കുറച്ചുനേരം ശബ്ദമില്ലാതെ കരഞ്ഞു കണ്ണീരൊഴുക്കി തീർത്തപ്പോൾ മനസിന്റെ വിങ്ങലടങ്ങി ശാന്തമായതുപോലെയും കണ്ണുകളുടെ നീറ്റൽ കുറഞ്ഞതായും അവൾക്കു തോന്നി.
എങ്കിലും ഹൃദയത്തിനുള്ളിൽ എവിടെയോ ഒരു നീറു കടിച്ചുവലിക്കുന്നതുപോലെയുള്ള അസ്വസ്ഥത ബാക്കിയുണ്ട്……!
അതുസാരമില്ല….
കരഞ്ഞു ഭാരം തീർത്ത മനസുമായി ബാത്ത് റൂമിൽനിന്നും പുറത്തിറങ്ങുന്നതിനുമുന്നേ മുഖം കഴുകുവാൻ വാഷ് വേസിനടുത്തേക്കു തിരിഞ്ഞപ്പോഴാൾ അതിനുമുകളിലുള്ള കണ്ണാടിയിൽ തന്റെ നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വലിയ വട്ടപ്പൊട്ടു കണ്ടതോടെ അവളുടെ മനസുവീണ്ടും കലങ്ങിത്തുടങ്ങി….!
പൊട്ടുതൊടുവാൻ അയാൾ ആവശ്യപ്പെട്ടപ്പോൾ അയാളുടെ മുന്നിൽ മടികാണിച്ചിരുന്നെങ്കിലും പൊട്ടുതൊട്ടുകൊണ്ടുതന്നെ അയാളുടെ കൂടെ ചേർന്നു നടക്കുവാൻ തന്റേയുള്ളിന്റെയുള്ളിലെങ്കിലും വല്ലാതെ മോഹിച്ചിരുന്നില്ലേ……..
അതുകൊണ്ടുതന്നെ പൊട്ടുവയ്ക്കുമ്പോൾ നിഗൂഢമായ ഒരു ആനന്ദവും താൻ അനുഭവിച്ചിരുന്നില്ലേ…..
അവൾ സ്വയം ചോദിച്ചുനോക്കി.
സാധാരണ രീതിയിൽ രാത്രിയിൽ ലോഡ്ജുമുറിയിലേക്കു പോകുമ്പോൾ പൊട്ടുതൊടുന്നതുപോലെയായിരുന്നില്ല അയാളുടെ ഇഷ്ടത്തിനു നിന്നുകൊടുത്തുകൊണ്ടു പൊട്ടുതൊട്ടപ്പോൾ മനസിൽ വല്ലാത്തൊരു അനുഭൂതിയായിരുന്നു….!
പൊട്ടുതൊട്ടശേഷം കണ്ണാടിയിൽ നോക്കുമ്പോഴും അയാളോട് ചേർന്നുനിന്നു സെല്ഫിയെടുക്കുമ്പോഴും മനസ്സിനുള്ളിൽ നുരച്ചുപൊന്തിയ ആത്മഹര്ഷം അയാൾ കാണാതിരിക്കുവാൻ താൻ വളരെ പാടുപെട്ടിരുന്നെന്നും…..!
സ്വയം മറുപടിയും പറഞ്ഞു…..!
“വേണ്ട…..
ഇനിയിതൊന്നും വേണ്ട…..
ആർക്കുകാണുവാനാണ് ഇനിയും ഇതൊക്കെ വയ്ക്കുന്നത്…..
മായ്ച്ചു കളഞ്ഞേക്കാം…..”
പൊട്ടുമായ്ച്ചു കളയുവാനായി ടാപ് തുറന്നു വെള്ളം കൈക്കുമ്പിളിൽ നിറയ്ക്കുന്നതിനിടയിലാണ് അവളോർത്തത്.
പക്ഷേ……
കൈക്കുമ്പിളിലെ വെള്ളം മുഖത്തിനടുത്തേക്കു കൊണ്ടുപോയതും വീണ്ടും അയാളുടെ മുഖവും പൊട്ടുവയ്ക്കുവാൻ പറഞ്ഞപ്പോഴുള്ള അയാളുടെ കൊഞ്ചലും പൊട്ടുവച്ചതിനുശേഷമുള്ള സന്തോഷവുമൊക്കെ കടന്നുവന്നതിനൊപ്പം അയാൾ നൽകിയിരുന്ന കുറെ ഉപദേശങ്ങളും അവളുടെ മനസിലേക്ക് ഓടിയെത്തി.
വേണ്ട……
ഇപ്പോൾ മായ്ച്ചുകളയുന്നത് മനസിൽ നിന്നും അയാളെ മായ്ച്ചുകളയുന്നതുപോലെയായിപ്പോകും …
അതു വയ്യ…..
