അവിടെ നിന്നും തിരികെ പോകുമ്പോൾ ഭാസ്കരന്റെ ഉള്ളിൽ മുഴുവനും ശിവയുടെ വാക്കുകൾ ആയിരുന്നു.... അവൻ പറഞ്ഞതൊക്കയും അയാൾ ഭാര്യയോടും പങ്കുവെച്ചു....
അച്ഛനും അമ്മയും പോയതിനു ശേഷം ഭാഗ്യ ആകെ മൂകതയിലായിരുന്നു.... അവരെ അത്രമേൽ കാണാൻ ആഗ്രഹിച്ചിരുന്നു എന്ന് എല്ലാവർക്കും മനസിലായി....അൽപ്പനേരം അവളെ തനിയെ വിട്ട് ജ്യോതിയും മാറി നിന്നു....
✨️✨️✨️✨️✨️✨️✨️✨️✨️
പിന്നെയും ദിനങ്ങൾ ആരെയും കാക്കാതെ കടന്നു....!!
ഭാഗ്യയ്ക്ക് ക്ലാസ്സ് തുടങ്ങി.... ആദ്യമൊക്കെ ബുദ്ധിമിട്ടായിരുന്നെങ്കിലും.. പതിയെ അവൾ അതുമായി പൊരുത്തപ്പെട്ടു.....ജ്യോതിയും അവളും ഒരേ വഴിക്കായിരുന്നതിനാൽ... രണ്ട് പേരും ഒന്നിച്ചാണ് പോക്കും വരവും.....എങ്കിലും അവൾക്ക് കാവലായി അവൾ പോലും അറിയാതെ ശിവയുമുണ്ട്...!!
ശിവയെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്.... ക്ലാസും തിരക്കും കാരണം പഴയത് പോലെ അത്ര ഇല്ലെന്ന് മാത്രം..... എല്ലാരും പഠനത്തിലേക്ക് തിരിഞ്ഞതിനാൽ... കളി സെറ്റും ഇപ്പോൾ ഇല്ല....
അനിയുടെ വിവാഹവും അടുക്കാറായി.... പ്രിയ പറഞ്ഞ് കൃഷ്ണജയ്ക്ക്.. ഭാഗ്യയുടെയും അനിയുടെയും കാര്യം അറിയാം.... താൻ പ്രതീക്ഷിച്ച പൊട്ടിത്തെറി അവളിൽ നിന്നും ഉണ്ടാകാതിരുന്നതിൽ അമ്മയ്ക്കും മോൾക്കും പരാതിയുമുണ്ട്.....
എന്തുകൊണ്ടോ... അതെല്ലാം ഉൾക്കൊള്ളാൻ കഴിവുള്ളവൾ ആയിരുന്നു കൃഷ്ണ.... അനി ആദ്യം ഒന്നും അവളെ വിളിക്കാറ് കൂടിയില്ലായിരുന്നു.... പക്ഷെ ഇക്കാര്യം അറിഞ്ഞത് മുതൽ... അവന് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു മാറ്റം എന്ന് അവൾക്ക് മനസിലായി..... അതൊന്ന് മാറ്റിയെടുക്കാനായി..എന്തിനും ഏതിനും കൃഷ്ണ അവനൊപ്പം ഉണ്ട്....തുടർച്ചയായുള്ള അവളുടെ ഫോൺ കാളിലൂടെയും... സന്ദർശനത്തിലൂടെയും.. പതിയെ പതിയെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.... അതിനിടയിൽ എപ്പോഴോ... ഭാഗ്യയുടെ കാര്യവും അവന് അവളെ അറിയിച്ചിരുന്നു.... അപ്പോഴും ഭാഗ്യയ്‌ക്കൊപ്പം നിൽക്കുന്ന... അല്ലെങ്കിൽ ഭാഗ്യയുടെ പക്ക്വതയെ അത്രയും വേഗം മനസിലാക്കിയ കൃഷ്ണ... അനിക്ക് അത്ഭുതമായി മാറി എന്ന് വേണം പറയാൻ...! വിവാഹം കഴിഞ്ഞാലും.. ഉടനെ ഒന്നിച്ചുള്ള ജീവിതം സാധ്യമാകില്ലെന്ന് അവൻ തുറന്ന് പറഞ്ഞു..... അതോടൊപ്പം ഭാഗ്യയ്ക്കും ജീവിതം വേണം എന്നതും....!!അവന്റെ ഉള്ളിൽ കനലെരിയുന്നുണ്ടെന്ന് അവൾക്ക് മനസിലായി....!
