Aksharathalukal

എലിസബേത്ത് -25

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം ഇരുപത്തിയഞ്ച്




       പുറത്ത് വരാന്തയിൽ അവൾ കുറച്ചു നേരം കാത്തു നിന്നു. ബെല്ലടിച്ചിട്ടും പുറത്തേക്ക് ആരെയും കണ്ടില്ല. പക്ഷെ, അകത്ത് ആളനക്കങ്ങളുണ്ട്. സമയം ഒൻപതായതേയുള്ളു. മറ്റുള്ള കടകളെല്ലാം തുറന്ന് വരുന്നതേയുള്ളു. ഒന്നും ചെയ്യാനില്ലാതെ അവൾ വെറുതെ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കി നിന്നു. 
     ഇന്നലെ ഫോൺ വന്നപ്പോൾ മുതൽ മനസ്സ് അസ്വസ്ഥമാണ്. വൈകിയാണുറങ്ങിയത്. പിന്നെ രാത്രിയിൽ ഉറക്കത്തിൽ കണ്ട സ്വപ്നവും മനസ്സിനെ കലക്കി മറിച്ചു. ഒരു ആത്മഹത്യാമുനമ്പിൽ നിന്നും പഞ്ഞിക്കെട്ട് പോലെ താഴേക്ക് ഒഴുകി വീഴുമ്പോഴായിരുന്നു ഞെട്ടിയുണർന്നത്. ഇരുട്ടിലേക്ക് കണ്ണുകൾ തുറന്നപ്പോൾ ഒരു മുഖം മാത്രം. കണ്ണുകളിൽ എപ്പോഴും ചിരിയൊളിപ്പിച്ച ഒരു മുഖം. 
     തെരുവിൽ തീരെ തിരക്കില്ല. വീണ്ടും കുറേ കഴിഞ്ഞാണ് ഒരാൾ വരാന്തയിലേക്ക് വന്നത്. 
     " എന്ത് വേണം ?"
ശബ്ദം കേട്ട് അവൾ പിൻ തിരിഞ്ഞു.
    " ഇന്നലെ ഫോൺ വിളിച്ചിരുന്നു.."
    " എന്താ പേര് ? "
    " ജോസ്മി.."
അയാൾ കൊണ്ട് വന്ന് കൊടുത്ത കൊറിയറിലേക്ക് ജോസ്മി ഒന്നേ നോക്കിയുള്ളു. അവനാണ്. മനാഫ്. അവളത് പെട്ടെന്ന് ബാഗിൽ വെച്ചു. ഒരു തണുത്ത ഭയം അവളുടെ ശരീരത്തെ വന്ന് പെട്ടെന്ന് പൊതിഞ്ഞതറിഞ്ഞു. ബസ്സിൽ ആളൊഴിഞ്ഞ മൂലയിൽ അവൾ ഒതുങ്ങി നിന്നു.
    മുറ്റത്ത് നിന്നും സിറ്റൗട്ടിലേക്ക് കയറുമ്പോൾ ചോദ്യങ്ങളൊന്നും വരല്ലേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. മുറിക്കുള്ളിലേക്ക് കയറാൻ നേരമാണ് സോഫിയ അവളെ കണ്ടത്.
   " നിനക്കിന്ന് ക്ലാസ്സില്ലേ ?"
   " ഇല്ല മമ്മാ - "
മറ്റൊന്നും ചോദിച്ചില്ല. ഭാഗ്യം. അവൾ കതകടച്ച് കുറ്റിയിട്ടു.
കത്ത് പൊട്ടിക്കുമ്പോൾ കൈകൾ വിറച്ചു.  
     ഒരു നിമിഷം..
