Aksharathalukal

രണഭൂവിൽ നിന്നും... (32)

ഭാനുവിന്റെ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒരാഴ്ച തികയുന്നു... പിറ്റേന്ന് വരുമെന്ന് പ്രതീക്ഷിക്കുന്ന റിസൾട്ട്‌ ഭാനുവിനെയാകെ സംഘർഷത്തിലാക്കിയിരിക്കുകയാണ്... ആകെപ്പാടെ പരവേശമെടുത്ത് ഓരോന്ന് ചെയ്തിട്ട് രാവിലെ മുതൽ അവൾ ചെയ്യുന്ന കാര്യങ്ങളിലൊക്കെ ഓരോരോ അബദ്ധങ്ങൾ പറ്റിക്കൊണ്ടിരിക്കുകയാണ്... പലതും ജിത്തുവും ശരണ്യയും എന്തിന് അനു വരെ ശ്രദ്ധിക്കുന്നുണ്ട്.. എങ്കിലും അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി ആരുമൊന്നും പറയുന്നില്ലെന്ന് മാത്രം... ഭവാനി പറയുമ്പോഴാണ് പറ്റിയ തെറ്റുകൾ പലതും അവളറിയുന്നത് തന്നെ... പേടിയോടെ ജിത്തുവിനെ നോക്കുമ്പോൾ അവനൊന്നും അറിയാത്തത് പോലെയാണിരിക്കുന്നത്... ശരണ്യ അവളെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ടെങ്കിലും അനു കണ്ണുകൾ ചിമ്മി അവളെ ആശ്വസിപ്പിക്കുന്നുമുണ്ട്....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കുറേ നേരമായി മുറിയിൽ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ടെൻഷനടിച്ചു നടക്കുന്ന ഭാനുവിനെ നോക്കി ബെഡ്‌ഡിലിരുന്ന് താടിക്ക് കയ്യും കൊടുത്ത് നോക്കുകയാണ് ശരണ്യ....

\"ടീ പെണ്ണേ.. കുറേ നേരായല്ലോ... ഇങ്ങനെ ടെൻഷനടിച്ചാ നാളെ വരാൻ പോണ റിസൾട്ട്‌ മാറാൻ പോണുണ്ടോ?\"
കുറെയായപ്പോൾ ദേഷ്യം വന്നിട്ട് ശരണ്യ വിളിച്ചു ചോദിച്ചു... ഭാനു നടത്തം നിർത്തി അവളെ നോക്കി...
\"നീയെന്തിനാ ദേഷ്യപ്പെടണേ.. എനിക്ക് ടെൻഷൻ സഹിക്കാൻ പറ്റണില്ല ടീ.... നിനക്ക് പറഞ്ഞാ മനസ്സിലാവില്ലെന്റെ അവസ്ഥ...\"
ഭാനുവിന്റെ ശബ്ദത്തിൽ അനിഷ്ടവും സങ്കടവും കലർന്നു... ശരണ്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു...അവൾ ബെഡ്‌ഡിൽ ചാടിയിറങ്ങി താഴെ നിന്നു..

\"അതേ... എനിക്കിതൊന്നും മനസ്സിലാവില്ല... പക്ഷെ നിനക്കെന്തെങ്കിലും മനസ്സിലാവണുണ്ടോ? \"
\"എന്ത്?\"
ഭാനു മനസ്സിലാവാതെ മുഖം ചുളിച്ചു...
\"നിനക്ക് ജിത്തുവേട്ടനെ മനസ്സിലാവുന്നുണ്ടോ... ആ മനുഷ്യൻ നിനക്ക് വേണ്ടി ഓരോന്ന് ചെയ്തു കൂട്ടുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നുണ്ടോ? അങ്ങേർക്കിഷ്ടമുള്ള ഫുഡ്ഡുണ്ടാക്കി കൊടുക്കുംന്നല്ലാതെ അങ്ങേര്ടെ വേറെ വല്ല ഇഷ്ടത്തേക്കുറിച്ചും നീയിത് വരെ ചിന്തിച്ചിട്ടുണ്ടോ? \"