വിവാഹത്തിന് രണ്ടാഴ്ച്ച മുൻപേ... എല്ലാവരുടെയും നിർബന്ധം കാരണം ഭാഗ്യ തറവാട്ടിൽ എത്തി.....! ഇപ്പൊ അവിടെ നിന്നുമാണ് കോളേജിലേക്ക് പോകുന്നതും വരുന്നതും.... ജ്യോതി കൂടെ ഇല്ലാത്തത് അവൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന നൽകുന്നുണ്ട്..... എങ്കിലും.... വൈകുനേരം അവർക്ക് വേണ്ടി അവർ സമയം മാറ്റി വയ്ക്കും.... ഫോൺ വിളിക്കും....
അവൾ കണ്മുന്നിൽ നിന്നും മറഞ്ഞപ്പോൾ... ശിവയ്ക്കും വിഷമമായി.... എങ്കിലും അവനും മെസ്സേജ് അയക്കാറുണ്ട്.... ഇടയ്ക്ക് മറുപടിയും കിട്ടാറുണ്ട്.... അടുത്തില്ലാത്തതിനാലാകാം... ഇരുവർക്കും പഴയത് പോലെ പരിഹസിക്കാൻ അവസരം കിട്ടിയിരുന്നില്ല....!
ഒരു ഞായറാഴ്ച.... അവധിയായതിനാൽ വൈകിയാണ് ഭാഗ്യ ഉറക്കമുണർന്നത്..... കുളികഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ അനിയേ കണ്ടു.... വന്നിട്ട് ഇത്ര ദിവസമായിട്ടും അവനെ കണ്ടാൽ മിണ്ടാനോ... നോക്കാനോ പോകില്ലായിരുന്നവൾ.... പക്ഷെ ഇന്ന് അവൾക്ക് നേരെ നിൽക്കുന്നത് കൊണ്ട്... നോക്കാതിരിക്കാനും കഴിഞ്ഞില്ല........
അവനും അപ്പോഴാണ് അവളുടെ മുഖത്തേക്ക് നോക്കുന്നതും.... പഴയത് പോലെ അല്ല മുഖത്തിപ്പോ പ്രസരിപ്പൊക്കെയുണ്ടെന്ന് ഓർത്തു.... അക്കൂട്ടത്തിൽ തന്നെ അവൾ നോട്ടം മാറ്റിയത് കണ്ട് വീണ്ടും മുഖം വാടി....
അന്നത്തെ ദിവസം വീട്ടുകാർക്കൊപ്പo തള്ളിനീക്കി...എല്ലാരും ഒപ്പം കൂട്ടുന്നുണ്ടെങ്കിലും.... എന്തോ അവൾക്ക് വീണ്ടും ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് പോലെ.....പതിയെ മുറിയിലേക്ക് നടന്നു.... അവളുടെ മനസ്സ് അറിഞ്ഞപോലെ ഉടനെ ശിവയുടെ കാളും വന്നു..... അവൾ ഫോണിലേക്ക് നോക്കി... ശേഷം അറ്റൻഡ് ചെയ്തു....
\" ഹലോ.... \" പതിയെ വിളിച്ചു.... പക്ഷെ അപ്പുറത്ത് നിന്ന് അനക്കമില്ല.... ഒന്നുകൂടി ഫോണിലേക്ക് നോക്കി...
\" ഹലോ... \"
\" എന്താ.... ഉത്സാഹമൊന്നും ഇല്ലല്ലോ...ആധിയൊക്കെ കഴിഞ്ഞോ തന്റെ.? \"
\" എന്ത് ആധി.... \"
\" അല്ല... അവിടിപ്പോ ഒറ്റപ്പെട്ട് നിക്കുവല്ലേ... പോരാത്തതിന് ഞായറാഴ്ചയും.... പ്രത്യേകിച്ച് പരിപാടി ഒന്നുമില്ലല്ലോ.... അതാ... \" പതിവ് ചിരിയുണ്ട് അവന് ...
