Aksharathalukal

എലിസബേത്ത്

🟥 രവി നീലഗിരിയുടെ നോവൽ
©️


അധ്യായം അഞ്ച്




      ഇന്ന് വെള്ളിയാഴ്ച്ച.
എലിസബേത്തിന് വെള്ളിയാഴ്ച്ചകളെ ഇഷ്ടമല്ല. അത് കൊണ്ട് തന്നെ ഓരോ വെള്ളിയാഴ്ച്ചകളും കുഞ്ഞി എലിസബേത്തിന് ഉറക്കത്തിന്റെ നീണ്ട വെളുപ്പാൻ കാലങ്ങളാകുന്നു. 
      പുതപ്പെടുത്ത് തലവഴി മൂടി കൊതി തീരും വരെ അവൾ കിടന്നുറങ്ങുന്നു. സൂര്യൻ ഉദിച്ചുയരുന്നതോ, കിളികളുടേയോ അണ്ണാറക്കണ്ണന്റെയോ ചിലക്കലുകളോ, കാക്കകളുടെ കരച്ചിലോ, അടുക്കളയിലെ മമ്മയുടെ ഓട്ടപ്പാച്ചിലുകളോ, ചേച്ചിമാരുടെ സ്കൂളിൽ പോകാനുള്ള തിരക്കുകളോ ഒന്നും അവൾ അറിയുന്നില്ല.
        വെള്ളിയാഴ്ച്ചകളൊഴിച്ച് മറ്റേതൊരു ദിവസവും വെളുപ്പിന് അഞ്ച് മണിക്ക് മമ്മയുടെ കൂടെ അവൾ എഴുന്നേല്ക്കുന്നു. അന്നേരം ചേച്ചിമാരും പപ്പയുമൊക്കെ നല്ല ഉറക്കമായിരിക്കും. വെളുപ്പാൻ കാലത്തെ നിശ്ശബ്ദതയിൽ ദൂരെയുള്ള റോഡിലൂടെ ചരക്ക് ലോറികൾ കടന്ന് പോകുന്ന ശബ്ദം അവൾക്ക് കേൾക്കാം. പിന്നെ കാക്കകളുടെ കരച്ചിലും, കിളികളുടെ ചിലയ്ക്കലും…
        കുഞ്ഞിക്കണ്ണുകൾ തിരുമ്മി പാതി മയക്കത്തോടെ അടുക്കളയിൽ മമ്മയുടെ സാരിയിൽ തൂങ്ങി വാല് പോലെ കുറച്ചു സമയം അവൾ പുറകെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഈ വാലിൽ തൂങ്ങിയുള്ള നടപ്പിൽ ചിലപ്പോഴൊക്കെ സോഫിയ ദ്വേഷ്യപ്പെടും.
    " നിനക്ക് കുറച്ചു നേരം കൂടെ ഉറങ്ങാൻ മേലെ.. ആദീ ?"
    " ഇനി എനിക്കുറങ്ങണ്ട മമ്മാ.."
    " ചേച്ചിമാരെ നോക്ക്യേ..അവര് കിടന്ന് ഉറങ്ങുന്നത് കണ്ടോ..നീ..?"
    " മമ്മ വാതിൽ തുറക്ക്.."
      എലിസബേത്തിന് വാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങണം. നരച്ച ഇരുട്ടിൽ നാട്ടുമാവിന്റെ നിഴലുകളും മങ്ങിയ വെളിച്ചവും ഇഴ ചേർന്ന് വീണു കിടക്കുന്ന മുറ്റത്ത് വെറുതെയങ്ങനെ നടക്കണം. വിരിയാൻ തുടങ്ങുന്ന പൂമൊട്ടുകളോട് സംസാരിക്കണം.
     വയലൂരപ്പൻ്റെ ഭക്തിഗാനങ്ങൾ അമ്പലപ്പറമ്പിൽ നിന്നും ഇടവഴിയിലൂടെ കടന്ന് മുറ്റത്തേക്ക് കടന്നു വരുന്നുണ്ടാകും അന്നേരം. കിളികൾ മുറ്റത്തെ മരച്ചില്ലകളിലേക്ക് വെളുപ്പാൻ കാലത്ത് പറന്നിറങ്ങുന്നതും, പൂക്കൾ വിടരുന്നതും, ഇലത്തുമ്പുകളിൽ മഞ്ഞിൻ കണങ്ങൾ വീണു കിടക്കുന്നതും, സൂര്യൻ ഉദിച്ചുയരുന്നതും അവൾക്ക് കാണണം.
   " ആദീ..വല്ല ഇഴജന്തുക്കളുമുണ്ടാകും മുറ്റത്ത്..ഇങ്ങ് കേറിപ്പോരുന്നുണ്ടോ..നീ.!"
അടുക്കളയിൽ നിന്നും സോഫിയ പറയുന്നതൊന്നും അന്നേരം എലിസബേത്ത് കേൾക്കുന്നില്ല. വെളുപ്പാൻ കാലത്തിന്റെ മഞ്ഞുപെയ്യുന്ന നനുത്ത തണുപ്പിൽ അവളൊന്നും കേൾക്കുന്നില്ല.
     " എന്തിനാ മോളേ നീയിത്ര നേരത്തെ എണീക്കുന്നേ ?"
