“കൂട്ടുകാരന്റെ ഭാര്യയോ……”
സംശയത്തോടെ ചോദിക്കുമ്പോൾ കണ്ണടയ്ക്കുള്ളിലെ ആന്റിയുടെ മിഴികൾ ചെറുതാകുന്നതും പുരികക്കൊടികൾ വില്ലുപോലെ വളയുന്നതും അവൾ കണ്ടു.
“എന്റെ ആന്റി …….
പറയുമ്പോൾ ഒരക്ഷരം മാറിപ്പോയതാണ്…..
കൂട്ടുകാരന്റെ ഭാര്യയല്ല പെങ്ങളാണ്…….
വിസ്മയയിൽ ഒരാളെ വേണമെന്നു പറഞ്ഞിരുന്നു അവിടേക്ക് കൊണ്ടുപോകുന്നതാണ്……”
ചെറിയ കുട്ടികളെപ്പോലെ ശുണ്ഠിയോടെ അയാൾ പറഞ്ഞതു കേട്ടതും ആന്റിയുടെ ചുണ്ടിൽ ചിരിയൂറിയപ്പോഴാണ് അവളുടെ മനസും തണുത്തത്.
“അതെക്കെ കൊള്ളാം…..
പക്ഷേ…..
എന്താ നിന്റെ പരിപാടി…..
സ്ഥലത്തില്ലാത്തത് കൊണ്ടാണ് ഓഫീസിൽ വരാത്തതെങ്കിൽ ശരിതന്നെ…..
മൂന്നു ദിവസം തൊട്ടടുത്ത ലോഡ്ജിലുണ്ടായിട്ടും നീ ഇങ്ങോട്ടു വന്നില്ലല്ലോ…
ഉത്തരവാദിത്വങ്ങൾ മറക്കുവാൻ നീ ചെറിയ കുട്ടിയൊന്നുമല്ല…. …
അതുകൊണ്ടാണ് ഞാനും വിളിക്കാതിരുന്നത്..
പഴയ പോലെയല്ല ഇപ്പോൾ കാര്യങ്ങൾ…..
തീർക്കുവാൻ പറ്റുന്നതാണെങ്കിലും ചില ബാധ്യതകൾ കൂടെയുണ്ട്……
ശ്രദ്ധിച്ചില്ലെങ്കിൽ അതുമതി ഇതുവരെ ഉണ്ടാക്കിയതൊക്കെ നഷ്ടപ്പെടുത്തുവാൻ…..
കടലിലെ വെള്ളമാണെങ്കിൽപ്പോലും കോരിക്കൊണ്ടിരുന്നാൽ തീർന്നുപോകുമെന്നു മറന്നേക്കരുത് പറഞ്ഞേക്കാം……
നിന്റെ അച്ഛൻ വളരെ കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിച്ചത്……
അവസാനകാലത്ത് നിന്നെപ്പോലെ ഉഴപ്പിയില്ലെങ്കിൽ ഇതിനേക്കാൾ മുന്നേ തന്നെ ഒന്നോരണ്ടോ സ്ഥലത്ത് ബ്രാഞ്ചുകൾ തുടങ്ങാമായിരുന്നു.
അതുകൊണ്ട് ഇനിയൊന്നും തുടങ്ങുവാൻ പറ്റിയില്ലെങ്കിലും ഇപ്പോഴുള്ളതെങ്കിലും നശിപ്പിക്കാതെ നോക്കണമെന്നേ എനിക്കു നിന്നോട് പറയാനുള്ളൂ…..”
ആൻറി അയാളെ ഉപദേശിക്കുന്നത് കേട്ടപ്പോൾ അവൾക്കു വീണ്ടും തന്റെ ഹൈസ്കൂളിലെ പ്രിൻസിപ്പാളിനെ ഓർമ്മവരികയും അവരോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയും ചെയ്തു.
“ആൻറിയിവിടെയുള്ളപ്പോൾ ഞാനെന്തിനാണ് പേടിക്കുന്നത് ……..
ഇത്രവരെ എത്തിക്കുവാൻ അച്ഛനേക്കാൾ പാടുപെട്ടത് ആന്റിയാണെന്നു അച്ഛൻ പറയുന്നതു കേൾക്കാറുണ്ടല്ലോ…….”
ലാപ്‌ടോപ്പിലോക്ക് നോക്കി തലകുനിച്ചുക്കൊണ്ടു കുറ്റവാളിയെപ്പോലെയായിരുന്നു അയാളുടെ മറുപടി .
“അതൊക്കെ ശരിതന്നെ ……
ആന്റിയെന്താ ചിരഞ്ജീവിയാണോ……..
പത്തിരുപത്തിയഞ്ചു വര്ഷമായില്ലേ ….
ഇപ്പോൾ എനിക്കും മടുത്തുതുടങ്ങി…….
ഇനിയിതൊക്കെ അടുക്കിപൊറുക്കി വച്ചതിനുശേഷം റെസ്റ്റെടുക്കുവാനാണ് എന്റെ പ്ലാൻ……..
അതിനു ചില വഴികളൊക്കെ ഞാനും ആലോചിച്ചു തുടങ്ങി……
അല്ലാതെ നിന്നെ ഇനിയും ഇങ്ങനെ അഴിച്ചുവിട്ടാൽ ശരിയാവില്ല……….”
” എന്റെ ആന്റീ ഇങ്ങനെ ഓരോന്ന് പറഞ്ഞുകോണ്ടു വെറുതെ ആളെ പേടിപ്പിക്കല്ലേ…..