\" അതിന് എനിക്ക് എന്ത് കുഴപ്പമുണ്ടെന്നാ.... ഞാൻ എന്റെ വീട്ടിൽ അല്ലേ.... എല്ലാരും ഉണ്ടല്ലോ കൂടെ... എനിക്ക് ഒരു പ്രശ്നവുമില്ല...\"
\" ആണോ... ശരിക്കും ഒരു പ്രശ്നവുമില്ലേ... \"
\" ഇല്ല... \"
\" ആഹ്... അനി മാമ മിണ്ടിയോ.... \"
\" ഇല്ല... \"
\" അതെന്താ.... മിണ്ടാത്തത്.... \"
\" ഞാൻ മിണ്ടുന്നില്ല....\"
\" എന്താ.... പതിവില്ലാത്ത ഗൗരവം.... \"
\" ഡോക്ടറിനു ഇപ്പൊ എന്താ വേണ്ടെ.... എനിക്ക് ഒത്തിരി പണി ഉണ്ട്... ഒന്ന് വച്ചേ.... \" പറഞ്ഞു കൊണ്ട് തന്നവൾ ഫോൺ കട്ട് ചെയ്തു.....മറുതലയ്ക്കൽ ഉള്ളവന് അവൾക്ക് എന്ത് പറ്റിയെന്ന് മനസിലായതുമില്ല....
അവളും അത് തന്നെയായിരുന്നു ചിന്തിച്ചതും.... ഒത്തിരി നാൾക്ക് ശേഷമാണ് ശിവ വിളിക്കുന്നത്.... സാധാരണ ഗതിയിൽ അവൻ ഒന്ന് പറഞ്ഞാൽ തിരിച്ച് അൻപത് പറയുമെങ്കിലും.... ദേഷ്യപ്പെട്ടു ഫോൺ വച്ചിട്ടില്ല.... ഇന്ന് അനി മാമയെ നേരിൽ കണ്ടതാണോ പ്രശ്നം.... അതിനാണോ ശിവയോട് വഴക്കിട്ടത് എന്നോർത്തു.... ഒടുവിൽ അനിയെ കണ്ടതല്ല പ്രശ്നമെന്ന് അവൾ തന്നെ കണ്ടെത്തി....!!
അന്ന് രാത്രി... അത്താഴം കഴിഞ്ഞ് ഭാഗ്യ മുറിയിലേക്ക് കയറുമ്പോൾ തന്റെ കട്ടിലിൽ ഇരിക്കുന്ന അനിയെയാണ് കണ്ടത്..... പതിവില്ലാതെയുള്ള അവന്റെ വരവ് കണ്ട് അവൾ ഒന്ന് അമ്പരന്നെങ്കിലും..... മിണ്ടാതെ അകത്തേയ്ക്ക് തന്നെ കയറി.....
കൃഷ്ണയുടെ വാക്കുകൾ കാരണം ഭാഗ്യയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ വന്നതാണ് അനിയും.... ഒരേ കൂരയ്ക്ക് കീഴിൽ കഴിയുന്നവർ ഇനിയും അകന്നിരിക്കരുതെന്ന് അവൾ നിർദേശിച്ചിരുന്നു.... അതിനേക്കാൾ ഉപരി.... അനിക്ക് അവന്റെ പഴയ ഭാഗ്യയെ തിരികെ വേണമായിരുന്നു...!
കുറച്ചേറെ നേരം അവൻ അവളെ നോക്കി.... അവളും പതറിയില്ല.... അവന്റെ കണ്ണുകളിൽ നോക്കി..... അവ പതിയെ നിറയുന്നതവൾ അറിയുന്നുണ്ട്.....
\" മോ... മോളെ... \".
കേട്ടു നിന്നതല്ലാതെ മറുത്തോരക്ഷരം മിണ്ടിയില്ല....
\" മതിയാക്കാം.... മതിയാക്കാം മോളെ... നമുക്ക് ഈ പിണക്കം.... സഹിക്കുന്നില്ല എനിക്ക്.... നിനക്ക് വേണ്ടി ആയിരുന്നു ഞാൻ.... \" മുഴുവനാക്കാൻ കഴിയാതെ അവനും...
