Aksharathalukal

രണഭൂവിൽ നിന്നും... (26)

\"ഏ!!!!!\"

എല്ലാവരും ഒന്നിച്ച് പറഞ്ഞപ്പോൾ അതൊരു അശരീരി പോലെ അവിടെ പ്രകമ്പനം കൊണ്ടു...

\"നാലാമനോ? അതാരാ?\"
കിച്ചു കണ്ണ് മിഴിച്ചു ചോദിച്ചു...
ബാക്കിയുള്ളവരുടെയും കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു... ജിത്തു എല്ലാവരെയും മാറി മാറി നോക്കി.. ഏറ്റവും അവസാനം അവന്റെ കണ്ണുകൾ ഭാനുവിലാണ് ചെന്നു നിന്നത്...

ഒരു നെടുവീർപ്പോടെ ജിത്തു ബാക്കിയുള്ളവരെ നോക്കി...
\"അങ്ങനെയൊരാളുണ്ടെങ്കിൽ എന്ത് കൊണ്ട് പോലീസ് റെക്കോർഡ്സിലും ഫിംഗർ പ്രിന്റ്സിലുമൊന്നും അയാളുടെ രേഖകൾ വന്നില്ല.. പോലീസിന് മാത്രമല്ലല്ലോ... നമുക്കും അങ്ങനെയൊരാളെ കുറിച്ചുള്ള തെളിവുകൾ കിട്ടിയില്ലല്ലോ...\"
ചിരാഗ് ചോദിച്ചു...

\"ചീരു സമാധാനപ്പെടെടാ.. പറയാം..പക്ഷെ അതിന് മുൻപ് ഉത്തരം തേടുന്ന വേറെ പല ചോദ്യങ്ങളുമില്ലേ നിങ്ങളെല്ലാവർക്കും.. അതാദ്യം പറയാം.. ഇവിടെയാകുമ്പോ എന്റെ അനുമോൾക്കും കാര്യങ്ങളൊക്കെ അറിയാമല്ലോ...\"
ജിത്തു അനുവിന്റെ നെറുകിൽ മെല്ലെ തലോടി...

\"ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയാം...പിറകിൽ നിന്നും മുൻപിലേക്ക് പോകാം നമുക്ക്...മുത്തശ്ശിയെയും അനുവിനെയും സേഫ് ആക്കി വയ്ക്കാൻ പലയിടങ്ങളിൽ മാറ്റി പാർപ്പിക്കുമ്പോഴും ഞാൻ താമസിച്ചിരുന്നത് അവന്റെയൊക്കെ മൂക്കിന് കീഴെയാണ്... നിനക്കോർമ്മയുണ്ടോ പ്രിയ ആ ഗുണ്ടയെ.. നീ പറ്റിച്ചോടിച്ചു വിട്ട ഒരുത്തൻ...?\"
ജിത്തു ഭാനുവിനെ നോക്കി...

\"ഓർമ്മയുണ്ട് \"
ചെറിയൊരു ചമ്മലോടെ ഭാനു പറഞ്ഞു...
\"ജോർജ്...ഒരു പ്രാവശ്യം എന്നെയവൻ ഫോളോ ചെയ്തു വന്നു.. പക്ഷേ ഞാൻ മുങ്ങി.. പകരം അവനെ ഫോളോ ചെയ്ത് അവന്റെ താമസം ഒരു ചേരിയിലാണെന്ന് ഞാൻ മനസ്സിലാക്കി... പരിചയമുള്ളൊരു ഓട്ടോക്കാരൻ വഴി ഞാനവിടെ ഒരു വീട് വാടകയ്‌ക്കെടുത്തു..അയാൾ വഴിയാണ് ജോർജിന്റെ പേരും നമ്പറും എനിക്ക് മനസ്സിലായത്..

