Aksharathalukal

എലിസബേത്ത് -18

🟥 രവി നീലഗിരിയുടെ നോവൽ
©️




അധ്യായം പതിനെട്ട്



        നോക്കെത്താ ദൂരം വരെ നീണ്ട് വിശാലമായി കിടക്കുന്ന മണൽപ്പരപ്പ്. ഒരു മണലാഴി. എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന ചൂടുകാറ്റിൽ ചാരം കലർന്ന മങ്ങിയ വെളുത്ത നിറമുള്ള മണൽത്തരികളുയർന്നു പൊങ്ങി കടൽത്തിരകൾ പോലെ മണലാഴിയിൽ പല തട്ടുകളായി ഉയർന്നും താഴ്ന്നുമുള്ള മടക്കുകൾ വീഴ്ത്തി. പെൺശരീരത്തിന്റെ മാംസം ഞൊറിഞ്ഞിട്ട അലുക്കുകൾ പോലെ തീക്ഷ്ണമായ വെയിലിൽ അതങ്ങനെ വിശാലമായി പരന്ന് കിടന്നു. 
      ഒരീന്തപ്പനയുടെ ചുവട്ടിലിരിക്കുന്ന അവന്റെ അടുത്തേക്ക് എലിസബേത്ത് നടന്ന് വരുമ്പോൾ അവളുടെ കൈയിൽ അവനായി കരുതി വെച്ച ഒരു പോമലോസ് മധുര നാരങ്ങയുണ്ടായിരുന്നു. തീമഞ്ഞ നിറമുള്ള ഒരൊറ്റയുടുപ്പായിരുന്നു അവളുടെ വേഷം. പക്ഷെ അത് തീരെ നിറം മങ്ങിയതും മുഷിഞ്ഞതുമായിരുന്നു. കരഞ്ഞ് വീർത്ത രണ്ട് കണ്ണുകളിലും ആകാശനീലിമക്ക് പകരം വന്ന് കിടന്നത് ഒരു ചാരനിറമായിരുന്നു.  
       അവൻ മുഖം കുനിച്ച് വിരലുകളാൽ മണൽത്തരികളിൽ എന്തോ വരച്ചു കൊണ്ടിരിക്കുകയാണ്. മണലിലുരയുന്ന അവളുടെ കാൽപ്പാദങ്ങളുടെ ശബ്ദം കേട്ടിട്ടും അവനവളെ തലയുയർത്തി നോക്കിയതേയില്ല. നീളമുള്ള മുടിയിൽ അവന്റെ മുഖം മുഴുവൻ മറഞ്ഞു കിടന്നിരുന്നു. മുടിയെല്ലാം മുഖത്ത് നിന്നും മാറ്റി അവന്റെ താടിയിൽ പിടിച്ച് മുഖമൊന്നുയർത്താൻ തോന്നി അന്നേരം എലിസബേത്തിന്. എന്നാൽ അവളങ്ങനെ ചെയ്തില്ല. അല്പനേരം അവളവനെ തന്നെ ശ്രദ്ധിച്ച് നിന്നു. അവനായി കൊണ്ട് വന്ന പോമലോസ് കൊടുക്കാൻ പോലും അവൾ മറന്നു. 
      എല്ലാറ്റിനും കാരണങ്ങൾ ഞാൻ തന്നെ. എന്റെയീ നശിച്ച ജന്മം. വഴിതെറ്റി വന്ന ഒരു ധൂമകേതു. ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയിൽ ഒരൊട്ടകത്തിന്റെ കരുണപോലുമില്ലാത്ത ഒരിടത്തിൽ കൊണ്ട് ചെന്നാക്കി മറഞ്ഞു പോയവളെന്ന് അവൻ കരുതിക്കാണുമോ? ഞാൻ നിന്നെ ഇവിടെയെറിഞ്ഞു പോയതല്ലെന്ന് എലിസബേത്തിന് വിളിച്ച് പറയണമെന്ന് തോന്നി.
     " നിനക്ക് ദു:ഖമുണ്ടോ ഈ മരുഭൂമിയിൽ
 ഒറ്റയ്ക്കായതിൽ ?"
     " നീയില്ലേ എന്റെ കൂടെ ?"