സോഫിയ ദിവസവും അവളോട് ചോദിക്കും. അതിന് മറുപടിയൊന്നേയുള്ളു അവൾക്കും -
     " ഒരു ദെവസത്തിന്റെ മുഴുവൻ ഭംഗീം കാലത്തല്ലേ മമ്മാ...അത് പോയാ ആ ദെവസം തന്നെ പോയില്ലേ മമ്മാ..."
      പക്ഷെ എല്ലാ വെള്ളിയാഴ്ച്ചകളിലും കുഞ്ഞി എലിസബേത്ത് നേരം വൈകിയെണീക്കുന്നു. തലവഴി പുതപ്പെടുത്ത് മൂടി കണ്ണുകൾ ഇറുകെയടച്ച് കിടക്കുന്നു. വെളുപ്പാൻ കാലങ്ങളിലെ കിളികളെയോ പൂക്കളെയോ സൂര്യനെയോ അവൾക്ക് കാണേണ്ട. അമ്പലത്തിൽ നിന്നും ഇടവഴിയിലൂടെ കയറി വരുന്ന വയലൂരപ്പന്റെ ഭക്തിഗാനങ്ങളും അവൾക്ക് കേൾക്കേണ്ട.
      സ്കൂൾ തുറന്നതിന് ശേഷം വന്ന ആദ്യത്തെ വെള്ളിയാഴ്ച്ചയും അങ്ങനെ തന്നെയായിരുന്നു. സമയം എട്ട് മണിയായിട്ടും എലിസബേത്ത് എണീറ്റതേയില്ല. ചേച്ചിമാരെല്ലാം ഡ്രസ്സ് ചെയ്ത് മുറ്റത്തേക്കിറങ്ങി. അവരെല്ലാം സെൻ്റ് ജൂഡ് സ്കൂളിലേക്കാണ്. അവരുടെ ബസ്സ് നേരത്തെ വരും. വീണ്ടും അര മണിക്കൂറോളം കഴിയണം കുഞ്ഞി എലിസബേത്തിൻ്റെ ബസ്സിന് . 
       സോഫിയ അത്ഭുതപ്പെട്ടു. 
ഇവളെണീറ്റില്ലേ ഇതുവരെ. ?
എന്തു പറ്റി? അവൾ ബെഡ് റൂമിലേക്കോടിച്ചെന്നു.
     " ആദീ...സ്കൂളീപ്പോണ്ടേ നിനക്കിന്ന് ?"
     " ഇന്ന് വെള്ളിയാച്ചല്ലേ മമ്മാ.."
     " അതിന് - "
     " ഞാനിന്ന് സ്കൂളീപ്പോണില്ല..."
     " അതെന്താ ?"
     " വെള്ളിയാച്ചേനെ ക്ക്ഷ്ടംല്ല്യ മമ്മാ."
സോഫിയ അന്നേരം ഒരു അമ്പരപ്പിലക്ക് വഴുതി വീണു. കുഞ്ഞി എലിസബേത്തിന് വെള്ളിയാഴ്ച്ചകളെ ഇഷ്ടമല്ല. ആഴ്ച്ചയിൽ അവൾക്ക് മാത്രം ആറു ദിവസങ്ങളെയുള്ളു. അത് മതി അവൾക്ക്. സോഫിയക്ക് അത് മനസ്സിലാക്കാൻ പിന്നെയും കുറെ വെള്ളിയാഴ്ചകൾ കടന്ന് പോരേണ്ടി വന്നു.
അന്ന് അവൾ സ്കൂളിൽ പോയില്ല.
സോഫിയുടെ നിർബ്ബന്ധങ്ങൾക്കോ ശാസനകൾക്കോ എലിസബേത്തിനെ മാറ്റാനായില്ല. സോഫിയ ഒന്നും മിണ്ടാതെ കുറച്ച് സമയം അവളെ തന്നെ നോക്കി നിന്നു. ശ്വാസം കിട്ടാതെയുള്ള എലിസബേത്തിന്റെ വലിയൊരു കരച്ചിൽ സോഫിയക്ക് കാണാൻ വയ്യ. അത് കൺമുൻപിലുണ്ട്.
     അടുക്കളയിലേക്ക് നിശ്ശബ്ദമായി പിൻ തിരിഞ്ഞ് നടക്കുമ്പോൾ തൊണ്ടയിൽ കണ്ണുനീർ വന്ന് നിറയുന്നത് സോഫിയ സ്വയമറിഞ്ഞു.
      " ഇവളിങ്ങനെയായാൽ ഞാനെന്ത് ചെയ്യും ഇച്ചായാ..?"
      " ചെറിയ കുഞ്ഞല്ലെ.. ഒരു ദിവസം പോയില്ലാന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല - "
      " എന്നാലും ഇങ്ങനെയുണ്ടോ ഓരോ സ്വഭാവങ്ങള്.."
      " സാരല്ല്യ.. കുറച്ച് കഴിയുമ്പോൾ എല്ലാം ശര്യാവും."
