ഇരുട്ടിൻ്റെ അഭയാർത്ഥികൾ
ഭാഗം- 2
ഇത് ഒരു വിചാരണത്തടവു മാത്രമാണല്ലോ?
തലവിധി എന്താണെന്ന് ദൈവത്തിനറിയാം.
എന്താ സംഭവം?
ഞാൻ ആകാംഷയോടെ ചോദിച്ചു.
വേറൊന്നുമല്ല.. കള്ള് കച്ചവടം . പച്ചയ്ക്ക് പറഞ്ഞാൽ വാറ്റ്.
ഇത് മദ്യവർജിത രാജ്യമല്ലേ?
അതൊക്കെയാണ്. നിയമവ്യവസ്ഥയും കേമം. പക്ഷേ ഇവിടെ എല്ലാം നടക്കുന്നുണ്ട്. ബ്ലാക്ക് മാർക്കറ്റും സജീവമാണ്.
'ബെന്യാമിന്റെ ജാസ്മിൻ ഡേയ്സ് ' ൽ പറഞ്ഞിരിക്കുന്ന പോലെ ഒരുപാട് രഹസ്യങ്ങൾ അറേബ്യൻ നാടുകളിൽ ഉറങ്ങുന്നുണ്ട്.
വായാനാ ശീലവുമുണ്ടോ?
-അതെനിക്കൊരു കൗതുകമായി.
ചെറുതായിട്ട് ..നല്ല വായനക്കാരനായ ഒരു ചങ്ങാതി എനിക്കുണ്ടായിരുന്നു. അവന്റെ റൂമിൽ പോകുമ്പോ ചിലതെടുത്ത് വായിക്കും.
കൊള്ളാം.
കള്ള് കച്ചവടം എത്ര വർഷമായി ?
ആറേഴ് കൊല്ലമായിക്കാണും.
പത്ത് വർഷം ഹോട്ടലിൽ ജോലി ചെയ്തു. ഉള്ള സമ്പാദ്യം കൊണ്ട് നാട്ടിൽ ഒരു സോപ്പു കമ്പനി തുടങ്ങാമെന്നു കരുതി. കുറേ നൂലാമാലകളുണ്ടായിരുന്നു. കൂടെ കടവും. ഒരു വിധത്തിൽ എല്ലാം ശരിയായപ്പോ, പാർട്ടിക്കാര് വന്നു കൊടികുത്തി. പിന്നെ വീണ്ടുമിവിടെ വന്നു. കുപ്പി കൊണ്ടു വരുന്നവൻ തന്നെ ഐഡിയ തന്നപ്പോ , വാറ്റ് തുടങ്ങി. ആദ്യമായിട്ടാ പിടിക്കപ്പെടുന്നേ. ഇറക്കാനാളുണ്ട്. പക്ഷേ ആറു മാസമായി ഞാനിതിനകത്ത് . അവനെ ഇതുവരെ കണ്ടില്ല. ഷുർത്തയുമായിട്ട് കണക്ഷൻ ഉള്ള ഒരു അറബിയാ ആള്.
പണം എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ ഗതി മാറ്റുന്നത്. അഥവാ മനുഷ്യനെ മാറ്റുന്നത്.
അല്ലേ?
സ്വസ്ഥമായൊന്ന് ശ്വസിക്കാൻ പറ്റാത്ത അവസ്ഥ. 45 ഡിഗ്രി ചൂടായതിനാൽ 'എ സി' സദാ പ്രവർത്തിച്ചു കൊണ്ടിരുന്നു. തീവ്രത ത്വരിതപ്പെടുത്തിയിട്ടുണ്ടങ്കിലും പോകെപ്പോകെ സ്വഭാവികമായും തണുപ്പേറി. അവിടിവിടെയുള്ള ഉണങ്ങാത്ത നനവുകളാലും മുഷിഞ്ഞ വസ്ത്രങ്ങളാലും ദുർഗന്ധം തളം കെട്ടുന്നു.
അതിനൊപ്പം, ഇതിനുള്ളിൽ തന്നെ ശിഷ്ടകാലം കഴിക്കണമോ? എന്ന ചിന്തയും . എല്ലാം എന്റെ തലയ്ക്കു മേലെ ഭാരം കെട്ടിയിറക്കാൻ തുടങ്ങി. ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി.