     " ഞാൻ കൈ നീട്ടിയപ്പോൾ നീയെന്റെ വിരലിൽ പിടിച്ചതേ.. തെറ്റ്?"
     " ഉം..?"
      ഒരു ചോദ്യം ചോദിക്കുന്ന ഭാവത്തിൽ എന്താണെന്ന അർത്ഥത്തിൽ അവൻ മൂളിയതും തല കുനിച്ചു തന്നെ. ഒറ്റയ്ക്കായിപ്പോയ അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ശരിക്കും അവൾക്ക് ദുഃഖം തോന്നി. എല്ലാം അവൾക്ക് വേണ്ടിയായിരുന്നു എന്നൊരു തോന്നലും അവളെ ഏറെ വേദനിപ്പിക്കാതിരുന്നില്ല.
    " നീ സിഗരറ്റ് വലിച്ചത് എനിക്ക് വേണ്ടിയാണോ?"
    " അതെ.."
    " അങ്ങനെയെങ്കിൽ എന്റെ വിരൽത്തുമ്പുകളിൽ തൊട്ടത് നിന്റെ പ്രണയമായിരുന്നോ ?"
    " അല്ല.."
    " പിന്നെ?"
    " വെറും ഇഷ്ടം.."
    " ന്ന് വെച്ചാ ?"
    " നീയെന്റെ കൂട്ടുകാരിയാണ്.."
    " എന്നോട് പ്രണയം തോന്നിയിട്ടേയില്ല.?"
അവൾ അത്ഭുതപ്പെട്ടു. 
    " ഇല്ല - "
    " നിനക്ക് പൊള്ളിയോ..എന്റെ വിരലിൽ തൊട്ടപ്പോൾ ?"
    " പൊള്ളി."
       നിനക്ക് മാത്രമല്ല എല്ലാവർക്കും പൊള്ളും. ഒന്ന് അടുത്തു വന്ന് തൊട്ട് നോക്കണമെന്ന് മാത്രം. എല്ലാം ചാരമാക്കുന്ന ഒരഗ്നിയാണെന്ന് അവൻ കരുതിക്കാണില്ല. അവൾ അവൻ കാണാതെ ചിരിച്ചു 
     അവന്റെ നിഷ്ക്കളങ്കമായ മറുപടിയിൽ അവൾക്ക് എന്തെന്നില്ലാത്ത ഒരടുപ്പവും ഇഷ്ടവും അവനോട് വന്നു. ഒരു നോട്ടം കൊണ്ട് ക്ലാസ്സിൽ എല്ലാവരേയും ഭയപ്പെടുത്തിയിരുന്ന ആഷിക്കിനെ എലിസബേത്ത് ഓർത്തെടുത്തു. ചാറ്റൽ മഴയിലേക്ക് തല കുനിച്ച് നടന്നിറങ്ങിപ്പോയ ഒരു മഴ നനയുന്ന മുഖത്തേയും.
       എട്ട് പത്ത് ബിഗോൺ ആടുകളുടെ കൂട്ടവുമായി കന്തൂറയിട്ട വൃദ്ധനായ ഒരു ബദു അവരുടെയടുത്തേക്ക് വന്നു. മണ്ണും പൊടിയും അഴുക്കും പുരണ്ട് അയാളുടെ കന്തൂറയുടെ വെളുത്ത നിറം ചെമ്മണ്ണിന്റെ നിറമായിരിക്കുന്നു. മുടിയും താടിയും വളർന്ന് ജട പിടിച്ചിട്ടുണ്ട്. അയാൾ കുളിച്ചിട്ട് ദിവസങ്ങളേറെയായിട്ടുണ്ടെന്ന് എലിസബേത്ത് ഊഹിച്ചു.   
      വിജനമായ മരുഭൂമിയിൽ രണ്ട് കുട്ടികളെ ഒരീന്തപ്പനച്ചുവട്ടിൽ ഒറ്റയ്ക്ക് കണ്ട ഒരത്ഭുതം വൃദ്ധന്റെ കണ്ണുകളിലുണ്ട്. തലയിലെ വലിയ കെട്ടഴിച്ച് അയാൾ മുഖവും കഴുത്തും തുടച്ചു. അപ്പോൾ വെളുത്തു നരച്ച കണ്ണുകളിൽ കണ്ടത് ഒരു തരം വാത്സല്യമാണെന്നും അവൾ തിരിച്ചറിഞ്ഞു.