സോളമൻ സോഫിയയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
      വെള്ളിയാഴ്ച്ചകളെ എലിസബേത്ത് ജീവിതത്തിൽ നിന്നും മാറ്റി നിർത്തി. വെള്ളിയാഴ്ച്ചകളെ അവൾ ഭയന്നു. അതു കൊണ്ടു തന്നെ ഓരോ വെള്ളിയാഴ്ച്ചകളും അവളുടെ ഉറക്കത്തിലൂടെ നടന്നു കയറി ശനിയാഴ്ച്ചകളിലേക്ക് ഇറങ്ങിപ്പോയി…
       " മോളിന്ന് സ്കൂളീ പോയില്ലാന്ന് മമ്മ പറഞ്ഞു."
രാത്രിയിൽ സോളമൻ അവളെ പിടിച്ച് അരികിൽ കിടത്തി.
      " ഇന്ന് വെള്ളിയാഴ്ച്ചയല്ലെ.. പപ്പാ ?"
      " അതിന് - ?"
      " വെള്ളിയാഴ്ച്ചേനെ ഇനിക്കിഷ്ടംല്ല.. പപ്പാ-"
     " അതെന്താ മോൾക്ക് വെള്ളിയാഴ്ച്ചേനെ ഇഷ്ടല്ലാത്തെ ?"
അഭിശപ്തമായ ദിവസം. എന്റെ ജനന ദിവസം. എനിക്കത് പപ്പയോട് പറയാൻ വയ്യ. എലിസബേത്ത് ഒരു നുണ പറഞ്ഞു:
      " പപ്പാ..അത് ലൂസിഫറിന്റെ ദിവസമാ.."
അവൾ സ്വകാര്യം പറയുന്നത് പോലെയാണത് പറഞ്ഞത്. സോളമൻ ചിരിച്ചു.
      " ഇതാരാ മോളോട് പറഞ്ഞെ ? "
      " ദൈവം.."
      " ദൈവമോ? "
      " ഉം…"
      " എപ്പൊ ?"
      " ഒരു വെള്ളിയാഴ്ച്ച രാത്രീല് -"
      " മോള് ദൈവത്തെ കണ്ടോ ?"
      " പിന്നെ കാണാതെ..! എന്റെ അടുത്തു വന്നല്ലേ പറഞ്ഞെ.."
സോളമൻ അല്പനേരം നിശ്ശബ്ദനായി. പിന്നെ അയാളൊന്നും ചോദിച്ചില്ല. 
     കുറെ കഴിഞ്ഞ് എലിസബേത്ത് ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ സോളമൻ എഴുന്നേറ്റ് സോഫിയുടെ മുറിയിലേക്ക് ചെന്നു.
     " എനിക്കൊരിക്കലും മന:സ്സമാധാനം തരില്ലാന്നുണ്ടോ.. എന്റെ ജീസസ്സ് ?"
     " നീയൊന്ന് സമാധാനപ്പെട്.."
ചെകുത്താന്റെ ദിവസം.
ദി ഡെവിൾ ഫ്രൈഡെ..
എലിസബേത്ത് ജനിച്ചതും ഒരു വെള്ളിയാഴ്ച്ചയാണല്ലൊ എന്നും സോളമൻ പെട്ടെന്നോർത്തു.
പെട്ടെന്ന് ജനലഴികൾക്കുള്ളിലൂടെ അകത്തേക്ക് ശക്തമായ ഒരു കാറ്റടിച്ചു. വലിയ ശബ്ദത്തോടെ കതകുകൾ തുറന്നടഞ്ഞു. എഴുന്നേറ്റ് ചെന്ന് ജനൽപ്പാളികളടച്ച് അയാളതിന്റെ കൊളുത്തുകളിട്ടു. 
     അന്ന് രാത്രിയിൽ സോളമൻ കുറെ കഴിഞ്ഞാണ് ഉറങ്ങാൻ കിടന്നത്. കിടക്കുന്നതിന് മുൻപായി അയാൾ സുഹൃത്ത് ഫാദർ പന്തല്ലൂക്കാരന് ഫോൺ വിളിച്ചു.
     " സൺഡെ എനിക്കൊന്ന് കാണാൻ പറ്റുമോ ഫാദർ ?"
     " അതിനെന്താ - "
     " ചാപ്പലിലേക്ക് വരാം.."
     " അത് വേണ്ട..മേടയിലേക്ക് വാ.. മാസിന് ശേഷം - "
സോഫിയ സോളമന്റെ നെഞ്ചിലേക്ക് തല ഒന്നുകൂടെ ചേർത്ത് വെച്ച് കിടന്നു. 
     " ആർക്കാ വിളിച്ചെ ?"
     " ഫാദറിന് - "
     " എന്തേ..?"
     " വെറുതെയൊന്ന് കാണാൻ.."
     " ഉം..നല്ലതല വേദന. ഞാനുറങ്ങട്ടെ ഇച്ചായാ.."
മറ്റൊന്നും അവൾ ചോദിച്ചില്ല. ഭാഗ്യം. വലതു കൈ കൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു.
കണ്ണുകളടച്ച് കിടക്കുന്ന സോഫിയെ അയാൾ കുറച്ച് സമയം വെറുതെ നോക്കി കിടന്നു.
തീരെ ഭാഗ്യമില്ലാത്തവളായല്ലൊ എന്റെ സോഫി.
മനസ്സമാധാനമില്ലാത്തവൾ..
