\"നീയെന്താ ഒറ്റക്ക്... അമ്മയും അനിയത്തിയുമൊന്നുമില്ലേ... \"
ആതിര അശ്വതിയോട് ചോദിച്ചു...
\"ഇല്ല അച്ഛന് നല്ല പനി... അന്നേരം അമ്മ വരുന്നില്ലെന്ന് പറഞ്ഞു... അനിയത്തിക്ക് ഒരുപാട് എഴുതാനുണ്ടെന്ന് പറഞ്ഞു... അന്നേരം അവളും വന്നില്ല... നിങ്ങൾ പോകുമ്പോൾ കൂടെ പൊയ്ക്കോളാൻ അമ്മ പറഞ്ഞു... ഞാൻ എത്തിയപ്പോഴേക്കും നിങ്ങൾ നടന്നെന്ന് വീട്ടിൽനിന്ന് പറഞ്ഞു... അവിടം മുതൽ ഓടുകയായിരുന്നു നിങ്ങളുടെ അടുത്തെത്താൻ...\"
അശ്വതി പറഞ്ഞു...
\"നമുക്ക് പിന്നെ അതൊന്നുമില്ലല്ലോ അല്ലേ... എഴുതാനും വായിക്കാനും ഒന്നുമുണ്ടാകില്ല... എടി കൊച്ചേ ഉള്ള സമയത്ത് നാലക്ഷരം വല്ലതും പഠിക്കാൻ നോക്ക്... ഇന്നത്തെക്കാലത്ത് പഠിച്ചിട്ടുവരെ ജോലിയൊന്നും കിട്ടുന്നില്ല അപ്പോഴാണ് ഇങ്ങനെ നടക്കുന്നത്.. നിന്നിലാണ് വീട്ടുകാരുടെ ഏക പ്രതീക്ഷ... \"
അച്ചു പറഞ്ഞു...
\"അതിന് ഞാൻ പഠിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്... ഞാൻ പഠിക്കുന്നുണ്ടല്ലോ... \"
\"എന്താണ് അച്ചുവേട്ടാ ഇത്... ഇത്രയും കാലം ആരോടും മിണ്ടാത്തതായിരുന്നു പ്രശ്നം... മിണ്ടിത്തുടങ്ങിയപ്പോൾ എല്ലാറ്റിലും കയറിപിടിക്കുകയാണോ... \"
ഭദ്ര ചോദിച്ചു...
\"അതു ശരി... നല്ല കാര്യം പറയുമ്പോൾ അത് മോശമായല്ലേ... ഇല്ല ഇനി ഞാൻ മിണ്ടുന്നില്ല... ചിലർക്ക് അത് ദഹിക്കില്ലെന്ന് അറിയാം... എന്നാലും പറഞ്ഞു പോയതാണ്... \"
\"എന്റെ അച്ചുവേട്ടാ... അതെന്നെ, ഉദ്ദേശിച്ചാണെന്ന് എനിക്ക് മനസ്സിലായി... ഈ കാര്യത്തിൽ ഞാൻ അച്ചുവേട്ടന്റെ കൂടെയാണ്... തെറ്റു കണ്ടാൽ ഉടനെ പറയണം.. ഇവൾക്കിപ്പോൾ പഠിത്തത്തിൽ കുറച്ച് മടി വന്നിട്ടുണ്ടെന്ന് ഇവളുടെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട്... ആ കാര്യത്തിനുവേണ്ടി രണ്ടെണ്ണം പൊട്ടിച്ചാലും പ്രശ്നമില്ല... \"
കിച്ചു പറഞ്ഞു...
\"ചക്കിക്കൊത്ത ചങ്കരൻ തന്നെ... രണ്ടും ഒരുപോലെയാകാൻ കുറച്ച് പണിപെട്ടിട്ടുണ്ട്... \"
ഭദ്ര പറഞ്ഞു... അവർ നടന്ന് കറിയാച്ചന്റെ വീടിനു മുന്നിലെത്തി... അവരെ കണ്ടപ്പോൾ തന്നെ കറിയാച്ചനും ജിമ്മിച്ചനും അവരുടെയടുത്തേക്ക് വന്നു...
