എലിസബേത്ത്
🟥 രവി നീലഗിരിയുടെ നോവൽ
©️
അധ്യായം ആറ്
പുറത്ത് മഴ പതുക്കെ ചാറാൻ തുടങ്ങി. ലഞ്ച് ബ്രേക്കിന് ശേഷം കുട്ടികളുടെ ആരവങ്ങളെല്ലാം ക്ലാസ്സ് മുറികൾക്കുള്ളിലേക്ക് തിരിച്ചു പോയിക്കഴിഞ്ഞു.
പെട്ടെന്ന് വന്ന ചാറ്റൽ മഴയിൽ എലിസബേത്തും കൂട്ടുകാരികളും ഒരു നിമിഷം പകച്ചു നിന്നു. അവർ മൈതാനത്തിന്റെ ഏറ്റവും അറ്റത്തുള്ള ഒരു പറങ്കിമാവിന്റെ ചാഞ്ഞ കൊമ്പിൽ ഇരിക്കുകയായിരുന്നു. ശക്തമായി കാറ്റ് വീശാനും തുടങ്ങി.
സ്കൂളിന് പുറകിലുള്ള വിശാലമായ മൈതാനത്തിന്റെ തെക്കേ അറ്റത്തുള്ള വലിയ ഒരാലിൻ ചുവട്ടിലേക്ക് അവർ ഓടിക്കയറി. ചാഞ്ഞ് ചരിഞ്ഞു വീഴുന്ന നേർത്ത മഴച്ചാറ്റലിൽ അവരുടെ യൂണിഫോം അങ്ങിങ്ങായി നനയാൻ തുടങ്ങി.
പെട്ടെന്ന് ഒരിടിവെട്ടി. മിന്നൽ പിണരുകൾ ആകാശച്ചരുവുകളിൽ നിന്നും താഴേക്കിറങ്ങി വന്നു. മഴക്ക് ശക്തി കൂടി വരുന്നുണ്ട്. കാറ്റിന്റേയും.
" ആദീ..മഴ കൂടുകയാണ്. നമുക്ക് പോയാലോ ?"
" ഉം.."
അവരെല്ലാം മൈതാനത്തിന് നടുവിലൂടെ ഓടി സ്കൂളിന്റെ അങ്ങേയറ്റത്ത് പുറക് ഭാഗത്തുള്ള കാന്റീനിന്റെ ഇടനാഴിയിലേക്കോടിക്കയറി.
ഗ്ലോറിയ മിസ്സിന്റെ ക്ലാസ്സാണ്. നേരം വൈകിയതിന് ഡിവിഷൻ ഹെഡ്ഢിനെ കണ്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞാൽ തീർന്നു. അതല്ലെങ്കിൽ കട്ടിക്കണ്ണടക്ക് മുകളിലൂടെ നരച്ച കണ്ണുകൾ കൊണ്ടുള്ള ദഹിപ്പിക്കുന്ന തീയേറ് പോലെയുള്ള നോട്ടം. ചിലപ്പോഴൊക്കെ കണ്ണുകൾ കൊണ്ട് കടന്നിരിക്കാൻ പറഞ്ഞാൽ ഭാഗ്യം.
അപ്രതീക്ഷിതമായിരുന്നു അത്.
ഇടനാഴിയുടെ ഒരറ്റത്തുള്ള വലിയ ചതുരാകൃതിയിലുള്ള കരിങ്കൽത്തൂണിന് പുറകിൽ നിന്നും മൂന്ന് പേർ വന്ന് അവരുടെ മുന്നിൽ വിലങ്ങനെ നിന്നു. കഷ്ടിച്ച് മൂന്നോ നാലോ പേർക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന ഒരിടനാഴിയായിരുന്നു അത്. കാന്റീനിന്റെ സ്റ്റോർ റൂമിലേക്ക് അത് ചെന്ന് ചേരുന്നു.
കൂട്ടത്തിൽ വലിപ്പമുള്ള ഒരുവൻ മുൻപിലേക്ക് കയറി വന്നു.
" നീയാണോ എലിസബേത്ത് ?"
" അല്ല."
" പിന്നെ നീയാണോ ?"
" അല്ല.."
സീനിയേഴ്സാണ്. ഏഴിലോ എട്ടിലോ പഠിക്കുന്നവർ. എലിസബേത്ത് അവരെ മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ അത്ര നല്ല മുഖപരിചയവുമില്ല. മുടി നന്നായി താഴ്ത്തി വെട്ടി ചെവിക്ക് താഴെ ഒരൊറ്റ രൂപ നാണയത്തിന്റെ വട്ടത്തിൽ മറുകുള്ള ഇവനെ… ഈയൊരുത്തനെ ഞാൻ കുറച്ചധികം തവണ കണ്ടിട്ടുണ്ടല്ലൊ.? അവനാണ് ഏറ്റവും മുൻപിൽ. ശരീരം കൊണ്ട് കുറച്ച് വലിപ്പവും അവന് തന്നെ -
അവരുടെ നില്പും ഭാവവും അത്ര പന്തിയല്ലെന്ന് എലിസബേത്തിന് തോന്നി. അവൾ ഓർത്തു. എന്റെ കൈയിൽ നിന്നും ഇടി കിട്ടിയവർ ഇതിലാരും തന്നെയില്ലല്ലൊ! മനസ്സിൽ ഈ മുഖങ്ങളുടെയൊന്നും മങ്ങിയ നിഴൽ ചിത്രങ്ങൾ പോലുമില്ല.