വർഷങ്ങളായി ഒരാൺകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ വേവലാതി. പിന്നെ വാടിക്കരിയുന്ന പ്രതീക്ഷകളുടെ കണ്ണീരുപ്പ്…
ഇപ്പോഴിതാ..എലിസബേത്തിന്റെ പിടികിട്ടാത്ത സ്വഭാവങ്ങളിൽ സമാധാനം നഷ്ടപ്പെട്ട ദിനരാത്രങ്ങളും..
     എലിസബേത്തിനെക്കുറിച്ചുള്ള ഓരോ പരാതികളുമായി വരുമ്പോഴും അയാളറിയുന്നുണ്ട് അവളുടെ മനസ്സിന്റെ വേവലാതികൾ. ചിരിച്ച് അവളെ സമാധാനിപ്പിക്കുകയല്ലാതെ മറ്റെന്ത് വഴി ?
      അയാൾ കൈവിരലുകൾ കൊണ്ട് അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ തലോടി. പിന്നെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ഒരു മാത്ര ചേർത്ത് വെച്ചു.
      " ഉറങ്ങിയില്ലെ..? ഇതു വരെ."
അർദ്ധ മയക്കത്തിൽ നിന്നും അവൾ ഞെട്ടിയുണർന്നു.
      " ഇല്ല – "
      " ഇച്ചായൻ തളർന്നാൽ ഞാനും തളരും.."
      "മോളുറങ്ങിക്കോ.."
സോളമൻ തിരിഞ്ഞ് കിടന്നു.
       എന്തായാലും വെള്ളിയാഴ്ച്ചകളിൽ മാത്രം എലിസബേത്ത് നേരം വൈകിയെണീക്കുന്നു. പല്ല് തേക്കുന്നതും, കുളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതുമെല്ലാം തോന്നുമ്പോൾ മാത്രം. എല്ലാ ദിനചര്യകളേയും തെറ്റിച്ചു കൊണ്ടുള്ള ഒരു ദിവസം. കുഞ്ഞി എലിസബേത്തിന്റെ ക്ലാസ്സ് ടൈം ടേബിളിൽ വെള്ളിയാഴ്ച്ചയില്ല. വ്യാഴം കഴിഞ്ഞ് വരുന്ന ദിവസം ശനിയാഴ്ച്ചയാണ്. 
       എങ്കിലും എല്ലാ വെള്ളിയാഴ്ച്ചകളിലും മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന എലിസബേത്തിനെ സോഫിയ കുലുക്കി വിളിച്ചുണർത്തും.
      " എണീക്ക് മോനേ..സ്കൂളീ പോണ്ടേ.?"
      " ഇന്ന് വെള്ളിയാഴ്ച്ചയല്ലേ മമ്മാ.."
തലവഴി കമ്പിളിയെടുത്തു മൂടി അന്നേരം അവൾ തിരിഞ്ഞു കിടക്കും. ദിവസങ്ങൾ കഴിയുന്തോറും സോഫിയയുടെ ആധി കൂടിക്കൂടി വന്നു. മനസ്സമാധാനമില്ലാത്ത ദിവസങ്ങളിലൂടെയാണ് അവളിപ്പോൾ കടന്നു പോകുന്നത്. ആകെയൊരു പിടി കിട്ടായ്ക. ചേച്ചിമാർക്കാർക്കുമില്ലാത്ത ഈ സ്വഭാവങ്ങൾ ഇവൾക്കെവിടുന്ന് കിട്ടി ?
       " മോള് മമ്മയെ ഇങ്ങനെ വിഷമിപ്പിക്കരുത്.."
       " ഇല്ല മമ്മാ.."
       " പിന്നെന്താ മോളിന്ന് സ്കൂളീ പോകാതിരുന്നേ.?"
       " ഞാനിവിടിരുന്ന് പഠിച്ചോളാം മമ്മാ.."
എന്താണ് പറയേണ്ടത് ? സോഫിയ ഒന്നും മിണ്ടാതെ കട്ടിലിൽ അവളുടെയടുത്തായി ഇരുന്നു. 
ഇന്ന് ഇത് വരെയായിട്ടും അവൾ കുളിച്ചിട്ടില്ല.
വാടിത്തളർന്ന മുഖം. കണ്ണീർപ്പാടുകളുണങ്ങിയ കവിളുകൾ. എണ്ണമയമില്ലാതെ അലസമായി പാറിപ്പറന്ന് കിടക്കുന്ന മുടിച്ചുരുളുകൾ..
സോഫിയുടെ ഹൃദയം നീറി.
അവൾ അഴിഞ്ഞുലഞ്ഞ് കിടന്നിരുന്ന എലിസബേത്തിന്റെ തലമുടി ചീകി നിറുകയിൽ കെട്ടിവെച്ചു.
      " ഞാനൊരു കാര്യം പറഞ്ഞാൽ മമ്മ ദ്വേഷ്യപ്പെടുമോ ?"
      " പറ - "
      " ഇനിക്കിത്രേം മുടി വേണ്ട മമ്മാ.."
      " പിന്നെ ?"
      " നീളൻ മുടി എനിക്കിഷ്ടംല്ല മമ്മാ.."
      " ന്ന് വെച്ചാ - ?"
