“മായമ്മേ……
ദേ ഇങ്ങോട്ട് നോക്കിയേ ……
ഈ അവസാനനിമിഷത്തിൽ എന്നെ വെറുതെ വിഷമിപ്പിക്കല്ലേ …….
ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….
ഞാനങ്ങനെ പറയുമെന്നു മായമ്മയ്ക്ക് തോന്നിപ്പോയോ……
മായ അങ്ങനെയാണെന്ന് സ്വയം സമ്മതിച്ചപ്പോൾ പോലും അല്ലെന്നാണല്ലോ. ഞാൻ പറഞ്ഞത്…..
ഇപ്പോൾ ഞാൻ വെറുതെയൊരു പൊട്ട തമാശ പറഞ്ഞപ്പോൾ ഇങ്ങനെ കരയല്ലേ മായമ്മേ…….”
നടുറോഡിലാണ് വണ്ടി നിർത്തിയതെന്നുപോലും ഓർക്കാതെ വശങ്ങളിലെ ചില്ലിനോടു മുഖം ചേർത്തുവച്ചു കരയുന്ന അവളുടെ ചുമലിൽ ബലമായി പിടിച്ചു വലിച്ചുകൊണ്ട് പറയുമ്പോൾ അയാളുടെ ശബ്ദത്തിൽ നിറയെ കുറ്റബോധമായിരുന്നു.
അപ്പോഴേക്കും പിന്നിലുള്ള വാഹനം നീട്ടി ഹോണടിക്കുവാനും ഡ്രൈവർ തലവെളിയിലേക്കിട്ടുകൊണ്ട് തെറിവിളിക്കാനും തുടങ്ങിയപ്പോൾ അയാൾ വീണ്ടും അക്സിലേറ്ററിൽ കാലമർത്തി വണ്ടി പതിയെ മുന്നോട്ടെടുത്തു.
” വേറെയാരെങ്കിലും എന്നോടങ്ങനെ പറഞ്ഞാൽ എനിക്കത്രയും വിഷമമില്ല ……
പക്ഷേ…..
നിങ്ങളങ്ങനെ പറയുമ്പോൾ എനിക്കു സഹിക്കാൻ പറ്റില്ല അനിലേട്ടാ ……
ഇനിയും നിങ്ങളങ്ങനെ പറയുന്നതുകേട്ടാൽ ഞാൻ ചത്തുപോയിക്കളയും……
അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും നിങ്ങളെന്നോട് എന്തു പറയുമ്പോഴും ഞാനങ്ങനെയായതു കൊണ്ടായിരിക്കുമെന്നാണ് എനിക്കുതോന്നി പോകുന്നത്………”
“തെറിവിളിച്ചുകൊണ്ടു മറികടന്നു പോയിരിക്കുന്ന വണ്ടിയുടെ ഡ്രൈവറെ തിരിച്ചു തെറിവിളിക്കുന്നതിനുവേണ്ടി ഓവർട്ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ശോഷിച്ച വെള്ളച്ചാട്ടം പോലെയുള്ള അവളുടെ ശബ്ദം ഒഴുകിയെത്തിയത് .
അവളുടെ വാക്കുകളും ശബ്ദവും കേട്ടപ്പോൾ തന്റെ ഹൃദയത്തിനു് മുകളിലൂടെ ഒരിക്കൽ കൂടി ആരോ ഒരു മുള്ളു വലിച്ചിഴച്ചു കൊണ്ടുപോയതു പോലെയാണ് അയാൾക്ക് തോന്നിയത്.
തന്നെ അവൾക്ക് ജീവനോളം ഇഷ്ടമാണെന്നു അവളുടെ പ്രവൃത്തികളും വാക്കുകളും ബോധ്യപ്പെടുത്തുന്നുണ്ടു…..
പക്ഷെ …..
തന്റെ ഭാര്യയായി ഒന്നിച്ചു ജീവിക്കാൻ സമ്മതവുമല്ല ……!
ഒന്നോരണ്ടോ മണിക്കൂറിനുള്ളിൽ അവൾ വഴിമാറിപ്പോയാലുണ്ടാകുന്ന ശൂന്യതയെ കുറിച്ചോർപോലും വയ്യ……
അതൊരു വല്ലാത്ത ഭീകരതയാണ്……
വെറും രണ്ടുരാത്രികളും മൂന്നു പകലുകളും അനുഭവിക്കുകയും മോഹിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്തിരിക്കുന്ന സ്നേഹവും പരിചരണവും പരിലാളനങ്ങളും നഷ്ടപ്പെട്ടാലുണ്ടാകുന്ന ശൂന്യത….. !
അതിന്റെ ഒറ്റപ്പെടൽ……!
അവളില്ലാതെ …….
അവളെ കാണാതെ …….
അവളുടെ സ്നേഹവും പരിഭവവും തൊട്ടറിയാതെ ഒരുനിമിഷംപോലും തനിക്കിനിയും മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് തോന്നുന്നു ……!
അവളില്ലെങ്കിലും ഇനിയും വഴിതെറ്റി സഞ്ചരിക്കാതിരിക്കുവാനാണ് ആൻറി പറഞ്ഞപ്പോൾ തന്നെ രേഷ്മയെന്ന ഓപ്ഷൻ സ്വീകാര്യമെന്നു തോന്നിയത് ……
പക്ഷേ ആയിരം രേഷ്മമാർ ചേർന്നാൽ പോലും ഒരു മായയാകുവാൻ സാധിക്കില്ലെന്ന് തനിക്കു ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്……!
തനിക്കു വേണ്ടത് ബിസിനസ് പങ്കാളിയെപോലുള്ള ഒരു ജീവിതപങ്കാളിയെയോ…..
ബിസിനസിന്റെ കണക്കുകൾ നോക്കുവാനും എപ്പോഴും ലാഭത്തെയും നഷ്ടത്തെയും കുറിച്ചു സംസാരിക്കുവാനുള്ള കണക്കപ്പിള്ളയെയോ അല്ല……!
പകരം തന്നെ താനായി മാത്രം കാണുന്ന…..
ഒരു കുഞ്ഞിനെ പോലെ തന്നെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന …..
