Aksharathalukal

എലിസബേത്ത് - 26

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം ഇരുപത്തിയാറ്



     ഫോണിൽ ഒരു മെസ്സേജ് വന്ന് കിടപ്പുണ്ട്. കൂടെ ഒരു ചിത്രവും. ഒരു സെൽഫിയാണത്. സേവ് ചെയ്യാത്ത ഒരു അൺനോൺ നമ്പർ. പ്രൊഫൈലിൽ നിന്ന് അത് മനാഫ് ആണെന്ന് ജോസ്മിക്ക് മനസ്സിലായി. ഫാത്തിമയും ജോസ്മിയും മനാഫും ഒരുമിച്ച് നില്ക്കുന്ന ചിത്രം. കൊല്ലങ്കോട്ടെ എക്സിബിഷൻ ഹാളിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടപ്പോൾ മനു എടുത്ത ചിത്രം. അവളോർത്തു. അന്ന് തിരിച്ചു വന്നത് മനുവിന്റെ വണ്ടിയിലായിരുന്നു. ഒരുപാട് പറഞ്ഞു വരുന്നില്ലെന്ന്. അവൻ സമ്മതിച്ചില്ല.
     " എവിടെയായിരുന്നു..? കണ്ടില്ലല്ലൊ രണ്ട് ദിവസം.!"
ഫാത്തിമ വണ്ടിയിൽ കയറാൻ നേരം അവനോട് ചോദിച്ചു. 
     " മൂന്നാറിലായിരുന്നു.. ഞാൻ പറഞ്ഞില്ലെ, കണ്ണൻ ദേവന്റെ ഒരു കോർപ്പറേറ്റ് ഇവന്റ്..അടുത്ത ഇരുപത്തിയേഴിനാണ്."
      മിററിൽ നോക്കിയാൽ പുറകിലിരിക്കുന്ന ജോസ്മിയെ അയാൾക്ക് കാണാം. അവളും അതറിഞ്ഞു. പിന്നെ സീറ്റിന്റെ മറയിലേക്ക് അറിയാതെ തല കുനിഞ്ഞു. ഇറങ്ങുന്നത് വരെ മൂന്ന് പേരും നിശ്ശബ്ദമായിരുന്നു. മനാഫ് ഒരു പാട് സംസാരിക്കുന്ന കൂട്ടത്തിലല്ലെന്ന് അവൾക്ക് തോന്നി. ഇടക്ക് അവന്റെ കണ്ണുകൾ തന്നെ തേടി വരുന്നുണ്ടെന്നും തോന്നി. ആണുങ്ങൾ അനങ്ങുന്നത് പെണ്ണുങ്ങൾക്കറിയാമെന്ന് ഇവർക്കറിയില്ലേ..ആവോ..
      സെൽഫിക്ക് താഴെയുള്ള മെസ്സേജ് വായിച്ച് അവൾ മനസ്സിൽ ചിരിച്ചു.
      " ഓർമ്മയുണ്ടോ ഈ മുഖം ?"
ഇന്നലെ വന്ന് കിടപ്പുള്ളതാണ്. കണ്ടത് ഇപ്പോഴാണെന്ന് മാത്രം. കുറെ വൈകി അന്ന് രാത്രിയാണ് അവളതിന് മറുപടി കൊടുത്തത്.
    " നന്നായി ഓർത്തിട്ടുമില്ല. നന്നായി മറന്നിട്ടുമില്ല."
ഫാത്തിമ കൊടുത്തതായിരിക്കണം ഫോൺ നമ്പർ. പിറ്റേന്ന് ജോസ്മി അവളോട് ദ്വേഷ്യപ്പെട്ടു.
     " ഞാൻ പറഞ്ഞതല്ലെ, നിന്നോട് - "
     " കുറെയായി അവൻ ചോദിക്കുന്നു.. "
     " അതിന് ?"
     " കുന്തം - "
ഫാത്തിമ ചിരിച്ചു.