      " ഇനിക്ക് ബോയ് കട്ട് മതി -"
      " നീയൊരു പെങ്കുട്ട്യാ...അത് മറക്കണ്ട ആദീ.." 
സോഫിയക്ക് അല്പം ദ്വേഷ്യം വന്നു. ഇതുവരെയും അവളോട് ദ്വേഷ്യപ്പെട്ട് ഒരു വാക്ക് പോലും പറയാത്തതാണ്.
      " ഞാനാങ്കുട്ട്യാ…"
അവൾ കട്ടിലിൽ നിന്നും ഊർന്നിറങ്ങി മുറിക്ക് പുറത്തേക്കോടി. സോഫിയ എത്ര വിളിച്ചിട്ടും അവൾ നിന്നില്ല.
      ഇരുൾ വനങ്ങളിലേക്കാണ് സോഫിയ ഇറങ്ങിച്ചെല്ലുന്നത്. അവിടെ കാണുന്നത് ചെങ്കുത്തായ പാറക്കെട്ടുകളും അഗാധ ഗർത്തങ്ങളും മാത്രം. ഒരു കാട്ട് പൂവു പോലും വിടർന്ന് നില്ക്കുന്നില്ലല്ലൊ എവിടെയും..!!
     ഉറക്കം വഴി മാറി നില്ക്കുന്ന വീണ്ടുമൊരു രാത്രിയോ ? മഴയായി പെയ്യാൻ പാകത്തിൽ കണ്ണുനീർ തുള്ളികൾ അവളുടെ കണ്ണുകളുടെ ഓരങ്ങളിൽ തന്നെയുണ്ട്. ഇച്ചായനിത് കാണണ്ട.
കണ്ണീരിന്റെ ഒരു തുള്ളി പോലും ഈ കണ്ണുകളിൽ പൊടിയുന്നത് ഇച്ചായനിഷ്ടമല്ല.
അവൾ ഉറങ്ങാതെ മച്ചിനു മുകളിലേക്ക് നോക്കി വെറുതെ കിടന്നു.
      " എന്തു പറ്റീ..സോഫീ..?"
      " ഒന്നുമില്ല."
      " കുറച്ചു ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു… എന്താണെങ്കിലും പറയ്.."
പെട്ടെന്ന് അയാളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് അവൾ അതിലേക്ക് മുഖം പൂഴ്ത്തി. കണ്ണീരിന്റെ ഒരു നേർത്ത ചൂട് അയാളുടെ കൈപ്പത്തിയറിഞ്ഞു. 
   അയാൾ അവളുടെ മുഖം പിടിച്ചുയർത്തി. കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്.
      " പറ..എന്ത് പറ്റി ?"
      " ഇച്ചായനിൽ നിന്നും ഞാൻ ഒരു കാര്യം മറച്ചു വെച്ചു...!"
      " എന്ത് കാര്യം..?"
സോളമൻ അവളുടെയടുത്തേക്ക് ഒന്നു കൂടെ ചേർന്ന് കിടന്നു.
     " ആദിയുടെ കാര്യങ്ങളാലോചിച്ച്‌ എനിക്ക് ഒരു മനസ്സമാധാനവുമില്ല..."
     " അവൾ കുഞ്ഞല്ലെ..?"
     " അതല്ല...കഴിഞ്ഞാഴ്ച്ച ക്ലാസ് ടീച്ചർ വിളിപ്പിച്ചിരുന്നു."
     " എന്തിന്..?"
     " അവള് ഒരാങ്കുട്ടീടെ മൂക്കിനിടിച്ച് ചോര വന്നു..."
     " എന്നിട്ട്...?"
     " എന്നിട്ടെന്താവാനാ..! ക്ലാസ്സ് ടീച്ചർ പറഞ്ഞതെല്ലാം തല കുനിച്ചിരുന്ന് കേൾക്കേണ്ടി വന്നു - "
സോളമൻ ഒന്നും മിണ്ടാതെ കിടന്നു. സോഫിയും. എലിസബേത്ത് അവരുടെയിടയിൽ വലിയൊരു മൗനമായി പിന്നെ നിറഞ്ഞു.
     അത് മാത്രമായിരുന്നില്ല കുഞ്ഞു എലിസബേത്തിനെതിരെയുള്ള സിസ്റ്റർ അനുപമയുടെ പരാതികൾ. 
     " ക്ലാസ്സിൽ ആണുങ്ങളുടെ ബഞ്ചിലാണ് അവളുടെ ഇരിപ്പ്. എത്ര മാറിയിരിക്കാൻ പറഞ്ഞാലും അവൾ അനുസരിക്കില്ല. ആൺകുട്ടികൾ ഉപയോഗിക്കുന്ന ടോയ്ലറ്റിലേ അവൾ പോകൂ. സദാ സമയവും കൂട്ടുകാരെല്ലാം ആൺകുട്ടികൾ തന്നെ.."
       സ്റ്റാഫ് റൂമിൽ സിസ്റ്റർ അനുപമ പറയുന്നതെല്ലാം തല കുനിച്ചു നിന്ന് എലിസബേത്തും കേൾക്കുന്നുണ്ടായിരുന്നു. സോഫിയ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു. അവൾ മമ്മയെ മുഖമുയർത്തി നോക്കിയതേയില്ല. സിസ്റ്ററുടെ നോട്ടം തല കുനിച്ചു നില്ക്കുന്ന എലിസബേത്തിൽ തന്നെയാണ്.