മനസ്സിൽ കാലൂഷ്യമില്ലാതെ തന്നോട് പരിഭവിക്കുന്ന……
വൈരാഗ്യം ഇല്ലാതെ പിണങ്ങുന്ന…..
ചിരിച്ചുകൊണ്ട് അരിശപ്പെടുന്ന…..
തളർന്നു പോകുമ്പോൾ മടിയിൽ കിടത്തി നെറ്റിയിൽ തഴുകി ആശ്വസിപ്പിക്കുന്ന…..
ചുണ്ടുകൾകൊണ്ടും വാക്കുകൾകൊണ്ടും തന്റെ മനസ്സിന്റെ ഊഷ്മാവിനെ കൂട്ടുകയും കുറക്കുകയും ചെയ്യുവാൻ കഴിവുള്ളൊരു പെണ്ണിനെയാണ്……!
ഇവൾക്കല്ലാതെ വേറെ ആർക്കാണ് അതിനു സാധിക്കുക …. !
പക്ഷേ ……
അതെനിക്കു മാത്രം തോന്നിയാൽ പോരല്ലോ…. അവൾക്കും തോന്നേണ്ടേ……!
എല്ലാം വാങ്ങുവാൻ പക്ഷേ ഒരാളുടെ സ്നേഹവും മനസ്സും വിലകൊടുത്തു വാങ്ങാൻ സാധിക്കില്ലെന്നും അവൾതന്നെ എത്രയെത്ര തവണ തന്നെ ഓർമ്മപ്പെടുത്തിയിരിക്കുന്നു…..!
പിന്നെങ്ങനെ …..!
പിന്നെങ്ങനെയാണ് ഇനിയും ഞാൻ…..!
സാരിത്തുമ്പുയർത്തി കണ്ണുകൾ തുടയ്ക്കുന്ന അവളുടെ മുഖത്തുനിന്നും മിഴികൾ പറിച്ചുമാറ്റാതെ കണ്ണാടിയിലൂടെ നോക്കികൊണ്ടിരിക്കുന്നതിനിടയിലാണ് അയാളാലോചിച്ചത്.
കാർ മുന്നോട്ടു നീങ്ങുന്നതനുസരിച്ച് മനസ്സിലൂടെയും കടന്നുപോയ പലവിധ ചിന്തകളുടെയും വികാരങ്ങളുടെയും വേലിയേറ്റത്തിലും വേലിയിറക്കത്തിലും പെട്ടുകൊണ്ടു മനസ് ആടിയുലയുന്നതിനിടയിലാണ് പോക്കറ്റിൽ നിന്നും സൈലന്റ് മോഡിലായിരുന്ന മൊബൈൽ ചിലയ്ക്കുന്നതറിഞ്ഞത്.
സാരിയുടെ തുമ്പുചുരുട്ടിക്കൊണ്ടു തലകുനിച്ചിരിക്കുകയായിരുന്ന അവളുടെ മുഖത്തേക്കു പാളിനോക്കിയശേഷമാണ് കീശയിൽ നിന്നും ഫോണെടുത്തു നോക്കിയത്.
ഡിസ്പ്ലേയിൽ അങ്കിളിനെ പേര് കണ്ടതോടെ നിരാശയോടൊപ്പം ദേഷ്യവും വന്നു …..
പാവം …….
താൻ പറഞ്ഞിരുന്ന വാക്കുകൾ വിശ്വസിച്ചുകൊണ്ട് മാലയും ബൊക്കയുമൊക്കെയായി അർദ്ധനാരീശ്വര ക്ഷേത്രത്തിനുമുന്നിൽ ഇപ്പോഴും സന്തോഷത്തോടെ കാത്തിരിക്കുന്നുണ്ടാവും…..!
അങ്കിളിനോടും കൂട്ടുകാരോടും ഇനിയെന്താണ് സമാധാനം പറയുകയെന്നോർത്തപ്പോൾ അയാൾക്ക് തല പുകയുന്നതുപോലെ തോന്നി….!
എന്താണ് മറുപടി പറയേണ്ടതെന്ന് ആലോചിക്കുന്നതിനിടയിൽ ഫോണിന്റെ കുലുക്കം അവസാനിച്ചപ്പോൾ ആശ്വാസമായി…..!
ഫോൺ വീണ്ടും പോക്കറ്റിലിട്ടതേയുള്ളൂ…..!
വീണ്ടും ആരോ വിളിച്ചുതുടങ്ങി …..!
അങ്കിൾ തന്നെയായിരിക്കുമെന്നു മനസിൽ കരുതിയാണ് ഫോണെടുക്കുവാനായി പോക്കറ്റിൽ കയ്യിട്ടത് …..!
പക്ഷേ…..
ഇത്തവണ വിളിച്ചുകൊണ്ടിരുന്നത് കാര്യങ്ങളൊക്കെ ഏൽപ്പിച്ചിരുന്ന അടുത്ത കൂട്ടുകാരനായിരുന്നു ……!
ഇടയ്ക്കു വിളിക്കരുതെന്ന് എല്ലാവരെയും ശട്ടം കെട്ടിയിരുന്നെങ്കിലും ഇതുവരെ അവിടെ എത്തിച്ചേരാത്തതുകൊണ്ടു മുഹൂർത്തം അടുക്കാറായി എന്നൊരു ഓർമപ്പെടുത്തലിനു വേണ്ടിയായിരിക്കുമെന്നു അയാൾ ഊഹിച്ചു.
പണത്തിനുവേണ്ടി ഒരു വേശ്യയായി മാറിയ അവൾ താൻ പറയുന്നത് സമ്മതിക്കുമെന്നൊരു ഉറപ്പിൽ പണത്തിന്റെ അഹങ്കാരത്തോടെ ഒരാവേശത്തിൽ അവരോട് ഒരുക്കങ്ങൾ നടത്തുവാൻ പറഞ്ഞതല്ലാതെ പിന്നീടുള്ള സംഭവവികാശങ്ങളൊന്നും അവരെ അറിയിച്ചിരുന്നില്ല…….!
പണത്തിനും പദവിക്കും അപ്പുറമുള്ള ചില ബന്ധങ്ങളുണ്ടെന്നു അപ്പോഴൊന്നും തനിക്കറിയുകയും ചെയ്യുമായിരുന്നില്ല……!
