Aksharathalukal

നൂപുരധ്വനി 🎼🎼 (18)

   പിറ്റേന്നായിരുന്നു നൃത്തയിനങ്ങൾ..

ഉച്ചയോടെയാണ് ഭരതനാട്യം മത്സരങ്ങൾ ആരംഭിച്ചത്... മേക്കപ്പ്മാൻ കോളേജിൽ നിന്നും ഏർപ്പാടാക്കിയ ആളായിരുന്നു.... വേഷവിധാനങ്ങൾക്കായി രണ്ട് ടീച്ചർമാരും സഹായത്തിനുണ്ടായിരുന്നു....ഹോസ്റ്റൽ മുറികളിൽ തന്നെയായിരുന്നു ഒരുക്കങ്ങൾ...ഒരുങ്ങിയിറങ്ങിയ തന്റെ രുദ്രയെ കാത്ത് ബാലു കോളേജ് കവാടത്തിൽ തന്നെയുണ്ടായിരുന്നു....

അവളെ ആ വേഷത്തിൽ കണ്ട് സൂപ്പർ എന്നവൻ ചിരിയോടെ വിരലുകളാൽ ആംഗ്യം കാട്ടുമ്പോൾ അവൾക്കുള്ളിൽ സന്തോഷവും ആത്മവിശ്വാസവും പിന്നെ മറ്റെന്തോ ഒരു അനുഭൂതിയും  ഉയർന്നു വരുന്നുണ്ടായിരുന്നു... അവളെയും കൂടെ വന്ന ടീച്ചറിനെയും കസേരകളിൽ പിടിച്ചിരുത്തി ബാലു അടുത്ത് തന്നെ നിന്നിരുന്നു..

തലേന്നത്തേക്കാൾ തിരക്കുണ്ടിന്ന്... ആ ആൾക്കൂട്ടത്തിലപ്പോഴും ചിന്നുവിനെ പിന്തുടരുന്നൊരാ കണ്ണുകളുണ്ടായിരുന്നു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

വേദിയിൽ നിറഞ്ഞ തോടി രാഗത്തിലെ വർണ്ണത്തോടൊപ്പം ചിന്നു തകർത്താടി... മെയ്വഴക്കവും ചടുലതയും മുഖത്തെ ഭാവപ്പകർച്ചകളും എല്ലാം തന്നെ അതിഗംഭീരമായിരുന്നു....ബാലു കാണിക്കൾക്കിടയിൽ നിന്ന് കൊണ്ടവളുടെ ചലനങ്ങളെല്ലാം കണ്ണിലും മനസ്സിലും നിറച്ചു വച്ചു... പ്രണയത്തോടെ...

എന്നാൽ കുറച്ച് മാറി മറ്റ് രണ്ട് കണ്ണുകളും അവളുടെ അംഗവിക്ഷേപങ്ങൾ ഉള്ളിൽ നിറയ്ക്കുന്നുണ്ടായിരുന്നു... പക്ഷേ അതിന്റെ ഭാവം മറ്റൊന്നായിരുന്നു...

അഞ്ച് മണിയോടെ നൃത്തം കഴിഞ്ഞതും ചിന്നു ടീച്ചറിനൊപ്പം ഹോസ്റ്റലിലേക്ക് പോയി ഡ്രസ്സ്‌ മാറ്റി കുളിച്ചു വന്നു.. അപ്പോഴേക്കും ബാലു  ലളിത സംഗീത മത്സരത്തിന് പോയിരുന്നു...കോളേജിൽ കുറച്ചുള്ളിലേക്കുള്ള വേദിയിലായിരുന്നു അവന്റെ മത്സരം ... ഒപ്പം വന്ന ടീച്ചറിന് മോഹിനിയാട്ടത്തിനുള്ള മറ്റൊരു കുട്ടിയുടെ കാര്യത്തിന് പോകേണ്ടതുള്ളത് കൊണ്ട് ചിന്നുവിനൊപ്പം നിൽക്കാൻ കഴിയില്ലായിരുന്നു...