     " ലേശ് ഫി മുശിക്കിൽ ഇന്തേ ?"
     " ല്ല..മാശി.."
     " വേൻ റോ..?"
      ഒട്ടുമാലോചിക്കാതെ തലകുനിച്ചിരിക്കുന്ന അവന്റെ മുഖം എലിസബേത്ത് പെട്ടെന്ന് ബലമായി പിടിച്ചുയർത്തി. മുഖം മറഞ്ഞ് കിടന്ന മുടി മാറ്റിയപ്പോൾ എലിസബേത്ത് ഞെട്ടി പുറകോട്ട് മാറി. 
ആഷിക്കെവിടെ ? 
അവളുടെ കൈയിലിരുന്ന പോമലോസ് മധുരനാരങ്ങ വഴുതി മണലിൽ വീണു.
      പെട്ടെന്ന് വന്യമായ ഒരു ചൂളം വിളിയോടെ ശക്തമായ ഒരു കൊടുങ്കാറ്റ് വീശി. മണൽക്കാറ്റിൽ ആടിയുലഞ്ഞ് അവർ മൂന്ന് പേരും വലിയ നിലവിളികളോടെ മണൽപ്പരപ്പിൽ നിന്നും പറന്ന് പൊങ്ങി. 
     അപ്പോഴൊക്കെയും എലിസബേത്ത് ആഷിക്കിനെ തിരയുകയായിരുന്നു. ഒരു കൂട്ടുകാരിയോടുള്ള ഇഷ്ടം വിരൽത്തുമ്പിൽ ചാലിച്ച് കനലിൽ തൊട്ട് അതഗ്നിയാക്കി മാറ്റി ദേഹമാകെ പൊള്ളിച്ചു കളഞ്ഞവൻ. അവനെവിടെ? ചുഴലി പോലെ വീശിയടിച്ച കാറ്റിൽ മണൽച്ചുഴികളിൽ വട്ടം കറങ്ങി അവർ മൂന്ന് ദിശകളിലേക്ക് പൊടുന്നനെ അപ്രത്യക്ഷരായി.
       അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് എലിസബേത്ത് തീക്ഷ്ണമായിത്തന്നെ ഓർത്തെടുക്കാൻ ശ്രമിച്ചു. തിരിച്ചറിയാൻ പറ്റാത്ത ഒരമൂർത്തമായ പെയിന്റിംഗ് പോലെ മനസ്സിൽ അതങ്ങനെ കലങ്ങിക്കിടക്കുകയാണ്. 
      സ്വപ്നങ്ങൾ പലപ്പോഴും അങ്ങനെയാണ്. കണ്ണുകൾ തുറന്ന് ചുറ്റുപാടും നോക്കിയതിന് ശേഷം തൊട്ട് മുൻപ് കണ്ട കാഴ്ച്ചകൾ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. എലിസബേത്തും അങ്ങനെ നിസ്സഹായയായി. ഒരു മണൽപ്പരപ്പ് മാത്രമാണ് അവൾക്കോർത്തെടുക്കാൻ കഴിഞ്ഞത്.
      പകൽ സ്വപ്നങ്ങൾ ഏതു സമയത്തും ഏത് ആൾക്കൂട്ടത്തിനിടയിലും എലിസബേത്തിനെ തേടി വരുന്നുണ്ട്. മണ്ണും, കരിയിലകളും, കടലാസ് കഷണങ്ങളും, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും, പൊടി പടലങ്ങളുമായി അന്തരീക്ഷത്തിൽ ആകെയൊന്ന് വട്ടംചുറ്റിയതിന് ശേഷം അവയെല്ലാം ഭൂമിയുടെ മാറിലേക്ക് തന്നെ തിരിച്ചിറങ്ങി ശാന്തമാകാനെടുക്കുന്ന നാലോ അഞ്ചോ നിമിഷങ്ങൾ. അത്രമാത്രം മതിയാകും ഒരു സ്വപ്നത്തിനും.