        " വെയറീസ് ഹെർ ഫാദർ ?"
        " ജോലി സ്ഥലത്താണ്.."
        " രണ്ട് പേരോടും വരാനല്ലെ പറഞ്ഞത്. ? ആളുംകൂടെ അറിയട്ടെ…മോളുടെ തോന്ന്യവാസങ്ങള്.."
      മണിയടിച്ചു. ഇന്റർവെല്ലാണെന്ന് തോന്നുന്നു. കുട്ടികളുടെ ആരവം സോഫിയേയും എലിസബേത്തിനെയും വന്ന് പൊതിഞ്ഞു. 
      സ്റ്റാഫ് റൂമിലേക്ക് രണ്ട് മൂന്ന് ടീച്ചേഴ്സ് കൂടെ കടന്ന് വന്നു.
      സ്റ്റാഫ് റൂമിന് മുൻപിലെ വരാന്തയിലൂടെ കുട്ടികളുടെ കൂട്ടങ്ങളും കടന്ന് പോകുന്നുണ്ട്. എലിസബേത്തിനെ കണ്ടിട്ടാവണം നാലഞ്ച് പെൺകുട്ടികൾ വരാന്തയിൽ തന്നെ ചുറ്റി നിന്നു.
        " എലിസബേത്തിന്റെ അമ്മയാണോ ? "
        " അതെ - "
അപ്പോൾ കടന്നുവന്ന ഏതോ ടീച്ചറാണ്.
        " മിടുക്കിയാണ്..നന്നായി പഠിക്കും. പക്ഷെ ആൺകുട്ടികളുടെ സ്വഭാവമാണെന്നേയുള്ളു.."
സോഫിയ അവരെ നോക്കി ചിരിച്ചു. അവരും.
       " അത് മാത്രമല്ല കാര്യം..."
സിസ്റ്റർ അനുപമ ഒന്നു നിർത്തി സോഫിയയെ നോക്കി കസേരയിൽ ഒന്നു കൂടെ ചാരിയിരുന്നു.
      " ഇംഗ്ലീഷ് അക്ഷര മാലയിലെ Q എന്ന അക്ഷരം അവളെഴുതാനേ കൂട്ടാക്കുന്നില്ല. അതൊഴിച്ചുള്ള ഏതക്ഷരവും അവൾ എഴുതും. P കഴിഞ്ഞാൽ R വരും. ഇടയിൽ വരുന്ന Q അവൾ എഴുതുകയോ പറയുകയോ ചെയ്യില്ല. എത്ര അടിച്ചിട്ടും ഒരു കാര്യവുമില്ല.."
        എലിസബേത്ത് എല്ലാം കേട്ട് മുഖം കുനിച്ചു തന്നെ നില്ക്കുകയാണ്. അവൾക്കറിയാം. ടീച്ചർ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷെ ടീച്ചർ ഈ പറഞ്ഞതിലൊന്നും ഒരു തെറ്റുകളും എലിസബേത്തിന് കാണാൻ കഴിയുന്നില്ലല്ലൊ..!
      ആൺകുട്ടികളുടെ ബെഞ്ചിൽ ഇരിക്കുന്നതിൽ എന്താണ് തെറ്റ്? അവരുടെ ടോയ്ലറ്റിൽ സൂസി പോകുന്നേന് എന്താണ് തെറ്റ്? ആൺകുട്ടികളെ കൂട്ടുകാരാക്കുന്നതിൽ എന്താണ് തെറ്റ്?
       അല്പനേരം ആരും ഒന്നും മിണ്ടിയില്ല.
നിശ്ശബ്ദതയിൽ തലക്ക് മേലെ കറങ്ങുന്ന ഫാനിന്റെ അസുഖകരമായ ശബ്ദം മാത്രം സോഫിയ കേട്ടു.
എന്താണ് പറയേണ്ടത്? 
സോഫിയ നിശ്ശബ്ദയായി താഴേക്ക് തന്നെ നോക്കിയിരുന്നു. 
സിസ്റ്റർ അനുപമ എലിസബേത്തിനെ അടുത്തേക്ക് വിളിച്ചു..
      " പറയൂ..എങ്ങനെയാ Q നിൻ്റെ ശത്രുവായത്..?"
      " അതിൻ്റെ ഷേപ്പ് ഇനിക്കിഷ്ടംല്ല്യ.."
      " എന്ന് വെച്ചാ-? "
     " അതൊരു ചീത്ത അക്ഷരമാ.."
     " എലിസബേത്ത് ഇങ്ങോട്ട് നീങ്ങി നില്ക്കൂ..."
അവൾ അല്പം കൂടി സിസ്റ്ററിനടുത്തേക്ക് നീങ്ങി നിന്നു. മുഖമുയർത്തിയതേയില്ല.
      " മുഖമുയർത്തൂ..."