അവൾ അതിനൊന്നും വഴങ്ങുന്നില്ലെന്ന് സ്നേഹത്തോടെ തന്നെയും കാത്തിരിക്കുന്ന പാവങ്ങൾക്ക് അറിയില്ലല്ലോ ……!
അവളുടെ അനിയേട്ടന്റെ സ്ഥാനത്തു മറ്റാരെയും കാണുവാൻ കഴിയില്ലെന്ന് അവൾ പറഞ്ഞിരുന്ന കാര്യം താൻ അവരോട് പറഞ്ഞിട്ടുമില്ല……!
ഗതികേടുകൊണ്ടു അവളുടെ ശരീരം മാത്രമാണ് വിൽപ്പനയ്ക്ക് വച്ചിരുന്നതെന്നും മനസും ഹൃദയവും അവളുടെ അനിയേട്ടനുമാത്രമായി തീറെഴുതി നല്കിയിരിക്കുകയാണെന്നും അപ്പോഴൊന്നും തനിക്കും അറിയുമായിരുന്നില്ല…..!
അവരെയൊക്കെ ഇനിയെങ്ങനെ അഭിമുഖീകരിക്കും ……!
അവരോടൊക്കെ എങ്ങനെയാണ് ഈ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക……! ആലോചിക്കുന്തോറും ഭ്രാന്താകുന്നതു പോലെ അയാൾക്ക് തോന്നി.
പോക്കറ്റിലേക്ക് തിരുകുന്നതിനിടയിൽ വാശിയോടെന്നപോലെ ഫോൺ വീണ്ടും കുലുങ്ങി തുടങ്ങിയപ്പോൾ ആരാണെന്നുപോലും നോക്കാതെ ഫോണെടുത്ത് സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് വലിച്ചെറിയുന്നതുപോലെ ഗീയർ ഗീയർ ബോക്സിനുമുകളിലേക്കിട്ടശേഷം ആക്സിലേറ്ററിൽ കാലമർത്തിച്ചവിട്ടി .
ഗീയർ ബോക്സിനു മുകളിൽ നിന്നും താഴേക്കു തെന്നിനീങ്ങിയ ഫോൺ തന്റെ കാലിൽ വന്നു പതിച്ചപ്പോഴാണ് ഇടയ്ക്കിടെ കണ്ണുകൾ തുടയ്ക്കുന്നതിനിടയിൽ മനസ്സുകൊണ്ട് മറ്റേതോ ലോകത്ത് അലയുകയായിരുന്നു അവളും ഞെട്ടിയുണർന്നത് ……!
ആത്മസംഘർഷം കൊണ്ടു കല്ലിച്ച മുഖത്തോടെ ഡ്രൈവ് ചെയ്യുകയായിരുന്ന അയാളുടെ മുഖത്തേക്കും താഴെ വീണുകിടക്കുന്ന ഫോണിലേക്കും ആശങ്കയോടെ മാറിമാറി നോക്കിയശേഷം കുനിഞ്ഞു ഫോണെടുത്തു മുഖമുയർത്താതെതന്നെ അയാളുടെ നേരെ നീട്ടിയെങ്കിലും അയാൾ കണ്ടഭാവം നടിക്കുന്നില്ലെന്നു അമ്പരപ്പോടെ തിരിച്ചറിഞ്ഞപ്പോൾ ശ്വാസം മുട്ടലിന്റെ പിടച്ചിലോടെയാണ് അയാളുടെ നേരെ തലയുയർത്തിയപ്പോൾ
മുന്നിലുള്ള കെട്ടിടങ്ങളും മരങ്ങളുമെല്ലാം മിന്നൽ വേഗത്തിൽ പിന്നിലേക്ക് ഓടി മറയുന്ന കാഴ്ച്ചകണ്ടതൊടെയാണ് കാറിന്റെ വേഗം കൂടിയിരിക്കുകയാണെന്നും പേടിയോടെ അവൾ തിരിച്ചറിഞ്ഞത്….!
അയാളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അവൾക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു.
“താൻ കരഞ്ഞതുകൊണ്ടാണോ അനിലേട്ടനു ദേഷ്യം വന്നിരിക്കുന്നത്……”
പെട്ടന്നവൾക്ക് അങ്ങനെയാണ് തോന്നിയത്.
“അനിലേട്ടാ……’
ആർദ്രമായ സ്വരത്തിലുള്ള വിളിയോടൊപ്പം തന്റെ കൈത്തണ്ടയിൽ അവളുടെ കൈപ്പത്തിയുടെ തണുത്ത മൃദുസ്പർശനമേറ്റപ്പോൾ
പിടിച്ചു കെട്ടിയതുപോലെ താൻപോലും അറിയാതെകാറിൻറെ വേഗത കുറയുന്നത് അയാളും അറിഞ്ഞു…….!
” അനിലേട്ടാ ……
എന്താണ് പറ്റിയത് ……
എന്തിനാണ് ഇത്രയും വേഗത്തിൽ വണ്ടിയോടിക്കുന്നത്……
എന്നോടുള്ള ദേഷ്യം കൊണ്ടാണോ…..!
ഞാൻ കരഞ്ഞതുകൊണ്ടാണോ അനിലേട്ടനു ദേഷ്യം……
നിങ്ങളെന്നെ എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ……
അല്ലെങ്കിൽ കൊല്ലണമെങ്കിൽ കൊന്നോളൂ….. അല്ലാതെ എന്നോടുള്ള ദേഷ്യം കൊണ്ടു മിണ്ടാതെ നിൽക്കല്ലേ ……
അതെനിക്ക് സഹിക്കാൻ പറ്റില്ല …….
നേരത്തെ പലരും എന്നോട് അങ്ങനെയൊക്കെ സംസാരിക്കുമായിരുന്നു അതുകൊണ്ടാണ് അനിയേട്ടനും അങ്ങനെ പറയുന്നതുകേട്ടപ്പോൾ എനിക്കുവേഗം സങ്കടം വന്നത് …..!
എന്നോട് ദേഷ്യപ്പെടരുത് കേട്ടോ…….!
