Aksharathalukal

മായാമൊഴി 💖 45

തലയും താഴ്ത്തിപ്പിടിച്ചുകൊണ്ടു അയാളുടെ പിറകെ മുറിയിൽ നിന്നും പുറത്തേക്കു നടക്കുമ്പോൾ തന്നെക്കുറിച്ചുതന്നെയാണ് അവൾ ആലോചിച്ചുകൊണ്ടിരുന്നത്.
അയാൾക്കും തനിക്കുമിടയിൽ കഴിഞ്ഞ മൂന്നുദിവസമായി താൻ പാടുപെട്ടു പാടുത്തുയർത്തിയിരുന്ന അദൃശ്യമായ മതിൽ എത്രവേഗത്തിലാണ് തകർന്നുവീഴാറായത്…..!

ഉരുക്കിന്റേതാണെന്നു താൻ അഹങ്കരിച്ചിരുന്ന മതിൽ ഒരു മഞ്ഞുകട്ടപോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാക്കുവാൻ അത്രയും ദുർബ്ബലമായിരുന്നോ…..!

അല്ലെങ്കിൽ മനസിൽ അടക്കിനിർത്തിയിരുന്ന ഇഷ്ടത്തിന്റെ ഊഷ്മാവിൽ അയാളൊന്നു തൊട്ടപ്പോൾ സ്വയം ഉരുകിയമർന്നു പോകുവാൻ ത്രസിച്ചുപോയതാണോ…..!

രണ്ടു ദിവസത്തെ ആത്മനിയന്ത്രണം ഈ അവസാന നിമിഷത്തിൽ സ്വയം നഷ്ടപ്പെടുത്തരുതായിരുന്നു……!
എന്തിന്റെ പേരിലായാലും ഒരിക്കലും പാടില്ലായിരുന്നു…..!

ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.

സ്വയം നിയന്ത്രിച്ചുകൊണ്ടു അയാൾ സ്വമേതയാ ഒഴിഞ്ഞുമാറിയകാര്യം വീണ്ടും വീണ്ടും മനസിൽ തെളിഞ്ഞപ്പോൾ അയാളുടെ അത്രയും വിവേകവും ആത്മനിയന്ത്രണവും തനിക്കില്ലാതെ പോയല്ലോയെന്നോർത്തുകൊണ്ടു കുറ്റബോധത്തോടൊപ്പം ജാള്യതയും തോന്നുന്നുണ്ടായിരുന്നു.

അനിലേട്ടന്റെ മുന്നിൽ താൻ വീണ്ടും വെറുമൊരു വേശ്യയായി തരംതാണുപോയോ….!
അയാളുടെ മനസിൽ അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാകുമോ……!
ഒരിക്കലും നന്നാവാത്ത ശപിക്കപ്പെട്ടവളാണെന്ന ധാരണ….!
തന്റെ ശരീരവും എന്തിനും തയ്യാറാണെന്ന് ബോധ്യമുണ്ടായിട്ടും സ്വയം ഒഴിഞ്ഞുമാറിയത് അതുകൊണ്ടായിരിക്കുമോ……!

ഓർക്കുന്തോറും അവളുടെയുള്ളിൽ ആധിയും ആത്മനിന്ദയുമൊക്കെ കൂടിക്കൂടി വരുന്നുണ്ടായിരുന്നു……!

ഇനിയെങ്ങനെ അയാളുടെ മുഖത്തേക്കുനോക്കും……!

റിസപ്ഷനിലെത്തിയശേഷം കൗണ്ടറിലുണ്ടായിരുന്ന നേരത്തെ അടികൊടുത്തിരുന്ന അതേ ചെറുപ്പാരനുതന്നെ അതുവരെയുള്ള മുറിവാടകകൊടുക്കുന്നതിനിടയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ചില ഉപദേശങ്ങൾ നൽകുന്നതും ചെറുപ്പക്കാരൻ അറിയാതെ കവിളിൽ തടവിക്കൊണ്ടു ക്ഷമാപണം നടത്തിയപ്പോൾ പോക്കറ്റിൽ നിന്നും അഞ്ഞൂറു രണ്ടുനോട്ടുകളെടുത്തു നീട്ടുന്നതുമൊക്കെ കണ്ടപ്പോൾ അവൾക്കയാളെ ഒരിക്കൽ കൂടി നുള്ളിവലിക്കണമെന്നു തോന്നുന്നുണ്ടായിരുന്നു.

“ആന്റി പറഞ്ഞതു ശരിതന്നെയാണ് പൈസയ്ക്കൊന്നും യാതൊരു വിലയുമില്ലാത്ത മനുഷ്യൻതന്നെ……”

അവൾ മനസിൽ പിറുപിറുത്തു.

“ഏതെങ്കിലും ഒരു ബാഗ് എന്റെ കൈയിൽ തന്നേക്കൂ മായമ്മേ…..
മൂന്നു ബാഗൊക്കെ തൂക്കിനടക്കുന്നതുകാണുമ്പോൾ വെള്ളപ്പൊക്കക്കാരെപോലെയുണ്ട്……..
അതുമാത്രവുമല്ല രണ്ടു കൈയിലും ബാഗൊക്കെയാകുമ്പോൾ നടക്കുന്നതിനിടയിൽ സാരിയൊതുക്കിപ്പിടിച്ചുകൊണ്ടു ചെരുപ്പിന്റെ ഭംഗിനോക്കുവാനൊന്നും സാധിക്കുകയുമില്ല…..!”

ഹോട്ടലിന്റെ പടിക്കെട്ടിറങ്ങുന്നതിനിടയിൽ തിരിഞ്ഞുനോക്കി പറഞ്ഞുകൊണ്ട് ചിരിയോടെ അയാൾ കൈനീട്ടിയപ്പോൾ മുഖത്തുനോക്കാതെതന്നെയാണ് ലാപ്‌ടോപ്പിന്റെ ബാഗ് അയാളെയേല്പിച്ചത്.