ഇല്ലീഗലാണെങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് നമ്മുടെ ഒരു പയ്യനെക്കൊണ്ട് ജോർജിന്റെ ഫോൺ ഹാക്ക് ചെയ്യിച്ചു... അതിലെ കോളുകൾ വഴിയാണ് നമുക്കെതിരെ കളിക്കുന്നവനെ ഞാൻ മനസ്സിലാക്കിയത്...\"

\"ആരാത്? \"
അഞ്ജലി ചോദിച്ചു...
\"വേറെയാരാ.. ആ അരുൺ കുമാറിന്റെ അച്ഛൻ... അഡ്വക്കേറ്റ് ജയപ്രകാശ്... അയാളെ പേരിനേ വക്കീലെന്ന് പറയാൻ പറ്റൂ.. ഫ്രോടാ.. തനി ഫ്രോട്...അവർ ഇവരെ കണ്ട് പിടിച്ചെന്നറിയുന്ന നിമിഷം മുൻപേ കണ്ടു പിടിച്ചു വച്ച താമസസ്ഥലത്തേക്ക് ഞാനിവരെ മാറ്റും... അങ്ങനെയൊരുപാട് സ്ഥലത്തേക്ക് ഇവരെയെനിക്ക് ഓടിക്കേണ്ടി വന്നു... നിവൃത്തിയില്ലാതെ...\"
ജിത്തു മുഖമൊന്ന് അമർത്തി തുടച്ചു...

\"കണ്ണൂരിലെ വീട്ടിൽ അനുവും മുത്തശ്ശിയും പ്രിയയുമൊക്കെ എത്തിയ ശേഷമാണ്.. ഒരു ദിവസം ആ കൂട്ടത്തിലെ ഒരുത്തൻ എന്നെ ചേരിയിൽ വച്ചു കണ്ടത് പോലെ തോന്നി ഞാൻ ഒളിച്ചു...അവൻ പക്ഷേ കാണാത്തത് പോലെ പോയി..

രാത്രി ഭക്ഷണം കഴിച്ചിട്ട് തിരിച്ചു വരുമ്പോഴാണ് അവര് വളഞ്ഞിട്ട് വെട്ടിയത്... സത്യം പറഞ്ഞാ തീർന്നെന്ന് ഉറപ്പിച്ചതാ ഞാൻ.. പക്ഷേ ഒരു കാറിന്റെ ഹെഡ്ലൈറ്റ് കണ്ടപ്പോ എന്നെയിട്ടിട്ട് ഓടിപ്പോയതാ അവര്... ബോധം പറയുന്നതിന് മുൻപ് ഞാൻ കണ്ടിരുന്നു ആ കാറിൽ നിന്നും രണ്ട് പേരിറങ്ങി എനിക്കടുത്തേക്ക് ഓടി വരുന്നത്...

\"ആരായിരുന്നു ജിത്തു അത്‌?\"
ചിരാഗിന്റെ ചോദ്യം കേട്ട് ജിത്തു ഒന്ന് പുഞ്ചിരിച്ചു...
\"അഡ്വക്കേറ്റ് ജയദേവനും മകൻ ശ്യാം ജയദേവനും...\"
ഞെട്ടി!!!!
ബാക്കിയാർക്കും അത്ര ഞെട്ടലുണ്ടായില്ലെങ്കിലും ഭാനു ഞെട്ടി.. അതിശക്തമായി...

ജിത്തു ഭാനുവിനെ നോക്കി... അവളുടെ ഞെട്ടലിന്റെ കാരണം അവന് മനസ്സിലായിരുന്നു...
\"അഡ്വക്കേറ്റ് ജയദേവനോ... അയാള്.. അയാളല്ലേ ആ അവന്മാർക്ക് വേണ്ടി വാദിച്ചത്... അയാളല്ലേ അവന്മാരെ നമ്മടെ മുൻപിൽ കൂടി ഇറക്കിക്കൊണ്ട് പോയത്.. നമ്മുടെ ശത്രുവായ അയാളെന്തിന് നിന്നെ രക്ഷിക്കണം?\"
കിച്ചു അതിശയത്തോടെ ചോദിച്ചു..

