Aksharathalukal

രണഭൂവിൽ നിന്നും... (30)

\"ശരണ്യ!!!!\"

ഭാനുവിന്റെ ചുണ്ടുകൾ അവളുടെ പ്രിയപ്പെട്ടവളുടെ പേര് മൊഴിഞ്ഞു...
ശരണ്യ മാത്രമല്ല.. ഒപ്പം അവളുടെ അച്ഛനമ്മമാരും ശ്യാമും ഉണ്ട്... അവരും അവളെ തന്നെ ഉറ്റു നോക്കുകയാണ്... ജിത്തു ഭാനുവിനെയും അവരെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു... അതിനിടയിൽ ശ്യാമിന്റെ കണ്ണുകളിൽ ഭാനുവിനായി ഒരു തിളക്കമവൻ കണ്ടു..ജിത്തുവിന്റെ കണ്ണുകൾ ചുരുങ്ങി..ആദ്യമായി അവനുള്ളിൽ കുശുമ്പെന്ന വികാരം ഉണർന്നു...
അവൻ ഭാനുവിനെ നോക്കി.. അവളുടെ കണ്ണുകൾ ശരണ്യക്ക് നേരെയാണെന്ന് കണ്ടപ്പോൾ അവനൊരല്പം ആശ്വാസം തോന്നി...

\"വാ \"
അവർ നോക്കി നിൽക്കെ ജിത്തു ഭാനുവിന്റെ കൈപ്പത്തിയിൽ തന്റെ കൈപ്പത്തി ചേർത്തു പിടിച്ചു.. പിന്നെയവളുമായി മുന്നോട്ട് നടന്നു...ഭാനു ഒന്ന് ഞെട്ടി അവനെ നോക്കിയെങ്കിലും കൈ പിൻവലിക്കാതെ അവൾ അവനൊപ്പം നടന്നു...ശ്യാമിന്റെ മുഖം മങ്ങി.. അവന്റെ കണ്ണുകൾ ചേർന്നിരിക്കുന്ന ജിത്തുവിന്റെയും ഭാനുവിന്റെയും കൈകളിൽ തറഞ്ഞു നിന്നു...

ശ്യാമിന് ഭാനുവുമായുണ്ടായ അവസാന കൂടിക്കാഴ്ച ഓർമ്മ വന്നു... അന്നവൾ പറഞ്ഞ വാക്കുകൾ... തനിക്കുള്ള സ്നേഹം ഒരിക്കലും അവൾക്ക് തന്നോട് തോന്നിയിട്ടില്ല.. തോന്നുകയുമില്ലെന്ന് അറിഞ്ഞിട്ടും അവളെ കാണുമ്പോൾ തനിക്കെന്താണ് സംഭവിക്കുന്നത്?

സ്വഭാവമഹിമയുള്ള... വ്യക്തമായ ലക്ഷ്യങ്ങളുള്ള...ശക്തമായ നിലപാടുകളുള്ള...സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന.. വളരെ പക്വതയാർന്ന വ്യക്തിത്വമാണ് ഭാനുവിന്റേത്.. ആ വ്യക്തിത്വത്തെയാണ് താൻ ഇഷ്ടപ്പെട്ടതും...ഒരു സാഹചര്യത്തിലും അവൾ മോശമായൊരു വഴി തിരഞ്ഞെടുക്കില്ല...
അങ്ങനെയുള്ള അവൾ ഒരു അന്യപുരുഷൻ ചേർത്തു പിടിക്കുമ്പോൾ അത്‌ തടയുന്നില്ലെങ്കിൽ അതിനർത്ഥം അവനവൾക്ക് ആരോ ആണെന്നാണ്...

ശ്യാമിന്റെ മനസ്സ് ചോദ്യങ്ങൾക്കുള്ള ഉത്തരം കൊടുത്തിരിക്കുന്നു.. മങ്ങിപ്പോയ ശ്യാമിന്റെ മുഖത്ത് മെല്ലെയൊരു നൊമ്പരം കലർന്ന ചിരി പ്രത്യക്ഷമായി.. അത്‌ കൃത്യമായി ജിത്തു കാണുകയും ചെയ്തു....