അപ്പോൾ നേരിട്ടുള്ള കണക്കുകളല്ല. കാരണം ഇതിലാരെയും അവൾക്ക് മുൻപരിചയമില്ല.
ഇനി ഇവരുടെ പുറകിൽ ആരാണെന്ന് മാത്രമറിഞ്ഞാൽ മതി.
" പിന്നെ ഇതിലാരാണ് എലിസബേത്ത്.?"
അവൻ തന്നെ ചോദ്യം ആവർത്തിച്ചു.
കൂട്ടുകാരികൾ പരസ്പരം മുഖത്ത് നോക്കി. പിന്നെ അവരെല്ലാം എലിസബേത്തിനെയും.
ഒരുവൻ ബെൽറ്റിന്റെ ബക്കിൾ ഊരി അരയിൽ നിന്നും അത് വലിച്ചെടുത്തു. പിന്നെ ഒരറ്റം സാവധാനം കൈപ്പിടിയിൽ ചുരുട്ടി.
" പറഞ്ഞോളൂ..ഇല്ലെങ്കിൽ നാല് പേരും ഇവിടെ നിന്നും കരഞ്ഞു കൊണ്ട് പോകേണ്ടി വരും.."
കൂട്ടുകാരികളെല്ലാം ഭയന്ന് എലിസബേത്തിനെ നോക്കി. അവൾ കണ്ണ് കൊണ്ട് അവരെ സമാധാനിപ്പിച്ചു.
അറിയുന്നു. ഇവരുടെ ലക്ഷ്യം ഞാൻ മാത്രമാണ്. നിങ്ങളിതിൽ കഥാപാത്രങ്ങളേയല്ല. സാഹചര്യം നിങ്ങളെ ഇവിടെ എത്തിച്ചുവെന്നേയുള്ളു. സൊ..ബി സൈലന്റ്..
അവൾ ചുറ്റും നോക്കി. എങ്ങും ആരുമില്ല. എളുപ്പത്തിൽ ആരും ഈ സമയത്ത് ഇതുവഴി വരാനും സാധ്യതയില്ല.
എലിസബേത്ത് ഒരടി മുൻപോട്ട് വെച്ചു.
മൂന്ന് പേരുണ്ട് തൊട്ട് മുൻപിൽ.
ഞാനൊറ്റയ്ക്കും.
നെറ്റിയിൽ ഇറ്റ് നിന്നിരുന്ന വെള്ളത്തുള്ളികൾ അവൾ കൈ വിരൽ കൊണ്ട് വടിച്ച് കളഞ്ഞു. പിന്നെ കൈയിലുണ്ടായിരുന്ന വാട്ടർ ബോട്ടിൽ തൊട്ടടുത്ത് നിന്ന ഒരു കുട്ടിയുടെ കൈയിലേല്പിച്ചു.
" ഞാൻ ആദി..സ്കൂൾ സർട്ടിഫിക്കറ്റിൽ എന്റെ പേര് എലിസബേത്ത്.."
" അപ്പോൾ നീയാണല്ലേ എലിസബേത്ത് എന്ന ആൺകുട്ടി ?"
" അല്ല..എലിസബേത്ത് എപ്പോഴും പെൺകുട്ടിയാണ്. ഞാൻ ആദിയെന്ന ആൺകുട്ടി.."
" നീ ആൺകുട്ടികളുടെ മൂക്കിനിടിച്ച് ചോര വരുത്തും.. അല്ലെ ?"
കാര്യം എന്താണെന്ന് മനസ്സിലാവാതെ നില്ക്കുകയായിരുന്നു ഇതുവരെ എലിസബേത്ത്. ചിത്രം മനസ്സിലായി വന്നത് ഇപ്പോഴാണ്.
അവർ മൂന്ന് പേരും എലിസബത്തിന് നേരെയടുത്തു. അവൾ ഒരടി പുറകോട്ട് മാറി. കൂട്ടുകാരികൾ ഭയന്നു കരയാൻ തുടങ്ങി. പക്ഷെ മഴയുടെ ഇരമ്പലിൽ അവരുടെ കരച്ചിൽ ആരും കേട്ടില്ല…
മൂന്ന് പേരോട് ഒറ്റക്ക്.
എലിസബേത്ത് ഒരപകടം മണത്തു.
" നിങ്ങൾ മൂന്നു പേരും ഓടിക്കോളൂ.."
അല്പം ഉറക്കെയുള്ള ഒരാജ്ഞാപിക്കലായിരുന്നു അവളുടേത്.
അവൾ കൂട്ടുകാരികളെ ഇടത് കൈ കൊണ്ട് തള്ളി മാറ്റി..
" പോ - "
ബെൽറ്റ് ചുഴറ്റി വീശുന്നതിന് തൊട്ടു മുൻപ് എലിസബേത്ത് ഒന്നു കുനിഞ്ഞ് മാറി. അവളുടെ കഴുത്തിന് നേരെയായിരുന്നു അത് വന്നത്.
ഒരു നിമിഷം..