അങ്ങനെയൊന്ന് ഓർക്കുവാൻ പോലും തനിക്കു വയ്യ……
ഒന്നുമില്ലെങ്കിലും തനിക്കുവേണ്ടി ആരും ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ ചെയ്തു തന്നതാണ്…..
എങ്ങനെയായാലും എന്നും തനിക്കയാൾ ദൈവത്തിനു സമം തന്നെയായിരിക്കും….
നന്ദികേട് കാട്ടുവാൻ തനിക്കു വയ്യ…..!
അതുകൊണ്ട് നാട്ടിലെത്തുന്നതു വരെ നെറ്റിയിൽ പൊട്ടു കിടക്കട്ടെ വീട്ടിലെത്തുന്നതിനുമുന്നേ തന്റെ ബാഗിലുള്ള അയാളുടെ മുഷിഞ്ഞ ടീഷർട്ടുകൊണ്ടുതന്നെ മായ്ചുകളയാം……
പിന്നീടൊരിക്കലും ആ ടീഷർട്ട് കഴുകികളയരുത്…..
അയാളുടെ ഓർമ്മകളുടെ സുഗന്ധത്തോടൊപ്പം ഇഷ്ടത്തോടെ തൊടുകയും അനിഷ്ട്ടത്തോടെ മായ്ചുകളയുകയും ചെയ്തിരിക്കുന്ന പൊട്ടും ആരും കാണാതെ ….
ആരോടും പറയാതെ നിധിപോലെ സൂക്ഷിക്കണം….”
പുനർചിന്തയിൽ പൊട്ടുമായ്ച്ചു കളയുവാനുള്ള ഉദ്യമം ഉപേക്ഷിച്ചശേഷം കണ്ണുകളിൽ വെള്ളം തേവി തെറിപ്പിച്ചുകൊണ്ടു മുഖം കഴുകി.
തണുത്ത വെള്ളത്തിൽ മുഖം കഴുകിയശേഷം സരിതുമ്പുയർത്തി തുടച്ചപ്പോൾ ഒരു നവോന്മേഷം കിട്ടിയതുപോലെ അവൾക്കു വീണ്ടും തോന്നി.
പുറത്തിറങ്ങുവാൻ തുടങ്ങുമ്പോൾ വീണ്ടു സംശയം…..!
താൻ കരഞ്ഞതാണെന്നു അനിലേട്ടനും മനസിലാകുമോ….!
എന്തിനാണ് കരഞ്ഞതെന്നു ചോദിക്കുകയാണെങ്കിൽ എന്താണൊരു സമാധാനം പറയുക……!
വേഗത്തിൽ ഒരിക്കൽക്കൂടി കണ്ണാടിയിൽ താണും ചെറിഞ്ഞും നോക്കിക്കൊണ്ടു മുഖത്തേക്ക് ഊർന്നുവീണിരുന്ന മുടിയിഴകൾ മാടിയൊതുക്കുകയും രണ്ടുമൂന്നു തവണ കൃത്രിമമായി ചിരിച്ചു നോക്കുകയും ചെയ്തു…..!
ഇല്ല കുഴപ്പമില്ല……
മനസിലെ സങ്കടം ചിരികൊണ്ടു മറച്ചുപിടിക്കാൻ സാധിക്കും…..!
കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ നോക്കികൊണ്ട് ആരോടോ പക തീർക്കുന്നതുപോലെ കൊഞ്ഞനം കുത്തിയശേഷമാണ് അവസാനം അവൾ സംതൃപ്തിയോടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങിയത്…..!
അയാളുടെ കാബിനിലേക്കു നോക്കരുതെന്നു കരുതിയിരുന്നെങ്കിലും വാതിൽ പുറത്തിറങ്ങിയയുടനെ കണ്ണുകൾ പാളിപ്പോയത് അവിടേക്കു തന്നെയായിരുന്നു .
ആന്റി അവിടെനിന്നും സ്വന്തം കാബിനിലെത്തി മുന്നിലുള്ള ലാപ്‌ടോപ്പിൽ മിഴികളും നട്ടിരിക്കുകയാണ്….
അയാൾ പെട്ടെന്നു മുഖമുയർത്തിയപ്പോൾ കണ്ണുകൾ തമ്മിൽ കൊളുത്തിവലിച്ചയുടനെ അവൾ വേഗത്തിൽ മിഴികൾ പിൻവലിച്ചു വാനിറ്റി ബാഗും മൊബൈൽ ഫോണും വച്ചിരിക്കുന്ന കസേരയ്ക്കടുത്തേക്ക് ധൃതിയിൽ നടന്നു.
വാനിറ്റിബാഗും മൊബൈൽ ഫോണും കൈയിലെടുത്തുകൊണ്ട് കസേരയിലിരിക്കാൻ തുടങ്ങുമ്പോഴാണ് ആൻറിയുടെ ക്യാബിനിൽ നിന്നും അവർ കൈ മാടി വിളിക്കുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിലൂടെ വീണ്ടും ഒരു വിറയൽ കടന്നുപോയി ……!
