പെട്ടന്ന് ജീപ്പിന്റെ പിൻസീറ്റിൽനിന്നും ഒരുവനിറങ്ങി... അവനെ കണ്ട് ഭദ്ര ഞെട്ടിത്തരിച്ചു... അവൻ തന്റെ അരയിൽ നിന്നും ഒരു പേനാക്കത്തിയെടുത്ത് അച്ചുവിന്റെ ആഞ്ഞു കുത്തി... അച്ചുവിന്റെ പുറത്ത് ആ കത്തിതുളച്ചുകയറി...
\"അച്ചുവേട്ടാ.... \"
ഭദ്ര ഓടിവന്ന് അച്ചുവിനെ താങ്ങിപ്പിടിച്ചു... അവന്റെ പുറത്തുനിന്നും ചുടുരക്തം ഒഴുകുന്നുണ്ടായിരുന്നു... അവൾ തന്റെ സാരിയുടെ തലപ്പാവു വലിച്ചുചീന്തി അച്ചുവിന്റെ കുത്തേറ്റ ഭാഗത്തുകൂടി വരിഞ്ഞു കെട്ടി... അപ്പോഴേക്കും അച്ചുവിനെ കുത്തിയവനും ഷാജിയും ജീപ്പിലേക്ക് ഓടിക്കയറി ജീപ്പുമായി അവിടെനിന്നും പോയിരുന്നു... എന്നാൽ വേദന കൊണ്ട് അച്ചു പിടയുകയായിരുന്നു... സാരിക്കഷ്ണംകൊണ്ട് വരിഞ്ഞുകെട്ടിയിട്ടും... അച്ചുവിന്റെ മുറിവിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു... ഭദ്ര കരഞ്ഞുകൊണ്ട് അവന്റെ മുറിവിൽ അമർത്തിപിടിക്കുന്നുണ്ടായിരുന്നു... ആതിര അപ്പോഴേക്കും കറിയാച്ചനെ വിളിച്ച് കാര്യം പറഞ്ഞു... പിന്നെ എന്തെങ്കിലും വാഹനം കിട്ടാൻ വേണ്ടി അടുത്തുള്ള വീട്ടിലേക്ക് ഓടി... എന്നാൽ അപ്പോഴേക്കും അടുത്തുള്ളവർ ഓടി വന്നിരുന്നു... അതിൽ മാന്യനെന്നു തോന്നിക്കുന്ന ഒരാൾ അച്ചുവിനെ വാരിയെടുത്ത് തോളിലിട്ട് ഓടി... പുറകെ ഭദ്രയും ആതിരയും പിന്നെ കുറച്ചുപേരും... കുറച്ച് മുന്നോട്ടു പോയപ്പോൾ ജിമ്മിച്ചൻ കാറുമായി വരുന്നത് കണ്ടു... കാർ നിറുത്തി അച്ചുവിനെ താങ്ങി കാറിൽ കിടത്തി... ഭദ്രയും ആതിരയും പുറകെ കയറി... അച്ചുവിനെ എടുത്തുകൊണ്ടുവന്നിരുന്ന ആളും മുൻ സീറ്റിൽ കയറി... ജിമ്മിച്ചൻ കാർ സ്പീഡിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിച്ചു...
മണിക്കൂറുകൾ കഴിഞ്ഞു... ഭദ്രയും ആതിരയും ചങ്കിടിപ്പോടെ ഓപ്രേഷൻ തിയേറ്ററിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.. ജിമ്മിച്ചനും കൂടെ വന്ന ആളും എല്ലാറ്റിനും ഓടിനടക്കുകയായിരുന്നു.. അവസാനം ഓപ്രേഷൻതിയേറ്ററിന്റെ ഡോർ തുറന്ന് ഡോക്ടർപുറത്തേക്ക് വന്നു... ജിമ്മിച്ചൻ ഡോക്ടറുടെയടുത്തേക്ക് ചെന്നു... \"
\"പേടിക്കാനൊന്നുമില്ല... അപകടനില തരണം ചെയ്തിട്ടുണ്ട്... കരക്ട് സമയത്ത് എത്തിച്ചതുകൊണ്ട് കുഴപ്പമില്ല... മുറിവ് അത്ര ആഴത്തിലാണെന്നേയുള്ളൂ... വേറെ പ്രശ്നമൊന്നുമില്ല... കുറച്ചധികം രക്തം പോയിട്ടുണ്ട്... ഇവിടെ രോഗികൾക്ക് കൂട്ടുവന്ന രണ്ടു പേരാണ് രക്തം നല്കിയത്... അവരെയൊന്ന് കണ്ട് നന്ദി പറഞ്ഞേക്ക്... കുറച്ചുകഴിഞ്ഞ് വാഡിലേക്ക് മാറ്റും... അന്നേരം കാണാം...പിന്നെ തനിക്ക് അത്രക്ക് വേണ്ടപ്പെട്ട ആരെങ്കിലുമാണോ ഇയാൾ... \"
\"അതെ എനിക്ക് വേണ്ടപ്പെ ആളു തന്നെയാണ്... \"
ജിമ്മിച്ചൻ പറഞ്ഞു...