കത്ത് വായിച്ചതും അവൾ കണ്ണുകളടച്ച് കിടക്കയിൽ കമിഴ്ന്നു കിടന്നു. കണ്ണുകളിൽ നിന്നും അവളറിയാതെ കണ്ണുനീരൊഴുകി തലയിണ നനഞ്ഞു. മമ്മ കേൾക്കാതെ ഉറക്കെ കരയണമെന്ന് തോന്നി. ഒരു തേങ്ങൽ തൊണ്ടയിൽ വന്ന് മുട്ടി നിന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിളിച്ചു പറയണം. ഈ നാല് ചുമരുകളെങ്കിലും അത് കേൾക്കണം. അവൾക്ക് ശ്വാസം മുട്ടി. 
      ഒന്ന് ഇരുട്ടി വെളുക്കാനെടുക്കുന്ന സമയമേ വേണ്ടൂ ചില ഉരുൾപൊട്ടലുകൾക്ക്. പിന്നെയെല്ലാം തരിശുഭൂമികൾ. പാറക്കഷണങ്ങൾ അടിഞ്ഞു കൂടിയ സെമിത്തേരി. ജനവാസയോഗ്യമല്ലാത്തത്. ഇന്ന് വെള്ളിയാഴ്ച്ച. ഇനി ആറ് ദിവസങ്ങൾ..അത് കഴിഞ്ഞാൽ? ഡിവേർഷനില്ലാത്ത ഒരു ഡെഡ് എൻഡ്. 
     ബസ്സിറങ്ങുമ്പോഴേ കണ്ടു ഫാത്തിമയെ. കോളേജ് ഗേറ്റിന് മുൻപിൽ തന്നെ അവൾ കാത്തു നില്പുണ്ടായിരുന്നു. കണ്ണുകളിൽ കുറെ പറയാനുണ്ടെന്ന് തോന്നി. പഴയ ദ്വേഷ്യമില്ല അവളോടിപ്പോൾ. സാഹചര്യങ്ങൾ ഓരോരുത്തരെയും ഓരോ ദശാസന്ധിയിലെത്തിച്ച് നിർത്തുന്നു. ദൈവത്തിന്റെ തമാശക്കളികൾ. മനസ്സ് പിടയുന്നത് കാണാനുള്ള കണ്ണുകളെവിടെ ദൈവത്തിന് ?
      അടുത്തെത്തിയപ്പോൾ അവൾ ജോസ്മിയുടെ രണ്ട് കൈകളിലും കൂട്ടി പിടിച്ചു.
    " നാലഞ്ച് ദിവസം നീയെവിടെയായിരുന്നു ?"
പറയാൻ കാരണങ്ങളൊന്നുമില്ല. ജോസ്മി വെറുതെ ചിരിച്ചു. തോളിൽ കൈയിട്ട് ഫാത്തിമ ചേർന്ന് നടന്നു. 
    " നീ വാ..നമുക്ക് കാന്റീനിൽ പോകാം. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.."
    എന്താണ് സംസാരിക്കാനുളളതെന്നറിയാം. വിഷയം മനാഫ് തന്നെ. അടച്ച് കഴിഞ്ഞ പുസ്തകമാണത്. ഇനി തുറന്നാലും അക്ഷരങ്ങളില്ലാത്ത വെറും ശൂന്യമായ പേജുകളേ കാണാൻ കഴിയൂ..
    " എനിക്കിനി ഒന്നും കേൾക്കണ്ട. പാത്തൂ.. എല്ലാമായി -"
ഫാത്തിമ നിസ്സഹായതയോടെ ജോസ്മിയെ നോക്കി. എല്ലാറ്റിനും താനാണ് തെറ്റ്കാരി. അറിയുന്നു. കുറെയെല്ലാം അറിഞ്ഞു കൊണ്ട്. കുറെയെല്ലാം അറിയാതെയും. എല്ലാം അവളെ പറഞ്ഞ് മനസ്സിലാക്കിയതുമാണ്. 
    " അവൻ നിന്റെ പുറകെത്തന്നെയുണ്ട്..നീ കരുതിയിരിക്കണം. ഇത് മാത്രമേ എനിക്ക് നിന്നോട് അവസാനമായി പറയാനുള്ളു.."