ചിന്നുവിനാകട്ടെ ബാലുവിന്റെ പാട്ട് കേൾക്കണമെന്ന് അതിയായ ആഗ്രഹമുള്ളത് കൊണ്ട് കൂടെ ചെല്ലാൻ നിർബന്ധിച്ചിട്ടും അവൾ പോകാൻ തയ്യാറായില്ല.. അപ്പോഴാണ് കുറച്ചകലെ രാഹുൽ നിൽക്കുന്നത് ചിന്നു കണ്ടത്.. ടീച്ചറിനെ വിളിച്ചു രാഹുലിനെ കാട്ടിക്കൊടുത്തിട്ട് അവരുടെ സമ്മതത്തോടെ ചിന്നു അവനരികിലേക്ക് നടന്നു....

അവൾ സുരക്ഷിതയാണെന്ന വിശ്വാസത്തിൽ ടീച്ചർ ഗ്രീൻ റൂമിലേക്ക് പോകുകയും ചെയ്തു...പക്ഷേ ചിന്നു അടുത്തെത്തും മുൻപേ രാഹുലിനെ മറ്റാരോ വിളിച്ചു കൊണ്ടു പോയി... ചിന്നു ഒന്ന് പകച്ചു നിന്നു... തിരിഞ്ഞു നോക്കുമ്പോൾ ടീച്ചറും പോയിക്കഴിഞ്ഞിരുന്നു...
\" എന്തായാലും ബാലുവേട്ടന്റെ പാട്ട് കേട്ടേ തീരൂ.. കോളേജിനുള്ളിൽ തന്നെയല്ലേ.. എന്താ പേടിക്കാനുള്ളത് \"
അങ്ങനെ വിചാരിച്ചു കൊണ്ട് ചിന്നു ബാലുവിന്റെ വേദിയിലേക്ക് നടന്നു...

അവളെ പിന്തുടർന്ന് ആ കാലുകളും അവൾക്ക് പിറകെ ചലിച്ചു....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

മത്സരത്തിന് കയറുന്നതിനു തൊട്ട് മുൻപ് വരെ ബാലു ചിന്നുവിനെ കാണികളുടെ കൂട്ടത്തിലും പുറത്തും തിരഞ്ഞു കൊണ്ടിരുന്നു... കാണാതായപ്പോൾ രാഹുലിനോട് തിരക്കി...അവനും കണ്ടില്ലെന്ന് പറഞ്ഞതോടെ ബാലു കരുതി അവൾ ഡ്രസ്സ്‌ മാറ്റാൻ പോയിട്ട് തിരികെ വന്നിട്ടുണ്ടാകില്ലെന്ന്... അവൾക്കൊപ്പം ടീച്ചറുണ്ടല്ലോ എന്ന സമാധാനത്തിൽ ബാലു വേദിയിലേക്ക് കയറി....

ബാലുവിന്റെ പാട്ട് കഴിഞ്ഞ് പിന്നെയും രണ്ട് കുട്ടികളുടെ പാട്ട് കഴിഞ്ഞിട്ടാണ് തൊട്ടടുത്ത വേദിയിൽ കീബോർഡ് മത്സരങ്ങൾ തുടങ്ങിയത്.. രാഹുലിന്റേത് മൂന്നാം ഊഴമായിരുന്നു... അത്‌ കൂടി കഴിഞ്ഞതോടെ ബാലുവും രാഹുലും കൂടി പ്രധാന വേദിയിലേക്ക് നടന്നു....

അവിടെയെത്തുമ്പോഴും സാധാരണ തങ്ങളുടെ കോളേജിലെ കുട്ടികൾ ഒത്തുകൂടുന്നിടത്ത് ബാലു ചിന്നുവിനെ തിരഞ്ഞു.. പക്ഷേ കണ്ടില്ല.. അവന് ചെറിയൊരു ഉൾഭയം തോന്നിത്തുടങ്ങിയിരുന്നു... അപ്പോഴാണ് ചിന്നുവിനൊപ്പം ഹോസ്റ്റലിലേക്ക് പോയ അധ്യാപിക മറ്റൊരു കുട്ടിക്കൊപ്പം നടന്നു വരുന്നത് ബാലു കണ്ടത്.. അവൻ അവർക്കടുത്തേക്ക് ഓടി...