      അവൾ കണ്ണുകൾ പതുക്കെ തുറന്നു. പിന്നെ കുറച്ചു കഴിഞ്ഞ് പതുക്കെപ്പതുക്കെ കൺമുൻപിലേക്ക് തെളിഞ്ഞ് വരുന്ന വ്യക്തവും സുതാര്യവും മിഴിവാർന്നതുമായ ചിത്രങ്ങൾ കണ്ടു. അത് വർത്തമാനകാലത്തേക്കാണ് എലിസബേത്തിനെ ആനയിച്ച് കൊണ്ടു വരുന്നത്. 
      മുഖമൊന്ന് പതുക്കെയുയർത്തി അവളൊന്ന് ചുറ്റുപാടും കണ്ണോടിച്ചു. കനം കൂടിയ ഗ്ലാസ്സ് വിരിച്ചിട്ട വീതി കൂടിയ ഒരു മേശക്കപ്പുറത്തിരിക്കുന്ന ഒരു ഗ്ലോബ് അവളാദ്യം കണ്ടു. കട്ടികൂടിയ ലെൻസിന് മുകളിലൂടെ നോക്കിയിരിക്കുന്ന പ്രിൻസിപ്പലിന്റെ മുഖം ഒരു ഫ്രെയിമിലെന്നപോലെ തെളിഞ്ഞു വരുന്നതാണ് എലിസബേത്തിന്റെ കാഴ്ച്ചകളിൽ രണ്ടാമത്തേത്. 
      പിന്നെ ചുമരിൽ സമയസൂചികളിഴയുന്ന ഘടികാരം. മഹാത്മാഗാന്ധിയുടെ ഒരു ഛായാചിത്രം. ചുമരിനോട് ചേർത്തിട്ടിരിക്കുന്ന തുറന്ന അലമാരയിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളും പലപ്പോഴായി സ്കൂളിന് ലഭിച്ചിട്ടുള്ള ട്രോഫികളും ഷീൽഡുകളും. കൂടാതെ മഞ്ഞ വെളിച്ചം. എയർ കണ്ടീഷനറിന്റെ തണുപ്പ്. പ്രിൻസിപ്പലിന് തൊട്ടടുത്തായി വൈസ് പ്രിൻസിപ്പൽ ക്ലിയോപാട്ര. ക്ലാസ് ടീച്ചർ മിസ്സ് അനുപമ, ഗ്ലോറിയ, ജെസ്സി.. അങ്ങനെ നിരന്ന് നില്ക്കുന്ന ചിത്രങ്ങൾ എലിസബേത്ത് പിന്നെയും കണ്ടു.
      തൊട്ട് മുൻപ് നടന്നത് സാക്ഷിവിസ്താരങ്ങളും, തൊണ്ടിമുതലുകളുടെ കണക്കെടുപ്പുകളും, കുറ്റവിചാരണകളുമായിരുന്നെന്ന് എലിസബേത്ത് മനസ്സിലാക്കി. തിരകളടങ്ങിയ ഒരു കടലിന്റെ പ്രക്ഷുബ്ധമായ അടിത്തട്ട് പോലെയുള്ള നിമിഷങ്ങൾ. താഴ്ന്ന് പറക്കുന്ന കടൽകാക്കകൾ സമയത്തെ നിശ്ചലമാക്കി നിർത്തി.
       അവൾ തൊട്ട് മുൻപിലിരിക്കുന്ന പപ്പയെ നോക്കി. അയാളുടെ ഇടതുകൈ വെളളയിൽ അവളുടെ വലതു കൈ ചേർന്നിരിപ്പുണ്ട്. 
      സോഫിയ വരാതിരുന്നത് നന്നായെന്ന് ഒരുവേള സോളമന് തന്നെ തോന്നിയിരിക്കണം. മറ്റൊരു കലുഷമായ അന്തരീക്ഷത്തിലേക്ക് അവൾ വരേണ്ട എന്ന് അയാൾ മുൻപെ തീരുമാനിച്ച് കാണും. സാരി ചുറ്റി മുറ്റത്തേക്കിറങ്ങിയ സോഫിയയെ സ്നേഹത്തോടെ പിൻതിരിപ്പിച്ചതും അയാൾ തന്നെ -
     " ഇത്തവണ ഞാൻ തനിയെ പോകാം.."
