\"നമ്മുടെ മനുഷ്യജീവിതം അങ്ങനെയാണ്... അതുകൊണ്ട് അതിനോട് ഇഴകിച്ചേർന്ന് ജീവിതം ദുഃഖത്തിലാഴ്ത്തുകയല്ല.. മറിച്ച് അത് മറ്റൊരു വഴിക്ക് വിട്ട് ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക...
\"എന്താടീ നീയവരെ സംസാരിച്ച് ബോറടിപ്പിക്കുന്നുണ്ടോ... \"
അവിടേക്ക് വന്ന ജിമ്മിച്ചൻ ചോദിച്ചു...
\"അതെ ബോറടിപ്പിക്കുകയാണ്... ഒരുപാടായല്ലോ ഇവരെ കണ്ടിട്ട്... അന്നേരം എല്ലാംകൂടി ഒന്നിച്ച് പറഞ്ഞ് ബോറടിപ്പിക്കാമെന്ന് കരുതി... \"
\"ആണോ... ഭദ്രേ ഇവളെ വല്ലാതെ തലയിൽ കയറ്റേണ്ട... അവസാനം താഴെയിറങ്ങില്ല... അത്രക്ക് നല്ല മുതലാണ്... \"
ജിമ്മിച്ചൻ പറഞ്ഞു...
\"ഏയ് അങ്ങനെയൊന്നുമില്ല... ഇവൾ സ്മാർട്ടാണ്... വിചാരിച്ചതുപോലെയല്ല ആൾ... എനിക്ക് ഇഷ്ടമായി... \"
\"കേട്ടല്ലോ... ഇപ്പോൾ ജിമ്മിച്ചായന് എന്തെങ്കിലും പറയാനുണ്ടോ... \"
\"ഇല്ലേ... ഇത്ര പെട്ടന്ന് നീ ഇവളേയും കയ്യിലെടുത്തല്ലോ... അതിശയമായിരിക്കുന്നു... എന്നു കരുതി നിന്റെ തോന്നിവാസമൊന്നും ഇവരുടെ നേരെ വേണ്ട... \"
\"ജിമ്മിച്ചായന് അവിടെ പണിയൊന്നുമില്ലേ... എന്റെ കെട്ട്യോനെമാത്രം ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്ക്... \"
\"അപ്പോൾ നമ്മൾ പുറത്ത് സാരമില്ല... പിന്നെ നിന്നെ മിയ ചോദിക്കുന്നുണ്ട്... അവൾക്ക് ആ സാരി എങ്ങനെയുടുത്തിട്ടും ശരിയാവുന്നില്ല... നിന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു... നീ കൊണ്ടുവന്ന് കൊടുത്തതല്ലേ... നല്ല ചുരിദാർ വല്ലതും ആണെങ്കിൽ പ്രശ്നമില്ല... ഇത് അവളെക്കൊണ്ട് പൊന്തിച്ചാൽ പൊന്താത്തൊരു സാരിയും വാങ്ങിച്ചു വന്നിരിക്കുന്നു... \"
\"പിന്നേ... ആരും ഉടുക്കാത്തതാണല്ലോ അതു പോലത്തെ സാരി... ഉടുക്കാനറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരേ... സാരിയെ പഴിക്കണോ...
ജിൻസി അവരോട് വരാമെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു...
\"എങ്ങനെയുണ്ട് എന്റെ ബുദ്ധി... നിങ്ങളെ അവളുടെ നാവിൽനിന്നും രക്ഷിക്കാൻ കിട്ടിയ കച്ചിത്തുരുമ്പാണ് മിയക്ക് സാരിയുടുത്തിട്ട് ശരിയാവാതിരുന്നത്... \"
\"അവൾ എത്ര സിമ്പിളായിട്ടാണ് നടക്കുന്നത്... അവളെപ്പോലെ മറ്റൊരാളായിരുന്നെങ്കിൽ ഇതുപോലെ കാണില്ല... ഈ നിൽക്കുന്ന ഭദ്രയോ ആതിരയോ അങ്ങനെ നടക്കുമോ... \"
അച്ചു ചോദിച്ചു...