അവളൊന്ന് നിവർന്നു.
പിന്നെ ഇടനാഴിയിലൂടെ കാന്റീൻ ലക്ഷ്യമാക്കി പിൻ തിരിഞ്ഞോടി.
അവർ അതൊരിക്കലും പ്രതീക്ഷിച്ചില്ല. കേട്ടറിഞ്ഞ എലിസബേത്ത് പിൻതിരിഞ്ഞോടുന്നവളായിരുന്നില്ല. ഒരാണിനെപ്പോലെ നേർക്ക്നേർ നില്ക്കുന്നവൾ. ചങ്കുറപ്പുള്ളവൾ..
ഒരു നിമിഷം പോലും കളയാനില്ല. അവൾക്ക് പുറകെ അവരും ഓടി. ഇടനാഴിയിൽ നിന്നും തീരെ ഒരിടുങ്ങിയ വഴിയിലൂടെ കാന്റീന് തൊട്ടപ്പുറത്തുള്ള പാതി തുറന്നു കിടന്നിരുന്ന സ്റ്റോർ റൂമിലേക്കാണ് അവളോടിക്കയറിയത്.
അടുക്കളയിലേക്കാവശ്യമായ അരിച്ചാക്കുകളും ധാന്യപ്പൊടികളും പാത്രങ്ങളും മറ്റും സൂക്ഷിച്ചു വെച്ചിരുന്ന ഗോഡൗൺ പോലെയുള്ള ഒരു മുറിയായിരുന്നു അത്. സിറാമിക് ഭരണികളും ഉപയോഗമില്ലാത്ത കുറച്ച് അലുമിനിയപാത്രങ്ങളും അടുക്കി വെച്ചിട്ടുളള ഒരു മേശക്കപ്പുറത്ത് അവൾ കിതച്ച് നിന്നു.
അവർ മൂന്ന് പേരും അവൾക്ക് പുറകെ അകത്ത് കയറി. മൂന്ന് പേരുടെ കൈയിലും അരയിൽ നിന്നും അഴിച്ചെടുത്ത ബെൽറ്റ് അവൾ കണ്ടു.
അവർ സാവധാനം മേശക്കിപ്പുറത്ത് അവൾക്ക് മുന്നിൽ വന്ന് നിന്നു. അവർക്കിടയിൽ ഇപ്പോൾ ഒരു മേശയുടെ അകലം മാത്രം. അന്നേരം എലിസബേത്ത് ഒട്ടും സമയം കളയാതെ മേശയെ ഒന്ന് വലം വെച്ച് ഓടി വാതിലിനടുത്തെത്തി പിൻതിരിഞ്ഞ് നിന്നു.
അവളുടെ നീക്കമെന്താണെന്ന് അവർക്ക് മനസ്സിലായില്ല. സാവധാനം രണ്ട് കതകുകളും അവൾ ചാരി കുറ്റിയിട്ടു.
മൂന്ന് പേരും ഒന്ന് ഞെട്ടി.
" ഞാൻ ആദി..ആദി എന്ന ആൺകുട്ടി. എന്റെ മമ്മക്കും പപ്പക്കും ജീസസ്സ് കനിഞ്ഞ് നല്കിയ ഒരേയൊരു മകൻ.."
വാതിലിന് കുറുകെ നെഞ്ച് വിരിച്ച് അവൾ കൈ കെട്ടി നിന്നു. പുറത്ത് മഴയുടെ ശക്തി കൂടിയിരിക്കുന്നു. ഇടിമിന്നൽ ജനൽ പാളികൾക്കിടയിലൂടെ വെളിച്ചത്തിന്റെ കീറുകൾ പായിച്ചു. കാറ്റിൽ ജനൽപ്പാളികൾ വലിയ ശബ്ദത്തോടെ തുറന്നടഞ്ഞു കൊണ്ടിരുന്നു.
അവളൊന്ന് ചിരിച്ചു.
" ഇതിലാർക്കാണ് കൂടുതൽ ധൈര്യമുളളത്..? അവനാദ്യം വാ.."
മൂന്ന് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി.
അവൻ തന്നെ -
കരുത്തോടെ രണ്ട് മൂന്നടി മുന്നിലേക്ക് കയറി വന്ന് നിന്നവന്റെ കണ്ണിലെ കൃഷ്ണമണിയിൽ തെളിച്ചമുള്ള അവളുടെ തന്നെ ചിത്രം അവൾ കണ്ടു. ചെവിക്ക് നേരെ താഴെയുള്ള ഒറ്റരൂപാ നാണയത്തിന്റെ വലിപ്പമുള്ള മറുക് അവൾ കണ്ടതേയില്ല. അവന്റെ കൃഷ്ണമണികളുടെ ചലനം അവൾ അളന്നെടുത്തു.
അവൾ ഒരടി മുന്നോട്ടേക്ക് നീങ്ങി വന്നു.
പിന്നെ ഇടതുകാൽ മാത്രം അല്പം മുന്നോട്ടെടുത്തു വെച്ചു. പതിനെട്ട് പ്രയോഗങ്ങൾ വരെ ഇതിൽ കിട്ടും. ധാരാളം.. അറുപത്തിനാല് കളങ്ങളിലെ ഒറ്റക്കളത്തിൽ അവൾ ചെറുതായി ശിരസ്സൊന്ന് കുനിച്ച് നിന്നു. ഇരട്ടക്കളത്തിന്റെ ആവശ്യം ഇവിടെ വരില്ല. മനസ്സിൽ പറഞ്ഞു.