       സോഫിയ എതിർത്തില്ല. അല്പസമയം അവൾ സോളമനെ നോക്കി നിന്നു. പിന്നെ ആരോടും ഒന്നും മിണ്ടാതെ സാവധാനം ബെഡ്റൂമിൽ കയറി കതകടച്ച് കട്ടിലിൽ കമിഴ്ന്ന് കിടന്നു. 
      ഒരു തുള്ളി കണ്ണീരിന്റെ നനവ് പോലും അവളുടെ കൺപോളകളെ തേടി വന്നില്ല. കണ്ണീരിന്റെ ഉറവിടങ്ങളും വരണ്ടുണങ്ങിയ നദീതടങ്ങളോ.? വീശുന്ന കാറ്റിലും വരണ്ടുണങ്ങിയ വേനലോ ? അത്ഭുതം..
       കുറച്ച് കഴിഞ്ഞ് സോഫിയ പുറത്തിറങ്ങിയപ്പോഴേക്കും സോളമനും എലിസബേത്തും പോയിക്കഴിഞ്ഞിരുന്നു. കുറെ സമയം അവൾ തിണ്ണയിലിരുന്ന് വെറുതെ ഇടവഴിയിലേക്ക് നോക്കിയിരുന്നു. 
      സിഗരറ്റ് വലിക്കാനും ഒരാൺകുട്ടിയോട് ഇഷ്ടം തോന്നാനുമുള്ള പ്രായമായോ എന്റെ ആദിക്ക്.! കേട്ടപ്പോൾ വിശ്വസിച്ചില്ല. വിശ്വസിക്കില്ല..
     അവളെയോർത്ത് കണ്ണുകൾ നനയാത്ത ദിവസങ്ങളില്ല. ഒരാൺകുട്ടി. ചേച്ചിമാർക്കൊരു കുഞ്ഞനിയൻ. യാത്രകളിൽ അവർക്കൊരു തുണ. ചിത കത്തിക്കാൻ ഒരാൺ തരി. സോഫിയ ജീസസ്സിനോട് പറഞ്ഞത് ഇത്രമാത്രമായിരുന്നു.
       അവളെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. കുറെ സമയം മുറ്റത്ത് വെറുതെ നടന്നു. പിന്നെ പുറക് വശത്ത് പോയി അഴ കെട്ടിയിരുന്ന കയർ അഴിച്ചെടുത്തു. ഇടത് കൈപ്പത്തിയിൽ അത് സാവധാനം ചുരുട്ടാൻ തുടങ്ങി. അന്നേരം അവളുടെ ശരീരത്തിനുള്ളിലെ ഹൃദയമിടിപ്പ് തീരെ പതുക്കെയായിരുന്നു. തീരെ പതുക്കെ. 
     ചില കാറ്റ് പൂക്കളുടെ സുഗന്ധവും കൊണ്ട് വരും. നമ്മളാ കാറ്റിനെ മാറോട് ചേർത്ത് പിടിക്കും. ചിലത് ഇലകളെയും പൂക്കളെയും തല്ലിക്കൊഴിച്ച് മരച്ചില്ലകളൊടിച്ച് കടന്നുപോകും. രണ്ടും ഒരേ കാറ്റ് തന്നെ. സോഫിയ മനസ്സിൽ വെറുതെ ചിരിച്ചു. ഇടയ്ക്ക് ചിരിച്ചില്ലെങ്കിൽ പിന്നെ ചിരി മറന്നു പോകും..
      മമ്മ വീട്ടിൽ ഒറ്റയ്ക്കാണ്.
      എലിസബേത്ത് ഓർത്തു.
       ഇനി ഇതുപോലൊരു കാത്തു നില്പ് ഈ ഓഫീസ് മുറിയിലുണ്ടാവില്ലെന്ന് എലിസബേത്തിന് തോന്നി. എല്ലാറ്റിന്റേയും അവസാനം ഇന്നാണ്. ഇവിടെയാണ്. 
      എലിസബേത്ത് നില്ക്കുന്നതിന്റെ ഇടതു ഭാഗത്തായി കുറച്ച് മാറിയാണ് ആഷിക്ക് നില്ക്കുന്നത്. അവന്റെ വാപ്പയും ഉമ്മയുമായിരിക്കണം അവന് തൊട്ടു മുൻപിലായി കസേരയിലിരിപ്പുണ്ട്.