അവൾ മുഖമുയർത്തിയപ്പോൾ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലുകളായി കവിളിലേക്ക് ഒഴുകിയിറങ്ങുന്നത് സിസ്റ്റർ കണ്ടു. പിന്നെ പതുക്കെ അവൾ കരയാൻ തുടങ്ങി. സിസ്റ്റർ അവളെ ചേർത്ത് പിടിച്ച് മുടിയിഴകളിൽ തലോടി. അവളുടെ കണ്ണുനീരിൽ അനുപമയുടെ ദ്വേഷ്യമൊക്കെ അലിഞ്ഞു പോയിരുന്നു.
     " പറയൂ...മോളെന്തിനാ അവന്റെ മുക്കിനിടിച്ചത്..?"
     " ഞാനാങ്കുട്ട്യാണോന്ന് അവന് സംശയം.."
     " എന്നിട്ട്..?"
     " ബാത്റൂമീ..ൻ്റെ ട്രൗസറ് ഊരി നോക്കി.."
     " മോളെന്തിനാ..അപ്പൊ ആങ്കുട്ട്യോളുടെ ബാത്റൂമീ പോണേ..?"
     " ഇനിക്ക് പെങ്കുട്ട്യോളെ ഇഷ്ടംല്ല്യ...എന്നേം ഷ്ടംല്ല്യ..."
മനസ്സിൽ ചില്ലുകൾ വീണുടയുന്ന ശബ്ദം സോഫിയ കേട്ടു.
എന്റെ ജീസസ്സ്…
ഇങ്ങനെയാണോ നീയെനിക്ക് ഒരാൺകുഞ്ഞിനെ തന്നത് ?
       സിസ്റ്റർ അനുപമ ഒരു നിമിഷ നേരം നിശ്ശബ്ദയായി. അവരിപ്പോൾ നോക്കുന്നത് സോഫിയയെയാണ്.
നഖങ്ങളിലെ ചുവന്ന പോളീഷ്.
ഉറങ്ങിക്കിടക്കുമ്പോൾ ചേച്ചിമാർ ഇട്ടതായിരിക്കണം.
അതോ മമ്മയായിരിക്കുമോ ? ചുരണ്ടി കളയണം.
എലിസബേത്ത് അവളുടെ കൈ നഖങ്ങൾ നോക്കി നിന്നു.
      മണിയടിച്ചു.. 
കുട്ടികളുടെ ആരവം പതുക്കെ അകന്നകന്ന് പോയി.
       ഇറങ്ങാൻ നേരം അനുപമ സോഫിയയെ മാറ്റി നിർത്തി പറഞ്ഞു:
     " എലിസബേത്തിനെ നമുക്ക് നല്ലൊരു ഡോക്ടറെ കാണിക്കണം.."
      മഞ്ഞച്ചായമടിച്ച ചുമരുകളുള്ള വരാന്തയിൽ സോഫിയ ഒന്ന് നിന്നു. ദിശയറിയാത്തവളെപ്പോലെ അവൾ ചുറ്റും നോക്കി. ഏതാണ് പുറത്തേക്കുള്ള വഴി ?
കാലുകളിൽ ഒരു തണുപ്പ് വന്ന് പൊതിഞ്ഞു.
കുഞ്ഞി എലിസബേത്തിനെ അവൾ തന്നോട് ചേർത്ത് പിടിച്ചു.. അറിയാതെ തൊട്ടടുത്ത സിമന്റ് തൂണിൽ അവൾ ചാരി.
ഓ ജീസസ്സ്.. 
ഏലി ഏലി ലമ്മാ ശബക്താനി..
എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ നീ കൈവിട്ടതെന്തേ..?
        എലിസബേത്തും സോഫിയയും വരാന്തയിൽ നിന്നും വിശാലമായ മുറ്റത്തേക്കിറങ്ങി. മരച്ചില്ലകളുടെ നിഴലുകളിൽ ചവുട്ടി സ്റ്റെപ്പുകളിറങ്ങി അവർ നടന്നു. അവർക്കു പിറകിൽ അവശേഷിച്ച നേർത്ത ആരവങ്ങളും അകന്നകന്നുപോയി. 
     ഗേറ്റിൽ നിന്ന സെക്യൂരിറ്റിക്കു നേരെ സോഫിയ ഒരു സ്ലിപ്പെടുത്ത് നീട്ടി. അയാൾ പുഞ്ചിരിച്ച് പരിചയം പുതുക്കി.
      " എന്ത് പറ്റീ.. മോൾക്ക് ?"
അവളതിന് മറുപടി പറഞ്ഞില്ല.
സെക്യൂരിറ്റിയുടെ ചോദ്യം സോഫിയ കേട്ടില്ല.
തെരുവിന്റെ ഇരമ്പലുകളും അവൾ കേട്ടില്ല.
ഒരു മഞ്ഞിൻ മറയിലെന്നവണ്ണം മുഖമില്ലാതെ ഒഴുകി നടക്കുന്ന മനുഷ്യർ. വാഹനങ്ങൾ.. തിരക്കുകൾ..
     പുറത്ത് തിളക്കുന്ന വെയിൽ. ആരും ഒന്നും മിണ്ടിയില്ല. രണ്ട് പേരും നിശ്ശബ്ദമായി റോഡിനരികിലൂടെ നടന്നു. സാരിത്തലപ്പെടുത്ത് സോഫിയ കുഞ്ഞി എലിസബേത്തിന്റെ 
തലയിലൂടെ പൊതിഞ്ഞ് പിടിച്ചു. 