     " പാത്തൂ..നിന്നെപ്പോലെ സിറ്റിയിൽ ജീവിക്കുന്നവളല്ല ഞാൻ.."
ജോസ്മി ഒരു നെല്ലിമരത്തിന്റെ തണലിലേക്ക് ഒതുങ്ങി നിന്നു. പുറകിൽ അവളും.
     " ക്ഷമിക്കെടീ.."
അവൾ ജോസ്മിയുടെ തോളിൽ കൈചുറ്റി കവിളിൽ ഒരുമ്മ കൊടുത്തു. സ്ഥലകാല ബോധമൊന്നും അവൾക്കില്ല.
    " നീ വിട്ടേ.. കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്."
    " അതിന് -?"
അവൾ ചിരിച്ചു. പിന്നെ സാവധാനം ജോസ്മിയും.
    " നീ വരുന്നുണ്ടേ വാ.. ലൈബ്രറിയിലേക്ക്."
ജോസ്മി ഒഴിഞ്ഞു മാറി.
    " ഞാനില്ല..എനിക്കിന്ന് നേരത്തെ പോണം. ആദിയുടെ ബെർത്ത്ഡേയാണിന്ന്. "
     വലിയ ആഘോഷങ്ങളൊന്നുമില്ല. അതവൾക്ക് ഇഷ്ടവുമല്ല. പക്ഷെ, സോഫിയ പായസം വയ്ക്കും. അവൾക്കിഷ്ടമുളള ഗോതമ്പ് പായസം. കേക്ക് മുറിക്കാനൊന്നും അവൾ സമ്മതിക്കില്ല. എന്നാൽ ചേച്ചിമാരുടെ ബർത്ത്ഡേ കേക്കൊക്കെ മുറിച്ച് നന്നായി ആഘോഷിക്കണമെന്ന് നിർബ്ബന്ധവുമാണവൾക്ക്.
    സിറ്റിയിൽ നിന്ന് ഒരു ഗിഫ്റ്റ് വാങ്ങണം. എലിസബേത്തിന്റെ ബർത്ത്ഡേ ഗിഫ്റ്റുകളെല്ലാം എപ്പോഴും മോട്ടോർ സൈക്കിളുകളാണ്. വയസ്സ് പന്ത്രണ്ട് കഴിഞ്ഞു.. പക്ഷെ ഇപ്പോഴും ഇടക്ക് കിടക്കയിൽ മോട്ടോർ സൈക്കിൾ ഓടിച്ച് കളിക്കുന്നത് കാണാം. ഒരു കാർട്ടൺ നിറയെ വിവിധ തരങ്ങളിലുള്ള മോട്ടോർ സൈക്കിളുകളാണ് അവളുടെ കട്ടിലിന് കീഴെ. 
     ഇപ്രാവശ്യത്തെ ബെർത്ത്ഡേക്ക് സോളമന്റെ ഗിഫ്റ്റ് ഒരു കറുത്ത നായക്കുട്ടിയായിരുന്നു. എണ്ണക്കറുപ്പാർന്ന, നിറയെ മിനുത്ത രോമങ്ങളുള്ള നായക്കുഞ്ഞിനെ എലിസബേത്ത് ഒരു നിമിഷം അത്ഭുതത്തോടെ നോക്കി നിന്നു. പിന്നെ പപ്പയുടെ കവിളിൽ അവൾ ഒട്ടധികം സ്നേഹത്തോടെ ഒരുമ്മ കൊടുത്തു. അന്നേരം തന്നെ അവളതിനെ ചേക്കുട്ടി എന്ന് പേര് വിളിക്കുകയും ചെയ്തു. 
    " നല്ല പേരല്ലെ പപ്പാ ?"
    " പിന്നെ..പപ്പക്കിഷ്ടായി.."
സോളമൻ അവളെ ചേർത്ത് പിടിച്ചു.
    " ഇറ്റ്സ് ഫോർ യുവർ സ്പെഷ്യൽ ഡെ..ആന്റ് മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡെ..ഡിയർ.."