ബാക്കിയുള്ളവരുടെ മുഖത്തെ ചോദ്യവും അത്‌ തന്നെയായിരുന്നു..
\"അതോ... സ്വന്തം മകളെ വച്ചൊരാൾ വില പേശിയാൽ ആ അച്ഛൻ എത്ര വലിയ നിയമജ്ഞനാണെങ്കിലും നിയമത്തിനും നീതിക്കുമെതിരെ പ്രവർത്തിച്ചു പോകില്ലേ...അതാണ്‌ സംഭവിച്ചതും... ആ ജയപ്രകാശ് തനി ചെറ്റത്തരമാ സ്വന്തം ചേട്ടനോടും കുടുംബത്തോടും കാട്ടിയത്.. മകളുടെ സ്ഥാനത്തുള്ള സ്വന്തം ചേട്ടന്റെ മകളെ ആ ഗുണ്ടകൾക്കിടയിലേക്ക് വലിച്ചിട്ട് കൊടുത്താ ചെറ്റ..മറ്റൊരു പെൺകുട്ടിയോട് കൊടും ക്രൂരത ചെയ്ത സ്വന്തം മകനെ രക്ഷിക്കാൻ...\"

ജിത്തുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു... ഭാനുവിന്റെ ചുണ്ടുകൾ \"ശരണ്യ \"എന്ന് ഉരുവിട്ടു കൊണ്ടിരുന്നു... തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓർമ്മകൾ അവളിലേക്ക് ഓടിയെത്തി...ഭാനുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..

\"കണ്ണ് തുറക്കുമ്പോ ഞാൻ ഹോസ്പിറ്റലിലാ.. അനങ്ങാൻ വയ്യായിരുന്നു.. കാല് ഫ്രാക്ചറായി.. ദേഹം മുഴുവൻ വിണ്ടുകീറുന്നത് പോലെ വേദനയായിരുന്നു.. പക്ഷേ ആ വേദനയ്ക്കിടയിലും ആദ്യമോർമ്മ വന്നത് എന്റെ അനുമോൾടെ മുഖമാ...\"
അനുവിന്റെ ഒഴുകിയിറങ്ങിയ കണ്ണുനീർ ജിത്തു മെല്ലെ തുടച്ചു കൊടുത്തു...

\"എന്റെ അരികിൽ അഡ്വക്കേറ്റ് ജയദേവൻ ഉണ്ടായിരുന്നു....ദേഷ്യമാണ് ആദ്യം തോന്നിയത്.. പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.. പിന്നെ നിസ്സഹായനായി കിടന്നു...എനിക്ക് കാവലിരിക്കാനും ശുശ്രൂഷിക്കാനും ശ്യാമാണ് ഉണ്ടായിരുന്നത്... എന്റെ അനുജനെ പോലെ അവനെന്നെ നോക്കി... അവരുടെ ഗസ്റ്റ് ഹൗസിലേക്കാണ് എന്നെ കൊണ്ടു പോയത്... അവിടെ വച്ച്  ഉണ്ടായതൊക്കെ എന്നോട് പറഞ്ഞത് ജയദേവൻ സാറാണ്.. കേട്ടപ്പോൾ ദേഷ്യമൊക്കെ മാഞ്ഞു പോയി....\"

\"അല്ല..ഈ ജയപ്രകാശ് വക്കീലായിട്ട് ചേട്ടനെ നിർബന്ധിച്ച് കേസ് ഏറ്റെടുപ്പിച്ചതെന്തിനാ? \"
അഞ്ജലി ചോദിച്ചു...

\"അതിനൊരു കാരണമേ ഉള്ളൂ.. അഡ്വക്കേറ്റ് രമേശനാണ് പ്രോസിക്യൂട്ടർ എന്നത്... ഒന്നിച്ച് കളിച്ചു വളർന്ന ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്ന രമേശനും ജയദേവനും തമ്മിൽ പിരിഞ്ഞത് പണ്ട് അത്‌ പോലെയൊരു കോർട്ടിൽ വാദി ഭാഗത്തിനും പ്രതിഭാഗത്തിനും വേണ്ടി വാദിക്കേണ്ടി വന്നപ്പോഴാണ്.. നമ്മുടെ കേസിൽ അരുൺ കുമാറായിരുന്നു പ്രതിയെങ്കിൽ അന്ന് ജയപ്രകാശ് തന്നെയായിരുന്നു പ്രതി..

കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു കാല് പിടിച്ചു കരഞ്ഞ അനിയന്റെ വാക്ക് വിശ്വസിച്ച് അവന് വേണ്ടി വാദിച്ച ജയദേവൻ ജയിച്ചെങ്കിലും  കോർട്ടിൽ അപമാനിതനായി തല കുനിച്ച് ഇറങ്ങിപ്പോകേണ്ടി വന്ന ഇവളുടെ വല്ല്യച്ഛന്റെ സൗഹൃദം അദ്ദേഹത്തിന് നഷ്ടപ്പെട്ടു... പിന്നീട് ജയപ്രകാശിന്റെ തനി നിറം ജയദേവൻ മനസ്സിലാക്കുമ്പോഴേക്കും വീണ്ടും അടുക്കാനാകാത്ത വിധം അദ്ദേഹവും രമേശൻ സാറും തമ്മിലുള്ള അകൽച്ചയുടെ ആഴം കൂടുതലായി...

ഇത്തവണ അത്‌ കൊണ്ടു തന്നെയാകും രമേശൻ സാറിനെതിരെ വാദിക്കില്ലെന്ന് ജയദേവൻ വാശി പിടിച്ചതും.. പക്ഷേ മകൾക്ക് വേണ്ടി അദ്ദേഹത്തിന് അത്‌ ചെയ്യേണ്ടി വന്നു... ജയദേവനെ മുൻപിൽ നിർത്തി ജയപ്രകാശ് കളിച്ച കളിയിൽ വീണ്ടും രമേശൻ സാർ തോറ്റു പോയി.. \"

ജിത്തു ഒന്ന് നിർത്തി ഭാനുവിനെ നോക്കി..അവളാകെ പകച്ചിരിക്കുകയാണ്..
മുഖമുയർത്തി നോക്കിയ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു... അതിലൊരു ഭയത്തിന്റെ അംശം ജിത്തു കണ്ടു..
\"ശ.. ശരണ്യ? \"
അവളുടെ വാക്കുകൾ ഇടറി..
ജിത്തുവൊന്ന് പുഞ്ചിരിച്ചു...
\"നിന്റെ കൂട്ടുകാരി സേഫാണ്... കേസ് നിന്റെ വല്ല്യച്ഛൻ തോറ്റപ്പോ തന്നെ അവർ അവളെ വിട്ടയച്ചു.. അടുത്ത ദിവസം തന്നെ അവളെ ജയദേവൻ സർ ദുബായിലുള്ള അമ്മയുടെ സഹോദരനടുത്തേക്ക് അയച്ചു...\"

ഭാനു ഒന്ന് ആശ്വാസത്തോടെ ദീർഘമായി ശ്വസിച്ചു...പിന്നെ പെട്ടെന്നൊന്ന് ഞെട്ടി...
\"അവളെന്റെ കൂട്ടുകാരിയാണെന്ന് എങ്ങനെ അറിയാം?\"
ജിത്തു വീണ്ടും പുഞ്ചിരിച്ചു...
\"ശ്യാം പറഞ്ഞു.. വർത്തമാനത്തിനിടയ്ക്ക്..\"
\"അപ്പൊ ഞാനിവിടെയുണ്ടെന്ന് അവരറിഞ്ഞോ?\"
\"ഇല്ല.. നിന്റെ പെർമിഷൻ ഇല്ലാതെ ഞാനെങ്ങനെയാ അവരോടത് പറയുക?\"
ഭാനു അവന് വാടിയ ഒരു പുഞ്ചിരി നൽകി...

\"ഡാ... അപ്പൊ അവന്മാരെയൊക്കെ നീ തീർത്തത് അവരുടെ സഹായത്തോടെയായിരുന്നോ? \"
കിച്ചു ചോദിച്ചു..
\"അതേ... പണ്ട് അരുൺ കുമാറിന്റെ സുഹൃത്തുക്കളായിരുന്ന പിന്നീട് അവൻ തന്നെ ശത്രുക്കളാക്കി മാറ്റിയ ചിലരെ തേടിപ്പിടിച്ചു തന്നത് ശ്യാമാണ്.. അവര് വഴിയാണ് അവൻ പോകാറുള്ള ഇടങ്ങൾ ഞാൻ മനസ്സിലാക്കിയത്...

അവനെ തീർക്കുന്നതിനു മുൻപ് തന്നെ രണ്ട് ദിവസത്തോളം അവനെന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു.. അവന്റെ ഫോൺ ഉപയോഗിച്ചാണ് രവികിഷനെയും ബാലചന്ദ്രയെയും ആ ടൂറിസ്റ്റ് സ്പോട്ടിൽ എത്തിച്ചത്.. ബാക്കിയൊക്കെ എനിക്ക് എളുപ്പമായിരുന്നു.. പോകാനും വരാനുമുള്ള വണ്ടിയും സൗകര്യങ്ങളുമൊക്കെ ജയദേവൻ സാറാണ് ഏർപ്പാടാക്കി തന്നത്...