\"അവൾ അവളുടെ കുറവ് സ്വയം മനസ്സിലാക്കുന്നുണ്ട്... അതിന്റെ വേദന അവൾ മനസ്സിൽ കൊണ്ടുനടക്കുന്നുമുണ്ട്... എന്നാൽ അതൊന്നും മറ്റുള്ളവരുടെ മുന്നിൽ കാണിക്കാതെ ആരേയും വിഷമിപ്പിക്കാതെ ജീവിക്കുകയാണ് പാവം... \"
\"എല്ലാം ശരിയാകും... സമയം വൈകീട്ടൊന്നുമില്ലല്ലോ... രണ്ട് രണ്ടര വർഷമല്ലേ ആയിട്ടുള്ളൂ... ഇനിയും ഉണ്ടാവില്ലെന്ന് കരുതരുത്... ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ടാകും... എല്ലാം അവളുടെ ആഗ്രഹം പോലെ നടക്കും... \"
ഭദ്ര പറഞ്ഞു... \"
\"നടക്കട്ടെ... അതുപോട്ടെ നിങ്ങൾ കാർത്തിക്കിനെ പരിചയപ്പെട്ടില്ലേ... \"
\"പരിചയപ്പെട്ടു... അവന്റെ മകനേയും അച്ഛനുമമ്മയേയുമൊന്നും കണ്ടില്ലല്ലോ... \"
അച്ചു ചോദിച്ചു...
\"അവർ രാത്രിയാകും എത്താൻ... വീട്ടുസാധനങ്ങൾ എല്ലാം കൊണ്ടുവരേണ്ടെ... അതാണ് നേരം വൈകുന്നത്... നിങ്ങൾ പോകരുത് നമുക്ക് അവരുടെ സാധനങ്ങൾ ഇറക്കി കൊടുക്കണം... \"
\"അതിനെന്താ അത് നമുക്ക് ചെയ്യാം... പക്ഷേ ഇവർ... അവിടെ ആതിരയുടെ അച്ഛനുമമ്മയും തനിച്ചല്ലേ... അവർക്ക് പോകണമല്ലോ... ഒറ്റക്ക് വിടാൻ ഒരു പേടി... ഇന്നാളത്തെപ്പോലെ ആ ഷാജിയും വിനയനും വഴിയിൽ വച്ച് എന്തെങ്കിലും ചെയ്യുമോ എന്നൊരു പേടി\"
\"അത് നമുക്ക് കാർത്തിയെ വിളിച്ച് കൊണ്ടാക്കിക്കാം... അവനാണെങ്കിൽ ഒരുത്തനും വരില്ല മുന്നിലേക്ക്... അതൊക്കെ പരിപാടി കഴിഞ്ഞിട്ടല്ലേ... \"
\"അതു മതി... അതുവരെ അപ്പുറത്തെ മീനാക്ഷിയമ്മ അവിടെ കൂട്ടുനിൽക്കും ഞാൻ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്... \"
അതുകേട്ട് ആതിരയും ഭദ്രയും അന്തം വിട്ടുനിന്നു...
\"അതെപ്പോഴാണ് നടന്നത്... \"
ഭദ്ര ചോദിച്ചു...