മഞ്ഞ് വീഴുന്ന വെളുപ്പാൻ കാലങ്ങളിൽ തീവെട്ടി വെളിച്ചത്തിൽ ചാണകം മെഴുകിയ തറയിൽ ആശാന്റെ മുൻപിൽ ഉറക്കം വിട്ടൊഴിയാത്ത കണ്ണുകളോടെ മെയ്ത്താരിക്കും കോൽത്താരിക്കും നിന്ന് കൊടുത്തിരുന്ന രണ്ടര വർഷങ്ങൾ അവളുടെ ശരീരത്തിലേക്ക് കയറിയിറങ്ങി…
എല്ലാം പപ്പയുടെ നിർബ്ബന്ധങ്ങളായിരുന്നു.
" എന്തിനാ പപ്പാ ഇതൊക്കെ പഠിക്കുന്നെ?"
" ഒരു പഠിപ്പും ആർക്കും വെറുതെയാവില്ല മോളെ.. കാലം നിനക്കത് കാണിച്ച് തരും - "
അവൾ പപ്പയെ ഓർത്തു.
വലതു കൈ വെറുതെ ചുരുട്ടി പിടിച്ചതേയുള്ളു. ചുരുട്ടിപ്പിടിച്ച മുഷ്ടിയിലേക്ക് അവന്റെ കൃഷ്ണമണികൾ താഴ്ന്നു.
ഒട്ടും സമയം കളയാനില്ല…
അവൻ കാണാതെ പുറകിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഇടതു കൈ ഓർക്കാപ്പുറത്ത് അവന്റെ മൂക്കിന് മേലെ ശക്തമായി വന്ന് പതിച്ചു. ഒപ്പം ഷൂസിട്ട കാല് പതിഞ്ഞത് അടിവയറിന് താഴെ ജനനേന്ദ്രിയത്തിന് മുകളിലും. അതേസമയം തന്നെ വെറുതെയെന്ന് തോന്നിപ്പിച്ച വലതു മുഷ്ടി തിരുനെറ്റിയിലും വന്ന് വീണു.
അവൾ കുനിഞ്ഞ് നിവർന്നു.
അടിവയറിന് താഴെ കൈകൾ പൊത്തിപ്പിടിച്ച് നിലവിളിച്ച് കൊണ്ട് അവൻ മുട്ടുകാലുകൾ നിലത്തേക്ക് കുത്തി വീണു. അവന്റെ വലിയ നിലവിളിയിൽ കൂടെയുള്ളവർ പകച്ച് നിന്നു.
" ഇനിയാരാണ് അടുത്തത്..?"
മറ്റ് രണ്ട് പേരും രണ്ടടി പുറകിലേക്ക് വെച്ചു.
ഒരു നിമിഷം.
രണ്ട് നിമിഷം..അവൾ കാത്ത് നിന്നു.
" വരൂ.. അടുത്തത് ആരാണ് ?"
ബാക്കിയുള്ള രണ്ട് പേരും അനങ്ങാനാവാതെ അവിടെ തന്നെ നിന്നു.
എലിസബേത്ത് വാതിലിന്റെ കൊളുത്തുകളൂരി.
മുഖത്തേക്ക് അലസമായി വീണ് കിടന്ന നനഞ്ഞ മുടിച്ചുരുളുകൾ ചെവിക്ക് പുറകിലേക്ക് തിരുകി വെച്ചു. പിന്നെ മഴ വെള്ളം വീണ് നനഞ്ഞ് വഴുക്കുന്ന ഇടുങ്ങിയ ഇടനാഴിയിലൂടെ അവൾ തിരിച്ച് നടന്നു. ആർത്തലച്ച് പെയ്യുന്ന മഴച്ചാറ്റൽ അവളുടെ മുഖത്തേക്ക് ചരിഞ്ഞ് വന്ന് വീഴുന്നുണ്ട്. തെന്നി വീഴാതിരിക്കാൻ അവൾ ആയാസത്തോടെ ഓരോ കാലടികളും ശ്രദ്ധിച്ച് വെച്ചു.
നടക്കുന്നതിനിടയിൽ അവൾ അരയിൽ തപ്പി.
തിടുക്കത്തിൽ സ്റ്റോർ റൂമിൽ നിന്നെടുത്ത് അരയിൽ തിരുകിയതായിരുന്നു ആ കറികത്തി. അവൾ ചുറ്റും നോക്കി. പിന്നെ അവളത് മൈതാനത്തു നിന്നും വരുന്ന ചെളിവെള്ളം കുത്തിയൊഴുകുന്ന ഓടയിലേക്കെറിഞ്ഞു.
ക്ലാസ്സ് റൂമിന് മുൻപിൽ അവളൊന്ന് നിന്നു.
കൈ കൊണ്ട് മഴ വെള്ളം വീണ് നനഞ്ഞ തലമുടിയൊതുക്കി കെട്ടി. ഉലഞ്ഞ യൂണിഫോം നേരെയാക്കി. ശാന്തമായ മനസ്സോടെ ഒരു ദീർഘശ്വാസമെടുത്തു.
