Aksharathalukal

നൂപുരധ്വനി 🎼🎼 (25)

ശക്തമായ കൊടുങ്കാറ്റിൽ പെട്ടുഴലുന്ന തനിക്ക് ഒരാശ്രയത്തിനായി അവനെങ്ങും പരതി നോക്കി.. എങ്ങുമൊരു പിടിവള്ളി കിട്ടാതെ അവൻ ദൂരേക്കാണുന്നൊരു മരച്ചില്ലയിലേക്ക് നടന്നടുക്കാൻ ശ്രമിച്ചു..
ഇല്ല!!!
പറ്റുന്നില്ല!!!
കാലുകൾ കൂച്ചുവിലങ്ങിട്ട പോലെ തരിച്ചു നിൽക്കുന്നു... ശരീരമാകെ കോച്ചിവലിക്കുന്നു... തലയാകെ പെരുത്തു പിടിച്ചിരിക്കുന്നു...
പെട്ടെന്ന്!!!
ഒരു പെൺകുട്ടിയുടെ കൈ അവന് നേരെ നീണ്ടു വന്നു... സുന്ദരിയായ ഒരുവൾ... പുഞ്ചിരി തൂകിയ ഒരുവൾ...
അവൾ തന്നെ അവളിലേക്ക് ക്ഷണിക്കുന്നു... ചിരിയോടെ...
ചക്കീ!!!!
പിറകിൽ നിന്നുമാരോ അവളെ വിളിച്ചു...
പൊടുന്നനെ അവൾ അവനെയൊന്ന് നോക്കി കൺ ചിമ്മിക്കാട്ടി മറഞ്ഞു പോയി...

\"ചക്കീ!!!!!!!\"

നാല് പാടും കിടുങ്ങുമാറ് അലർച്ചയോടെ ബാലു ആശുപത്രിക്കിടക്കയിൽ ഉണർന്നെഴുന്നേറ്റിരുന്നു.....
അവൻ പകപ്പോടെ ചുറ്റോട് ചുറ്റും നോക്കി..
അവനൊന്നും മനസ്സിലായില്ല.. താനാരെന്നോ  താനെവിടെയെന്നോ മനസ്സിലായില്ല... തനിക്ക് ചുറ്റും ഓടിക്കൂടിയവരെയോ അവരുടെ കണ്ണീരെന്തിനെന്നോ മനസ്സിലായില്ല..

അവന്റെ കണ്ണുകൾ തിരഞ്ഞത് ഒന്ന് മാത്രമായിരുന്നു... തന്നിലേക്ക് ക്ഷണിച്ചു മറഞ്ഞു പോയ ആ പെൺകുട്ടിയെ... ആ കൂട്ടത്തിലൊന്നും ആ മുഖം കാണാതായപ്പോൾ അവന്റെ മുഖത്ത് പകപ്പ് മാറി.. അവിടെ ദേഷ്യം നിറഞ്ഞു... അവന്റെ മാറിയ ഭാവം ആദ്യം തിരിച്ചറിഞ്ഞത് രാഹുൽ തന്നെയായിരുന്നു...

\"ബാലു\"
സാന്ത്വനിപ്പിക്കാനെന്നോണം ബാലുവിന്റെ തോളിൽ അമർന്ന രാഹുലിന്റെ കൈ ബാലു ക്ഷണത്തിൽ തട്ടിയകറ്റിയിരുന്നു...
\"തൊടണ്ട... നീയാരാ എന്നെ തൊടാൻ... മാറ്... മാറ്.. പോ...\"
ആ നേരം കൊച്ചു കുഞ്ഞിന്റെ പോലുള്ള പെരുമാറ്റമായിരുന്നു ബാലുവിന്റേത്...
\"ബാലു!!!\"
ചിലമ്പിച്ചു പോയിരുന്നു രാഹുലിന്റെ സ്വരം..രാഹുലിന്റെ മിഴികൾ മിഴിഞ്ഞു നിറഞ്ഞെങ്കിൽ ആ നിമിഷത്തിലും സ്വാർത്ഥമായ രാമചന്ദ്രന്റെ മനസ്സിൽ രാഹുലിനോട് പുച്ഛം വിടർന്നു...

\"മോനേ \"
അമ്മയുടെ ദയനീയമായ കണ്ണീർ കലർന്ന വിളിയുമവൻ കേട്ടതേയില്ല... അവന്റെ മുഖം വാശി കയറി ചുവക്കുന്നത് കണ്ട് എല്ലാവർക്കും ഭയമാകാൻ തുടങ്ങി...
\"ചക്കീ.... ചക്കീ... വാ.. എവിടെയാ പോയേ..എന്റടുത്തേക്ക് വാ... ചക്കീ....\"
ആർക്കെങ്കിലും തടയാൻ കഴിയുന്നതിന് മുൻപേ ബാലു പുറത്തേക്ക് പാഞ്ഞിരുന്നു... ഒന്ന് നടുങ്ങി നിന്നെങ്കിലും പിറകെ ആദ്യമോടിയത് രാഹുൽ തന്നെയായിരുന്നു...