ഭാനു പകച്ചു നിന്നു പോയി....
\"നീയിതെന്തൊക്കെയാ പറയണേ... എനിക്കൊന്നും മനസ്സിലാവണില്ല..\"
ശരണ്യ വലം കൈപ്പത്തിയാൽ നെറ്റിക്കടിച്ചു... പിന്നെയൊന്ന് നെടുവീർപ്പിട്ടു...
\"നീയിവിടെ വന്നിരിക്ക്.. വാ \"
ശരണ്യ ഭാനുവിനെ ബെഡ്‌ഡിൽ പിടിച്ചിരുത്തി.. അവളുമിരുന്നു.....
\"നീയേ ജിത്തുവേട്ടന്റെ അടുത്തെത്തിയത് മുതലുള്ള കാര്യങ്ങളോരോന്നോരോന്നായി ഒന്നോർത്തു നോക്കിയേ...\"
ഭാനു അവൾ പറഞ്ഞതനുസരിച്ച് പുറകിലേക്ക് പുറകിലേക്ക് ആലോചിക്കാൻ തുടങ്ങി..അതൊരുപാട് പുറകിലേക്ക് പോയി... ബാല്യം വരെ... അവിടെ നിന്നും കൗമാരത്തിലൂടെ.. യൗവ്വനത്തിലൂടെ...

ജിത്തുവിന്റെ മുന്നിലെത്തിയ നിമിഷം മുതൽ ആ ഓർമ്മകൾ പതുക്കെയായി..തുടക്കത്തിൽ അവന് തന്നോടുണ്ടായിരുന്ന പെരുമാറ്റം... പിന്നീടതിൽ വന്ന മാറ്റങ്ങൾ... സംഭവിച്ച പേടിപ്പെടുത്തുന്ന സംഭവങ്ങൾ... ചിരാഗ് പറഞ്ഞറിഞ്ഞ ജിത്തുവിന്റെ ജീവിതം.. പ്രതികാരം... ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്കുള്ള പറിച്ചു നടൽ... പിന്നെയീ നിമിഷം വരെയെത്തി നിൽക്കുന്ന തന്റെ ജീവിതത്തിലെ വിജയങ്ങൾ ... എല്ലാം അവളോർത്തെടുത്തു....

ഓർമ്മകളിൽ നിന്നും മടങ്ങിയെത്തിയ ഭാനു ശരണ്യയെ നോക്കി...
\"ആരുമല്ലാത്ത നിന്നെയും നിന്റെ അമ്മയെയും സംരക്ഷിച്ച്...
ഒരു മേൽവിലാസം ഉണ്ടാക്കി തന്ന്‌..ആരുമില്ലാത്ത നിങ്ങൾക്ക് ഒരു വലിയ ബന്ധുബലം തന്ന്.. നിന്റെ സ്വപ്നങ്ങളെ സ്വന്തമായി കണ്ട്... അതിന് നിന്നെ പ്രാപ്തയാക്കി... നിനക്കൊപ്പം ആ സ്വപ്നത്തിന് വേണ്ടി പ്രയത്നിച്ചാ മനുഷ്യൻ കൂടെ നിന്നില്ലേ ഇത്രയും കാലം...ഞാനിന്ന് നിന്റെ കൂടെയുണ്ടെങ്കിൽ അത്‌ അങ്ങേര് ഒരാള് കാരണമല്ലേ...നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ നീയീ വീട്ടിലെ ജോലിക്കാരിയാണെന്ന്...നിനക്കൊരു വീടും കുടുംബവുമില്ലെന്ന്... എന്താണ് കാരണം... പറയ്‌ ഭാനു.. എനിക്കുത്തരം വേണം..\"