എന്തിനായിരിക്കും അവർ തന്നെ വിളിക്കുന്നത്….
തന്റെ കാര്യങ്ങളെല്ലാം അവർ അറിഞ്ഞിരിക്കുമോ …..
അയാൾ അതൊക്കെ പറഞ്ഞു കാണുമോ….. അതിനെകുറിച്ചെന്തെങ്കിലും ചോദിക്കാനായിരിക്കുമോ അവർ തന്നെ വിളിക്കുന്നത് ……
അല്ലെങ്കിൽ അയാളുമായി എന്താണ് ബന്ധമെന്ന് ചോദിക്കാനാകുമോ……
മേലിൽ അയാളുമായി യാതൊരുബന്ധവും പാടില്ലെന്ന് പറയാനായിരിക്കുമോ ……!
പേടിയോടെ തലതാഴ്ത്തി വിറയ്ക്കുന്ന പാദങ്ങൾ പൊറുക്കിവച്ചു കൊണ്ട് ആൻറിയുടെ കാബിനിന്റെ അടുത്തേക്ക് നടക്കുമ്പോൾ എസിയുടെ തണുപ്പിലും ശരീരം വിയർക്കുന്നതും നാക്കു വരളുന്നതുപോലെയും വീണ്ടും അവൾക്ക് തോന്നി .
ആത്മസംഘർഷം കൊണ്ട് ഉരുകിയൊലിക്കുന്ന മനസ്സുമായി സാരിയുടെ മുന്താണിതുമ്പിൽ പിടിച്ചുവലിച്ചുകൊണ്ട് കാബിനിന്റെ വാതിൽ തുറക്കുന്നതിനിടയിൽ നോട്ടം ഒരു നിമിഷം അയാളിലേക്ക് പാളിപ്പോയെങ്കിലും അയാൾ കണ്ണുകൾകൊണ്ടും കൈകൾകൊണ്ടും എന്തൊക്കെയോ പറയുന്നത് കണ്ടപ്പോൾ അവഗണിച്ചുകൊണ്ട് നോട്ടം പിൻവലിച്ചു .
“അവിടെ ഇരിക്കൂ …….
നേരത്തെ അവനോട് സംസാരിക്കുന്ന തിരക്കിൽ മോളെ പരിചയപ്പെടുവാൻ പറ്റിയില്ല അതുകൊണ്ടാണ് ഇങ്ങോട്ടേക്ക് വിളിച്ചത് …….”
അസ്വസ്ഥതയോടെ കയ്യിലെ സാരിയുടെ തുമ്പിൽ തെരുപിടിച്ചുകൊണ്ടു ആൻറിയുടെ മുന്നിലുള്ള കസേരകളിലൊന്നിൽ പിടിച്ചു നിൽക്കുന്നതിനിടയിൽ ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തികൊണ്ടുള്ള ആൻറിയുടെ സൗമ്യമായ ശബ്ദം കേട്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി .
“മായമ്മ എന്നാണല്ലെ…..പേര് ……”
കസേരയിലിരിക്കുന്നതിനിടയിലാണ് വീണ്ടും ആൻറിയുടെ ചോദ്യം .
“മായമ്മയല്ലാ മായയെന്നാണ് പേര് ……
മായമ്മയെന്നു വീട്ടിൽ വിളിക്കുന്ന പേരാണ്…..”
അടുത്ത കേബിനിനുള്ളിൽ മുള്ളിന്മേലിരിക്കുന്നതുപോലെ ഇരിക്കുകയായിരുന്ന അയാളെയൊന്ന് നോക്കിയശേഷം പരുങ്ങലോടെയാണ് പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞത്.
“ഓഹോ…..
രണ്ടായാലും കുഴപ്പമില്ല ……
രണ്ടും നല്ല പേരുതന്നെ എനിക്കിഷ്ടമായി കെട്ടോ……
അവൻറെ കൂട്ടുകാരൻറെ പെങ്ങളാണെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ കുട്ടിയുടെ മുന്നിൽ വെച്ച് അവനോട് അങ്ങനെയൊക്കെ സംസാരിച്ചത് കേട്ടോ ……
മറ്റൊന്നും തോന്നേണ്ട .
തവളയെ പിടിച്ചു ഗണപതിക്കു വെച്ചത് പോലെയാണ് അവൻറെ കാര്യം ……
ഒരിക്കൽ കണ്ടിടത്തു പിന്നെ നോക്കുമ്പോൾ കാണില്ല ……
അപ്പോൾ കിട്ടിയ ചാൻസ് ഉപയോഗിച്ച് കുറച്ചു ഉപദേശിച്ചു നോക്കിയതാണ് ……”
ചിരിച്ചുകൊണ്ടുള്ള ആൻറിയുടെ തുറന്ന സംസാരം കേട്ടപ്പോൾ അവളും ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കി .
