Aksharathalukal

മായാമൊഴി 💖 50

ഒന്നാമത്തെ റിങ് അവസാനിക്കുന്നതിനുമുന്നേ അങ്ങേ തലയ്ക്കൽ നിന്നും ആകാംക്ഷാഭരിതമായ ചോദ്യങ്ങൾ ചെവിയിലേക്ക് ഒഴുകിയെത്തി.

“ഹലോ……നീയിപ്പോൾ എവിടെയാ……
മനുഷ്യൻ മുളളിന്മേൽ നീൽക്കുമ്പോൾ നീയെന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നത്….

” ഞാനിപ്പോൾ അവളുടെ വീട്ടിലാണുള്ളത് അങ്കിളെ…….
ഞങ്ങൾ ഇപ്പോൾ പുറപ്പെടും ……
കുറച്ചുസമയംമുന്നേവരെ ഒന്നും നടക്കില്ലെന്നു തോന്നിയിരുന്നു …….
അപ്പോൾ നിങ്ങളോടൊക്കെ എന്താണ് സമാധാനം പറയേണ്ടതെന്നോർത്തുകൊണ്ടാണ് മൊബൈൽ സ്വിച്ച്ഓഫാക്കിയത് …..
ഇപ്പോൾ അവളുടെ അമ്മോയോടൊക്കെ സംസാരിച്ചു എല്ലാം ഓകെയാക്കി……”

“ചിലപ്പോൾ ഒന്നും നടക്കില്ലെന്നു നീ സൂചിപ്പിച്ചിരുന്നല്ലോ അതുകൊണ്ട് അങ്ങനെ തന്നെ ഞാനും ഊഹിച്ചിരുന്നു…
ഇപ്പോഴാണ് ഒരു സമാധാനമായത് …..
പിന്നെ ഒരു കാര്യം മറക്കേണ്ട അവളുടെ കുഞ്ഞാണ് അവളുടെ മനസിലേക്കുള്ള നിന്റെ പാലം അതൊരിക്കലും മറക്കരുത്…..
ആ കുഞ്ഞിനു ഒരു വിഷമവും ഉണ്ടാകാതെ നോക്കണം പറഞ്ഞേക്കാം…….”

താക്കീത്തിന്റെ സ്വരത്തിലാണ് അങ്കിൾ സംസാരിച്ചത് .

“ഒരിക്കലും അങ്ങനെ സംഭവിക്കില്ല അങ്കിൾ….. കാണുന്നതിനു മുന്നേ തന്നെ ഞാനവളെ എൻറെ മോളായിതന്നെ സ്വീകരിച്ചിരുന്നു കണ്ടപ്പോൾ അതിലും ഇഷ്ടമായി ……
അവളിപ്പോൾ ദാ….. ഇപ്പോൾ രണ്ടു മടിയിലിരുന്നു ചോക്ലേറ്റ് തിന്നുകയാണ് ……..”

മോളുടെ തല തന്റെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടാണ് അയാൾ ഉറപ്പിച്ചുപറഞ്ഞത്.

” നന്നായി …..
എങ്കിൽ വേഗം പുറപ്പെടാൻ നോക്കൂ …. നിന്റെ കാര്യത്തിൽ ഉറപ്പൊന്നുമില്ലാത്തതുകൊണ്ടു ഞങ്ങളിവിടെ വിവാഹം നടത്തുവാനുള്ള ശീട്ടൊന്നുമാക്കിയിട്ടില്ല ……
കള്ളന്മാരെ പോലെ ഇവിടെയൊക്കെ ചുറ്റിപ്പറ്റി നടക്കുകയാണ് …..
ഇപ്പോഴാണെങ്കിൽ നടയുമടച്ചു മൂർത്തവും കഴിഞ്ഞു……
എനിയെന്താ ചെയ്യുക……”

പറയുമ്പോൾ അങ്കിളിന്റെ് സ്വരത്തിൽ വല്ലാത്ത ആകുലതയും ആശങ്കയുമുണ്ടെന്നു അയാൾക്ക്‌ മനസ്സിലായി .

“മുഹൂർത്തത്തിലും സമയത്തിലും ജാതക പൊരുത്തത്തിലുമൊന്നും യാതൊരു കാര്യവുമില്ല ഒന്നിച്ചുജീവിക്കാൻ മനപ്പൊരുത്തം മാത്രംമതി അങ്കിളേ…….
അത് ഞങ്ങൾക്ക് വേണ്ടുവോളം ഉണ്ടാവും….. അല്ലെങ്കിലും ദൈവത്തിനുമുന്നിൽ താലി ചാർത്തുന്നതിനെന്തിനാണ് മനുഷ്യന്റെ ശീട്ടെടുക്കുന്നത് …….!
അതുകൊണ്ട് അതൊന്നും കാര്യമാക്കേണ്ട….. അതുപോലെ ക്ഷേത്രത്തിലെ നട അടച്ചിട്ടു പോകാനല്ലാതെ ദൈവത്തിൻറെ മുന്നിലേക്കുള്ള നടയടക്കാനൊന്നും മനുഷ്യനു സാധിക്കില്ലല്ലോ…..! അതുകൊണ്ട് അതും പ്രശ്നമല്ല……!