തികഞ്ഞ ഗൗരവത്തിൽ ശരണ്യ ചോദിക്കുന്നത് കേട്ട് ഭാനുവാകെ പകച്ചു നിൽക്കുകയാണ്... പലവട്ടം സ്വയം ചോദിച്ച ചോദ്യമാണിത്...
\"ആ മനുഷ്യന് നീയാരാണ്? നിന്നോടെന്താണ് ജിത്തുവേട്ടന്... ആലോചിച്ചിട്ടുണ്ടോ?
സഹതാപമാണെന്ന് തോന്നിയിട്ടുണ്ടോ...
അതോ ആരുമില്ലാത്തൊരു പെൺകുട്ടിയോട് തോന്നിയ അനുകമ്പയോ?\"
ശരണ്യ ചോദിക്കുമ്പോൾ ഒരിക്കലാ ചോദ്യം ജിത്തുവിനോട് ചോദിച്ചപ്പോഴുണ്ടായ അവന്റെ പ്രതികരണം ഭാനുവിനോർമ്മ വന്നു....

\"ബഹുമാനം.. ഞാനൊരിക്കലീ ചോദ്യം ചോദിച്ചപ്പോ ജിത്തുവേട്ടൻ പറഞ്ഞതെന്നോട് ബഹുമാനമാണെന്ന്..\"
\"ശ്ശോ..\"
ശരണ്യ വീണ്ടും നെറ്റിക്കടിച്ചു...
\"ഇങ്ങനെയുണ്ടോ രണ്ടാൾക്കാര്... ഒരെണ്ണം പറയുവേമില്ല.. വേറൊരെണ്ണത്തിന് മനസ്സിലാവേമില്ല..\"
ഭാനു കണ്ണ് മിഴിഞ്ഞവളെ നോക്കി...

\"മാങ്ങാത്തൊലി... ടീ ആ ബഹുമാനത്തിന്റേം അങ്ങേര് കാട്ടിക്കൂട്ടുന്നതിന്റേമൊക്കെ പേരെന്താറിയോ? \"
ശരണ്യ ശരിക്കും ടെററായി...
\"മ്മ് മ്മ് \"
ഭാനു നിഷ്കളങ്കമായി ഇല്ലെന്ന് തലയാട്ടി..
\"ഹോ.. എന്റെ ജിത്തുവേട്ടാ.. നിങ്ങക്ക് വേറാരെയും കിട്ടീലേ പ്രേമിക്കാൻ..\"
ശരണ്യ കൈ മലർത്തി മേലേക്ക് നോക്കി ആത്മഗതം പറഞ്ഞു...

ഭാനു ഒന്ന് ഞെട്ടി കണ്ണ് മിഴിച്ചു...
\"എന്താ.. എന്താ നീ പറഞ്ഞേ?\"
ഭാനു ബെഡ്‌ഡിൽ നിന്നും എഴുന്നേറ്റ് നിന്നു... അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു പോയി...
\"ഇത്രേം പറഞ്ഞിട്ടും നിനക്ക് മനസ്സിലാകാത്ത സ്ഥിതിക്ക് വ്യക്തമായിട്ട് പറയാം... വിശ്വജിത്ത് നമ്പ്യാർ എന്ന ജിത്തുവേട്ടൻ നിന്നെ പ്രണയിക്കുന്നു...ഭാനുപ്രിയയെന്ന അദ്ദേഹത്തിന്റെ പ്രിയയെ...He loves you more than he love himself...\"
ആർദ്രമായ സ്വരത്തിൽ ശരണ്യ പറയുമ്പോൾ ഭാനുവിനാദ്യം തോന്നിയത് തലയാകെയൊരു മരവിപ്പാണ്...

ശരീരം കുഴഞ്ഞവൾ ബെഡ്‌ഡിലേക്ക് തന്നെയിരുന്നു പോയി... അവളുടെ സംഘർഷം കുറയ്ക്കാൻ ഒഴുകിയിറങ്ങേണ്ടുന്ന കണ്ണുനീർ പോലുമവളെ കനിഞ്ഞില്ല... മരവിപ്പിൽ കണ്ണീർഗ്രന്ധി കൂടി ഉറഞ്ഞു പോയിരിക്കാം....