കാറിനടുത്തെത്തി പിൻഭാഗത്തെ വാതിൽ തുറന്നു ബാഗുകളൊക്കെ സീറ്റിൽവച്ചശേഷം മനസിൽ വീണ്ടുമൊരു സംശയം…..!
ഇവിടെയിരുന്നാൽ മതിയോ……!
അല്ലെങ്കിൽ മുന്നിൽ ഇരിക്കണോ…..!

ഇതുവരെയുള്ളതുപോലെയല്ല ഇനിയുള്ള യാത്ര സ്വന്തം നാട്ടിലേക്കാണ്…….!
ഒരു മണിക്കൂറിനുള്ളിൽ നാട്ടിലെത്തും ……
മുന്നിലിരുന്നാൽ വഴിയിലോ ബസ്റ്റോപ്പിലോ കടയിലോ നിൽക്കുന്ന പരിചയക്കാർ ആരെങ്കിലും കാണുകയാണെങ്കിൽ
അവർക്കു സംശയമാകും…..!

പിന്നെയെന്തെങ്കിലും പറഞ്ഞുപരത്തുവാൻ അതുമതി……!
അല്ലെങ്കിൽ തന്നെ ഇന്നു ഹോട്ടലിൽ നിന്നുണ്ടായ സംഭവത്തോടെ വീട്ടിലേക്കു പോകുവാൻ തന്നെ പേടിയായി തുടങ്ങിയിരുന്നു…….!
പറഞ്ഞു പറഞ്ഞു നാട്ടിലാരെങ്കിലും അറിഞ്ഞാൽ……!
പിന്നെ പുറത്തിറങ്ങി നടക്കുവാൻ പറ്റില്ല…..!
ആത്മഹത്യമാത്രമേ മാർഗമുണ്ടാകൂ…..!
പിന്നെ അനിലേട്ടനും ചിലപ്പോൾ അതൊരു പ്രശ്നമാകും അതുകൊണ്ട് അതുവേണ്ട……
പിറകിൽ ഇരിക്കാം…..
അതാകുമ്പോൾ പതുങ്ങിയിരുന്നാൽ തന്നെയാരും കാണില്ല…..
സുരക്ഷിതമാണ്…. !
പക്ഷേ അയാളെ മുട്ടിയുരുമ്മിയിരിക്കുവാനുള്ള അവസാന അവസരമാണ് നഷ്ടപ്പെടുന്നതെന്നോർത്തപ്പോൾ ഉള്ളിൽ സങ്കടവും തോന്നുന്നുണ്ടായിരുന്നു..
പക്ഷെ അതിനേക്കാൾ വലുതല്ലേ ജീവിതം….!

“അതെന്താ അങ്ങനെ പിറകിലിരിക്കുന്നത്…….
വേഗം മുന്നിൽ കയറൂ……”

സാരിയൊക്കെ ഒതുക്കിപ്പിടിച്ചശേഷം മുടിയൊക്കെ മാടിയൊതുക്കുന്നത് കണ്ണാടിയിലൂടെ കണ്ടപ്പോൾ പിറകിലെ സീറ്റിൽ ഇരിക്കുവാനുള്ള വട്ടംകൂട്ടലാണെന്നു മനസിലായപ്പോഴാണ് അതിശയത്തോടെ അയാൾ പറഞ്ഞത്.

“വേണ്ട……
ഞാനിവിടെ ഇരിക്കാം അതാണ് നല്ലത്…….”

പരുങ്ങലോടെയാണ് അയാൾക്ക് മുഖം കൊടുക്കാതെ മറുപടി കൊടുത്തത്.

“എങ്കിൽ ഞാനും അവിടെയിരിക്കാം വണ്ടിയിവിടെയിങ്ങനെ കിടക്കട്ടെ……
അല്ലെങ്കിൽ ഏതെങ്കിലും ഡ്രൈവറെ കണ്ടുകിട്ടുകയാണെങ്കിൽ നമ്മളെ നാട്ടിലെത്തിക്കുമോയെന്നു ചോദിച്ചുനോക്കാം എന്താ പോരെ…….!”

അതുകേട്ടതും ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങുന്നതായി ഭാവിച്ചുകൊണ്ടു കാറിന്റെ വാതിൽ തുറക്കുന്നതിനിടയിലാണ് ചിരിയോടെ അയാൾ പറഞ്ഞത്.

“ഓ…..അതല്ല അനിലേട്ടാ…..
നാട്ടിലേക്കല്ലേ നമ്മൾ പോകുന്നത്….
നിങ്ങളുടെ കൂടെ കാറിൽ എന്നെ ആരെങ്കിലും കണ്ടാൽ അതുമതി എന്തെങ്കിലും പറഞ്ഞുണ്ടാക്കുവാൻ……
വെറുതെ എന്തിനാണ് ആളുകളെക്കൊണ്ടു അതുമിതും പറയിക്കുന്നത്……
ഇവിടെയിരുന്നാൽ എന്നെയാരും കാണുകയില്ലല്ലോ…..
അതുകൊണ്ടാണ് പറഞ്ഞത്……”

കരയുന്ന ഭാവത്തിലാണ് പതിഞ്ഞ ശബ്ദത്തിൽ അയാൾക്ക് മറുപടി കൊടുത്തത്.