മനപ്പൂർവ്വമാണ് ഒരു തത്വജ്ഞാനിയെപ്പോലെ ചിരിയോടെയാണ് വിശദീകരിച്ചത്.

” ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നീയെന്തിനാണ് ക്ഷേത്രത്തിൽവച്ച് താലികെട്ടുവാൻ തീരുമാനിച്ചത് ……
ഏതെങ്കിലും ഓഡിറ്റോറിയമോ മറ്റോ പോരായിരുന്നോ……
അതും കുറുക്കന്മാർ മാത്രമുള്ള ഈ ഓണംകേറാമൂലയിലെ ആളും അനക്കവുമില്ലാതെ ഈ ക്ഷേത്രം തന്നെ കണ്ടെത്തിയതെന്തിനാണ്…..
ഇവിടെ ഇങ്ങനെയൊരു ക്ഷേത്രമുണ്ടെന്നു തന്നെ ഞാനിപ്പോഴാണ് അറിയുന്നത്…….!”

അങ്കിളായതുകൊണ്ടുതന്നെ അങ്ങനെയൊരു മറുചോദ്യം പ്രതീക്ഷിച്ചതായിരുന്നു അതുകൊണ്ട് അതിനുളള മറുപടിയും നേരത്തെ മനസ്സിൽ കരുതിവച്ചിരുന്നു .

“അങ്കിളിനെ ചില ചീത്തഗുണങ്ങളെങ്കിലും എനിക്കു കിട്ടാതിരിക്കുമോ….
അർദ്ധനാരീശ്വരൻ നല്ലൊരു സങ്കല്പമല്ലെ അങ്കിൾ…..
പെണ്ണിനെ മാറ്റിനിർത്തുന്നതല്ലാതെ ഇതുപോലെ ആണിനും പെണ്ണിനും തുല്യപ്രാധാന്യമുള്ള വേറെയേതു ദൈവമാണുള്ളത് …….
ഇക്കാര്യത്തിൽ അങ്കിളിനെ് പോലെ തന്നെയാണ് ഞാനും ചിന്തിക്കുന്നത് ഞാനും അവളും രണ്ടല്ല ഒന്നുതന്നെയാണെന്നു ചിന്തിക്കാനാണ് എനിക്കിഷ്ട്ടം…….
അക്കാര്യം എന്നെത്തന്നെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ് ആ ക്ഷേത്രം തന്നെ ഞാൻ തെരഞ്ഞെടുത്തത്……”

ചിരിയോടെ ആശയം വ്യക്തമാക്കിയപ്പോൾ ഉറക്കെയുള്ള പൊട്ടിച്ചിരിയായിരുന്നു ആദ്യ മറുപടി .

“ഒരു ആവേശത്തിന് തുടക്കത്തിൽ മാത്രമായിപ്പോകരുത് എപ്പോഴും അങ്ങനെ തന്നെയാകണം എന്നേ എനിക്കു പറയാനുള്ളൂ…..

ചിരിയുടെ അവസാനമാണ് പറഞ്ഞത് .

“പിന്നെ അങ്കിളെ…..
രാത്രിയിലേക്ക് വേണ്ടി ഏതെങ്കിലും നല്ല ഹോട്ടലിൽ പത്തറുപതു പേർക്കുള്ള ഭക്ഷണത്തിനു ഓർഡർ ചെയ്യണം ……
അവളെ നമുക്കെല്ലാവരെയും പരിചയപ്പെടുത്തണം…….
ഇല്ലെങ്കിൽ ഞാൻ എവിടെനിന്നെങ്കിലും അടിച്ചുമാറ്റികൊണ്ടുവന്നതാണെന്ന് മറ്റുള്ളവരൊക്കെ കരുതിയാലോ…….
അതുകൊണ്ട്…..
രാത്രിയിൽ തൊട്ടടുത്ത വീട്ടുകാരെയും എന്റെ കൂട്ടുകാരെയും ഫാമിലിയേയുമൊക്കെ വിളിച്ചുകൊണ്ട് നമുക്ക് ചെറിയൊരു പാർട്ടി നടത്തണം …….”

സംസാരം അവസാനിപ്പിക്കുന്നതിനുള്ള ഒരുക്കമാണ് തോന്നിയപ്പോഴാണ് ഓർമിപ്പിച്ചത്.