\"ഇപ്പോഴാണോ വരുന്നത്... എന്തായാലും വേണ്ടില്ല വാ കയറിയിരിക്ക്.. \"
ജിമ്മിച്ചൻ പറഞ്ഞു... അവർ പന്തലിലേക്ക് കയറി...
\"എടോ അച്ചൂ... \"
ആരുടേയോ വിളികേട്ട് അച്ചു അവിടേക്ക് നോക്കി കാർത്തിക് തന്റെയടുത്തേക്ക് വരുന്നത് കണ്ട് അവൻ എഴുന്നേറ്റു...
\"എടോ തന്നെ കണ്ടിട്ട് എത്ര കാലമായി... ഒന്ന് വിളിക്കുക പോലുമില്ല കശ്മലൻ... \"
കാർത്തിക് അച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു...
\"എന്റെ കാര്യങ്ങൾ ജിമ്മിച്ചൻ പറഞ്ഞ് അറിയുമല്ലോ... അതിനുശേഷം ഞാൻ ആരോടും ഒന്നിനോടും താല്പര്യമില്ലാതെ കഴിയുകയായിരുന്നു... \"
\"അറിഞ്ഞു എല്ലാം... എന്നെപ്പോലെ നിനക്കും ഇഷ്ടപ്പെട്ടതെന്തോ അത് നഷ്ടമായതാണ്... അതിന്റെ വേദന ഒരുപാട് അനുഭവിച്ചവനാണ് ഞാൻ... എന്റെ മകളുടെ മുഖം കാണുമ്പോഴായിരുന്നു എല്ലാം മനസ്സിൽനിന്നു കുറച്ചുസമയത്തേക്കെങ്കിലും മാറ്റിനിർത്താൻ കഴിഞ്ഞിട്ടുള്ളൂ... അതുപോട്ടെ എവിടെ നിനക്ക് നിന്റെ ചങ്കിനേക്കാളും വലിയ ഒരനിയനെ കിട്ടിയെന്ന് ജിമ്മിച്ചൻ പറഞ്ഞ ആൾ... \"
അച്ചു കിച്ചുവിനെ അവന് പരിചയപ്പെടുത്തി... പെട്ടന്ന് അവന്റെ കണ്ണ് ഭദ്രയിലും ആതിരയിലുമുടക്കി...
\"ഇവർ.... \"
അവൻ സംശയത്തോടെ അച്ചുവിനെ നോക്കി... \"
\"ഇത് ഇവന്റെ ഒരേയൊരു സഹോദരി ഭദ്ര... പിന്നെ കുറച്ചുകഴിഞ്ഞാൽ എന്റെ പാതിയുമാകും... പിന്നെയിത് ആതിര... അവിടെയടുത്തുള്ളതാണ്... എന്റെ സഹോദരിയാണെന്ന് കൂട്ടിക്കോ... \"
\"ആഹാ അപ്പോൾ പുതിയൊരു ജീവിതം തുടങ്ങാൻ തീരുമാനിച്ചല്ലേ... കൺഗ്രാജുലേഷൻ... പക്ഷേ അതല്ല... ഇവരെ എവിടെയോ ഞാൻ കണ്ടിട്ടുണ്ട്... എവിടെയാണെന്ന് പറയാൻ പറ്റുന്നില്ല... \"
\"സാറ് ഞങ്ങളെ മറന്നുകാണും.. പണ്ട് ധന്യയെ കാണാൻ കോളേജിൽ വന്നപ്പോൾ നമ്മൾ പരിചപ്പെട്ടിരുന്നു... \"
\"ഓ.. ഇപ്പോൾ ഓർക്കുന്നു... ധന്യയെ കൂടെ പഠിച്ചിരുന്നവർ... അവൾ പോയില്ലേ.. അവളുടെ കുറച്ച് ഓർമ്മകൾ മാത്രമാണ് ഇപ്പോഴുള്ളത്... ഏതായാലും നിങ്ങൾ ഇരിക്ക് നമുക്ക് വിശദമായി കാണാം... \"
അതു പറഞ്ഞ് കാർത്തിക് അവരുടെയടുത്തുനിന്നും പോയി...
