മുറിയിലേക്ക് കയറിയപ്പോൾ തന്നെ അലക്സ് കണ്ടു വീർപ്പിച്ചു കെട്ടിയ മുഖവുമായി കട്ടിലിൽ ഇരിക്കുന്നവളെ. അമ്മു അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് കട്ടിലിൽ കിടന്നിരുന്ന ഉണങ്ങിയ തുണികൾ മടക്കി വച്ചു. അവളെ കണ്ടപ്പോൾ അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരിയാണ് വിടർന്നത്.
\"എന്തുവാടി ഇങ്ങനെ നോക്കുന്ന? നീയെന്താ ഇതിനുമുമ്പ് ആമ്പിള്ളേരെ കണ്ടിട്ടില്ലേ?\" അവൻ കളിയായി ചോദിച്ചു.
\"പിന്നെ.. തല്ലുകൂടി വരുന്നവരെ നോക്കിയിരിക്കാൻ അല്ലേ എനിക്ക് സമയം.. ഗുണ്ട..\" കണ്ണ് താഴോട്ട് താഴ്ത്തി അവൾ പിറുപിറുത്തു. പതിയെ ആണ് അവൾ പറഞ്ഞതെങ്കിലും അവനത് കേട്ടിരുന്നു. അവൻ മെല്ലെ അവളുടെ അടുത്ത് വന്നിരുന്നു.
\"അതെ.. നിൻറെ ഇച്ചായന് ഒരു കുഴപ്പമുണ്ട്.. നമ്മുടെ വീട്ടുകാരെ ആരെങ്കിലും എന്തെങ്കിലും കുറ്റം പറഞ്ഞാൽ.. അല്ലെങ്കിൽ ഉപദ്രവിച്ചാൽ.. അപ്പോൾ ഇച്ചായന്റെ ബുദ്ധി പ്രവർത്തിക്കുന്നത് അങ്ങ് നിൽക്കും.. കയ്യിൽ നിന്നും കാലിൽ നിന്നുമൊക്കെ തരിപ്പങ്ങുകയറും.. പിന്നെ അത് തല്ലി തീർക്കണം.. പണ്ടുമുതലേയുള്ള ഒരു സ്വഭാവമാണ്.. ഇതിൻറെ പേരിൽ എത്രയാണെന്ന് അറിയോ വല്യപ്പച്ചന്റെ കയ്യിൽ നിന്ന് അടി വാങ്ങിയിരിക്കുന്നത്?\" അവൻ ചോദിച്ചു.
കയ്യിലിരുന്ന് തുണി ബെഡിലേക്ക് തന്നെ വച്ച് അവൻറെ നേരെ തിരിഞ്ഞ് ഇരുന്ന് അവൾ ചോദിച്ചു. \"എന്നിട്ടും എന്താ കാര്യം? ഇപ്പോഴും അത് തന്നെയല്ലേ സ്വഭാവം?\"
അതുകേട്ട് അവൻ ചിരിച്ചു. \"അന്നൊക്കെ അനിയമ്മ പറയുമായിരുന്നു.. ഒരു ദിവസം നിൻറെ കൈപിടിച്ച് കെട്ടിയിടാൻ ഇവിടെ ഒരു പെണ്ണ് വരുമെന്ന്.. ഞാനും അതാണ് പ്രതീക്ഷിച്ചിരുന്നത്.. എന്നിട്ടിപ്പോ ഒരു പെണ്ണ് വന്നപ്പോൾ.. അവൾക്ക് എന്നെ ഒരു മൈൻഡും ഇല്ല.. പിന്നെയെങ്ങനെയാ ഞാൻ നന്നാവുന്നത്?\" കള്ളച്ചിരി ചുണ്ടിൽ വിടർത്തിക്കൊണ്ട് അവൻ ചോദിച്ചു.