ഗ്ലോറിയാ മിസ്സിന്റെ ഇംഗ്ലീഷ് ക്ലാസ്സ് തുടങ്ങിയിട്ട് ഒരു പാട് സമയം കഴിഞ്ഞിരിക്കുന്നു.
" മെ ഐ കമിൻ മേം..?"
" വെയർ വേർ യൂ..?"
" ഐ വാസിൻ ടോയ്ലെറ്റ് മേം. മൈ സ്റ്റൊമക് വാസ് നോട്ട് ഫീലിംഗ് വെൽ.."
കുട്ടികളെല്ലാവരും ചിരിച്ചു. എലിസബേത്തിനെ എല്ലാവർക്കും നന്നായറിയാം. അവൾ എന്തെങ്കിലും പണി ഒപ്പിച്ചിട്ടായിരിക്കും വരവ്. എത്ര വിനയത്തോടെയാണ് തല കുനിച്ചുള്ള അവളുടെ നില്പ്.
" സൈലൻസ്.."
മിസ്സ് കൈ കൊണ്ട് മേശയിലടിച്ചു.
ചിരി നിന്നു.
കട്ടിക്കണ്ണടക്ക് പുറത്തൂടെയാണ് നരച്ച നോട്ടം. നുണ പറഞ്ഞാൽ കണ്ണുകളിൽ നിന്നും വായിച്ചെടുക്കും..! എല്ലാറ്റിനും മിസ്സിന്റെ കൈയിൽ വ്യക്തമായ ഒരളവുകോലുണ്ട്. തല കുനിച്ച് കണ്ണുകളെ മിസ്സിൽ നിന്നും മറച്ച് പിടിക്കണം. അവൾക്കതറിയാം. മറ്റുള്ളവരതിനെ ബഹുമാനവും വിനയവുമായി കരുതുകയും ചെയ്യും.
അടുത്ത ചോദ്യത്തിന് വേണ്ടി അവൾ കാത്തു നിന്നു. പക്ഷെ ഭാഗ്യം..അതുണ്ടായില്ല.
എന്തോ മിസ്സിന്റെ കണ്ണുകൾ ക്ലാസ്സ് റൂമിനകത്തേക്കുള്ള വാതിൽ അവൾക്ക് തുറന്നു കൊടുത്തു.
ഓ.. ജീസസ്സ്…
അവൾ ഒതുക്കത്തോടെ അകത്തേക്ക് കയറി അവളുടെ സീറ്റിൽ ചെന്നിരുന്നു.
ക്ലാസ്സ് കഴിയേണ്ട താമസം മൂന്ന് കൂട്ടുകാരികളും എലിസബേത്തിനെ വളഞ്ഞു. എല്ലാവരുടെയും കണ്ണുകളിലെ ചോദ്യം ഒന്ന് തന്നെ -
" എന്തായി ? "
" എന്താവാൻ.."
അവൾ ചിരിച്ചതേയുള്ളു. മറുപടിയൊന്നും പറഞ്ഞില്ല.
എലിസബേത്ത് വിശ്വരൂപമാണെന്നും ആദി അവതാരമാണെന്നും അവർക്കറിയില്ലല്ലൊ..! പാവങ്ങൾ..
" പറയെടീ..പിന്നെന്താ നടന്നെ ?"
" അവർക്ക് മനസ്സിലായി.."
" എന്ത് ?"
" ഞാനാണാണെന്ന്. ഞാൻ ട്രൗസർ ഊരി കാണിച്ചു കൊടുത്തു. "
" പോടീ -"
" സത്യം."
" എന്നിട്ടോ.?"
" കുന്തം.."
" ഞങ്ങക്കറിയാം.. അവര് ജീവനും കൊണ്ടോടിയിട്ടുണ്ടാവും."
പിന്നീട് അവർ പറഞ്ഞതൊന്നും എലിസബേത്ത് കേട്ടില്ല. സ്കൂളിൽ ശത്രുക്കൾ ഓരോരുത്തരായി കൂടി വരികയാണ്. അവളോർത്തു. ഓരോരുത്തരും ഇങ്ങോട്ട് കയറി വരികയാണ്. എലിസബേത്തിന്റെ വഴികൾക്ക് കുറുകെ അവരിങ്ങനെ നെഞ്ച് നിവർത്തി നില്ക്കുന്നു. വഴിമാറി പോകാൻ അവർ സമ്മതിക്കുന്നേയില്ല.
ശാന്തമായ സ്കൂൾ ദിനങ്ങൾ അവളിൽ നിന്നും അകന്ന് പോവുകയാണോ ?
ഇടത് കൈ വേദനിക്കുന്നുണ്ട്. വലതു കൈ അവൾ ചുരുട്ടി പിടിക്കുകയേയുള്ളു. എതിരാളിയുടെ ശ്രദ്ധ പലപ്പോഴും ചുരുട്ടിപ്പിടിച്ച വലതു കൈയിലേക്കായിരിക്കും.
അപ്രതീക്ഷിതമായി വരുന്ന ഇടി ഇടതു കൈയിൽ നിന്നാണ്. ബലം കൂടുതൽ എലിസബേത്തിന്റെ ഇടതു കൈയിനാണ്.