“ഓ. …പിന്നെ…..
ആൾക്കാരുടെ വായ മൂടിക്കെട്ടിക്കൊണ്ടു നമുക്കിവിടെ ജീവിക്കാൻ പറ്റുമോ……
പൊതുജനം പലവിധം പറയുന്നവർ പറയട്ടെ …..
കൊള്ളേണ്ടത് കൊള്ളുക…..
തള്ളിക്കളയേണ്ടത് ആഞ്ഞുതുപ്പിക്കൊണ്ടു തള്ളിക്കളയുക…….
മര്യാദയ്ക്ക് മായമ്മമോളിവിടെ വന്നിരിക്കൂ…..
അല്ലാതെ ഞാൻ വണ്ടി മുന്നോട്ടെടുക്കുന്ന പ്രശ്നമില്ല……”

പിന്മാറാൻ ഉദ്ദേശമേയില്ലെന്നു കൈകൾ മാറത്തു പിണച്ചുകെട്ടിക്കൊണ്ടുള്ള അയാളുടെ ഉറച്ചശബ്ദത്തിലുള്ള വാക്കുകളിൽനിന്നും അവൾക്കു വ്യക്തമായി.

“വെറുതെയല്ല…….
ശരീരം മാത്രമേ വളർന്നിട്ടുള്ളൂ കുട്ടികളെപ്പോലെയുള്ള മനസാണെന്നു ആന്റി പറഞ്ഞത്…..
ഇപ്പോൾ ശരിക്കും മനസിലായി…..”

കാറിന്റെ പിറകുവശത്തെ വാതിൽ വലിച്ചടച്ചശേഷം അരിശത്തോടെ സാരിയുടെ മുന്താണി വലിച്ചെടുത്തുകൊണ്ടു റോഡിലേക്ക് നോക്കിയാണ് അവൾ പിറുപിറുത്തതെങ്കിലും കണ്ണാടിയിൽ അവളുടെ ചുണ്ടിന്റെ ചലനത്തിലൂടെ അവൾ പറഞ്ഞതെന്താണെന്നു മനസിലായപ്പോൾ…
“നീ ഇങ്ങുവാ……നിനക്കു ഞാൻ വച്ചിട്ടുണ്ടെന്നു ….” മനസിൽ പറഞ്ഞുകൊണ്ട് അയാൾ ചിരിക്കുകയാണ് ചെയ്തത്.

“എന്റെ പൊന്നുമായമ്മേ……
ഒന്നുവേഗം കയറുന്നുണ്ടോ…….
ആ ടൗണിലായാലും ഇവിടെയായാലും മായമ്മയെ അധികം ആർക്കും അറിയില്ലെങ്കിലും എന്നെ മിക്കവർക്കും അറിയാം……
അതുപോലെയുള്ള ഞാൻ ഒരു പെണ്ണിനെ കാറിന്റെ മുൻസീറ്റിൽ തന്നെയിരുത്തിക്കൊണ്ടു മറ്റൊരുദ്ദേശത്തോടെ കറങ്ങിത്തിരിഞ്ഞു നടക്കുകയോ ഇതുപോലെ പരസ്യമായി കൊണ്ടുനടക്കുകയോ ചെയ്യില്ലെന്നു സാമാന്യ ബുദ്ധിയുള്ളവർ മനസിലാക്കും … അതുകൊണ്ടാണ് ഞാൻ മായയെ ഒളിപ്പിച്ചു നിർത്താതെ എന്റെ കൂടെ തന്നെ ഇരുത്തിക്കൊണ്ടു ഇതുവരെ യാത്രചെയ്തത്……
മനസിലായോ…..

അതുകൊണ്ടു തന്നെ ആർക്കും ഒരു സംശയവും തോന്നിയതുമില്ല……
അതേസമയം മായ കാറിന്റെ ബാക്ക് സീറ്റിൽ പതുങ്ങിയിരിക്കുകയാണെങ്കിൽ പലരും ആകാംഷയോടെ ഒളിഞ്ഞുനോക്കുകയും…..
എന്റെ കൂടെയുള്ളത് ആരായിരുന്നെന്നു ചികഞ്ഞു നോക്കുകയുമൊക്കെ ചെയ്യുമായിരുന്നു…!

തുറന്നുവച്ചിരിക്കുന്നതിൽ എന്താണെന്ന് അറിയുന്നതിനെക്കാൾ അടച്ചുവച്ചിരിക്കുന്നതിനുള്ളിൽ എന്താണ് ഒളിച്ചുവച്ചിരിക്കുന്നതെന്നു തുറന്നുനോക്കുവാനാണ് നമ്മുടെ നാട്ടുകാർക്കു താൽപ്പര്യം ……
അതുകൊണ്ട് എന്റെകൂടെയല്ല എപ്പോഴെങ്കിലും പരിചയക്കാർ ആരെങ്കിലും ഒരു ലിഫ്റ്റ് തരുന്നുണ്ടെങ്കിൽപോലും വണ്ടിയുടെ മുന്നിലെ കയറാവൂ……
എങ്കിൽ ആരും സംശയത്തോടെ നോക്കുകയുമില്ല നിങ്ങൾക്ക് കൂടുതൽ സുരക്ഷിതവുമാണ് മനസിലായോ മായമ്മേ…..
സമയം കളയാതെ വേഗം കയറിക്കോളൂ…..”

കാറിന്റെ പിറകിലെ വാതിലടച്ചശേഷം പതിയെ നടന്നു മുന്നിലെ വാതിലിനടുത്തു ഒരു നിമിഷം ശങ്കിച്ചുനിന്നുകൊണ്ടു സാരിയുടെ മുന്താണിതുമ്പു വലിച്ചെടുത്തു ചുരുട്ടിയും നിവർത്തിയും കളിക്കുന്നതിനിടയിൽ വശങ്ങളിലെ മതിലിലേക്കെന്ന വ്യാജേന തന്നെനോക്കി കൊഞ്ഞനം കുത്തുന്നതുകണ്ടപ്പോഴാണ് ഇടതുകൈകൊണ്ടു വാതിൽ തുറന്നുകൊടുക്കുന്നതിനിടെ ചിരിയോടെതന്നെ അയാൾ വിശദീകരിച്ചുകൊടുത്തത്.