       ഒരു പോലീസുകാരന്റെ ബെൽറ്റിന്റെ ചുവന്ന് തിണർത്ത പാടുകൾ ഇന്ന് രാത്രിയിൽ ആഷിക്കിന്റെ തുടയിൽ വീണ് കിടക്കുമോ ? പോലീസുകാരനാണെങ്കിലും അവന്റെ പപ്പ ഒരു പാവമാണെന്ന് അവനൊരിക്കൽ പറഞ്ഞത് അവളോർത്തു.
       ഇത്ര നേരമായിട്ടും ആഷിക്ക് എലിസബേത്തിനെ തലയുയർത്തി ഒരിക്കൽ പോലും നോക്കിയില്ല. നീളമുള്ള ചുരുണ്ട മുടി അവന്റെ മുഖം മറച്ച് കിടന്നു. അവനൊന്ന് നോക്കിയിരുന്നെങ്കിൽ..! സങ്കടം അവളുടെ ഹൃദയത്തിൽ തൊട്ടു നിന്നു. വരണ്ട തൊണ്ടയിൽ അതെത്തി വല്ലാതെ ശ്വാസം മുട്ടിച്ചു.
     ടെറസ്സിന് മുകളിൽ ഇരുട്ടു വീണ് കിടക്കുന്ന രാത്രികളിൽ നിലാവിലേക്ക് പരന്നൊഴുകുന്ന സിഗരറ്റിന്റെ ഗന്ധം എവിടെ വെച്ചും അവൾക്ക് പിടിച്ചെടുക്കാൻ കഴിയണം. അത് മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ രാശിചക്രങ്ങൾ അവളെ കൊണ്ട് ചെന്നെത്തിച്ചതോ.?
     ഒരു പതിനഞ്ച് വയസ്സുകാരന്റേയും ഒരു പന്ത്രണ്ട്കാരിയുടേയും ദേഹവും ദേഹവുമുരഞ്ഞ് അഗ്നിയുണ്ടായെന്നും അതൊരു കനലായി പിന്നെയൊരു കാട്ടുതീയായി സ്കൂളിനെ മൊത്തമായി വിഴുങ്ങിയെന്നും അവർ കണ്ട് പിടിച്ചു. ഇമ്മോറൽ ട്രാഫിക്കിന്റെ അർത്ഥം അവൾക്ക് ഒരു നിഘണ്ടുവിലും തിരയേണ്ട ആവശ്യം വന്നില്ല.
      അവൾക്ക് ചിരിക്കാനാണ് തോന്നിയത്.
      ഒരു കൂട്ടുകാരന്റെ നെഞ്ചിൽ തലയൊന്ന് ചേർത്താൽ മഴമേഘങ്ങൾ കൂട്ടിയിടിച്ച് അതിവൃഷ്ടി വരുമെന്ന് തനിക്കറിയുമായിരുന്നില്ല. 
     ഇവനെന്റെ കൂട്ടുകാരൻ. കുട്ടിക്കാലത്ത് വിദ്യാലയങ്ങളിൽ നിന്നും നമുക്കോരോരുത്തർക്കും കിട്ടുന്ന അമൂല്യമായ നിധി. കൈവിരൽത്തുമ്പുകളിൽ നിഷ്ക്കളങ്ക സ്നേഹം ഒളിപ്പിച്ച് വെച്ച് പരസ്പരം തലോടാനും, തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാനും, കെട്ടിപ്പിടിച്ച് കരയാനും, തല്ല്കൂടാനും, കൂട്ട് കൂടാനും, പിന്നെ ഇണങ്ങാനും പിണങ്ങാനുമൊക്കയുള്ള ഖനനം ചെയ്തെടുത്ത നിധി.
      ഒരുപാട് പഠിപ്പും അറിവും തിരിച്ചറിവുമുളള ഇവർക്ക് തെളിച്ചമുളള നേരിന്റെ സ്ഫടികക്കാഴ്ച്ചകൾ വെളിപ്പെടാത്തതെന്ത് ? ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ണുനീർ സമുദ്രത്തിലേക്ക് ഒഴുകിയെത്താൻ സമയമെടുക്കുന്നില്ല.
    " മേം.. ഐ ഹാവ് സംതിങ് റ്റു സെ.."
     ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി. 