    " മമ്മാ എന്നോട് പിണങ്ങിയോ..?"
    " എയ്.. മമ്മക്ക് ആരോടും പിണങ്ങാനറിയില്ല മോളെ.."
    " പിന്നെന്താ എന്നെ ചീത്ത പറയാത്തെ..?"
    " അതോ..ഒരു ടീച്ചറ് പറഞ്ഞത് കേട്ടില്ലേ.. എന്റെ മോള് മിടുക്കിയാണെന്ന്…"
      " മമ്മാ എന്നെ ചീത്ത പറഞ്ഞോ..തല്ലിക്കോ.."
സോഫി തല കുനിച്ച് അവളുടെ നിറുകയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു. അവളുടെ കണ്ണിൽ കുറെ നേരമായി ഉരുണ്ടു കൂടി നിന്നിരുന്ന ഒരു തുള്ളി കണ്ണുനീർ അപ്പോൾ എലിസബേത്തിന്റെ നിറുകയിൽ വീണുടഞ്ഞു.
      " ഇനിക്ക് ഐസ്ക്രീം വേണം മമ്മാ.."
വഴിയരികിലൊരു ഐസ്ക്രീം പാർലറിൻ്റെ ബോർഡ് എലിസബേത്ത് കണ്ടു. ചുവപ്പിൽ വെളുത്ത അക്ഷരങ്ങിലുള്ള ഐസ്ക്രീമിന്റെ പടമുള്ള വലിയൊരു ബോർഡ്.
     സോഫിയ എലിസബേത്തിൻ്റെ കൈവിരൽത്തുമ്പു പിടിച്ച് റോഡിന് മറുവശത്തേക്ക് കടന്നു.  
      " ഒരു ഐസ് ക്രീം.."
      " അപ്പൊ..മമ്മക്ക് വേണ്ടേ ?"
      " വേണ്ട..മോള് കഴിച്ചോ.."
അവൾ ഹാന്റ് ബാഗ് തുറന്ന് വാട്ടർ ബോട്ടിലെടുത്ത് ഒരു കവിൾ വെള്ളം കുടിച്ചു.
      " മോന് വേണോ ?"
      " വേണ്ട മമ്മാ…"
സോഫിയ സോളമന്റെ മുഖം മനസ്സിലോർത്തു.
      " മോൻ…പപ്പയോടിത് പറയണ്ട.."
      " എന്തേ മമ്മാ ?"
      " വേണ്ട..പപ്പക്ക് വിഷമാവും.."
      " സാരല്യ.. മമ്മ പറഞ്ഞോ.. പപ്പ തല്ലിക്കോട്ടെ..
എനിക്ക് നല്ല അടിയുടെ കുറവുണ്ട് മമ്മാ.."
എലിസബേത്ത് അവളെ നോക്കി ചിരിച്ചു. ആ ചിരി സോഫിയുടെ വാടിയ മുഖത്ത് ചെന്ന് മുട്ടി നിന്നു. പിന്നെയത് ഒരു തണുത്ത കാറ്റായി അവളുടെ മനസ്സിലേക്കിറങ്ങി…
     ഞാനറിയുന്നുണ്ട് മമ്മയുടെ മനസ്സ്..
     ഞാനറിയുന്നുണ്ട് മമ്മയുടെ വിഷമം..
എലിസബേത്തിന്റെ കണ്ണുകളിൽ ഒരു ചിലന്തിവല പോലെ കണ്ണീർ വന്ന് കെട്ടി നിന്നു. മമ്മ കാണാതെ അവളത് സാരിത്തലപ്പിൽ തുടച്ചെടുത്തു.
     അന്നേരം അവരുടെ പുറകിലൂടെ വന്ന ഒരോട്ടോറിക്ഷയ്ക്ക് സോഫിയ കൈ നീട്ടി.

🟥 തുടരുന്നു…



എലിസബേത്ത്

എലിസബേത്ത്

0
858

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ആറ്        പുറത്ത് മഴ പതുക്കെ ചാറാൻ തുടങ്ങി. ലഞ്ച് ബ്രേക്കിന് ശേഷം കുട്ടികളുടെ ആരവങ്ങളെല്ലാം ക്ലാസ്സ് മുറികൾക്കുള്ളിലേക്ക് തിരിച്ചു പോയിക്കഴിഞ്ഞു.       പെട്ടെന്ന് വന്ന ചാറ്റൽ മഴയിൽ എലിസബേത്തും കൂട്ടുകാരികളും ഒരു നിമിഷം പകച്ചു നിന്നു. അവർ മൈതാനത്തിന്റെ ഏറ്റവും അറ്റത്തുള്ള ഒരു പറങ്കിമാവിന്റെ ചാഞ്ഞ കൊമ്പിൽ ഇരിക്കുകയായിരുന്നു. ശക്തമായി കാറ്റ് വീശാനും തുടങ്ങി.        സ്കൂളിന് പുറകിലുള്ള വിശാലമായ മൈതാനത്തിന്റെ തെക്കേ അറ്റത്തുള്ള വലിയ ഒരാലിൻ ചുവട്ടിലേക്ക് അവർ ഓടിക്കയറി. ചാഞ്ഞ് ചരിഞ്ഞു വീഴുന്ന നേർത്ത മഴ