കുറച്ചുനേരം ആലോചിച്ചപ്പോൾ അയാൾ പറഞ്ഞതിലും കുറെ കാര്യമുണ്ടെന്നു മനസിലായതോടെ അവൾ പതിയെ വാതിൽ തുറന്നു കാറിനുള്ളിലേക്കു കയറി.

“പിന്നെ ഇങ്ങനെയല്ല തുറന്ന കാറിൽപ്പോയാലും അതിലും അവിഹിതവും ദുരുദ്ദേശവുമൊക്കെ കാണുകയും പറഞ്ഞു പരത്തുകയും ചെയ്യുന്ന ചില ഞരമ്പുരോഗികളുണ്ടാകും നേരത്തെ കൊടുത്തതുപോലെയുള്ള അടിത്തന്നെയാണ് അതുപോലെയുള്ളവർക്കുള്ള ഏറ്റവും നല്ല മരുന്നു……”

കണ്ണാടിയിൽ നോക്കി വണ്ടി റിവേഴ്‌സെടുക്കുന്നതിനിടയിൽ അയാൾ പറയുന്നതു കേട്ടെങ്കിലും അവൾ പ്രതികരിക്കുകയോ തലയുയർത്തുകയോ ചെയ്തില്ല.

ഇനി നമ്മൾ നേരെ പോകുന്നത് മായമ്മയുടെ വിസ്മയ സാരീസിലേക്കാണ് ……
അവിടെ പോയി മുതലാളിയെ കണ്ടു മായയുടെ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ടുവേണം ബാങ്കിൽപ്പോയി മായയുടെ ലോണിന്റെ കാര്യം സംസാരിക്കുവാൻ…….”

വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ തന്നെ നോക്കികൊണ്ടു അയാൾ പറയുന്നത് കേട്ടപ്പോൾ
” എനിക്കൊന്നും മനസ്സിലായില്ലെന്നാണ് പാവം അനിലേട്ടൻ ഇപ്പോഴും കരുതുന്നതെന്നു മനസ്സിലോർത്തപ്പോൾ അവൾക്കു ചിരി വന്നെങ്കിലും ജാള്യത കാരണം അയാളുടെ മുഖത്തേക്കു നോക്കുവാൻ സാധിക്കാത്തതു കാരണം ചിരിച്ചില്ല.

” ബാങ്കുകാർ സമ്മതിച്ചാൽ മതിയായിരുന്നു പക്ഷെ …..
ആ മാനേജർ ഭയങ്കര സാധനമാണ് …..
അയാളുടെ കഷണ്ടിത്തല കാണുമ്പോൾ തന്നെ എനിക്ക് പേടിയാകും ……
എന്നെ കണ്ടാലുടനെ കടിച്ചുകുടയുന്നത് പോലെയാണ് അയാൾ സംസാരാം…
അതുകൊണ്ട് എനിക്കയാളെ കണ്ണെടുത്താൽ കണ്ടുകൂടാ …..
പാവങ്ങളുടെ വിഷമം മനസ്സിലാക്കാത്ത ദുഷ്ടൻ……”

മുഖത്തെ ജാള്യതയും ചമ്മലും തുടച്ചുകളയുന്നപോലെ സാരിത്തുമ്പെടുത്തു മുഖം തുടച്ചതി്നു ശേഷം പ്രൈമറി സ്കൂളിലെ കുട്ടികളെ പോലെ നിഷ്കളങ്കമായി പറഞ്ഞുകൊണ്ട് പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കുമ്പോഴേക്കും സെക്യൂരിറ്റിയുടെ കാബിനു മുന്നിൽ കാർ നിർത്തിയ ശേഷം ഹോണിൽ പതുക്കെ അമർത്തിക്കൊണ്ടു അയാൾ സെക്യൂരിറ്റിക്കാരനെ വിളിക്കുകയായിരുന്നു.

” വേറെ ജോലിയൊന്നും ചെയ്യുവാൻ സാധിക്കാത്തവർ മാത്രമേ നമ്മുടെ നാട്ടിലൊക്കെ സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയുള്ളൂ…… അത്രയും ചെറിയ സാലറിയാണ് അവർക്കൊക്കെ കൊടുക്കുന്നത് ……
പാവം അയാൾക്കും ഒരു കുടുംബമൊക്കെ കാണില്ലേ ……
ഇങ്ങനെ വല്ലപ്പോഴും ഇവിടെ വരുന്നവരും പോകുന്നവരും വല്ലതും കൊടുക്കുന്നതാണ് അവർക്ക് ആകെയുള്ള മിച്ചം…..
അതുകൊണ്ട് മായമ്മയുടെ കൈകൊണ്ടുതന്നെ ഇതയാൾക്ക് കൊടുത്തേക്കൂ ……”

പാഴ്സിൽ നിന്നും അഞ്ഞൂറു രൂപയുടെ രണ്ടു നോട്ടുകളെടുത്ത് തന്റെ നേരെ നീട്ടികൊണ്ടു അയാൾ പറയുന്നത് കേട്ടപ്പോൾ അത്ഭുതം മിഴിഞ്ഞുപോയ മിഴികളോടെ അയാളെ തുറിച്ചുനോക്കി …….!

“വീണ്ടും ആയിരം രൂപയോ …..”

അങ്ങനെ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ചോദിച്ചില്ല കാരണം തല്ലിയ കൈകൊണ്ടുതന്നെ തലോടുന്നതും അയാളുടെ ഒരു ശീലമാണെന്നു തന്റെ അനുഭവം കൊണ്ടുതന്നെ പഠിച്ചതാണ്.

സ്വന്തം കൈകൊണ്ട് പത്തുരൂപയിലധികം ഒരാൾക്ക് വെറുതെ കൊടുക്കുന്നത് ആദ്യമായിട്ടായിരുന്നു……!