\"അതൊക്കെയുണ്ട്... നിങ്ങളെപ്പോലെ ഉത്തരവാദിത്വം ഇല്ലാത്തവനല്ല ഞാൻ... \"
\"ഓ അത് ഞങ്ങളറിഞ്ഞില്ല... എന്ന് തുടങ്ങീ ഈ ഉത്തരവാദിത്വം... ഞാൻ വന്നിട്ട് മാസങ്ങളായി എന്നിട്ട് ഇതുവരേയും കണ്ടിട്ടില്ല...\"
\"നിന്നെ കാണിച്ചിട്ടുവേണോ എനിക്ക് എന്റെ ഉത്തരവാദിത്വം നടപ്പിലാക്കാൻ... \"
\"ആ ചിലപ്പോൾ വേണ്ടിവരും... എന്തേ പറ്റില്ലേ... ഇല്ലെങ്കിൽ പറഞ്ഞോ... \"
അച്ചുവിന്റേയും ഭദ്രയുടേയും സംസാരം കേട്ട് ജിമ്മിച്ചന് അത്ഭുതമാണ് തോന്നിയത്... \"കുറച്ചുകാലമായി എങ്ങനെ ജീവിച്ചവനാണ്... ഇപ്പോൾ എന്തൊരു മാറ്റമാണ് അച്ചുവിന് വന്നിട്ടുള്ളത്... എല്ലാം ഭദ്ര ഒറ്റരാളുടെ മിടുക്കുകൊണ്ടാണ്... ഇവൾ ഇവന് വേണ്ടി ജനിച്ചത് തന്നെയാണ്... \"
\"എന്താ ജിമ്മിച്ചാ ചിരിക്കുന്നത്... ഇവളുടെ സംസാരം കേട്ടിട്ടാണോ... \"
അച്ചു ചോദിച്ചു...
\"ഏയ് അതൊന്നുമല്ല... നിന്റെ ഇപ്പോഴത്തെ മാറ്റംകണ്ട് ചിരിച്ചുപോയതാണ്... എങ്ങനെ നടന്നവനായിരുന്നു നീ നിന്റെ മായ മരിച്ചതിൽപിന്നെ കുടിയും വലിയും മറ്റുള്ളവരോട് ദേഷ്യവുമായി നടന്ന നീ ഇപ്പോൾ നനഞ്ഞ ഓലപ്പടക്കമായി മാറിയതോർത്ത് ചിരിച്ചതാണ്... നീ കമ്പനിയിൽ എത്തിയാൽ നിന്റെ ഇപ്പോഴത്തെ സ്വഭാവം കണ്ട് എല്ലാവരും അന്തം വിടും... വെറുതെയല്ല പറയുന്നത് പെണ്ണൊരുമ്പട്ടിറങ്ങിയാൽ ഏതു കാര്യവും നടക്കുമെന്നത്... ഇവളെ സമ്മതിക്കണം... നിന്നെ ഇങ്ങനെ മാറ്റിയെടുത്തില്ലേ... അതിന് ഇവളെ ഞാൻ അഭിനന്ദിക്കുന്നു... \"
\"വല്ലാതെ പൊക്കല്ലേ... ഇവൾ കാരണമൊന്നുമല്ല ഞാൻ ഇതുപോലെയായത്... എനിക്കു തോന്നി.. അല്ലാതെ ഒരാൾ മറ്റൊരാളെ നന്നാക്കാൻ ശ്രമിച്ചാലൊന്നും നന്നാവണമെന്നില്ല... \"
\"എന്നിട്ടെന്തേ ഇത്രയും നാൾ അത് തോന്നാതിരുന്നത്... ഇവൾ ഈ നാട്ടിൽ വന്നതിൽപ്പിന്നെ നിന്നെ പരിചരിച്ചതിനുശേഷമല്ലേ നിനക്ക് അങ്ങനെയൊരു ബുദ്ധി തോന്നിയത്... ഇവൾ പലതവണ പറഞ്ഞതിനുശേഷമല്ലേ നിനക്ക് മാറി ചിന്തിക്കാൻ തോന്നിയത്...അല്ലാതെ സ്വയം തോന്നിയതൊന്നുമല്ലല്ലോ... \"
\"അതു പിന്നെ... ഞാൻ കുറച്ചുകാലമായി അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയതാണ്... അതിന് സമയമായത് ഇപ്പോഴാണെന്നു മാത്രം... \"
\"വെറുതേ ഉരുണ്ടു കളിക്കേണ്ട അച്ചൂ... എല്ലാം ഞങ്ങൾ കാണുന്നുണ്ട്... ഇവളുടെ ഡിവോഴ്സ് നടക്കട്ടെ നമുക്ക് ചെറിതായെങ്കിലും ഇത് നടത്താം... ഞങ്ങൾ നടത്തിത്തരും... അതുപോലെ എന്റെ മനസ്സിൽ മറ്റൊരു കാര്യവുമുണ്ട്... അതും ഞാൻ നടത്തും... അതെന്താണെന്ന് ഞാൻ പിന്നെ പറയാം... അതിന് ചില സമ്മതങ്ങൾ ലഭിക്കാനുണ്ട് അത് കിട്ടണം... കിട്ടുമെന്നാണ് എന്റെ മനസ്സ് പറയുന്നത്... ഏതായാലും നീയും കിച്ചുവും അപ്പുറത്തേക്ക് ചെല്ല്... ഇവരെ ആരും പിടിച്ചു കൊണ്ടൊന്നും പോകില്ല... നമുക്ക് ഭക്ഷണത്തിന്റെ കാര്യം നോക്കണം... ഇപ്പോൾത്തന്നെ സമയം വൈകി... പിന്നെ ഈ പെണ്ണെന്താണ് ഊമയെപ്പോലെ നിൽക്കുന്നത്... എന്തെങ്കിലുമൊക്കെ സംസാരിച്ചു കൂടെ നിനക്ക്... \"
ജിമ്മിച്ചൻ അശ്വതിയോട് ചോദിച്ചു...