” അതിനുവേണ്ടി ഹോട്ടലിലൊന്നും ഏൽപ്പിക്കേണ്ട കാര്യമില്ല …….
ആളും അനക്കവുമില്ലാത്ത നിന്റെ ഡ്രാക്കുളകോട്ടയിൽ പുതിയൊരു പെണ്ണു വരുന്നതല്ലേ …….
അവിടെയൊരു ആളും അനക്കവും തീയും പുകയുമൊക്കെയുണ്ടാകട്ടെ …….
അതുകൊണ്ട് ഭക്ഷണം നമുക്കുതന്നെ വീട്ടിലുണ്ടാക്കിയാൽ മതി……
എങ്കിലേ അവിടെയുള്ള ആധിയും വ്യാധിയുമൊക്കെ ഒഴിഞ്ഞുപോകും ……
അതിനെകുറിച്ചൊന്നും നീ വേവലാതിപ്പെടേണ്ട ഞാനും ചെങ്ങായി പിള്ളേരുംചേർന്നു അതൊക്കെ ശരിയാകും ……
നീ സംസാരിച്ചു സമയം കളയാതെ അവളെയും കുഞ്ഞിനേയുംകൊണ്ട് പുറപ്പെടാൻ നോക്കൂ……”

പെട്ടെന്നു തന്നെ ഗൗരവക്കാരനായി മാറിക്കൊണ്ടാണ് അങ്കിൾ പറഞ്ഞവസാനിപ്പിച്ചത്.

ഏതുകാര്യവും പോസിറ്റീവായി മാത്രം ചിന്തിക്കുന്ന അങ്കിളിനോട് സംസാരിച്ചു തനിക്കും വല്ലാത്തൊരു പോസറ്റീവ് എനർജി ലഭിച്ചതായും ആന്റിയോട് കാര്യങ്ങൾ അവതരിപ്പിക്കുവാനുള്ള.
ആത്മവിശ്വാസം കിട്ടിയതുപോലെയും അയാൾക്ക് തോന്നി .
വേഗം ആൻറിയുടെ നമ്പറിലേക്ക് വിരൽ തേച്ചുകൊണ്ടു കാത്തിരുന്നു.

” തീരുമാനമെടുത്ത ശേഷം രണ്ടുമണിക്ക് പറയാമെന്നല്ലേ പറഞ്ഞത് ഇതെന്താ ഒന്നര മണിക്കൂർ നേരത്തെ തീരുമാനിച്ചോ…..”

ഫോണെടുത്തയുടനെയുള്ള ആൻറിയുടെ ചോദ്യം അതായിരുന്നു….!

” ചില തീരുമാനങ്ങൾ എത്രയും പെട്ടെന്നെടുക്കുന്നത് അത്രയും നല്ലതാണെന്നു ആൻറി തന്നെയല്ലേ പറഞ്ഞത് ……”

ചിരിയോടെയാണ് തിരിച്ചടിച്ചത്.

” ശരിയാണ് ഇപ്പോഴെങ്കിലും ബുദ്ധിതെളിഞ്ഞല്ലോ അതുമതി…….”

ആൻറിയും വിട്ടുകൊടുത്തില്ല .

“അതല്ല ആൻറി ഞാൻ വേറൊരു കാര്യമാണു തീരുമാനിച്ചത് ……
നേരത്തെ എൻറെ കൂടെ അവിടെ വന്നിരുന്ന മായയെ ഭാര്യയാക്കി വീട്ടിലേക്കു കൊണ്ടുപോയാലോയെന്നു ആലോചിക്കുകയാണ് ……!”

ആൻറിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാത്തതുകൊണ്ട് പരുങ്ങലോടെയാണ് അവതരിപ്പിച്ചത് .

” സത്യമാണോടാ……..
ആ കുട്ടി സമ്മതിച്ചോ…….”

പക്ഷേ സന്തോഷത്തോടെയുള്ള അവിശ്വസനീയത കലർന്ന ചോദ്യം കേട്ടപ്പോൾ സമാധാനമായത്തോടൊപ്പം അയാൾക്ക് അത്ഭുതവും തോന്നി .

“ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു ആൻറി….. പക്ഷേ അവളുടെ തീരുമാനം അറിയാത്തതു കൊണ്ടാണ് ആൻറിയോടൊന്നും സൂചിപ്പിക്കുന്നത് ……”

കുറ്റബോധത്തോടെയാണ് പറഞ്ഞത്.