    അവൾ ജോസ്മിയുടെ തോളിൽ പിടിച്ചു. മനസ്സിന്റെ നിസ്സഹായത മുഖത്ത് വായിക്കാം.
    " അവന്റെ ഒരു ഭീഷണിക്കത്ത് വന്നിട്ടുണ്ട്. കൊറിയറായി. അവനെ കാണുമ്പോൾ പറഞ്ഞേക്ക്, എന്റെ മരണം അവൻ കാണുമെന്ന്.. പിന്നെ നീയും -"
    ജോസ്മി അവളെ നോക്കി വെറുതെ ചിരിച്ചു. പിന്നെ ഒന്നും മിണ്ടാതെ നടന്നു. നെല്ലിമരത്തിന്റെ നിഴലുകൾ അവൾ നടക്കുന്ന വഴിയിൽ ചിത്രങ്ങൾ വരച്ച് കിടന്നു. അവൾ പുറകിലൂടെ വന്നെങ്കിലും ജോസ്മി തിരിഞ്ഞ് നോക്കിയില്ല. 
     ഫാത്തിമ മുഖേനയാണ് ജോസ്മി മനാഫിനെ കാണുന്നതും അറിയുന്നതും. അവളുടെ കസിൻ ബ്രദറെന്നാണ് പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞത്. ഒരിക്കൽ അവളെ കാണാൻ അയാൾ കോളേജിലേക്ക് വന്നിരുന്നപ്പോഴാണ് ജോസ്മി അയാളെ ആദ്യമായി കാണുന്നത് തന്നെ.
     ഒരു വെള്ളിയാഴ്ച്ച ഒരിടനേരത്ത് കാമ്പസിൽ ഫാത്തിമക്ക് തൊട്ടു മുൻപിൽ വന്ന് നിന്ന അയാളെ കണ്ട് അവൾ അത്ഭുതപ്പെട്ടു. 
    " നീയോ..? അത്ഭുതമായിരിക്കുന്നു. എപ്പോഴെത്തി.?"
    " രണ്ട് ദിവസമായി. ഇതിലൂടെ കടന്ന് പോയപ്പോൾ നിന്നെ കാണണമെന്ന് തോന്നി. വന്നു -"
അയാൾ ചിരിച്ചു.
പതിഞ്ഞ സംസാരവും നേർത്ത ചിരിയും. ജോസ്മി അയാളുടെ മുഖത്തേക്ക് നോക്കിയില്ല. അവൾ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ വെറുതെ കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. 
    തൊട്ടടുത്ത സിമന്റ് ബെഞ്ചിൽ ഫാത്തിമയുടെ അടുത്തായി അയാൾ ഇരുന്നു. ഷർട്ടിന് മേലെ ധരിച്ചിരുന്ന പഫർ ജാക്കറ്റ് അയാൾ ഊരി മടിയിൽ വെച്ചു.
    " ഇതെന്റെ ഫ്രന്റാ..ജോസ്മി.."
    " ഹായ് ജോസ്മി.."
അയാൾ ചിരിച്ച് കൊണ്ട് കൈ നീട്ടി. ഒരു നിമിഷം എന്ത് വേണമെന്നറിയാതെ അവളൊന്ന് പകച്ചു. ഒടുവിൽ മനസ്സില്ലാമനസ്സോടെ അവളും കൈ നീട്ടി. അയാൾ അവളുടെ കൈ പിടിച്ച് കുലുക്കി. കൈവിരലുകളിലൂടെ ഒരു തണുപ്പ് കയറി വന്നത് അവളറിഞ്ഞു. 
     മുടി നീട്ടി വളർത്തി പുറകിൽ കെട്ടിവെച്ചിട്ടുണ്ട്. ട്രിം ചെയ്ത് ഒതുക്കിയ താടി. കണ്ണുകളിൽ എപ്പോഴും ഒരു ചിരി ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് തോന്നി. 
    " നിനക്ക് ഇഷ്ടപ്പെട്ട ഫീൽഡില് തന്നെയാ പുള്ളിയും."