എലിസബേത്തിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപുള്ള മഴയുള്ള ഒരു രാത്രിയും, ഇരുട്ടു കട്ടി പിടിച്ചു കിടന്ന ഒരു ആശുപത്രിയും വരാന്തയുമൊക്കെ അവളോർത്തു കാണുമോ ?
     " സകലമാന ഇഴജന്തുക്കളും കൂടാതെയാണോ ഇനിയിതും കൂടി..?"
    രാത്രിയിൽ സോഫിയ അയാൾക്കഭിമുഖമായി കിടന്നു. സോളമനതിന് മറുപടിയൊന്നും പറയാതെ ചിരിച്ചതേയുള്ളു.    
     അന്ന് രാത്രിയിൽ ദ്വാരങ്ങളിട്ട ഒരു കടലാസ് പെട്ടിയിൽ ചേക്കുട്ടി എലിസബേത്തിന്റെ മുറിയിൽ കിടന്നുറങ്ങി.
    പിറ്റെ ദിവസം കോളേജിലേക്ക് പോകാൻ നേരം ഇടവഴിയിൽ ഒരു പന്തിന് പുറകെയോടുന്ന ചേക്കുട്ടിയെയും എലിസബേത്തിനെയും ജോസ്മി കണ്ടു. ചേക്കുട്ടിയുടെ ട്രെയിനിംഗ് കാലഘട്ടം തുടങ്ങിയെന്നോർത്ത് അവൾ മനസ്സിൽ ചിരിച്ചു. 
     വീണ്ടും കുറച്ച് ദിവസങ്ങൾ ജോസ്മി മനാഫിനെ കണ്ടതേയില്ല. അല്ലെങ്കിൽ ഒട്ടുമിക്ക ദിവസങ്ങളിലും കോളേജ് വിടുന്ന സമയത്ത് ബസ് സ്റ്റോപ്പിനടുത്ത് കാത്ത് നില്ക്കാറുള്ളതാണ്. ഫാത്തിമയോട് അയാൾ ഫാം ഹൗസിലേക്ക് വിളിച്ച കാര്യം ജോസ്മി ഇതുവരെ പറഞ്ഞില്ല. അവനത് ഫാത്തിമയോട് പറഞ്ഞു കാണുമോ ? എങ്കിൽ അവളതേക്കുറിച്ച് ചോദിക്കേണ്ടതായിരുന്നു.
     " മനുവിനെ ഈയിടെയായി കാണുന്നില്ലല്ലൊ പാത്തൂ.."
     " എന്താ..അവനെ കാണാതെ നിന്റെ ഉറക്കം പോയോ ?"
     " പോടീ.."
അവൾ ദ്വേഷ്യപ്പെട്ടു. 
ബസ്സ്റ്റോപ്പിൽ ദിവസവും പോകാറുളള ഏയ്ഞ്ചൽ വന്ന് നിന്നു.
     " അവനങ്ങനെയാ..എപ്പൊ വരും എപ്പൊ പോകും എന്ന് പറയാമ്പറ്റില്ല."
    രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് കാണും. ബസ് സ്റ്റോപ്പിനടുത്ത് മനാഫിന്റെ വണ്ടി കിടക്കുന്നത് ജോസ്മി കണ്ടു. അവളുടെ ഹൃദയമിടിപ്പ് കൂടി. പിന്നെ ഷാളെടുത്ത് തല മൂടി. അടുത്തെത്തിയപ്പോൾ നടത്തം അറിയാതെ സാവധാനത്തിലായി. റോഡിലെ ഇരമ്പലുകളിൽ പെടാത്ത ഒരു പതിഞ്ഞ ശബ്ദത്തിനായി അവൾ കാതോർത്തുവോ ?
    " കൂട്ടുകാരിയെവിടെ ?"