പറയുന്നതിനിടയിൽ ചുമലിലേക്കു ചാഞ്ഞിരുന്നു അവളുടെ വലതുകൈ സ്റ്റീയറിങ് പിടിച്ചിരുന്ന തന്റെ ഇടതുകൈയുടെ ഇടയിലൂടെയിട്ടു ചങ്ങലപോലെ കോർത്തുപിടിച്ചിരുന്നു.
സങ്കടത്തോടെ വേവലാതിനിറഞ്ഞ അവളുടെ ചോദ്യവും പ്രവർത്തിയും മനസിന്റെ താപം ശമിപ്പിക്കുകയും ഉള്ളം തണുത്തു ഉൾപുളകങ്ങൾ വിരിയുകയും ചെയ്തെങ്കിലും ……
വീണ്ടും വീണ്ടും നീ എന്നെ മോഹിപ്പിക്കുകയാണോ എന്ന അർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി വിഷാദത്തോടെ ചിരിച്ചതേയുള്ളൂ
“ചിരിക്കാതെ എന്നോട് ദേഷ്യമില്ലെന്നു പറയൂ…..
ഇല്ലെങ്കിൽ പിന്നെ വീട്ടിലെത്തിയാൽ എനിക്കൊരു സമാധാനവുമുണ്ടാകില്ല……!
ഒരു പൂച്ചക്കുട്ടിയെ പോലെ തന്റെ ചുമലിൽ മൂക്കും നെറ്റിയും ഉരസിക്കൊണ്ടു വീണ്ടും അപേക്ഷിക്കുന്നത് കേട്ടപ്പോൾ തന്റെയുള്ളിലെ അസ്വസ്ഥതകളും ആത്മസംഘർഷങ്ങളും ഒരു നിമിഷംകൊണ്ട് ആവിയായി പോകുന്നതുപോലെ തോന്നിയെങ്കിലും ചിരിച്ചതല്ലാതെ അതിനും അയാൾ പ്രതികരിച്ചില്ല …….!
“ഓ……വല്ല്യ ഗമ കാണിക്കരുത് കേട്ടോ ……
അല്ലെങ്കിലും എനിക്കറിയാം എന്നോടു വേറെ സ്നേഹമൊന്നുമില്ലെന്നു…..
എന്നോട് ദേഷ്യം ഇല്ലെന്നു പറയൂ അനിലേട്ടാ…..
പ്ലീസ്…….!
നല്ല മോനല്ലേ…… വേഗം പറയൂ …..!
ഇനിയങ്ങോട്ട് റോഡരികിൽ പരിചയക്കാർ ആരെങ്കിലും കാണും പ്ലീസ് പറയൂ……!”
പതിവു പ്രതിഷേധയിനമായി കാലിൽ അമർത്തി നുള്ളിയശേഷം ചങ്ങലപോലെ കുടുക്കിയിട്ട അവളുടെ കൈത്തണ്ട കുലുക്കിക്കൊണ്ടു അപേക്ഷാഭാവത്തിൽ ചരിഞ്ഞുമുഖത്തേക്കു നോക്കി കരയുന്നതുപോലെ അടഞ്ഞ ശബ്ദത്തിലുള്ള ഇപ്പോഴത്തെ അപേക്ഷ കേട്ടപ്പോൾ ഇനിയൊരിക്കൽക്കൂടി നിർവികാരത നടിക്കുവാൻ അയാൾക്ക് കഴിയില്ലെന്നു അയാൾക്ക് ബോധ്യമായി…..!
” മായമ്മയോട് എനിക്കെന്തിനാണ് ദേഷ്യം….. എനിക്കെപ്പോഴും നിന്നോടു സ്നേഹമേയുള്ളൂ…..
മായമ്മയ്ക്കല്ലേ എന്നെ വിശ്വാസമില്ലാത്തത്…….”
ഇടതുകൈകൊണ്ടു ഒരു നിമിഷം തന്നോട് ചേർത്തു പിടിച്ചു മൂർധാവിൽ മുകർന്നശേഷം പതുക്കെ തോളത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ടു സംതൃപ്തിയോടെയും നിറഞ്ഞ സ്നേഹത്തോടെയുമാണ് മറുപടി പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
.”സ്നേഹത്തോടെയുള്ള സ്പർ്ശനവും ദേഷ്യമില്ലെന്ന മറുപടിയും കിട്ടിയത്തിന്റെ സന്തോഷാശ്രുക്കൽ നിറഞ്ഞ ചിരിയോടെ തന്റെ ഇടതുകൈതണ്ടയ്ക്കിടയിലൂടെ ചങ്ങലപോലെ കോർത്തുപിടിച്ച വലതുകൈത്തണ്ട വലിച്ചെടുക്കുന്നതിനിടയിൽ ഒന്നുരണ്ടുതവണ അറിയാത്ത മട്ടിൽ അവളുടെ ചുണ്ടുകൾ തന്റെ ചുമലിൽ പതിയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു…..!
അറിഞ്ഞുകൊണ്ടുതന്നെയാണോ…!
.അതോ അറിയാതെയോ ……!
“എനിക്കേതായാലും ഇതുമതി ……
എനിക്കിതുമതി ……”
സ്വന്തം സീറ്റിലേക്ക് നീങ്ങിയിരിക്കുന്നതിനിടയിൽ നനഞ്ഞ മിഴികളോടെ അവൾ പിറുപിറുക്കുന്നത് കേട്ടത്തോടെ
അവളോടുള്ള പ്രണയവും …..
ഇഷ്ടവും …..
സഹാനുഭൂതിയും
അഭിനിവേശവും….
അടങ്ങാത്ത ആസക്തിയും …..
അവൾ നൽകിയിരുന്ന അനുഭൂതികളുമൊക്കെ അയാളുടെ മനസ്സിനുള്ളിൽ ഒരിക്കൽ കൂടി നുരഞ്ഞുയർന്നു തുടങ്ങി.
അതുകൊണ്ടു അവളെന്താണ് അർത്ഥമാക്കുന്നതെന്നു ആലോചിക്കുന്നതിനിടയിലാണ് തങ്ങളുടെ എതിർവശത്തു ദൂരെനിന്നും ഒരു വലിയ ട്രക്ക് വന്നുകൊണ്ടിരിക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്……!