 ആഷിക്ക് തലയുയർത്തി അവളെ നോക്കി. കണ്ണടയൂരി പ്രിൻസിപ്പൽ മേശപ്പുറത്ത് വെച്ചു. 
       " തെറ്റ് കാരി ഞാനാണ്..ഞാൻ മാത്രം. ഹീയീസ് ഇന്നസെന്റ്. സൊ..ദി പണിഷ്മെന്റ് മസ്റ്റ് ബി മി എലോൺ.. മേം.."
     തെറ്റ് ചെയ്തത് എലിസബേത്ത് മാത്രം. അതുകൊണ്ട് ശിക്ഷയും അവൾക്ക് മാത്രം മതി. അവൾ ആഷിക്കിനെ നോക്കി പതുക്കെ ചിരിച്ചു. ഞാനിത് പറയണം. അല്ലെങ്കിൽ ഞാനൊരിക്കലും എലിസബേത്താവില്ല.
     സോളമൻ അവളെ തലയുയർത്തി നോക്കി. പിന്നെ ഒന്നു കൂടെ ചേർത്ത് പിടിച്ചു
     എലിസബേത്ത്..എനിക്ക് ദു:ഖമില്ല. ഒട്ടും. അവന്റെ കണ്ണുകൾ പറയുന്നത് അവൾക്ക് വായിക്കാം. പിന്നെയത് നനഞ്ഞ് വരുന്നത് കണ്ടപ്പോൾ അവൾ അവനിൽ നിന്നും മുഖം തിരിച്ചു. കണ്ണടയെടുത്ത് മൂക്കിൻ തുമ്പിൽ വെച്ച് പ്രിൻസിപ്പൽ ഒന്ന് മുന്നോട്ടാഞ്ഞു.
       " ദിസീസ് ദ ഫസ്റ്റ് ടൈം ഇൻ ദ ഹിസ്റ്ററി ഓഫ് ദ സ്കൂൾ ദാറ്റ് സച്ചെ സെക്ഷ്വൽ അലിഗേഷൻ ഹാസ് ബീൻ മേഡ്…"
      " വുഡ് യൂ സ്റ്റോപ്പിറ്റ്..മേം.?"
     ശബ്ദം പതറി. കസേര ശബ്ദത്തോടെ പിന്നിലേക്ക് വലിച്ച് മാറ്റി സോളമൻ എണീറ്റു. ദ്വേഷ്യവും വിഷമവും അയാളുടെ മുഖം വിവർണ്ണമാക്കി. നിശ്ശബ്ദതയിൽ നിശ്വാസങ്ങളുടെ ശബ്ദം മാത്രം കേട്ടു.    
     ഇത്രയും സമയം തലയും താഴ്ത്തി പറയുന്നതൊക്കെ കേട്ടിരുന്നു. അപ്പോഴൊക്കെയും തെറ്റ് ചെയ്തത് തന്റെ മകളാണെന്ന് വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. മറുപടി പറയാൻ വാക്കുകളേയും അന്വേഷിച്ച് നടന്നില്ല.
     " ഇവളെന്റെ മകൾ. എനിക്കറിയാം ഇവളെ. കാമം മൂത്ത് ഒരാണിന്റെ പുറകെ പോകാൻ മാത്രം ഒന്നിനും വളർച്ചയെത്തിയിട്ടില്ല എന്റെ മകൾക്ക്. പന്ത്രണ്ട് വയസ്സുളള ഒരു പെൺകുട്ടിയെക്കുറിച്ച് അവളുടെ പപ്പയോടാണ് മേഡം ഇപ്പറയുന്നതെന്ന് ഓർക്കണമായിരുന്നു.."
       സോളമന് ശ്വാസം മുട്ടി. കിതപ്പിൽ തൊണ്ട വരണ്ടു. വരണ്ട തൊണ്ടയിൽ വാക്കുകളുരഞ്ഞ് വേദനിക്കുന്നുണ്ട്. അയാൾ എലിസബേത്തിനെ ചേർത്ത് പിടിച്ച് ഓഫീസിന് പുറത്തേക്ക് നടന്നു. വാതിൽക്കലെത്തി സോളമൻ തിരിഞ്ഞ് നിന്നു.
     " മൈ ഡോട്ടർ ഡസിന്റ് നീഡ് ദിസ് സ്കൂൾ എനിമോർ. വീയാർ ലീവിംഗ് റൈറ്റ് നൗ ബിഫോർ യൂ എക്സ്പെൽ മൈ ഡോട്ടർ.."