ആ മരണങ്ങൾ കുത്തിപ്പൊക്കി പ്രക്ഷോഭമുണ്ടാക്കി മീഡിയയുടെയും പോലീസിന്റെയും ശ്രദ്ധ അവരിലേക്ക് തിരിച്ചു വിട്ടത് ജയദേവൻ സാറിന് പരിചയമുള്ള കർണാടകയിലെ ഒരു മലയാളീ പത്രപ്രവർത്തകനാണ്.. അധികാരവും പദവിയുമൊക്കെ നഷ്ടപ്പെട്ട് ദാനവേന്ദ്ര റെഡ്ഢിയും ബൊമ്മയ്യ ഹെഗ്‌ഡെയുമൊക്കെ ജയിലിലിപ്പോൾ സുഖവാസത്തിലാണ്.. ഇനി പുറത്തിറങ്ങുമ്പോഴേക്കും കൊന്നും വെട്ടിച്ചും തട്ടിച്ചും ഉണ്ടാക്കിയതൊക്കെ വിജിലൻസ് കൊണ്ട് പോയിട്ടുണ്ടാകും...\"

\"ശരി... അതൊക്കെ മനസ്സിലായി... പക്ഷേ അന്ന് രമേശൻ സാറിനെ കാണാൻ പോയിട്ട് തിരിച്ചിറങ്ങുമ്പോൾ നീ വല്ലാതെ ടെൻസ്ഡ് ആയിരുന്നില്ലേ.. അതിന് കാരണമെന്തായിരുന്നു?. അന്നത്തെ നിന്റെ മാനസികാവസ്ഥയിൽ ഒന്നും ചോദിക്കാൻ പറ്റിയില്ല...\"
കിച്ചുവിന്റെ ചോദ്യം... ജിത്തു വീണ്ടും ഭാനുവിനെ നോക്കി... അവളുടെ കണ്ണുകളും ആ ചോദ്യം ഏറ്റു പിടിച്ചിരുന്നു..

\"ഞാൻ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ രമേശൻ സർ ഐ.സി.യൂവിലാണ്..അകത്തേക്ക് കയറാൻ പെർമിഷൻ ഇല്ലായിരുന്നു... ഞാൻ പുറത്തിരുന്നു... അവിടെ അപ്പോൾ മറ്റാരും ഇല്ലായിരുന്നു... ബോധം വന്നിട്ടുണ്ടെന്നും ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാമെന്നും പറഞ്ഞപ്പോൾ ഞാൻ ചെന്നു.. ആരാണെന്ന് ചോദിച്ചപ്പോൾ മകനാണെന്ന് പറയാനാണ് തോന്നിയത്..
അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു... എന്നെ കണ്ടതും മാസ്ക് മാറ്റാൻ അദ്ദേഹം ആവശ്യപ്പെട്ടു..
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ ശരിക്കും പകച്ചു പോയി...\"

\"എന്താ വല്ല്യച്ഛൻ പറഞ്ഞത്? \"
ഭാനു പകപ്പോടെ ചോദിച്ചു...ജിത്തു അവളെ നോക്കി... അദ്ദേഹത്തിന്റെ വാക്കുകൾ അവൻ അവന്റേതായ രീതിയിൽ എല്ലാവരോടുമായി പറഞ്ഞു..
\"വിശ്വാ.. മോനേ.. സൂക്ഷിക്കണം.. ജയപ്രകാശാണ് എല്ലാത്തിനും പിന്നിൽ.. ആ മൂന്ന് പേരാണ് അനുവിനെയും ലോകേഷിനെയും ആക്രമിച്ചതെങ്കിലും അതിനൊക്കെ സാക്ഷിയായി അവർക്കിടയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു... അവർ സഞ്ചരിച്ച കാർ ഓടിച്ചത് അയാളാണ്... അത്.. അതെന്റെ മകൻ സന്ദീപാണ് വിശ്വാ.. അവനെ മുൻപിൽ കൊണ്ട് നിർത്തി അവരെന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എനിക്ക് നിങ്ങളെ ചതിക്കേണ്ടി വന്നത്...