ശരണ്യ ഭാനുവിന്റെ കയ്യിൽ മെല്ലെ തലോടി...
\"ഇനി നീയൊന്നുകൂടിയാ പഴയ ഓർമ്മകളിലേക്കൊന്ന് പോയി വാ.. പക്ഷേ അവിടെ നീയും ജിത്തുവേട്ടനും മാത്രമേ പാടുള്ളൂ.. മുൻപ് അർത്ഥശൂന്യമായി തോന്നിയ പലതിന്റെയും അർത്ഥമിനി നിനക്ക് മനസ്സിലാകും..\"
ശരണ്യയുടെ വാക്കുകൾ അവസാനിക്കുന്നിടത്ത് ഭാനുവിന്റെ ഓർമ്മകൾ ആരംഭിച്ചിരുന്നു...

ആദ്യ കാഴ്ച മുതൽ അവന്റെ കണ്ണുകളിൽ മാറി മാറി വന്ന ഭാവങ്ങൾ... അവന്റെ വാക്കുകൾ.. ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങളിൽ പങ്ക് വയ്ക്കപ്പെട്ട ഹൃദയസ്പന്ദനങ്ങൾ... പലപ്പോഴും പല നിറങ്ങളുള്ള അവന്റെ ചിരി... എല്ലാം അവളുടെ മനസ്സിലൂടെ തിരകളായി ഉയർന്നു പിൻവലിഞ്ഞു പോയി... ശരണ്യ പറഞ്ഞത് സത്യമാണെന്ന് ഭാനു തിരിച്ചറിയാൻ തുടങ്ങി... അവയ്ക്കെല്ലാം അർത്ഥമുണ്ടായിരുന്നു... ആ അർത്ഥമവൾക്കിപ്പോൾ മനസ്സിലായി... മരവിപ്പിനെ ഭേദിച്ച് കണ്ണുനീരോഴുകി നിലം പതിച്ചു....
ശരണ്യ ഭാനുവിനെ തനിക്കരികിൽ പിടിച്ചിരുത്തി അവളുടെ കണ്ണീർ തുടച്ചു കൊടുത്തു...

ഭാനു മെല്ലെ കണ്ണുകളുയർത്തി ശരണ്യയെ നോക്കി...
\"ശരണ്യേ.. ഞാൻ.. എനിക്ക്...\"
ഭാനു വിതുമ്പാൻ തുടങ്ങി...ശരണ്യ കയ്യുയർത്തി ഭാനുവിനെ തടഞ്ഞു..
\"ഞാനിവിടെ വന്ന ദിവസം തന്നെ എനിക്ക് മനസ്സിലായ കാര്യമാണിത് ഭാനു..എനിക്ക് മാത്രല്ല... ശ്യാമേട്ടനും ജിത്തുവേട്ടന്റെ കൂട്ടുകാർക്കും അനുവേച്ചിക്കും മുത്തശ്ശിക്കുമെന്നു വേണ്ട നിന്നെ സ്നേഹിക്കുന്ന ഞങ്ങളുടെ അച്ഛനമ്മമാരടക്കം എല്ലാവർക്കും അറിയുമീ കാര്യം...\"
ഭാനുവിന്റെ കണ്ണുകൾ മിഴിഞ്ഞു നിറഞ്ഞ് തുളുമ്പി നിന്നു...

\"നിന്നോടിത് പറയാനുള്ള അനുമതി ഞങ്ങൾക്കാർക്കും ജിത്തുവേട്ടൻ തന്നില്ല.. നീ സ്വയം മനസ്സിലാക്കുന്നത് വരെ കാത്തിരിക്കാൻ ജിത്തുവേട്ടൻ തയ്യാറാണ്..... ഇപ്പോഴുമില്ല ആ അനുമതി..... അനുമതിക്ക് കാത്തു നിന്നിട്ട് ഒരിക്കലും നീയിത് അറിയാതെ പോകുമോയെന്നെനിക്ക് പേടി തോന്നി ഭാനു... അങ്ങനെ സംഭവിച്ചാൽ അതാ മനുഷ്യനോട് ഞങ്ങളും നീയും ചെയ്യുന്ന കൊടും ക്രൂരതയായിപ്പോകും.. അത്രയ്ക്ക് ജീവനാടീ നിന്നെ അങ്ങേർക്ക്... കഴിഞ്ഞ ജന്മത്തില് നീ വലിയ പുണ്യം ചെയ്തിട്ടുണ്ട്.. അത്‌ കൊണ്ടാണ് ജിത്തുവേട്ടന്റെയടുത്തു തന്നെ നീ എത്തിപ്പെട്ടത്...\"