” നിങ്ങൾ രണ്ടുപേരും ചേർന്നുള്ള വരവു കണ്ടപ്പോൾ തന്നെ എനിക്കെന്തോ വശപിശകും ഒരു സ്പെല്ലിംഗ് മിസ്റ്റേക്കും് തോന്നിയിരുന്നു…. എന്തായാലും നന്നായി മോനെ…..
നിന്നെപോലെ ഒരാൾക്ക് അതുപോലൊരു പെൺകുട്ടിക്ക് ജീവിതം കൊടുക്കാൻ തോന്നിയതുതന്നെ് വലിയ കാര്യം ……
അവൾ നല്ലൊരു കുട്ടിയാണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു ……
അതിൻറെ വിധി അങ്ങനെയായി പോയല്ലോ എന്നോർത്ത് സങ്കടവും തോന്നി ……
ഇനിയെങ്കിലും അലഞ്ഞുതിരിഞ്ഞു നടക്കാതെ അവളെ സ്നേഹിച്ചുകൊണ്ട് വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കുവാനും ബിസിനസിൽ ശ്രദ്ധിക്കുവാനും ശ്രമിക്കുക എനിക്കത്രയേ വേണ്ടൂ …….”

അവരുടെ വാക്കുകൾ കേട്ടപ്പോൾ തന്റെ ഹൃദയം നിറഞ്ഞു കവിയുന്നതായി് അയാൾക്കുതോന്നി.

“അവൾക്കൊരു കുഞ്ഞുണ്ടെന്നല്ലേ പറഞ്ഞത്…..”

വീണ്ടും ആൻറിയുടെ ശബ്ദം കേട്ടു.

“ഉം…… കയ്യോടെ വീട്ടിലേക്കു കൊണ്ടുപോകുവാനായി അവളുടെ കൂടെ തന്നെ ഞാനും വീട്ടിലേക്കുവന്നിരുന്നു …..
മോളിപ്പോൾ എന്റെ മടിയിലിരിക്കുകയാണ്…….”

മോളുടെ കവിളിൽ താടിയുരസിക്കൊണ്ടാണ് സന്തോഷത്തോടെ തന്നെ മറുപടി കൊടുത്തത്.

” നിന്നോടൊന്നും പറഞ്ഞു തരേണ്ട കാര്യമില്ലെന്നറിയാം ……
എങ്കിലും ഞാനുമൊരു അമ്മയല്ലേ…… അതുകൊണ്ട് പറയുകയാണ് …..
ആ കുഞ്ഞിന്റെ ജീവിതവും ഭാവിയും നിന്റെ മുന്നിൽ പണയംവെച്ചുകൊണ്ടാകും അവൾ നിൻറെ കൂടെ വരുന്നത്…….
അതുകൊണ്ട് ആ കുഞ്ഞിനു ഒരു വിഷമവും ഉണ്ടാകാതെ നോക്കണം……
ഇപ്പോൾ മാത്രമല്ല ഇനിയെത്രകാലം കഴിഞ്ഞാലും ഒന്നെന്നു എണ്ണിതുടങ്ങുമ്പോൾ തുടങ്ങുമ്പോൾ അവളെ തൊട്ടുമാത്രമേ തുടങ്ങാവൂ കേട്ടോ….. അമ്മമാരുടെ മനസ്സിലേക്കുള്ള പാലം അവരുടെ കുഞ്ഞുമക്കളാണ്……
അത് മറക്കരുത് ……..”

അവരുടെ ഉപദേശം കേട്ടുകൊണ്ടിരിക്കുമ്പോൾ ആൻറിയല്ല മരിച്ചുപോയ തന്റെ അമ്മയാണ് ഫോണിലൂടെ സംസാരിക്കുന്നതെന്നാണ് അയാൾക്ക് തോന്നിയത് .

“അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല ആൻറി …….”

മടിയിലിരിക്കുന്ന മോളുടെ കവിളിൽ വാത്സല്യത്തിടെ ചുണ്ടമർത്തി കൊണ്ടാണ് മറുപടി കൊടുത്തത്.

“പിന്നെ…….
എൻറെ വിവാഹസമ്മാനമായി നമ്മുടെ ലേഡി സ്റ്റാഫിനൊക്കെ ആയിരം രൂപവരെ വിലയുള്ള സാരിയും പുരുഷന്മാർക്ക് അത്രതന്നെ വിലയുള്ള മുണ്ടും ഷർട്ട് പീസും കൊടുക്കുവാനുള്ള ഏർപ്പാട് ചെയ്യണം കേട്ടോ…….
ഇവിടെയുള്ള അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നിന്നും താലികെട്ടിയാണ് അവളെ വീട്ടിലേക്കു കൊണ്ടുപോകുന്നത്……
ആൻറിക്ക് ഇപ്പോൾ ഇങ്ങോട്ട് വരുവാൻ സാധിക്കില്ലല്ലോ …….
അതുകൊണ്ട് ആൻറി വൈകുന്നേരം വീട്ടിലേക്ക് വരണം…….
അവളെ എല്ലാവർക്കും പരിചയപ്പെടുത്തേണ്ടേ അതിനുവേണ്ടി വീട്ടിൽ ചെറിയൊരു പാർട്ടി…..
അറേഞ്ച് ചെയ്യുന്നുണ്ട്…..
അധികമാരുമില്ല……
എന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും….