\"ഇതാണോ അച്ചുവേട്ടൻ പറഞ്ഞ പുലികുട്ടി... ഇതൊരു അയ്യോപാവം മനുഷ്യനാണെന്നാണ് എനിക്ക് തോന്നുന്നത്... \"
\"ആള് പാവത്താനാണ്... സ്നേഹിക്കാൻ മാത്രമറിയാവുന്നവൻ... പക്ഷേ ഡ്യൂട്ടിയിൽ ഈ കാണുന്നവനല്ല അവൻ... അത് നിനക്ക് പിന്നീട് മനസ്സിലാവും...
\"അച്ചുവേട്ടാ എന്നെ ഓർമ്മയുണ്ടോ... \"
അവരുടെയടുത്തേക്ക് വന്ന ജിൻസി ചോദിച്ചു...
\"അതെന്താടോ ഗൾഫിൽ പോയെന്നു കരുതി നിന്നെയെങ്ങനെയാണ് മറക്കുക... എവിടെ നിന്റെ ആള്.... \"
അച്ചു ചോദിച്ചു...
\"ഞാൻ തന്നെ കണ്ടിട്ട് ഒരുപാട് നേരമായി... ഇവിടെയെവിടെയെങ്കിലും കാണും... എല്ലാം സ്വന്തം തലയിലാണെന്നാണ് വിചാരം... \"
\"പിന്നെ അങ്ങനെയല്ലേ വേണ്ടത്... ആകെയുള്ള ഒരു മരുമകനല്ലേ... അന്നേരം എല്ലാം കണ്ടറിഞ്ഞ് ചെയ്യണം... നിനക്ക് ഇവളെ മനസ്സിലായോ... ഇതാണ് ജിൻസി... കറിയാച്ചൻമുതലാളിയുടെ ഒരേയൊരു തല തെറിച്ച മകൾ ജിൻസി... \"
അച്ചു ഭദ്രക്ക് അവളെ പരിചയപ്പെടുത്തി...
\"ആര് മുതലാളി... ദേ അച്ചുവേട്ടാ അപ്പച്ചൻ കേൾക്കേണ്ട.... \"
പിന്നെ ഭദ്രയെ നോക്കി... \"
\"ഇതാണോ ഈ കോന്തന്റെ ചേച്ചി... \"
ജിൻസി കിച്ചുവിനെ നോക്കി ചോദിച്ചു... \"
\"അതെ എങ്ങനെ മനസ്സിലായി...\"
അച്ചു ചോദിച്ചു..
\"ഞാനെ അങ്ങ് ഗൾഫിൽ ഇരുന്നാൽ മതി... ഇവിടെ ഒരീച്ച പറക്കുന്നതു വരെ അറിയും... നിങ്ങളുടെ ജീവൻ ശുശ്രൂഷിച്ച് സുഖപ്പെടുത്തിയ ആളല്ലേ... മാത്രമല്ല ഇവരുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യവും എനിക്കറിയാം...\"
ഓ... ജിമ്മിച്ചൻ പറഞ്ഞതായിരിക്കും... അവന്റെ അനിയത്തി മാത്രമല്ലല്ലോ... മനസാക്ഷിസുക്ഷിപ്പുകാരിയുംകൂടിയാണല്ലോ... \"
\"അത് ശരി തന്നെ... എന്നാൽ ഇതൊക്കെ എനിക്ക് പറഞ്ഞു തന്നത് മിയചേച്ചിയാണ്... \"
\"മിയയോ... അപ്പോൾ അവളാണ് നിന്റെ പുതിയ കൂട്ടല്ലേ... \"
ആതിര ചോദിച്ചു...
\"എന്തുചെയ്യാനാണ് ആരെങ്കിലും വേണ്ടേ കൂട്ടായിട്ട്... പിന്നെ ഭക്ഷണം കഴിച്ചുകഴിഞ്ഞ് പെട്ടന്ന് പോയേക്കരുത്... ഇവിടെ കാണണം...
