
രോഹിണിയോട് ഒന്നും മറച്ചുവെക്കാൻ തനിക്കാവില്ല എന്ന് നിഹയ്ക്ക് അറിയാമായിരുന്നു...
അവൾ രാവിലെ താൻ കണ്ട സ്വപ്നം മുതൽ എല്ലാം രോഹിണിയോട് പറഞ്ഞു..
കട്ടിലിൽ കിടന്ന രോഹിണി ചാടിയെഴുന്നേറ്റു... എന്നിട്ട് വിശ്വാസം വരാതെ നിഹയെ നോക്കി..
\"സ്വപ്നം കണ്ടെന്നോ... നീയെന്താ മനുഷ്യനെ വട്ടാക്കുവാണോ.. \"
\"രോഹു.. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ പറഞ്ഞതൊക്കെ സത്യമാണ്...\"
നിഹ പറയുന്നത് കേട്ട് ഒരു നിമിഷം രോഹിണി എന്തോ ആലോചിച്ചിരുന്നു...
എന്നിട്ട് ചോദിച്ചു..
\"ഇനി നീ സ്വപ്നത്തിൽ കണ്ടത് നടക്കുമോ നിച്ചു... \"
\"എന്തോന്ന്... \"
രോഹിണി പറയുന്നത് കേട്ട് വിശ്വസിക്കാനാവാതെ നിഹ ചാടിയെഴുന്നേറ്റു..
\"അല്ല... ഇനിയെങ്ങാനും കുട്ടിയെ നോക്കാൻ വന്ന പെൺകുട്ടിയോട് നിന്റെ ശ്രീറാം സാറിന് പ്രണയം തോന്നിയാലോ..\"
നഖം കടിച്ചു കൊണ്ട് നാണത്തോടെ രോഹിണി പറഞ്ഞു..
\"ഒന്ന് പോയെ പെണ്ണെ.. പൊട്ടത്തരം പറയാതെ... അങ്ങേർക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉള്ളതാ.. എന്നിട്ടാ.. ഈ അനാഥപെണ്ണിനോട് പ്രേമം തോന്നാൻ.. മനുഷ്യനെ വട്ടാക്കാതെ കിടന്നുറങ്ങിക്കെ നീയ്... കൂടുതൽ ചിന്തിച്ചു ആ പിണങ്ങി നിൽക്കുന്ന ഹൃദയത്തിന് ഭാരം കൂട്ടാതെ.. \"
നിഹ പറയുന്നത് കേട്ട് രോഹിണി കിടന്നെങ്കിലും എന്തൊക്കെയോ ആലോചിച്ചു ഉറക്കം വരാതെ കിടന്നു..
കുറച്ചു കഴിഞ്ഞു..
\"നിച്ചു... \"
\"മ്മ്.. \"
\"നീ ഉറങ്ങിയോ.. \"
\"മ്മ്.. \"
\"നിച്ചു.. \"
\"എന്താടി പെണ്ണെ.. ഉറങ്ങാനും സമ്മതിക്കൂല്ലേ.. \"
\"ഒരു കാര്യം കൂടെ എന്നിട്ട് നീ ഉറങ്ങിക്കോ.. \"
\"എന്താ.. ഒന്ന് വേഗം പറയ് എനിക്ക് രാവിലെ പോകാനുള്ളതാ.. \"
\"അതെ നിന്റെ സാർ കാണാനെങ്ങനാ.. ചുള്ളനാണോ \"
\"രോഹു... !!\"
നിഹ ദേഷ്യത്തിൽ വിളിച്ചു..
\"വേണ്ട.. ഞാനുറങ്ങി.. എനിക്കൊന്നും അറിയേണ്ട.. \"
അതും പറഞ്ഞു രോഹിണി പുതപ്പ് തലവഴി മൂടിപ്പുതച്ചു കിടന്നു..
രോഹുവിന്റെ പ്രവൃത്തി കണ്ടപ്പോൾ നിച്ചുവിന് ചിരിപൊട്ടി എങ്കിലും അവൾ കണ്ണടച്ച് കിടന്നു..
അപ്പോൾ ശ്രീറാമിനെ ആദ്യമായ് കണ്ടത് അവൾക്കോർമ്മ വന്നു...