\"ശരിക്കും ഇത് കേസാക്കേണ്ടതാണ്... തന്റെ വേണ്ടപ്പെട്ട ആളായതുകൊണ്ടാണ് അത് വേണ്ടെന്നു വച്ചത്... കണ്ടിട്ട് ഇയാൾ ഒരു ക്രിമിനലാണെന്ന് തോന്നുന്നില്ല... എന്താണുണ്ടായത്... \"
ജിമ്മിച്ചൻ കാര്യങ്ങൾ പറഞ്ഞു... \"
\"അന്നേരം കേസിന് പോവുകയല്ലേ വേണ്ടത്... അവനെപ്പോലെ ഒരുത്തൻ പുറത്ത് നിൽക്കുന്നത് എല്ലാവർക്കും ആപത്തല്ലേ... \"
\"എന്നിട്ട് എന്തിന്.. രണ്ടു ദിവസം കഴിഞ്ഞാൽ അവൻ വീണ്ടും പുറത്തിറങ്ങും.. നമ്മൾ കഷ്ടപ്പെടുന്നത് വെറുതേ... \"
\"അതും ശരിയാണ്... എന്നാൽ ശരി... അവരെ പറഞ്ഞ് സമാധാനിപ്പിക്ക്... അതും പറഞ്ഞ് ഡോക്ടർ നടന്നു...
അപ്പോഴേക്കും ആതിര വിളിച്ചറിച്ചതിനെ തുടർന്ന് കിച്ചു ഓടിക്കിതച്ച് അവിടെ എത്തിയിരുന്നു...
\"ചേച്ചീ എന്താണ് അച്ചുവേട്ടന് പറ്റിയത്... കിച്ചു കരഞ്ഞുകൊണ്ട് ചോദിച്ചു... ജിമ്മിച്ചൻ അവനെ മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു...
രണ്ടുദിവസം കഴിഞ്ഞ് അച്ചുവിനെ ഡിസ്ചാർജ് ചെയ്തു... ആതിരയുടെ വീട്ടിൽ നിൽക്കാമെന്ന് പറഞ്ഞിട്ടും അതിന് അച്ചു സമ്മതിച്ചില്ല... അവസാനം അവന്റെ ഇഷ്ടപ്രകാരം അവർ താമസിക്കുന്ന സ്ഥലത്തുതന്നെ താമസിക്കാമെന്ന് സമ്മതിച്ചു... അച്ചുവിനെ കിച്ചുവും ജിമ്മിച്ചനുംകൂടി കാറിൽനിന്നും താങ്ങിയിറക്കി അകത്തെ കട്ടിലിൽ കൊണ്ടുപോയി കിടത്തി...
\"അച്ചൂ... യഥാർത്ഥത്തിൽ ഷാജിയല്ല നിന്നെ കുത്തിയത് എന്നു പറഞ്ഞു... കൂടെയുണ്ടായിരുന്ന ആൾ ഷാജിയുമായി പ്രശ്നം നടക്കുന്നതിനിടയിൽ ജീപ്പിന്റെ പിൻസീറ്റിൽനിന്നും ഇറങ്ങിവന്ന് കുത്തിയതാണ്... ആ ആളെ നീ അറിയുമോ... അയാൾ അപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ ഇടപെട്ട് രണ്ടുപേരെയും മാറ്റുന്നതിനു പകരം ഇറങ്ങിവന്ന് കുത്തിയതാണ്... മുമ്പ് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടാവാതെ വെറുതെയവൻ നിന്നെ കുത്തില്ല... ആരാണവൻ... \"
ജിമ്മിച്ചൻ ചോദിച്ചു...