വീട്ടിലെ അവസ്ഥ അറിയാവുന്നതുകൊണ്ട് നാട്ടിലെ പിരിവുകാർ പിരിവിൽ നിന്നും സാധാരണ ഒഴിവാക്കുകയാണ് പതിവ് .

മനസ്സിലോർത്തുകൊണ്ട് അയാൾ നീട്ടിയ നോട്ടുകൾ വാങ്ങുമ്പോൾ കൈകൾ വിറയ്ക്കുകയും കണ്ണുകൾ നിറഞ്ഞു തുളുമ്പുകയും ചെയ്യുന്നുണ്ടായിരുന്നു .

നോട്ടുകൾ വാങ്ങിയശേഷം ഒരുതവണകൂടി അയാളുടെ മുഖത്തേക്ക് നോക്കുമ്പോഴേക്കും സെക്യൂരിറ്റിക്കാരൻ അയാളുടെ അടുത്തേക്ക് ഓടിയെത്തുന്നതും നടുവളച്ചു ഓച്ചാനിച്ചു നിന്നുകൊണ്ടു ബീഡിക്കറ പുരണ്ട പല്ലുകൾ മുഴുവൻ പുറത്തുകാണിച്ചു ചിരിച്ചു തലചൊറിയുന്നതും താനിരിക്കുന്ന ഭാഗത്തേയ്ക്ക് പോകുവാൻ അയാൾ സെക്യൂരിറ്റിക്കാരനോട് ആഗ്യം കാണിക്കുന്നതും കണ്ടു.

താൻ നീട്ടിയ നോട്ടുകളിലേക്കും പിന്നെ തന്റെ മുഖത്തേക്കും ഒന്നുരണ്ടു തവണ ശങ്കയോടെ മാറിമാറി പകച്ചുനോക്കിയശേഷം നോട്ടുകൾ ഇരുകൈകളും നീട്ടിവാങ്ങുമ്പോൾ സെക്യൂരിറ്റിക്കാരന്റെ കണ്ണുകൾ നിറഞ്ഞതുകണ്ടപ്പോൾ എന്തുകൊണ്ടോ അവളുടെ കണ്ണുകളും നിറഞ്ഞുപോയി.

“അറിയാതെ പറഞ്ഞുപോയതൊക്കെ പൊറുക്കണം മോളെ…..”

അവളുടെ കൈയിൽ തൊട്ടുവണങ്ങിക്കൊണ്ടു ഇടറിയ ശബ്ദത്തിലാണ് അയാൾ പറഞ്ഞത്.

“സാരമില്ല പൊയ്ക്കോളൂ…..
ഇനിയാരെങ്കിലും അങ്ങനെ പറയാതിരുന്നാൽ മതി…..”

തിരിച്ചുപറയുമ്പോൾ അവളുടെ ശബ്ദവും ഇടറുന്നത് കണ്ടതുകൊണ്ടാകണം അയാൾ വേഗം ജനാല ചില്ലുകൾ ഉയർത്തി വണ്ടി മുന്നോട്ടെക്കെടുത്തു.

“ഇപ്പോൾ സന്തോഷമായില്ലേ….
കടിച്ച പാമ്പിനെകൊണ്ടുതന്നെ നമ്മൾ വിഷമിറക്കിച്ചു…..!
അയാളുടെ മുന്നിൽനിന്നും ഇനിയാരെങ്കിലും മായമ്മയെക്കുറിച്ചു മോശമായി സംസാരിക്കുകയാണെങ്കിൽ അയാൾ അതിനെ എതിർക്കും മനസിലായോ…..”

ചോദ്യം കേട്ടപ്പോൾ നന്ദിയോടെ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു.

“പിന്നെ നേരത്തെ മായമ്മ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു…..
ബാങ്കുകാരെയോ മാനേജരെയോ ഇങ്ങനെയൊന്നും പേടിക്കേണ്ട യാതൊരു കാര്യവുമില്ല കെട്ടോ…..
അവർക്ക് മായമ്മയെ വഴക്കു പറയുവാനോ ഭീഷണിപ്പെടുത്തുവാനോ അധികാരമൊന്നുമില്ല…..
വാങ്ങിയ വായ്‌പ തിരിച്ചടക്കണമെന്നു അവർക്ക് ന്യായമായും പറയാം ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാം…..

അതിനുള്ള പേപ്പറുകളിലൊക്കെ ഒപ്പിട്ടുവാങ്ങി അവരുടെ വായ്‌പ ഈടാക്കാനുള്ള എല്ലാമാർഗ്ഗവും സുരക്ഷിതമാക്കിയാണ് അവർ വായ്‌പ നൽകുന്നത്……
ഇപ്പോഴാണെങ്കിൽ വായ്പ്പയ്ക്കൊപ്പം വായ്പയെടുത്തവർക്ക് അവരുടെ സമ്മതംപോലുമില്ലാതെ അവരുടെ പണംകൊണ്ടുള്ള ഇൻഷുറൻസുമുണ്ട്……
അതുകൊണ്ട് വായ്പയെടുത്തവർക്ക് എന്തെങ്കിലും സംഭവിച്ചാലും ആ വായ്‌പ ഇൻഷുറൻസ് കമ്പനികൾ തിരിച്ചടക്കും…..
അതിനപ്പുറം ഭീഷണിപ്പെടുത്തുകയോ ശല്ല്യം ചെയ്യുകയോ വഴക്കുപറയുകയോ ചെയ്യുന്നുണ്ടെങ്കിൽ നേരെ പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി എഴുതിക്കൊടുത്താൽ മതി…..
ഒന്നരലക്ഷം രൂപയ്ക്കുവേണ്ടി മായയുടെ വീട് ജപ്തിചെയ്യുമെന്നു പറയുന്ന അതേ മാന്യന്മാരുടെ ബാങ്ക് തന്നെ വലിയ വലിയ പണക്കാരുടെ ഒരുലക്ഷം കോടിയോളം രൂപയുടെ കടമൊക്കെ ഈ അടുത്തകാലത്താണ് എഴുതിതള്ളിയത്…..
യാതൊരു മനസാക്ഷിയുമില്ലാതെ നിങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ പിച്ചചട്ടിയിൽ കയ്യിട്ടുവാരിയും പരമാവധി ചൂഷണം ചെയ്തുമാണ് പണക്കാർക്ക് അതുപോലുള്ള സൗജന്യങ്ങൾ ചെയ്തുകൊടുക്കുന്നത്…..”