     ഹാഫ് ഡോറുകൾ അവർക്ക് പുറകിൽ തുറന്നടഞ്ഞു. വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങുന്നതിന് മുൻപേ പ്രിൻസിപ്പലിന്റെ കനത്ത ശബ്ദത്തിലുള്ള വിധിവാചകം അവർ കേട്ടു.
      " വി ഹാവ് റിഗ്രെറ്റ് റ്റു അനൗൺസ് ദാറ്റ് ദി സ്റ്റുഡന്റ്സ് ഓഫ് ഔവർ സ്കൂൾ, ദി നെയിംസ് എലിസബേത്ത് സോളമൻ ആന്റ് ആഷിക്ക് അബു ആർ ബീയിങ്ങ് ടെർമിനേറ്റഡ് ഫ്രം സ്കൂൾ വിത് ദ ഇമ്മീഡിയറ്റ് എഫക്ട് ഡ്യൂ റ്റു ദെയർ ബേഡ് ബിഹേവിയർ ആന്റ്…."
       സോളമൻ എലിസബേത്തിനേയും ചേർത്ത് പിടിച്ച് വിശാലമായ മുറ്റത്തേക്കിറങ്ങി. ഉറച്ച കാൽവെയ്പ്പുകളിൽ ചെരിപ്പുകൾ മണൽത്തരികളിലുരയുന്ന ശബ്ദം അവൾ മാത്രം കേട്ടു. മരങ്ങളുടെ ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം കടന്ന് വന്ന് നിഴലുകളായി മുറ്റം നിറയെ വീണ് കിടന്നു. 
      പുറകിൽ അവനുണ്ടോ ? പിൻതിരിഞ്ഞ് അവൾക്കൊന്ന് നോക്കാൻ പറ്റാത്ത വിധം സോളമൻ അവളെ ഒതുക്കിപ്പിടിച്ചിരുന്നു. സിമന്റുകളടർന്ന ചവിട്ട് പടികളിറങ്ങി അവർ പാർക്കിങ്ങിലെത്തി. സൈക്കിൾ ഷെഡ്ഡിൽ ആഷിക്കിന്റെ ചുവന്ന നിറമുള്ള സൈക്കിൾ അവൾ കണ്ടു.
       കാറിൽ കയറാൻ നേരം അവളൊന്ന് തിരിഞ്ഞ് നോക്കി. അവനെവിടെ ? ഒന്ന് യാത്ര പറയാൻപോലും പറ്റിയില്ലല്ലൊ. അപ്പോഴേക്കും അവളുടെ രണ്ട് കണ്ണുകളിലും ജലം ഉരുണ്ടു കൂടി കണ്ണുകൾക്ക് മുന്നിൽ ഒരു മറ തീർത്ത് എല്ലാ കാഴ്ച്ചകളേയും മറച്ചു കളഞ്ഞിരുന്നു.



🟥 തുടരുന്നു…


എലിസബേത്ത് -19

എലിസബേത്ത് -19

0
455

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പത്തൊൻപത്                  സോളമൻ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്നു. അയാൾ വണ്ടി പുറകോട്ടെടുത്തു. എലിസബേത്ത് ഇരിക്കുന്ന ഇടതു വശത്തെ ഡോറിന്റെ ഗ്ലാസ്സ് അയാൾ താഴ്ത്തി വെച്ചു. അയാൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല. കലങ്ങിയ കണ്ണുകൾ കാറിൽ കയറാൻ നേരം കണ്ടതാണ്. ഇനി വേണ്ട.      അവൾ പുറത്തേക്ക് നോക്കിയിരുന്നു. ദൂരെ ഒരു നിഴൽ. നീണ്ട മുടിയിഴകൾ വീണ് പാതി മറഞ്ഞ ഒരു മുഖം. ഇല്ല..          കളിക്കൂട്ടുകാരോ കളിക്കളങ്ങളോ നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ഒരു മനസ്സ് ബദാമിന്റെ ചുവട്ടിൽ വീണു കിടക്കുന്ന മഞ്ഞ നിറമുള്ള ഒരിലയിൽ അവൾ കണ