മിക്കവാറും ഇന്നുച്ചയ്ക്കുശേഷം മുതൽ പരമാവധി ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടാകും …….
അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ പുറത്തുപോകൂ……
പോരെ…….”
തന്നെയൊന്നു നോക്കിയശേഷം ആൻറി പറഞ്ഞതു വിശ്വസിക്കാനാകാത്ത പോലെ ഞെട്ടലോടെ മുഖമുയർത്തി അവരെനോക്കി പറയുമ്പോൾ അയാളുടെ മുഖം വിങ്ങിയിരിക്കുന്നതുപോലെ അവൾക്കുതോന്നി.
“അതെന്താ ഇന്നുച്ചക്ക് ശേഷം കാശിക്കു പോകുകയാണോ …….”
ചെറിയ ചിരിയോടെയാണ് ആന്റിയുടെ ചോദ്യം.
“ആന്റി കണ്ടോളൂ കാശി മാത്രമല്ല ……
ചൈനയുടെ വിസകിട്ടുമെങ്കിൽ മാനസസരോവർ വരെ ഞാൻ പോകും ……. ‘
അതേ രീതിയിലാണ് അതിനുള്ള അയാളുടെ മറുപടി .
“അതെന്താ ഇവിടെയൊന്നും കള്ളുകിട്ടാതായി തുടങ്ങിയോ …….”
സന്ദർഭോചിതമായ ആൻറിയുടെ തമാശ കേട്ടപ്പോൾ അവൾക്കു വീണ്ടും ചിരി വരികയും പുറമേ വലിയ ഗൗരവക്കാരിയാണെങ്കിലും ഉള്ളിൽ അവരൊരു പഞ്ചപാവമാണെന്നു മനസ്സിലാവുകയും ചെയ്തു
“എന്റെ ആൻറി അതൊക്കെ ഞാൻ രണ്ടു ദിവസംമുന്നേ നിർത്തി.. …
ഇപ്പോൾ ഡിസെന്റായി ജീവിക്കുകയാണ് …..”
തന്നെനോക്കി കണ്ണിറുക്കിയശേഷം ചെറിയ കുട്ടികൾ കൊഞ്ചുന്നതു പോലെ അവരോട് പറയുന്നത് കേട്ടപ്പോൾ കണ്ണുകളിൽ പിടച്ചിലുമായി അവൾ വേഗത്തിൽ മുഖംകുനിച്ചു.
“നിർത്തിയാൽ അവനവനു കൊള്ളാം അത്രതന്നെ …….
അല്ലെങ്കിൽ അവസാനമാകുമ്പോൾ അച്ഛൻറെ അവസ്ഥയാകും…..”
അവർ തമ്മിലുള്ള പെരുമാറ്റവും സംസാരരീതിയും ശ്രദ്ധിച്ചപ്പോൾ കൗമാരപ്രായമുള്ള വികൃതിയായ മകനും അമ്മയുമാണ് അവരെന്നുപോലും അവൾക്കു തോന്നിപ്പോയി.
“രേഷ്മ നിന്നോട് എന്തെങ്കിലും ചോദിച്ചിരുന്നോ…..”
ആന്റി നീട്ടിയ കടലാസുകളിൽ അയാൾ ഒപ്പുവയ്ക്കുന്നത് നോക്കി നിൽക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി രേഷ്മയുടെ പേരുകേട്ടതും അവൾ ജാഗരൂകരായി അറിയാതെ ഞെട്ടലോടെ തലയുയത്തിപ്പോയി ….!
“”ഒന്നും പറഞ്ഞില്ലല്ലോ എന്തേ…”
ആൻറിയുടെ നേരെ നോക്കി നെറ്റിചുളിച്ചു കൊണ്ടാണ് അയാളുടെ ചോദ്യം.
“” ഒന്നുമില്ല ഞാൻ വെറുതെ ചോദിച്ചതാണ്….”
ചിരിയോടെയാണ് ആൻറി ഒഴിഞ്ഞുമാറിയത്.
“അതൊന്നുമല്ല…….
വേറെയെന്തോ കാര്യമുണ്ട്………
പറ……ആന്റി എന്താകാര്യം…….”
കൊച്ചു കുട്ടികൾ ശാഠ്യം പിടിക്കുന്നതുപോലെ അയാൾ ചോദിക്കുന്നത് കണ്ടപ്പോൾ മിടിക്കുന്ന ഹൃദയത്തോടെ ഉമിനീരിരക്കിക്കൊണ്ടു അവൾ ആന്റിയെ നോക്കി ചെവികൾ കൂർപ്പിച്ചു.
“വേറെയൊന്നുമില്ല .
ഇതുവരെ നിൻറെ വ്യക്തിപരമായ ഒരു പ്രശ്നത്തിലും ഞാൻ ഇടപെട്ടിട്ടില്ല അല്ലെ…… ”
ആന്റിയുടെ ചോദ്യം കേട്ടപ്പോൾ അയാൾ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചെങ്കിലും അവരുടെ മുഖവുരയിൽ അവളെന്തോ അപകടം മണത്തു ….. !
ഹൃദയം ആവശ്യമില്ലാതെ പടപടാ പിടിക്കുന്നതുപോലെയും തൊണ്ട വരളുന്നതുപോലെയുമൊക്കെ അവൾക്ക് തോന്നി .