“ഭർത്താവിനെന്താണ് ജോലി…..”
ഓർക്കാപ്പുറത്തുള്ള ആൻറിയുടെ ചോദ്യം കേട്ടപ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം പകച്ചുപോയി …..
അനിയേട്ടൻ പോയത്തിനുശേഷം ഭർത്താവില്ലേ……
ഭർത്താവ് എവിടെപ്പോയി …..
എന്തുചെയ്യുന്നു…..
തുടങ്ങിയ ചോദ്യങ്ങൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ ഒന്നുകിൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറും അല്ലെങ്കിൽ കണ്ണുകൾ നിറയും അതാണ് ശീലം …..!
കാരണം അനിയേട്ടൻ മരിച്ചുപോയെന്നു പറയുവാൻ മടിയാണ് ഇതുവരെ അങ്ങനെയൊരു കാര്യം ഓർക്കുവാൻ പോലും മടിയായിരുന്നു.
മനസിൽ ജീവിച്ചിരിക്കുമ്പോൾ പിന്നെങ്ങനെയാണ് മരിച്ചെന്നു പറയുക….
“എന്തുപറ്റി ഭർത്താവില്ലേ…….”
അവളുടെ മറുപടി കേൾക്കാതായപ്പോഴാണ് നെറ്റി ചുളിച്ചു കൊണ്ട് വീണ്ടും ആൻറിയുടെ ചോദ്യം .
“ഇല്ല ……
പോയി …..
മൂന്നുവർഷം കഴിഞ്ഞു …. ”
പറയുമ്പോൾ തൊണ്ടയിടറുവാനും…..
കണ്ണുകൾ പെയ്യുവാനും തുടങ്ങിയിരുന്നു .
“അയ്യോ സോറി മോളെ …..
ഞാൻ അറിഞ്ഞിരുന്നില്ല ……
അതിനെക്കുറിച്ചു അവനൊന്നും പറഞ്ഞതുമില്ല …..
ഞാനൊന്നും ചോദിച്ചതുമില്ല….. അറിഞ്ഞിരുന്നെങ്കിൽ മോളോട് ചോദിക്കുമായിരുന്നില്ല ……
കഷ്ട്ടം……!
ഓരോ വിധി എന്നല്ലാതെ എന്താണ് പറയേണ്ടത്..
ഇത്ര ചെറുപ്പത്തിൽ പറ്റിയതാണ്…..!”
കണ്ണടയഴിച്ചു തുടച്ചുകൊണ്ട് ചോദിക്കുമ്പോൾ അതുവരെയുള്ള അവരുടെ ഭാവം പെട്ടെന്നു തന്നെ മാറി അവരുടെ ശബ്ദത്തിലും നോട്ടത്തിലും കാരുണ്യത്തിന്റെയും അനുകമ്പയുടെയും അലകൾ ഇളകുന്നതായി അവൾക്ക് തോന്നി.
“എന്തായിരുന്നു അസുഖം …..”
നേർത്ത സ്വരത്തിലാണ് ആന്റി് ചോദിച്ചത്.
“മഞ്ഞപ്പിത്തം ……”
പതിഞ്ഞസ്വരത്തിൽ അവളും മറുപടികൊടുത്തു.
” സാരമില്ല മോളെ…..
ഓരോന്നും അനുഭവിക്കാൻ ഓരോ യോഗമുണ്ട് നമ്മളതു് അനുഭവിച്ചേ പറ്റൂ……”
ഒരു ദീർഘനിശ്വാസത്തോടെയാണ് അവർ ആശ്വസിപ്പിച്ചത്.
” എത്ര കുട്ടികളുണ്ട് …….”
അല്പസമയത്തെ മൗനത്തിനുശേഷമാണ് വീണ്ടും ചോദിച്ചത്.
“ഒരു മോളുമാത്രം…. ”
അതിനും അവൾ മറുപടി പറഞ്ഞു .
“അതൊരു ആണായിരുന്നെങ്കിൽ നന്നായിരുന്നു സാരമില്ല …….
ഇന്നത്തെ കാലത്ത് പെണ്കുട്ടികളും ഒട്ടും പുറകിലല്ല………
അനാവശ്യമായ നിയന്ത്രണങ്ങളില്ലാതെ അവളെ നല്ലപോലെ ശ്രദ്ധിക്കുകയും…..
അച്ഛന്റെ വിടവറിയിക്കാതെ വളർത്തി പഠിപ്പിക്കുകയും ചെയ്താൽമതി ഒരു പരിധിവരെ മക്കളിലൂടെ കുറെ കാര്യങ്ങൾ നമുക്ക് മറക്കുവാൻ സാധിക്കും ……..”