അവനിൽ നിന്നു വന്ന എങ്ങലടികൾ കേട്ടതും ശരീരത്തിലൂടെ ഒരു മിന്നൽ അവളിൽ കടന്നു പോയി.... ആദ്യായിട്ട്.... ഇത്രയും വർഷത്തിനിടയിൽ.... ആദ്യമായിട്ട്... അനി.... ഭാഗ്യയ്ക്ക് മുന്നിൽ കരയുന്നു........
\" മാമേ..... \" സഹിച്ചില്ല ആ പെണ്ണിനും....
\"എനിക്ക്.... എനിക്കെന്റെ പഴയ ഭാഗ്യയെ വേണം മോളെ.... എന്നോട് വഴക്ക് കൂടുന്ന.....എന്റെ പുറകിന് നടക്കുന്ന.... ആ വായാടി ഭാഗ്യയെ എനിക്ക് തിരികെ വേണം.... സഹിക്കുന്നില്ല... നീ മുഖത്തു പോലും നോക്കാതെ...ഇങ്ങനെ അവഗണിക്കുമ്പോൾ നെഞ്ച് പൊട്ടിപോകുന്നു.... അറിയാം... എല്ലാം എനിക്കറിയാം... ഞാനും അത് പോലെ... ഒറ്റപെടുത്തിയിട്ടുണ്ടെന്ന്.... അതൊക്കെ.... നിന്നെ വെറുത്തിട്ടല്ല....നിന്റെ മനസ്സിൽ എന്നോട് ഉള്ളത്... വേറെന്തോ ആണെന്ന് അറിഞ്ഞപ്പോൾ കഴിഞ്ഞില്ല... അത് അംഗീകരിക്കാൻ..... കണ്മുന്നിൽ വളർന്ന് വന്നവളെ ഞാൻ എങ്ങനെ പ്രണയിക്കും... അതിന് മാത്രം അനിക്ക് പറ്റില്ലായിരുന്നു.... നിന്നെ ആട്ടി അകറ്റുമ്പോൾ ഞാനും കരഞ്ഞിട്ടുണ്ട്.... നിന്നെക്കാൾ ഒത്തിരി...! ഇപ്പൊ... നീ എല്ലാം മറന്നുവെന്ന് അറിയാം.... അങ്ങനെ ഒന്നും ഉള്ളിൽ ഇല്ല എന്നും.... ഇനിയെങ്കിലും നിനക്ക്....\"
\" എന്നെ... ശല്യാണെന്ന് പറഞ്ഞില്ലേ.... കണ്മുന്നിൽ വരരുതെന്ന് പറഞ്ഞില്ലേ... അതുകൊണ്ട്.... അതുകൊണ്ടല്ലേ.... ഞാനും മിണ്ടാതെ നടന്നത്.... അല്ലാതെ... എനിക്കും എന്റെ മാമയെ വെറുക്കാൻ കഴിയുവോ.... ഏഹ്...? ഭാഗ്യയ്ക്ക് കഴിയില്ല... അനി മാമയെ വെറുക്കാൻ മാത്രം കഴിയില്ല..... \" അവന് പറഞ്ഞ് തീരും മുന്നേ അവളും പരാതിക്കെട്ടഴിച്ചിരുന്നു.....അവനെ പുണർന്നിരുന്നു...തിരികെ അവനും...!.
ഇത്രയും നാളത്തെ... പരാതിയും പരിഭവങ്ങളും.... പറഞ്ഞ് കഴിഞ്ഞ്.... ജ്യോതിയെയും ശിവയെയും വരെ അവൾ അവന് മുന്നിൽ വെളിപ്പെടുത്തി...... അവനോട് പറയാൻ കഴിയാതെ ഉള്ളിൽ കൂട്ടി നിറച്ചിരുന്നവ...!!
ഇടയിൽ എപ്പോഴോ കൃഷ്ണയെയും വിളിച്ചു.... ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അവളുമായും ഭാഗ്യ അടുത്തു....
ആ രാത്രിയോടെ..... പഴയ ഭാഗ്യയെയും അനിയേയും... ഇല്ലിക്കൽ തറവാടിന് തിരികെ കിട്ടി..!!