മുറിയിൽ നിന്നുമിറങ്ങി ചക്കിയുടെ പേര് ചൊല്ലി വിളിച്ച് ആ ഹോസ്പിറ്റൽ വരാന്തയിലൂടെ അവനോടി... പിറകെ ചെന്ന രാഹുലിന് തന്റെ കാലുകൾക്ക് വേഗത പോരെന്നു തോന്നി... ഒടുവിൽ ഡോക്ടറിന്റെ നിർദേശാനുസരണം രണ്ടു മൂന്ന് അറ്റൻഡർമാരുടെ സഹായത്തോടെ ബാലുവിനെ കീഴടക്കി മുറിയിലേക്ക് തിരികെ കൊണ്ട് വരുമ്പോഴും അവൻ അലറി വിളിക്കുന്നുണ്ടായിരുന്നു ആ പേര്....

നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കാൻ പോലുമാകാതെ തറഞ്ഞിരുന്നു കൊണ്ടാണ് രാഹുൽ ഡോക്ടർ കൊടുത്ത ഇൻജെക്ഷനിൽ മയക്കത്തിലേക്ക് പോകുന്ന ബാലുവിനെ നോക്കിയത്.... ഒരാഴ്ച കൊണ്ട് ജീവിതമാകെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു...ഈ ഒരാഴ്ചയും താൻ തന്റെ ബാലു ഉണരാനുള്ള പ്രാർഥനയോടെ ഇവിടെ തന്നെയായിരുന്നു...ചിന്നുവിന്റെ വീട്ടിലേക്ക് പോയതേയില്ല... ദിവ്യ പറഞ്ഞറിയുന്നുണ്ടായിരുന്നു എല്ലാം.. ഇനി അത് കൂടി കാണാൻ കഴിയില്ല..രാഹുൽ തലയ്ക്ക് കൈ കൊടുത്തിരുന്നു പോയി...

\"ആരാ ചക്കി?\"
ധാർഷ്ട്യം നിറഞ്ഞ ചോദ്യമായിരുന്നു രാമചന്ദ്രന്റേത്... രാഹുലിന് മറുപടി പറയാനായില്ല...തലച്ചോർ മരവിച്ചത് പോലെ... നാവനങ്ങുന്നില്ല....
\"നിന്നോടല്ലേ ചോദിച്ചത് ചക്കിയാരാണെന്ന്?!!!\"
സ്ഥലവും സന്ദർഭവും പോലും നോക്കാതെ രാമചന്ദ്രൻ അലറി....
ഡോക്ടർ പോലും ഞെട്ടി....

\"ഹേയ്.. സർ പ്ലീസ്.. ഇതൊരു ഹോസ്പിറ്റലാണ്... വരൂ. നമുക്ക് കാബിനിൽ ഇരുന്ന് സംസാരിക്കാം....രാഹുൽ.. താനും വരൂ...\"
ഡോക്ടർ ഇടപെട്ടു...
ഡോക്ടർക്ക് പിറകെ രാഹുലിനെ ഒന്ന് തറപ്പിച്ചു നോക്കി രാമചന്ദ്രനും ബാലുവിനെ നോക്കി മിഴികൾ തുടച്ച് രാഹുലും പോയി... തളർച്ചയോടെ നിറഞ്ഞൊഴുകുന്ന മിഴികളോടെ ഗിരിജ മകനടുത്തേക്കിരുന്നു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

\"രാഹുൽ.. ഇനി പറയൂ..ആരാണ് ചക്കി?\"
ഡോക്ടർ ചോദിച്ചു... രാഹുൽ ഒന്ന് പരുങ്ങി.. കാരണം ചക്കിയെ കുറിച്ച് പറയണമെങ്കിൽ ചിന്നുവിനെക്കുറിച്ച് പറയേണ്ടി വരും ബാലുവിന്റെ അനുവാദമില്ലാതെ ചിന്നുവിന്റെ കാര്യം പറയാൻ തനിക്കാവില്ല....

\"See Rahul ...അന്നത്തെ വീഴ്ചയിൽ ബാലുവിന്റെ തലച്ചോറിനേറ്റ ക്ഷതം ഞങ്ങൾക്ക് ബോധ്യമായതാണ്... But it is something very unique ...മുറിവുകളോ ബ്ലീഡിങ്ങോ ഉണ്ടായിട്ടില്ല... ബട്ട്‌ നേർവിൽ ചതവുണ്ടായിട്ടുണ്ട്...അത്‌ കൊണ്ടാണ് അയാൾ എഴുന്നേൽക്കുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞത്...