ജിത്തു ഭാനുവിനെ ശരണ്യക്ക് മുൻപിൽ കൊണ്ടു നിർത്തി കൊടുത്തു... അവർ തമ്മിൽ നോക്കുന്നുണ്ടെങ്കിലും ഇരുവരും ഒന്നും സംസാരിച്ചില്ല... ഇരുവരുടെയും നിറഞ്ഞ കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെന്ന് തോന്നി ജിത്തുവിന്...

\"അത്‌ ശരി...  ഇന്ന് മുഴുവൻ ഇങ്ങനെ മുഖത്തോട് മുഖം നോക്കി നിൽക്കാനാണോ കൂട്ടുകാരികളുടെ പ്ലാൻ..? \"
ജിത്തു തമാശയായി ചോദിക്കുമ്പോഴാണ് ഭാനുവും ശരണ്യയും നോട്ടം മാറ്റിയത്...

തങ്ങൾ നിൽക്കുന്നത് കൊണ്ടാകും അവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ടെന്ന് തോന്നി ജിത്തുവിന്...
\"ജയദേവൻ സർ.. ശരണ്യയുടെ ബാഗ് തന്നോളൂ.. കാറിൽ വയ്ക്കാം... വൈകുന്നേരം രണ്ടാളെയും ഞാൻ പിക്ക് ചെയ്തോളാം... ശ്യാമേ നീയെന്റെ കൂടെ പോരെ... വക്കീലോഫീസിന്റെ അടുത്ത് തന്നെയാ കിച്ചു താമസിക്കുന്നത്... നിന്നെ അവിടെ നിർത്തിയാ മതീന്ന് അവനൊരേ നിർബന്ധം... അവന്റെ കത്തി സഹിക്കാനൊരാളെ കിട്ടിയാ അവൻ വിടുവോ?\"

ജിത്തു ചിരിയോടെ പറയുന്നത് കേട്ട് ഭാനു ഞെട്ടി കിളി പാറി നിന്നു... തന്നെ അന്തം വിട്ടു നോക്കുന്ന ഭാനുവിനെ കണ്ട് ജിത്തുവൊരു കള്ളച്ചിരി ചിരിച്ചു...
ജയദേവൻ ഡിക്കിയിൽ നിന്നും ശരണ്യയുടെ ബാഗെടുക്കുന്നത് കണ്ട് ശ്യാമും ജിത്തുവും അങ്ങോട്ട് പോയി....
ശരണ്യയുടെ അമ്മ കമല മുൻപോട്ട് വന്ന് ഭാനുവിന്റെ കവിളിൽ കൈ ചേർത്തു വച്ചു...

\"മോൾക്കൊന്നും മനസ്സിലായിക്കാണില്ല.. അല്ലേ...? \"
അവർ ചോദിച്ചു...ഇല്ലെന്ന് ഭാനു മെല്ലെ തലയാട്ടി...
\"മോളെപ്പോലെ കഴിഞ്ഞൊരു വർഷം ശരണ്യക്കും കോളേജിൽ പോകാൻ പറ്റിയിട്ടില്ല.. കാര്യങ്ങളൊക്കെ മോളും അറിഞ്ഞു കാണുമല്ലോ... അതെന്തായാലും നന്നായെന്ന് ഇപ്പൊ തോന്നുന്നു.. ഇവൾടെ വലിയൊരു ആഗ്രഹായിരുന്നു മോൾടെയൊപ്പം ഡിഗ്രി ചെയ്യണമെന്നത്..  കാര്യങ്ങളൊക്കെ പറഞ്ഞപ്പോ ജിത്തുവാ പറഞ്ഞത് ശരണ്യയെ കൂടി ഇവിടെ ചേർക്കാമെന്ന്.. മോളെപ്പോലെ മെറിട്ടിൽ കിട്ടിയില്ല.. മാനേജ്മെന്റ് സീറ്റാണെങ്കിലും വേണ്ടില്ല ഞാൻ ഭാനൂന്റെ കൂടെയേ നിൽക്കൂന്നും പറഞ്ഞ് തുള്ളലായിരുന്നു ഈ പെണ്ണ്.. ഹോസ്റ്റലിൽ നിർത്തണ കാര്യം പറഞ്ഞപ്പോഴാ ജിത്തു പറഞ്ഞത് കൂട്ടുകാര് ഒരുമിച്ച് പഠിക്യ മാത്രല്ല ഒന്നിച്ചു താമസിക്ക്യ കൂടി ചെയ്തോട്ടേന്ന്.. എനിക്കും ജയേട്ടനും ശ്യാമിനെപ്പോലെ തന്നെ വിശ്വാസാ ജിത്തൂനെ.. അത് കൊണ്ട് ശരണ്യയെ മോൾടെ കൂടെ ആക്കീട്ട് പോകാൻ വന്നതാ ഞങ്ങള്...\"