പിന്നെ നമ്മുടെ തൊട്ടയൽവാസികളുംമാത്രം….
ഞാനൊരു സൂചന കൊടുത്തതുകൊണ്ടു ബംഗളൂരുവിൽ നിന്നും അങ്കിളും ആന്റിയും മക്കളുമൊക്കെ വന്നിട്ടുണ്ട്…….
സോറി ആന്റി ……
നിങ്ങളോടു മാത്രമാണ്…….”

ക്ഷമാപണസ്വരത്തിലാണ് അയാൾ അർദ്ധോക്തിയിൽ നിർത്തിയത്.

“അതൊന്നും സാരമില്ലെടാ എല്ലാം നല്ല രീതിയിൽ നടന്നാൽ മതി…….
നീ പറഞ്ഞതൊക്കെ ഇപ്പോൾ തന്നെ അറേഞ്ച് ചെയ്യാം……
പിന്നെ അതിന്റെകൂടെ എൻറെ വക എല്ലാവർക്കും ഓരോ ബിരിയാണിക്കും ഓർഡർ ചെയ്യാം പോരെ……..”

നിറഞ്ഞ സന്തോഷത്തോടെ അവരുടെ മറുപടി കേട്ടപ്പോൾ അയാളുടെ മനസു നിറഞ്ഞു.

” ആൻറി……
രേഷ്മയ്ക്ക് നമ്മളോട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ…….”

അങ്ങേത്തലയ്ക്കൽ സംസാരം അവസാനിപ്പിക്കുന്നതിന്റെ് സൂചന കണ്ടപ്പോഴാണ് അൽപ്പം ആശങ്കയോടെയാണ് ചോദിച്ചത് .

“എന്തിന് …. ”

സ്വാഭാവികമായ രീതിയിലാണ് ആൻറിയുടെ പ്രതികരണം.

” അല്ല ……ആൻറി അവളോട് വിവാഹക്കാര്യം സംസാരിച്ചയുടനെ ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ട് നമ്മൾ അവളെ വിഡ്ഢിയാക്കിയെന്നെങ്ങാനും അവൾ കരുതുമോ…..

പരുങ്ങലോടെയാണ് തിരക്കിയത്.

“അതിനു ഞാനവളോടൊന്നും ചോദിച്ചില്ലല്ലോ…..”

നിർത്താതെയുള്ള ചിരിക്കിടയിലായിരുന്നു ആൻറിയുടെ മറുപടി .

“പിന്നെ ആൻറിയെന്നോടു നേരത്തെ ചോദിച്ചതോ…….”

അമ്പരപ്പോടെയാണ് ചോദിച്ചത്.

“ഞാൻ ചുമ്മാതൊരു നമ്പർ ഇറക്കിയതല്ലെ……..
എനിക്കവളെ ഇഷ്ടമായിരുന്നു നിന്നെക്കൊണ്ടു കെട്ടിക്കണമെന്നു ആഗ്രഹവുമുണ്ടായിരുന്നു……
പക്ഷേ…..
നിൻറെ കാര്യത്തിൽ ഒന്നും മുൻകൂട്ടി പറയാൻ വയ്യല്ലോ…..
അതുകൊണ്ട് നിന്നെ മനസ്സറിഞ്ഞശേഷം അവളോട് ചോദിക്കാമെന്നു കരുതിയാണ് ആദ്യം നിന്നോടു തന്നെ അക്കാര്യം ചോദിച്ചത്……! പിന്നെ…..
ഉള്ള കാര്യം പറയാമല്ലോ ……
നിന്നെക്കുറിച്ചു വളരെ മോശമായ ചില കാര്യങ്ങൾ ഞാനും കേട്ടിരുന്നു ……
നമ്മുടെ ക്ലയന്റ് തന്നെ പറഞ്ഞതാണ്…..
മോനെപോലെയുള്ള എങ്ങനെയാണ് നേരിട്ടു ചോദിക്കുക ……
അതുകൊണ്ടാണ് ചോദിക്കുവാനും ഉപദേശിക്കുവാനുമൊന്നും വരാതിരുന്നത്…..
ആ കുട്ടിയേയും കൊണ്ടു ഇന്നിവിടെ വന്നപ്പോൾ ഇപ്പോൾ പരസ്യമായും തുടങ്ങിയോ എന്നൊരു സംശയം…….
ഇനിയെങ്കിലും ഞാൻ ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോഴാണ് അങ്ങനെയൊരു ഐഡിയ മനസിൽ തോന്നിയത് …….”