അതോടെ അവളോടുള്ള ഇഷ്ടവും പ്രണയവും അയാളുടെ മനസിനെ അന്ധമാക്കുവാനും അസ്വസ്ഥമായ മനസിനുള്ളിൽ ഭ്രാന്തൻ ചിന്തകൾ ചിലന്തിവല നെയ്യുവാനുംതുടങ്ങി…….!
അവളുടെ കൂടെ ജീവിക്കുവാനോ സാധിക്കുകയില്ല…..!
അവളെയുംകൊണ്ടു മരണത്തിലേക്ക് പോയാലോ…..!
മുന്നിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന ട്രക്കിനു നടുവിലേക്കു വണ്ടിയിടിച്ചുകയറ്റിയാൽ ഒരുനിമിഷംകൊണ്ടു ഒറ്റയടിക്ക് രണ്ടുപേരും അവസാനിക്കും…..!
അവളുടെ കൂടെ ജീവിക്കുവാൻ സാധിച്ചില്ലെങ്കിൽ മരിക്കാനെങ്കിലും സാധിക്കുമല്ലോ ……!
അപ്പോഴേക്കും ട്രക്ക് തൊട്ടടുത്തെത്തിയിരുന്നു…..!
ചിന്താശേഷി നഷ്ടപ്പെട്ട തലച്ചോറിലെ ഭ്രാന്തൻ ചിന്തകളുമായി അവസാനമായി കാണുന്നതുപോലെ പ്രണയത്തിന്റെ തിമിരം കയറിയ കണ്ണുകളോടെ അവളെയൊന്നു നോക്കി ചിരിച്ചശേഷം ആക്സിലേറ്ററിൽ കാലമർത്തികൊണ്ടു സ്റ്റീയറിങ് വീൽ ട്രാക്കിനുനേരെ തിരിച്ചു വെട്ടിക്കാനൊരുങ്ങുമ്പോഴാണ് ഇതൊന്നുമറിയാതെ തൊട്ടരികിരുന്നു യാത്രാചെയ്യുകയായിരുന്ന അവളുടെ ദീർഘനിശ്വാസത്തോടെയുള്ള അപ്രതീക്ഷിത ആത്മഗതം ഞെട്ടലോടെ അയാൾ കേട്ടത്……!
” എന്റെ മോളെന്നെ കാത്തിരിക്കുന്നുണ്ടാകും……
ഇന്നു ഉച്ചയ്‌ക്ക് തന്നെ അവളെ അംഗൻവാടിയിൽനിന്നും കൂട്ടി കൊണ്ടുവരുവാൻ ഞാൻ അമ്മയോട് പറഞ്ഞിരുന്നു…..”
അയാളെയും അയാളുടെ ജീവിതത്തെയും കുറിച്ചുമാത്രം ഓർത്തുകൊണ്ടിരിക്കുന്നതിനിടയിൽ ആരോ ഓർമ്മിച്ചതുപോലെ മോളുടെ മുഖം മനസിലേക്ക് കടന്നുവന്നതോടെ അവളുടെ കുഞ്ഞുകുഞ്ഞു കുസൃതികളും കൊഞ്ചലും വികൃതികളും മാത്രമായിരുന്നു മനസിൽ…….
അതുകൊണ്ടു എത്രയും പെട്ടെന്നു തന്നെ അവളെ കാണണമെന്ന ധൃതിയോടെ അവളുടെ കാര്യം അയാളോട് പറയുന്നതിനിടയിൽ് ഒട്ടും പ്രതീക്ഷിക്കാതെ അയാൾ കാർ വെട്ടിച്ചപ്പോഴേക്കും സ്വതവേ ഭയന്നുകൊണ്ടു മുൻ സീറ്റിലിരിക്കുകയായിരുന്ന അവൾ എടുത്തെറിഞ്ഞതുപോലെ ഗീയർ ബോക്സിനടുത്തേക്ക് തെന്നിനീങ്ങിയിരുന്നു…..!
“എന്താ അനിലേട്ടാ……
എന്തുപറ്റി……
ഞാൻ പേടിച്ചുപോയല്ലോ……”
തന്റെ കാലിൽ കൈകുത്തിക്കൊണ്ടു നേരെ ഇരിക്കുന്നതിനിടയിൽ കടന്നുപോയ ട്രക്കിനെയും തന്റെ മുഖത്തേക്കും പേടിയോടെ മാറിമാറിനോക്കിക്കൊണ്ടു പരിഭ്രമത്തോടെ ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിറയെ മരണഭയമായിരുന്നെന്നു അയാൾക്ക് തോന്നി.
“പേടിക്കണ്ട മായമ്മേ…..
ഒന്നുമില്ല……..
മായ ഒന്നും മിണ്ടാത്തതുകൊണ്ടാണെന്നു തോന്നുന്നു…..
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചെറുതായി കണ്ണടഞ്ഞുപോയോ എന്നൊരു സംശയം……”
മോളുടെ കാര്യം പറയുവാൻ അവൾ രണ്ടു നിമിഷം വൈകിയിരുന്നെങ്കിൽ……
വൈകിയിരുന്നെങ്കിൽ…….
ഇപ്പോൾ രണ്ടുപേരും ആ ട്രാക്കിനടിയിൽ….
അതോർക്കുവാൻ കൂടെ വയ്യ…….
ഹൃദയം വിറച്ചുപോകുന്നു……!
അല്ലെങ്കിൽ താനെന്തൊരു സ്വാർഥനാണ് മായമ്മ തന്റെ കൂടെ വന്നില്ലെങ്കിൽ തനിക്ക് കാമുകിയെപ്പോലുള്ള ഒരു ഭാര്യയെ കിട്ടില്ലെന്നേയുള്ളൂ……
പക്ഷേ……
രേഷ്മയെയോ വേറേതെങ്കിലും പെണ്ണിനെയോ ഭാര്യയായി കിട്ടുമായിരിക്കും….!
അതുപോലെയാണോ അവളുടെ മോളുടെ കാര്യം…..
ഒരു വയസ്സ് തികയുന്നതിനുമുന്നേ അച്ഛനെ നഷ്ട്ടപ്പെട്ട മൂന്നുവയസുകാരിയായ നക്ഷത്ര കണ്ണുകളുള്ള ആ മാലാഖയ്ക്ക് തന്റെ സ്വാർഥത കാരണം അമ്മയെ കൂടി നഷ്ടപ്പെട്ടിരുന്നെങ്കിൽ….