അയാൾ വണ്ടിയിൽ നിന്നിറങ്ങിയില്ല. മറുപടിയൊന്നും പറയാതെ അവൾ രണ്ട് മുന്നടി കൂടി മുമ്പോട്ട് വെച്ചു.
    " നില്ക്കൂന്നേയ്.."
അവൾ നിന്നു.
    " അവളിന്ന് ഉച്ചക്ക് പോയി.."
പക്ഷെ, മുഖത്ത് നോക്കാതെയാണ് അവളത്രയും പറഞ്ഞത്.
    " എന്നോടുള്ള പേടി മാറിയില്ലേ ?"
    " ഉം.."
    " എങ്കിൽ കയറ്..പോകുന്ന വഴിയിൽ ഇറക്കിത്തരാം.."
അവൾ ചുറ്റുപാടും ഭയത്തോടെ നോക്കി. ബസ് സ്റ്റോപ്പിൽ അവളറിയുന്ന കുട്ടികളുണ്ട്. കാലുകൾ അനക്കാൻ പറ്റാതെ അവളവിടെ തന്നെ നിന്നു. കാറിനും ബസ് സ്റ്റോപ്പിനുമിടയിലായി ഒരു മറ തീർത്ത് അവളെന്നും പോകുന്ന ഏയ്ഞ്ചൽ വന്ന് നിന്നു.
    " പുറകിലല്ല..ഇവിടെ -"
അയാൾ ചിരിച്ചു. പിന്നെ മുൻവാതിൽ തുറന്ന് പിടിച്ചു. വഴിയിൽ രണ്ട് പേരും നിശ്ശബ്ദരായിരുന്നു. വഴിയിൽ എന്തെങ്കിലുമൊക്കെ ചോദിക്കുമെന്ന് അവളോർത്തു. പക്ഷെ, ഇറങ്ങുന്നത് വരെ അയാളൊന്നും മിണ്ടിയില്ലെന്നോർത്ത് അവൾ അത്ഭുതപ്പെട്ടു.
    മനുവിന്റെ വണ്ടിയിൽ കയറി വന്ന പേടി രാത്രിയിലും അവളെ വിട്ട് പോയിരുന്നില്ല. ആദ്യമായാണ് ഒരപരിചിതന്റെ വണ്ടിയിൽ തനിയെ. ജോസ്മീ..നിനക്കെവിടുന്ന് കിട്ടി ഈ ധൈര്യം.? നിലക്കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. കുറെ സമയം അവൾ കണ്ണാടിയിൽ തന്നെ നോക്കി നിന്നു. പെട്ടെന്ന് അവളുടെ പ്രതിബിംബം അപ്രത്യക്ഷമായി. അന്നേരം നിലാവെളിച്ചത്തിൽ നിന്നിറങ്ങി വന്ന പപ്പയുടെ മുഖം അവൾ കണ്ണാടിയുടെ പ്രതലത്തിൽ കണ്ടു. തൊട്ടപ്പുറത്ത് മമ്മ. പിന്നെ ജൂലി, ജാസ്മിൻ, എലിസബേത്ത്..
     " പപ്പയോട് എന്തേലും പറയാനുണ്ടോ മോൾക്ക് ?"
     " ഇല്ല പപ്പാ - "
     " പിന്നെന്താ മുഖം വല്ലാതെ വാടിയിരിക്കുന്നെ ?"
     " ഒന്നുമില്ല പപ്പാ.."
     " മോള്..നുണ പറയുന്നുണ്ടോ പപ്പയോട്..?"
     പപ്പയുടെ പതിഞ്ഞ ചിരി കേട്ടതാണല്ലൊ!
     പക്ഷെ, പപ്പയെവിടെ ? കണ്ണിൽ നനവ് പടരുന്നതറിഞ്ഞു.
കണ്ണാടിയിൽ നിന്നും ജോസ്മി പെട്ടെന്ന് മുഖം തിരിച്ചു.