ഞാനത് ചെയ്തിട്ടും അവരെന്നെ പിന്തുടർന്നു.. നിന്നോട് ഞാനെല്ലാം പറയുമെന്ന് അവർ ഭയന്നിട്ടുണ്ടാകും.. നിന്നോട് ഇന്നലെ ഞാനെല്ലാം പറയാൻ തുടങ്ങുമ്പോൾ എനിക്ക് വന്ന കോൾ സന്ദീപിന്റെയാണ്.. ഒപ്പം ഒരു ഫോട്ടോയും.. എന്റെ ഭാര്യയുടെ... അല്ല..ഉറങ്ങുന്ന സ്വന്തം അമ്മയുടെ കഴുത്തിൽ കത്തി വച്ച് നിൽക്കുന്ന എന്റെ മകന്റെ ചിത്രം.. അത്‌ കണ്ടിട്ടാണ് ഞാനിറങ്ങി ഓടിയത്... പക്ഷേ കാറിൽ കയറി കുറച്ചെത്തിയപ്പോൾ കാർ പെർഫ്യൂമിൽ നിന്നും എന്തോ ഒന്ന് വരുന്നത് പോലെ തോന്നി.. പിന്നെ നെഞ്ചിലൊരു വേദനയും.. പിന്നെയൊന്നും ഓർമ്മയില്ല...

ഞാൻ പോയാലും അവർ എന്റെ കുടുംബം നശിപ്പിക്കും..എന്റെ മകളും ഭാനുവുമെങ്കിലും രക്ഷപ്പെടണമെന്നേ ഒരു പ്രാർത്ഥനയുള്ളൂ.. പറ്റുമെങ്കിൽ അവരെ കൂടിയൊന്ന് ശ്രദ്ധിക്കണേ മോനേ...

ഒരുപാട് ബുദ്ധിമുട്ടി വാക്കുകൾ മുറിഞ്ഞ് മുറിഞ്ഞാണ് അദ്ദേഹമത് പറഞ്ഞത്..
ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങുമ്പോഴേക്കും മാസ്ക് വച്ചു കൊടുത്ത് നഴ്‌സ്‌ എന്നെ പുറത്തേക്കിറക്കി...\"
എല്ലാവരുടെയും മിഴികൾ ഭാനുവിന് നേരെയായി...

അവളാകട്ടെ നിറഞ്ഞൊഴുകുന്ന മിഴികൾ ഒന്ന് തുടയ്ക്കാൻ പോലും കഴിയാതെ തറഞ്ഞു നിൽക്കുകയാണ്...
അവളുടെ മനസ്സ് രമേശന്റെ അവസാന വാക്കുകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു..വല്ല്യച്ഛൻ പറഞ്ഞ ആ ശത്രുക്കളിൽ സ്വന്തം മകൻ കൂടിയുണ്ട്...അപ്പോൾ അപ്പോൾ അന്ന് അദ്ദേഹം പറഞ്ഞ ആ പേര്.. വിശ്വ... അത്‌.. അത്‌ തന്റെ മുന്നിലിരിക്കുന്ന വിശ്വജിത്ത് നമ്പ്യാരാണോ... അപ്പോൾ... തന്റെ മുന്നിലിരിക്കുന്നവന്റെ അടുത്തേക്ക് പോകണമെന്നാണോ വല്ല്യച്ഛൻ അന്ന് തന്നോട് ആവശ്യപ്പെട്ടത്?
ഭാനുവിന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിച്ചു കഴിഞ്ഞിരിക്കുന്നു...

കണ്ണുകളുയർത്തി തന്നെ നോക്കുന്ന ഭാനുവിന്റെ കണ്ണുകളിലെ നൊമ്പരം ജിത്തുവിനുള്ളിൽ നോവുണർത്തുന്നുണ്ടായിരുന്നു....
\"അപ്പൊ.. രമേശൻ വക്കീലിന്റേത് കൊലപാതകമാണ്.. അല്ലേ..? \"
\"അതേ \"
ഭാനുവിനെ നോക്കിക്കൊണ്ട് തന്നെ ജിത്തു കിച്ചുവിന് ഉത്തരം നൽകി...
അവളുടെ മിഴികളുടെ പിടച്ചിൽ അവനെ വേദനിപ്പിച്ചു...