" മമ്മയറിഞ്ഞോ ?"
ഒരു ദിവസം ജോസ്മിയാണ് ഒരു അത്ഭുതം കണ്ടുപിടിച്ചതു പോലെ അടുക്കളയിലേക്ക് ഓടി വന്ന് പറഞ്ഞത്. കൂടെ അനിയത്തിമാർ രണ്ടു പേരുമുണ്ട് വാലു പോലെ.
" ഉം..?"
" നമ്മുടെ ആദി ഒരു ഇടം കൈയനാ മമ്മാ..!"
സോഫിയ ചിരിച്ചു.
" അവളെല്ലാറ്റിലും നേരെ വിപരീതമല്ലെ..!"
ചേച്ചിമാരെല്ലാം വലം കൈ കൊണ്ട് ചെയ്യുന്നതെല്ലാം കുഞ്ഞി എലിസബേത്ത് ഇടം കൈ കൊണ്ട് ചെയ്യുന്നത് അവർ അത്ഭുതത്തോടെ നോക്കി നില്ക്കുന്നത് കാണാം.
കൈവിരൽ മുട്ടുകൾ നന്നായി ചുവന്നിട്ടുമുണ്ട്. മുഴുവൻ ശക്തിയുമെടുത്തായിരുന്നു മൂക്കിന്മേലുള്ള ഇടി. ആ ഒരൊറ്റ ഇടിയിൽ മൂന്ന് പേരും ഭയക്കണം. അത് മാത്രമായിരുന്നു അപ്പോൾ എലിസബേത്തിന്റെ ചിന്ത.
മൂന്ന് പേരും ഒരുമിച്ച് വന്നിരുന്നെങ്കിൽ..?
അതൊരു തന്ത്രമായിരുന്നു.
ടാർജറ്റഡ് പ്രൊവോക്കേഷൻ..
പിന്നെ കൂടെയുള്ളവരുടെ ആത്മവിശ്വാസം തകർക്കാൻ ആദ്യം വരുന്നവനെ നന്നായി ഒതുക്കുകയല്ലാതെ വേറെ വഴിയുമില്ല. മൂക്കിനിടിക്കുന്നത് ചോര കാണാനാണ്. ചോരക്കാഴ്ച്ചയിൽ എതിരാളികൾ ഒരു നിമിഷമൊന്ന് പതറും. ഇടി കൊള്ളുന്നവനും അതുപോലെ കൂടെയുള്ളവരും..
അന്നേരം തന്നെ മൂക്കിൽ നിന്നും ചെറുതായി ചോരയൊലിക്കുന്നുണ്ടായിരുന്നു. ക്ലാസ്സ് ടീച്ചറുടെ അടുത്ത് കംപ്ലയന്റ് പോയാൽ കുഴഞ്ഞത് തന്നെ -
എലിസബേത്തിന് പേടിയുണ്ട്.
സ്റ്റാഫ് റൂമിൽ വീണ്ടും തല കുനിച്ച് ഒന്നും മിണ്ടാനാവാതെയിരിക്കുന്ന മമ്മയുടെ മുഖം അവളോർത്തു. ഇനി വിളിപ്പിക്കുന്നത് ചിലപ്പോൾ സ്റ്റാഫ് റൂമിലേക്ക് ആവണമെന്നുമില്ല..വയ്യ.. പ്രിൻസിപ്പലിന്റെ മുൻപിൽ മമ്മ നാണം കെട്ട് തലയും താഴ്ത്തിയിരിക്കുന്നത് കാണാൻ.
അവൾ ഡെസ്കിൽ തല വെച്ച് കിടന്നു.
നല്ല തലവേദനയുണ്ട്.
" വാട്ടെബൗട്ട് യൂ..എലിസബേത്ത് ?"
" നത്തിംഗ് മേം.."
" ദെൻ.. വൈ ?"
തുടർന്ന് വന്ന രണ്ട് ക്ലാസ്സുകളും അവൾക്ക് തീരെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്തായിരിക്കും ഇനി വരാൻ പോകുന്നത്.? അവന്റെ യൂണീഫോമിൽ ചോര തുള്ളികൾ കണ്ടാൽ മറച്ചുവെക്കാൻ പറ്റാത്ത വിധം അവന്റെയും കൈയിൽ നില്ക്കാൻ വഴിയില്ല. ഓ… ജീസസ്സ്..!
അവസാനം പേടിച്ചത് തന്നെ സംഭവിച്ചു. അവസാനത്തെ പിരീയഡ് ജെസ്സി മിസ് ക്ലാസ്സെടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു
പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നും മെമോ വന്നത്...
" എലിസബേത്ത്.. സ്റ്റാന്റപ്.."
അവളൊന്ന് ഞെട്ടി. ഇതാ ആ നിമിഷവും വന്നെത്തി. ഇനിയും ആരുടെ മുൻപിലൊക്കെ തല കുനിച്ച് നില്ക്കണം..? ഇപ്രാവശ്യം പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നാണ്.
" യൂ ഹാവ് ബീൻ കാൾഡ് ബൈ പ്രിൻസിപ്പൽസ് ഓഫീസ്..."