അതുകേട്ടതും അമ്മുവിൻറെ മുഖം വാടി. എല്ലാവർക്കും താനൊരു പ്രതീക്ഷ നൽകുന്നു എന്ന് തോന്നൽ അവളെ വല്ലാതെ വേട്ടയാടി. അവളുടെ മാറിയ മുഖഭാവം കണ്ടിട്ട് ആവണം അലക്സ് പിന്നെ അവളെ ഉപദ്രവിക്കാൻ നിൽക്കാതെ ഡ്രസ്സ് മാറാനായി അകത്തേക്ക് പോയി.
\"ഞാനൊന്ന് കുളിച്ചേച്ചും വരാം..\" എന്ന് പറഞ്ഞുകൊണ്ട് അവൻ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു.
ഇട്ടിരുന്ന ജുബ്ബ അഴിച്ചുമാറ്റാനായി കൈയൊന്നു തിരിച്ചപ്പോൾ തന്നെ അവൻ എരിവ് വലിച്ചു. \"Shh..\"
അവൻറെ ശബ്ദം കേട്ട് അമ്മു നെറ്റി ചുളിച്ച് അങ്ങോട്ട് നോക്കി. അവൾ നോക്കുന്നത് കണ്ടതും ജുബ്ബ താഴോട്ടിട്ട് അവൻ ഒന്നുമറിയാത്ത പോലെ നിന്നു.
\"ഇച്ചായൻ എന്തിനാ കരഞ്ഞത്..?\" അവൾ അങ്ങോട്ട് ചെന്നു കൊണ്ട് ചോദിച്ചു.
\"കരയുകയേ? ഞാനോ? \"
\"ദേ ഇച്ചായാ.. കളി പറയല്ലേ.. ജുബ് ഊരാൻ നോക്കിയപ്പോൾ വേദന കൊണ്ട് എരിവ് വലിക്കുന്നത് ഞാൻ കേട്ടത് ആണല്ലോ? എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടോ?\" അവൾ ചോദിച്ചു.
അവൻ ഒരു കുറുമ്പോടെ തലയിൽ ചൊറിഞ്ഞുകൊണ്ട് ചുണ്ട് കൂട്ടി..\"അത് ആ ചെക്കൻ സാം.. കമ്പിയും മറ്റും എടുത്ത് എൻറെ പുറത്തിനൊരു അടി.. അപ്പോഴത്തെ കലിപ്പിൽ ഞാൻ അത് അറിഞ്ഞില്ല.. ഇപ്പൊ പണിയായെന്ന് തോന്നുന്നു..\" അവൻ മടിച്ചു മടിച്ചു പറഞ്ഞു.
\"എവിടെ നോക്കട്ടെ.. \" അമ്മു അവനെ ജുബ്ബ ഊരി മാറ്റാൻ സഹായിച്ച അവനെ തിരിച്ചു നിർത്തി അവൻറെ പുറത്തേക്ക് നോക്കി.
പുറത്തിന്റെ നടുഭാഗത്തായി നീളത്തിൽ ചോര കല്ലിച്ച് കിടന്നിരുന്നു. അവൾ അതിൽ മെല്ലെ തൊട്ടതും അവൻ വീണ്ടും എരിവ് വലിച്ചു. \"Shh..\"
\"നല്ല swelling ഉണ്ട്.. ഇപ്പോ ഐസ് വയ്ക്കാം.. നാളത്തേക്കും കുറഞ്ഞില്ലെങ്കിൽ ഹോട്ട് ബാഗ് ചെയ്തു നോക്കാം.. ഞാൻ താഴെ പോയി ഐസ് എടുത്തിട്ട് വരാം..\" അമ്മു പോകാനായി തിരഞ്ഞതും അലക്സ് അവളുടെ കൈപിടിച്ച് അവളെ അവനോട് ചേർത്തതും ഒന്നിച്ചായിരുന്നു.
\"നിൻറെ ഈ വിരലുകൾ മതി അമ്മു.. മഞ്ഞിനേക്കാൾ തണുപ്പാണ് ഇതിന്.. മറ്റെന്തിനാണ് എന്നെ ഇതിലും നന്നായി തണുപ്പിക്കാൻ കഴിയുക?\" അവൻറെ ചോദ്യത്തിലും നോട്ടത്തിലും ഒരു നിമിഷം അമ്മു അവളെ തന്നെ മറന്നു അവനെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ അവനും അവന്റെ കണ്ണുകളിൽ അവളും മാത്രം കുടുങ്ങിപ്പോയ നിമിഷം. പരസ്പരമുള്ള ഇഷ്ടം വിളിച്ചറിയിക്കുന്ന കണ്ണുകൾ. അത് പറയാൻ വെമ്പുന്ന ചുണ്ടുകൾ.