ആൻറിയുടെ ഉപദേശത്തിന് അവൾ തലയാട്ടുക മാത്രം ചെയ്തു .
“കുട്ടിയുടെ ഏട്ടന്റെകൂടെ ഇവൻ നിന്റെ വീട്ടിലൊക്കെ വരാറുണ്ടോ ……”
കയ്യിലുള്ള പേന അടുത്ത കാബിനിൽ ഇരിക്കുന്ന അയാളുടെ നേരെ തിരിച്ചുപിടിച്ചുകൊണ്ടുള്ള ആൻറിയുടെ ചോദ്യം കേട്ടപ്പോൾ മനസ്സിലൂടെ വീണ്ടും ഒരു കൊള്ളിയാൻ മിന്നിമറഞ്ഞു.
എന്താണ് മറുപടി പറയുക …….
അനിലേട്ടൻ എന്തെങ്കിലും പറഞ്ഞു കാണുമോ….
തന്റെ മറുപടി അതിനു വിരുദ്ധമായിപ്പോകുമോ….
“ങും……. വല്ലപ്പോഴും…….”
ഒരു നിമിഷം പതറി നിന്നതിനുശേഷം വിക്കിവിക്കിയാണ് സങ്കോചത്തോടെ രണ്ടും കല്പിച്ചുകൊണ്ട് മറുപടി കൊടുത്തത്.
” അപ്പോൾ പിന്നെ അവന്റെ കഥയുമൊക്കെ അറിയുമായിരിക്കും അല്ലെ…..”
അയാളിരിക്കുന്ന കാബിനിലേക്കു നോക്കി ചിരിച്ചുകൊണ്ടാണ് ആൻറി ബാക്കി തുടർന്നത്.
” വലിയ തടിയും കട്ടിമീശയുമൊക്കെ ഉണ്ടെന്നേയുള്ളു പച്ചപ്പാവമാണ് ……!
പച്ചവെള്ളം കൊടുത്താൽ ചവച്ചിറക്കുന്നത് പോലെയുള്ള പാവം……!
ആളുകളുമായി അടുക്കുവാൻ ഇത്തിരി പാടാണെങ്കിലും അടുത്തുകഴിഞ്ഞു ഇഷ്ടപ്പെട്ടുപോയാൽ ലാഭവും നഷ്ടവും നോക്കാതെ ചങ്കുപറിച്ചു കൊടുക്കുന്നതാണ് ശീലം ……”
“എനിക്കറിയാം ആൻറി …….
കേവലം രണ്ടുദിവസം കൊണ്ട് തന്നെ ഞാനത് മനസ്സിലാക്കിയിട്ടുണ്ട്…….”
ആൻറിയോട് അങ്ങനെ പറയണമെന്നുണ്ടായിരുന്നെങ്കിലും പറഞ്ഞില്ല…..! പകരം നിശബ്ദമായി മനസ്സിൽ നെഞ്ചുരുകി തേങ്ങികൊണ്ടിരുന്നു……
“ഇനിമുതൽ മോളിവിടെ തന്നെയുണ്ടല്ലോ….. നിനക്കും വേഗം മനസ്സിലായിക്കോളും ……’
അവർ അവസാനം പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കുന്നതിനിടയിലാണ് മേശമേൽ വിരിച്ചിരിക്കുന്ന കട്ടിയുള്ള ചില്ലിനടിയിൽ നിരത്തിവെച്ചിരിക്കുന്ന കുറെ വിസിറ്റിംഗ് കാർഡുകളുടെ ഇടയിലുള്ള ഫോട്ടോകൾ അവളുടെ ശ്രദ്ധയിൽപെട്ടത്… !
അയാളുടെയും ആൻറിയുടെയും ഹോസ്പിറ്റൽ വന്നിരുന്ന മനുഷ്യനെയും നടുവിൽ നിന്നുകൊണ്ട് പ്രശസ്തയായ സിനിമാനടി പുതിയ ഷോറൂമിന്റെ നാട മുറിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയായിരുന്നു അതൊക്കെ…..!
രണ്ടുദിവസമായി തന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾക്കുള്ള ഉത്തരമാണ് ആ ഫോട്ടോകളെന്നു മനസ്സിലായതും അമ്പരപ്പും അൽഭുതവും വിട്ടുമാറാത്ത മിഴികളുമായി ആദരവോടെ അയാളെ നോക്കുന്നതിനിടയിലാണ് വീണ്ടും ആൻറിയുടെ ശബ്ദം കേട്ടത് .
” മായമ്മയുടെ ഏട്ടൻ വിവാഹം കഴിച്ചോ…..”
അയാൾ വിളിക്കുന്ന പേര് തന്നെ ആന്റിയും വിളിക്കുന്നത് കേട്ടപ്പോൾ ശരീരമാസകലം കോൾമയിർ കൊള്ളുന്നതുപോലെ അവൾക്കു തോന്നി .