ഭാനു കണ്ണുകൾ വെട്ടിച്ച് ശരണ്യയെ നോക്കി... ഉള്ളിൽ നിറഞ്ഞ് പൊന്തുന്ന സന്തോഷം അടക്കാൻ കഴിയാതെ ഭാനു വീർപ്പുമുട്ടി... ശരണ്യയുടെ അവസ്ഥയും മറിച്ചല്ലെന്ന് ഭാനു അറിയുന്നുണ്ടായിരുന്നു...

\"അപ്പോ.. അപ്പോ ശ്യാമേട്ടൻ.. കിച്ചുവേട്ടന്റെ കൂടെ...?\"
\"ആ.. അതോ.. ഹോസ്പിറ്റലിലും വീട്ടിലും ജിത്തു റെസ്റ്റിലായിരുന്നപ്പോ ജിത്തൂന്റൊപ്പം എപ്പഴും ഉണ്ടായിരുന്നത് ശ്യാമാണല്ലോ.. ഓരോന്ന് സംസാരിച്ചും ജിത്തു ജയിച്ച കേസുകളെപ്പറ്റി കേട്ടുമൊക്കെ ചെക്കനിപ്പോ ജിത്തൂന്റെ വലിയ ഫാനാ.. എൽ. എൽ. ബി കഴിഞ്ഞല്ലോ അവൻ..ജയേട്ടനോട് ജിത്തൂന്റെ ജൂനിയറായിട്ട് ജോയിൻ ചെയ്തോട്ടേന്ന് ചോദിച്ചപ്പോ മൂപ്പർക്കും പെരുത്ത് സന്തോഷം... എന്നാ പിന്നെ അവനെ ജിത്തൂന്റടുത്തേക്ക് വിടാമെന്ന് വച്ചു.. ഞങ്ങളുടെ രണ്ട് മക്കളും ജിത്തൂന്റടുത്താണെന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്...\"

അഭിമാനത്തോടെ കമല പറയുന്നത് കേട്ട് ഭാനുവിന്റെ കണ്ണുകൾ സ്വയമറിയാതെ ബാഗുമായി നടന്നു വരുന്ന ജിത്തുവിന്റെ മേലെ പതിച്ചു... ആ നേരം അവളുടെ കണ്ണുകളിൽ തനിക്കായി ഉദിച്ച തിളക്കം ജിത്തു കണ്ടില്ലെങ്കിലും ശ്യാമിന്റെ കണ്ണുകളാ തിളക്കത്തിന്റെ അർത്ഥം മനസ്സിലാക്കി കഴിഞ്ഞിരുന്നു... നെഞ്ചിലൊരു വിങ്ങൽ തോന്നിയെങ്കിലും ശ്യാമിന് സന്തോഷവും തോന്നുന്നുണ്ടായിരുന്നു....

ജിത്തു ശരണ്യയുടെയും ശ്യാമിന്റെയും ബാഗ് കാറിന്റെ ഡിക്കിയിൽ കൊണ്ട് വച്ചിട്ട് അവർക്കടുത്തെത്തി...
\"ശ്യാം.. എന്നാ നമുക്ക് പോയാലോ.. എനിക്കൊരു അർജെന്റ് മീറ്റിങ്ങുണ്ട്.. \"
എല്ലാവരെയും നോക്കി ജിത്തു പറഞ്ഞു.. തലയാട്ടിക്കൊണ്ട് ശ്യാം അച്ഛനോടും അമ്മയോടും ശരണ്യയോടും യാത്ര പറഞ്ഞു.. കാറിനടുത്തേക്ക് നടക്കുമ്പോൾ ശ്യാം ഭാനുവിനെ നോക്കി പുഞ്ചിരിച്ചു.. അവളും അവനൊരു പുഞ്ചിരി മടക്കി..