\"എനിക്ക് അറിയില്ല... പക്ഷേ അവനെ... അവനെ എവിടെയോ കണ്ട് പരിചയമുണ്ട്... കുത്തിയ സമയത്ത് ഒരു മിന്നായം പോലെ അവനെ കണ്ടതെങ്കിലും ആ മുഖം എനിക്ക് മുമ്പ് കണ്ട പരിചയമുണ്ട്... അവനാരാണെന്നോ എന്തിനാണ് എന്നെ കുത്തിയതെന്നോ എനിക്കറിയില്ല... \"
അച്ചു പറഞ്ഞു...
\"പിന്നെ ആരാണവൻ... ഷാജിയെ നിന്റെ കയ്യിൽനിന്നും രക്ഷിക്കാൻ വേറെ എന്തൊക്കെ മാർഗ്ഗമുണ്ട്... ഇത് എന്തോ ഒരു പക അയാളിലുണ്ട്... \"
\"എനിക്കറിയാം അതാരാണെന്ന്... എന്നോടുള്ള ദേഷ്യമാണ് പാവം അച്ചുവേട്ടനോട് തീർത്തത്... \"
ഭദ്ര ചുമരും ചാരിനിന്ന് മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു... \"
\"നിങ്ങളറിയുമെന്നോ... എങ്ങനെ.... പക്കാക്രിമിനലായ ഷാജിയുടെ കൂടെ നടക്കുന്ന അവനെപ്പോലെ ഒരുത്തനെ നിങ്ങളറിയുമെന്നോ...\"
ജിമ്മിച്ചൻ സംശയത്തോടെ ചോദിച്ചു...
\"അതെ അറിയും... അയാൾ ഇവിടെ എങ്ങനെയെത്തി എന്നെനിക്കറിയില്ല... പക്ഷേ എന്റെ ജീവിതത്തിൽ ഒരു കരടായിരുന്നു അയാൾ... കുറച്ചു കാലമായി എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു... എന്റെ.. എന്റെ അമ്മാവന്റെ മകനാണ് അയാൾ... വിനയേട്ടൻ... \"
\"വിനയേട്ടനോ... വിനയേട്ടൻ എന്തിനാണ് അച്ചുവേട്ടനെ... \"
കിച്ചു ചോദിച്ചു...
\"ഞാൻ പറഞ്ഞില്ലേ എന്നോടുള്ള ദേഷ്യവും പകയുമാണ് അയാളെ അതിന് പ്രേരിപ്പിച്ചത്... അന്ന് ഞാൻ തീരുമാനിച്ച എന്റെ മരണം ഇന്ന് നടന്നിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയുണ്ടാകുമായിരുന്നോ... അന്ന് ആതിരയുടെ ആ വിളിയാണ് എല്ലാറ്റിനും കാരണം... ഞാൻ ഇല്ലാതായിരുന്നെങ്കിൽ ഇങ്ങനെയൊന്നും... \"
ഭദ്ര തിരിഞ്ഞ് മുഖം ചുമരിലമർത്തി പൊട്ടിക്കരഞ്ഞു...
\"എവിടെപ്പോയാലും എനിക്ക് മനഃസമാധാനമുണ്ടാകില്ല... ദൈവം പോലും എന്നെ കൈവിട്ടതാണ്... \"
ജിമ്മി അവളുടുടെയടുത്തേക്ക് ചെന്നു...