മഞ്ഞച്ചായമടിച്ച ചുമരുകളുള്ള വരാന്തയിലൂടെ അവൾ തല താഴ്ത്തി നടന്നു. എതിരെ കടന്നുപോയ ടീച്ചേഴ്സിനെയോ കുട്ടികളെയോ അവൾ കണ്ടില്ല. കണ്ടത് മമ്മയുടെ തല കുനിച്ചിരിക്കുന്ന മുഖവും, മൂക്കിൽ നിന്നും ചോരയൊലിപ്പിച്ച് നിൽക്കുന്ന ഒരു ആൺകുട്ടിയുടെ മുഖവും മാത്രം.
ഒരു പാട് ദൂരം നടക്കാനുള്ളത് പോലെ. വരാന്തയിലെ സിമന്റ് തൂണുകൾക്ക് അവസാനമില്ലല്ലൊ! ഷൂസിനുള്ളിലെ കാൽപ്പാദങ്ങൾ വിയർപ്പിൽ നനയുന്നത് അവളറിഞ്ഞു.
മിടിക്കുന്ന ഹൃദയത്തോടെ പ്രിൻസിപ്പലിന്റെ ക്യാബിന് പുറത്ത് കാത്തു നിന്നു. കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങളിലെഴുതിയ പ്രിൻസിപ്പൽ എന്ന ബോർഡ് അവൾ വീണ്ടും വെറുതെ വായിച്ചു.
പിയൂൺ ദാസേട്ടൻ അകത്തേക്ക് ചെല്ലാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
ഹാഫ് ഡോർ തുറന്നടഞ്ഞു.
" മെ ഐ കമിൻ മേം.."
" കം…."
പ്രിൻസിപ്പലിന് അപ്പുറത്ത് കുറച്ചു മാറി ക്ലാസ്സ് ടീച്ചർ സിസ്റ്റർ അനുപമ ഇരിക്കുന്നത് മാത്രം ഒരു നിഴൽ പോലെ അവൾ കണ്ടു. മറ്റൊന്നും അവൾ കണ്ടില്ല. വല്ലാത്തൊരു നിശ്ശബ്ദതയിൽ എയർകണ്ടീഷനറുടെ ശബ്ദം മാത്രം അവളൊരു മൂളൽ പോലെ കേട്ടു. നേർത്ത തണുപ്പ് അവളുടെ ശരീരത്തെ വന്ന് പൊതിഞ്ഞു.
അവൾ തലകുനിച്ച് കൈകൾ കെട്ടി നിന്നു. പ്രിൻസിപ്പലിന്റെ മുഖത്തേക്ക് നോക്കിയതേയില്ല. മിസ്സിന്റെയും.
ഇനി വിധി പറയാം.
കേൾക്കാൻ എലിസബേത്ത് റെഡിയാണ്. ആരെയാണ് കൊണ്ടുവരേണ്ടത് ?
മമ്മയെയോ അതോ പപ്പയെയോ ? അതോ രണ്ടു പേരെയും ഒരുമിച്ചോ ?
തുടക്കം എവിടെ നിന്നായിരുന്നു എന്ന് ആർക്കും അറിയേണ്ടല്ലൊ.! തെറ്റ് കാരി എപ്പോഴും എലിസബേത്ത് തന്നെ. എന്തിന്..? ഈ ജന്മം തന്നെ വലിയൊരു തെറ്റ്.!
അല്പം കഴിഞ്ഞ് പ്രിൻസിപ്പലിന്റെ ഗാംഭീര്യമുള്ള ശബ്ദം മാത്രം അവൾ കേട്ടു.
" ലുക് അറ്റ് മി.. സ്ട്രേയ്റ്റ്.."
അവൾ തലയുയർത്തി.
" ഡൂ യൂ അണ്ടർസ്റ്റാൻഡ്.. വൈ യൂ വേർ കാൾഡ് ?"
" നൊ.. മേം."
" ദിസ് ഇയർ…യൂവാർ ദ ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻ ഇൻ അത് ലറ്റിക്സ്… ആന്റ് യൂവാർ ദ പ്രൈഡ് ഓഫ് ദിസ് ഇൻസ്റ്റിറ്റ്യൂഷൻ.."
പിന്നെ പറഞ്ഞതൊന്നും എലിസബേത്ത് കേട്ടില്ല. ഇപ്പോൾ ഒരു ശബ്ദവും അവൾ കേൾക്കുന്നില്ല. ഒരു മുഖം മാത്രം കണ്ടു. പ്രിൻസിപ്പലിന്റെ മുൻപിൽ തലയുയർത്തിപ്പിടിച്ചിരിക്കുന്ന മമ്മയുടെ മുഖം മാത്രം. പിന്നെ ഇവളെന്റെ മകൾ..എന്ന് പറയുന്ന മുഖം നിറഞ്ഞ ഒരു ചിരിയും -
പുറകിൽ ഹാഫ് ഡോർ വീണ്ടും തുറന്നടഞ്ഞു.
ആരോ തോളിൽ കൈ വെച്ചു.
" മിടുക്കി.."
തൊട്ടു പുറകിൽ അനുപമ മിസ്സ്. അവരുടെ തെളിഞ്ഞ ചിരിയിൽ എലിസബേത്തിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. ആർക്കും വേണ്ടാത്ത എന്നെ ടീച്ചർ മിടുക്കിയെന്ന് വിളിച്ചില്ലെ..!!