\"പക്ഷേ അത്‌ കൊണ്ട് മാത്രമാണോ നീയന്ന് അത്രയും ടെൻസ്ഡ് ആയത്? \"
കിച്ചു വീണ്ടും ചോദിച്ചു..

\"അല്ല ഡാ..ഐ. സി. യൂവിന് പുറത്തിറങ്ങിയ എന്നെ തേടിയൊരു കോൾ എത്തി.. അനുവിന്റെ നമ്പറിൽ നിന്നും... ചീരു അമ്മയെ ഏൽപ്പിച്ച... അമ്മ ഉപയോഗിക്കാത്ത അനുവിന്റെ ഫോണിൽ നിന്നും ഒരു കോൾ... ഒന്നും മനസ്സിലാവാതെ ഞാൻ പുറത്തേക്ക് ഓടിയിറങ്ങി.. ലിഫ്റ്റ് ഇല്ലാഞ്ഞത് കൊണ്ട് സ്റ്റെപ്പ് ഇറങ്ങുമ്പോൾ ഞാനൊരു പെൺകുട്ടിയുമായി കൂട്ടിയിടിച്ചു... അവളുടെ മുഖമന്ന് ചെറുതായിട്ടേ ഞാൻ കണ്ടുള്ളൂ... വീണ്ടും അനുവിന്റെ നമ്പറിൽ നിന്നുമുള്ള കോൾ കണ്ടപ്പോൾ ആ പെൺകുട്ടിയെ നേരെ നിർത്തി ഞാൻ സ്റ്റെപ്പിറങ്ങി ഓടി...\"

ജിത്തു ഭാനുവിനെ ഇടങ്കണ്ണിട്ടു നോക്കി..
ഞെട്ടി നിൽക്കുന്ന അവളെ കണ്ട് അവന്റെ ചുണ്ടിലൊരു നറുചിരി വിരിഞ്ഞു... ഭാനുവാകട്ടെ ആ ദിവസത്തെ ഓർമ്മകളിലേക്ക് പോയി ആ സംഭവം ഓർത്തെടുക്കുകയായിരുന്നു... അപ്പോൾ ജിത്തുവിനെയാണ് അന്ന് താൻ കൂട്ടിയിടിച്ചത്... അന്ന് അവൻ നേരെ നിർത്തിയപ്പോൾ അവന്റെ ഫോണിൽ വന്ന അനുവിന്റെ ചിത്രത്തോട് കൂടിയ കോൾ അവൾ ഓർത്തെടുത്തു..ഭാനു തലയ്ക്ക്‌ കൈ കൊടുത്തു പോയി... അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി...

\"എന്നിട്ട്?\"
ഭാനുവിനെ ഒന്ന് നോക്കിയിട്ട് അക്ഷമയോടെ ചിരാഗ് ജിത്തുവിനോട് ചോദിച്ചു...

\"എന്റെ അച്ഛനെയും അമ്മയെയും തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് ആ ഫോട്ടോ എടുത്തവർ എനിക്കയച്ചു തന്നു.. എനിക്കുള്ള സമ്മാനമാണെന്ന്.. ഇനിയും പുറകേ വന്നാൽ എന്നെയും  തീർത്ത് കളയുമെന്ന്...അനു എവിടെയാണെന്ന് അവർക്കന്ന് അറിയില്ലെന്ന് തോന്നുന്നു..അച്ഛനെയും അമ്മയെയും ഒന്നും ചെയ്യരുതെന്ന് കാല് പിടിക്കും പോലെ ഞാൻ കരഞ്ഞു പറഞ്ഞു.. കേട്ടില്ല.. അച്ഛന്റെയും അമ്മയുടെയും നിലവിളി എനിക്ക് കാതിൽ കേൾക്കുന്നുണ്ടായിരുന്നു... അവന്മാരെ കുറിച്ചോർക്കുമ്പോൾ എനിക്ക് പേടി തോന്നണമെന്ന് .. ഇനിയും പുറകേ വരരുതെന്ന് താക്കീത് തന്നയാൾ ഫോൺ കട്ട്‌ ചെയ്തു...