    " എന്ന് വെച്ചാ ?"
    " ഫേഷൻ ഡിസൈനർ മസാബാ ഗുപ്തയുടെ അസിസ്റ്റന്റാണ് മനു.."
ജോസ്മിയുടെ പാഷനാണ് മോഡലിംഗ്. അവളതാരോടും പറയാറില്ലെന്ന് മാത്രം. പാത്തുവിനതറിയാം. മറ്റുള്ള പെൺകുട്ടികളെല്ലാം ഫിലിം സ്റ്റാർസിന് പുറകിൽ ഭ്രാന്ത് പിടിച്ച് പായുമ്പോൾ അവൾ ആരാധിക്കുന്നത് മനീഷ് മൽഹോത്രയേയും സബ്യസാചിയെയുമാണ്. ഫിലിം ഇൻഡസ്ട്രിയിലെ ലൈം ലൈറ്റ്സിനോടും അവൾക്ക് താത്പര്യമില്ല.
     അന്നേരം അവൾക്ക് അയാളോട് ചെറിയൊരു ഇഷ്ടം തോന്നി. ബോളീവുഡ് ആക്ട്രസ് നീന ഗുപ്തയുടെ മകളാണ് മസാബയെന്നറിയാം. ബ്രാന്റായ ഹൗസ് ഓഫ് മസാബയെക്കുറിച്ചും കേട്ടിട്ടുണ്ട്.
    " ഈ പ്രാവശ്യം ഇന്റർസോണിൽ കോളേജിനെ പ്രതിനിധീകരിച്ച് റാമ്പിലിറങ്ങുന്നത് ഇവളാ.."
    " ഓ..ഗ്രേറ്റ്.."
    " അതിന് മുൻപായി ഇവളുടെ ഹെയർ സ്റ്റൈൽ നീയൊന്ന് ഡിസൈൻ ചെയ്യണം.."
അതിന് മറുപടിയൊന്നും പറയാതെ അയാൾ ജോസ്മിയെ നോക്കി ചിരിക്കുക മാത്രം ചെയ്തു. അവളും.
    " ഇപ്രാവശ്യം എത്ര ദിവസമുണ്ട് ഇവിടെ ?"
    " ഒന്നര മാസം. മൂന്നാറിൽ ഒരു ഫേഷൻ ട്രേഡ് ഷോ നടക്കുന്നുണ്ട്. കണ്ണൻ ദേവൻ എസ്റ്റേറ്റിൽ.."
      പോകാൻ നേരം അയാൾ തിരിഞ്ഞ് ജോസ്മിയോടായി പറഞ്ഞു:
    " ഒരു ദിവസം പാത്തുവിന്റെ കൂടെ ഫാം ഹൗസിലോട്ട് വാ. ഹെയർ സ്റ്റൈലിസ്റ്റ് വരുന്ന ദിവസം ഞാൻ വിളിക്കാം."
അവൾ മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചു.
      രണ്ട് ദിവസം കഴിഞ്ഞ് കോളേജ് വിട്ടിറങ്ങുമ്പോൾ ഗേറ്റിന് പുറത്ത് ബസ് സ്റ്റോപ്പിനടുത്ത് മനാഫ് കാത്തു നില്പുണ്ടായിരുന്നു. ഫാത്തിമ അയാളിരുന്ന വണ്ടിയുടെ അരികിലേക്ക് നടന്നു ചെന്നു. വിലകൂടിയ ഒരു വണ്ടിയാണതെന്ന് ജോസ്മിക്ക് തോന്നി.
    " കയറ്.."
    " എങ്ങോട്ടാ?"
    " വീട്ടിലേക്കല്ലേ..ഞാനും ആ വഴിയിലൂടെയാണ്."
ജോസ്മി കയറിയില്ല. അവൾ ബസ്സിൽ വരാമെന്ന് പറഞ്ഞ് മാറി നിന്നു. ഫാത്തിമ കുറെ നിർബ്ബന്ധിച്ചെങ്കിലും അവൾ ഒതുങ്ങി നിന്നതേയുള്ളു.