\"മിസ്സ്‌... രുദ്രയെവിടെ? \"
അവൻ പകപ്പോടെ ചോദിച്ചു...
അവരുടെ പുരികം ചുളിഞ്ഞു...
\"രുദ്രയോ... അവളെ ഞാൻ രാഹുലിനടുത്തേക്ക് വിട്ടായിരുന്നല്ലോ...\"
അവർ പറഞ്ഞപ്പോൾ രാഹുൽ ഞെട്ടി...
\"എന്റടുത്തേക്കോ... വന്നില്ലല്ലോ... കുറേ നേരായിട്ട് ഞാൻ അവളെ കണ്ടിട്ടുമില്ല... \"
രാഹുലും പകപ്പോടെ പറയുമ്പോൾ ബാലുവിന്റെ ഉള്ളം ഭയത്താൽ പിടയ്ക്കാൻ തുടങ്ങി....

\"പിന്നെയീ കുട്ടി എവിടെപ്പോയി? ഇനി ഹോസ്റ്റലിലേക്കെങ്ങാനും?\"
ടീച്ചർ സംശയം പറഞ്ഞു...
\"ഡാ.. ഞാൻ ഹോസ്റ്റലിൽ നോക്കീട്ട് വരാം .. നീയിവിടെയൊക്കെയൊന്ന് നോക്ക്...\"
ബാലുവിനോട് പറഞ്ഞിട്ട് രാഹുൽ ഹോസ്റ്റലിലേക്ക് ഓടി... തലയ്ക്കു കൈ കൊടുത്ത് ബാലു ടെൻഷനോടെ ചുറ്റും നോക്കി... പെട്ടെന്നവനുള്ളിൽ എന്തോ ഒരു തോന്നൽ വന്നു... തന്റെ പാട്ട് കേൾക്കാനിഷ്ടമാണവൾക്ക്.. രാവിലെ കൂടി അവൾ പറഞ്ഞതാണ് \"ബാലുവേട്ടന്റെ  മത്സരത്തിന് വരാൻ പറ്റിയാൽ മതിയായിരുന്നു \" എന്ന്...

കൂടുതൽ ആലോചിച്ചു നിൽക്കാതെ അവൻ തന്റെ  മത്സരവേദിയിലേക്ക് തിരിച്ചോടി...വേദിക്കരികിലൊന്നും തന്നെ അവളെ കാണാതായപ്പോൾ അവനുള്ളിൽ ഭയം മൂർദ്ധന്യത്തിലെത്തി...
\"എവിടെപ്പോയി അന്വേഷിക്കും?\"
ആ നേരം രാഹുലിന്റെ കോൾ കണ്ട് അവൻ കോളെടുത്തു ചെവിയിൽ വച്ചു..
\"ഡാ.. രുദ്രയിവിടെ ഇല്ലെടാ...\"
രാഹുലിന്റെ ശബ്ദത്തിലും ഭയം കലർന്നിരുന്നു...
\"നീ എന്റെ ലളിതസംഗീതത്തിന്റെ വേദിക്കടുത്തേക്ക് വാ.. ഞാനവിടെയുണ്ട്..\"

പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്യുമ്പോൾ ബാലുവിന്റെ കയ്യും കാലും വിറച്ചു തുടങ്ങി...
\"രുദ്രാ... എവിടെയാ നീ?\"
അവന്റെയുള്ളം തേങ്ങി..
അവൻ ചുറ്റും നോക്കി... വേദിയുടെ ഒരു വശത്ത് നീളമുള്ളൊരു വരാന്തയോടെ നിറയെ ക്ലാസ്സ്‌ മുറികളുണ്ട്.. ഒക്കെ തുറന്നു കിടക്കുന്നുണ്ടെങ്കിലും ആരുമില്ല അതിനുള്ളിലൊന്നും..ഏതോ ഒരുൾപ്രേരണയിൽ ബാലു അവിടേയ്‌ക്കോടി...അറ്റം വരെ പോയി തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് എവിടെ നിന്നോ ഒരു നിലവിളി കേട്ടത്.. അവന്റെ കാലുകൾ നിശ്ചലമായി...

ശബ്ദം വന്ന ഭാഗത്തേക്ക്‌ ശ്രദ്ധിച്ചപ്പോൾ കുറച്ച് ദൂരേയൊരു ഒറ്റപ്പെട്ട മുറി കണ്ടു.. അതടഞ്ഞു കിടക്കുന്നുണ്ട്...ബാലു അവിടേക്കോടി തുടങ്ങവേ വീണ്ടുമാ നിലവിളി ഉയർന്നു.. അതൊരു പെൺകുട്ടിയുടേതാണെന്ന് നടുക്കത്തോടെ മനസ്സിലാക്കിക്കൊണ്ട് ബാലു മുന്നോട്ട് കുതിച്ചു..അപ്പോഴേക്കും നിലവിളി മുറിഞ്ഞ് മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു...