വിശദമായിതന്നെയുള്ള അവരുടെ മറുപടി കേട്ടപ്പോൾ ചൂളിപോകുന്നതുപോലെ അയാൾക്ക് തോന്നി .

“അപ്പോഴെന്നെ വെറുതെ പറഞ്ഞു പറ്റിച്ചതാണല്ലേ……”

എങ്കിലും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല .

“നീ എന്നെ എന്തൊക്കെയോ പറഞ്ഞു പറ്റിക്കാറില്ലേ ……
അപ്പോൾ ഒരു തവണയെങ്കിലും നിന്നെ ഞാനും പറ്റിക്കേണ്ടേ മോനെ …….
പക്ഷേ …..
രേഷ്മയെക്കാൾ എനിക്കിഷ്ടം നിന്റെ മായമ്മയെ തന്നെയാണ് കേട്ടോ……
എല്ലാ രീതിയിലും നിനക്കു ചേരുന്നതും മായമ്മ തന്നെ …….
എന്നാൽ ശരി വൈകുന്നേരം കാണാം ഞാൻ മറ്റുകാര്യങ്ങൾ അറേഞ്ച് ചെയ്യട്ടെ…….
നീയൊന്നു രേഷ്മയെ വിളിച്ചു വിവരം പറയണം കെട്ടോ……
ഞാനും പറയാം അവൾ വരികയാണെങ്കിൽ എനിക്കൊരു കൂട്ടാവുകയും ചെയ്യുമല്ലോ…..”

പറഞ്ഞുകൊണ്ടു സംസാരം അവസാനിച്ചപ്പോൾ മായമ്മ അടുത്തുണ്ടെങ്കിൽ തന്നെ പറഞ്ഞു പറ്റിച്ച ആൻറിക്ക് നേരെ കൊഞ്ഞനം കുത്തിച്ചുകൊണ്ടെങ്കിലും പ്രതികാരം ചെയ്യാമായിരുന്നെന്നു ചിരിയോടെ ആലോചിക്കുന്നതിനിടയിലാണ് പിറകിൽ നിന്നും അവളുടെ ശബ്ദം കേട്ടത്….

“ആദ്യമായി വീട്ടിൽ വരുമ്പോൾ മധുരം തരേണ്ടതാണ്…..
പായസമുണ്ടാക്കാൻ സമയവുമില്ല….
ചായയുണ്ടാക്കാനാണെങ്കിൽ പാലുമില്ല… അതുകൊണ്ട് തൽക്കാലം പായസമാണെന്നു കരുതി പഞ്ചസാരവെള്ളം കുടിച്ചാൽ മതി കേട്ടോ …… ”

വെള്ളം നിറച്ച ഗ്ലാസ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പതിഞ്ഞ സ്വരത്തിലാണ് പറഞ്ഞത്.

” അതിലൊന്നും കാര്യമില്ല മായമ്മേ….. മായമ്മയെക്കാൾ മധുരമുള്ള വേറെയൊന്നും എനിക്കില്ല……”

വെള്ളം വാങ്ങുന്നതിനിടയിൽ അവൾക്കു കേൾക്കുവാൻ പാകത്തിൽ വളരെ ശബ്ദം താഴ്ത്തി കുസൃതിയോടെ പറഞ്ഞത്.

“മോളും അമ്മയും അടുത്തുണ്ടെന്നൊരു വിചാരം വേണം…..”

കണ്ണുരുട്ടികൊണ്ടു പതുക്കെ പറഞ്ഞശേഷം
നിമിഷവേഗത്തിൽ ചുമലിൽ അമർത്തിയുള്ള നുള്ളിവലിയായിരുന്നു അതിനുള്ള മറുപടി.

ഗ്ലാസിലെ വെള്ളം ആദ്യം മോളുടെ ചുണ്ടിൽ വച്ചുകൊടുത്തുകൊണ്ടു കുസൃതിചിരിയോടെ വീണ്ടും മുഖത്തേക്കു നോക്കിയപ്പോൾ ലജ്ജയോടെ മുഖം താഴ്ത്തുന്നതിനിടയിൽ അവളുടെ കണ്ണുകളിൽ ഇപ്പോഴുള്ളത് പേടിയോ….
സംശയമോ…..
ഉത്കണ്ഠയോ ഒന്നുമല്ല …
പകരം …..
കൂമ്പിയടയുന്ന ലജ്ജയും ഒഴുകിപ്പരക്കുന്ന പ്രണയവുമാണെന്ന് അയാൾക്ക് തോന്നി.
ആരും ലയിച്ചുചേരുവാൻ മോഹിച്ചുപോകുന്ന…..
ആരെയും മോഹിപ്പിക്കുന്ന പ്രണയം….