    " ഞാനൊരു കാർണിവോറസ് അനിമലൊന്നുമല്ല, ജോസ്മിയെ പിടിച്ച് തിന്നാൻ."
അയാൾ ഒരു ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ മുഖം കുനിച്ച് തന്നെ നിന്നു.
    " അതല്ല..സാർ."
    " എങ്കിൽ കയറ്..പിന്നെ, പാത്തു വിളിക്കുന്നതു പോലെ മനുവെന്ന് മതി - "
ഒറ്റയ്ക്കല്ലല്ലൊ, ഞാൻ കൂടെയില്ലെ എന്നും പറഞ്ഞ് ഒടുവിൽ ഫാത്തിമ അവളെയും വലിച്ച് കയറ്റി. ശരിയല്ലെന്ന് മനസ്സിലിരുന്ന് ആരോ പറഞ്ഞു. അന്നേരം പപ്പയുടെ മുഖം മനസ്സിലേക്ക് ഓടി വന്നു. അവൾ പുറകിലെ സീറ്റിൽ ഒതുങ്ങിയിരുന്നു. അസ്വസ്ഥമായ മനസ്സിലപ്പോൾ കടന്ന് പോകുന്ന പുറം കാഴ്ച്ചകളൊന്നും തങ്ങി നില്ക്കില്ല.
     നഗരത്തിരക്കിൽ നിന്നൊഴിഞ്ഞു മാറി ഒരു ബേക്കറിയുടെ മുൻപിൽ അയാൾ വണ്ടിയൊതുക്കി നിർത്തി. അവൾ പരിഭ്രമിച്ച് ചുറ്റുപാടും നോക്കി.
    " നമുക്കോരോ ലൈം ജൂസ് കഴിക്കാം.."
    " വൈകിയാൽ മമ്മ വിഷമിക്കും."
അവൾ പരിഭ്രമിച്ചാണത് പറഞ്ഞത്. കാരണങ്ങളൊന്നുമില്ലാത്ത ഒരു ഭയം. അത് മനസ്സിൽ നിറച്ചുമുണ്ട്.
    " ഒരു ജൂസ് കഴിക്കാൻ അഞ്ച് മിനിറ്റ്..അത്രയല്ലേയുള്ളു."
അയാൾ വീണ്ടും ചിരിച്ചു. 
മറുപടിക്ക് മുൻപേ അയാൾ ബേക്കറിയിലേക്ക് കയറി. ഫാത്തിമയുടെ പുറകിൽ ഒരു നിഴലായി അവളും. ഫാത്തിമയുടെ ഒച്ചയടക്കിയുള്ള ചെറിയ പൊട്ടിച്ചിരികളും അയാളുടെ പതിഞ്ഞ ശബ്ദവും മറ്റൊരു ലോകത്തിൽ നിന്നാണെന്ന് അപ്പോൾ ജോസ്മിക്ക് തോന്നി. എത്രയും പെട്ടെന്ന് ഈ വണ്ടിയിൽ നിന്നിറങ്ങണം. വീടെത്തണം.
     രാത്രിയിൽ അവൾ വെറുതെ കണ്ണുകൾ തുറന്ന് കിടന്ന് ആലോചിച്ചത് ഇത്രമാത്രം. ഒരു ചീത്ത ദിവസം. ചെയ്തതെല്ലാം തെറ്റ്. അവൾ കണ്ണുകൾ ഇറുകെയടച്ചു. പെട്ടെന്നുറങ്ങണം. പുതിയൊരു നല്ല ദിവസത്തിലേക്ക് ഉണരണം. ഇന്ന് സ്വപ്നങ്ങളും വേണ്ട.