അവളുടെ അവസ്‌ഥയെന്താകുമായിരുന്നു…..
അല്ലെങ്കിൽ തന്നെ ജീവിക്കുന്നുണ്ടെങ്കിൽ ഈ ഭൂമിയിൽ ഇതുപോലെ ഒന്നിച്ചു ജീവിക്കുവാൻ സാധിക്കണം……
അല്ലാതെ ഒന്നിച്ചു മരിച്ചതുകൊണ്ടെന്താണ് പ്രയോജനം……
കേട്ടുകേൾവിയിലുള്ള പരലോകത്തിലോ…..
അടുത്ത ജന്മത്തിലോ ഒന്നിച്ചു ജീവിക്കുവാൻ വേണ്ടിയാണോ ഒന്നിച്ചുമരിക്കുകയെന്ന വിഡ്ഢിത്തത്തെ കുറിച്ചു ഒരു നിമിഷം താൻ ആലോചിച്ചു പോയത്……!
വലിയ വീരവാദം മുഴക്കുന്ന താൻ ഇത്രയും ദുർബലനായിരുന്നോ…..!
ഓർത്തപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുപൊടിയുകയും തല പെരുക്കുന്നതുപോലെ തോന്നുകയും ഹൃദയത്തിലെ വിറയൊന്നും പുറത്തുകാണിക്കാതെ സ്വാഭാവികമായ രീതിയിലാണ് മറുപടി കൊടുത്തത്.
“ഇന്നലെ രാത്രിയിൽ വെറുതെ അതുമിതും പറഞ്ഞുകൊണ്ട് ഉറക്കമിളിച്ചതുകൊണ്ടല്ലേ ഇപ്പോൾ ഉറക്കം വരുന്നത്…….
അല്ലെങ്കിൽ അനിയേട്ടനു ഒരു ഡ്രൈവറെ ആക്കിക്കൂടെ…….
ഇനി വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കണം കെട്ടോ…….
ഉറക്കമൊഴിഞ്ഞാലൊന്നും വണ്ടിയെടുക്കരുത് പറഞ്ഞേക്കാം…..
എന്റെ മനസിൽ ഇനിയെപ്പോഴും ഇതുതന്നെയായിരിക്കും ഒരു സമാധാനവും കിട്ടില്ല…….”
ആത്മഗതം പോലെയാണ് അവസാനഭാഗം അവൾ പറഞ്ഞു നിർത്തിയത്.
സ്നേഹത്തോടെയും അനുകമ്പയോടെയും തന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു പറയുന്നതിനിടെ അവസാന വാചകം പറയുമ്പോൾ കണ്ണുകൾ തുളുമ്പിയതുകണ്ടത്തോടെ അവളുടെ ഹൃദയത്തിനുള്ളിലെവിടെയോ തന്നെയവൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു അയാൾക്ക് സംശയം തോന്നിത്തുടങ്ങി.
നോക്കുമ്പോഴൊക്കെ സാരിയുടെ തുമ്പുചുരുക്കുകയും നിവർത്തുകയും ചെയ്യുന്നതിനിടയിലും മൊബൈൽഫോണിൽ അലക്ഷ്യമായി കുത്തികളിക്കുന്നതിനിടയിലുമൊക്കെ ഒളികണ്ണുകൊണ്ട് അവൾ തന്നെ നോക്കുന്നത് അയാൾ കാണുന്നുണ്ടായിരുന്നു.
അതിനിടയിലെപ്പോഴോ വാനിറ്റി ബാഗിൽനിന്നും എന്തോ തിരയുന്നതിനുവേണ്ടി മൊബൈൽഫോൺ അവൾ സ്വന്തം മടിയിൽ വച്ചപ്പോൾ സ്ക്രീനിലെ വെളിച്ചം അണയുന്നതിനു തൊട്ടുമുമ്പാണ് ഫോണിന്റെ സ്ക്രീൻ സേവറായി സെറ്റുചെയ്തു വച്ചിരിക്കുന്ന ഫോട്ടോ അയാളുടെ ശ്രദ്ധയിൽപെട്ടത് ……!
ഹോട്ടലിൽ മുറിയിൽനിന്നും പുറത്തിറങ്ങുന്നതിന് തൊട്ടുമുന്നേ താനും അവളും ചേർന്നെടുത്ത ഫോട്ടോ തന്നെയല്ലേയത് ……?
താനും അവളും ആത്മനിയന്ത്രണം നഷ്ട്ടപ്പെട്ടു സ്വയം ഇല്ലാതായികൊണ്ടിരിക്കുന്ന നിമിഷങ്ങളിലെപ്പോഴോ സ്ക്രീനിൽ പതിഞ്ഞുപോയ ഫോട്ടോ…..!
ചന്ദ്രിക സോപ്പിന്റെയും ചന്ദനത്തിന്റെയും മാസ്മര ഗന്ധത്തോടൊപ്പം അവളുടെ ശരീരത്തിന്റെ ചൂടും മൃദുലതകളും ശ്വാസഗതിയും തന്നെ ഉന്മത്തനാക്കി ആസക്തിയുടെ കൊടുമുടിയിലെത്തിക്കുന്നതിനു തൊട്ടുമുന്നേയുള്ള മാസ്മരിക ചിത്രം…..!
സംശയം തീർക്കുവാനായി ഒന്നുകൂടി നോക്കുമ്പോഴേക്കും സ്ക്രീനിലെ വെളിച്ചം അണഞ്ഞിരുന്നു ……!
എങ്കിൽ പിന്നെ ഫോണെടുത്തുനോക്കി സംശയം തീർക്കാമെന്നു കരുതി ഫോണിനടുത്തേക്ക് കൈയ്യെത്തുമ്പോഴേക്കും പരിഭ്രമത്തോടെ അബദ്ധം പിണഞ്ഞതുപോലുള്ള കള്ളച്ചിരിയുമായി തട്ടിപ്പറിക്കുന്നതുപോലെ അവൾ ഫോണെടുത്തു മാറ്റുന്നത് കണ്ടതോടെ മനസ്സിലെ സംശയം അയാൾ ഉറപ്പിച്ചു…..!