വണ്ടി ഹൈവേയിലേക്ക് കയരുന്നതിനിടെയാണ് അയാൾ ഓർമ്മപ്പെടുത്തിയത്.

“അനിലേട്ടൻ ഇപ്പോൾ പറഞ്ഞതുപോലെതന്നെയാണ് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ എന്റെ അനിയേട്ടനും പറയുക….
അതുകേൾക്കുമ്പോൾ എനിക്കൊന്നും മനസിലാകുകയുമില്ല…..”

“വാനിറ്റി ബാഗിനുള്ളിൽ നിന്നും മൊബൈൽ ഫോൺ എടുക്കുന്നതിനിടയിൽ സ്വയം പരിഹസിക്കുന്നതുപോലെ ചിരിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്.

“ബാങ്കിലെ കാര്യങ്ങൾ സെറ്റിൽ ചെയ്തശേഷം മായയുടെ കൂടെ വീട്ടിലേക്ക് ഞാനും വരുന്നുണ്ട്…..
മായമ്മയുടെ നാടും വീടും…..
കുഞ്ഞുമായമ്മയെയും….
അമ്മയെയും…..
നിർഭാഗ്യവാനായ അനിയേട്ടനെയുമൊക്കെ ദൂരെനിന്നെങ്കിലും എനിക്കും കാണണം……”

ചിരിയോടെയാണ് അയാൾ തുടങ്ങിയതെങ്കിലും അവസാനമായപ്പോഴേക്കും സ്വരം നേർത്തുപോയിരുന്നു.

വീണ്ടും അവൾ തന്റെ അനിയേട്ടനെകുറിച്ചു പറഞ്ഞപ്പോൾ അയാൾക്ക് തോന്നിയ ആഗ്രഹം ഹൃദയത്തിനുള്ളിൽ ഒരു പിടച്ചിലോടെയാണ് അവൾ കേട്ടത്..!

“സത്യമായും അനിലേട്ടൻ എന്റെ വീട്ടിൽ വരുന്നുണ്ടോ…….!
എന്റേത് ഇടിഞ്ഞുവീഴാറായ പഴയ വീടാണ് കെട്ടോ……
ചോറു കഴിക്കുമോ…..
ഞാൻ എന്റെ അമ്മയോട് വേഗം ചോറുണ്ടാക്കി വയ്ക്കുവാൻ വിളിച്ചുപറയട്ടെ……!”

ഒരുനിമിഷത്തിനുള്ളിൽ സൽക്കാരപ്രീയയായ വീട്ടമ്മയായി മാറിക്കൊണ്ടു ഒറ്റശ്വാസത്തിൽ അവിശ്വസനീയതയോടെ ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷത്താൽ നിലാവു പരന്നതുപോലെ തിളങ്ങുന്നത് കണ്ണാടിയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു.

“ഇപ്പോൾ ഭക്ഷണമൊന്നും വേണ്ട……
ഭക്ഷണം കഴിക്കുവാനായി മറ്റൊരിക്കൽ ഞാൻ വരുന്നുണ്ട്……”

നിലാവിനെ കാർമേഘം മൂടിയതുപോലെ തന്റെ മറുപടികേട്ടപ്പോൾ മുഖം വാടുന്നതും കണ്ണുകൾ മങ്ങുന്നതും അയാൾ കണ്ടതും കണ്ണാടിയിലൂടെ തന്നെയായിരുന്നു.

“എങ്കിൽപിന്നെ കല്ല്യാണം കഴിഞ്ഞശേഷം രേഷ്മയെയും കൂടെകൂട്ടിയിട്ടു വന്നാൽ മതി…..”

മറുപടി പറയുമ്പോൾ ശബ്ദത്തിലെന്നതുപോലെ മുഖത്തും നിർവികാരതയാണെന്നു അയാൾ മനസിലാക്കി.

“അതൊക്കെ പിന്നീട് ഞാൻ ആലോചിച്ചു പറയാം കെട്ടോ…..”

“തന്റെ മനസിലൊരിടത്തുപോലും ഇതുവരെയില്ലാത്ത രേഷ്മയെക്കുറിച്ചു അനവസരത്തിൽ കേട്ടപ്പോൾ അയാൾക്കും വല്ലാത്ത അസ്വസ്ഥത തോന്നി.

ഒരുപാട്‌ പെണ്ണിനോട് മോഹം തോന്നിയിട്ടുണ്ട്…..
ചിലരെയൊക്കെ ഒരുപാട് കൊതിച്ചിരുന്നു……
അതൊക്കെ പെൺശരീരത്തോടുള്ള വെറുമൊരു ആർത്തിമാത്രമായിരുന്നു……!

ഇത്രയും വയസിനുള്ളിൽ ഒരേയൊരു പെണ്ണിനോടുമാത്രമേ ഇഷ്ട്ടം തോന്നിയിട്ടുള്ളൂ……
ഒരേയൊരു പെണ്ണിന്റെ മനസിനോടുമാത്രമേ ആകർഷണം തോന്നിയിട്ടുള്ളൂ……
ഒരേയൊരു പെണ്ണിന്റെ ഇണക്കവും പിണക്കവും പരിഭവും അരിശവും മാത്രമേ ആസ്വദിച്ചിട്ടുള്ളൂ…..