    പിന്നെ ഇരുട്ടിൽ ഉറങ്ങാതെ കണ്ണു തുറന്ന് കിടക്കുമ്പോൾ വന്ന റിങ്ങ് മനാഫിന്റേതായിരുന്നു. അവൾ സമയം നോക്കി.
      " ഉറങ്ങിയില്ലേ ?"
      " ഇല്ല - "
അവൾ ഒച്ച താഴ്ത്തി.
      " ഇപ്പോഴും പേടി മാറിയില്ലേ ?"
      " ഇല്ല മനൂ..നീയെന്നെ ഏറ്റവും തരംതാണ ഒരു മകളാക്കും, ഒരു ചേച്ചിയാക്കും.."
കലുഷമായിരുന്നു അവളുടെ മനസ്സ്. വണ്ടിയിൽ കയറാൻ തോന്നിയ നിമിഷത്തെ അവളിപ്പോഴും ശപിക്കുന്നുണ്ട്. രാത്രിയിൽ ഭക്ഷണം കഴിക്കാൻ നേരം പപ്പയുടെയും മമ്മയുടെയും മുഖത്ത് നോക്കാൻ പോലും പറ്റിയില്ല.
      മനു നിശ്ശബ്ദനായി.
      " മനൂ..നീയെന്നിൽ നിന്നും ദൂരേക്ക് മാറിപ്പോകൂ..എന്നിട്ട് വേണം മനസ്സമാധാനത്തോടെ എനിക്കുറങ്ങാൻ - "
അതിനും മറുപടിയൊന്നും വന്നില്ല. കരച്ചിലിന്റെ വക്കത്തോളമെത്തിയ ശബ്ദത്തിന്റെ മാറ്റം പക്ഷെ അവൻ തിരിച്ചറിഞ്ഞു. 
      " ഒരൂട്ടം ചോദിക്കട്ടെ ?"
      " ചോദിക്ക് - "
      " നീയെന്തിനാണ് വണ്ടിയിൽ വെച്ച് അനുവാദമില്ലാതെ എന്റെ വിരലിൽ തൊട്ടത് ?"
അവൾ കിതച്ചു. 
ഭാരം കയറ്റിയ ഒരു ലോറി പോകുന്ന ശബ്ദം. അതിനിടയിലും അവനുറക്കെ ചിരിച്ചത് അവൾ കേട്ടു. ചിരിയുടെ അവസാനം അവൻ ചോദിച്ചു:
      " ഞാനൊരു കഥ പറയട്ടെ ?"
      " എനിക്ക് കേൾക്കണ്ട.."
      " കേൾക്ക്..നിനക്കറിയോ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുമ്മ വെച്ചതിന് പ്രസവിക്കുമെന്ന് പറഞ്ഞ് രണ്ടാഴ്ച്ചക്കാലം മിണ്ടാതെ നടന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു എന്റെ ക്ലാസ്സിൽ.. നീയത്രക്കും നാട്ടിൻപുറത്തുകാരിയല്ലല്ലൊ.!"
വീണ്ടും മനാഫിന്റെ ചിരി അവൾ കേട്ടു.
      " എനിക്ക് താഴെ മൂന്ന് പെങ്കുട്ടികളാ..ഞാനാണ് അവരുടെ നേർവഴി മനൂ..എന്നെ വിട്ടേക്ക്.."
മനസ്സിന്റെ അസ്വസ്ഥതകൾക്ക് അതിർ വരമ്പുകളില്ലെന്ന് അയാളറിഞ്ഞു. അത് ആഴക്കടലിലെ ചുഴികളായും മാറാം. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അയാൾ ഇത്രയും പറഞ്ഞു:
     " നാളെ കാണാം. ഗുഡ് നൈറ്റ്.. ഇപ്പൊ ശാന്തമായി ഉറങ്ങൂ."