\"അതിന് എന്തെങ്കിലും പറയാൻ നിങ്ങളൊക്കെ സമയം തരേണ്ടെ... ഒരാൾ നിർത്തിയാൽ അടുത്തയാൾ തുടങ്ങും... ഇതിനിടയിൽ ഞാനെപ്പോഴാണ് സംസാരിക്കുക... \"
\"അതുശരി... അപ്പോൾ അതാണ് കാര്യം... അല്ലാതെ സംസാരിക്കാൻ മടിയുണ്ടായിട്ടല്ല... എന്നാൽ മൂന്നും കൂടി സംസാരിച്ചോ... ഇവരെ ഞാൻ കൊണ്ടു പോവുകയാണ്... \"
\"ജിമ്മിച്ചന്റെകൂടെ അച്ചുവും കിച്ചുവും നടന്നു... ഭദ്രയും ആതിരയും അശ്വതിയും അവിടെയൊരു സ്ഥലത്തിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ജിൻസി വന്ന് അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഓരോരുത്തരും യാത്രപറഞ്ഞിറങ്ങി... ഭദ്ര അച്ചുവിന്റെയടുത്തേക്ക് ചെന്നു...
\"അച്ചുവേട്ടാ നിങ്ങൾ വരാൻ നേരം വൈകുമെങ്കിൽ ഞങ്ങൾ നടക്കട്ടെ... \"
\"ഞങ്ങൾ വൈകും നിങ്ങൾ ഒറ്റക്ക് പോകേണ്ട... ജിമ്മിച്ചൻ പറഞ്ഞല്ലോ കാർത്തി നിങ്ങളെ കൊണ്ടാക്കിത്തരുമെന്ന് ഞാൻ ജിമ്മിച്ചനോട് പറയാം... \"
\"അതൊന്നും വേണ്ട... ഇവിടുന്ന് അതുവഴി ആളുകൾ പോകുന്നുണ്ടല്ലോ... ഞങ്ങൾ അവരുടെ കൂടെ പൊയ്ക്കോളാം... \"
\"എന്നാൽ ജിമ്മിച്ചനോട് പറയാം.. വാ... \"
അച്ചു അവരേയും കൂട്ടി ജിമ്മിച്ചന്റെയടുത്തേക്ക് നടന്നു... അവർ ചെല്ലുമ്പോൾ ജിമ്മിച്ചൻ ജിൻസിയുമായി എന്തോ സംസാരിക്കുകയായിരുന്നു... \"
\"ജിമ്മിച്ചാ ഇവർ പോവുകയാണെന്ന്... \"
അച്ചു പറഞ്ഞു...
\"എന്താണ് ഇത്ര തിടുക്കം... കുറച്ചു കഴിഞ്ഞ് പോയാൽ മതി... \"
ജിൻസിയാണത് പറഞ്ഞത്...