ഏതൊരു പെണ്ണും മോഹിച്ചു പോകും രോഹു.. അതുപോലെ വ്യക്തിത്വവും സൗന്ദര്യവുമുള്ള ഒരു വ്യക്തി അതാണ് അദ്ദേഹം..
നിഹ മനസ്സിൽ ചിന്തിച്ചു..
\"മനസ്സിൽ പൊട്ടത്തരങ്ങളൊന്നും തോന്നല്ലേ ഭഗവാനെ.. \"
അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു
🌷🌷🌷🌷🌷🌷നിഹാരിക 🌷🌷🌷🌷🌷🌷
രാവിലെ തന്നെ പോകാൻ തയ്യാറായി നിഹ ഇറങ്ങി വന്നു..
ഇത്രയും വര്ഷങ്ങളായി ആദ്യമായ് ആണ് സ്നേഹദീപത്തിൽ നിന്നും നിഹ മാറി നിൽക്കുന്നത് അതിന്റെ വിഷമം അവളുടെ മുഖത്ത് ഉണ്ടായിരുന്നു...
കുട്ടികൾക്കെല്ലാം നിച്ചുവെച്ചി ജീവനായിരുന്നു... അതുകൊണ്ട് തന്നെ അവൾ പോകുന്നത് ആർക്കും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
എല്ലാവരോടും യാത്ര പറഞ്ഞു നിഹ ഇറങ്ങി...
തൊടുപുഴ ടൗണിൽ നിന്നും ബസ് കയറി എറണാകുളം എത്തിയപ്പോഴേക്കും എട്ടര ആയി...
വേഗം ഒരോട്ടോ പിടിച്ചു നിഹ ഇന്ദീവരത്തിൽ എത്തി...
കാളിംഗ് ബെൽ അടിച്ചപ്പോൾ കാർത്തിക ആണ് വാതിൽ തുറന്നത്..
\"വരൂ.. \"
കാർത്തിക നിഹയെ അകത്തേക്ക് ക്ഷണിച്ചു...
ശ്രീറാം ഓഫീസിൽ പോകാൻ റെഡിയായി ഇറങ്ങി വരുമ്പോൾ ആണ് നിഹ അകത്തേക്ക് വന്നത്..
\"നിഹ.. സോറി നിഹാരിക രാവിലെ എത്തിയല്ലോ \"
\"നിഹ എന്ന് വിളിച്ചാൽ മതി സാർ.. സാർ പോകുന്നതിന് മുൻപേ വരണമല്ലോ അതുകൊണ്ട് രാവിലെ ഇറങ്ങി.. \"
\"അതെന്തായാലും നന്നായി.. ഇത് കാർത്തിക.. നിഹ ഇന്നലെ കണ്ടുകാണുമല്ലോ... അമ്മയെ നോക്കാൻ വന്നതാ ഇപ്പൊ ഇവിടുത്തെ ജോലിയെല്ലാം കാർത്തികയാണ് നോക്കുന്നത്... അല്ലുവിനെ കൂടെ നോക്കാൻ കാർത്തികയ്ക്ക് കഴിയില്ല അതാണ് ഞാൻ നിഹയെപോലെ ഒരാളെ നോക്കിയത്.. \"
ശ്രീറാം പറയുന്നതൊക്കെ കേട്ട് നിഹ മിണ്ടാതെ നിന്നു..
\"അല്ലു... \"
നിഹ ചോദിച്ചു..
\"മുകളിൽ ഉണ്ട്... സ്ഥിരം വാശിയും ദേഷ്യവുമാണ്.. രാവിലെ സ്കൂളിൽ വിടുന്നത് വലിയൊരു ജോലിയാണ്.. \"
\"ഇനിമുതൽ ഞാൻ നോക്കിക്കോളാം സാർ.. \"
\"ഓക്കേ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫീൽ ഫ്രീ ടു കോൺടാക്ട് മീ.. ഓക്കേ.. \"
\"കാർത്തിക.. നിഹയുടെ മുറി കാണിച്ചു കൊടുക്കണം.. \"
\"കൊടുക്കാം സാർ.. \"
അത്രയും പറഞ്ഞിട്ട് ശ്രീറാം പുറത്തേക്ക് പോയി...
\"വാ മോളേ.. \"
കാർത്തിക നിഹയെ കൂട്ടികൊണ്ട് മുകളിലേക്ക് പോയി..