     മൂന്നു നാല് ദിവസം കഴിഞ്ഞ് ഒരു ദിവസം ലൈബ്രറിയിൽ വെച്ച് ഫാത്തിമ ഒച്ചയൊതുക്കി പറഞ്ഞു:
      " ഒരു മോഡലിന്റെ എല്ലാ ഫീച്ചേഴ്സും നിനക്കുണ്ടെന്നാ മനു പറഞ്ഞത് - "
ജോസ്മി മറുപടിയൊന്നും പറഞ്ഞില്ല. അവൾ മുൻപിലിരുന്ന പുസ്തകത്തിന്റെ പേജുകൾ വെറുതെ മറിച്ചു കൊണ്ടിരുന്നു.
    " മനു നിന്റെ ഫോൺ നമ്പർ ചോദിക്കുന്നുണ്ട്. 
കൊടുക്കട്ടെ ? "
    " വേണ്ട - "
    " നീയവനെ ഒരു ശത്രുവായി കാണണ്ട. അവൻ വിചാരിച്ചാൽ നിന്റെ പാഷൻ ലോകത്തേക്ക് നിനക്ക് എളുപ്പത്തിലെത്താൻ കഴിഞ്ഞേക്കും. ഒരു ഗ്രൂമിങ്ങ് സെഷനിൽ പങ്കെടുത്താൽ നീയാളാകെ മാറുമെന്നാ അവൻ പറയുന്നെ.."
അതിനും അവളൊന്നും പറഞ്ഞില്ല.
    " മനുവിന് നിന്നെ പിടിച്ചെന്ന് തോന്നുന്നു.."
    " പോടി.."
ജോസ്മി അവളോട് ദ്വേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ലൈബ്രേറിയൻ ചുണ്ടുകളിൽ കൈവിരൽ പിടിച്ച് സൈലൻസ് എന്ന് പറയാൻ തുടങ്ങിയപ്പോൾ ഫാത്തിമയും എഴുന്നേറ്റ് പുറത്തേക്ക് പോയി. 
    പിറ്റെ ദിവസം ഗേറ്റിന് പുറത്ത് ബസ്സ്റ്റോപ്പിനടുത്തായി മനാഫിന്റെ വണ്ടി കണ്ടു. അവളത് ശ്രദ്ധിക്കാതെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
     " പാത്തു എവിടെ ?"
പതിഞ്ഞ ശബ്ദം. മുഖത്തേക്ക് നോക്കിയില്ല. തൊട്ട് പുറകിൽ അയാൾ നടന്നെത്തിയിരുന്നു.
     " ഇന്ന് വന്നില്ല.."
നടക്കുന്നതിനിടയിൽ അയാൾ ഒരു പുസ്തകമെടുത്ത് അവൾക്ക് നേരെ നീട്ടി. മുഖമുയർത്തിയപ്പോൾ കണ്ണുകളിൽ അവളുടെ ചോദ്യം അയാൾ കണ്ടു.
     " ഞാനെഴുതിയ ബുക്കാണ്. ഗ്രൂമിങ്ങിനെക്കുറിച്ച്. ഫേഷൻ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറാണ്.."
അവൾ ചിരിച്ചു കൊണ്ട് കൈ നീട്ടി.
     " വരുന്നോ..ഞാൻ വീട്ടിലാക്കാം."
     " ഇല്ല - "
      രാത്രിയിൽ കിടക്കാൻ നേരം അവൾ അയാളുടെ പുസ്തകമെടുത്തു. ദി അൾട്ടിമേറ്റ് ഇൻസൈഡർ. താഴെയായി ഓതറുടെ പേരുണ്ട്. അബ്ദുൾ മനാഫ്..
      കവർ മറിച്ചപ്പോൾ മൂന്നാമത്തെ പേജിൽ ഒരു കുറിപ്പ് കണ്ടു. അയാളുടെ കൈപ്പടയിൽ എഴുതിയതായിരിക്കണം. കറുത്ത മഷി. തീരെ ഭംഗിയും ഒതുക്കവുമില്ലാത്ത അക്ഷരങ്ങൾ..