\"സർ..ആന്റി..ഒന്ന് കൊണ്ടും ടെൻഷനാവണ്ട.. ഞാനുണ്ടല്ലോ..രണ്ടാളെയും നോക്കിക്കോളാം..\"
തങ്ങളെ നോക്കി ജിത്തു പറയുമ്പോൾ ആ അച്ഛനമ്മമാരുടെ മുഖം വിടർന്നു തെളിഞ്ഞു...
\"I know man.. We trust you..\"
ജയദേവൻ ചിരിയോടെ പറഞ്ഞു...
\"ശരണ്യ.. പ്രിയാ.. All the best for the first day.. വൈകുന്നേരം ഞാൻ വന്നോളാം. നേരത്തേ കഴിഞ്ഞാൽ വിളിക്കണേ പ്രിയാ..\"
ജിത്തു പറയുമ്പോൾ ശരണ്യ പുഞ്ചിരിച്ചു.. ഭാനു ശരിയെന്ന് തല കുലുക്കി....

ജിത്തു വേഗം കാറിൽ കയറി ഓടിച്ച് പോയി...

ജയദേവൻ ഭാനുവിനെ നോക്കി...
അദ്ദേഹം അവളുടെ നെറുകിൽ മെല്ലെ തലോടി...
\"മോളെ.. മോൾടെ വല്ല്യച്ഛനും ഞാനുമായിട്ടുള്ള പ്രശ്നങ്ങളൊക്കെ മോളറിഞ്ഞു കാണും..അതിന്റെ കാരണം പോലുമറിയാതെ ഞങ്ങളുമായി ഒരടുപ്പവും ഉണ്ടാകില്ലെന്ന് രമേശന് കൊടുത്ത വാക്ക് പാലിക്കാൻ ഇവളെപ്പോലും ഉപേക്ഷിച്ചവളാണ് നീ.. ഇനിയതിനെക്കുറിച്ചോർത്ത് കുറ്റബോധം വേണ്ട... അന്നും ഇന്നും ഞാൻ കാരണം കോർട്ടിൽ തല കുനിക്കേണ്ടി വന്നത് എന്റെ രമേശനാണ്... സ്വയം ന്യായീകരിക്കുകയല്ല... പക്ഷേ രണ്ട് പ്രാവശ്യവും ചില നിസ്സഹായതകൾ എനിക്കുമുണ്ടായിരുന്നു മോളെ...
അതെല്ലാം ഏറ്റു പറഞ്ഞ് തമ്മിലുണ്ടായിരുന്ന സകല പിണക്കങ്ങളും തീർത്തു പിരിഞ്ഞിട്ടാണ് എല്ലാം ഏറ്റു പറയാൻ അവൻ ജിത്തുവിനെ വിളിച്ചു വരുത്തിയത്... പക്ഷേ.. പക്ഷേ.. കൊന്നു കളഞ്ഞു.. അവനെ അവര് കൊന്നു കളഞ്ഞു...
ജിത്തുവിനെ അന്ന് കിട്ടിയത് അവന്റെയല്ല.. ഞങ്ങളുടെ ഭാഗ്യമാണ് മോളെ.. അവന്റെ പ്രതികാരം ഞങ്ങളുടെ കൂടിയായിരുന്നു... അതൊക്കെ കഴിയുമ്പോഴും എനിക്ക് സന്തോഷിക്കാനാവുന്നില്ല.. കാരണം എനിക്കൊപ്പം അവനില്ല.. എന്റെ രമേശൻ.. എല്ലാം മറന്ന് ഒരുമിച്ചൊരു ദിവസം പോലും കഴിയാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഈശ്വരൻ തന്നില്ല...\"

കണ്ണീരോടെ ജയദേവൻ പറയുന്നത് കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഭാനു.. പുതിയ അറിവുകളിൽ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ...

\"നല്ലൊരു ദിവസമായിട്ടു ഞാൻ ശോകമാക്കിയല്ലേ...സോറി.. ഇവളെ മോളെ ഏൽപ്പിക്കുകയാണ്... ഇവൾടെ കാര്യം എനിക്കറിയില്ല.. മോളെന്തായാലും പഠിച്ചു വലിയ നിലയിലെത്തണം.. മോൾടെ വല്ല്യച്ഛന്റെ ആഗ്രഹം നിറവേറ്റണം... പോട്ടെ.. ഇടയ്ക്ക് വരാം... വാടോ..\"
ഭാനുവിനോട് പറഞ്ഞ് ശരണ്യയുടെ തലയിലൊന്ന് കൊട്ടി ജയദേവൻ കമലയുമായി നടന്നു തുടങ്ങി..