എന്താണ് ഉത്തരം പറയേണ്ടതെന്നു അറിയാതെ ഒരു നിമിഷം ആലോചിച്ചശേഷമാണ് വിവാഹം കഴിഞ്ഞെന്ന അർത്ഥത്തിൽ തലയാട്ടിയത്.
” ഞാനവനോട് ചിലകാര്യങ്ങൾ സംസാരിക്കുന്നത് കുട്ടിയും ശ്രദ്ധിച്ചു കാണുമല്ലോ….. അല്ലേ ……
കുറേക്കാലമായി വിവാഹക്കാര്യം ഞാനവനോട് പറയുന്നു അപ്പോഴൊക്കെ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് പതിവ് ……
കുറേ പ്രാവശ്യം സംസാരിച്ചിട്ടും പ്രയോജനമില്ലെന്നു കണ്ടപ്പോൾ കുറെയായി ഞാനും ആ വിഷയം ഒഴിവാക്കിയതായിരുന്നു……
എപ്പോഴെങ്കിലും സ്വമനസ്സാലെ തോന്നുന്നുണ്ടെങ്കിൽ ചെയ്യട്ടെയെന്നുകരുതി…. പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല ഇന്നെന്തോ ഒരു വിധം സമ്മതിച്ചിട്ടുണ്ട് ……”
പറയുന്നതിനിടയിൽ ഒരുനിമിഷം നിർത്തിയശേഷം തന്റെ മുഖത്തേക്കു നോക്കിയപ്പോൾ തന്റെ ചങ്കിടിപ്പ് കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു …..!
“ഞാൻ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല…… എനിക്കറിയുന്ന കുറെ കൂട്ടുകാർ അവനുണ്ട് അവരിൽ മിക്കവരും വിവാഹം കഴിച്ചവരും കുടുംബവുമായി കഴിയുന്നവരുമാണ് …..
പക്ഷേ അവരാരും അവനെ വിവാഹം കഴിക്കുവാൻ നിർബന്ധിക്കില്ല …..
അതിനുകാരണം ഇവൻ വിവാഹം കഴിച്ചാൽ ഇവന്റെ ചിലവിലുള്ള അവരുടെ ഊരുതെണ്ടലും കള്ളുകുടിയും അതോടെ അവസാനിക്കുമെന്നു അവർക്ക് നന്നായറിയാം …..
അതുകൊണ്ട് കുട്ടിയുടെ ഏട്ടനോടും ഇക്കാര്യം പറഞ്ഞു അവനെ നിർബന്ധിക്കുവാൻ പറയണം എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും ഇതൊന്നു നടത്തിയാൽ അത്രയും നല്ലത് ….. ‘
ആൻറിയുടെ സംസാരം കേട്ടുകൊണ്ടിരിക്കുമ്പോൾ അവർ വെറുമൊരു ആന്റിയല്ല അയാളുടെ അമ്മ തന്നെയാണെന്ന് അവൾക്ക് തോന്നി.
താന്തോന്നിയായ മകനെ കുറിച്ചു വേവലാതിപ്പെടുന്ന സ്നേഹമയിയായ അമ്മ….!
“കുട്ടി അവന്റെ കാറിൽ തന്നെ ഒന്നിച്ചാണോ വന്നത് ……”
പെട്ടെന്നെന്തോ ഓർത്തപോലെ ഓർക്കാപ്പുറത്തുള്ള ആന്റിയുടെ ചോദ്യം കേട്ടപ്പോൾ അവൾ വീണ്ടും ഞെട്ടി ……!
സങ്കോചത്തോടെയാണ് അതെയെന്ന അർത്ഥത്തിൽ തലകുലുക്കിയത് .
“വേറെയൊന്നും കൊണ്ടല്ല …
അത്രയും വിശ്വാസവും സ്നേഹവും അടുപ്പവുമൊക്കെ ഉള്ളവരെമാത്രമേ അവൻ സ്വന്തം കാറിൽ കയറ്റിയൊക്കെ കൊണ്ട് നടക്കുകയുള്ളൂ…..”
ആന്റിയുടെ വാക്കുകൾ കേട്ടപ്പോൾ പിന്നെയും അവൾക്കു തന്റെ കണ്ണുകൾ നീറുന്നതായും കഴുത്തിൽ ആരോ പിടിച്ചു ഞെരിക്കുന്നതുപോലെയുമുള്ള അസ്വസ്ഥത തോന്നി.
“നിങ്ങൾ രണ്ടുപേരും നടന്നുവരുന്നത് കണ്ടപ്പോൾ തന്നെ കുട്ടിയുമായി നല്ല അടുപ്പത്തിലാണെന്നു എനിക്കു തോന്നിയിരുന്നു……
അതുകൊണ്ടാണ് ഞാൻ ഇങ്ങനെ തുറന്നുപറയുന്നത്…….