പക്ഷേ ആ ഒരു നിമിഷത്തിൽ തന്നെ അമ്മു അവളുടെ തന്നറിവ് വീണ്ടെടുത്തു. അവളുടെ കണ്ണുകൾ താഴ്ന്നതും അലക്സ് പതിയെ അവളിൽ നിന്ന് വിട്ടു മാറി. ഒരു നോട്ടം പോലും അവൻറെ നേരെ പാറി വീഴാതെ \"ഞാൻ ഐസ് കൊണ്ടുവരാം\" എന്ന് പറഞ്ഞുകൊണ്ട് അവൾ താഴേക്ക് നടന്നു.
സ്റ്റെപ്പ് ഇറങ്ങുമ്പോഴും അടുക്കളയിൽ നിന്ന് ഐസ് എടുത്ത് തിരികെ നടക്കുമ്പോഴും ഒക്കെ അവളുടെ മനസ്സ് ചിന്തകളിൽ മുഴുകിയിരുന്നു.
\"ഞാനിവിടെ നിൽക്കുന്ന ഓരോ നിമിഷവും ഇച്ചായന് ഞാൻ പ്രതീക്ഷകൾ നൽകുകയാണ്.. ഒരിക്കലും നൽകാൻ പാടില്ലാത്ത പ്രതീക്ഷ.. \" അവളുടെ മനസ്സ് പറഞ്ഞു.
അവൾ തിരികെ മുറിയിൽ എത്തിയപ്പോൾ അലക്സ് ബാത്റൂമിൽ കുളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അവൾ ഒന്നും മിണ്ടാതെ അവനായി കാത്തിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങിയ അലക്സ് അവൻറെ പതിവ് ഷോർട്സ് മാത്രം എടുത്ത് ഇട്ട് കട്ടിലിൽ വന്നിരുന്നു. അവൾക്ക് തന്നെ ശുശ്രൂഷിക്കാൻ പാകത്തിൽ ഇരുന്ന അലക്സ് പക്ഷേ അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല.
എന്തു ചെയ്യണം എന്നറിയാതെ അമ്മു ഒന്ന് മടിച്ചു നിന്നു. \"വയ്യാത്ത ഒരാളാണ്.. സഹായിക്കേണ്ടത് എൻറെ ജോലിയാണ്.. അതിപ്പോ ആരായാലും ചെയ്തേ പറ്റൂ.. എൻറെ മുന്നിൽ വരുന്ന ഒരു സാധാരണ രോഗിയെ പോലെ കണ്ട് അദ്ദേഹത്തെ ശുശ്രൂഷിക്കാൻ എനിക്ക് കഴിയണം..\" അവളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട്
അവൾ അവന് ഐസ് വെച്ചു കൊടുത്തു. അവൻറെ വേദനയ്ക്ക് അല്പം കുറവുണ്ട് എന്ന് തോന്നിയപ്പോൾ അവനോട് ഒരു വാക്ക് പോലും പറയാതെ അവൾ താഴേക്ക് നടന്നു.
അവൾ നേരെ പോയത് സാവിയോയുടെ മുറിയിലേക്കാണ്. സാവിയോ അവിടത്തെ ബാൽക്കണിയിൽ നിന്ന് ആരോടും ഫോണിൽ സംസാരിക്കുകയായിരുന്നു. വാതിൽക്കൽ അവളെ കണ്ട റാണി അവളെ അകത്തേക്ക് വിളിച്ചു. \"എന്താ നീ അവിടെ തന്നെ നിൽക്കുന്നത് കേറി വാ..\"
അകത്തേക്ക് കയറിച്ചെന്ന് അവൾ റാണിയുടെ അരികിലായി ഇരുന്നു. \"കുട്ടച്ചായൻ ഏതോ ഒരു കൂട്ടുകാരനുമായി സംസാരിക്കുകയാണ്.. ആ കുരുവിക്കൂട്ടിൽകാർ പോലീസ് കേസിന് ചെന്നിരുന്നത്രേ.. അതിൻറെ കാര്യം സംസാരിക്കുകയാണ്..\" റാണി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സാവിയോ അങ്ങോട്ട് വന്നു.