\"അങ്കിൾ..\"
ഭാനുവിന്റെ വിളി കേട്ടാണ് ജയദേവനും കമലയും തിരിഞ്ഞു നോക്കിയത്..
ഭാനു വേഗം ശരണ്യയുടെ കയ്യിൽ പിടിച്ചു വലിച്ച് അവർക്കടുത്തേക്ക് നടന്നു... അത്‌ പ്രതീക്ഷിക്കാതെ നിന്ന ശരണ്യ അന്തം വിട്ടവളുടെ കൂടെ ചെന്നു...
ഭാനു വേഗം കുനിഞ്ഞ് ജയദേവന്റെയും കമലയുടെയും അനുഗ്രഹം വാങ്ങി..
\"അച്ഛന്റേം അമ്മേടേം അനുഗ്രഹം വാങ്ങെടി ഉണ്ടപ്പക്രു \"
മിഴിച്ചു നിൽക്കുന്ന ശരണ്യ ഭാനുവിന്റെ വിളി കേട്ട് കോക്രി കാണിച്ചു കൊണ്ട് കുനിഞ്ഞ് അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി... ജയദേവനും കമലയും പരസ്പരം നോക്കിയൊന്ന് ചിരിച്ചിട്ട് രണ്ട് മക്കളെയും പിടിച്ചെഴുന്നേൽപ്പിച്ചു...
\"നന്നായി വരട്ടെ..\"
ജയദേവൻ ഭാനുവിന്റെ നെറുകിൽ കൈ ചേർത്ത് അനുഗ്രഹിച്ചു...

\"അച്ഛാ.. അപ്പൊ ഞാനോ? \"
കുഞ്ഞ് കുട്ടികളെപ്പോലെ ചിണുങ്ങിക്കൊണ്ട് ശരണ്യ ചോദിച്ചു...
\"ഭാനൂന്റെ കൂടെയല്ലേ.. നീ നന്നായിക്കോളും.. \"
അവളെ കളിയാക്കിക്കൊണ്ട് ജയദേവൻ ഒരു ചിരിയോടെ കാറിനടുത്തേക്ക് നടന്നു...
\"ഓ...\"
ശരണ്യ അച്ഛനെ നോക്കി മുഖം കോട്ടി..
രണ്ടാളുടെയും കവിളിലൊന്ന് തലോടി പിറകെ കമലയും കാറിൽ കയറി.. കാർ അകന്നു പോകുമ്പോൾ ഭാനു ശരണ്യയെ വലം കൈ ചുറ്റി ചേർത്തു പിടിച്ചിരുന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"ജിത്തുവേട്ടാ..\"
കാറിൽ ഓഫീസിലേക്ക് പോകുമ്പോൾ ശ്യാം ജിത്തുവിനെ വിളിച്ചു..
\"ആ..\"
\"ഏട്ടന് ഭാനൂനെ ഇഷ്ടാല്ലേ?\"
ജിത്തു ഒന്ന് പുഞ്ചിരിച്ചു...
\"ജീവനേക്കാൾ..\"
അത്രയേ അവൻ പറഞ്ഞുള്ളൂ..
\"തിരിച്ചൊരു ചോദ്യം ഞാൻ നിന്നോട് ചോദിക്കട്ടെ ഡാ..? \"
ശ്യാം എന്തെന്ന ഭാവത്തിൽ നോക്കി..
\"നിനക്കവളോട് ഇഷ്ടമില്ലേ?\"
ഇത്തവണ പുഞ്ചിരിച്ചത് ശ്യാമാണ്...