കുറച്ചു കഴിഞ്ഞേപ്പോ, വലിയ രണ്ടു പാത്രങ്ങളുമായി ജയിലർ വന്നു. രണ്ടിലും നിറയെ ചോറ് നിറച്ചിരിക്കുന്നു. അവ ഞങ്ങളുടെ മധ്യത്തായി വെച്ചു. രണ്ടു വിഭാഗമായിട്ട് വേണം ഉണ്ണാനിരിക്കാൻ. വിവേചനം ഇല്ലാണ്ടാവാൻ പോകുന്നു. വിവിധ തരം ഭാഷക്കാർ , രാജ്യക്കാർ, കറുത്തവർ വെളുത്തവർ. മധ്യത്തിൽ രണ്ടു പാത്രങ്ങളും . എല്ലാരും ആ വലിയ പാത്രങ്ങളിലേക്ക് കൊതിയോടെ കൈകൾ താഴ്ത്തി. അന്ന് ആദ്യമായി ഞാൻ കൈ കഴുകാതെ ഭക്ഷണം കഴിച്ചു. വെറും വെള്ളച്ചോറു മാത്രമെന്നാണ് കരുതിയത്. പക്ഷേ അതിൽ കുറച്ച് കോഴിയിറച്ചിയുമുണ്ടായിരുന്നു. ഉപ്പ് ലവലേശമില്ല. ഇറച്ചിയാകട്ടെ വെള്ളത്തിലിട്ട് ഒന്നു പുഴുങ്ങിയിട്ടുണ്ട്. വിശപ്പിനാലുള്ള ഐക്യം ഞങ്ങളെല്ലാവരെയും അതു മുഴുവൻ തീറ്റിച്ചു. പക്ഷേ എൻ്റെ വിശപ്പടങ്ങിയിരുന്നില്ല. ഒരു ദിവസം രണ്ടു നേരം മാത്രമേ ഈ ഭക്ഷണമുള്ളൂ.. രാവിലെ 9 മണിക്കും വൈകിട്ട് 7 മണിക്കും.
ചിലർ രോഗികളായി കിടപ്പുണ്ട്. മുറിയിലെ തണുപ്പ് തന്നെയാകാം കാരണം. ആർക്കും ഒന്നും മിണ്ടാൻ കഴിയില്ല. തണുപ്പ് കുറയ്ക്കാനും കഴിയുമായിരുന്നില്ല. ചിലപ്പോ അവർക്ക് കരുണ തോന്നി ആശുപത്രിയിൽ കൊണ്ടു പോയാലായി.
കേവലം വിചാരണത്തടവ് ഇത്ര കഠിനമോ? പടച്ചവനേ .. സത്യത്തിൽ സ്വാതന്ത്ര്യം മാത്രമല്ല അനുഗ്രഹങ്ങൾ നിഷേധിക്കൽ കൂടിയാണ് ഈ തടവ്.
നിങ്ങൾക്ക് ദേഷ്യം തലയ്ക്ക് കയറുമ്പോൾ തല്ലാൻ തോന്നാറില്ലേ? പക്ഷേ ഇവിടെ ഒരു തവണ വന്നു തിരിച്ചു പോയാൽ ഇന്നാട്ടിലാണങ്കിൽ നിങ്ങൾ ആരെയും തല്ലാൻ മുതിരില്ല. ന്യായം നിങ്ങളുടെ ഭാഗത്താണെങ്കിൽ കൂടി തല്ലാൻ നിങ്ങൾക്കധികാരമില്ല. രക്തം പൊടിഞ്ഞാൽ വകുപ്പ് മാറി. പിന്നെ പുറത്തിറങ്ങുന്നതും പ്രയാസമായിരിക്കും.
വൈകിട്ട് നാല് മണിയായപ്പോൾ എന്റെ വിശപ്പ് വികസിച്ചു. മുട്ടു വളച്ചു വയറോട് ചേർത്ത് വെച്ച് ഒരു ഭാഗം ചരിഞ്ഞ് കൊണ്ട് ഞാൻ കിടന്നു. ഏഴ് മണി വരെ നേരം തള്ളി നീക്കണം. ഞാൻ സ്വയം എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ആ പുലമ്പൽ അടുത്തു കിടന്നിരുന്നവനെ ശല്യപ്പെടുത്തി. അവൻ എന്നെ തട്ടി ഉണർത്തി ചീത്ത വിളിച്ചു.
മിണ്ടാതെ കിടക്കാൻ താക്കീതു നൽകി.
ക്ഷീണത്താൽ ഒന്നു കണ്ണടഞ്ഞേപ്പോൽ മനസ്സ് നാട്ടിലേക്ക് ഒരു യാത്ര പോയതായിരുന്നു അത്.
ഉമ്മറത്ത് ഉമ്മ എന്നെ കാത്ത് ഇരിപ്പുണ്ട്. എന്നെക്കുറിച്ച് വേവലാതി പറയുന്ന ഉപ്പയുടെ സ്വരവും കേൾക്കാമായിരുന്നു. മുറ്റത്തെ തേൻമാവ് കാറ്റത്ത് മന്ദമായി ഉലയുന്നത് എന്തു ഭംഗിയാണ്.
" ഞാൻ പോകുവാ " ഇടയ്ക്കെപ്പോഴോ അവളുടെ ആ വാക്കുകളും ഞാൻ കേട്ടു.
ചെറു കിനാവെങ്കിലും എന്റെയുള്ളിൽ അത് ഒരു സ്ഫോടനം നടത്തി. ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു.
(തുടരും)