സ്വന്തമാക്കുവാനും ചേർത്തുപിടിച്ചു നടക്കുവാനും എന്നും മടിയിൽ തലവച്ചുകിടക്കുവാനും ആഗ്രഹിച്ചതും അവളെത്തന്നെയായിരുന്നു.

അതിലെവിടെയാണ് രേഷ്മ……!

അയാൾ ആലോചിച്ചുനോക്കി.

ഇല്ല എവിടെയുമില്ല…..!

താനൊരു വേശ്യയായിരുന്നു എന്നതാണ് ഇഷ്ട്ടം തോന്നിയവൾ സ്വയം കണ്ടെത്തിയ അയോഗ്യതയും പോരായ്മയും…….!
താൻ മറ്റൊരാളുടെ ഭാര്യയായിരുന്നെന്നും മരിച്ചുപോയെങ്കിലും അയാളെ മറക്കുവാൻ സാധിക്കില്ലെന്നുമാണ് അവൾ നിരത്തുന്ന തടസവാദം….!

മനസിലോർത്തുകൊണ്ടു കണ്ണാടിയിലൂടെ അവളെ നോക്കിയപ്പോൾ ഫോണിൽ അലക്ഷ്യമായി കുത്തിക്കളിക്കുകയാണെങ്കിലും അവളുടെ മനസും തന്നെപ്പോലെതന്നെ മറ്റെവിടെയോ അലയുകയാണെന്നു തോന്നി

ഡ്രൈവ് ചെയ്യുന്നതിനിടയിൽ വീണ്ടും ഇടയ്ക്കിടെ കണ്ണാടിയിലൂടെ അവളെ നോക്കികൊണ്ടിരുന്നപ്പോൾ അവളുടെ സൗന്ദര്യം കൂടിക്കൂടി വരുന്നുണ്ടെന്നു തോന്നുന്നുണ്ടായിരുന്നു……!

ഇടതുഭാഗത്തെ മാറിടത്തിലേക്കു വിടർത്തി വിരിച്ചിട്ടിരിക്കുന്ന അഴിഞ്ഞുലഞ്ഞ നീണ്ട മുടിയിഴകൾ…..
നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വലിയ വട്ടപ്പെട്ട്……
ഇരുനിറത്തിനു ചേർന്ന ചുവന്ന സാരിയും ബ്ലൗസും……
ചുവന്ന നിറത്തിലുള്ള രണ്ടുവീതം കുപ്പിവളകൾ….
കഴുത്തിൽ ഒട്ടിച്ചേർന്നു കിടക്കുന്ന നൂലുപോലുള്ള സ്വർണ്ണമാല…..
ആരെയും കൊതിപ്പിക്കുന്ന കരിനീല മിഴികൾക്കു കാവലാളായി ബാർബിപാവയുടേതുപോലെയുള്ള നീണ്ടുഇടത്തൂർന്നു കൺപീലികൾ.. …..
ആകെ നോക്കിയാൽ ഒരു ലാസ്യഭാവം……!

എത്ര വേശ്യയാണെന്നു പറഞ്ഞാലും ആരാണിവളെ സ്വന്താമാക്കുവാൻ മോഹിക്കാതിരിക്കുക……!

ഇവൾ ഇത്രയും സുന്ദരിയായിരുന്നോ……!
അവളെ ഇത്രയും സുന്ദരിയായി കാണുന്നതു ഇന്നാണെന്നു അയാൾക്ക്‌ തോന്നി…..!
അല്ലെങ്കിൽ ഞാൻ കണ്ടതിൽവച്ചേറ്റവും സുന്ദരിയോ…..!

ഇവൾക്ക് ഇത്രയും ഭംഗിയൊക്കെയുണ്ടായിരുന്നോ…..
അവളുടെ ചേഷ്ടകളും സ്നേഹവും പരിചരണവും പരിഭവവുമൊക്കെ അസ്വദിക്കുന്നതിനിടയിൽ താൻ ശ്രദ്ധിക്കാതെ പോയതാണോ……!
അയാൾക്ക് അത്ഭുതം തോന്നി.

“മണ്ണിനെയും പെണ്ണിനേയും നോക്കുന്നതിനു അനുസരിച്ചു നന്നാവുമെന്നു പഴമക്കാർ പറയുന്നത് വെറുതെയല്ല…….”

നിരാശയുടെ ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ ആത്മഗതം നടത്തിയത് തെല്ലുറക്കെയായിപ്പോയെന്നു കൈത്തണ്ടയിൽ തന്നെ അവളുടെ നുള്ളുകിട്ടിയപ്പോഴാണ് അയാൾക്ക് ബോധ്യമായത്.

“എന്താ ഇപ്പോൾ പറഞ്ഞത്……”

കൂർത്ത നോട്ടത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അവളെനോക്കി കണ്ണിറുക്കിയതേയുള്ളൂ.

“ഓ….. വീണ്ടും തുടങ്ങിയെന്ന് തോന്നുന്നു….”

പക്ഷേ അവളുടെ പിറുപിറുക്കൽ കേട്ടപ്പോൾ കുറച്ചുമുന്നേയുള്ള ഹോട്ടൽ മുറിയിലെ സംഭവങ്ങൾ അയാളുടെ മനസിലൂടെ മിന്നിമറയുകയുകയും കുസൃതിചിരിയോടൊപ്പം ചുണ്ടിൽ ഒരു ഹിന്ദിമൂളിപ്പാട്ട് തത്തികളിക്കുകയും ചെയ്തു.
.
“”ചോളി കെ പീച്ചേ ക്യാഹേ…..
ചോളി കെ പീച്ചേ……”

“ചിലപ്പോൾ തോന്നും നല്ലതാണെന്ന്……
പക്ഷേ ഇപ്പോൾ ആ റയിൽവേ സ്റ്റേഷനടുത്തുള്ള ആൽമരത്തിൻറെ ചുവട്ടിലിരിക്കുന്ന വായ്നോക്കികളെ പോലെതന്നെയുണ്ടു…..
അവരാണ് ഇതുപോലുള്ള വൃത്തികെട്ട പാട്ടുകൾ പെണ്ണുങ്ങളുടെ മുന്നിൽനിന്നും പാടുന്നത്…..”