\"ചേച്ചി ഇവിടെയാണോ താമസം.. \"
\"അല്ല മോളേ... ഞാൻ രാവിലെ വന്നിട്ട് വൈകിട്ട് പോകും.. അമ്മക്ക് ആരെങ്കിലും സഹായത്തിനു വേണം... അതുകൊണ്ട് സാർ വരുന്നത് വരെ ഞാൻ ഇരിക്കും.. എന്റെ വീട് ഇവിടെ അടുത്താ നടന്നു പോകാനേ ഉള്ളൂ.. \"
കാർത്തിക ഓരോന്ന് സംസാരിച്ചു കൊണ്ട് നിഹയെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി..
അവിടെ ഒരു മുറി കാണിച്ചു കൊടുത്തു...
\"അയ്യോ ഇത്... എനിക്കിത്രയും സൌകര്യമുള്ള മുറിയൊന്നും വേണ്ട ചേച്ചി.. \"
നിഹയുടെ സംസാരം കേട്ട് കാർത്തിക ചിരിച്ചു പോയി....
\"നിഹ... ഇവിടെ എല്ലാ മുറികളും ഇതുപോലെ സൌകര്യമുള്ളതാണ്.. അല്ലുമോൾടെ മുറിയുടെ അടുത്ത് തന്നെ നിഹയ്ക്ക് മുറികൊടുക്കാൻ സാർ ആണ് പറഞ്ഞത്... \"
കാർത്തിക പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവാതെ നിന്നു നിഹ..
സ്നേഹദീപത്തിൽ നിഹയ്ക്ക് മാത്രമേ ഒറ്റമുറി ഉള്ളൂ അതുമൊരു കുടുസു മുറി.. ഒരു കട്ടിലിട്ടാൽ പിന്നെ അവിടെ നിൽക്കാനാവില്ല.. അത് നിഹയ്ക്ക് പഠിക്കാനുള്ള സൗകര്യത്തിനാണ് ഡോർമെറ്ററിയിൽ നിന്നും അവിടേക്ക് മാറിയത്..
അതുവെച്ചു നോക്കുമ്പോൾ ഇതൊരു കൊട്ടാരമാണ്... തന്നെപോലെ കുപ്പത്തൊട്ടിയിൽ ജനിച്ച ഒരനാഥപെണ്ണിനു ഇതുപോലൊരു വീട്ടിൽ ജീവിക്കാൻ അവസരം കിട്ടുമെന്ന് വെച്ചാൽ...
ഓർക്കുന്തോറും നിഹയുടെ മിഴികൾ നിറഞ്ഞു വന്നു..
കാർത്തിക കാണാതെ അവൾ നിറഞ്ഞുവന്ന മിഴികൾ മുറുക്കിയടച്ചു.
\"അല്ലുവിനെ കാണേണ്ടേ... \"
കാർത്തികയുടെ സംസാരമാണ് നിഹയെ സ്വബോധത്തിലേക്ക് എത്തിച്ചത്..
അല്ലുവിന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്നു നിഹ അകത്തേക്ക് കടന്നു...
അവിടാകമാനം ചായപെൻസിലുകളും വരക്കാനുള്ള ചിത്രങ്ങളും ചിതറിക്കിടന്നു... അതിന്റെ നടുവിൽ അല്ലുവും ഉണ്ടായിരുന്നു..
\"കണ്ടോ നിഹ... ഒമ്പതുമണിക്ക് സ്കൂളിൽ എത്തേണ്ടതാണ് ഇപ്പൊ സമയം എട്ടേകാലായി കുളിച്ചിട്ടുമില്ല കഴിച്ചിട്ടുമില്ല... \"
\"കാർത്തികേച്ചി താഴേക്ക് പോയിക്കോ.. കഴിക്കാറുള്ളത് എടുത്തു വെക്ക് ഞാൻ മോളേ കൊണ്ടുവരാം... \"
അവരുടെ സംസാരം കേട്ട് അല്ലു പുസ്തകത്തിൽ നിന്നും തലയുയർത്തി നിഹയെ നോക്കി...
നിഹയെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ വീണ്ടും ചിത്രരചനയിൽ ശ്രദ്ധ തിരിച്ചു...
കാത്തിരിക്കൂ..