എത്ര നിശ്ശബ്ദമായാണ് പ്രണയം ഹൃദയത്തിനുള്ളിൽ ചേക്കേറുന്നത്. ഒരു നോട്ടം കൊണ്ട് പോലും അത് വളരും. നേർത്ത സ്പർശനം മതി അതിന് തളിർക്കാൻ. ചുംബനങ്ങളാൽ അത് പൂത്തുലയും. ആലിംഗനങ്ങളാൽ അത് വസന്തകാലങ്ങളെ സ്വന്തമാക്കും..
      സ്നേഹം മാത്രം.
        മനു

ഓതേഴ്സ് കോപ്പി എന്ന ഭാഗത്ത് അയാളുടെ സിഗ്നേച്ചറുമുണ്ട്. ജോസ്മിയുടെ ആദ്യത്തെ ഉറക്കമില്ലാത്ത രാത്രിയായി അത് മാറി. പുസ്തകം അവൾ അടച്ച് വെച്ചു. ജനലഴികളിൽ പിടിച്ച് കുറെ നേരം വെറുതെ ഇരുട്ടിലേക്ക് നോക്കി നിന്നു.
     പിന്നെ നിലക്കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്നു. കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. കാട്ട് തേനിന്റെ നിറം. കണ്ണുകൾ കള്ളം പറയില്ല. അയഞ്ഞ് കിടന്ന ടോപ്പ് വലിച്ച് ഒതുക്കിപ്പിടിച്ച് മാറിടത്തിന്റെ അഴകളവുകൾ കണ്ടു. ചരടുകളഴിച്ച് ബോട്ടം താഴ്ത്തി അടി വയറിന്റെ കർവേഷ്യസ് ഭംഗി കണ്ടു.. ഒരു മോഡലിന്റെ എല്ലാ ഫീച്ചേഴ്സും തനിക്കുണ്ടെന്ന് മനു പറഞ്ഞത് സത്യമാണോ?
     പിറ്റെ ദിവസം കോളേജ് ഗേറ്റിന് പുറത്ത് അയാളെ കണ്ടില്ല. പിറ്റേന്നും..പക്ഷെ, മൂന്നാം ദിവസം രാവിലെ ഗേറ്റിന് മുൻപിൽ അവൾ മനാഫിനെ കണ്ടു. കാത്തു നില്ക്കുകയായിരുന്നു എന്ന് മനസ്സിലായി. അവളെ കണ്ടതും അയാൾ അടുത്തു വന്നു. കണ്ണുകളിൽ അതേ ചിരി.
     " ഹെയർ സ്റ്റൈലിസ്റ്റ് വന്നിട്ടുണ്ട്..ഫാം ഹൗസ് വരെ നമുക്കൊന്ന് പോയാലോ ?"
തീർത്തും പതിഞ്ഞ ശബ്ദം. 
     " ഇപ്പോഴോ ?"
     " കോളേജ് വിടുന്ന സമയത്തിന് മുൻപേ തിരിച്ചു വരാം.."
ചില സമ്മതങ്ങൾ മനസ്സ് തരണം. നന്നായി ആലോചിക്കാനായി മനസ്സ് സമയമെടുക്കുകയും ചെയ്യും. കുറച്ച് നേരം ഒന്നും മിണ്ടാതെ അവൾ നിന്നു.
     " പാത്തുവില്ലാതെ..ഞാനൊറ്റക്ക് വരില്ല - "
     " പാത്തുവിനോട് ഞാൻ വിളിച്ചു പറയാം. അങ്ങോട്ട് വരാൻ."
     മറുപടിയൊന്നും നാവിൽ വന്നില്ല. ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ അവൾ വീണ്ടും നിശ്ശബ്ദയായി. വെയിലിന് ചൂടേറി വരുന്നു. 
     " ഒറ്റയ്ക്ക് എന്റെ കൂടെ വരാൻ ഭയമാണോ?"
     " ഉം..- "
     " എന്നാൽ ശരി..ഞാൻ പോട്ടെ..ഞാൻ വന്നിരുന്നൂന്ന് പാത്തൂനോട് പറഞ്ഞാൽ മതി..കാണാം."