എങ്ങനെയെങ്കിലും വീടെത്തിയാൽ മതി. സ്കൂൾ ബസ്സിലിരുന്ന് അവൾക്ക് ശ്വാസം മുട്ടി.
മമ്മേ.. മമ്മയറിഞ്ഞോ ? ഞാൻ സ്കൂളിന്റെ അഭിമാനമാണെന്ന്..! മമ്മേടെ ആദി. മമ്മേടെ അസുരവിത്ത്. മമ്മേടെ ഉറക്കം കളയുന്നവൾ...
രാത്രിയിൽ കിടക്കാൻ നേരം പപ്പയും മമ്മയും സംസാരിക്കുന്നത് എലിസബേത്ത് കേട്ടു.
" സോഫീ.."
" ഉം.."
" ജീസസ്സ് നമ്മുടെ പ്രാർത്ഥന കോട്ടാരുന്നു.."
" ആണോ ?"
" ജീസസ്സ് നമുക്ക് തന്നത് ഒരാങ്കുട്ടിയെയാടീ.."
സോഫി സോളമന്റെ നെഞ്ചിന് ചാരെ തല ചേർത്ത് വെച്ചു. അവളുടെ കണ്ണുകൾ ചുമരിലെ ക്രൂശിത രൂപത്തിലേക്ക് നീണ്ടു.
ജനലിലൂടെ കടന്ന് വന്ന നേർത്ത തണുത്ത കാറ്റിൽ അവളുടെ കണ്ണുകൾ സാവധാനം അടഞ്ഞു.
" ഇച്ചായാ.. എന്നെയൊന്ന് കെട്ടിപ്പിടിക്കൂ.."
ഇപ്പോൾ താഴ്‌വരയാകെ കാട്ടു പൂവുകൾ പൂത്ത് നില്ക്കുന്നുണ്ട്. തെളിനീരൊഴുകുന്ന കാട്ടാറിന്റെ ശബ്ദം. കിളികളുടെ ചിലയ്ക്കൽ. കുടകപ്പാലകൾ പൂത്ത മണം…ഭീമൻ സൗഗന്ധികം തേടി വന്നത് ഇവിടെയാണോ ?
" കേൾക്കുന്നില്ലേ ?"
" എന്ത് ?"
" കാട്ടരുവിയുടെ ശബ്ദം.."
" നീയിതുവരെ ഉറങ്ങിയില്ലേ ?"
അർദ്ധ മയക്കത്തിൽ ഇവളെന്തൊക്കെയാണ് ഇപ്പറയുന്നെ..?
" ഉറങ്ങൂ.."
സോളമൻ അവളുടെ ചുണ്ടുകൾ പതുക്കെ അയാളുടെ ചുണ്ടുകൾക്കുള്ളിലാക്കി. അപ്പോൾ അവളുടെ നിശ്വാസങ്ങൾ അയാളുടെ മൂക്കിൻ തുമ്പിൽ വീണു.
ഒരു പാട് രാത്രികൾക്ക് ശേഷം അന്ന് രാത്രിയിൽ സോഫിയ മനസ്സമാധാനത്തോടെ ഉറങ്ങി.
മമ്മാ..സമാധാനമായി ഉറങ്ങൂ..ഇനിയുള്ള ദിവസങ്ങളിൽ മമ്മയുടെ എലിസബേത്ത് നല്ല കുട്ടിയാണ്.
പക്ഷെ അധിക ദിവസങ്ങൾ ആ സന്തോഷം നീണ്ട് നിന്നില്ല. എലിസബേത്തിന് അവളുടെ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. കാരണം ജീസസ്സ് അവൾക്ക് തുന്നിക്കൊടുത്തത് ഒരാൺകുട്ടിയുടെ വേഷമായിരുന്നല്ലൊ.!!
🟥 തുടരുന്നു…
എലിസബേത്ത്
🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഏഴ് ഞായറാഴ്ച്ച. ആകെയുള്ള ഒരു ഒഴിവു ദിവസമാണത്. എലിസബേത്ത് ഇത്തിരി തിരക്കിലാണ്. കുഞ്ഞി കുഞ്ഞി പിടിപ്പത് പണികളുണ്ടവൾക്ക്. പപ്പയും മമ്മയും ചേച്ചിമാരും പള്ളിയിൽ പോകാനുള്ള തിരക്കിലാണ്. എല്ലാ ഞായറാഴ്ച്ചകളിലും അതൊരു ദിനചര്യയുടെ ഭാഗമാണ്. എല്ലാവരും അതിരാവിലെ എഴുന്നേല്ക്കും. ആരും കുളിക്കുകയൊന്നുമില്ല. എലിസബേത്തിനാണെങ്കിൽ കുളിക്കാതെ പുറത്തേക്കിറങ്ങാനേ കഴിയില്ല. ആറ് മണിക്കാണ് കുർബ്ബാന. എലിസബേത്ത് തീരെ പള്ളിയിൽ പോകാറില്ല. കുഞ്ഞു എലിസബേത്തിന് ചർച്ചിൽ പോകുന്നത് അത്രക്കങ്ങ് ഇഷ്ടവുമില്ല. ജീസസ