വെറുതെ കുത്തി കളിക്കുകയായിരുന്ന മൊബൈൽഫോൺ പിടിച്ചിരുന്ന കൈപ്പത്തിയിൽ വിയർപ്പു പടരുന്നത് അറിഞ്ഞപ്പോൾ ധൃതിയിൽ വാനിറ്റിബാഗിനുള്ളിലേക്ക് തിരുകി കയറ്റുന്നതിനിടയിൽ മൊബൈൽഫോൺ സാരിയിലൂടെ ഊർന്നു തറയിലേക്ക് വീണു പോയി….. !
” മായയുടെ ഒരു സന്തോഷത്തിനും അധികം ആയുസ്സില്ലെന്നു്……”
മനസ്സിൽ പിറുപിറുത്തുകൊണ്ടാണ് കുനിഞ്ഞു ഫോണെടുത്തു വേവലാതിയോടെ ഡിസ്പ്ലേക്ക് നോക്കിയത് ……!
“ഭാഗ്യം ഒന്നും പറ്റിയിട്ടില്ല ……!”
“പക്ഷേ ഇനിയെങ്ങനെ നിന്നെ വിട്ടാൽ ശരിയാവില്ല …….
ഇനിയും ഞാൻ ഇടപെട്ടില്ലെങ്കിൽ നീ വേണ്ടതുപോലെ ശ്രദ്ധിക്കാതെ ഒരു പക്ഷേ ഇതൊക്കെ കൈവിട്ടുപോകും……
ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും…..!
വേറെ വീടുവച്ചു താമസം തുടങ്ങിയത് മുതൽ കണ്ണൂരിൽ അവളുടെ കൂടെ താമസിക്കാൻ മോള് നിർബന്ധിക്കുന്ന കാര്യം നിനക്കും അറിയാമല്ലോ ……അല്ലെ….
പോകാത്തതുകൊണ്ട് അവൾക്കെന്നോട് ഇപ്പോൾ പിണക്കവുമായി …….
നിനക്ക് അതുപോലുള്ള ആത്മാർത്ഥതയൊന്നുമില്ലെങ്കിലും നിൻറെ അമ്മ മരിച്ചതിനു ശേഷം നീയടക്കം എനിക്കും മൂന്നുമക്കളുണ്ടെന്ന് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ……
എന്റെ മക്കൾക്കും അതറിയാം…… ഞങ്ങളെക്കാൾ വലുതാണോ അനിലേട്ടനെന്നും എത്രകാലമാണ് അമ്മയിങ്ങനെ താങ്ങി നിർത്തുക ഒറ്റയ്ക്ക് ഓരോന്നായി ചെയ്തു തുടങ്ങട്ടെ അപ്പോൾ തനിയെ ഉത്തരവാദിത്വവും വന്നുകൊള്ളുമെന്നുമാണ് മക്കളിപ്പോൾ പറയുന്നത് ……
ഇനിയേതായാലും അവർ പറയുന്നതുപോലെ ചെയ്യാമെന്നാണ് ഞാൻ മനസ്സിൽ കരുതുന്നത് അതുകൊണ്ട് ഒരു വർഷംകൂടി നിന്റെ കൂടെ കഴിഞ്ഞശേഷം ഞാൻ കണ്ണൂരിലേക്ക് പോകും അപ്പോഴേക്കും നിന്നെ നീ ഇതൊക്കെ കൈകാര്യം ചെയ്തു പഠിക്കണം…….
അല്ലാതെ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ കറങ്ങിനടന്നാൽ ശരിയാവില്ല ……
പിന്നെ നിന്നെ ഒറ്റയ്ക്ക് ഇതൊക്കെ ഏൽപ്പിക്കാനും എനിക്ക് പേടിയാണ് ……
കാരണം പൈസ എങ്ങനെ ചെലവാക്കണം എവിടെ ചെലവാക്കണം എന്തൊക്കെയാണ് അത്യാവശ്യം ഇതൊന്നും നിനക്കിനിയും വലിയ ധാരണയില്ല……..!
അതിനു നിന്നെ പറഞ്ഞു ശരിയാക്കി നേരായ വഴിക്ക് നടത്താൻ ഒരാൾ വേണം…..
ഞാൻ നോക്കിയപ്പോൾ രേഷ്മ നല്ല കുട്ടിയാണ്…..
വിവരമുണ്ട് ,വിദ്യാഭ്യാസമുണ്ട് ,സാമ്പത്തികമായും മോശമല്ല എന്തെങ്കിലും ഒരു കാര്യത്തിൽ വേണ്ട രീതിയിൽ ഇടപെടാൻ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയും പക്വതയുമൊക്കെയുണ്ട്….. തൊട്ടതൊക്കെ പൊന്നാക്കി ശീലമുള്ള അവളെ നിനക്കെന്തുകൊണ്ടും യോജിക്കും…..
ഇവിടെ ഇപ്പോൾ നമ്മുടെ റെഡിമെയ്ഡ് ബിസിനസ് മുഴുവനായും അവളെ ആശ്രയിച്ചാണ് നിൽക്കുന്നത് …….
നമ്മൾ പുതിയ ഫാഷനുകൾ ഇറക്കുന്നല്ലാതെ മറ്റുള്ളവരുടെ ഒന്നും നമ്മൾ കോപ്പി ചെയ്യുന്നില്ല…..
അതുകൊണ്ടുതന്നെ എല്ലാ ഫാഷനുകളും ആദ്യമായി മാർക്കറ്റിൽ ഇറക്കാനും മാർക്കറ്റുകൾ പിടിക്കുവാനും നമുക്ക് സാധിക്കുന്നത്…….
രേഷ്മയെ വേറെ ആരെങ്കിലും വിവാഹം ചെയ്താൽ അവളുടെ സേവനം നമുക്കു കിട്ടണമെന്നില്ല …….