     അതേ പതിഞ്ഞ ശബ്ദം. കണ്ണുകളിൽ എപ്പോഴും ഒളിപ്പിച്ചു വെച്ച അതേ ചിരി. അയാൾ വണ്ടിയിലേക്ക് കയറി. 
നിശ്ചലമായ ജലപ്പരപ്പിൽ ആരോ കല്ലെടുത്തെറിഞ്ഞതു പോലെ. ഓളങ്ങളിലുലയുന്നത് മനസ്സാണ്. അവളുടെ മുഖത്തെ ചിരി അറിയാതെ മാഞ്ഞു.
     " നില്ക്കൂ..സിറ്റിയിൽ കാണുന്ന പെൺകുട്ടികളെപ്പോലെ ധൈര്യമൊന്നും എനിക്കില്ല മനൂ..ഞാനൊരു പാവം നാട്ടിൻപുറത്തുകാരിയാ.."
അവളുടെ ശബ്ദം പതറിയിരുന്നു. കണ്ണുകളിൽ നനവ് പടരുന്നത് കണ്ട് അയാൾ വണ്ടിയിൽ നിന്നും വീണ്ടുമിറങ്ങി.
     " മനസ്സിലാവും എനിക്ക്. ഭംഗി നിന്റെ ശരീരത്തിന് മാത്രമല്ല. നിന്റെ സ്വഭാവത്തിനും, നിന്റെ അക്ഷരങ്ങൾക്കുമുണ്ടെന്ന് മനസ്സിലാവുന്നു..എനിക്ക്."
ഇടക്ക് അയാളൊന്ന് നിർത്തി.
    " ഇനി നീ ഒറ്റക്ക് വരാമെന്ന് സമ്മതിച്ചാലും ഞാൻ കൊണ്ടു പോവില്ല…"
അയാൾ അവളുടെ തോളിൽ സ്നേഹത്തോടെ തട്ടി ചിരിച്ചു. അവളും. വണ്ടി ഒരു വളവ് തിരിഞ്ഞ് മറയുന്നതു വരെ അവൾ അവിടെ തന്നെ നിന്നു. 
     ഇപ്പോൾ വീശുന്ന കാറ്റിന് തീരെ ചൂടില്ലെന്ന് അവൾക്ക് തോന്നി. മുടി അഴിച്ചിടുന്നതിനേക്കാളും ഭംഗി മനുവിന് അത് കെട്ടിവെക്കുന്നതാണെന്നും അവൾക്ക് തോന്നി.
    

🟥 തുടരുന്നു…


എലിസബേത്ത് - 26

എലിസബേത്ത് - 26

0
503

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്തിയാറ്     ഫോണിൽ ഒരു മെസ്സേജ് വന്ന് കിടപ്പുണ്ട്. കൂടെ ഒരു ചിത്രവും. ഒരു സെൽഫിയാണത്. സേവ് ചെയ്യാത്ത ഒരു അൺനോൺ നമ്പർ. പ്രൊഫൈലിൽ നിന്ന് അത് മനാഫ് ആണെന്ന് ജോസ്മിക്ക് മനസ്സിലായി. ഫാത്തിമയും ജോസ്മിയും മനാഫും ഒരുമിച്ച് നില്ക്കുന്ന ചിത്രം. കൊല്ലങ്കോട്ടെ എക്സിബിഷൻ ഹാളിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടപ്പോൾ മനു എടുത്ത ചിത്രം. അവളോർത്തു. അന്ന് തിരിച്ചു വന്നത് മനുവിന്റെ വണ്ടിയിലായിരുന്നു. ഒരുപാട് പറഞ്ഞു വരുന്നില്ലെന്ന്. അവൻ സമ്മതിച്ചില്ല.     " എവിടെയായിരുന്നു..? കണ്ടില്ലല്ലൊ രണ്ട് ദിവസം.!"ഫാത്തിമ വണ്ടിയിൽ കയറാൻ നേരം അവന