\"ഇത്തവണ കഷ്ടിയ രക്ഷപ്പെട്ടത്.. നീയല്ലേ വലിയ ചേട്ടത്തി.. അവനൊന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്.. ഇങ്ങനെ ഒന്ന് പറഞ്ഞ് മറ്റൊന്നിന് തല്ലാനും കയ്യൊടിക്കാനും ഒന്നും പോകുന്നത് ശരിയല്ല എന്ന്.. എല്ലായിപ്പോഴും അവനെ സംരക്ഷിക്കാൻ ഞാൻ കാണില്ല.. ഇതുതന്നെ ഇപ്പോൾ അലക്സിനെതിരെ കേസെടുത്താൻ ലീനയെ കൊണ്ടും അച്ചുവിനെ കൊണ്ടും സാമിന്റെ കമ്പനിക്കെതിരെ സെക്ഷ്വൽ ഹരാസ് മെൻറ് പേരിൽ മറ്റൊരു കേസ് കൊടുക്കും എന്ന് പറഞ്ഞതുകൊണ്ടാണ് അവർ വെറുതെയിരുന്നത്.. \" സാവിയോ ദേഷ്യത്തിൽ ആയിരുന്നു.
\"ഇതൊക്കെ എന്നോട് പറയുന്നതിനു പകരം നേരിട്ട് പറഞ്ഞാൽ പോരെ..?\" റാണി ചോദിച്ചു.
\"ഞാൻ പറയുന്നത് ആരു കേൾക്കാനാ? എല്ലാവർക്കും സ്വന്തം കാര്യം സ്വന്തം ഇഷ്ടം.. എന്താ അമ്മു അങ്ങനെയല്ലേ?\" അമ്മുവിനെ ഒന്ന് കുത്തിക്കൊണ്ട് സാവിയോ പറഞ്ഞപ്പോൾ കാര്യം എന്താണ് എന്ന് പിടികിട്ടാതെ അവൾ അവനെ നോക്കി.
\"അതെന്താ കുട്ടച്ചായ അങ്ങനെ പറഞ്ഞത്? എൻറെ കയ്യിൽ നിന്ന് വല്ല തെറ്റും സംഭവിച്ചോ?\" അമ്മു ചോദിച്ചു.
സാവിയോ ദേഷ്യത്തോടെ അവൻറെ കയ്യിലിരുന്ന ഫോൺ ബെഡിലേക്ക് ഇട്ടു. \"നിനക്ക് അലക്സിനെ ഇഷ്ടമാണ്.. നിന്നോടുള്ള ഇഷ്ടം പറയാൻ വന്ന അവനെ നീ എന്തിൻറെ പേരിലാണ് തടഞ്ഞത്?\" സാവിയോ അവളോട് കനപ്പിച്ച് ചോദിച്ചു.
\"തടയെ? എപ്പോ?\" കാര്യം മനസ്സിലാവാതെ റാണിയും ചോദിച്ചു.
പക്ഷേ അമ്മുവിന് കാര്യം മനസ്സിലായി കഴിഞ്ഞിരുന്നു. \"അത്.. കുട്ടചായ.. ഇച്ചായൻ ഞാനൊരു പ്രതീക്ഷ കൊടുക്കുന്നത് തെറ്റല്ലേ? എന്നെങ്കിലും ഒരു ദിവസം പോലീസ് വന്ന് എന്നെ പിടിച്ചു കൊണ്ടു പോയാൽ പിന്നെ ഇച്ചായന്റെ അവസ്ഥ എന്തായിരിക്കും? അതല്ല ഞാൻ കുരുവിക്കൂട്ടിലെ ഫിലിപ്പിന്റെ മകളാണ് എന്ന് അറിഞ്ഞാൽ? ഇച്ചായൻ മാത്രമല്ല.. ഈ വീട്ടിലെ എല്ലാവരെയും ഞാൻ ചതിക്കുകയല്ലേ? എന്നെ സ്നേഹിക്കുന്നവരെ ഞാൻ ചതിക്കുകയല്ലേ?\" അത്രയും പറഞ്ഞപ്പോഴേക്കും അമ്മുവിൻറെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.
