അക്കരെയക്കരെ ഭാഗം 08
\" എംബസി ഇടപെട്ടു. എല്ലാം സ്ട്രിക്ട്ലി കോൺഫിഡൻഷ്യൽ ആയിരുന്നു . ബട്ട് സംഹൗ ഇറ്റ് വാസ് ഡിസ്‌ക്ലോസ്ഡ് . \"
ഫായിസ് സർ പറഞ്ഞപ്പോഴും ഞാൻ പൂർണമായും വിശ്വസിച്ചിരുന്നില്ല. ഭയം അത്രത്തോളം മനസ്സിനെ കീഴടക്കിയിരുന്നു.
പക്ഷേ എല്ലാ ഭയവും ഇല്ലാതാക്കിക്കൊണ്ട് പിറ്റേ ദിവസം ഇന്ത്യൻ എംബസി പ്രതിനിധികൾ ജയിലിലെത്തി. ഐ.ഡി. കാണിച്ചു. തിരിച്ചറിയൽ പരേഡ് നടത്തി.
പിന്നെയും മൂന്ന് ദിവസങ്ങൾക്കു ശേഷം ആ ജയിലിന്റെ ഇരുമ്പ് വാതിൽ ഞങ്ങൾക്കായി തുറക്കപ്പെടുന്നു. പുറത്തേക്കാണെന്നു മാത്രം.
എല്ലാ പരിശോധനകളും നടപടികളും കഴിഞ്ഞ് എൻട്രൻസിലെത്തി ഞാൻ ഒന്ന് ചുറ്റും നോക്കി.
രാജൻ ?
അയാൾ എവിടെ ?
ഞങ്ങൾ അഞ്ച് പേരേ ഉള്ളൂ പുറത്ത്.
നെഞ്ചിലൊരു വെള്ളിടി വെട്ടിയപ്പോൾ ഞാൻ തിരിഞ്ഞു. അവിടെ അത് പ്രതീക്ഷിച്ചതു പോലെ ഫായിസ് സർ ഉണ്ടായിരുന്നു.
\" സർ... അയാൾ ...?\"
\" ഹു?\"
യാതൊരു ഭാവഭേതവുമില്ലാതെ അദ്ദേഹം ചോദിച്ചു.
\" സർ.. രാജൻ ? ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ....?\"
\" അങ്ങനെ ഒരാളില്ല രതീഷ് . ഞങ്ങൾ നിങ്ങൾ അഞ്ചു പേരെയാണ് അറസ്‌റ്റ് ചെയ്തത്. എംബസിക്കു ലഭിച്ച മിസ്സിംഗ് കേസുകളിലും അവരുടെ ലിസ്റ്റിലും നിങ്ങൾ അഞ്ച് പേരുടെ പേരുകളേ ഉളളൂ.
സോ , ഓൾ ദ ബെസ്റ്റ്. ഇൻഷാ അള്ളാഹ്. \"
മറുപടി പ്രതീക്ഷിക്കാത്തതു പോലെ അദ്ദേഹം തിരിഞ്ഞു നടന്നു.
..........................
എയർപോർട്ടിൽ എന്നെക്കാത്ത് ഷാജഹാനിക്കയും മനോജും ഉണ്ടായിരുന്നു.
അവർക്കു മുന്നിൽ വിശദീകരണങ്ങളുടെ ഒന്നും ആവശ്യമില്ല.
\" വീട്ടിൽ എത്തിയിട്ട് വിളിക്കണം. \"
എന്നു മാത്രം പറഞ്ഞ് കെട്ടിപ്പിടിച്ചു. അടർന്നു മാറുന്നതിനു മുൻപ് തന്നെ കുറച്ചു നോട്ടുകൾ പോക്കറ്റിൽ വച്ചു തന്നു.
ഫ്ലൈറ്റ് ഉയർന്നു പൊങ്ങുമ്പോൾ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കുറേ ഓർമ്മകളും ഞാൻ ആ മണ്ണിൽ ഉപേക്ഷിക്കുകയായിരുന്നു .
നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി.
ആകെ കൈയിലുള്ളത് ഇക്ക തന്ന ഇരുപത് ദിനാർ.
പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു ടാക്സിയുടെ കണ്ണാടിയിൽ എന്റെ മുഖം കണ്ട ഞാൻ തന്നെ അമ്പരന്നു. മുടിയും താടിയും ഒക്കെ വളർന്ന് .... വല്ലാത്ത രൂപം.