ഓടിച്ചെന്ന് വാതിലിൽ ആഞ്ഞു ചവിട്ടുമ്പോൾ ബാലുവിന്റെ ഉടൽ വിറച്ചിരുന്നു.. രണ്ട് മൂന്ന് തവണ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല.. അപ്പോഴേക്കും അകത്തും ഒച്ചയൊന്നുമില്ലാതായി.. പക്ഷേ പെട്ടെന്ന് വീണ്ടും കരച്ചിൽ മുഴങ്ങിക്കേട്ടു.. ബാലുവിന്റെ രക്തം തിളച്ചു.. ചുറ്റും പരതുമ്പോൾ ഒരു വലിയ കരിങ്കല്ല് അടുത്തു കിടക്കുന്നത് അവൻ കണ്ടു.. അതെടുക്കാൻ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും അതൊന്നാഞ്ഞെറിഞ്ഞപ്പോഴേക്കും വാതിൽ നെടുകെ പിളർന്നു പോയി..പൊളിഞ്ഞ വാതിലിനുള്ളിലൂടെ അകത്ത് കടന്ന ബാലു ഒരു നിമിഷം നടുങ്ങി നിന്നു പോയി...

മദ്ധ്യവയസ്കനായ ഒരാളുടെ കയ്യിൽക്കിടന്നു പിടയുന്ന തന്റെ രുദ്ര... അവളുടെ ചുരിദാർ ടോപ്പ് അവിടവിടെ കീറിയിട്ടുണ്ട്... മുടിയൊക്കെ പാറിപ്പറന്നിരിക്കുന്നു... മുഖമാകെ വിയർപ്പും കണ്ണുനീരും കൊണ്ട് നനഞ്ഞിരിക്കുന്നു...അയാളുടെ വലം കൈ അവളുടെ വായ പൊത്തിയിട്ടുണ്ട്... ബാലുവിനെ കണ്ട് അയാൾ വിരണ്ടു നിൽക്കുന്നുണ്ട്... ചിന്നുവിന്റെ കണ്ണിൽ ആശ്വാസം കാണാം... അയാളുടെ ശരീരത്തിനുള്ളിൽ നിൽക്കുന്ന അവളുടെ ഉടൽ വിറയ്ക്കുന്നത് ബാലു നോവോടെ കണ്ടു...

ആദ്യത്തെ പകപ്പ് മാറി ബാലുവിന്റെ കണ്ണുകൾ ചുവന്നു.. മുഖം കോപം കൊണ്ട് വിറച്ചു.. മുഷ്ടികൾ ചുരുണ്ടു... ഇത്രയും നേരം ഭയം കൊണ്ട് വിറച്ച അവന്റെ ശരീരം കോപം പൂണ്ടു വിറയ്ക്കാൻ തുടങ്ങി...

\"ഡാ!!!!\"

അലറിക്കൊണ്ട് പാഞ്ഞു വന്ന ബാലുവിന്റെ ശക്തമായ ചവിട്ടേറ്റ് അയാൾ തെറിച്ച് ചുവരിലേക്കിടിച്ചു വീണു... നില തെറ്റിപ്പോയ ചിന്നു വീഴും മുൻപേ ബാലുവിന്റെ കൈകൾ അവളെ പൊതിഞ്ഞെടുത്തിരുന്നു ...ചിന്നു മുഖമുയർത്തിയില്ല... കണ്ണുകളിറുക്കിയടച്ച് ചിന്നു ബാലുവിന്റെ നെഞ്ചിലേക്ക് മുഖമമർത്തി അവനെ അള്ളിപ്പിടിച്ചു നിന്നു... കരച്ചിലിൽ ഉലയുന്ന അവളുടെ ശരീരത്തെ അവൻ തന്നിലേക്ക് കൂടുതൽ അണച്ചു പിടിച്ചു...