ഭാനു കണ്ണുകൾ പൊത്തി പൊട്ടിക്കരഞ്ഞു പോയി... ശരണ്യ എഴുന്നേറ്റു നിന്നവളെ പൊതിഞ്ഞ് പിടിച്ചു...
\" വെറുതെ അർഹത അത്‌ ഇത് എന്നൊക്കെ പറഞ്ഞാ പ്രണയത്തെ നീ തടയാൻ ശ്രമിച്ചാലും അത്‌ വിജയിക്കില്ല ഭാനു... നിന്നെയല്ലാതെ മറ്റൊരാളെയും ജിത്തുവേട്ടൻ പ്രണയിച്ചിട്ടില്ല.. പ്രണയിക്കുകയുമില്ല...\"
ഭാനു കൈകളയച്ച് ശരണ്യയെ കെട്ടിപ്പിടിച്ച് മുഖമമർത്തി കരയാൻ തുടങ്ങി...

ശരണ്യ ഭാനുവിന്റെ ശിരസ്സിൽ മെല്ലെ തഴുകിക്കൊണ്ടിരുന്നു...
\"നാളെ നിന്റെ ഇന്റർവ്യൂവിന്റെ റിസൾട്ട്‌ എന്തായാലും എന്നത്തേയും പോലെ ജിത്തുവേട്ടനുണ്ടാകും നിനക്കൊപ്പം... സമ്മാനങ്ങളുമായി നിന്നെ സന്തോഷിപ്പിക്കാൻ.. ഒരു ചിരി കൊണ്ട് ചേർത്തു പിടിക്കാൻ... പക്ഷേ ഇത്തവണ ഒരു സമ്മാനം നിനക്ക് ജിത്തുവേട്ടന് തിരിച്ചു കൊടുക്കാൻ സാധിക്കും...
അതെങ്ങനെ വേണമെന്ന് ആലോചിക്ക്... ഞങ്ങളൊക്കെയുണ്ടാകും കൂടെ...\"

ശരണ്യ പറഞ്ഞ് നിർത്തി ഭാനുവിനെ തഴുകിക്കൊണ്ടിരുന്നു... ഭാനുവിന്റെ കലങ്ങി മറിയുന്ന മനസ്സിലൊരുപാട് ചിന്തകളുടെ തള്ളിക്കയറ്റമുണ്ടായി...
കൊടുങ്കാറ്റിൽ തിരയടിച്ചുയരുന്ന പ്രക്ഷുബ്ധമായ കടൽ പോലെ അത്‌ ഇളകി മറിഞ്ഞു കൊണ്ടിരുന്നു... ഒടുവിലാ കാറ്റ് ദിശ മാറിയെങ്ങോ പോയി മറയുമ്പോൾ ശാന്തമായ തിരകൾ തങ്ങളുടെ ലക്ഷ്യസ്ഥാനം നേടി തീരമണയുന്നത് പോലെ ഭാനുവിന്റെ മനസ്സും ശാന്തമായി... തന്റെ തീരമേതെന്ന് അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ മുതൽ ഭാനുവിനെ കണ്ടിട്ടില്ല ജിത്തു... സാധാരണ അവന് പ്രാതൽ വിളമ്പി കൊടുത്തിട്ടേ ഭാനു മറ്റെന്തു പണിക്കും പോകൂ...ഇന്ന് രാവിലെ അവന് പ്രാതൽ വിളമ്പിക്കൊടുത്തത് ഭവാനിയായിരുന്നു.. ഭാനുവിനെ അന്വേഷിച്ചപ്പോൾ അവൾ ശരണ്യക്കൊപ്പം ക്ഷേത്രത്തിൽ പോയിരിക്കുകയാണെന്ന് അവർ പറഞ്ഞു...ശരണ്യ മടങ്ങി വന്നിട്ടും ഭാനുവിനെ കണ്ടില്ല ജിത്തു... ശരണ്യയോട് ചോദിച്ചപ്പോൾ തന്റെ കൂടെ വന്നെന്നും ചിലപ്പോൾ ബാത്‌റൂമിലായിരിക്കുമെന്നും പറഞ്ഞത് കൊണ്ട് ജിത്തു പിന്നെ അന്വേഷിച്ചതുമില്ല....