റാണി അവളെ തൻറെ മാറോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ചുനേരം കരഞ്ഞ് ഒരു ആശ്വാസം തോന്നിയപ്പോൾ അമ്മു കണ്ണുതുടച്ച് നേരെ നിന്ന് സാവിയോയോട് ചോദിച്ചു. \"എനിക്ക് ഇവിടെ വയ്യ കുട്ടച്ചായ.. എന്നെ ഇവിടെ നിന്ന് ഒന്നു മാറ്റാമോ?\"
സാവിയോ അവളുടെ തോളിൽ തട്ടി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. \"നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് മോളെ.. എൻറെ ഒരു സുഹൃത്ത് ഹൈദരാബാദിൽ ഉണ്ട്.. ഞാൻ അവനോട് ഒന്ന് അന്വേഷിക്കട്ടെ.. അവിടെ നിനക്ക് എന്തെങ്കിലും ഒരു ജോലി ശരിയാക്കാൻ പറയാം.. അല്ലെങ്കിലും നാട്ടിൽ നിൽക്കുന്നതിനേക്കാൾ സൈഫ് മറ്റെവിടെയെങ്കിലും നിൽക്കുന്നതാണ്..\" സാവിയോ പറഞ്ഞത് കേട്ട് റാണി അവന് കൂർപ്പിച്ചു നോക്കി.
\"കുട്ടച്ചായ...\" അവനെ വിളിക്കാൻ തുടങ്ങിയ റാണിയെ അവൻ കൈ കൊണ്ട് തടഞ്ഞു.
\"മോൾ ഇപ്പോ സമാധാനമായി പോ.. ഇച്ചായൻ ഒരു വഴി ഉണ്ടാക്കാം..\" സാവിയോ അവളെ പറഞ്ഞയച്ചു.
അമ്മു പോയ ഉടനെ റാണി സാവിയോയുടെ അടുത്ത് കയർത്തു. \"എന്തൊക്കെയാ ഇച്ചായൻ പറയുന്നത്? അനുജത്തിയാണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ അവൾ ഹൈദരാബാദിലേക്ക് വിടാമെന്നോ?\"
\"റാണി.. അവൾ പറഞ്ഞതിലും കാര്യമുണ്ട്.. അനുപമയ്ക്ക് വേണ്ടി വർഷങ്ങളോളം കാത്തിരുന്നവനാണ് അലക്സ്.. ഇനി ഒരിക്കൽ കൂടി സ്നേഹിച്ച പെണ്ണിൽ നിന്നുള്ള ചതി അവന് ആക്സെപ്റ്റ് ചെയ്യാൻ കഴിയുമോ? അമ്മുവിനെ ഒളിപ്പിക്കാൻ കഴിയുന്നതിന് നമുക്ക് ഒരു പരിധിയുണ്ട്.. സുകുമാരക്കുറുപ്പ് ഒന്നുമല്ലല്ലോ? എന്നെങ്കിലും ഒരു ദിവസം ഡിപ്പാർട്ട്മെൻറ് അവളെ കണ്ടുപിടിക്കുക തന്നെ ചെയ്യും.. അന്ന് എന്തായിരിക്കും അലക്സിന്റെ അവസ്ഥ? അമ്മുവിനെ ഞാൻ അനുജത്തിയായി കാണുന്നതുപോലെ തന്നെ അലക്സ് എൻറെ അനിയനാണ്.. അവൻറെ ജീവിതം വച്ച് പന്താടുന്നത് ശരിയല്ല.. അമ്മു പറയുന്നത് വരെ അതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടില്ല.. ഇത്രയും പ്രായമായിട്ടും അവളെപ്പോലെ പക്വതയാർന്ന രീതിയിൽ ചിന്തിക്കാൻ നമുക്ക് പറ്റുന്നില്ലല്ലോ റാണി?\" അവൻ ചോദിച്ചു.
ആ ചോദ്യത്തിന് റാണിക്ക് മറുപടിയില്ലായിരുന്നു.
**************
\"അമ്മുവേച്ചി പ്ലീസ്..\" വെളുപ്പിനെ തുടങ്ങി നടക്കാൻ തുടങ്ങിയതാണ് ക്രിസ്റ്റി അമ്മുവിൻറെ പിന്നാലെ.
\"എൻറെ ക്രിസ്റ്റി.. ഞാനിത് പറഞ്ഞതുകൊണ്ട് ചെന്നാൽ ലീന എന്നെ എടുത്ത് അടുപ്പിൽ വയ്ക്കും.. നിനക്ക് അവളുടെ സ്വഭാവം അറിയാവുന്നതല്ലേ.. റബ്ബേ ഇവിടെ താമസിപ്പിക്കാൻ തന്നെ അവള് സമ്മതിച്ചത് എത്ര പറഞ്ഞിട്ടാണ് എന്നറിയാമോ?\" അവൾ ചോദിച്ചു.
\"എന്നാലും അമ്മുവേച്ചിക്ക് എന്നോട് ഒരു സ്നേഹവുമില്ല.. ഇല്ലെങ്കിൽ ഞാൻ ഇത്രയും പറഞ്ഞിട്ട് അമ്മു ചേച്ചി കേൾക്കാതിരിക്കുമോ?\" ക്രിസ്റ്റി ഒരു സഹതാപ ലൈനിൽ കയറി പിടിച്ചുനോക്കി.
\"വേണ്ട മോനെ വേണ്ട.. ഇത്തരം നമ്പറുകൾ കൊണ്ട് എൻറെ എടുത്തു വരേണ്ട.. \" അവൾ അവനെ ചെറുതായി ഒന്ന് താക്കീത് ചെയ്തു.
അവൻ അതിന് പല്ല് മുപ്പത്തിരണ്ടും കാണിച്ച് നന്നായി ചിരിച്ചു.
\"എൻറെ ചേച്ചി.. എൻറെ അവസ്ഥ ഒന്നു മനസ്സിലാക്കണം.. ഒന്ന് എൻറെ പെങ്ങൾ.. ഒന്നും ഞാൻ സ്നേഹിക്കുന്ന പെണ്ണ്.. ഇവരെ രണ്ടുപേരും തമ്മിൽ വഴക്ക് ആണെങ്കിൽ പിന്നെ ഈ കുടുംബത്തിൽ സമാധാനം ഉണ്ടാകുമോ?\"
\"എടാ ഇപ്പോൾ നിനക്ക് പെങ്ങളെ മാറ്റാൻ പറ്റില്ലല്ലോ.. പക്ഷേ കാമുകിയെ മാറ്റാം.. നീ അവളെ മറന്നേക്ക്.. അതാ നല്ലത്.. അവളെ വേറെ നല്ല ആൺപിള്ളേർ കെട്ടട്ടെ..\" അമ്മു അവനെ കളിയാക്കി പറഞ്ഞു.
\"അമ്മു ചേച്ചി..\" അവൻ പരിഭവവും വിഷമവും കൂട്ടിക്കലർത്തി വിളിച്ചു.
\"ഓ.. പിണങ്ങാതെടാ.. നമുക്ക് വഴി ഉണ്ടാക്കാം.. ലീനയ്ക്ക് തടി കൂടുതലാണെന്ന് പറഞ്ഞ് കളിയാക്കിയതല്ലേ അവൾക്ക് റബേക്ക യോടുള്ള പ്രശ്നം.. മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം എന്നാണ്.. നമുക്ക് വഴിയുണ്ടാക്കാം നീ സമാധാനമായിരിക്കു..\" അമ്മു ക്രിസ്റ്റിക്ക് വാക്ക് കൊടുത്തു.
(തുടരും..)