ബാലുവിന്റെ ഓർമ്മയ്ക്ക് പ്രശ്നം വന്നത് ആ ചതവ് കാരണം ബ്രെയിനിലേക്കുള്ള പല സിഗ്നലുകളും പ്രോപ്പറായി അയക്കപ്പെടാത്തത് കൊണ്ടാണ്... ബട്ട്‌ ഇന്ന് അയാൾ പറഞ്ഞ പേര്.. ചക്കി... It has some connection with his memories... അതെന്താണെന്ന് പറഞ്ഞു തരാൻ രാഹുലിനേ കഴിയൂ എന്നെനിക്ക് മനസ്സിലായി.. താനത് പറഞ്ഞാലേ ബാലുവിന്റെ ട്രീറ്റ്മെന്റ് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാൻ കഴിയൂ...\"

ഡോക്ടർ പറയുന്നത് കേട്ട് രാഹുൽ ചിന്തയിലാണ്ടു... ഈ സമയത്ത് ബാലുവിനെ രക്ഷിക്കുകയെന്നത് തന്നെയാണ് മുഖ്യമെന്ന് അവന് തോന്നി...
\"ചക്കി...കോളേജിൽ നടന്ന സംഭവത്തിൽ മരിച്ച കുട്ടിയാ ചക്കി... പക്ഷേ ബാലു ചക്കിയെന്ന് വിളിക്കുന്നത് അവളുടെ ട്വിൻ സിസ്റ്റർ ചിന്നുവിനെയാ... അവര് വലിയ കൂട്ടായിരുന്നു... ബെസ്റ്റ് ഫ്രണ്ട്‌സ്...അന്ന് ആക്സിഡന്റ് പറ്റി തിരികെ വരുമ്പോ ബാലു കണ്ടത് ചക്കി മുകളിൽ നിന്നും താഴേക്ക് വീഴുന്നതാ.. അവൻ കരുതി അത്‌ ചിന്നുവാണെന്ന്.. ആ ഷോക്കിലാ അവൻ ബോധം കെട്ട് വീണത്...\"
അങ്ങനെ പറയാനാണ് രാഹുലിന് തോന്നിയത്...
\"ഓ.. അപ്പൊ.. മരിച്ചത് ഫ്രണ്ടാണെന്ന് തെറ്റിദ്ധരിച്ചതാണ് ബാലു.. അല്ലേ...\"
\"അതേ...\"
\"മ്മ്.. ok then... നോക്കാം.. ബാലു ഉണരട്ടെ... ഇനിയും ചക്കിയെ ചോദിച്ച് വയലന്റ് ആവുകയാണെങ്കിൽ ആ കുട്ടിയെ കൊണ്ടു വരേണ്ടി വരും....\"

\"സർ.. അത്‌.. അവിടുത്തെ അവസ്ഥ...\"
\"എന്തവസ്ഥ.. അതെന്തായാലും എനിക്കതറിയണ്ട.. എന്റെ മോനെ രക്ഷിക്കാൻ എത്ര പണം വേണമെങ്കിലും കൊടുക്കും ഞാൻ...എന്നാലും ആ പെണ്ണിനെ ഇവിടെ കൊണ്ട് വരണമെങ്കിൽ കൊണ്ടു വന്നിരിക്കും...\"
രാഹുലിനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ തികഞ്ഞ അഹങ്കാരത്തോടെയുള്ള രാമചന്ദ്രന്റെ വാക്കുകൾ കേട്ട് രാഹുലിന് ആദ്യമായി അയാളോട് വെറുപ്പ് തോന്നിപ്പോയി....

\"നോക്കാം.... let\'s wait.. ആദ്യം ബാലു ഉണരട്ടെ.. ബാക്കിയെല്ലാം പിന്നെ...excuse me..\"
പറഞ്ഞു കൊണ്ട് ഡോക്ടർ പുറത്തേക്കിറങ്ങിയതും ഇനിയുമൊരു സംഭാഷണത്തിന് ഇട നൽകാതെ രാഹുലും ഇറങ്ങിപ്പോയി... കണ്ണുകൾ കുറുക്കി എന്തോ ആലോചനയിൽ മുഴുകിക്കൊണ്ട് രാമചന്ദ്രനും മെല്ലെയെഴുന്നേറ്റ് പുറത്തേക്ക് നടന്നു....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (26)

നൂപുരധ്വനി 🎼🎼 (26)

4.6
8466

വീണ്ടും ഡോക്ടറിന്റെ ക്യാബിനിൽ ഇരിക്കുകയാണ് രാമചന്ദ്രനും രാഹുലും... ഉണർന്നപ്പോൾ മുതൽ തുടങ്ങിയതാണ് ബാലു ചക്കിയെ ചോദിച്ചുള്ള ആക്രോശം.. അടക്കാൻ ഒരു വഴിയുമില്ലാതെ വീണ്ടും സെടേഷൻ കൊടുത്തെങ്കിലും അതിനിയും തുടരാനാവില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് ഡോക്ടർ..എത്രയും വേഗം ചികിത്സ തീരുമാനിച്ച് അത്‌ ചെയ്തു തുടങ്ങിയില്ലെങ്കിൽ ബാലുവിന്റെ ജീവന് പോലും ആപത്ത് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി... അതിനൊരു വഴി മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളൂ.. എത്രയും വേഗം ചക്കിയെ ബാലുവിന് മുൻപിലെത്തിക്കുക... കേട്ടതും മുന്നും പിന്നും നോക്കാതെ ചാടിപ്പുറപ്പെട്ടു