അതോടെ വരണ്ടുണങ്ങി തുടങ്ങിയിരുന്ന തന്റെ മനസ്സിലേക്ക് നനുത്ത ഒരു നനുനനുത്ത ഒരു ചാറ്റൽമഴ ചെയ്യുന്നതായി അയാൾക്ക് തോന്നി…..!
നനഞ്ഞുകുതിരുവാൻ മോഹിപ്പിക്കുന്ന കുളിരുള്ള ചാറ്റൽമഴ …….!
“മതി …..
എനിക്കും ഇതു മതി ……
ഇതു മാത്രം മതി ……!”
അയാളും മനസ്സിൽ മന്ത്രിച്ചു.
പിന്നെ മൗനങ്ങളുടെ നീണ്ടനിമിഷങ്ങളായിരുന്നു….!
പറയാനുള്ളതൊന്നും പരസ്പരം തുറന്നു പറയാനാകാതെ ഒരേ മോഹങ്ങളും വിരുദ്ധചിന്തകളുമായി അവരവരുടേതായ ലോകത്തിൽ
ആശകളുടെയും ആശങ്കകളുടെയും തുരുത്തുകളിൽ മുങ്ങിയും പൊങ്ങിയും യാത്രചെയ്യുന്നതിനിടയിൽ അവർ ഒരേപോലെ ആഗ്രഹിച്ചിരുന്ന ഒരേയൊരു കാര്യം ഈ യാത്ര ഒരിക്കലും അവസാനിക്കരുതേ എന്നുമാത്രമായിരുന്നു ……!
“മായമ്മേ …..
ഒരു കാര്യം പറഞ്ഞേക്കാം …..
സ്വന്തം സാരിയിങ്ങനെ എപ്പോഴും ചുരുട്ടിയും പിരിച്ചും കളിക്കുന്നതുപോലെ കസ്റ്റമർമാർക്ക് സാരി കാണിച്ചുകൊടുക്കുന്നതിനിടയിൽ ഷോറൂമിലെ സാരിയിലും ചെയ്തുകൊണ്ട് എന്നെ പറയിപ്പിക്കരുത് കെട്ടോ……
അന്നു മുതലാളി വന്നപ്പോൾ പറഞ്ഞിരുന്നത് മായയും കേട്ടിരിക്കുമല്ലോ അല്ലേ ……
അവിടെ മുന്നൂറു രൂപ മുതൽ അമ്പതിനായിരം രൂപവരെ വിലയുള്ള സാരികൾ അവിടെയുണ്ടാകും ……
അതൊന്നും ഇതുപോലെ തിരിച്ചും പിരിച്ചും വൃത്തികേടാക്കിയേക്കാരുത്…….”
ഷോറൂമിലേക്ക് തിരിയുന്നതിന് മുൻപേ റോഡരികിലുള്ള വിസ്മയസാരിസിന്റെ വലിയ പരസ്യബോർഡ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സീറ്റിൽ പതുങ്ങിയിരുന്നു തലകുനിച്ചുപിടിച്ചുകൊണ്ട് വാനിറ്റിബാഗിന്റെ കൈയിൽ സാരിയുടെ തുമ്പുകൊണ്ടു അലക്ഷ്യമായി മെടഞ്ഞുകളിക്കുകയായിരുന്ന അവളെ നോക്കിക്കൊണ്ട് ചിരിയോടെ അയാൾ ഓർമിപ്പിച്ചത് .
അതിനു മറുപടിയായി ……
“ഓ….പിന്നെ …..”
എന്നർത്ഥത്തിൽ മിഴികളുയർത്തി നോക്കിയശേഷം ചുണ്ടുകൊണ്ടും മൂക്കുകൊണ്ടും എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കുന്നത് കണ്ണാടിയിലൂടെ കണ്ടപ്പോൾ കുറെ നേരത്തിനുശേഷം അയാൾ വീണ്ടും മനസ്സറിഞ്ഞു ചിരിച്ചു .
“ഇതെൻറെ കാറൊന്നുമല്ല കെട്ടോ….
വിസ്മയയുടെ മുതലാളിയുടെ വണ്ടിയാണ്…..
അയാളന്നു ഹോസ്പിറ്റലിൽ വന്നപ്പോൾ ഞാൻ പറഞ്ഞതുകൊണ്ട് അവിടെ ഇട്ടിട്ടുപോയതാണ്……
എന്റെ വണ്ടിയാണ് തൽക്കാലം അവൻ ഉപയോഗിക്കുന്നത്…….
അതുകൊണ്ട് വണ്ടി കണ്ടയുടനെ മുതലാളിയുടെ കാറാണെന്നു കരുതികൊണ്ടു ചിലപ്പോൾ പൊട്ടൻ സെക്യൂരിറ്റിക്കാരൻ സല്യൂട്ടടിച്ചേന്നൊക്കെയിരിക്കും അതൊന്നും മൈൻഡ് ചെയ്യേണ്ട കേട്ടോ …….!
മുന്നിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളിൽ സാരികൾ തുന്നിച്ചേർത്തതുപോലെയുള്ള “വിസ്മയസാരീസ് ” വലിയ ബോർഡ് കണ്ടതും അവൾ പതിവുപോലെ ജാഗരൂകയാകുന്നതും പുറത്തിറങ്ങുവാനുള്ള ഒരുക്കത്തിൽ മാറിടത്തിലേക്ക് വിടർത്തിയിട്ട അഴിഞ്ഞുലഞ്ഞ മുടിയൊക്കെ വാരിയെടുത്തു പിന്നിലേക്കിടുകയും സാരിവാരിവലിച്ചു നേരെയാക്കുകയും ചെയ്തശേഷം കണ്ണാടിയിൽ് നോക്കി തൃപ്തിപ്പെടുന്നതു കണ്ടപ്പോഴാണ് മുന്നറിയിപ്പു പോലെ അയാൾ പറഞ്ഞത് .