\"അതെന്തിനാണ് അതുകഴിഞ്ഞാൽ നിന്റെ ഡാൻസ് വല്ലതുമുണ്ടോ... \"
അച്ചു ചോദിച്ചു...
\"കർത്താവേ... അച്ചുവേട്ടൻ കോമഡി പറയുന്നു... അപ്പോൾ ഭദ്രേേച്ചി ഇയാളെയാകെ മാറ്റിയെടുത്തല്ലേ... അല്ലെങ്കിൽ വെട്ടുപോത്തിന്റെ സ്വഭാവമായിരുന്നല്ലോ... കഴിഞ്ഞ തവണ വന്നപ്പോൾ ഞാനൊന്ന് സംസാരിക്കാൻ ചെന്നതായിരുന്നു... തല്ലിയില്ല എന്നേയുള്ളൂ... ആ മനുഷ്യൻ ഇങ്ങനെ മാറിയെങ്കിൽ അത് മഹാത്ഭുതം തന്നെ... \"
\"ഇനിയെന്തൊക്കെ കാണാതിരിക്കുന്നു... \"
കിച്ചു പറഞ്ഞു..
\"കാണാനിരിക്കുന്ന കാര്യത്തെക്കുറിച്ച് നീ പറയേണ്ട... നിന്റെ കാര്യവും ഞാനറിയുന്നുണ്ട്... മിണ്ടാപ്പൂച്ചകളെപ്പോലെ നടന്ന നീയും അശ്വതിയും തമ്മിലുള്ള ചുറ്റിക്കളിയെക്കുറിച്ചും ഞാനറിഞ്ഞു... എടാ ചെക്കാ... എത്ര കഷ്ടപ്പെട്ടാണ് നീ ഡിഗ്രി പൂർത്തിയാക്കിയത്... എന്നിട്ട് തുടർന്ന് പഠിക്കുന്നതിനു പകരം പ്രേമിച്ചു നടക്കുന്നു... പ്രേമിക്കേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല... പക്ഷേ പഠിച്ച് ആദ്യം സ്വന്തം കാലിൽ നിന്നിട്ടു മതി എല്ലാം... അന്നേരം ഞങ്ങൾ തീരുമാനിക്കും എന്തുവേണമെന്ന്... അങ്ങനെയല്ലേ ഭദ്രേച്ചീ\"
ജിൻസി ചോദിച്ചു...
\"ഞാനെന്താണ് പറയുക... സ്വന്തക്കാർക്കും ബന്ധുക്കാർക്കും ഇല്ലാതെ പോയ ഈ സ്നേഹം കാണുമ്പോൾ എനിക്ക് അതിശയമാണ്... അസൂയയാണ്... ഏതോ നാട്ടിൽനിന്നുവന്ന ഞങ്ങളെപ്പോലെയുള്ളവരെ വിശ്വാസത്തോടെ സ്വന്തക്കാരെപ്പോലെ സ്നേഹിക്കുന്ന നിങ്ങൾ ഞങ്ങളെപ്പോലെയുള്ളവർക്ക് ദൈവതുല്യമാണ്... \"
\"അതെന്താ ഭദ്രേച്ചീ അങ്ങനെ പറയുന്നത്... നമ്മൾ മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കണമെന്നല്ലേ ഏത് ഗ്രന്ഥങ്ങളിലും പറയുന്നത്... അത് ഒരിക്കലും തിരിച്ചുകിട്ടുമെന്ന് കരുതി ചെയ്യരുതെന്നും അതിൽ പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുക... ചിലപ്പോൾ നമ്മൾ മനസ്സിൽ കരുതാത്ത പെരുമാറ്റമാകും തിരിച്ചുകിട്ടുക... എന്നാലും നമ്മുടെ സ്നേഹത്തിന് കുറവ് വരരുത്... ആ സ്നേഹം എന്നെങ്കിലും മറ്റുള്ളവർ മനസ്സിലാക്കുമെന്ന് കരുതുക... \"
\"നിങ്ങളുടെ സംസാസാരത്തിന് മറുപടി പറയാൻ എനിക്ക് അറിയില്ല... അതൊന്നും അനുഭവിക്കാൻ യോഗമില്ലാത്തവളായതുകൊണ്ടാകും എനിക്ക് അതൊന്നുമറിയാത്തത്... ഇപ്പോൾ ഈ നാട്ടിൽ എത്തിയപ്പോഴാണ് യഥാർത്ഥ സ്നേഹം എന്താണെന്ന് എനിക്ക് മനസ്സിലായത്... \"