ടാക്സി വിളിച്ചു , വരുന്ന വഴി വണ്ടി നിർത്തിച്ച് ഷേവിംഗ് സെറ്റ് വാങ്ങി, വഴിയിൽ നിന്നു തന്നെ ഷേവ് ചെയ്തു.
അടുത്തൊരു കടയിൽ കയറി രണ്ടു കവർ മിഠായി കൂടി വാങ്ങി.
എന്റെ മക്കൾ പ്രതീക്ഷിക്കും. ഗൾഫിൽ നിന്നും ചെല്ലുന്ന അച്ഛന്റെ കൈയിൽ അതെങ്കിലും വേണ്ടേ ?
..........................
വണ്ടി മെയിൽ റോഡിൽ നിന്നും തിരിഞ്ഞ് കോൺക്രീറ്റ് പാതയിലേക്ക് കടന്നതും നെഞ്ചിടിപ്പ് ഉയരുന്നു. എത്രയോ വർഷങ്ങൾ കഴിഞ്ഞ് വരുന്നതുപോലെ.
ഉച്ച സമയം ആയതു കൊണ്ടാവും വഴിയിലൊന്നും ആരുമില്ല. എനിക്ക് എന്നോടു തന്നെ അത്ഭുതം തോന്നി. ഈ നാടു വിട്ട് ഞാൻ പോയിട്ട് ഇന്നേക്ക് കൃത്യം എഴുപത്തി എട്ടു ദിവസം ആയതേയുള്ളൂ. എന്നിട്ടും ഇവിടുത്തെ ഓരോന്നിനോടും വല്ലാത്ത കൊതി തോന്നുന്നു.
വഴിവക്കിലെ വേലിപ്പടർപ്പുകൾ പോലും ആദ്യമായി കാണുന്നതു പോലെ ....
വണ്ടി എവിടെയോ നിന്നതു ഞാനറിഞ്ഞു..
എന്റെ വീട് !!!
ബാഗ് എടുത്ത് ഇറങ്ങി ഡ്രൈവർക്ക് കാശ് കൊടുക്കുന്നതിനിടയിൽ പുറകിലെ നേരിയ പാദസര കിലുക്കം ഞാനറിഞ്ഞിരുന്നു.
വണ്ടി പറഞ്ഞു വിട്ടിട്ടാണ് തിരിഞ്ഞു നോക്കിയത്.
വിജി!!
ഒരു നിമിഷം ! ഒരൊറ്റ നിമിഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഒഴുകുന്നത് ഞാൻ കണ്ടു. അവൾ അനങ്ങുന്നതു പോലുമില്ല.
വാടക വീടിന്റെ തിണ്ണയിൽ കരി പുരണ്ട നൈറ്റിയും ഇട്ട് ആരോരുമില്ലാതെ തൂണിൽ ചാരി നിറകണ്ണോടെ നിൽക്കുന്ന എന്റെ വിജി !!
എന്തിന്റെ പേരിലായാലും ആ ഒരൊറ്റ ദൃശ്യത്തിന് എന്റെ ഹൃദയം ചിന്നഭിന്ന മാക്കാനുള്ള കഴിവുണ്ടായിരുന്നു.
ഞാൻ വന്നില്ലായിരുന്നുവെങ്കിൽ ....??? ഒരിക്കലും വരാൻ പറ്റിയിരുന്നില്ലെങ്കിൽ ......???
ആ ഒരു ചിന്തയിൽ തന്നെ എന്റെ കാലുകൾ കുതിച്ചു. വിജിയെ ശ്വാസം മുട്ടുന്നതു പോലെയാണ് ഞാൻ കെട്ടിപ്പിടിച്ചത്.
ആ തിണ്ണയിലിരുന്ന് ഞങ്ങൾ രണ്ടു പേരും കരഞ്ഞു.
വിജിയെ സമാധാനിപ്പിക്കാൻ ഒരായിരം വാക്കുകളും ഉള്ളിലൊതുക്കി വന്ന ഞാനാണ്....
കണ്ണുകളെ പിടിച്ചുകെട്ടി ഞാൻ ആ മുഖം കൈക്കുമ്പിളിലെടുത്തു. നെറുകയിൽ ചുംബിച്ചു.
\" കരയാതെ. പോട്ടെ. ഞാൻ വന്നില്ലേ ?\"
അപ്പോഴും അവൾ കരഞ്ഞു കൊണ്ടിരുന്നു. ഒന്നും മിണ്ടാതെ.