\"ഉണ്ട് ജിത്തുവേട്ടാ... ശരണ്യയുടെ കൂട്ടുകാരിയെന്നും പറഞ്ഞ് പരിചയപ്പെട്ട കാലം മുതലേ ഇഷ്ടാ എനിക്കവളെ... ഞങ്ങളൊക്കെ സമ്പന്നതയുടെ നടുവിൽ അല്ലലൊന്നുമറിയാതെ സുഖിച്ചു ജീവിക്കുമ്പോൾ.... രാപ്പകലില്ലാതെ എല്ലു മുറിയെ പണി ചെയ്യുന്ന...കിട്ടുന്ന കാശ് മിച്ചം പിടിച്ച് അമ്മയെ ചികിത്സിക്കുന്ന...
സൗകര്യങ്ങളൊന്നുമില്ലാത്ത.. നേരെ ചൊവ്വേ വെളിച്ചം പോലുമില്ലാത്ത ആ കുടുസ് മുറിയിലിരുന്ന് പഠിച്ച് ഓരോ ക്ലാസ്സിലും മാർക്കുകൾ വാങ്ങിക്കൂട്ടുന്ന... എന്റെ പെങ്ങളുടെ റോൾ മോഡലായ... അച്ഛനും അമ്മയ്ക്കും ഒരുപാട് ഇഷ്ടമുള്ള.. ആ ഭാനുവിനെ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്... പക്ഷേ ഒരഞ്ചു മിനിട്ട് മുമ്പാണെനിക്ക് മനസ്സിലായേ...

അത് ഇഷ്ടമല്ലായിരുന്നു...പ്രണയമല്ലായിരുന്നു....വെറും ആരാധനയായിരുന്നെന്ന്... \"
ജിത്തു മുഖം ചെരിച്ച് ശ്യാമിനെ നോക്കി..
\"അതെന്താ അങ്ങനെ?\"
ജിത്തു ചോദിച്ചു...
\"അതോ... എനിക്കവളോട് പ്രണയമായിരുന്നെങ്കിൽ ഒരിക്കലും ഞാനവളെ വിധിക്കു വിട്ടു കൊടുത്ത് സ്വന്തം കാര്യം നോക്കി പോകില്ലായിരുന്നു...

എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞത് വാല്യക്കാരിപ്പെണ്ണിന്റെ  പേരിനൊപ്പം എന്റെ പേര് ചേർന്നാൽ എനിക്കൊരു ഭാവിയുണ്ടാകില്ലെന്ന്...എന്നെയൊരിക്കലും സ്നേഹിക്കാൻ അവളെക്കൊണ്ടാവില്ലെന്ന്...

ഞാനവളെ പ്രണയിച്ചിരുന്നുവെങ്കിൽ അവൾ പറഞ്ഞത് ശരി വച്ച് ഞാൻ നടന്നകലില്ലായിരുന്നു... ഇപ്പൊ ജിത്തുവേട്ടൻ ചെയ്യുന്നത് പോലെ അവളറിയാതെ അവളെ സഹായിക്കുമായിരുന്നു... അവളറിയാതെ അവളെ പ്രണയിക്കുമായിരുന്നു... അദൃശ്യമായി അവൾക്ക് കാവലാകുമായിരുന്നു... അവളുടെ സന്തോഷങ്ങളുടെ കാരണമാകുമായിരുന്നു... എന്നിലേക്ക് അവൾ വരുന്നത് വരെ പ്രണയിച്ചു കൊണ്ട് കാത്തിരിക്കുമായിരുന്നു....

ഇല്ല.. ഞാനിതൊന്നും ചെയ്തില്ല...
കാരണം.. ഞാനവളെ പ്രണയിച്ചിട്ടില്ല...
നിങ്ങളെപ്പോലെ അവളെ പ്രണയിക്കാൻ മറ്റൊരാൾക്കും കഴിയില്ല മനുഷ്യാ... \"

പറഞ്ഞു വന്നപ്പോൾ ശ്യാമിന്റെ സ്വരത്തിൽ കുസൃതി കലർന്നു....
ജിത്തുവൊന്ന് ചിരിച്ചു... മനോഹരമായി...
\"ഒരു കാര്യോമില്ലെന്റെ ശ്യാമേ.. ആ പൊട്ടിക്കാളിക്ക് ഇപ്പഴും ഒന്നും കത്തീട്ടില്ല... കാത്ത് കാത്തിരുന്ന് എന്റെ മൂക്കിൽ പല്ല് മുളയ്ക്കുമെന്നാ തോന്നണേ...\"