    പിറ്റെ ദിവസം അല്പം വൈകിയാണ് ജോസ്മി കോളേജിലേക്കിറങ്ങിയത്. ബസ് സ്റ്റോപ്പിന്റെയടുത്തുള്ള അയാളുടെ കറുത്ത നിറമുള്ള കാറിന്റെ സാന്നിദ്ധ്യം അവൾക്ക് അസ്വസ്ഥതയാണിപ്പോൾ. ഓരോ രാത്രികളിലും അവളോരോ പുതിയ തീരുമാനങ്ങളിലെത്തും. കാണുന്ന മാത്രയിൽ കാറ്റിനോടൊപ്പം പടി കടന്ന് പോകുന്ന കരിയിലകളാകുന്നു അതെല്ലാം. ഇടവഴിയിലേക്കിറങ്ങുമ്പോൾ ഗേറ്റിനപ്പുറത്ത് കാത്ത് നില്ക്കുന്ന ഒരു ആൺകുട്ടിയെ ജോസ്മി കണ്ടു.
     " എലിസബേത്തിനെ ഒന്ന് കാണണം.."
     " അകത്തേക്ക് വരൂ.."
ജോസ്മി ഗേറ്റ് തുറന്നു കൊടുത്തു. പിന്നെ മുറ്റത്തു നിന്ന് തന്നെ എലിസബേത്തിനെ നീട്ടി വിളിച്ചു.
    വാതിൽ തുറന്ന് പൂമുഖത്തേക്ക് വന്ന എലിസബേത്ത് മുറ്റത്ത് നില്ക്കുന്ന ആളെ കണ്ട് ഒന്നും മിണ്ടാനാവാതെ നിന്നു. 
     " എന്നെ മറന്നോ.?"
അവൻ ചിരിച്ചു. നെറ്റിയിലെ പഴയ ഒരു മുറിവിന്റെ പാടിൽ അവളറിയാതെ തൊട്ടു. പിന്നെ ചെവിക്ക് പുറകിലുള്ള മറുകിലേക്ക് അവളുടെ കണ്ണുകൾ ചെന്നു.
    " എന്നെ അഴുക്കുചാലിലേക്ക് തള്ളിയിട്ട ആളിനെ എങ്ങനെ മറക്കും ?"
അവളും ചിരിച്ചു.
    "കേറി വാ -"
അവൻ കസേരയിലിരുന്നു.
കുറച്ച് നേരം രണ്ട് പേരും നിശ്ശബ്ദരായി. ചില നേരങ്ങളിൽ അക്ഷരങ്ങൾ പുറത്ത് വരാതെ ഒളിച്ചുകളിക്കും. നമ്മളപ്പോൾ വിജനമായ മരുഭൂമികളിൽ ഒറ്റപ്പെടും. ഒരൊട്ടകത്തിന്റെ നിഴൽ പോലുമില്ലാത്ത തിളക്കുന്ന വെയിലിൽ പൊള്ളി നില്ക്കും. സ്കൂളിലെ വഴുക്കലുള്ള ഒരു ഇടുങ്ങിയ വരാന്തയും, ഒരു സ്റ്റോർ മുറിയും അവളോർത്തു. വലിയൊരു കാറ്റ് വന്ന് കടലിന്റെ മാറിലേക്ക് കുടഞ്ഞ് കളഞ്ഞ പഴയ ഓർമ്മകളായി മാറിയോ അതൊക്കെ..
     " അമ്മക്ക് ട്രാൻസ്ഫറാണ്..അടുത്തയാഴ്ച്ച ഞാൻ ഇവിടെ നിന്നും പോകും.."
അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ അടുത്ത പറമ്പിലെ കവുങ്ങിൻ തലപ്പിൽ കാറ്റ് പിടിക്കുന്നതും നോക്കി വെറുതെയിരുന്നു. പാടത്തു നിന്നും വന്ന ചൂടു കാറ്റ് അവളുടെ മുഖം പൊള്ളിച്ചതറിഞ്ഞില്ല.
     " പോകുന്നേന് മുന്നേ നിന്നെയൊന്ന് കാണണമെന്ന് തോന്നി. "
മരച്ചില്ലകളിൽ കാറ്റ് പതിഞ്ഞ് വീശി. ഇനിയെന്താണ് പറയാൻ?. ഒന്നുമില്ല. അവനെഴുന്നേറ്റു.