\" എനിക്കൊന്നും പറ്റിയില്ലെടീ. നീ കരയാതെ . \"
എന്റെ നെഞ്ചിൽ ചേർന്ന മുഖം അവിടെ നിന്ന് അടർന്നു മാറുന്നതും പതിയെ ഷർട്ടിന്റെ ബട്ടൺസ് അഴിയുന്നതും ഞാനറിഞ്ഞു.
ദേഹത്തെ മാഞ്ഞു തുടങ്ങിയ മുറിപ്പാടുകളിലും ചതവുകളിലും വിജിയുടെ വിരലുകൾ ഓടിനടന്നു .
\" പറഞ്ഞതൊക്കെ കള്ളമാണെന്ന് എനിക്കറിയാരുന്നു. \"
മറുപടി പറയാൻ കഴിഞ്ഞില്ല.
\" എവിടാരുന്നു ?\"
വീണ്ടും ചോദ്യം വന്നു.
\" ജയിലിൽ. \"
ഒരു പാടു നേരം അവൾ എന്നെ നോക്കിയിരുന്നു. പിന്നെ മുഖം മുഴുവൻ ഉമ്മ തന്നു - ഏങ്ങലടികൾ നേർത്ത് ഒരു പുഞ്ചിരിയായി മാറുന്നതു വരെ .
......................
വൈകിട്ട് സ്ക്കൂൾ വിട്ടു വന്ന മക്കൾക്ക് എന്നെ കണ്ടതും സ്വർഗം കിട്ടിയതു പോലെയായിരുന്നു. സാധാരണ രണ്ടു വർഷങ്ങൾക്കിടയിൽ മാത്രം കാണുന്ന അച്ഛനെ രണ്ടു മാസത്തിനു ശേഷം കാണാൻ പറ്റിയല്ലോ....
അന്നു രാത്രി പറയാനും അറിയാനും ഉള്ള കഥകളൊക്കെ വിജിയോട് പറഞ്ഞ് കഴിഞ്ഞ് എന്നിൽ ബാക്കിയായത് അയാൾ ആയിരുന്നു - രാജൻ .
അതും പറഞ്ഞു.
..............................
ചെമ്പരത്തിച്ചെടികൾ അതിരു തീർത്ത മുറ്റത്ത് ബൈക്ക് നിർത്തി ഇറങ്ങുമ്പോൾ എന്തെന്നില്ലാത്ത വെപ്രാളം തോന്നുന്നുണ്ടായിരുന്നു എനിക്ക്.
വിജിക്കൊപ്പം ഞാനും മുന്നോട്ട് നടന്നു. വൃത്തിയായി തൂത്തിട്ട മുറ്റം. ഷീറ്റ് മേഞ്ഞ ഒരു കുഞ്ഞ് വീടെങ്കിലും വല്ലാത്ത ഭംഗി.
വണ്ടിയുടെ ശബ്ദം കേട്ടിട്ടാവും വടക്കേപ്പുറത്ത് നിന്ന് കൈയിലൊരു ഓലമടലുമായി ഒരു സ്ത്രീ വാതിൽക്കലേക്ക് വന്നു. അതാരാണെന്ന് ഊഹിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല . പത്മ - രാജന്റെ പത്മ !
ആറേഴു മാസം വേണ്ടി വന്നു ഈ നാടും വീടും ഒന്നു കണ്ടെത്താൻ. അതിഥികളോടുള്ള മര്യാദയിൽ അവർ ഞങ്ങളെ നോക്കി ചിരിച്ചെങ്കിലും അതിൽ അപരിചിതത്വം നിറഞ്ഞു നിന്നിരുന്നു.
\" ചേച്ചി, ഞാൻ രതീഷ് . ഞാൻ ... രാജൻ ചേട്ടന്റെ കൂടെ ജോലി ചെയ്യുന്നതാ. ഇതെന്റെ ഭാര്യയാ .\"
അനുനിമിഷം കൊണ്ട് അവരുടെ കണ്ണുകൾ വിടരുന്നതും അവിടെ ഒരു ഭാര്യയുടെയും വീട്ടമ്മയുടെയും പ്രണയിനിയുടെയും ഭാവങ്ങൾ മിന്നിമായുന്നതും ഞാൻ കണ്ടു.
