Aksharathalukal

കുബേരൻ

ആദ്യമായി ഞാൻ കുബേരനെ കണ്ടത് 5 വർഷം മുൻപ് മടിക്കേരിയിലെ സുവർണക്ഷേത്രത്തിൽ ആയിരുന്നു. കുടവയറും, തുളുമ്പി ചിരിക്കുന്ന മുഖവും, കവിളും, വിടർന്ന കണ്ണോട് കൂടിയ ഐശ്വര്യമുള്ള രൂപവും.പിനീട് കുറച്ചു നാളുകൾക്കു ശേഷം നഗരത്തിലെ സസ്യഹാര ഹോട്ടലിലും കണ്ടു. ഒരു നോൺ വെജ് ഹോട്ടലിലും കൂടി കുബേരനെ കണ്ടതോടുകൂടി ഞാൻ ഒന്നു ഉറപ്പിച്ചു, സസ്യാഹരികൾക്കും മാംസഹാകാരികൾക്കും കുബേരൻ കാര്യമായ ഗുണം നൽകുന്നുണ്ട് . എന്നാലും അത് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എപ്പോഴോ കുറച്ച് സാമ്പത്തിക പ്രയാസം വന്നപ്പോ സ്വകാര്യ ബാങ്കിൽ ജോലി ചെയുന്ന സുഹൃത്തായ പ്രണവിനെ സമിപ്പിക്കേണ്ടി വന്നു. പണ്ടൊരിക്കൽ ഞാൻ ജോലി ഇല്ലാതെ അലയുന്ന സമയത്ത് ഒരുപാട് ജോലി വാഗ്ദാനങ്ങൾ മാത്രം നൽകിയ മഹാനായിരുന്നു അവൻ. അതൊക്കെ മനസ്സിൽ വെച്ചായിരുന്നു ഞാൻ അവനെ കാണാൻ പോയത്. മാസ്ക് വെച്ചതിനാൽ എന്റെ മുഖത്തെ വികാര വിക്ഷോഭം മനസിലാക്കാൻ കഴിയാത്തതിൽ ഞാൻ ആശ്വസിച്ചു.അവന്റെ ഇപ്പോഴത്തെ നില കണ്ട് ഞാൻ അന്ധാളിക്കുകയും കൂടെ അഭിമാനിക്കുകയും ചെയ്തു. സ്വകാര്യ ബാങ്കിലെ മാനേജർ ആണ് അവനിപ്പോൾ. എ. സി മുറിയിൽ കറങ്ങുന്ന കസേരയിൽ, വലിയ ഫ്രെയിം ഉള്ള കണ്ണടയും വെച്ച് ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു അവൻ. ഞാൻ അവന്റെ മുറിയിൽ കയറി. എന്നെ കണ്ടപ്പോൾ തന്നെ അവന്റെ മുഖത്ത് ഞാൻ സന്തോഷം കണ്ടു. അവൻ മാസ്ക് ഊരി വെച്ചു. കണ്ണട ഊരി അതിലെ പുക ചെറിയ തുണി കൊണ്ട് തുടച്ചു." ഇരിക്കെടാ " എന്നോടവൻ ഗൗരവത്തിൽ പറഞ്ഞു. " നീയങ്ങു കറുത്ത് പോയല്ലോടാ ". അതൊരു പ്രതീക്ഷിക്കാതെ ചോദ്യമായിരുന്നു. ആത്മനിയന്ത്രണം വീണ്ടെടുത്തു സർജിക്കൽ മാസ്കിനു മുകളിൽ ഒരു തുണിമാസ്കു കൂടി ഞാൻ കെട്ടി. അതുകൊണ്ട് എന്റെ പല്ലുകടി അവൻ കണ്ടില്ല.എന്റെ കദനകഥകളുടെ കെട്ട് അവന്റെ മുൻപിൽ ഞാൻ അഴിച്ചു വെച്ചു. ബാങ്കുകാരൻ ആയതിനാൽ തവണ വ്യവസ്ഥയിൽ എന്നെ സാമ്പത്തികമായി സഹായിക്കാമെന്ന് അവൻ വാക്കു നൽകി. അവന്റെ മുറിയിൽ നിന്നു ഇറങ്ങാൻ നോക്കുബോൾ ആയിരുന്നു പ്രണവിന്റെ മേശക്കരികിൽ ഒരു കുടവയറൻ ചിരിക്കുന്ന രൂപത്തെ കണ്ടത്. അതെ ഞാൻ അന്ന് കണ്ട കുബേരൻ , അവൻ എന്നെ പിന്തുടരുകയാണോ, എന്താ ഇവന്റെ ഉദ്ദേശം എന്ന് തോന്നിപോയി എനിക്ക്. " പ്രണവ്വേ ഇത് എന്താടാ "?, . ഇതാണ് കുബേരൻ , ഇവനുള്ളടിത്തു പണവും ഐശ്വര്യവും കുമിഞ്ഞു കൂടും. അത് സത്യമാണെന്നു പ്രണവിന്റെ ഇപ്പോഴത്തെ നില കണ്ട് ഞാൻ മനസിലാക്കി. ആ സംഭവം കഴിഞ്ഞു കുറച്ചു കാലത്തിനു ശേഷം എനിക്ക് അത്യാവശ്യം ശമ്പളം ഉള്ള ഒരു ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയതിനു ശേഷം അമ്പലത്തിൽ പോകണമെന്നും ശമ്പളത്തിലെ ചെറിയ തുക കാണിക്ക ഇടണമെന്നും അമ്മ ഒരു തവണ എന്നോട് പറഞ്ഞിരുന്നു.അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. രാവിലെ തന്നെ ഞാൻ അമ്പലത്തിലേക്ക് ഇറങ്ങി. അമ്പലത്തിലെ മുറ്റത്തു കാൽ കുത്തിയപാടെ ആൽമരത്തിലെ വവ്വാലുകൾ കൂട്ടമായി കരയാൻ തുടങ്ങി.മരം വിട്ട് പറക്കാൻ തുടങ്ങി. അവയുടെ കരച്ചിൽ കേട്ട് വല്ലാത്ത അസ്വസ്ഥ ആയി. അമ്പലത്തിലെ മുൻപിൽ കണ്ട പട്ടികളും എന്നോട് എന്തോ അതൃപ്തി പ്രകടിപ്പിച്ചു കുരച്ചു. എന്നിരുന്നാലും ഞാൻ അമ്പലത്തിൽ കയറി നന്നായി തൊഴുതു.വലം വെയ്കാൻ തുടങ്ങിയപ്പോ ഒരു സന്യാസി എന്നെ നോക്കി ചിരിച്ചു. മുഖത്ത് ഐശ്വര്യം ഒകെ ഉള്ള ഒരു സിദ്ധ സന്യാസിയെ പോലെ തോന്നിച്ചു. മൂന്ന് തവണ വലം വെച്ചപ്പോഴും അതെ അവസ്ഥ. അത് കാര്യമാകാതെ പ്രസാദവും വാങ്ങി അമ്പലത്തിനു പുറത്തേക് ഞാൻ ഇറങ്ങി. പരിസരത്ത് കണ്ട ഹോട്ടലിൽ കയറി ചായ കുടിച് പുറത്തിറങ്ങിയപ്പോൾ അടുത്തുള്ള കടയിൽ പഴയ ആ ' കുബേരനെ ' കണ്ടു. പ്രണവ് ബാങ്ക് മാനേജറും, കാശ് കാരനും ആകണമെങ്കിൽ ' കുബേരനിൽ ' എന്തോ കാര്യമായ ശക്തി ഉണ്ട്. അതുകൊണ്ട് ഒരെണ്ണം ഞാനും വാങ്ങി, പ്രസാദം വാങ്ങിയ സഞ്ചിയിൽ ഇട്ടു. കാറിൽ കയറിയപ്പോ തന്നെ ചെറുവിരൽ ഡോറിൽ കുടുങ്ങി, അത് ഊരി എടുത്തു കാർ ഡ്രൈവ് ചെയ്ത് കുറച്ചു ദൂരം പോയപ്പോ ടയർ പഞ്ചറായി. കഷ്ടപ്പെട്ട് ഒരു വർക്ക്‌ ഷോപ്പുകാരനെ വിളിച്ചു വരുത്തി അത് ശരിയാകിച്ചു യാത്ര തുടർന്നു. 10 മണിക്ക് ഓഫീസിൽ എത്തണം. പ്രസാദ സഞ്ചിയിൽ കുടവയറൻ എന്നെ തല പൊക്കി നോക്കി. എന്തോ പന്തികേട് പോലെ, ജഗതിച്ചേട്ടൻ തകർത്തഭിനയിച്ച ' ജൂനിയർ മാൻഡ്രാക്ക് ' സിനിമയുടെ കഥ ഓർത്തുപോയി. ഇത് അതാവരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. ഓഫീസിലെത്തി മേശയിലെ ഒരു മൂലയ്ക്കു ചിരിക്കുന്ന ആ കുടവയറനെ ഞാൻ പ്രതിഷ്ഠിച്ചു.അന്ന് മുതൽ കുറച്ച് ദുരനുഭവങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കാൻ തുടങ്ങി. അതിൽ പ്രധാനം എന്റെ പണിക്കു എന്തോ മുട്ട്, ഒരു മന്ദത എല്ലാത്തിനും. ചില നേരങ്ങളിൽ ആ കുടവയറൻ കുമ്പ കുലുക്കുന്നത് പോലെയും, കണ്ണ് തുറന്നു നോക്കുന്നത് പോലെയും തോന്നിച്ചു. അതിന്റെ മൊട്ട തല കണ്ട് എന്റെ സഹപ്രവത്തകർ വരെ എന്റെ മുറിയിൽ വരാൻ മടിച്ചു. എന്തോ പന്തിക്കേട് മണത്തു, എങ്ങനെയെങ്കിലും മൊട്ടത്തലയനെ ഒഴിവാകണമെന്ന ചിന്ത വന്നു. അതിന്റെ ഭാഗമായി ജൂനിയർ മാൻഡ്രാക്കിലെ പട്ടി മേനോന്റെ ഡയലോഗ് സഹപ്രവത്തകരോട് എനിക്കും പ്രയോഗിക്കേണ്ടി വന്നു. ഒരാളും ആ മൊട്ടത്തലയനെ സന്തോഷത്തോടെ വാങ്ങാൻ കൂട്ടാക്കിയില്ല. അതിലും അദ്‌ഭുതം നിരീശ്വര വാദിയായ എന്റെ സഹപ്രവർത്തകൻ വിനീത് കുമാറും അത് സൗജന്യമായി കൊടുത്തിട്ടും വാങ്ങിയില്ല എന്നാണ്. മനസമാധാനം പോയി. അന്നൊരു ശനി ആഴ്ച ആയിരുന്നു. ഞാൻ രണ്ടും കല്പിച്ചു ഇറങ്ങി. ചിരിക്കുന്ന ആ മൊട്ടത്തലയനെ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു, കാർ എടുത്തു നേരെ പെരുമ്പള പാലത്തിലേക് വിട്ടു.ആരുമില്ല എന്ന് ഉറപ്പു വരുത്തിയ ഒരു സ്ഥലത്ത് കാർ നിർത്തി ഞാൻ പുറത്തിറങ്ങി. അവസാനമായിട്ട് ആ മൊട്ടത്തലയന്റെ ചിരി കാണാൻ പൊതി ഒന്നഴിച്ചു. ചിരിയിൽ പഴയ പ്രസന്നത ഞാൻ കണ്ടില്ല. കൂടുതൽ ഒന്നും ആലോചിച്ചില്ല, പെരുമ്പള പുഴയിലേക് ആ മൊട്ടത്തലയനെ വലിച്ചെറിഞ്ഞു. വെള്ളത്തിൽ മുങ്ങുകയും താഴുകയും ചെയ്ത് കൊണ്ട് അവൻ കടലിലേക്കു ഒഴുകി പോയി. ഒരു മാരണം ഒഴിഞ്ഞ സന്തോഷത്തിൽ ഒരു മുന്തിരി ജ്യൂസും പപ്സും കഴിക്കാൻ ഞാൻ ഗോൾഡൻ ബേക്കറിയിൽ കയറി.