അവളുടെ കരച്ചിൽ കൂടുന്നുവെന്ന് തോന്നിയതും അവൻ അവളുടെ മുടിയിൽ മെല്ലെ തലോടാൻ തുടങ്ങി...കോപമെരിയുന്ന കണ്ണുകൾ അപ്പോഴും ഇടിച്ചു വീണ് എഴുന്നേൽക്കാൻ പാട്പെടുന്നവനിൽ തങ്ങി നിന്നു... ചിന്നുവിന്റെ കരച്ചിൽ വീണ്ടും കൂടിയതും അവന്റെ ശ്രദ്ധ അവളിലേക്കായി...

\"ശ്.. ശ്... രുദ്ര... രുദ്ര... കരയല്ലേ... എന്നെ നോക്ക്.. എന്നെ നോക്ക്... പേടിക്കണ്ട... ഒന്നൂല്ല.. ഒന്നും പറ്റീട്ടില്ല...ഡോ.. പ്ലീസ്‌.. കരയല്ലേ...\"
അവളോട് കരുണയോടെ പറഞ്ഞിട്ട് തന്നിൽ നിന്നും അവളുടെ മുഖം മെല്ലെ ഉയർത്തിയതും അവളുടെ കരഞ്ഞു വീങ്ങിയ കണ്ണുകൾ കണ്ട് അവന്റെ നെഞ്ച് പിടഞ്ഞു... പക്ഷേ അവളുടെ ഇടം കവിളിലെ അടി കൊണ്ട പാടിൽ കണ്ണുകളുടക്കിയതും അവനുള്ളിൽ വീണ്ടും കോപം നിറഞ്ഞു...

ബാലു ചുറ്റും നോക്കി.. ചിന്നുവിന്റെ ഷോൾ വീണ് കിടക്കുന്നത് കണ്ട് അവൻ അവളെ അടർത്തി മാറ്റി ആ ഷോൾ കുനിഞ്ഞെടുത്ത് അവളുടെ മാറിലൂടെ ചുറ്റിക്കൊടുത്തു... അഴിച്ചിട്ടിരുന്ന മുടി കൈകൾ കൊണ്ട് മാടിയൊതുക്കി കൊടുത്തു... ഷോളിന്റെ അറ്റം കൊണ്ട് മുഖമാകെ തുടച്ചു കൊടുത്തു...

ആ നേരമത്രയും ചിന്നുവിന്റെ കണ്ണുകൾ അവന്റെ മുഖം ശ്രദ്ധിക്കുകയായിരുന്നു.. ആ കണ്ണുകളിൽ തനിക്കായി കാണുന്ന കരുതലിൽ അവൾ മറ്റെല്ലാം മറന്നു നിന്നു പോയിരുന്നു....തന്നെ നോക്കുന്ന ചിന്നുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവളുടെ കവിളിലൊന്ന് പതിയെ തലോടിയ അവന്റെ കണ്ണിൽ തെളിഞ്ഞ നോവ് ചിന്നു കണ്ടു.. മറ്റൊരു നോവോടെ...

അവളിൽ നിന്നും മുഖം തിരിച്ച അവന്റെ കണ്ണിലെരിഞ്ഞ ക്രോധം അത്ര നേരം തെളിഞ്ഞ നോവിന്റെ ഫലമായിരുന്നു....
ആ മുഖം കണ്ട് താഴെ കിടന്നിരുന്നവന്റെ കണ്ണിൽ മിന്നിയ ഭയം വളരെ പെട്ടെന്ന് അതിന്റെ പാരമ്യതയിലായി... തന്നിലേക്ക് പാഞ്ഞു വരുന്നവനെ തടയാൻ കഴിയാതെ വീണു പോയിരുന്ന അയാളെ ബാലുവിന്റെ കൈകളും കാലും മാറി മാറി പ്രഹരിച്ചു കൊണ്ടിരുന്നു...

ഞെട്ടിത്തരിച്ചു നിന്നു പോയിരുന്നു ചിന്നു...
എപ്പോഴും ശാന്തനായി ഒരു പുഞ്ചിരിയോടെയല്ലാതെ കണ്ടിട്ടില്ലാത്ത ബാലുവിന്റെ ആ ഒരു സംഹാരഭാവം അവളെ ശരിക്കും നടുക്കിക്കളഞ്ഞു... അവനെ തടയണമെന്നുണ്ടെങ്കിലും ഒന്നനങ്ങാൻ പോലുമാകാതെ ചിന്നു നിന്നു പോയി... ബാലുവിന്റെ കൈകളുടെ ശക്തി കൂടി വരും തോറും അയാൾ ചോര തുപ്പി തളർന്ന് വീണു... ചിന്നുവിനുള്ളിൽ ഭയമേറിക്കൊണ്ടിരുന്നു.. ഒരുവേള ബാലു അയാളെ കൊല്ലുമോ എന്ന് വരെ ആ ഭയം ചെന്നെത്തി നിന്നു....