“മായമ്മയപോലെ തന്നെ മധുരവും മണവുമുള്ള ഏലക്ക ചേർത്തവെള്ളം……”

മടിയിലിരിക്കുന്ന കുഞ്ഞുമായ കുടിച്ചതിന്റെ ബാക്കിയായ വെള്ളം കുടിച്ചശേഷം ഗ്ലാസ്സ് തിരികെയേൽപ്പിക്കുമ്പോഴാണ് കുസൃതിയോടെ അയാൾ വീണ്ടും പറഞ്ഞത്.

“അനിലേട്ടാ…..
അമ്മയുടെ കല്യാണത്തിനു മോൾക്ക് ഏതു ഉടുപ്പാണ് നല്ലത്……..”

കേൾക്കാത്ത ഭാവത്തിൽ ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന രണ്ടു തുള്ളി വെള്ളം ചെറിയ കുട്ടികളെ പോലെ തലയുയർത്തി പിടിച്ചു നാക്കിലിറ്റിച്ചു നൊട്ടിനുണഞ്ഞുകൊണ്ടുള്ള സ്വയം പരിഹസിക്കുന്നതുപോലെയുള്ള മറുചോദ്യമായിരുന്നു മറുപടി.

” അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന്റെ പ്രധാനസാക്ഷിയും ഇന്നത്തെ വിഐപി യും ഇവളല്ലേ……
കുഞ്ഞുമാലാഖ……
അതുകൊണ്ട് വെള്ളയുടുപ്പു മതി ……
മാലാഖയുടെ ഉടുപ്പ്…….”

അച്ഛനെ കിട്ടിയ സന്തോഷത്തിൽ തന്റെ മടിയിലിരുന്നു താടിയിലും കവിളിലുമൊക്കെ തടവിനോക്കി നെഞ്ചിൽമുഖം ഉരസിക്കളിക്കുന്ന മോളെ ഒന്നുകൂടി നെഞ്ചോടടുക്കി അമർത്തിക്കൊണ്ടു പറഞ്ഞപ്പോൾ അകത്തേക്ക് തിരിഞ്ഞു നടക്കുന്നതിനിടയിൽ വിഷാദം കലർന്ന ചിരിമാത്രമായിരുന്നു അവളുടെ പ്രതികരണം.

” അമ്മ ഒരുങ്ങിക്കഴിഞ്ഞു…….
എനിക്കൊരുങ്ങാനൊന്നുമില്ലല്ലോ…….
അമ്മ അടുത്ത വീടുകളിൽ വിവരം പറഞ്ഞു വരുമ്പോഴേക്കും ഇവളുടെ കാലും മുഖവും കഴുകിച്ചുകൊണ്ട് ഒരുക്കട്ടെ…….”

അല്പസമയത്തിനുശേഷം നിറംമങ്ങിയ പഴയബക്കറ്റിൽ വെള്ളവും ചുമലിൽ തോർത്തുമായി അമ്മയുടെ പിറകെ അകത്തുനിന്നും പുറത്തിറങ്ങുന്നതിനിടയിൽ അയാളുടെ മടിയിരിക്കുകയായിരുന്ന മോളുടെ കൈയിൽ പിടിച്ചുകൊണ്ടു പറയുന്നതുകേട്ടപ്പോഴാണ് ചിരിയോടെ മുഖത്തേക്കു നോക്കിയപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്ന ഏതോ നർത്തികിയുടെ രംഗപ്രവേശനമാണ് അയാളുടെ ഓർമ്മയിൽ തെളിഞ്ഞത്.

മുന്താണി തുമ്പെടുത്ത് എളിയിൽ തിരുകിയതിനുപുറമേ പതിവിൽ നിന്നും വ്യത്യസ്തമായി മുന്നിലെ ഞൊറിഞ്ഞുടുത്ത ഭാഗം അരയിലേക്കു കയറ്റികുത്തിയിരിക്കുന്ന സാരി…….!
നടക്കുന്നതിനനുസരിച്ചു ഘടികാരത്തിന്റെ പെൻഡൂലംപോലെ പിന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന അകത്തുള്ള സമയത്തെപ്പോഴോഭംഗിയായി മെടഞ്ഞുകെട്ടിയിരുന്ന നീണ്ടകാർകൂന്തൽ നടക്കുന്നതിടെ മാറിടത്തിലേക്കു വലിച്ചിട്ടതു കണ്ടപ്പോൾ മാടകഭംഗിയുള്ള അവളുടെ മാറിടത്തിലൂടെ വലിയൊരു തടിച്ച കരിനാഗം ഇഴയുന്നതുപോലെയാണ് അയാൾക്ക്‌ തോന്നിയത്….. !