അവര് കൊന്ന് കളഞ്ഞു.. എന്നെയും ഇവളെയും അനാഥരാക്കി അവർ ......!!!\"

ജിത്തുവിന്റെ ഒഴുകിയിറങ്ങുന്ന കണ്ണുകളിൽ കനലെരിഞ്ഞു... കണ്ടു നിന്ന ഓരോരുത്തരുടെയുമുള്ളിൽ ആ കനലിന്റെ ചൂട് നിറയുന്നുണ്ടായിരുന്നു....

\"ഡാ.. ഇപ്പോഴും ആ ജയപ്രകാശും സന്ദീപും സുരക്ഷിതരായി പുറത്തുണ്ടല്ലോ... അങ്ങനെയുള്ളപ്പോൾ നമ്മൾ സേഫാണെന്ന് എങ്ങനെ പറയാനൊക്കും?\"
ചിരാഗ് ചോദിക്കുമ്പോൾ അതേ ചോദ്യം ബാക്കിയുള്ളവരുടെ മനസ്സിലും ഉണർന്നു...

\"അവര് മരിച്ചിട്ടില്ലെന്നേ ഉള്ളൂ... സ്വതന്ത്രരല്ല അവർ... ജയപ്രകാശും ജോർജും എന്റെ കസ്റ്റഡിയിലാണ്.. നരകമെന്തെന്ന് അവർ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.....നരകിച്ചു നരകിച്ചു ജീവിതം മടുക്കുമ്പോൾ അവരുടെ വധശിക്ഷ ഞാൻ തന്നെ നടപ്പിലാക്കും..ജയപ്രകാശോ കൂട്ടാളികളോ ഇല്ലാതെ സന്ദീപ് തീർത്തും അശക്തനാണ്.. അവനുള്ള പണി ഓരോന്നോരോന്നായി കിട്ടിക്കൊണ്ടിരിക്കും... ഒടുവിൽ അവനെന്ത് ശിക്ഷ കൊടുക്കണമെന്ന് എന്നേക്കാൾ തീരുമാനിക്കാൻ അർഹതയുള്ളയാൾ പറയുന്നത് പോലെ ഞാൻ അനുസരിക്കും...\"

ഭാനുവിനെ നോക്കി ജിത്തുവത് പറയുമ്പോൾ ബാക്കിയുള്ളവരും അവളെ നോക്കി... ആ കണ്ണുകളിൽ കത്തുന്ന തീനാളം സന്ദീപിനെ എരിക്കാനുള്ളതാണെന്ന് അവർക്ക് അറിയാനാവുന്നുണ്ടായിരുന്നു....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (27)

രണഭൂവിൽ നിന്നും... (27)

4.6
2623

\"അഞ്ചു .. അതങ്ങ് കൊടുക്ക്‌..\"ഭാനുവിൽ നിന്നും നോട്ടം മാറ്റി ജിത്തു അഞ്ജലിയോട് മേശപ്പുറത്തിരുന്ന കവറുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു...\"അയ്യട... നീയല്ലേ വാങ്ങിയത്.. ഞാൻ സെലക്ട്‌ ചെയ്‌തെന്നല്ലേ ഉള്ളൂ... അങ്ങോട്ട് കൊടുക്ക്.. എനിക്കേ വിശക്കുന്നുണ്ട്...ഞാൻ പോവാ..\"ജിത്തുവിനെ നോക്കി കോക്രി കാട്ടി അഞ്ജലി മുറിയിൽ നിന്നും പുറത്തേക്ക് പോയി..\"യ്യോ.. ഞാനും ഇപ്പഴാ ഓർത്തേ.. എനിക്കും വിശക്കുന്നു.. മോഹിനിയമ്മേടെ ഫുഡ്‌ കഴിച്ച കാലം മറന്നു... ടീ.. നിക്ക്.. ഞാനും വരുന്നു...\"കിച്ചു അഞ്ചുവിന് പുറകേ വച്ചു പിടിച്ചു...പുറകേ പോകാൻ നിന്ന ഭാനുവിന് നേരെ ജിത്തു ആ കവറുകൾ എടുത്ത് നീട്ടി...ഭാനു മനസ്