ലജ്ജയോടെ അയാളുടെ കൈവണ്ണയിൽ ശക്തിയോടെ അമർത്തി നുള്ളിവലിച്ചുകൊണ്ടാണ്‌ പ്രതിഷേധിച്ചത്.

“എന്റെ മായമ്മേ……
നമ്മൾ ഹോട്ടലിൽ നിന്നും ഇറങ്ങുന്നതിനു തൊട്ടുമുന്നേയുള്ള കാര്യങ്ങൾ ഞാനോർത്തു പോയി……
ഞാനൊന്നു…..”

പാട്ടുമൂളുന്നതിനിടയിൽ സ്റ്റീയറിങ്ങിൽ താളം പിടിച്ചുകൊണ്ടായിരുന്നു അവളെ പ്രകോപിപ്പിക്കുവാനായി മനപ്പൂർവ്വം പൊട്ടിച്ചിരിച്ചുകൊണ്ടുള്ള അയാളുടെ പ്രതികരണം.

“ബേ….. ബേ….
ഇങ്ങനെ പറയുമെന്ന് എനിക്കുറപ്പായിരുന്നു…….
അതുകൊണ്ടു കൂടെയാണ്് മുന്നിൽ കയറുന്നില്ല പിറകിലെ സീറ്റിൽ ഇരുന്നോളാമെന്നു ഞാൻ പറഞ്ഞതും…..
കുറെ ഉപദേശമൊക്കെ തന്നുകൊണ്ടു അതിനല്ലേ എന്നെ മുന്നിലിരുത്തിയത് അല്ലെ…..”

കൊഞ്ഞനം കുത്തിക്കൊണ്ടു കരയുന്നതുപോലെ പറഞ്ഞതും കഴുത്തുവെട്ടിച്ചുകൊണ്ടു സാരിയും മുടിയുമൊക്കെ ഒതുക്കിപ്പിടിച്ചു കാറിന്റെ വാതിലിന്റെ ഭാഗത്തേക്ക് നീങ്ങിയൊതുങ്ങിയിരുന്നതും ഒരുമിച്ചായിരുന്നു.

“മായമ്മേ…….”

പിണങ്ങിയതാണെന്നു തോന്നിയപ്പോൾ ചിരിയോടെയാണ് അയാൾ വിളിച്ചത്.

പക്ഷേ…..
വശങ്ങളിലെ ചില്ലിലൂടെ പുറത്തേക്ക് നോക്കുന്നതല്ലാതെ പ്രതികരിക്കുന്നില്ലെന്നു കണ്ടപ്പോൾ അയാൾക്കും വല്ലായ്മയായി.

“ഞാനൊരു തമാശ പറഞ്ഞതല്ലേ മായമ്മേ…..”

ഇടതുകൈകൊണ്ടു അവളുടെ ചുമലിൽ പിടിച്ചുവലിച്ചുകൊണ്ടാണ് വീണ്ടും വിളിച്ചത്.

“വേണ്ട……
നിങ്ങളെന്നെ വിളിക്കേണ്ട…..
ഞാൻ അങ്ങനെയുള്ളവളായതുകൊണ്ടല്ലേ…..
അനിലേട്ടൻ ഇപ്പോഴങ്ങനെ പറഞ്ഞത്….
നിങ്ങളെ വിഷമിക്കേണ്ടെന്നു കരുതിയാണ് ഞാൻ…….
അല്ലാതെ……..”

തന്റെ കൈതട്ടിമാറ്റിക്കൊണ്ടുള്ള അവളുടെ പ്രതികരണം കേട്ടപ്പോൾ പുറത്തേക്കു നോക്കി അവൾ കരയുകയായിന്നെന്നും……
തമാശയായി പറഞ്ഞകാര്യം വേറൊരു അർത്ഥത്തിൽ അവൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മനസിലായതും അയാളുടെ ഹൃദയം പിടഞ്ഞുപോകുകയും
നടുറോഡാണെന്നു പോലും ഓർക്കാതെ ബ്രേക്കിൽ കാലമരുകയും ചെയ്തു......



തുടരും......... ♥️



മായാമൊഴി 💖 46

മായാമൊഴി 💖 46

4.7
10321

“മായമ്മേ…… ദേ ഇങ്ങോട്ട് നോക്കിയേ …… ഈ അവസാനനിമിഷത്തിൽ എന്നെ വെറുതെ വിഷമിപ്പിക്കല്ലേ ……. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…. ഞാനങ്ങനെ പറയുമെന്നു മായമ്മയ്ക്ക് തോന്നിപ്പോയോ…… മായ അങ്ങനെയാണെന്ന് സ്വയം സമ്മതിച്ചപ്പോൾ പോലും അല്ലെന്നാണല്ലോ. ഞാൻ പറഞ്ഞത്….. ഇപ്പോൾ ഞാൻ വെറുതെയൊരു പൊട്ട തമാശ പറഞ്ഞപ്പോൾ ഇങ്ങനെ കരയല്ലേ മായമ്മേ…….” നടുറോഡിലാണ് വണ്ടി നിർത്തിയതെന്നുപോലും ഓർക്കാതെ വശങ്ങളിലെ ചില്ലിനോടു മുഖം ചേർത്തുവച്ചു കരയുന്ന അവളുടെ ചുമലിൽ ബലമായി പിടിച്ചു വലിച്ചുകൊണ്ട് പറയുമ്പോൾ അയാളുടെ ശബ്ദത്തിൽ നിറയെ കുറ്റബോധമായിരുന്നു. അപ്പോഴേക്കും പിന്നിലുള്ള