     " നിന്റെ ഫോൺ നമ്പർ തരുമോ ?."
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ശാന്തമായ തടാകത്തിൽ ചുഴിയില്ല. അടിയൊഴുക്കുകളുമില്ല.
      " വിളിച്ച് ശല്ല്യപ്പെടുത്തില്ല. വെറുതെ..അത് കൈയിലുണ്ടെങ്കിൽ ഒരു വിരൽത്തുമ്പകലെ നീയുണ്ടെന്ന ഒരു വിശ്വാസം.."
അവൻ മുറ്റത്തേക്കിറങ്ങി. അവളും.
      " എങ്ങനെയാ നീ വന്നെ ?"
      " ബസ്സിന് - "
ഇടവഴിയിൽ ഗേറ്റിനപ്പുറത്ത് അവൻ തിരിഞ്ഞു നിന്നു.
      " ഒരു സ്വകാര്യം പറയട്ടെ ?"
      " പറ - "
ഗേറ്റിനിപ്പുറത്ത് അവൾ അവനോട് ചേർന്ന് നിന്നു. അവൾ പറഞ്ഞു:
     " ഒരു ദിവസം ഞാൻ നിന്നെ സ്വപ്നം കണ്ടു."
അടക്കിപ്പിടിച്ച വാക്കുകളുടെ ചൂട് അവന്റെ മുഖത്ത് തട്ടി.
     " എന്നെയൊ ? നുണ."
വിശ്വാസം വരാതെ അവനവളെ നോക്കി.
     " സത്യം..നീയൊരു ഗോതമ്പു വയലിൽ നില്ക്കുകയാണ്. ഒരു സഞ്ചിയിൽ ഗോതമ്പുമണികൾ നിറയ്ക്കുന്നു.."
     " പിന്നെ ? "
     " അപ്പൊ ഇടി വെട്ടി നല്ല മഴ പെയ്തു..അന്നേരം പേടിച്ച് നിന്നെ ഞാൻ കെട്ടിപ്പിടിച്ചു."
    അവൻ വെറുതെ ചിരിച്ചു. 
എങ്ങോ ദൂരെ ഗോതമ്പുമണികൾ വിളഞ്ഞു കിടക്കുന്ന ഒരു വയൽ ? ഇടി വെട്ടി പെയ്യുന്ന ഒരു മഴ.?
    അവന്റെ കണ്ണുകളിൽ അവളത് കണ്ടു.
      " നാളെ മുതൽ നിങ്ങൾ നല്ല കൂട്ടുകാരാവണം. കുറെ വർഷങ്ങളൊക്കെ കഴിഞ്ഞ് ഈ തല്ലുകൂട്ടമൊക്കെ നിങ്ങൾക്ക് രണ്ട് പേർക്കും ഓർത്ത് ചിരിക്കാനും കഴിഞ്ഞു പോയ ആ നല്ല നാളുകളെക്കുറിച്ചോർത്ത് സങ്കടപ്പെടാനും പാകത്തിലുള്ള കൂട്ടുകാർ."
     അവന്റെ അച്ഛന്റെ വാക്കുകൾ വെറുതെ അവളോർത്തു.
     " ഇനി നമ്മൾ തമ്മിൽ എന്നെങ്കിലും കാണുമോ ?"
അവൻ ചോദിച്ചു.
     " കാണും -"
ഗേറ്റിൽ പിടിച്ചിരുന്ന അവന്റെ വിരലുകൾക്ക് മീതെ അവൾ കൈ വെച്ചു. ഒരു തണുത്ത ചൂട്. നീല ഞരമ്പുകളിലൂടെ രക്തമോടുന്നതറിഞ്ഞു.
     " കാണുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്.."
മറുപടിയായി അവൻ പതുക്കെ മൂളി. പിന്നെ നടക്കാൻ തുടങ്ങി.