മോളുടെ സ്വന്തം ആങ്ങളയെപ്പോലെ കരുതിക്കൊണ്ടു മോളും അവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ഇതിനുവേണ്ടി നിര്ബന്ധിക്കണം…..
അവനെ ബാക്കിയെല്ലാകാര്യത്തിലും എനിക്കു നൂറുശതമാനം വിശ്വാസമാണ് പക്ഷെ …..
കുറെ തവണ പറഞ്ഞു പറ്റിച്ചതുകൊണ്ടും ഒഴിഞ്ഞു മാറിയതുകൊണ്ടും ഇക്കാര്യത്തിൽ മാത്രം അത്ര വിശ്വാസമില്ല…..
ഇപ്പോൾ അവൻ പറഞ്ഞതു കുട്ടിയും കേട്ടതല്ലേ….
ആന്റി ധൈര്യമായി മുന്നോട്ടുപോയ്ക്കോ…..
പക്ഷെ അവൻ പറഞ്ഞശേഷമേ രേഷ്മയോട് പറയുവാൻ പാടുള്ളൂയെന്നു
പറഞ്ഞതിലെന്തോ ഒരു കുരുക്കുണ്ട്…..
അതെന്താണെന്ന് എനിക്കറിയില്ല…..”
വീണ്ടും കണ്ണടയൂരി മേശപ്പുറത്തു വച്ചതിനുശേഷം കർചീഫെടുത്തു കണ്ണുതുടച്ചുകൊണ്ടാണ് അവർപറഞ്ഞു നിർത്തിയപ്പോൾ അവരുടെ ശബ്ദം കർക്കശമായിരുന്നതുപോലെ അവൾക്കു തോന്നി..
ആന്റി പറയുന്നതൊക്കെ ശ്വാസമടക്കിപ്പിടിച്ചു കേൾക്കുകയായിരുന്നെങ്കിലും അവർ പറഞ്ഞിരുന്ന അവസാന വാചകത്തിൽ എന്തോ ദുഃസൂചനയുണ്ടോയെന്നു സംശയം തോന്നിയതു കൊണ്ടു പെട്ടെന്നവൾ ശിരസ്സു കുനിച്ചു.
ഇവിടെനിന്നും പഴയ ലോഡ്ജിലേക്ക് അധികം ദൂരമൊന്നുമില്ല…….
അവിടെ വച്ചു തന്നെ കണ്ടിരുന്ന ആരെങ്കിലും തന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആന്റിയെ അറിയിച്ചുകാണുമോ….
അതുകൊണ്ട് തന്നെയാണോ അവർ സൂചിപ്പിച്ചത്…….
താനും അയാളും തമ്മിലുള്ള ബന്ധം അറിഞ്ഞുകൊണ്ടുതന്നെയാണോ അവർ പറഞ്ഞത്……
എല്ലാം അറിഞ്ഞുകൊണ്ട് അവർ ഇതുവരെ ഒന്നും അറിഞ്ഞില്ലെന്ന് നടിക്കുകയായിരുന്നോ…….
എല്ലാം അറിഞ്ഞുകൊണ്ടാണ് അവർ പറഞ്ഞതെങ്കിൽ അവരുടെ കണ്ണിൽ താൻ വെറുമൊരു അധഃപതിച്ച വേശ്യമാണെന്നോർത്തപ്പോൾ ഇരുന്നയിരിപ്പിൽ സ്വയം കത്തിയമർന്നുപോയെങ്കിലെന്നുപോലും അവൾ ആഗ്രഹിച്ചുപോയി.
എത്ര സോപ്പിട്ടു കഴുകിക്കളഞ്ഞാലും തന്നിൽ പുരണ്ടിരിക്കുന്ന അഴുക്കുകൾ മാഞ്ഞുപോകില്ലെന്നു വേദനയോടെ ഓർത്തപ്പോൾ അറിയാതെ അവൾ സ്വയം മണത്തുനോക്കിപ്പോയി……!
രാത്രിയുടെ യാമങ്ങളിൽ മുന്തിരിവള്ളിപോലെ തന്നിൽ പടർന്നു കയറിയവരുടെ വിയർപ്പുതുള്ളികൾ തന്റെ ശരീരത്തിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടോ…..?
മദ്യത്തിന്റെയും സിഗരറ്റിന്റെയും മനം പിരട്ടുന്ന വാട ഇപ്പോഴും ബാക്കിയുണ്ടോ……!
അവരുടെ മുഖത്തേക്കു നോക്കുവാൻ വിമ്മിഷ്ടവും ……!
വല്ലാത്ത കുറ്റബോധവും…….!
അതിലേറെ ലജ്ജയും നാണക്കേടും തോന്നിയതുകൊണ്ടു അവൾ ശിരസ് ഉയർത്തിയതേയില്ല……..!