\"നിങ്ങളുടെ മനസ്സ് ശുദ്ധമാണ്... അതാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്... മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്ന സ്നേഹം നിഷേധിക്കപ്പെട്ടവരുടെ സംസാരം... അത് നിങ്ങളെ ഇവിടെവരെ എത്തിച്ചു... ഇവിടെ ജീവിക്കാനാണ് നിങ്ങൾക്ക് യാഗമുള്ളത്... അതിനുമുമ്പേ ഈശ്വരന്റെ പരീക്ഷണത്തിന് നിങ്ങൾ ഒരു പാത്രമായെന്നുമാത്രം... എല്ലാവരിലും ഈശ്വരൻ ഇതുപോലെ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്... അത് ചിലപ്പോൾ വേദന നിറഞ്ഞതാകാം കഷ്ടതകൾ നിറഞ്ഞതാകാം... അസ്വസ്ഥത നിറഞ്ഞതാകാം... എന്നാൽ അവർക്കെല്ലാം നല്ല ജീവിതം മുന്നിലുള്ളവരാണ്... ഇതു കേൾക്കുമ്പോൾ നിങ്ങൾ കരുതും എനിക്കൊക്കെ എന്ത് വേദനയും കഷ്ടപ്പാടും അശ്വസ്ഥതയുമാണെന്ന്... നിങ്ങളുടെ മുന്നിൽ ചിരിച്ചു കളിച്ച് ജീവിക്കുന്ന എന്നിലും ഈശ്വരൻ പരീക്ഷണം നടത്തുന്നുണ്ട്... രണ്ടര വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്... എന്നാൽ ഒരു കുഞ്ഞിക്കാലുകാണാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്... ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് പത്തുമാസം ചുമന്ന് പ്രസവിക്കണമെന്നത് ഏത് പെണ്ണിന്റേയും ആഗ്രഹമാണ്... എന്നാൽ ആ കാര്യത്തിൽ ദൈവം എന്നെ പരീക്ഷിക്കുകയാണ്... കാണുന്നവർ ചോദിക്കുന്നത് എന്താണ് പെട്ടെന്നൊരു കുഞ്ഞിനെ വേണ്ടെന്നു വച്ചാതാണോ എന്ന്... എന്നാൽ അവർക്കറിയില്ലല്ലോ എന്റെ ദുഃഖം... അറിഞ്ഞാൽതന്നെ അവർക്കൊക്കെ സഹതാപവും പരിഹാസവും മാത്രമാണുണ്ടാവുക... ഇച്ചായന്റെ സ്നേഹത്തിനു മുന്നിലാണ് ആ ദുഃഖം മറക്കുന്നത്... അച്ചുവേട്ടനും ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നില്ലേ... ആതിരചേച്ചിക്കും ഇപ്പോൾ ഇവിടെ നിന്നുപോയ കാർത്തിയേട്ടനും പരീക്ഷണങ്ങൾ നേരിട്ടില്ലേ... നമ്മുടെ മനുഷ്യജീവിതം അങ്ങനെയാണ്... അതുകൊണ്ട് അതിനോട് ഇഴകിച്ചേർന്ന് ജീവിതം ദുഃഖത്തിലാഴ്ത്തുകയല്ല.. മറിച്ച് അത് മറ്റൊരു വഴിക്ക് വിട്ട് ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക...
തുടരും....
✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