\"അതല്ല ജിൻസീ... അവിടെ അച്ഛനുമമ്മയും മാത്രമല്ലേയുള്ളൂ... \"
ആതിര പറഞ്ഞു...
\"എന്നാൽ നിർബന്ധിക്കുന്നില്ല... ഏതായാലും പോകാൻ വരട്ടെ... നിങ്ങൾ വാ... \"
\"എന്നാൽ ചെല്ല് ഞാൻ കാർത്തിയെ കൂടെ പറഞ്ഞുവിടാം... \"
\"അതൊന്നും വേണ്ട... അതുവഴി ആളുകളുണ്ടാകും ഞങ്ങൾ പൊയായ്ക്കോളാം... \"
ഭദ്ര പറഞ്ഞു...
അതു വേണ്ട... രാത്രിയാണ് സമയം മാത്രമല്ല ഈ നാട്ടിലെ ആരേയും ആ ഷാജി വിലകല്പിക്കുന്നുമില്ല... അവൻ വന്നോളും ഇപ്പോൾ നിങ്ങൾ ഇവളുടെ കൂടെ ചെല്ല്... \"
ജിൻസി അവരേയും കൂട്ടി അവളുടെ മുറിയിലേക്ക് നടന്നു... അവളുടെ മുറിയിലേക്ക് പോകാൻ കുറച്ച് മടിയുണ്ടെങ്കിലും ജിൻസിയുടെ നിർബന്ധത്തിനു വഴങ്ങിയവർ... ആതിരയുടെ കയ്യിൽനിന്നും അപ്പുമോനെ ജിൻസി വാങ്ങിച്ചു... മുറിയിലെത്തിയ അവൾ ആദ്യം ചോക്ലേറ്റിന്റെ ഒരു പാക്കറ്റ് എടുത്ത് അപ്പുമോന് കൊടുത്തു... പിന്നെ ഷെൽഫ് തുറന്ന് മൂന്ന് കവർ എടുത്തു... അത് ഭദ്രക്കും ആതിരക്കും അശ്വതിക്കും കൊടുത്തു...
\"എന്താണിത് ജിൻസീ... \"
ആതിര ചോദിച്ചു... \"
\"അത് പറയില്ല... വീട്ടിൽ ചെന്ന് നോക്കിയാൽ മതി... \"
\"ഇതൊക്കെ വേണോ...
\"എന്തുകൊണ്ട്... ഇവിടെ വന്നാൽ എനിക്ക് പ്രിയ്യപ്പെട്ടതായിട്ട് നിങ്ങളൊക്കെയല്ലേയുള്ളൂ... അന്നേരം ഇതെന്റെ സന്തോഷമാണെന്ന് കരുതിയാൽ മതി...
\"പിന്നെ ഞാൻ കുറച്ചുനാൾ ഇവിടെയുണ്ടാകും... അതുവരെഎന്റെ ശല്യം സഹിച്ചേ പറ്റൂ... ഞാൻ ഇടക്ക് അതുവഴി വരാം... അതുപോലെ ഇവിടേക്കു ഇടക്ക് ഇറങ്ങ്... \"
\"അതിനെന്താ നല്ലകാര്യമല്ലേ... എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്... \"
അവർ പുറത്തേക്ക് വന്നു... അപ്പോഴേക്കും ജിമ്മിച്ചൻ രണ്ടു പൊതിയുമായി വന്നു... ഒന്ന് ആതിരയുടെ കയ്യിലും ഒന്ന് അശ്വതിയുടെ കയ്യിലും കൊടുത്തു...
\"കുറച്ച് ഭക്ഷണമാണ്... ആതിരയുടെ അച്ഛനുമമ്മക്കും അശ്വതിയുടെ അച്ഛനുമമ്മക്കും അനിയത്തിക്കുമാണ്... അവർക്ക് വരാൻ പറ്റിയില്ലല്ലോ... ഇതവർക്ക് കൊടുക്കണം... കാർത്തി റോഡിലുണ്ട്... അപ്പോൾ പറഞ്ഞതുപോലെ...
തുടരും....
✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