ഇന്ന് ഭാനുവിന്റെ റിസൾട്ട്‌ ആയത് കൊണ്ട് ഓഫീസിൽ പോയിട്ടില്ല ജിത്തു.. അവനും ടെൻഷനിലാണ്.. ഭാനുവിന്റെ കഴിവിൽ വിശ്വാസമുണ്ടെങ്കിലും ഇന്റർവ്യൂ കടന്നിട്ടില്ലെങ്കിൽ ഭാനുവിനത് വലിയ നിരാശയാകുമെന്നതായിരുന്നു അവന്റെ ടെൻഷന്റെ കാരണം...

പത്തു മണിക്ക് ശേഷമേ റിസൾട്ട്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കൂ..
അത്‌ വരെ കുറച്ച് സമയം പുസ്തകം വായിക്കാമെന്ന് കരുതി അവൻ തന്റെ മുറിയിലേക്ക് പോയി... കൃത്യം പത്ത് മണി യായതും അവൻ ലാപ്ടോപ് തുറന്ന് വെബ്സൈറ്റിൽ റിസൾട്ട്‌ നോക്കാൻ തുടങ്ങി... ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു അവ...ഉയർന്ന നെഞ്ചിടിപ്പോടെ അവനോരോ ഘട്ടവും ചെയ്തു കൊണ്ടിരുന്നു...

ഒടുവിൽ അവന് മുൻപിൽ ഭാനുവിന്റെ വിധി തെളിഞ്ഞു വന്നു... ജിത്തുവിന്റെ കണ്ണുകളാണ് ആദ്യം നിറഞ്ഞത്... പിന്നെയാ കണ്ണീരിനെ നിഷ്പ്രഭമാക്കി കൊണ്ട് ചുണ്ടിലൊരു മനോഹരമായ ചിരി വിരിഞ്ഞു വന്നു...ഇന്റർവ്യൂവിന്റെ ഷോർട്ട്ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ള തന്റെ പ്രിയയുടെ പേരിലേക്കവൻ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു പോയി കുറച്ച് നേരം...

പിന്നെ പെട്ടെന്ന് കണ്ണുകൾ തുടച്ച് കസേരയിൽ നിന്നുമെഴുന്നേറ്റവൻ മുറിക്ക് പുറത്തേക്കോടി...
താഴെയെത്തുമ്പോൾ എല്ലാവരുമുണ്ട്...
കിച്ചുവും അഞ്‌ജലിയും കുഞ്ഞും ചിരാഗും അനുവും ഭവാനിയും ശരണ്യയും ശ്യാമും സാവിത്രിയും ദർശനുമൊക്കെയുണ്ട്... അവനെ അദ്‌ഭുതപ്പെടുത്തിയത് മുത്തശ്ശിയുടെ സാന്നിധ്യമാണ്... പക്ഷേ അവർക്കിടയിൽ ഭാനുവില്ല...