\"കരയാതെ... ഒന്നും നിങ്ങളുടെ കാരണാത്തല്ലല്ലോ... ഇവന് ഇതുപോലെ ഒരപകടം സംഭവിക്കുമെന്ന് ദൈവം നിശ്ചയിച്ചതാകാം... അതിന് സ്വയം പ്രാകരുത്... നിങ്ങൾക്ക് എന്റെ അനിയത്തിയുടെ പ്രായമേ കാണൂ എന്നെനിക്കറിയാം... ഒരേട്ടന്റെ സ്ഥാനത്തു നിന്ന് ചോദിക്കുകയാണെന്ന് കരുതണം... നിങ്ങളുടെ ജീവിതം കുറച്ചധികം കഷ്ടതകൾ നിറഞ്ഞതാണെന്ന് ആതിര പറഞ്ഞറിയാം... എന്താണ് അവന് നിന്നോട് ഇത്രയധികം ദേഷ്യം തോന്നാൻ കാരണം... പറയാൻ ബുദ്ധിമുട്ടുള്ളതാണെങ്കിൽ വേണ്ടട്ടോ... \"
\"എന്റെ ജീവിതം അതെനിക്ക് നഷ്ടമായത് എന്റെ നാലാം വയസ്സിലായിരുന്നു... അവിടുന്നങ്ങോട്ട് കഷ്ടതകൾ മാത്രമാണ് എനിക്ക് സ്വന്തമായിട്ടുണ്ടായിരുന്നത്... എന്റെ അമ്മയുടെ മരണശേഷം എല്ലാവരുടേയും നിർബന്ധം സഹിക്കാൻ വയ്യാതെയാണ് അച്ഛൻ മറ്റൊരു വിവാഹം ചെയ്തത്... അച്ഛന്റെ, ആഗ്രഹം പോലെ എന്നെ സ്വന്തം മകളായി കണ്ടു ചെറിയമ്മ... അതായത് ഈ കിച്ചുവിന്റെ അമ്മ... ഒരമ്മയുടെ സ്നേഹം അവരിൽ നിന്നും ഞാനനുഭവിച്ചു... എന്റെ സന്തോഷം ദൈവത്തിന് പിടിച്ചു കാണില്ല... അതിനു തെളിവായിരുന്നു പിന്നെയുള്ള എന്റെ ജീവിതം... കിച്ചു ജനിച്ചതു മുതലാണ് എന്റെ ദുരന്തങ്ങൾ തുടങ്ങിയത്... എന്നെ സ്വന്തം മകളായി കണ്ട ചെറിയമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി... എന്നെ ഏതോ ശത്രുവിനെ കാണുന്നതു പോലെയാണ് പിന്നെ കണ്ടത്... എന്റെ അനിയൻ കിച്ചുവിനെ കളിപ്പിക്കുന്നതോ കൊഞ്ചിക്കുന്നതോ എന്തിനേറെ അവനെ കാണാൻ പോലും എന്നെ സമ്മതിക്കുമായിരുന്നില്ല... എന്റെ ജാതകത്തിന്റെ ഫലമാണ് എന്റെ അമ്മയെ ഇല്ലാതാക്കിയതെന്നുവരെ പറഞ്ഞു കൊണ്ടിരുന്നു... എന്നാൽ അച്ഛൻ വീട്ടിലുള്ള സമയത്ത് എന്നെ കണ്ണിലെ കൃഷ്ണമണി നോക്കുന്നതുപോലെ അഭിനയിക്കുകയും ചെയ്യും... അച്ഛന്റെ മുന്നിൽ അവർ സ്നേഹനിധിയായ അമ്മയായിരുന്നു... അവരുടെ പീഡനങ്ങളായിരുന്നു എന്റെ ജീവിതത്തിൽ പിന്നിട്... ഞങ്ങൾ വളർന്നു... അതിനിടയിൽ പലതരത്തിലുള്ള പീഡനങ്ങളും ഞാനും ഇവനും അനുഭവിച്ചു... ഞാനും കിച്ചുവും സ്കൂളിലും അച്ഛൻ പണിക്കും പോകുന്ന സമയത്ത് വീട്ടിൽ ആരോ ഒരാൾ വരുന്നുണ്ടെന്ന വിവരം അയൽപക്കത്തുള്ളവർ പറഞ്ഞറിഞ്ഞു... അങ്ങനെ ഇതുപോലെയുള്ള ഒരു ദിവസം പണിക്കുപോയ അച്ഛൻ എന്തോ കാരണത്താൽ പണിയില്ലാതെ തിരിച്ചുവന്നു... അന്നേരം വീട് പുറത്തുനിന്നും ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു... ചെറിയമ്മ എന്തെങ്കിലും അവിശ്യത്തിന് പുറത്ത് പോയതാകുമെന്ന് കരുതിയ അച്ഛൻ ഉമ്മറത്ത് കയറിയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ വീടിനുള്ളിൽ നിന്ന് ആരുടേയോ സംസാരം കേട്ടു അച്ഛൻ...
തുടരും....
✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