\" വെളിയിൽ തന്നെ നിക്കാതെ. വാ, കയറി ഇരിക്ക്. \"
ഇട്ടിരുന്ന നൈറ്റിയിൽ കൈ തുടച്ചു കൊണ്ട് അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. തിണ്ണയിൽ കിടന്ന രണ്ടു പ്ലാസ്റ്റിക് കസേരകൾ കൈ കൊണ്ട് തന്നെ തുടച്ച് ഞങ്ങൾക്ക് തന്നു.
നിമിഷ നേരം കൊണ്ട് ചായയും പലഹാരങ്ങളും ഒക്കെ മുന്നിൽ നിരന്നു.
\" മോനെന്നാ വന്നെ ?
എത്ര മാസം ഒണ്ട് ലീവ് ?
അവിടെ ഒരു കമ്പനിയിൽ തന്നാണോ രണ്ടു പേരും?
രാജേട്ടന് സുഖമാണോ ?
കഷ്ടപ്പാടുണ്ടോ?
ലീവ് ഒടനെ കിട്ടില്ലാരിക്കും അല്ലേ ?\"
അങ്ങനെ എന്തൊക്കെയോ ചോദ്യങ്ങൾ അവർ വൊളത്തോടെ ചോദിച്ചു കൊണ്ടിരുന്നു.
എല്ലാത്തിനും ഒന്നോ രണ്ടോ വാക്കിൽ ഞാൻ മറുപടി നൽകി..
പിന്നെ ചോദ്യങ്ങൾ വിജിയോടായി.
\" മോൾടെ പേരെന്താ ?\"
\" വിജി. \"
\" മക്കൾ എത്ര പേരാ ?\"
\" രണ്ടു പേര്. \"
\" എന്താ കൊണ്ടുവരാഞ്ഞെ?\"
\" ബൈക്കിൽ നാല് പേർക്കൂടി പാടാ ചേച്ചി. അത് തന്നേം അല്ല , ട്യൂഷൻ ഒണ്ട്.\"
\" എത്രിലാ രണ്ടു പേരും ?\"
\" മോള് ആറിലും മോൻ യു.കെ.ജിലും . \"
\" യു.കെ.ജി. ൽ പഠിക്കുന്ന കുഞ്ഞിന്റെ ആണോ ഒരു ദിവസത്തെ ട്യൂഷൻ കളയാൻ പറ്റാത്തെ ?\"
പറഞ്ഞ് ചിരിക്കുന്ന അവർക്കൊപ്പം വിജിയും കൂടി. അവൾക്കെങ്ങനെ സാധാരണ പോൽ സംസാരിക്കാൻ കഴിയുന്നു എന്നതായിരുന്നു എന്റെ ചിന്ത.
\" ഇവിടെ വരണമെന്ന് രാജേട്ടൻ പറഞ്ഞിരുന്നോ ?\"
ആ ചോദ്യം എന്നോടായിരുന്നു.
താൻ പരിഗണിക്കപ്പെടുന്നു എന്നറിയാൻ തുടിക്കുന്ന ഒരു ഹൃദയം ആ ചോദ്യത്തിൽ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു.
\" ഇവിടേക്ക് വരണമെന്ന് മാത്രമേ രാജൻ ചേട്ടൻ പറഞ്ഞിട്ടുള്ളൂ. \"
വിജിയുടെ കൈയിലിരുന്ന കവർ വാങ്ങി ഞാൻ അവർക്കു നേരേ നീട്ടി.
ഒരു സാരി , മിഠായി , ബദാം .... അങ്ങനെ കുറച്ചു സാധനങ്ങൾ......
വിജിയുടെ നിർബന്ധമായിരുന്നു വാങ്ങണമെന്ന്. വാങ്ങിയതെല്ലാം മുൻപെപ്പോഴോ ഞാൻ സാധനങ്ങൾ കൊണ്ടുവന്ന കവറിലേക്ക് അവൾ മാറ്റുകയും ചെയ്തു.
യാത്ര പറഞ്ഞിറങ്ങി വണ്ടി മുറ്റം കടക്കുന്നതു വരെയും അവരവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. വണ്ടി തിരിഞ്ഞ ആ ഒരൊറ്റ നിമിഷത്തിൽ , അവരാ കവർ വേഗത്തിൽ തുറന്നു നോക്കുന്നതും ഞാൻ കണ്ടു.
..............................