ഇപ്പോഴാണ് അവൾക്കു യഥാർത്ഥ ഭരതനാട്യക്കാരിയുടെ രൂപവും ഭാവവുമെന്നും ആ വേഷത്തിൽ വല്ലാത്തൊരു വശ്യസൗന്ദര്യമുണ്ടെന്നും ……
ലാളിത്യത്തിന്റെ സൗന്ദര്യമാണതെന്നും അയാൾക്ക്‌ തോന്നി…

മുറ്റത്തിന്റെ തുമ്പിൽ നിർത്തിക്കൊണ്ട് മോളുടെ കൈകാലുകളും മുഖവും കഴുകികൊടുക്കുന്നതിനിടയിൽ ഇടയ്ക്കിടെ അവളുടെ കണ്ണുകൾ വടക്കുഭാഗത്തെ ആകാശമുല്ലയിലേക്ക് നീളുന്നതും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ കാണാതിരിക്കാൻ സ്വന്തം മുഖത്തേക്ക് ഇടയ്ക്കിടെ വെള്ളം തേവിക്കൊണ്ടു മറയ്ക്കുവാൻ ശ്രമിക്കുന്നതും അയാൾ കാണുന്നുണ്ടായിരുന്നു.

“മരിച്ചുപോയിട്ടും മനസിൽ ജീവിക്കുന്ന പ്രീയപ്പെട്ടവനെ വിട്ടുപിരിയുന്നതിന്റെ പ്രാണസങ്കടം……..!”

ഏറെ നോക്കിനിൽക്കുവാൻ കഴിയാതെ നിസഹായകതയോടെ ആ കാഴ്ചയിൽ നിന്നും അയാൾ മുഖം തിരിച്ചു കളഞ്ഞെങ്കിലും കരച്ചിലടക്കാൻ പാടുപെടുന്നതിനിടയിൽ അവളുടെ കഴുത്തിന്റെ ഇരുവശവും എഴുന്നുനിൽക്കുന്ന നീല ഞരമ്പുകളും തൊണ്ടക്കുഴിയിലെ ചലനവും അയാളെ അസ്വസ്ഥനാക്കി കൊണ്ടേയിരുന്നു

മോളുടെ മൂടി ചീകിക്കെട്ടി കൊടുക്കുമ്പോഴും കണ്ണെഴുതി പൊട്ടു കുത്തി സുന്ദരിയാക്കുമ്പോഴും പുതിയ ഉടുപ്പുധരിപ്പിക്കുമ്പോഴുമെല്ലാം ഇടയ്ക്കിടെ അവൾ സാരിത്തുമ്പുയർത്തി മൂക്കുതുടയ്ക്കുന്നുണ്ടായിരുന്നു ….

മോളെയൊരുക്കി തന്റെ മടിയിലിരുത്തിയ ശേഷം നിതംബംവരെയെത്തുന്ന നീണ്ടവാർമുടികെട്ടെടുത്തു മാറിലേക്ക് വലിച്ചിട്ടുകൊണ്ടു ചുവരിൽ തൂക്കിയിട്ട തൂക്കിയിട്ടിരുന്ന പൊട്ടിയ കണ്ണാടിയിൽ നോക്കി കൺമഷിയെഴുതി പൊട്ടുതൊടുന്നതിനിടയിൽ ഒന്നുരണ്ടുതവണ കണ്ണാടിയിലൂടെ തന്നെനോക്കി ചിരിച്ചെങ്കിലും മനസു കരയുകയായിരുന്നെന്നു അയാൾ മനസ്സിലാക്കി.

” സമയം പോകുന്നു……
മായമ്മയ്ക്ക് ഒഴിവാക്കാൻ സാധിക്കാത്ത എന്തെങ്കിലും സാധനങ്ങളുണ്ടെങ്കിൽ അതുമാത്രം ഇങ്ങേടുത്തോളൂ .. ….
ഇതൊക്കെ ഞാൻ വണ്ടിയുടെ ഡിക്കിയിൽ കൊണ്ടുവയ്ക്കട്ടെ …….”

അവളുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നു മനസ്സിലായപ്പോഴാണു മോളേയും എടുത്തുകൊണ്ടു കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ വരാന്തയുടെ അരഭിത്തിലുണ്ടായിരുന്ന ഷോപ്പിങ് ബാഗുകൾ നോക്കിക്കൊണ്ടാണ് പറഞ്ഞത് .

“മറ്റൊന്നും എടുക്കാറില്ല ……
അനിലേട്ടനു വിