Aksharathalukal

എക്കൊ ബേബി





🟥 രവി നീലഗിരിയുടെ കഥ
    ©️
         


         

          ഒരൊഴിവുദിന സന്ധ്യയിൽ കട്ടൻ കാപ്പിയുമായി ടെലിവിഷനു മുൻപിൽ ഒടിഞ്ഞു മടങ്ങിക്കിടക്കുന്ന മുകുന്ദനെയാണ് നമ്മളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഏഴു മാസത്തിന്റെ ആലസ്യവുമായി ഗീതയെ നമ്മൾ അടുക്കളയിലും കാണുന്നു. വായുവും വെളിച്ചവും തീരെ കടന്നു വരാത്ത ഇടുങ്ങിയ, കുമ്മായമടർന്ന നാലു ചുവരുകൾക്കുള്ളിൽ വിയർപ്പും കരിയുമായി വലിയ വയറും താങ്ങി നില്ക്കുന്ന അവളെ അയാൾ കനിവോടെയും ഉദാരമായ ദയാവായ്പ്പോടെയും ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. 
       ഛർദ്ദി ഇപ്പോഴും ഇടക്കിടെയുണ്ട്. വെറുതെയിരിക്കാൻ അവൾക്കറിയില്ല. ക്ഷീണം മാറി വരുമ്പോഴേക്കും അടുക്കളയിൽ കയറും. പറഞ്ഞാലൊട്ട് കേൾക്കുകയുമില്ല.
      " എന്റെ ഗീതേ...ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ. വയ്യെങ്കി രാത്രി ഭക്ഷണം പുറത്തൂന്ന് വാങ്ങാം.!"
       അടുപ്പത്തിരിക്കുന്ന ചീനച്ചട്ടിയിൽ അവൾ എന്തോ ഇളക്കി കൊണ്ടിരുന്നു. മുഷിഞ്ഞ സാരിത്തലപ്പു കൊണ്ട് കഴുത്തിനു ചുറ്റുമുള്ള വിയർപ്പു തുടച്ച് അവൾ അയാൾക്ക് ഒരു പുഞ്ചിരി എറിഞ്ഞ് കൊടുത്തു.
     " ഇതൊന്നും സാരമില്ലേട്ടാ..."
     " മാസം ഏഴാ നിനക്കിത്...ഇനി ദിവസങ്ങൾ കഴിയുന്തോറും ക്ഷീണവും വയ്യായയും കൂടി വരും."
     " ദിവസോം ഹോട്ടലീന്ന് കഴിക്കാനുള്ള പൈസേണ്ടോ നമ്മടെ കയ്യില് . ഇനി ചെലവുകള് കൂടാനാ പോണെ. അതോർമ്മ വേണം. കഴിഞ്ഞ മാസം എനിക്ക് വേണ്ടി എത്രയാ ചെലവാക്കീത്. "
    " അത് പിന്നെ ..നമ്മടെ മോൾക്ക് വേണ്ടിയല്ലെ.? "
    " മോളാണെന്ന് അങ്ങട് തീരുമാനിച്ചോ ? "
അവൾ അയാളുടെയരികിലേക്ക് ചേർന്ന് നിന്നു. 
    " ഉം.. ഒരു കുടുംബത്തിൽ ഒരു പെൺകുട്ടി വേണം ഗീതൂ.. വീടിനുള്ളിലെപ്പോഴും ഒരു അനക്കം വേണം. പാദസരങ്ങളുടെ കിലുക്കവും കരിവളകളുടെ ശബ്ദങ്ങളൊന്നുമില്ലാത്ത ഒരു വീട് നീയൊന്ന് സങ്കല്പിച്ചേ...കനത്ത നിശ്ശബ്ദതയുടെ നരച്ച വെയിൽ അവിടെ എപ്പോഴും വീണു കിടക്കും. പിന്നെ ചിലന്തികൾക്ക് വലകെട്ടാനുള്ള ഒരിടമായി അത് മാറും. അവിടെ പകൽ വെളിച്ചത്തിലും കൂറകൾ പുറത്തിറങ്ങി നടക്കും."
        അവൾ പുറകിലൂടെ അയാളുടെ കഴുത്തിൽ കൈകൾ ചുറ്റി. വിയർപ്പിൽ നനഞ്ഞ മുഖം അയാളുടെ മുഖത്തോട് ചേർത്തു. അന്നേരം അവളുടെ കണ്ണുകളിൽ നിർമ്മലമായ കനിവും സ്നേഹത്തിന്റെ തിരയിളക്കങ്ങളും അയാൾ കണ്ടു. വാത്സല്യം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു :
      " അതു കൊണ്ട് ..ഒരു പെൺകുട്ടിയുണ്ടാവുന്നതു വരെ നീ ഇങ്ങനെ വയറ് വീർപ്പിച്ചു കൊണ്ടേയിരിക്കും."
      " പിന്നേ..എനിക്ക് അത് മാത്രമല്ലെ പണി. ഇടക്ക് എല്ലാരേം വളർത്തുന്ന കാര്യം കൂടി ഓർത്തോണം....."
       അയാൾ അവളെ പിടിച്ച് മടിയിലിരുത്തി. പിന്നെ വെറുതെ ചിരിച്ചു. ശരിയാണ്. അവൾ പറഞ്ഞതും ആലോചിക്കേണ്ട വിഷയം തന്നെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അയാളുടെ ഈ മാസത്തെ അവസാന ദിവസമായ ഇന്നുവരെയുള്ള നീക്കിയിരിപ്പ് ഇനി അഞ്ഞൂറ്റിപ്പതിനഞ്ച് രൂപയാണ്. 
       ഈ മാസം ചിലവ് ഇത്തിരി കൂടുതലായിരുന്നു. ഛർദ്ദിയുള്ള ദിവസങ്ങളിൽ ഭക്ഷണം ഹോട്ടലിൽ നിന്നു തന്നെ പലപ്പോഴും വാങ്ങേണ്ടി വന്നു . ഡോക്ടർക്കും മരുന്നിനുമൊക്കെയായി പൈസയിങ്ങനെ പോയിക്കൊണ്ടേയിരുന്നു. വെറുതെ പുറത്തിറങ്ങിയാൽ തന്നെ ചിലവാണ്. സർക്കാരാശുപത്രിയാണെങ്കിലും മരുന്നുകളൊക്കെ പുറത്തു നിന്നും വാങ്ങണം. 
      അയേൺ ഫോളിക് ആസിഡ്‌ റ്റാബ്ലറ്റ് മാത്രമാണ് കഴിഞ്ഞ മാസം ആശുപത്രിയിൽ നിന്നും കിട്ടിയത്. അതും പത്ത് ദിവസത്തേക്ക് മാത്രം. എല്ലായിടത്തും ഒരു ശരിയില്ലായ്മ ഇങ്ങനെ കിടന്ന് കളിക്കുന്നുണ്ട്. സാധാരണക്കാരന്റെ ജീവിതം കഠിനതരമാക്കുന്ന ശരിയല്ലാത്ത ഒരു ശരിയില്ലായ്മ. അത് എവിടെയുമുണ്ട്. പക്ഷെ അതിവേഗം അത് തിരിച്ചറിയുന്നത് നമ്മളെ പോലുള്ള സാധാരണക്കാരാണെന്ന് മാത്രം.
       കഴിഞ്ഞ മാസം പരിശോധന കഴിഞ്ഞ് മുറിയിൽ നിന്നും പുറത്തിറങ്ങാൻ നേരം ഗീതുവിനോട് ഡോക്ടർ പറഞ്ഞത്രെ :
     " ടെസ്റ്റ് റിപ്പോർട്ടുകളുമായി വീട്ടിലേക്ക് വന്നാലും മതി. വീടറിയില്ലേ.? "
    " ഇല്ല."
    " സിസ്റ്ററ് പറഞ്ഞു തരും. ഇവിടെയടുത്താ...മരിയാ ടവ്വറിൽ. നാലു മുതൽ ഒമ്പതു വരെ ഞാനവിടെയും നോക്കുന്നുണ്ട്. "
        അവൾ മറുപടിയൊന്നും പറയാതെ പുറത്തിറങ്ങി ആശുപത്രി വരാന്തയിലെ ബഞ്ചിലിരുന്നു. ബസ്സിലെ യാത്രയും ഇവിടുത്തെ കാത്തിരിപ്പുമെല്ലാം അവളെ ആകെ തളർത്തിയിരുന്നു.
       അവൾ വെറുതെ പുറത്തേക്ക് നോക്കി. റോഡിൽ നല്ല തിളക്കുന്ന വെയിൽ. അല്പം കഴിഞ്ഞപ്പോൾ പ്രിസ്ക്രിപ്ഷൻ എഴുതിയ കടലാസുമായി നഴ്സ് വസുമതി മുന്നിൽ വന്നു നിന്നു. ശ്രീലക്ഷ്മിയുടെ കൂട്ടുകാരിയാണ് വസുമതി. വട്ടമുഖവും, ചുരുണ്ട മുടിയുള്ള അവൾ ഒന്നോ രണ്ടോ തവണ ശ്രീലക്ഷ്മിയുടെ കൂടെ വീട്ടിലേക്കും വന്നിട്ടുണ്ട്.
     " ഒറ്റക്കേയുള്ളു.? "
     " ഉം..."
     " അടുത്ത ചെക്കപ്പിന് വരുമ്പോൾ ഇനിയിങ്ങനെ ഒറ്റക്ക് വരരുത്. ആരെയെങ്കിലും കൂട്ടിവരണം.. "
     " ഇവിടുത്തെ പെൺഡോക്ടർ എവടെ പോയി..? "
     " ലീവിലാ..പകരം വന്നതാ ഇയാള്. ചേച്ചി വീട്ടിലേക്കൊന്നും പോകാൻ നിക്കണ്ട. മുന്നൂറ് രൂപയാ ഫീസ്. തന്നെയുമല്ല ആളത്ര ശരിയുമല്ല..."
      അന്ന് രാത്രി കിടക്കാൻ നേരം അവൾ മുകുന്ദനോട് പറഞ്ഞു :
     " എനിക്കിനി അവിടെ വേണ്ട എട്ടാ.."
     " എന്തു പറ്റി.? പ്രൈവറ്റ് ആശുപത്രിയിൽ പോകാൻ നമ്മളെക്കൊണ്ട് പറ്റുമോ ഗീതേ...."
     " പഴേ ഡോക്ടറ് മാറി. ഇയാൾ ശരിയല്ല. കൈയുറകൾ ഇടാതെയാണ് പരിശോധിച്ചത്. ഇനിയിങ്ങനെ കെടന്നു കൊടുക്കാൻ എനിക്ക് വയ്യ... "
       അയാൾ ഒന്നും മിണ്ടാതെ ഇരുട്ടിലേക്ക് നോക്കി കിടന്നു. ജനലിനപ്പുറത്ത് ആസുരമായ ഒരു ഇരുട്ട് പൊതിഞ്ഞു കിടപ്പുണ്ടായിരുന്നു. പിന്നെ അല്പം കഴിഞ്ഞ് അവൾക്കഭിമുഖമായി തിരിഞ്ഞു കിടന്ന് ആകാംക്ഷയോടെ അവളുടെ നിറഞ്ഞ വയറിൽ സ്നേഹത്തോടെ തൊട്ടു. അന്നേരം അയാളുടെ കൈവിരൽത്തുമ്പുകളിൽ ആർദ്രമായ വാത്സല്യത്തിന്റെ ഒരു തണുപ്പ് വന്ന് നിറഞ്ഞിരുന്നു. അവളുടെ കാർമേഘം വന്ന് വീണ മുഖത്ത് ചുണ്ടുകൾ ചേർത്ത് അതെല്ലാം അയാൾ മഴത്തുള്ളികളാക്കി ഒപ്പിയെടുത്തു.
      " നീ ചോദിച്ചോ ? "
      " എന്ത്.? "
     " ആണോ പെണ്ണോ എന്ന്.... !"
     " ഡോക്ടറ് പറയില്ലേട്ടാ..അവർക്ക് പറയാൻ പാടില്ല. അത് നിയമ വിരുദ്ധാ..."
     " നിനക്കെന്താ തോന്നുന്നത് ? "
     " എല്ലാം ചേട്ടന്റെ ഇഷ്ടം. ആരായാലും എനിക്ക് സന്തോഷം തന്നെ."
        ചെവികൾ അടിവയറിനടുത്ത് ചേർത്തുവെച്ച് അയാൾ കാതോർത്തു. എന്തെങ്കിലും അനക്കങ്ങളുണ്ടോ ? അന്നേരം അവൾക്ക് ഇക്കിളിയായി. അയാൾ ഒരു ചെമ്പകപ്പൂമൊട്ടിന്റെ നിർമ്മലതയും ഒരച്ഛന്റെ വാത്സല്യവും ഒരുമിച്ച് ചേർത്ത് വയറിൽ തലോടി.
      " നിനക്കറിയോ ? ഇരുപത്തെട്ട് ആഴ്ച്ച കഴിത്താൽ അവൾ എല്ലാം മനസ്സിലാക്കാൻ തുടങ്ങുന്ന സമയമാണ്. അതായത് കണ്ണുകൾ ഇടക്കിടെ തുറന്നടക്കും. ഇടത് കൈയും വലത് കാലും ചലിപ്പിച്ച് തുടങ്ങും. നാല് പൗണ്ടോളം തടിയും വെക്കും. പിന്നെ എല്ലാം അറിഞ്ഞു തുടങ്ങാൻ തലച്ചോറും ആയിട്ടുണ്ടാവും..."
     " അപ്പൊ നമ്മളീ പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ടാവോ? "
അവൾ ഒട്ടൊരു ആകാംക്ഷ കണ്ണിൽ വരുത്തി അയാളോട് ഒന്നു കൂടെ ചേർന്നു കിടന്നു. മുടിയിഴകളിൽ തലോടി മുകുന്ദൻ അവളോട് പറഞ്ഞു:
     " പിന്നെ ...അഭിമന്യു സുഭദ്രേടെ വയറ്റീക്കെടുക്കുമ്പോഴാ അർജ്ജുനൻ ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴി ഒരു ദിവസം രാത്രി ഭാര്യയോട് പറയുന്നത്. പുറത്തിറങ്ങാനുള്ള വഴി പറയുന്നേന് മുൻപ് സുഭദ്ര ഉറങ്ങിപ്പോയി. അങ്ങനെയല്ലെ യുദ്ധത്തിൽ അഭിമന്യു മരിക്കണത്. നമ്മുടെ മോൾ എല്ലാം അറിയുന്നുണ്ട്. എല്ലാം കേൾക്കുന്നുണ്ട്. ഞാനിപ്പോൾ പറഞ്ഞതു പോലും ..."
       പിന്നെ മുകുന്ദൻ പറഞ്ഞതൊന്നും ഗീത കേട്ടില്ല. ഇതുവരെ കാണാത്ത അഭിമന്യുവിന്റെ നിഷ്ക്കളങ്കമായ മുഖം അവളുടെ മനസ്സിൽ ഒരു നൊമ്പരമായി തെളിഞ്ഞു വന്നു. 
       അയ്യായിരത്തി ഒരുന്നൂറ് വർഷം മുൻപ് നടന്ന ഒരു യുദ്ധം അവൾക്കിപ്പോൾ കാണാം.. യുധിഷ്ഠിരനും ദുശ്ശാസനനും കർണ്ണനും ദ്രോണാചാര്യരും ശകുനിയും ജയദ്രഥനും ശല്യരും ഒക്കെ ചേർന്നുള്ള പത്മവ്യൂഹം ഭേദിച്ച് പുറത്തു വരാൻ കഴിയാതെ മുറിവുകളേറ്റ് പകച്ചു നില്ക്കുന്ന ഒരു പതിനാറുകാരൻ പയ്യനെയും അവൾ കാണുന്നു. വീട്ടിൽ അവനെ കാത്തിരിക്കുന്ന പ്രിയതമ ഉത്തരയേയും മകൻ പരീക്ഷിത്തിനെയും കാണുന്നു…
       എന്റെ മകളും എല്ലാം കാണുന്നുണ്ടാവും. അറിയുന്നുണ്ടാവും. ഈ കഷ്ടപ്പാടുകളും ഈ ബുദ്ധിമുട്ടുകളും എല്ലാം -
       അവളുടെ കണ്ണുകളിൽ അവളറിയാതെ രണ്ട് തുള്ളി കണ്ണുനീർ പൊടിഞ്ഞു വന്നു. പിന്നെ തിരിഞ്ഞ് കിടന്ന് ഉറക്കം വരാൻ കാത്തു കിടക്കവേ അവൾ വീണ്ടും അയ്യായിരത്തി ഒരുന്നൂറ് വർഷങ്ങൾക്കപ്പുറത്തേക്ക് സുഭദ്രയെ തേടിയിറങ്ങി. രണ്ടാം യാമത്തിന്റെ തുടക്കത്തിൽ വെച്ച് ഒട്ടൊരു ദ്വേഷ്യത്തോടെ അവൾ സുഭദ്രയോട് ചോദിച്ചു:
    " എന്തിനാണ് നിങ്ങൾ ഇടക്ക് വെച്ച് ഉറങ്ങിയത് ? "
    " അതേക്കുറിച്ചോർത്ത് പിന്നെ ഞാൻ കരയാത്ത ദിവസങ്ങളില്ല..എന്റെ ഓമന മകനെ കൊന്നത് ഞാൻ തന്നെയാണ്…"
      സുഭദ്രക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഒരു തേങ്ങലോടെ സഹോദരൻ കൃഷ്ണന്റെ തോളിലേക്ക് ചാഞ്ഞു, അയാൾ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
      " കാലങ്ങളെത്ര കഴിഞ്ഞു പോയി..ഇനിയും നിനക്കിതൊന്നും മറക്കാൻ കഴിഞ്ഞില്ലേ ? "
     " ഞാനൊരു അമ്മയാണ്. ഈ ലോകം കണ്ട ഏറ്റവും നിർഭാഗ്യവതിയായ അമ്മ..."
     " ഭഗവാനറിയാമായിരുന്നില്ലേ ഇതെല്ലാം? എല്ലാം മുൻകൂട്ടിയറിയുന്ന അങ്ങേക്ക് ഈ കൊടും ക്രൂരത ഒഴിവാക്കാമായിരുന്നില്ലേ.? "
ഗീത കൃഷ്ണനോട് അതീവ സങ്കടത്തോടെ ചോദിച്ചു.
     " കുട്ടീ...നിങ്ങൾ അറിഞ്ഞതും കേട്ടതും ഒന്നും എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരൊളിച്ചുകളി നടത്തുന്നുണ്ട്. എല്ലാവരും ഓരോ തെറ്റിദ്ധാരണകളുടെ പുറത്താണ് വിലയിരുത്തപ്പെടുന്നത്. ജീവിക്കുന്നതും അങ്ങനെ തന്നെ. എല്ലാറ്റിനും സാക്ഷി കാലം മാത്രമാണ്.     
       അറിയണമെങ്കിൽ കേട്ടോളൂ...ഇവൾക്ക് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നത് അർജ്ജുനനല്ല. ഞാനാണ്. ഇടക്ക് ഇവൾ ഉറങ്ങിയെന്നത് നേര്. പക്ഷെ അഭിമന്യു എല്ലാം കേൾക്കുന്നുണ്ടെന്നും എനിക്കറിയാമായിരുന്നു. ബാക്കിയുള്ളത് ഞാൻ മനപ്പൂർവ്വം പറയാതിരുന്നതാണ്.."
    " എന്തിന് ? എന്തിനായിരുന്നു അത്. ? "
    " എല്ലാറ്റിന്റേയും പുറകിൽ ഓരോ കാരണങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. അവതാരമായ എനിക്ക് എല്ലാ കാര്യങ്ങളും ചിലപ്പോഴൊക്കെ തുറന്നു പറയാനും കഴിയില്ല. ഓരോ അവതാരങ്ങൾക്കും ഒരോ അവതാര രഹസ്യമുണ്ട്. ലക്ഷ്യമുണ്ട്. അതുപോലെ തന്നെയാണിതും. ഇതിന്റെ ഉത്തരം ചന്ദ്രദേവനേ പറയാൻ കഴിയൂ.."
      ശ്രീകൃഷ്ണൻ നിസ്സഹായനായി ആകാശത്തേക്ക് നോക്കി. ചന്ദ്രൻ എല്ലാം കണ്ട് പുഞ്ചിരിച്ച് നിന്നു.
        വളരെ വൈകിയാണ് പിറ്റെ ദിവസം രാവിലെ ഗീത എണീറ്റത്. കണ്ണു തുറന്നപ്പോൾ ഒരു ഗ്ലാസ്സ് കാപ്പിയുമായി മുന്നിൽ മുകുന്ദൻ. അവൾ തലയിണ ചുമരിൽ ചാരി വെച്ച് എണീറ്റിരുന്നു. ഒഫീസിലേക്കുള്ള വേഷത്തിലായിരുന്നു അയാൾ. അവൾ വിഷമിച്ചു.
      " സോറി..എട്ടാ..എണീക്കാൻ അല്പം വൈകി. "
      " ക്ഷീണമുണ്ടെങ്കിൽ കുറച്ചൂടെ കിടന്നോ. ഉച്ചക്ക് ശേഷം ലീവെഴുതിക്കൊടുത്തിട്ട് ഞാൻ വേണേൽ വരാം..."
      " ലീവൊന്നും എടുക്കണ്ടേട്ടാ. ആവശ്യങ്ങള് കിടക്കണല്ലേ ള്ളൂ.."
      " എന്നാ ..പോകുന്ന വഴി വിലാസിനിയോട് ഇവിടെ വന്നിരിക്കാൻ പറയാം. "
     " അതൊന്നും വേണ്ടേട്ടാ. എല്ലാവരും തിരക്കുള്ളവരാണ്. എനിക്കിപ്പോ കുഴപ്പമൊന്നുമില്ല. എട്ടനിങ്ങ് വേഗം വന്നാ മതി...."
        അഞ്ചു മണിക്കു തന്നെ മുകുന്ദൻ തിരിച്ചെത്തി. ഗീത അന്നേരം അടുക്കളയിൽ തന്നെയായിരുന്നു. വസ്ത്രങ്ങൾ മാറി അയാൾ ഒരു കട്ടൻ കാപ്പിയിലേക്കും ടി വിയിലേക്കും ഇറങ്ങിച്ചെന്നു.
         ഇറുകിയ നരച്ച ജീൻസിലും, ഒരു ഡെനിം ഷർട്ടിലും, കഴുത്തിനൊപ്പം വെട്ടി നിർത്തിയ ചുരുണ്ട മുടിയിലുമായി ഒരു സുന്ദരിയെ നമ്മളിപ്പോൾ ഹോം ചാനൽ പതിനെട്ടിൽ കണ്ടു കൊണ്ടിരിക്കുകയാണ്. മുകുന്ദനടുത്തേക്ക് നമുക്ക് ഗീതയേയും പിടിച്ചിരുത്താം.
        മാർക്കറ്റിലെ എറ്റവും പുതിയൊരു പ്രൊഡക്ട് പരിചയപ്പെടുത്തുകയാണ് സുന്ദരിയിപ്പോൾ. അവളുടെ കൈയിൽ ഹെഡ് ഫോണിനോട് ചേർന്ന് മൈക്ക് ഘടിപ്പിച്ചിട്ടുള്ള ഒരു ഇലക്ട്രോണിക് ഡിവൈസും, മൂന്ന് വോൾട്ട് ബട്ടൺ സെൽ എന്ന് തോന്നുന്നതു പോലെയുള്ള ഒരു ട്രാൻസ്മിറ്ററും ഉണ്ടായിരുന്നു . ഇത് രണ്ടും കൈകളിൽ ഉയർത്തിപ്പിടിച്ച് അവൾ ഹിന്ദിയിൽ സംസാരിച്ചു തുടങ്ങി:
      പ്രിയപ്പെട്ടവരെ, ദാമ്പത്യ ജീവിതത്തിലെ അമൂല്യമായ നിധികളാണ് കുട്ടികൾ. ഈ കുട്ടികളുടെ ഭൂമിയിലേക്കുള്ള വരവിനു മുൻപുള്ള എകദേശം ഒരു പത്തു മാസക്കാലം കാത്തിരിപ്പിന്റെ അസ്വസ്ഥമായ ദിനങ്ങളായിരിക്കും അച്ഛനമ്മമാർക്ക്.  
     നോക്കൂ...നിങ്ങളുടെ അസ്വസ്ഥതകളെല്ലാം ഇന്നത്തോടെ തീരാൻ പോവുകയാണ്. കാത്തിരിപ്പിന്റെ വിരസമായ വേളകളിൽ ഗർഭപാത്രത്തിലുള്ള കുഞ്ഞുങ്ങളുമായി സംസാരിക്കാനുള്ള അത്യപൂർവ്വ കണ്ടു പിടുത്തവുമായി ഇതാ ഹോം ചാനൽ പതിനെട്ട് നിങ്ങളുടെ മുൻപിൽ. ഇതാണ് എക്കോ ബേബി. ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ട് . ഞങ്ങളുടെ മാസ്റ്റർ പീസ്.
       താഴെ കാണിച്ചിരിക്കുന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ ഇപ്പോൾത്തന്നെ ചെയ്യൂ...വെറും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻപത് രൂപാ മാത്രം. ഒരു മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യുന്നവർക്ക് ഒരു ഹെഡ്സെറ്റ് തികച്ചും സൗജന്യം. അതു വഴി അച്ഛനും അമ്മക്കും ഒരേ സമയം കുഞ്ഞിനോട് സംസാരിക്കാം...ഇനി ഇതിന്റെ പ്രവർത്തന രീതിയെക്കുറിച്ച് ഞങ്ങളുടെ ടെക്നീഷ്യൻ നിങ്ങളോട് സംസാരിക്കും.
       ജീൻസും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ ഇപ്പോൾ മുന്നിൽ നില്ക്കുന്നുണ്ട്. അയാൾ പറഞ്ഞു തുടങ്ങി:
     പ്രിയപ്പെട്ടവരെ, ഏറ്റവും അത്ഭുതകരമായ ഒരു കണ്ടുപിടുത്തം എന്നാണ് ഞാനിതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഇതാണ് എക്കോ ബേബി. ബട്ടൺ സെൽ പോലുള്ള ഈ ട്രാൻസ്മിറ്റർ നിങ്ങൾ സംസാരിക്കാൻ തുടങ്ങുന്നതിന് ഒരു നിമിഷം മുൻപ് അമ്മയുടെ പൊക്കിൾച്ചുഴിയിൽ ഇറക്കി വെക്കുക . ഈ ഹെഡ് ഫോൺ നിങ്ങളുടെ തലയിലേക്ക് ഇനി വെറുതെ വെക്കുകയേ വേണ്ടൂ...ഇതാ നോക്കൂ....ഇതു പോലെ. വളരെയെളുപ്പമാണിത്. ഇനി നിങ്ങൾക്ക് മൈക്രോ ഫോണിലൂടെ കുഞ്ഞുമായി സംസാരിച്ചു തുടങ്ങാം.
      ന്യായമായ ഒരു സംശയം ബാക്കി നില്പുണ്ട്. അറിയാം . കുഞ്ഞിനെങ്ങനെ സംസാരിക്കാൻ കഴിയും ? അവിടെയാണ് ചൈനീസ് ടെക്നോളജി നമ്മെ അത്ഭുതപ്പെടുത്തുന്നത് . അമ്മയുടെ പൊക്കിൾച്ചുഴിയിൽ നിക്ഷേപിച്ച ടാൻസ്മിറ്റർ വഴി കുട്ടിയുടെ തലച്ചോറിലേക്ക് വരുന്നതും അതുപോലെ പോകുന്നതുമായ എല്ലാ സന്ദേശങ്ങളും, തന്നെയുമല്ല കുട്ടിയുടെ മനോവ്യാപാരങ്ങളും പിടിച്ചെടുത്ത് ഡീകോഡ് ചെയ്ത് ഭാഷാന്തരീകരണം ചെയ്യാനുള്ള സംവിധാനമാണ് ഈ ഹെഡ് ഫോണിൽ ഞങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ഇപ്പോൾ തന്നെ എക്കോ ബേബി ഓർഡർ ചെയ്യൂ...ഗർഭപാത്രത്തിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുമായി സംസാരിച്ച് ജീവിതം സന്തോഷ പൂർണ്ണമാക്കൂ..
      ഒട്ടൊരു സന്തോഷത്തിന്റെ നിലയില്ലാക്കയങ്ങളിലേക്കാണ് അറിയാതെ മുകുന്ദനും ഗീതയും വീണു പോയത് .
      " നമുക്ക് ഇതൊരെണ്ണം വാങ്ങിയാലോ ഏട്ടാ.."
മുകുന്ദനും അതേപ്പറ്റി ആലോചിച്ചു. പക്ഷെ അഞ്ഞൂറ്റിപ്പതിനഞ്ച് രൂപയാണ് ഇനി അകെ കൈയിലുള്ളത്. അടുത്ത ശമ്പളം ഇനി ആറാം തീയ്യതിയാണ്. കഴിഞ്ഞയാഴ്ച്ച രാമചന്ദ്രന്റെ കൈയിൽ നിന്നും വാങ്ങിയ രണ്ടായിരത്തിലെ ബാക്കിയാണിത്. ഇനിയും അവനോട് ചോദിക്കാൻ വയ്യ. 
      കഴിഞ്ഞ പ്രാവശ്യം വളരെ വിഷമിച്ചാണ് അവനോട് ചോദിച്ചതു തന്നെ. ഓഫീസിൽ ആകെയുള്ള ഒരു സുഹൃത്താണ്. അതിസാഹസികമായ ഒരു ഒളിച്ചു കടത്തലിലൂടെ ഗീതയെ കൊണ്ടു വന്ന് രണ്ട് ദിവസം താമസിപ്പിച്ചത് അവന്റെ വീട്ടിലായിരുന്നു. എല്ലാറ്റിനും കൂടെ നില്ക്കുന്നവൻ.
     " കുട്ടി ജനിക്കുന്നേന് മുന്നേ ചിലവുകൾ തുടങ്ങി, അല്ലേ മുകുന്ദാ.?"
     " ഗർഭിണിയാണെന്ന് അറിയുമ്പോഴേ ചിലവ് തുടങ്ങായി....നമ്മെ പോലെള്ളോർക്ക് ഇതൊന്നും പറഞ്ഞിട്ടില്ല. നീയും ഒന്ന് കരുതിയിരുന്നോ..പെണ്ണാലോചിച്ച് തുടങ്ങീന്ന് കേട്ടു .."
അതു കേട്ട് അവൻ വെറുതെ ചിരിച്ചു . 
       " എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും രാത്രി കയറി വരുമ്പോൾ വാതിൽ തുറന്നു തരാനൊരാള്. ഒരു കട്ടൻ കാപ്പിയുടെ തരളതയിൽ ഓഫീസിലെ അന്നത്തെ വിശേഷങ്ങൾ പറയാനൊരാള്. പുറത്ത് പോകുമ്പോൾ ഗേറ്റിനടുത്തു നിന്ന് കൈ വീശി കാണിക്കാനൊരാള്.. ദാമ്പത്യ ജീവിതത്തിൽ ഇങ്ങനെയും ചിലത് കൂടിയുണ്ട് രാമചന്ദ്രാ… ചിലപ്പോഴൊക്കെ ഈ ബുദ്ധിമുട്ടുകളെല്ലാം അതിലലിഞ്ഞു പോകും.."
        കോഫി ഷോപ്പിൽ നിന്നുമിറങ്ങി ബൈക്കിൽ കയറാൻ നേരം മുകുന്ദൻ അയാളുടെ തോളിൽ കൈവെച്ചു.
    " രണ്ടു ദിവസം മുന്നേ പറയണം..തിരിച്ചു വേണ്ട സമയം."
    " അത് ഞാൻ ചോദിച്ച് വാങ്ങിച്ചോളാം. ഇപ്പൊ നിന്റെ കാര്യം നടക്കട്ടെ,.."
        മുകുന്ദൻ ആലോചിക്കുകയായിരുന്നു. ഈ ആലോചനകളെല്ലാം അയാളെ വലിച്ചിഴച്ച് പിന്നേയും ഗീതയുടെ അരികത്തിരുത്തി. വയറ്റിനുള്ളിൽ കിടക്കുന്ന മകളോട് സംസാരിക്കാനുള്ള അദമ്യമായ ഒരാഗ്രഹത്തിനടിപ്പെട്ട് മുകുന്ദൻ സോഫയിൽ തളർന്നിരുന്നു. ഒരു രണ്ടായിരത്തിന്റെ നോട്ടെടുത്ത് അവൾ അന്നേരം അയാൾക്ക് നേരെ നീട്ടി-
      " ഇതെവിടുന്നാ...? "
     " എന്റെ സമ്പാദ്യം...."
     " ഇത് മോൾക്ക് തൊട്ടില് വാങ്ങാനായി നീ മാറ്റി വെച്ചതല്ലേ..? "
     " അത് സാരമില്ലേട്ടാ…"
     " ഞാൻ വേറെയെന്തെങ്കിലും വഴിയുണ്ടോന്ന് നോക്കട്ടെ...ഇത് നിൻ്റെ കൈയീത്തന്നെ വെച്ചോ…"
പക്ഷെ അവൾ നിർബ്ബന്ധിച്ച് ആ നോട്ട് അയാളുടെ പോക്കറ്റിൽ തിരുകി വെച്ചു.
       :ആറാം ദിവസം ഒരു ചാറ്റൽ മഴയുള്ള സന്ധ്യാ നേരത്ത് അതിവേഗം മിടിക്കുന്ന ഹൃദയങ്ങളുമായി ഒരു പാർസലിനു മുൻപിൽ മുകുന്ദനും ഗീതയും ആകാംക്ഷയോടെ ഇരുന്നു. രാത്രിയാവാൻ രണ്ടു പേരും കാത്തിരിക്കുകയാണ്.
        രാത്രിയിലെ ജോലികളെല്ലാം കഴിച്ച് അടുക്കളയുടെ വാതിലടച്ച് ലൈറ്റുകളെല്ലാം കെടുത്തി അവൾ ബെഡ് റൂമിലേക്ക് വന്നു. മുകുന്ദൻ അവളെയും കാത്തിരിക്കുകയായിരുന്നു.
        " ഒരഞ്ച് മിനിറ്റ്..ഞാനൊന്ന് കുളിച്ചു വരട്ടെ..!"
പാർസലിൽ വന്ന ബ്രോഷർ മുകുന്ദൻ വീണ്ടുമെടുത്ത് വായിച്ചു നോക്കി. ആകെയൊരു വിവശതയിലും ആകാംക്ഷയിലുമായിരുന്നു അയാളപ്പോൾ. നെറ്റിയിൽ വിയർപ്പു തുളളികൾ പൊടിഞ്ഞു നിന്നു. ജനലുകളെല്ലാം അടച്ചു കുറ്റിയിട്ടു.
      കുളി കഴിഞ്ഞു വന്ന ഗീതയെ അയാൾ കട്ടിലിൽ പിടിച്ച് കിടത്തി. അവളുടെ ആഴമുള്ള പൊക്കിൾച്ചുഴിയിൽ ട്രാൻസ്മിറ്റർ വെക്കുമ്പോൾ മുകന്ദന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. 
       ഒരു മിനിറ്റ് കാത്തുനിന്നു. ഒരു പച്ചവെളിച്ചം മിന്നിത്തെളിഞ്ഞു . ഹെഡ് സെറ്റെടുത്ത് മൈക്രോ ഫോൺ ഓണാക്കി മുകുന്ദൻ അവളുടെ തലയിൽ വെച്ചു കൊടുത്തു. മറ്റൊരു സെറ്റ് മുകുന്ദനും തലയിൽ വെച്ചു.
      രണ്ടു പേരും മുഖത്തോട് മുഖം നോക്കി. വോളിയം കൺട്രോൾ സാവധാനം വലത്തോട്ട് തിരിച്ചു...ഒരു നേർത്ത ഹൃദയമിടിപ്പിന്റെ ശബ്ദം അവർ കേട്ടു, പിന്നെയെല്ലാം നിശ്ശബ്ദം. ഒരു നിമിഷം വീണ്ടും കാത്തിരുന്നു.
     " ചിലപ്പോൾ അവൾ ഉറങ്ങുകയായിരിക്കും.."
    " മോളേ... "
ഗീത ആർദ്രമായ ശബ്ദത്തോടെ വയറിൽ തലോടി അവളെ വിളിച്ചു. മറുപടിക്കു വേണ്ടി രണ്ടു പേരും കാതോർത്തു. വീണ്ടും നിശ്ശബ്ദത....
     " മോളേ..പവിഴം.."
    " എനിക്ക് കേൾക്കാം അച്ഛാ..ഞാൻ ഉറങ്ങുകയായിരുന്നു ."
        താമരയിതളുകളിൽ നനുത്ത നേർമ്മയേറിയ മഴത്തുള്ളികൾ വന്നു വീണു. തരളവും നിർമ്മലവുമായ നേർമ്മയാർന്ന ശബ്ദവീചികൾ. മനസ്സിന്റെ അടിത്തട്ടിലേക്ക് ഒരു നിലാവ് പരന്നൊഴുകി. ഒരു പനിനീർപ്പൂവിന്റെ ഊഷ്മളമായ സുഗന്ധം മുറിയാകെ നിറയുന്നു. ഒരു ചെമ്പക മൊട്ട് വിരിയുന്ന ആർദ്രവും ലോലവുമായ സ്പന്ദനങ്ങൾ...
       ഗീതയുടെ കണ്ണുനീർ കവിളുകളിലൂടെ ചാലുകളായി ഒഴുകി. തൊണ്ടയിൽ വാക്കുകൾ കുരുങ്ങി. കണ്ണുനീരിന്റെ ചിലന്തിവലയിൽ കാഴ്ച്ചകൾ മങ്ങി. മുകുന്ദൻ അവളുടെ നിറഞ്ഞ വയറിൽ ചുണ്ടുകൾ ചേർത്ത് വിതുമ്പി.
      " മോളേ..നിനക്ക് സുഖമാണോ ? "
      " ആണമ്മേ..എപ്പോഴും ഉറക്കം തന്നെ. രണ്ടു മൂന്നു മാസം കൂടിയല്ലെ ഇങ്ങനെ സുഖമായി ഉറങ്ങാൻ പറ്റൂ...പുറത്തു വന്നാൽ എന്നെപ്പോലുള്ള പെങ്കുട്ട്യോള് ഉറങ്ങാതിരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഇതിനകം ഞാൻ ടി വി യിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്..."
     " മോൾക്ക് കഴിക്കാൻ എന്താണ് ഇഷ്ടമുള്ള സാധനം ?"
     " കെ എഫ് സി ."
     " അതിന് മാത്രം പൈസയൊന്നും നിന്റച്ഛന്റെ കയ്യിലില്ല മോളെ."
     " സാരമില്ല..ഞാൻ വെറുതെ പറഞ്ഞതാണമ്മേ..ഇടക്ക് ഓരോ മസാല ദോശയായാലും മതി. നിങ്ങളുടെ ബുദ്ധിമുട്ടൊക്കെ ഞാൻ മനസ്സിലാക്കുന്നുണ്ട്. ഓ..പറയാൻ മറന്നു. ദിവസവും രാത്രിയിൽ ഓരോ മുത്തശ്ശിക്കഥകൾ എനിക്ക് പറഞ്ഞു തരണം. ഇടക്ക് ഒരു താരാട്ട് പാട്ടും..." 
പവിഴം അല്പസമയം ഒന്ന് നിർത്തി. പിന്നെ അച്ഛനോടായി ചോദിച്ചു:
      " ഞാൻ പെങ്കുട്ട്യാണെന്ന് അച്ഛനെങ്ങനെ മനസ്സിലായി ? പെങ്കുട്ട്യോളെ ഭൂമീല് ആർക്കും ഇഷ്ടല്ല്യല്ലൊ. അതോണ്ടല്ലെ എല്ലാരും ഉപദ്രവിക്കണത് ..."
        മുകുന്ദൻ ഒരു സങ്കടക്കടലിൽ ചെന്ന് വീണു. പാവം കുട്ടി. അവളെന്തൊക്കെയാണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്.? അയാൾ വയറിൽ സ്നേഹപൂർവ്വം തലോടിക്കൊണ്ടിരുന്നു,
      " മോള് പേടിക്കേണ്ട. ഈ നാലു കൈകളും ഒരു വലയമായി നിനക്ക് ചുറ്റും ഞങ്ങളെപ്പോഴും ചേർത്തു പിടിച്ചിരിക്കും. പിന്നെ വലുതാവുമ്പൊ എന്റെ മോള് ഞങ്ങളറിയാതെ അതകത്തിമാറ്റി പോകാതിരുന്നാൽ മതി...."
      പവിഴം നിശ്ശബ്ദയായി. അവളെന്തോ ആലോചിക്കുകയാണെന്ന് അവർക്ക് മനസ്സിലായി. ആരും അല്പസമയത്തേക്ക് ഒന്നും മിണ്ടിയില്ല.
     "അഭിമന്യൂന്റെ കഥ ഒന്നൂടെ കേക്കണം..കൃഷ്ണനെ എനിക്ക് വിശ്വാസോല്യ. അമ്മ തന്നെ ചോദിച്ചാ മതി ചന്ദ്രദേവനോട്. എനിക്കുറക്കം വരുന്നു അമ്മേ.."
      " എന്നാ മോള് ഉറങ്ങിക്കോളൂ..അമ്മ നാളെ വിളിക്കാം.."
      " പിന്നെ ഒരു കാര്യം പറയാൻ മറന്നു. പെങ്കുട്ട്യായതോണ്ട് ഞാൻ പുറത്തു വന്നാ..നിങ്ങടെ മനസ്സമാധാനൊക്കെ പോവും. അതോണ്ട് ..ന്നെ ഇല്ലാണ്ടാക്കാനുള്ള എന്തേലും വഴീണ്ടോ ഇനി ? "
     " എൻ്റെ മോളേ..!!"
     " പറഞ്ഞൂന്നേള്ളൂ..ബുദ്ധിമുട്ടാണെന്ന്..ച്ചാ വേണ്ട..."
       മുകുന്ദന്റെ ഹൃദയത്തിലേക്ക് സങ്കടത്തിന്റെ ഒരു മഞ്ഞിൻ പാളി അടർന്ന് വീണു. കൺപീലികൾ പോലും വരാത്ത നിന്റെ കുഞ്ഞിക്കണ്ണുകളിൽ വന്നു നിറയുന്ന ആദ്യത്തെ തുള്ളി കണ്ണുനീർ അച്ഛൻ ഇവിടെയിരുന്ന് കാണുന്നുണ്ട് മോളെ..
      അയാളുടെ ഹൃദയം വെന്ത് നീറി.
     "എൻ്റെ മോള് ഭയപ്പെടാതെ. കല്പാന്തങ്ങളിൽ കിട്ടുന്ന ഒരു ഭാഗ്യമാണ് ഈ ഭൂമിയിലുള്ള വാസം. വരൂ മകളെ.. ഈ മനോഹരമായ ഭൂമിയിലേക്ക്. ഒന്നോ രണ്ടോ പേർ. അതുമല്ലെങ്കിൽ മൂന്നോ നാലോ പേർ…അവർക്ക് നിന്നെ ചിലപ്പോൾ ഒരു കുഞ്ഞനിയത്തിയായി കാണാൻ കഴിഞ്ഞില്ലെന്നു വരാം. പക്ഷേ അതിലും എത്രയോ ഇരട്ടി ആങ്ങളമാർ ഈ ഭൂമിയിൽ നിനക്കുണ്ട്…കണ്ണുകളിൽ ഒരുപാട് വാത്സല്യം നിറച്ചു വെച്ച് അവർ ചുറ്റിലുമുണ്ട്..നമ്മൾ അത് കാണുന്നില്ലെന്നേയുള്ളൂ. അച്ഛന് ഒന്നറിയാം. അച്ഛനും അമ്മയും ഈ ഭൂമിയിൽ നിന്ന് പോയാലും അവരുടെയൊക്കെ കരവലയങ്ങൾ നിഴലുകളായി എൻ്റെ മോളുടെ മേലെ എപ്പോഴും വീണു കിടക്കും. അവരെല്ലാവരും നിനക്ക് ചേട്ടന്മാർ തന്നെയാണ് മോളേ.."
      അയാൾ ഒരു തേങ്ങലോടെ ഗീതയുടെ നിറവയറിന് ചാരെ തല ചേർത്ത് വെച്ച് കിടന്നു. കുഞ്ഞുങ്ങൾ ഭൂമിക്ക് മേലെ വീണ് കിടക്കുന്ന പൂക്കളാണെന്നും, ആകാശത്ത് പൂത്തു നില്ക്കുന്ന നക്ഷത്രങ്ങളാണെന്നും നമ്മൾ മനുഷ്യർ അറിയാതെ പോയതെന്താണ് ഗീതേ..?

     
                                                   ◼️ അവസാനിച്ചു.