\" വിജീ... \"
\" എന്തോ.. \"
\" നമ്മൾ ആ ചേച്ചിയോട് ചെയ്തത് തെറ്റായിപ്പോയോ ?\"
ഇതെന്താ ഇപ്പോ പറ്റിയെ ? ചോറുണ്ട് തീർന്നിട്ടും എഴുന്നേൽക്കാതെ ഇരുന്നപ്പോഴേ തോന്നി എന്തോ വശപ്പിശകാണെന്ന്.
\" അങ്ങനൊന്നുമില്ല രതീഷേട്ടാ .
അവസാനം വിളിച്ചപ്പോഴും ആ ചേട്ടൻ പറഞ്ഞത് രണ്ടു വർഷം കഴിഞ്ഞ് ചെല്ലുമെന്നല്ലേ ? അവര് ജീവിക്കട്ടെ. എന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച്. \"
\" അതല്ലെടീ. നമ്മൾ വെറുതെ പറഞ്ഞ് പറ്റിച്ചതു പോലാവില്ലേ ?\"
\" അതിന് പുള്ളിയ്ക്ക് എന്താ പറ്റിയതെന്ന് നമുക്ക് അറിയുവോ ? ഒരു പക്ഷേ അയാൾ തിരിച്ചു വന്നാലോ ? ജീവനോടെ ഒണ്ടെങ്കിലോ ?
കാത്തിരിക്കാനോ പ്രതീക്ഷിക്കാനോ സ്നേഹിക്കാനോ ആരും ഇല്ലാതെ ആ വീട്ടിൽ അവര് ഒറ്റയ്ക്ക് കഴിയുന്നേനെക്കാൾ നല്ലത് അല്ലേ എന്നെങ്കിലും വന്നേക്കാവുന്ന ഒരാളെ സ്നേഹിച്ച് , പ്രതീക്ഷിച്ച് ജീവിക്കുന്നത് ?\"
എന്റെ കാത്തിരിപ്പിനും വേദനയ്ക്കും വിധിക്കപ്പെട്ടത് എഴുപത്തിയെട്ട് ദിവസങ്ങളുടെ ദൈർഘ്യമായിരുന്നു. പത്മയുടേതിനോ ?
ഒരുപാട് നീണ്ടു പോകാതിരിക്കട്ടെ.
..............................
ഒരുപാടു കാലത്തെ ഞങ്ങളുടെ സ്വപ്നം ഇന്ന് സഫലമായി. ഞങ്ങളുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ആയിരുന്നു ഇന്ന് .
കഴിഞ്ഞ അഞ്ച് വർഷത്തെ കഷ്ടപ്പാട് .
രതീഷേട്ടൻ നാട്ടിൽത്തന്നെ ജോലിക്ക് പോയിത്തുടങ്ങി. ഞാൻ തൊഴിലുറപ്പിനും പോകും. കുറച്ചൊക്കെ തയ്യലും ഉണ്ട്. കുറച്ച് സമ്പാദ്യവും കുറച്ച് ലോണും ഒക്കെയായിട്ട് ഞങ്ങളൊരു കുഞ്ഞു വീട് വച്ചു. രണ്ട് മുറിയും അടുക്കളയും ഹാളും ബാത്റൂമും തിണ്ണയും ഒക്കെയായിട്ട് ... അന്ന് ഞാൻ പറഞ്ഞതു പോലെ .
അങ്ങനെ കുറേ സന്തോഷവും കുറച്ചു പ്രാരാബ്ധവും ഒക്കെയായിട്ട് ഞങ്ങളുടെ സ്വന്തം വീട്ടിൽ ഞങ്ങൾ ജീവിച്ചു തുടങ്ങുകയാണ്.
പിന്നീട് കണ്ടിട്ടില്ലെങ്കിലും പത്മ ഇന്നും ഒരു കടങ്കഥയാണ് - പത്മയുടെ രാജേട്ടനും!
പത്മ കാത്തിരിപ്പുണ്ടാവും.
അയാൾ വരുമായിരിക്കും.
വരും ! വരാതിരിക്കില്ല !!
__________________________________________
ഇനിയൊരു കാത്തിരുപ്പില്ല..
വിജിയുടെയും പത്മയുടെയും രണ്ടും രണ്ട് കാത്തിരിപ്പുകളാണ് . ഒരാളുടേതിന് കാലം ഫലം നൽകിയപ്പോൾ മറ്റേ ആളിന്റേത് ? കണ്ടു തന്നെ അറിയണം..
പത്മക്കൊപ്പം നമുക്കും പ്രതീക്ഷിക്കാം രാജൻ തിരികെ വരുമെന്ന് .
// സാരംഗി//
© copyright protected