പിറ്റേന്ന്.... പതിവിന് വിപരീതമായി.... അനിയുടെ വണ്ടിയുടെ പുറകിൽ ചിരിയോടെ കയറുന്നവളെ എല്ലാരും അത്ഭുതത്തോടെയാണ് നോക്കിയത്.... ഒരു രാത്രിയുടെ വ്യത്യാസത്തിൽ എന്ത് സംഭവിച്ചുവെന്ന ആശ്ചചര്യം വേറെയും..... അനുവും ഭാസ്കരനും കാഴ്ചക്കാരായി മാറി നിന്നു..... ചിരിയോടെ തന്നെ.....!!.
വീണ്ടും കളിയും ചിരിയും ഭാഗ്യയുടെ മാമ എന്ന വിളിയും കൊഞ്ചലുമായി..... തറവാട് ഉണർന്നു..... ആരു മുതൽ.....രാധമ്മ വരെ അതിൽ ഉൾപ്പെട്ടു....!
പിന്നെ അങ്ങോട്ട് വിവാഹത്തിന്റെ ഒരുക്കങ്ങൾ ആയിരുന്നു.... തുണി എടുക്കലും ആഭരണം വാങ്ങലും ഒക്കെ ആയി ആകെ ബഹളമയം..... ജ്യോതിയെ എന്നും വിളിക്കാറുണ്ട്... ഒപ്പം രമ്യയെയും... രേഖമ്മയെയും കുഞ്ഞിനേയും..... ഒപ്പം ശിവ ഡോക്ടറിന്റെ വിളിയും അവൾക്ക് മുന്നിൽ എത്താറുണ്ട്.... കൃഷ്ണജയും ഭാഗ്യയും ഇതിനോടകം നന്നായി അടുത്തു..... പക്ഷെ ഇതെല്ലാം കണ്ട് കൊണ്ട്.... അസൂയയോടെ നിർമലയുമുണ്ട്....
അങ്ങനെ ഇല്ലിക്കൽ കാത്തിരുന്ന അനിയുടെ വിവാഹം ദിനം വന്നെത്തി.... നാട് മുഴുവൻ ആഘോഷമാക്കിയുള്ള വിവാഹം തന്നെ ആയിരുന്നത്...! കാരണം അനിയെന്നാൽ നാട്ടുകാർക്കെല്ലാം അത്രമേൽ പ്രിയപെട്ടവനായിരുന്നു....! എല്ലാവർക്കുമുണ്ട് ക്ഷണം.... അക്കൂട്ടത്തിൽ ശിവയ്ക്കുമുണ്ട്... രാമൻ വന്നിട്ടുണ്ട്....അയാളുടെ മകനാണ് ശിവ എന്നത് ഭാഗ്യയിൽ നിന്ന് ഒളിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്....
ഒരു നീല നിറമുള്ള സാരിയിൽ ഒരുങ്ങിയ ഭാഗ്യയെ ശിവ കണ്ണെടുക്കാതെ നോക്കി നിന്നു.... എത്രയൊക്കെയായാലും തന്റെ പ്രണയമാണത്.... കുഞ്ഞു നാൾ മുതൽ കേട്ടു വളർന്ന പ്രണയം... ഭാസ്കരൻ അങ്കിളാണ് തനിക്ക് അന്നേ ഉറപ്പ് നൽകിയിരുന്നത്.... പലയിടത്തും കണ്ടിട്ടുണ്ട്.... വായാടിയുടെ സ്വഭാവം കേട്ട് അറിയാവുന്നത് കൊണ്ട്.... നേരിട്ട് മിണ്ടിയിരുന്നില്ല....ഒരു ജോലി വാങ്ങിയിട്ട് മുന്നിൽ ചെന്ന് നിന്ന് ധൈര്യത്തോടെ തന്റെ ഇഷ്ടം പറയണം എന്ന് ഓർത്തിരുന്നു...