അയാൾ “ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിഞ്ഞതാണെന്നു “മനസിലായപ്പോൾ
” എന്നെയിനിയും പറഞ്ഞു പറ്റിക്കുവൻ ഞാനതത്ര പൊട്ടത്തിയൊന്നുമല്ല മോനെ “എന്നു മനസിൽ പറഞ്ഞുകൊണ്ട് അതിനു മറുപടിയായി അവളും നിറഞ്ഞു ചിരിച്ചതേയുള്ളൂ
വിസ്മയ സാരീസിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടക്കുന്നതിനിടയിൽ അയാൾ പറഞ്ഞതുപോലെ തന്നെ വണ്ടി കണ്ടയുടനെഎങ്ങുനിന്നോ സെക്യൂരിറ്റിക്കാരൻ വെപ്രാളത്തോടെ ഓടിക്കിതച്ചു വരുന്നതും ചങ്ങലകെട്ടിത്തിരിച്ചു മാറ്റിനിർത്തിയിരുന്ന അയാളുടെ കാർ പാർക്കുചെയ്യുന്ന സ്ഥലത്തെ തടസ്സങ്ങൾ ധൃതിയിൽ മാറ്റുന്നതും കണ്ടപ്പോൾ അവൾക്ക് ചിരിപൊട്ടുന്നുണ്ടായിരുന്നു.
മുതലാളിയുടെ വണ്ടി കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ ഓടിവരുമെന്നതു ശരിതന്നെ…….
പക്ഷേ കാർ ഓടിക്കുന്ന ആളെ കാണുമ്പോൾ മുതലാളിയല്ലെന്നു അയാൾക്ക് മനസ്സിലാവില്ലേ….. ഇവിടുത്തെ സെക്യൂരിറ്റിക്കാരൻ പൊട്ടനാണോ….. ”
എന്നൊക്കെ അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും മനസ്സിലടക്കി നിർത്തികൊണ്ട് വായപൊത്തി ചിരിക്കുന്നതിനിടയിൽ അയാളെ നോക്കിയെങ്കിലും അയാൾ വണ്ടി നേരാംവണ്ണം പാർക്ക് ചെയ്യുന്ന തിരക്കിലായിരുന്നു…..!
സെക്യൂരിറ്റിക്കാരന്റെ പിറകിൽ നിന്നുള്ള നിർദ്ദേശത്തിനനുസരിച്ചു അയാൾ വണ്ടി മുന്നോട്ടും പിന്നോട്ടും നീക്കിക്കൊണ്ട് പാർക്ക് ചെയ്യുന്നതിനിടയിൽ അവൾ ഷോറൂമാകെ കണ്ണുകൊണ്ടും അളന്നുനോക്കുകയായിരുന്നു.
ഇളംനീല ചായമടിച്ച മൂന്നുനിലകളോടുകൂടിയ കെട്ടിടത്തിനു താൻ മുന്നേ ജോലിചെയ്തിരുന്ന കെട്ടിടത്തേക്കാൾ ഇരട്ടി വലുപ്പത്തിലധികമുണ്ടെന്നു അവൾക്ക് മനസിലായി …….!
ഉള്ളിലേക്കു കയറുവാനുള്ള കവാടത്തിന്റെ ഇടതുവശത്തെ ഗ്ലാസിൽ വർണ്ണാക്ഷരങ്ങളിൽ വിസ്മയാസാരിസ് എന്നെഴുതിയിട്ടുണ്ട് ……
അതിനു പിറകിൽ അതിനു പിറകിൽ ഭംഗിയായി ഡിസ്പ്ലേ ചെയ്തുവച്ചിരിക്കുന്ന വിവിധ തരത്തിലും വർണങ്ങളിലുമുള്ള സാരികളും….. കുട്ടിയുടുപ്പുകളും…..
പെൺകുട്ടികൾ ഉപയോഗിക്കുന്ന വിവിധതരം റെഡിമെയ്ഡ് വസ്ത്രങ്ങളും……
ജീൻസുകളും……..!
കവാടത്തിന്റെ വലതുവശത്തായി വിവിധ പ്രായത്തിലുള്ളവരുടെ വസ്ത്രങ്ങൾ ധരിപ്പിച്ചുകൊണ്ട് മനോഹരമായി അടുക്കിവച്ചിരിക്കുന്ന വിവിധ പോസുകളിലുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ഡമ്മികൾ…….!
ചുവന്ന നിറത്തിലുള്ള സ്ലീവുലസ് ബ്ലൗസും സാരിയും ധരിപ്പിച്ചു നിർത്തിയിരിക്കുന്ന കനത്ത മാറിടവും കറുപ്പുനിറവുമുള്ള ഡമ്മിയിലേക്കു കണ്ണുകൾ പതിച്ചപ്പോൾ ലജ്ജയോടെ ആദ്യം അവളുടെ കണ്ണുകൾ വഴുതിപ്പോയത് അയാളുടെ മുഖത്തേക്കു തന്നെയായിരുന്നു…….
പിന്നെ കൈകൾ സ്വന്തം മാറിടത്തിലേക്കു നീങ്ങിയതും ഒരിക്കൽ കൂടെ സാരി വായിച്ചു നേരെയാക്കിയതും അവൾ പോലുമറിയതെയായിരുന്നു…….!
സ്വന്തം നാടിനു അടുത്താണെങ്കിലും വിസ്മയസാരീസെന്ന വിസ്‌മയം ഇത്രയുമടുത്തു നിന്നും കാണുന്നത് ആദ്യമായിട്ടായിരുന്നു …..!
അതിൻറെ അത്ഭുതത്തോടെ കണ്ണുകൾ വീണ്ടും ഷോറൂമിലേക്ക് പറിച്ചുനട്ടപ്പോൾ അത്രയും വലിയൊരു സ്ഥാപനത്തിൻറെ ഉടമസ്ഥനാണു തൻറെ ആരുമില്ലെങ്കിലും ആരൊക്കെയോയായികൊണ്ട് രണ്ടുദിവസമായി തൻറെ കൂടെയുള്ളതെന്നും……
ഒന്നിച്ചൊരു ജീവിതം വാഗ്ദാനം ചെയ്തുകൊണ്ട് ഇപ്പോഴും തൊട്ടടുത്തിരിക്കുന്നുണ്ടെന്നുമുള്ള അറിവിനെക്കാൾ അവൾക്ക് അഭിമാനം തോന്നിയത് നാളെമുതൽ ഞാനും ഇത്രയും വലിയൊരു സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് ഓർത്തപ്പോഴായിരുന്നു.......
തുടരും........ ♥️