ജിത്തുവിന്റെ മുഖം ചുളിഞ്ഞു...
അവൻ വേഗം സ്റ്റെപ്പുകളിറങ്ങി അവർക്കടുത്തേക്ക് ചെന്നു...
എല്ലാവരുടെയും മുഖത്തൊരു പുഞ്ചിരിയുണ്ട്... ചിരാഗ് വേഗം മുന്നോട്ട് വന്ന് അവനെ പുണർന്നു.. ഒന്നമ്പരന്നെങ്കിലും ജിത്തു അവനെ ചേർത്തു പിടിച്ചു...
\"You guys won.. ഇത് നിന്റെ കൂടി വിജയമാണ് ഡാ \"
ചിരാഗ് ചിരിയോടെ പറയുമ്പോൾ ജിത്തുവിന്റെ കണ്ണുകൾ വിടർന്നു...
\"നിങ്ങളൊക്കെ അറിഞ്ഞോ? \"
\"മ്മ് \"
എല്ലാവരും തല കുലുക്കി...
\"ആര് പറഞ്ഞു? \"
\"ഭാനു \"
കിച്ചു മറുപടി പറഞ്ഞു 
\"എന്നിട്ട് പ്രിയയെവിടെ?\"
അതിശയത്തോടെ ജിത്തു ചോദിച്ചു....

ശരണ്യ ഒരു ചിരിയോടെ പുറത്തേക്ക് വിരൽ ചൂണ്ടി...
\"എന്താണൊരു ഉടായിപ്പ്?\"
ജിത്തു സംശയത്തോടെ പുരികം ചുളിച്ചു ചോദിച്ചു....
\"ചെക്കാ.. പോയി നോക്കെടാ... She\'s waiting for you.. This is your day...\"
അഞ്ജലി അവന്റെ തോളിൽ തട്ടി പറയുമ്പോൾ ജിത്തുവിന്റെ ആകാംക്ഷയേറി..അവൻ അനുവിനെ നോക്കി...
\"ചെ.. ചെല്ല്.. ഏട്ട്..ട്ടാ \"
വീൽ ചെയറിലിരുന്നു കൊണ്ടൊരു ചിരിയോടെ തന്നാലാവും വിധം അനു ജിത്തുവിനോട് പറഞ്ഞു...

ജിത്തുവിന്റെ ഹൃദയം വല്ലാതെ കുതിച്ചു ചാടിക്കൊണ്ടിരുന്നു... ആരെയും നോക്കാതെയവൻ പുറത്തേക്ക് പാഞ്ഞു.. ദൂരെ നിന്നേ അവൻ കണ്ടിരുന്നു മുറ്റത്തിനറ്റത്തുള്ള പൂത്തുലഞ്ഞ ചെമ്പകമരച്ചുവട്ടിൽ അവളിരിക്കുന്നത്...

അവിടേക്ക് വേഗത്തിൽ നടക്കും തോറും അവന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു... കൈകൾ തണുത്തുറയുന്നത് പോലെ.. സന്തോഷം കൊണ്ട് ശ്വാസം മുട്ടുന്നത് പോലെ... അവൻ തനിക്കരികിലേക്ക് വരുന്ന പാദധ്വനികൾ കേട്ട് ഭാനുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...സുഗന്ധപൂരിതമായ ചെമ്പകച്ചുവട്ടിൽ വീണു പരന്നു കിടക്കുന്ന ചെമ്പകപ്പൂക്കൾ തീർത്ത മെത്തയിൽ അവളെഴുന്നേറ്റ് നിന്നു... അവളുടെ മുന്നിൽ ചെന്നു നിൽക്കുമ്പോൾ ജിത്തുവിന് കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു...

എന്തൊക്കെയോ പറയണമെന്നുണ്ട്.. സന്തോഷം പ്രകടിപ്പിക്കണമെന്നുണ്ട്... അവളെ അനുമോദിക്കണമെന്നുണ്ട്.. ഒന്ന് കെട്ടിപ്പിടിക്കണമെന്നുണ്ട്.. അവളുടെ നെറ്റിയിൽ ചുണ്ട് ചേർക്കണമെന്നുണ്ട്.. പക്ഷെ ശരീരവും നാവും ചലിക്കുന്നില്ല.. പിടിച്ചു കെട്ടിയ പോലെയവ നിശ്ചലമാണ്....