\"എന്നാ പിന്നെ അവളോട് ഒക്കെ തുറന്നു പറഞ്ഞൂടെ ഏട്ടാ? \"
\"യ്യോ.. വേണ്ട... ഒരു കണക്കിനാ അവളെന്റെ മുഖത്ത് നോക്കാൻ തന്നെ തുടങ്ങിയത്... വല്ലതും ഞാനിപ്പോ പറഞ്ഞു പോയാ പിന്നെയാ പെണ്ണ് എന്റെ ഏഴയൽപ്പക്കത്തു വരില്ല.. തൽക്കാലം ഇങ്ങനെയൊക്കെയങ്ങു പോട്ടെ...ഒക്കെ അവൾക്ക് തനിയെ മനസ്സിലാകുന്നത് വരെ ഞാൻ കാത്തിരിക്കും...\"
ജിത്തുവിന്റെ സ്വരം ആർദ്രമായി... ശ്യാമിന് ജിത്തുവിനോടുണ്ടായിരുന്ന ബഹുമാനം ഒരു പടി കൂടി കൂടുതലായി...

\"പിന്നേ... ഓഫീസിലെത്തിയാ നീയെന്റെ ജൂനിയറാ... No personal relations in profession... You have to call me Sir.. \"
\"Ok Sir \"
സല്യൂട്ട് അടിച്ചു കൊണ്ട് ശ്യാം അത് സമ്മതിച്ചു... ഒരു ചിരിയോടെ ജിത്തു കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"എങ്ങനെയുണ്ടായിരുന്നു ശരണ്യക്കുട്ടീ ഫസ്റ്റ് ഡേ ഓഫ് കോളേജ്? \"
വൈകുന്നേരം ഭാനുവിനെയും ശരണ്യയെയും കോളേജിൽ നിന്നും വിളിച്ചിട്ട് പോകുമ്പോൾ കോ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ശരണ്യയോടാണ് ചോദ്യമെങ്കിലും ജിത്തുവിന്റെ നോട്ടം കണ്ണാടിയിലൂടെ കാണുന്ന പിറകിലിരിക്കുന്ന ഭാനുവിന്റെ മുഖത്തേക്കായിരുന്നു.. അവളാകട്ടെ ഇതൊന്നുമറിയാതെ പുറത്തേക്കാണ് നോക്കുന്നത്...... ഉത്തരം പറയാൻ ജിത്തുവിനെ നോക്കിയ ശരണ്യ അവന്റെ കണ്ണുകളുടെ ദിശ മനസ്സിലാക്കി.... അവളുടെ ചുണ്ടിലൊരു കള്ളച്ചിരി തെളിഞ്ഞു...

\"ഹോസ്പിറ്റലിൽ  മൂന്ന് ബെഡ്ഡ്  ബുക്ക്‌ ചെയ്തിട്ടുണ്ടോ ജിത്തുവേട്ടാ? \"
ശരണ്യ കുസൃതിയോടെ ചോദിച്ചു...
രണ്ടാളും പെട്ടെന്ന് നോട്ടം മാറ്റി അവളെ നോക്കി...
\"അല്ല... മുന്നിൽ നോക്കാതെ കണ്ണാടിയിൽ നോക്കിയോടിച്ചാ വീട്ടിലെത്തില്ല.. ഹോസ്പിറ്റലിലേ എത്തൂ..\"
ശരണ്യ കള്ളച്ചിരിയോടെ പറഞ്ഞു...

ജിത്തുവിന്റെ ചുണ്ടിലും ഒരു ചമ്മിയ ചിരി വിരിഞ്ഞു...ജിത്തു ശരണ്യയുടെ തലയിലൊന്ന് കൊട്ടി...
\"ആ.. എന്നിട്ട്.. ഫസ്റ്റ് ഡേ എങ്ങനെയുണ്ടായിരുന്നെന്ന് പറഞ്ഞില്ലല്ലോ..\"
\"പിന്നേ.. സൂപ്പറായിരുന്നു.. എനിക്കല്ല.. ഇവൾക്ക്...\"
\"നിനക്കെന്ത് പറ്റി.. ഇഷ്ടായില്ലേ.?\"
\"ഇഷ്ടമൊക്കെയായി.. പക്ഷേ.... കളക്ഷൻ പോരാ... ഒക്കെ ഒരുമാതിരി ബുജി ടൈപ്പ് ആൺപിള്ളേരാ.. ദാ ഇവളെയൊക്കെ പോലെ.. ഞാൻ കോളേജിൽ പോണതേ അടിച്ചു പൊളിക്കണമെന്ന് വിചാരിച്ചാ..പിന്നെ കുറച്ച് വായ്നോക്കാനും..എവടെ.. ഒന്നും നടക്കില്ല...\"
ശരണ്യ താടിക്ക് കൈ കൊടുത്തു.. ഭാനുവും ജിത്തുവും അവളുടെ എക്സ്പ്രഷൻ കണ്ട് ചിരിച്ചു പോയി..