അതിന് മുൻപേ... പെണ്ണുകാണൽ നടത്താൻ അങ്കിളിന് തിടുക്കം ആയത് കാരണമാണ് അന്ന് പോയതും.... തന്നെ ഒന്ന് കാണാൻ കൂടി വരാതെ വാശിപ്പിടിച്ചിരുന്നവളെ ഓർത്തപ്പോൾ ശരിക്കും അന്ന് പേടി തോന്നിയിരുന്നു.... ആരെങ്കിലും ആ മനസ്സിൽ കയറി പറ്റിയിരുന്നോ എന്ന്... പിന്നീടാണ് അനിയേട്ടൻ ആണ് ആളെന്ന് മനസിലായതും.... അപ്പോൾ സത്യത്തിൽ പേടി ആയിരുന്നില്ല അവളോട്..... സ്വന്തം ബന്ധം പോലും അറിയാതെ പ്രണയം തോന്നിയ ആ പെണ്ണിനോട് വാത്സല്യമായിരുന്നു.... അല്ലെങ്കിലും പണ്ട് മുതലേ താൻ കണ്ടിട്ടുള്ളതാണല്ലോ... അവളും അനി മാമയും എങ്ങനെ ആയിരുന്നുവെന്ന്.... ആ മനുഷ്യനൊപ്പം മാത്രം ചുറ്റപ്പെട്ടവൾ.... ഒരു പക്ഷെ സ്വന്തം അച്ഛനോട് പോലും അത്രയും അടുപ്പം ഉണ്ടായിരുന്നോ എന്ന് പോലും സംശയമായിരുന്നു.....ആ വലിയ തറവാട്ടിൽ ജീവിതം ഒതുക്കിയവൾ.... അപ്പോൾ പിന്നെ... അങ്ങനെ ഒരു പ്രണയം അനിഏട്ടനോട് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ....! പ്രായത്തിന്റെ ഓരോ മാറ്റങ്ങളിൽ ഉള്ളത്... പക്ഷെ ഏറ്റവും താൻ ഭയന്നത്... അന്നായിരുന്നു.... ഞരമ്പ് മുറിച്ച്... ചോരയുമായി ആശുപത്രിയിലേക്ക് കൊണ്ട് വന്നവളെ ഇപ്പോഴും കണ്മുന്നിൽ തെളിയുന്നുണ്ട്..... കഴിക്കാതെ...ഉറങ്ങാതെ...അവളെക്കാൾ വേദനയോടെ.... ഒപ്പം ഇരിക്കാനേ കഴിഞ്ഞിരുന്നുള്ളൂ...... കണ്ണ് തുറന്നപ്പോൾ... ഉള്ളിലെ ശങ്ക അടക്കി സ്വാഭാവികത എടുത്തണിയാൻ ഞാൻ പെട്ട പാട് ഓർക്കാൻ കൂടി വയ്യ....സഹിക്കെട്ടിട്ടാണ് തനിക്ക് ഒരു അവസരം നൽകുമോ എന്ന് അങ്കിളിനോട് ചോദിച്ചത് പോലും.... ഹോസ്പിറ്റലിൽ തന്റെ സഹപ്രവർത്തകരുടെ വിളിയിൽ നിന്നാവാം എന്റെ പേര് ശിവ എന്നാവും എന്നവൾ കരുതിയിട്ടുണ്ടാവുക.... താൻ പിന്നെ അതൊന്നും തിരുത്താനും പോയില്ല....
തീർത്തും യാതിർശ്ചികമായിട്ടാണ് ജ്യോതിയുടെ വീട്ടിലേക്ക് അവൾ വന്നതും.... അവൾക്ക് വേണ്ടി മാത്രമാണ് അച്ഛന്റെ ജോലിയും... കൂടാതെ തന്റെ പോക്കുവരവും എല്ലാം മാറ്റി വച്ച് കുടുംബത്തോടൊപ്പം അങ്ങോട്ടേക്ക് മാറിയത്.... വിചാരിച്ചത് പോലെ... അവളുമായി മിണ്ടാനും... അടുത്തിടപഴകാനും കഴിഞ്ഞുവെന്ന് തോന്നുന്നു..... ഓരോ ഓർമകളിലൂടെ ആയിരുന്നു അവനും.... കണ്ണിമ ചിമ്മിയിട്ടില്ല.... നോട്ടം അവളിലേക്ക് തന്നെയാണ്....