പക്ഷേ നീ അവളെ വിവാഹം കഴിക്കുകയാണെങ്കിൽ അതും സുരക്ഷിതമാകും…….
അതുമാത്രമല്ല രണ്ടു ബിസിനസുകളും ചേർത്തു കൊണ്ടുപോകാനും സാധിക്കും…….
അങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടു അവളോട് ഈ കാര്യം ചോദിച്ചിരുന്നു.
നിലത്തുവീണിരുന്ന മൊബൈൽ ഫോണെടുത്തു സാരിയുടെ തുമ്പുകൊണ്ടു യാന്ത്രീകമായി തുടച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആന്റി പറയുന്നതു കേട്ടപ്പോൾ എന്തുകൊണ്ടോ തൻറെ ശ്വാസം നിലച്ചുപോകുന്നതുപോലെയാണ് അവൾക്കു തോന്നിയത്.
അയാളുടെ മറുപടി എന്താണെന്നറിയുവാനുള്ള ആകാംഷയോടെ ഇപ്പോൾ നിലച്ചുപോകുമെന്നു തോന്നിയ ഹൃദയമിടിപ്പോടെ തലയുയർത്തി അയാളുടെ മുഖത്തേക്ക് പതറിപ്പതറി നോക്കിയെങ്കിലും അവിടെ യാതൊരു ഭാവഭേദവുമില്ല…..!
പകരം അയാൾ ആന്റിയെ നോക്കി ചിരിക്കുകയാണ്……!
“നീ മറുപടി ഒന്നും പറഞ്ഞില്ലല്ലോ…….”
വീണ്ടും ആൻറിയുടെ ചോദ്യം കേട്ടപ്പോൾ അവളുടെ കൈകൾ അറിയാതെ സ്വന്തം നെഞ്ചിലമർന്നു…… !
എന്റെ ഈശ്വരന്മാരെ അയാൾ മറുപടിയൊന്നും പറയാതിരുന്നെങ്കിൽ……
അല്ലെങ്കിൽ മറുപടി പറയുന്നതിനുമുന്നേ തന്നെയൊന്നു നോക്കിയിരുന്നെങ്കിൽ…….
അവൾ ഹൃദയത്തിൽ തേങ്ങിക്കൊണ്ടു നെഞ്ചുരുകി പ്രാർത്ഥിച്ചു……!
“ആന്റി ചോദിച്ചപ്പോൾ രേഷ്മയെന്താണ് മറുപടി പറഞ്ഞത് അതാദ്യം കേൾക്കട്ടെ……”
തന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെയുള്ള അയാളുടെ മറുപടി കേട്ടപ്പോഴാണ് തന്റെ പ്രാർത്ഥന ദൈവം കേട്ടില്ലെന്നും പ്രതീക്ഷകൾ വെറുതെയായിരുന്നെന്നും അവൾ തിരിച്ചറിഞ്ഞത്…….!
ശ്വാസം നിലച്ചതുപോലെ വിശ്വസിക്കാനാകാതെ ഒരു നിമിഷം അയാളുടെ മുഖത്തേക്കു്തന്നെ നോക്കിയെങ്കിലും അയാൾ ഏതോ ഒരു അതിമനോഹരമായ സ്വപ്നം നെയ്തെടുക്കുന്നതുപോലെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി മുന്നിലുള്ള കടലാസ് തുണ്ടുകളിൽ അലക്ഷ്യമായി ചിത്രങ്ങൾ വരച്ചു കൊണ്ടിരിക്കുകയായിരുന്നു……”
” നിന്നോട് ചോദിച്ചിട്ട് തന്നെയാണോ ഈ സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് അവൾ ആദ്യം എന്നോട് ചോദിച്ചത്…….
പിന്നെ പറഞ്ഞു ആദ്യം നിന്നോട് ചോദിക്കൂ പിന്നീട് അവൾ മറുപടി പറയാമെന്നു……
പക്ഷേ ആ മറുപടിയിൽ തന്നെ അവളുടെ ഉത്തരവുണ്ട് …….
ഇല്ലെങ്കിൽ ആദ്യം തന്നെ അവൾ താൽപര്യമില്ലെന്നും വേണ്ടെന്നും പറയുമായിരുന്നു …….”
മനസുനിറഞ്ഞ സന്തോഷം ആന്റിയുടെ ശബ്ദത്തിലുമുണ്ടെന്ന് അവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ അവൾക്കു മനസ്സിലായി.
രേഷ്മ തന്നോടു പതിവിലും കൂടുതൽ അടുപ്പം കാണിച്ചതായി തനിക്കു ഫീൽ ചെയ്തതു വെറുതെയല്ലെന്നും…..
ആദ്യമായി പേർസണൽ മൊബൈൽ നമ്പർ ചോദിച്ചതും പാർട്ണർഷിപ്പ് ബിസിനസിനെക്കുറിച്ചു സംസാരിച്ചതുമൊക്കെ അർത്ഥം വച്ചായിരുന്നെന്നു തനിക്കു മനസിലാകാതെപോയല്ലോയെന്നും ഖേദപൂർവ്വം അയാളും അപ്പോൾ മനസിലോർക്കുകയായിരുന്നു……!
“ആന്റി പോകുന്ന കാര്യമൊക്കെ നമുക്കു പിന്നീടു സംസാരിക്കാം……..
പക്ഷെ ഇപ്പോൾ ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം പറയാം……
എന്നെ സംബന്ധിച്ച് പറഞ്ഞാൽ രേഷ്മ നല്ല കുട്ടിയാണ് .