     " ഞാനൊന്ന് തൊട്ടോട്ടെ.. ഈ മറുകിൽ.?"
     അവൻ ചിരിച്ചു. കൈവിരൽത്തുമ്പിലൂടെ ഒഴുകിയിറങ്ങിയ, മനസ്സിന്റെ ചിമിഴിൽ ഒളിപ്പിച്ചു വെച്ച ലിപികളില്ലാത്ത ഈ ഭാഷ അവൻ വായിച്ചു കാണുമോ ? മരച്ചില്ലകളിൽ നിന്നും ചൂടുകാറ്റിറങ്ങി വന്ന് ഇടവഴിയിലാകെയും പതുങ്ങി നടന്നു. ആയുസ്സൊടുങ്ങിയ പഴുത്ത ഇലകൾ അവർക്ക് മേലെ വീണ് താഴോട്ട് പതിച്ച് ഇടവഴിയിൽ മരിച്ച് കിടന്നു. 
     യാത്ര പറയാനവൻ മറന്ന് പോയതാകണം. പിൻ തിരിഞ്ഞ് നോക്കാനും..പക്ഷെ, സത്യമവൾക്കറിയാം. കണ്ണിലെന്തോ പോയെന്ന് അവൻ പറഞ്ഞത് നുണ…
     ഇടവഴിയിലൂടെ അവൻ നടന്ന് റോഡിലേക്ക് മറയുന്നതും നോക്കി അവൾ നിന്നു. ഒരു മഴ പെയ്തെങ്കിൽ..! കരയാൻ തോന്നുമ്പോൾ മഴയത്ത് ഇറങ്ങി നില്ക്കണമെന്ന് എവിടെയാണ് വായിച്ചത് ? വീണ്ടും ഞാൻ മറന്നു. അവന്റെ പേര് ചോദിക്കാൻ.! ഞാനതെങ്ങനെ മറന്നു ? 
     ഇന്ന് രാത്രി എനിക്കൊരു സ്വപ്നം കാണണം. 
വിളവെടുപ്പ് കഴിഞ്ഞ് തരിശ്ശായിക്കിടക്കുന്ന ഒരു ഗോതമ്പ് പാടം. സകലതിനെയും കടപുഴക്കിയെറിയുന്നൊരു കാറ്റ്. ഇടമുറിയാതെ പെയ്യുന്നൊരു മഴ. പിന്നെ ഉലർന്ന് കിടന്ന ചുണ്ടിലേക്ക് ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ ഒപ്പിയെടുക്കുന്ന പേരറിയാത്ത ഒരു മുഖം..

      
🟥 തുടരുന്നു…


എലിസബേത്ത് -27

എലിസബേത്ത് -27

0
590

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്തിയേഴ്.            ദൂരെ അങ്ങിങ്ങായി ഉയർന്ന് നില്ക്കുന്ന നരച്ച് പഴകിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. ആകാശത്ത് ഒറ്റപ്പെട്ട് നില്ക്കുന്ന ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾ. ആകാശപ്പരപ്പിൽ ചില്ലകൾ പടർത്തി നില്ക്കുന്ന ഒരരയാൽ. അതിന്റെ തടിച്ച വേരുകൾ ഭൂമിയുടെ മാറിലേക്കാഴ്ത്തി ആശുപത്രിയുടെ മുൻ വശത്തു തന്നെ അത് നിന്നു. അതിന്റെ തണൽപ്പരപ്പിൽ രോഗികളെയും കൊണ്ട് വന്ന പലതരം വണ്ടികൾ കാത്ത് കിടന്നു.      ടാറിട്ട ഇടറോഡിനപ്പുറം നഗരമാണ്. സോളമൻ അസ്വസ്ഥമായ മനസ്സോടെ പുറത്തേക്ക് നോക്കി. വെയിലിന് ചൂടേറി വരുന്നു.     നീളൻ വരാന്ത