\"ഡാ.!!!\"
ഒരലർച്ചയോടെ പാഞ്ഞു കയറി വന്ന രാഹുലിന്റെ വിളി കേട്ടാണ് ചിന്നു ഞെട്ടിയത്.. അകത്തേക്ക് കയറിയ രാഹുലിന് ആ അവസ്ഥയിൽ നിൽക്കുന്ന ചിന്നുവിനെയും താഴെ തളർന്നു കിടക്കുന്നവനെ തല്ലുന്ന ബാലുവിനെയും കണ്ട് കാര്യം മനസ്സിലായി....വീണ്ടും വീണ്ടും അയാളെ തല്ലുന്ന ബാലുവിനെ കണ്ട് രാഹുലോടിച്ചെന്നവനെ ബലമായി പിടിച്ചു മാറ്റി...

\"ഡാ.. നിനക്കെന്താ ഭ്രാന്തായോ... ഇനിയും തല്ലിയാ അയാള് ചത്തു പോകും....\"
രാഹുൽ അലറിക്കൊണ്ട് പറഞ്ഞു....
ബാലു രാഹുലിന്റെ കൈകൾ കുടഞ്ഞെറിഞ്ഞു....

\"ചാവട്ടെ... എന്റെ പെണ്ണിനെ വേദനിപ്പിച്ചവൻ ഇനി ജീവിക്കണ്ട!!!\"

വല്ലാത്തൊരു ഭ്രാന്തമായ ഭാവത്തോടെ അലറിക്കൊണ്ട് പറയുന്ന ബാലുവിനെ കണ്ട് രാഹുലും ചിന്നുവും ഒരുപോലെ നടുങ്ങിപ്പോയി....

ബാലുവിന്റെ അത്തരമൊരു ഭാവമാണ് രാഹുലിനെ നടുക്കിയതെങ്കിൽ അവന്റെ നാവിൽ നിന്നും വീണ \"എന്റെ പെണ്ണ് \"
എന്ന അഭിസംബോധനയാണ് ചിന്നുവിനെ നടുക്കിക്കളഞ്ഞത്....

കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ട് ശില കണക്കെ നിന്നു പോയിരുന്നു ചിന്നു.....

🎼🎼🎼🎼💞💞🎼🎼🎼🎼💞💞🎼🎼



നൂപുരധ്വനി 🎼🎼 (19)

നൂപുരധ്വനി 🎼🎼 (19)

4.5
9904

\"ഓക്കേ..ഓക്കേ.. റിലാക്സ്.. ബാലു.. റിലാക്സ്..\"രാഹുൽ ബാലുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..\"നോക്ക്.. ഇവിടിങ്ങനെയൊന്നും നടന്നത് നമ്മള് മൂന്നാളല്ലാതെ വേറെയാരും അറിയണ്ട..ഒരാളറിഞ്ഞാ കൂടെ രുദ്രയ്ക്ക് പിന്നെ സമാധാനമായിട്ട് കോളേജില് പഠിക്കാൻ പറ്റില്ല.. ഞാൻ വരുമ്പോ കുറച്ച് പിങ്ക് പോലീസ് കേടറ്റ്സ് നിൽക്കുന്നത് കണ്ടിരുന്നു..കാര്യം പറഞ്ഞാ അവർക്ക് മനസ്സിലാവാതിരിക്കില്ല.. ഇവന്റെ കാര്യം അവര് നോക്കിക്കോളും..എന്നിട്ട് നീ ഇവളെയും കൊണ്ട് ആ ചെറിയ ഗേറ്റ് വഴി ഹോസ്റ്റലിലേക്ക് കൊണ്ടാക്ക്..\"ഗൗരവത്തോടെ രാഹുൽ പറയുന്നത് ശരിയാണെന്ന് ബാലുവിനും തോന്നി... രാഹുൽ പുറത്തേക്ക് പോയതും താ