എങ്ങനെയെങ്കിലും അവരുടെ മുന്നിൽ നിന്നും ഓടിരക്ഷപ്പെടുവാനുള്ള പഴുതുകൾ അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും ആന്റിയുടെ സ്വരം കേട്ടത്.
“കുട്ടിക്ക് മറ്റൊന്നും തോന്നേണ്ട…….
അവന്റെ അച്ഛൻ എന്നെ നോക്കുവാൻ ഏൽപ്പിച്ചതൊക്കെ അവനെ തിരിച്ചേല്പിച്ചിട്ടുവേണം എനിക്കൊന്നു റസ്റ്റെടുക്കുവാൻ……
ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടന്നാൽ ജീവിതകാലം മുഴുവൻ അവൻ ഇതിന്റെയൊന്നും ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കില്ല…..
അതിനുള്ള ഏറ്റവും നല്ല വഴി ഇങ്ങനെ പിടിച്ചുകെട്ടുന്നതാണ്……
മനസിലായോ…..”
ചിരിയോടെ അവർ വിശദീകരിച്ചതു കേട്ടപ്പോഴാണ് അവൾക്കു ശ്വാസം നേരെ വീണതും ആശ്വാസനിശ്വാസമുതിർത്തുകൊണ്ടു തലയുയർത്തിയതും.
“അവനുപോകുവാൻ ധൃതിയായെന്നു തോന്നുന്നു കുട്ടി പൊയ്ക്കോളൂ…..
നമുക്കു പിന്നെ കാണാം…….
ജോലിക്കുകയറിയശേഷം എന്നെയൊന്നു വിളിക്കണം കെട്ടോ…….”
തൊട്ടടുത്ത കാബിനിൽ അക്ഷമയോടെ ഇരിക്കുകയായിരുന്ന അയാൾ എഴുന്നേൽക്കുന്നത് കണ്ടപ്പോഴാണ് മോശമേലുള്ള വിസിറ്റിങ് കാർഡുകളിൽ നിന്നും ഒരെണ്ണമെടുത്തു ധൃതിയിൽ അവളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞത്.
അവർ നീട്ടിയ വിസിറ്റിങ് കാർഡ് വാങ്ങി വാനിറ്റിബാഗിൽ സൂക്ഷിച്ചശേഷം അവർക്കുനേരെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടു എഴുന്നേൽക്കുമ്പോഴേക്കും അയാൾ കാബിനിന്റെ പുറത്തെത്തിയിരുന്നു.
“ഒരു രണ്ടു മണിക്കുശേഷം ഞാൻ ആന്റിയെ വിളിക്കും കെട്ടോ……
ഇന്നു രണ്ടിലൊന്നാക്കിയിട്ടുതന്നെ കാര്യം…….”
പുറത്തിറങ്ങാനായി വാതിൽ തുറന്നപ്പോഴാണ് അവളുടെ കക്ഷത്തിനിടയിലൂടെ കാബിനിന്റെ അകത്തേക്ക് തലയിട്ടുകൊണ്ടു അയാൾ പറഞ്ഞത്.
“എന്താണാവോ…..”
കണ്ണട മുഖത്തുറപ്പിച്ച ശേഷം ലാപ്‌ടോപ്പിലേക്ക് മുഖം പൂഴ്ത്തുന്നതിനിടയിലാണ് ചിരിയോടെയുള്ള ആന്റിയുടെ ചോദ്യം.
“നേരത്തെ ചോദിച്ചതിനുള്ള മറുപടി പറയേണ്ടേ……”
കുട്ടികളെപ്പോലെ കൊഞ്ചലോടെയാണ് അയാളുടെ മറുപടി.
“ഇന്നുച്ചയ്ക്ക് തന്നെ വേണമെന്നില്ല…..
നാളെ പറഞ്ഞാലും മതി…..
ഇനി മറുപടി പറഞ്ഞില്ലെങ്കിലും വേണ്ടില്ല……
മുങ്ങിനടക്കാതെ അവനവന്റെ സ്ഥാപനമാണ് ഫോൺ ചെയ്തുകാര്യം തിരക്കുന്നതിനു പകരം ഇടയ്ക്കെങ്കിലും ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കിയാൽ മതിയായിരുന്നു……”
ലാപ്‌ടോപ്പിൽ നിന്നും മുഖമുയർത്താതെ ഉരുളയ്ക്കുപ്പേരി എന്നപോലെയാണ് ആന്റിയുടെ മറുപടി.
“ഇതങ്ങനെയൊന്നുമല്ല…….
ഉറപ്പായും മറുപടി തന്നിരിക്കും……”
പറഞ്ഞുകൊണ്ട് അയാൾ തിരിയുമ്പോഴേക്കും അവൾ പുറത്തേക്കുള്ള വാതിലിനടുത്തെത്തിയിരുന്നു……!
തുടരും........ ♥️