അടുത്തു നിൽക്കുന്നവരോട് എന്തോ പറഞ്ഞ് തിരിഞ്ഞ ഭാഗ്യ കാണുന്നത് അവളെ നോക്കി നിൽക്കുന്ന ശിവയെയാണ്.... അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു.... പക്ഷെ അവന് ചിരിക്കുന്നുണ്ടെങ്കിലും.... അവളെ തന്നെ നോക്കി നിൽക്കുകയാണ്.... പെട്ടന്ന് അവൾ നോട്ടം മാറ്റി.... വീണ്ടും സംസാരത്തിൽ ഏർപ്പെട്ടെങ്കിലും... ദൂരെ നിൽക്കുന്നവനെ വീണ്ടും നോക്കാൻ തോന്നി.... ഇതെന്താ ഇങ്ങനെ എന്ന് കരുതി എങ്കിലും വീണ്ടും അവനെ പാളി നോക്കി.... അപ്പോഴും അതെ ചിരിയോടെ അവൻ നോക്കി നിൽപ്പുണ്ട്.... അവളുടെ നോട്ടം കണ്ടതും അവൻ ഒരു കണ്ണിറുക്കി കാട്ടി.... അവൾ ഞെട്ടി വീണ്ടും നോട്ടം മാറ്റി.....
കതിർമണ്ഡപത്തിൽ അനി ഇരിപ്പുണ്ട്.... താലിക്കെട്ടിനിടയ്ക്ക് അവരിലേക്ക് ഇടാനുള്ള പൂവ് കൈയിൽ ഒതുക്കി പിടിച്ചു നിൽക്കുകയാണ് ഭാഗ്യ.... ജ്യോതിയാണ് സപ്പ്ളയർ..... ശിവ അവിടേക്ക് വന്നത് കണ്ട്... ജ്യോതി പൂവ് വേണോ എന്ന് ആംഗ്യം കാട്ടി... അവന് വേണ്ടെന്ന് തലയാട്ടി.... അതൊക്കെ കണ്ട് ഭാഗ്യയും അടുത്ത് നിൽപ്പുണ്ട്..... അവനെ നോക്കിയില്ല.... പെട്ടന്നായിരുന്നു ശിവ അവളുടെ കൈയിൽ പിടിച്ചതും...പൂക്കൾ കൈക്കലാക്കിയതും.......എന്നിട്ട് വീണ്ടും ചിരിയോടെ തന്നെ അവിടെ നിന്നു നടന്നു നീങ്ങി...ഇതൊക്കെ കണ്ട് കിളികൾ എല്ലാം പറന്ന അവസ്ഥയായിരുന്നു ഭാഗ്യയിൽ.....അവനിൽ വന്ന മാറ്റം എന്താണെന്ന് അവൾക്ക് മനസിലാകുന്നില്ല...
ഇതുവരെ ഇല്ലാത്ത നോട്ടം.... ഇതുവരെ ഇല്ലാത്ത ചിരി... ഇതുവരെ ഇല്ലാത്ത സ്പർശനം.... ഇതുവരെ ഇല്ലാത്ത കുറുമ്പ്....! അവനിലെ പുതിയ മാറ്റങ്ങൾ...!
മുഹൂർത്തമായി.... എല്ലാവരെയും സാക്ഷിയാക്കി അനി... കൃഷ്ണജയെ താലി ചാർത്തി....! എല്ലാവരുടെ മുഖതും നിറഞ്ഞ സന്തോഷം... അത് ചിരിയായി മുഖത്തു തെളിഞ്ഞിട്ടുണ്ട്....ഭാഗ്യ പതിയെ... അവർക്കിടയിൽ നിന്ന് പുറകോട്ടേക്ക് ഉൾവലിഞ്ഞു..... എന്ത് കൊണ്ടോ കണ്ണിൽ നീർ ഉരുണ്ടു കൂടി.....
\" എടുക്കട്ടെ.... \" ശിവയുടെ സ്വരം കാതിൽ പതിഞ്ഞതും അവൾ അമ്പരന്ന് നോക്കി..