കാണുവാനും സുന്ദരി…..
ആരോടും നന്നായി ഇടപഴകുവാനും സംസാരിക്കുവാനും മറ്റുള്ളവരെ മനസ്സിലാക്കുവാനും അവൾക്കു സാധിക്കും….
ആന്റി പറഞ്ഞതുപോലെ പക്വതയോടെയും പാകതയോടെയും ഓരോ കാര്യങ്ങൾ ചെയ്യുവാനും സാധിക്കും…
ആന്റി ഇങ്ങോട്ടു വരുന്നതിനും ഒരു മിനുട്ടുമുന്നേ ഈ കുട്ടിയോട് രേഷ്മയുടെ കാര്യങ്ങൾ ഞാൻ പറഞ്ഞതെയുള്ളൂ…..
ആന്റി പറഞ്ഞതുപോലെയൊന്നും ഇതുവരെ അവളെക്കുറിച്ചു ആലോചിച്ചിട്ടില്ലെങ്കിലും അവളെയെനിക്ക് ഇഷ്ട്ടമാണ്…….
ഏതായാലും തുനിഞ്ഞിറങ്ങി കഴിഞ്ഞു……
ഇനിയേതായാലും നനഞ്ഞു കയറി കളയാം അല്ലെ ആന്റി……”
കുറെ നേരത്തിനുശേഷം തന്നെയൊന്നു പാളിനോക്കിക്കൊണ്ടുള്ള അയാളുടെ മുറുപടി കേട്ടപ്പോൾ അവൾക്കു വല്ലാതെ തളർച്ചതോന്നി…..
ഒപ്പം വല്ലാത്ത നിരാശയും…….!
ദയനീയമായി പ്രതീക്ഷയോടെ വീണ്ടും അയാളെ നോക്കിയപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ അയാൾ മേശമേലുള്ള പേപ്പർ വൈറ്റ് കയ്യിലെടുത്തുകൊണ്ടു അതിന്റെ ഭംഗി ആസ്വദിക്കുകയും മേശമേൽ ഉരുട്ടിക്കളിക്കുകയും ചെയ്യൂന്ന തിരക്കിലായിരുന്നു….!
മലവെള്ളംപോലെ ആർത്തിരമ്പിയെത്തിയ സങ്കടക്കടലിനെ ശ്വാസനാളത്തിനു താഴെ തടഞ്ഞുനിർത്തിയതുകൊണ്ടാകണം തൊണ്ടാക്കുഴിയിൽ വല്ലാത്തൊരു വിങ്ങലും വേദനയും…..!
പെയ്തുതീർക്കുവാൻ സാധിക്കാതെ കണ്ണുകൾക്കുള്ളിൽ തളം കെട്ടിയ കണ്ണുനീരുകാരണമാകണം കണ്ണുകൾക്ക് വല്ലാത്ത നീറ്റൽ…..!
അവിടെനിന്നും അവൾക്ക് ഓടിരക്ഷപ്പെടാണമെന്നുണ്ടായിരുന്നു പക്ഷേ….. വയ്യ…..!
കാലുകൾക്ക് തീരെ ബലമില്ല….!
എങ്ങനെയെങ്കിലും എഴുന്നേൽക്കാമെന്നുവച്ചാൽ തന്നെ അയാളുടെ മുഖത്തേക്കു നോക്കുമ്പോൾ പോകുവാനും വയ്യ…..!
എവിടെയോ ഒരു കെട്ടുപാടിന്റെ അദൃശ്യമായ ചങ്ങലക്കെട്ട്…..!
“അപ്പോൾ ഇനിയെനിക്ക് രേഷ്മയോട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് ധൈര്യമായി മുന്നോട്ടു പോകാമല്ലോ അല്ലെ…..!
തൊട്ടടുത്തുള്ള ഏതോ മഞ്ഞുമലയ്ക്കപ്പുറത്തുനിന്നാണ് ആന്റി അയാളോട് ചോദിക്കുന്നതെന്ന് അവൾക്കു തോന്നി.
“ഷുവർ…..ആന്റി…..
പക്ഷെ ഞാൻ പറഞ്ഞതിനുശേഷമേ രേഷ്മയെ വിവരമറിയിക്കുവാൻ പാടുള്ളൂ……”
ഒരു ഗുഹയ്ക്കുള്ളിൽ നിന്നെന്നപോലെ തൊട്ടുപിന്നാലെ അയാളുടെ മറുപടിയും വന്നു.
“അതിനിടയിൽ എന്താണൊരു പക്ഷേയും കാലതാമസവും…..”
അയാളുടെ “പക്ഷെയിൽ ” ചെറിയൊരു പ്രതീക്ഷയുമായി തലയുയർത്തിയപ്പോഴാണ് അയാളോടുള്ള ആന്റിയുടെ ചോദ്യത്തിൽ കണ്ണടയ്ക്കുള്ളിലെ അവരുടെ കണ്ണുകൾ കുറുകിയതും നെറ്റിയിൽ വിലങ്ങനെ ചുളിവുകൾ വീണതും അവൾ കണ്ടത്.
“കാലതാമസമൊന്നുമില്ല ആന്റി……
നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ ….
രേഷ്മയെ ഇപ്പോൾ അറിയിക്കേണ്ടെന്നുമാത്രമാണ് ഞാൻ ഉദ്ദേശിച്ചത്……
ആദ്യം ഞാൻ തന്നെ അവളോട് ചോദിച്ചുനോക്കാം പോരെ……!”