\"അപ്പഴേ... ഞാനിത് വള്ളി പുള്ളി തെറ്റാതെ ജയദേവൻ സാറിനോട് പറഞ്ഞേക്കാമേ..\"
\"യ്യോ... ചതിക്കല്ലേ ജിത്തുവേട്ടാ.. അച്ഛനെന്നെ വീണ്ടും നാട് കടത്തും.. നിക്ക് വയ്യ ഇനി ഇവളെ വിട്ട് പോവാൻ.. ഞാൻ. ഞാൻ നന്നായി.. സത്യം... \"
ദയനീയമായ എക്സ്പ്രഷനിട്ട് ശരണ്യ പറയുന്നത് കേട്ട് ജിത്തുവിനും ഭാനുവിനും ചിരിയും കരച്ചിലും ഒരുപോലെ വന്നു...

\"മ്മ്.. നോക്കട്ടെ... \"
ജിത്തു പറഞ്ഞു...
\"പിന്നെയില്ലേ ജിത്തുവേട്ടാ...\"
എന്നും തുടങ്ങി ചറപറാന്ന് ശരണ്യ കോളേജ് വിശേഷങ്ങൾ പറയാൻ തുടങ്ങി..
\"പുല്ല്. ചോദിക്കണ്ടാർന്നു..\"
എന്ന് തോന്നിപ്പോയി ജിത്തുവിന്...
ശരണ്യയുടെ കത്തി സഹിച്ചിരിക്കുന്ന ജിത്തുവിനെ കണ്ട് വായ പൊത്തി ചിരിക്കുകയായിരുന്നു ഭാനു... കണ്ണാടിയിലൂടെ അത്‌ കണ്ട് ജിത്തു കൂർപ്പിച്ച് നോക്കുമ്പോൾ ചിരിയടക്കിയാലും ഭാനു വീണ്ടും വീണ്ടും ചിരിച്ചു പോകുന്നുണ്ടായിരുന്നു...
മനസ്സ് തുറന്നുള്ള അവളുടെയാ ചിരി ജിത്തുവിനുള്ളിൽ നിറച്ചതൊരു നിർവൃതിയാണ്..

ഒപ്പം.. ഒരു പ്രാർത്ഥനയും...
ഈ ചിരി എന്നും മായാതെ ഭാനുവിന്റെ മുഖത്തുണ്ടാകണമേയെന്ന്...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (31)

രണഭൂവിൽ നിന്നും... (31)

4.7
2787

ദിവസങ്ങൾ പിന്നെയുമൊരുപാട് ഓടിയകന്നു...കിലുക്കാംപെട്ടിയായ ശരണ്യ എല്ലാവരുടെയും പ്രിയപ്പെട്ടവളായി...കത്തി വയ്ക്കാൻ ഒരാളെ കിട്ടിയാൽ വധിച്ചു വശം കെടുത്തുന്ന കിച്ചുവിനെപ്പോലും തോൽപ്പിച്ചു കളഞ്ഞു അവൾ... എന്തിന്... ഏത് നേരവും അനുവിന്റെ അടുത്ത് പോയിരുന്ന് നിർത്താതെ ചിലച്ചു കൊണ്ടിരിക്കും ആ പെണ്ണ്.. ഒടുവിൽ ഭാനുവോ ജിത്തുവോ വന്ന് ചെവിക്ക് പിടിച്ച് തൂക്കിയെടുക്കേണ്ടി വരും അവളെ...ഭാനു നന്നായി തന്നെ പഠിച്ച് കൊണ്ടിരുന്നു.. എന്നത്തേയും പോലെ അദ്ധ്യാപകരുടെ പ്രിയപ്പെട്ടവളാകാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല... മലയാള കവിതകൾ എഴുതാനുള്ള അവളുടെ കഴിവ് കോളേജിലെ സാഹിത്യ