അവന്റെ വികാരവിചാരങ്ങൾ ആ പരക്കം പായുന്ന കണ്ണുകളിൽ നിന്നും വായിച്ചെടുക്കുകയായിരുന്നു ഈ നേരമത്രയും ഭാനു...ആ നേരം അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് വല്ലാത്തൊരു വശ്യമനോഹാരിതയുണ്ടെന്ന് തോന്നി ജിത്തുവിന്.. ആദ്യമായിട്ടാണ് അങ്ങനെയൊന്ന്...

അവന് കൂടുതൽ ചിന്തിച്ച് കൂട്ടാനുള്ള അവസരം നൽകാതെ ഭാനുവിന്റെ കൈകളവനെ പുണർന്നു കൊണ്ട് തന്റെ ദേഹം അവനോട് ചേർത്തിരുന്നു.... ഞെട്ടിത്തരിച്ചു കൈകൾ രണ്ടും വിടർത്തി പിടിച്ചവൻ കണ്ണ് മിഴിച്ചു നിന്നു പോയി....

അതിവേഗം മിടിക്കുന്ന അവന്റെ ഹൃദയമിടിപ്പ് കേട്ടു കൊണ്ട് അവന്റെ നെഞ്ചിൽ ചാരിയിരുന്ന ശിരസ്സ് മാത്രം മെല്ലെ ഉയർത്തിയവൾ അവന്റെ മുഖത്തേക്ക് നോക്കി...മിഴിഞ്ഞ കണ്ണുകൾ താഴ്ത്തിയവൻ അവളുടെ തിളക്കമാർന്ന മിഴികളിലേക്ക് നോക്കി...
അവയും ചിരിക്കുകയായിരുന്നു....

\"പതിനഞ്ചാഴ്‌ച ട്രെയിനിങ്ങുണ്ട് മുസ്സോറിയിൽ..\"
\"മ്മ് \"
അവളാ പുഞ്ചിരി മായാതെ പറയുമ്പോൾ  അവൻ യാന്ത്രികമായി മൂളിക്കൊണ്ട് തലയാട്ടി....

\"എനിക്ക് പോകേണ്ടത്
മിസ്സ്‌  ഭാനുപ്രിയയായിട്ടല്ല....
മിസ്സിസ്സ് വിശ്വജിത്ത് നമ്പ്യാരായിട്ടാണ്\"

ഭാനുവിന്റെ പ്രണയാതുരമായ വാക്കുകൾ ജിത്തുവിന്റെ കർണപുടങ്ങൾ കടന്ന് ഹൃദയത്തിലൂടെ ആത്മാവിലേക്കാഴത്തിൽ ചെന്നു പതിച്ചു...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (33)

രണഭൂവിൽ നിന്നും... (33)

4.7
2436

ചുറ്റും ഉയർന്നു കേൾക്കുന്ന ആർപ്പു വിളികളും വിസിലടിയും കരഘോഷവുമൊന്നും തന്നെ ജിത്തുവിന്റെ കാതിൽ വീണില്ല...മുന്നിലും ചുറ്റിലുമുള്ളതൊന്നുമവൻ കണ്ടില്ല..നാദസ്വരത്തിന്റെ ചടുല മേളങ്ങൾ കേട്ടില്ലവൻ...അല്പം മുൻപ് തന്റെ മോതിരവിരലിനാൽ സിന്ദൂരചുവപ്പണിഞ്ഞ സീമന്തവുമായി വിവാഹവേഷത്തിൽ നിൽക്കുന്ന തന്റെ പെണ്ണിന്റെ കണ്ണുകളിൽ തനിക്കായി വിരിയുന്ന പ്രണയവും സന്തോഷം നിറഞ്ഞൊരവളുടെ ചിരിയും....അവളണിഞ്ഞിരിക്കുന്ന സ്വർണാഭരണങ്ങൾക്കിടയിൽ ഉദിച്ചു നിൽക്കുന്ന താൻ ചാർത്തിയ താലിയും മാത്രമായിരുന്നു അവന്റെ ഹൃദയവും കണ്ണുകളും നിറയെ... അവളുടെ തിരുനെറ്റിയിൽ താനറിയാതെയൊരു ചുംബനം