ചിരിയോടെയുള്ള അയാളുടെ മറുപടി കേട്ടതോടെ അവർക്കിടയിൽ ഇപ്പോൾ താനൊരു അധികപറ്റാണെന്നും അവിടെ തനിക്കിനി ഒരു പ്രസക്തിയുമില്ലെന്നും മനസിലായ അവൾ മുളളിന്മേൽ ഇരിക്കുന്നതുപോലെ നോക്കുകുത്തിയായി കസേരയിലിരുന്നുകൊണ്ടു അടികൊണ്ടിരിക്കുന്ന പാമ്പിനെപ്പോലെ ഞെളിപിരി കൊള്ളുന്നതിനിടയിലാണ് വീണ്ടും ആന്റിയുടെ ശബ്ദം ചെവിയിലേക്കു തുളച്ചുകയറി വന്നത്.
“ബംഗളുരുവിലുള്ള നിന്റെ അമ്മാവന്റെ മൊബൈൽ നമ്പർ വേണം അവരോടാണ് ഇക്കാര്യം ആദ്യം സംസാരിക്കേണ്ടത്……”
“ഞാൻ പിന്നെ വാട്സാപ്പ് ചെയ്യാം ആന്റി……”
അയാളുടെ മറുപടിയും കേട്ടതോടെ കണ്ണുകളിൽ തളം കെട്ടി നിൽക്കുകയായിരുന്ന കണ്ണുനീർ ചേർന്നു തുടങ്ങുകയാണെന്നും…….
തൊണ്ടക്കുഴിയിലെ വിങ്ങലും പിടച്ചിലും ശ്വാസം മുട്ടിക്കുകയാണെന്നും തോന്നിയപ്പോൾ അവൾ പതിയെ കസേരയിൽ നിന്നും എഴുന്നേറ്റു……!
ഇനി വയ്യ പുറത്തിറങ്ങി ഇരിക്കാം……!
കഴിഞ്ഞ മൂന്നുവർഷവും ചെയ്തിരുന്നതുപോലെ ആരും കാണാതെ ഇനിയും എനിക്ക് ഉരുകിയൊലിക്കണം……!
പെയ്തുതോർന്നു മനസിന്റെ ഭാരം കുറച്ചുകൊണ്ട് ശുദ്ധീകരിക്കണം…..!
“എന്താ മായേ……
എവിടെയാ പോകുന്നത്……
ഫോൺ ചെയ്യാനാണോ……..”
ഇടത്തുകയ്യിൽ വാനിറ്റി ബാഗും വലതു കൈപ്പത്തിയിൽ മൊബൈൽ ഫോണുമായി എഴുന്നേൽക്കുന്നത് കണ്ടപ്പോഴാണ് അത്ഭുതത്തോടെ അയാൾ ചോദിച്ചത്.
കരയാതിരിക്കുവാൻ പാടുപെട്ടുകൊണ്ടു അയാളെ നോക്കി അതെയെന്ന അർത്ഥത്തിൽ ചിരിച്ചെന്നു വരുത്തിയശേഷം അവൾ പതിയെ കാബിനിന്റെ വാതിൽ തുറന്നു പുറത്തിറങ്ങി.
നീറുന്ന കണ്ണുകളും വിങ്ങുന്ന ഹൃദയവും ഇടറിയ മനസുമായി പുറത്തിറങ്ങിയപ്പോൾ വേച്ചു പോകുന്നതുപോലെ തോന്നുന്നുണ്ടായിരുന്നു…..!
പുറത്തു നേരത്തെ കണ്ടിരുന്ന നിറമുള്ള കാഴ്ചകൾക്കും വെളിച്ചത്തിനും ഇപ്പോൾ മങ്ങലേറ്റതുപോലെ……!
അയാളുടെ കാബിനിന്റെ പുറത്തുള്ള സന്ദർശകർക്ക് ഇരിക്കുവാനുള്ള കസേരകളിലൊന്നിൽ ഇരുന്നപ്പോൾ അവൾക്കെന്തുകൊണ്ടോ തന്റെ അനിയേട്ടന്റെ മുഖം ഓർമ്മയിൽ തെളിയുകയും അനിമോളെ കാണുവാൻ വല്ലാത്ത ആഗ്രഹവും തോന്നി….
കുനിഞ്ഞിരുന്നു സാരിയുടെ മുന്താണി തുമ്പെടുത്തു നെറ്റിയിൽ മുട്ടിച്ചുപിടിച്ചു മുഖവും കണ്ണുകളും മറച്ചുകൊണ്ടാണ് വേഗം ഫോണെടുത്തത്……!
ഫോണിന്റെ ഡിസ്‌പ്ലേയിൽ വെളിച്ചം തെളിഞ്ഞതും രേഷ്മയും അയാളും സംസാരിക്കുന്നതിനിടയിൽ എന്തിനോ ആരോടോ വാശി തീർക്കുന്നതുപോലെ ഫോണിന്റെ ഡിസ്‌പ്ലേയിൽ വാൾപേപ്പറായി സെറ്റ് ചെയ്തുവച്ചിരുന്ന താനും അയാളും ചേർന്നുള്ള സെൽഫി ഫോട്ടോ കണ്ടപ്പോൾ അവളുടെ ഹൃദയം പിടഞ്ഞുപോയി…..!
ഒരു ദീർഘനിശ്വാസത്തോടെ വേഗം വാൾപേപ്പറിലെ ഫോട്ടോ നീക്കം ചെയ്തശേഷമാണ് അനിമോൾ എന്നു സേവ് ചെയ്തിരുന്ന നമ്പറിൽ വിരലമർത്തിയത്……!