\" എന്ത്.... \"
\" ബക്കറ്റ്.... \"
\" ഏഹ്... \"
\" ആ കണ്ണിൽ നിന്ന് ഇപ്പൊ എല്ലാം കൂടി താഴേക്ക് വീഴുമല്ലോ... അതിന് മുൻപേ...ഒരു ബക്കറ്റിൽ നിറച്ചാലോ.... \" മുന്നിൽ തന്നെ നോട്ടം എറിഞ്ഞു നിൽക്കുന്നവനെ അവൾ തുറിച്ചു നോക്കി..... വന്ന കണ്ണീർ എങ്ങോട്ടോ മറഞ്ഞു....പിന്നെ... അവിടെ നിൽക്കാതെ അവിടുന്ന് നടന്നു...... അവൾ അടുത്ത് നിന്ന് പോയതും അവനും തിരിഞ്ഞു നോക്കി..... അനിക്ക് വേണ്ടി... ഇനി ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നും വരരുതെന്ന് അവന് അത്രമേൽ വാശിയായിരുന്നു.....!
\" നിൽക്ക്.... \" അവിടുന്നെല്ലാം മാറി പുറത്തേക്കിറങ്ങിയവളെ അവൻ തടഞ്ഞു....
\" എന്താ.... \" അവളും...
\" എന്തിനാ... എന്നോട് ഇത്ര പിണക്കം.... \"
\" പിണക്കമോ... \"
\" ഹ്മ്മ്.... അവിടുന്ന് വന്നപ്പോൾ മുതൽ ഞാൻ മനസിലാക്കിയതാ.... വിളിച്ചാൽ എടുക്കില്ല.. മെസ്സേജിന് വല്ലപ്പോഴും റിപ്ലൈ.... അല്ലെങ്കിൽ കളിയാക്കുവാൻ എങ്കിലും വാ തുറക്കുന്നയാൾ ഇപ്പോ മിണ്ടുന്ന് കൂടി ഇല്ല..... പറ... എന്താ കാരണം....... \" പരിഭവത്തോടെ ആണവൻ പറഞ്ഞ് നിർത്തിയത്...
അവൾ അവനെ കുറച്ച് നേരം നോക്കി.... അത് കണ്ട് അവനിൽ പതർച്ചയും....
\" ഡോക്ടർ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ.... \" കണ്ണുകളിൽ നോക്കിയുള്ള ചോദ്യം...
\" അതെന്താ... ഇപ്പൊ അങ്ങനെ.. തോന്നാൻ... \"...
\" ഇല്ലേ.... സത്യം പറയ്..... \"
\" അങ്ങനൊക്കെ ചോദിച്ചാൽ.... \" ഭയന്നിരുന്നു അവൻ.... അവൾ എല്ലാം അറിഞ്ഞോ എന്ന് ചിന്തിച്ചിരുന്നു...
\" ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചാൽ മാത്രമേ നഷ്ടപെടുമ്പോൾ അത് എത്രത്തോളം വേദന നൽകൂ എന്ന് അറിയാൻ കഴിയൂ.... അല്ലേ ഡോക്ടർ.... \" അത് കൂടി കേട്ടപ്പോൾ അവന് ഭയം കൂടി.... താൻ ഇത്ര നാളും കഷ്ടപെട്ടത് വെറുതെയായോ എന്നുപോലും തോന്നി...... ഇപ്പോഴും അവൾ അനിയേ പ്രണയിക്കുന്നുണ്ടാകുവോ എന്ന ചിന്തയും....
\" അപ്പോ..... താൻ ഇപ്പോഴും അനി മാമയെ.... പ്രണയിക്കുന്നുണ്ടോ.... \" സംശയം അതുപോലെ ചോദിച്ചു പോയി....
അവൾ ചിരിച്ചു.....അവളിലെ ഇപ്പോഴുള്ള ഭാവങ്ങൾ എല്ലാം അവനെ അത്രമേൽ തളർത്തുന്നുണ്ടായിരുന്നു.....
\" പറയ്... \" നെഞ്ചിടിപ്പേറി.....
അവൾ എന്തോ പറയും മുന്നേ അവർക്കരികിൽ ഒരു കാർ വന്നു നിന്നു.... അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട്.... അവൾ പോലും അറിയാതെ അവളിൽ നിന്നും ആ പേര് വന്നു......
\" ശരത്തേട്ടൻ......!!!\"
( തുടരും...)
😊