“മോളെവിടെ അമ്മേ……
അവൾക്കു ഫോൺ കൊടുക്കൂ…..”
അങ്ങേതലയ്ക്കൽ അമ്മ ഫോണെടുത്തയുടനെ അങ്ങനെയാണ് ചോദിച്ചത്….!
“നിനക്കെന്തു പറ്റി……
ഒന്നുമറിയാത്ത പോലെ ചോദിക്കുന്നതെന്താ……
അവൾ അംഗൻവാടിയിൽ പോയില്ലേ…..
ഇന്നെന്താ നീ ഇത്രനേരമായിട്ടും വിളിക്കാതിരുന്നത് വിവരമൊന്നും അറിയാതെ ഞാൻ പേടിച്ചുപോയല്ലോ…..
നീ വിളിക്കാത്തതുകൊണ്ടാണെന്നു തോന്നുന്നു മോൾക്കിന്നു പോകുവാൻ ഭയങ്കര മടിയായിരുന്നു……
ഒരുവിധമാണ് ഞാൻ കൊണ്ടുവിട്ടത്……”
അമ്മ ആധിയുടെ ഒറ്റശ്വാസത്തിൽ ചോദിക്കുന്നത് കേട്ടപ്പോഴാണ്…..
ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതുകൊണ്ടും സ്വന്തം സിം കാർഡില്ലാത്തതുകാരണവും ഇതുവരെ വീട്ടിലേക്ക് വിളിച്ചില്ലല്ലോയെന്നു കുറ്റബോധത്തോടെ ഓർത്തത്…..!
“ഉച്ചയാകുമ്പോഴേക്കും ഞാൻ വരും…..
അതുകൊണ്ടാണ് വിളിക്കാതിരുന്നത്……
പക്ഷേ ഇപ്പോൾ എന്തുകൊണ്ടോ മോളേക്കാണുവാൻ വല്ലാത്തൊരു ഓർമ്മ വന്നു അതുകൊണ്ടാണ് വിളിച്ചത്…….
നാട്ടിൽ തന്നെ വേറെ ജോലി ശരിയായിട്ടുണ്ട് അതുകൊണ്ട് ഇവിടെയുള്ള പണി ഇന്നുമുതൽ മതിയാക്കി…..
ബാക്കിയൊക്കെ ഞാൻ വന്നിട്ടു പറയാം…..”
വിശദീകരിച്ചു കൊടുത്തതിനുശേഷവും അമ്മ എന്തൊക്കെയോ ചോദിക്കുകയും അവൾ എന്തൊക്കെയോ മറുപടി പറയുകയും ചെയ്തുകൊണ്ടിരുന്നു പക്ഷെ അമ്മയെന്താണ് ചോദിക്കുന്നതെന്നോ തനെന്താണ് മറുപടി പറയുന്നതെന്നോ അവൾ പോലുമറിയുന്നുണ്ടായിരുന്നില്ലെന്നു മാത്രം…..!
കാരണം അവളുടെ മനസിൽ മുഴുവൻ അയാളും അകത്തുനിന്നും കേട്ടിരുന്ന സംഭാഷണ ശകലങ്ങളുമായിരുന്നു……!
“നിനക്കെന്തു പറ്റി മോളെ……
പിച്ചും പേയും പറയുന്നതുപോലെ ചോദിച്ചതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു……!
എന്താ സുഖമില്ലേ…….
പനിയോ ജലദോഷമോ മറ്റോ പിടിപെട്ടോ…….
ശബ്ദം കേൾക്കുമ്പോൾ മൂക്കടച്ചു പോയതുപോലെയുണ്ടല്ലോ….!
അറിയാതെ വീണ്ടും മോളെ തിരക്കിയപ്പോൾ അമ്മ ആധിയോടെ ചോദിക്കുന്നത് കേട്ടപ്പോഴാണ് പെട്ടന്നവൾക്ക് സ്ഥലകാലബോധം വീണ്ടുകിട്ടിയതും എത്ര നിയന്ത്രിച്ചിട്ടും തന്റെ ശബ്ദം ചിലമ്പിച്ചു പോയെന്നു മനസിലായതും…..!
“ഒന്നുമില്ലമ്മേ കാലാവസ്ഥ മാറിയതുകൊണ്ടാണെന്നു ചെറിയൊരു തലവേദന…..”
അവൾ വേഗം ഒഴിഞ്ഞു മാറി.
“അതൊന്നുമായിരിക്കില്ല…….
രാവും പകലും ഉറക്കമൊഴിഞ്ഞു ജോലി ചെയ്യരുതെന്ന് ഞാൻ അന്നേ പറഞ്ഞതാണ്…..
പറഞ്ഞാൽ കേൾക്കേണ്ട …..
ഇനി അനുഭവിച്ചോ……..
നമ്മൾക്ക് ഇപ്പോൾ കൂട്ടിയാൽ കൂടാത്ത കടമാണ് ബാങ്കിലുള്ളത്……
തിരിച്ചടക്കാനൊന്നും പറ്റില്ല കിട്ടുന്ന പരമാവധി വിലയ്ക്ക് ഇതൊക്കെ ആർക്കെങ്കിലും വിൽക്കാമെന്നും ബാക്കിവരുന്ന പൈസയ്ക്ക് വേറെയെവിടെയെങ്കിലും സ്ഥലവും വീടും വാങ്ങാമെന്നുമൊക്കെ ഞാൻ എത്ര തവണ ഓതി തന്നു…..
അപ്പോൾ പിന്നെ അതൊന്നും പറ്റില്ല……
അനിയേട്ടൻ കിടക്കുന്ന സ്ഥലത്തു വേറെയാരും താമസിക്കരുത്……
അവിടെയാരും വീടെടുക്കരുത്……
അനിയേട്ടനെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം……
മരിച്ചവർ പോയി അവർക്കുവേണ്ടി ജീവിച്ചിരിക്കുന്നവരെന്തിനാണ് നശിക്കുന്നത്…….
അല്ലെങ്കിലും നിന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ നിന്നെയും മോളേയുമിവിടെ തനിച്ചാക്കിക്കൊണ്ടു അവൻ ഇത്ര നേരത്തെ പോകുമായിരുന്നോ മോളെ……
എന്റെ മോൾക്ക് അത്രയേ ഭാഗ്യമുണ്ടായിരുന്നുള്ളൂ എന്നു കരുതിയാൽ മതി……
ഇങ്ങനെ തിന്നാതെ കുടിക്കാതെ കഷ്ടപ്പെട്ടുകൊണ്ടു എന്റെ അനിമോൾക്കു അമ്മയും കൂടെ ഇല്ലാതാക്കരുത് നീ പറഞ്ഞേക്കാം……”
‘അമ്മ പറഞ്ഞിരുന്നു അവസാന വാചകങ്ങൾ കേട്ടപ്പോൾ ശബ്ദമില്ലാതെ കരയുന്നതിനിടയിലും
അരിശത്തോടെ തുടങ്ങിയ ‘അമ്മ അവസാനമായപ്പോൾ തൊണ്ടയിടറിയതുകാരണം സംസാരിക്കുവാൻ ബുദ്ധിമുട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു……!
“ഞാൻ കുറച്ചുകഴിഞ്ഞു വിളിക്കാം അമ്മേ…..”
തുടർന്നു സംസാരിക്കുവാൻ സാധിക്കാത്തതുകൊണ്ടു വേഗം സംസാരം അവസാനിപ്പിച്ചു.
“ഒന്നുപൊട്ടിക്കരയണം……
പൊട്ടിക്കരഞ്ഞുകൊണ്ടു മനസിലെ ഭാരമൊക്കെ ഒഴുക്കിക്കളയണം……
അതിനിടയിൽ മനസിന്റെ ഉള്ളിന്റെയുള്ളിലെപ്പോഴോ അറിയാതെ കയറിപ്പറ്റിയ അതിമോഹത്തെയും തുടച്ചു കളയണം……..!
താനൊരു വേശ്യയായിരുന്നു…….
ഒന്നിലധികം പേരോടൊപ്പം സഹശയനം നടത്തിയ വെറുമൊരു വേശ്യ……!
അർഹിക്കാത്തതൊന്നും താൻ ആഗ്രഹിക്കുവാൻ പാടില്ല…….!
അനിലേട്ടൻ എത്രയോ തവണ തന്നോടു ചോദിച്ചതാണ്…..
നിർബന്ധിച്ചതാണ്……!
താൻ തന്നെയല്ലേ തന്റെ അവസ്ഥ മനസിലാക്കികൊണ്ടു എല്ലാം നിഷേധിച്ചതും തന്നെ ഒരുപാടൊരുപാട് ഇഷ്ടമുണ്ടെന്നറിഞ്ഞിട്ടും അകറ്റി നിർത്തിയതും പിന്നെയും താനെന്തിനാണിപ്പോൾ ഇത്രയും ബാലിശമായി കരയുന്നതും……
സങ്കടപ്പെടുന്നതും…..!
പെട്ടെന്നു തന്നെ ആത്മനിയന്ത്രണം വീണ്ടെടുത്തുകൊണ്ടു അവൾ സ്വയം കുറ്റപ്പെടുത്തി…..!
സാരിയുടെ തുമ്പുകൊണ്ടു കണ്ണുകൾ തുടച്ചു നിവരുമ്പോഴാണ് വലതുവശത്തുള്ള ബാത്റൂം ശ്രദ്ധയിൽപ്പെട്ടത്…..!
മൊബൈൽ ഫോൺ ബാഗിനുള്ളിൽ തിരുകി കസേരയിൽ വച്ചശേഷം ബാത്റൂം ലക്ഷ്യമാക്കി നടന്നു.
ഉള്ളിൽ കയറി വാതിൽ വലിച്ചടച്ചു കുറ്റിയിട്ടശേഷം ടാപ്പ് തുറന്നുവച്ചുകൊണ്ട് സാരിയുടെ തുമ്പുവായിൽ തിരുകി ചുവരിനോട് തലചേർത്തുവച്ചു അയാളോട് പോലും പറയാനാകാതെപോയ തന്റെ മനസിലെ ധർമ്മസങ്കടവും നിരാശയും മോഹഭംഗവുമെല്ലാം കരഞ്ഞുകരഞ്ഞു ഒഴുക്കിത്തീർക്കുമ്പോഴും ഒരിക്കൽക്കൂടി അയാളുടെ നെഞ്ചിലെ ചൂടിൽ മുഖം ഉരസികരയുവാനും നെറ്റിതടത്തിൽ സ്നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള ചുണ്ടിന്റെ മുദുസ്പർശമേൽക്കുവാനും കട്ടിമീശരോമങ്ങളുടെ കിരുകിരുപ്പറിയുവാനുമുള്ള മോഹം പിന്നെയും പിന്നെയും മനസിൽ ബാക്കിയാവുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല…..!
തുടരും...... ♥️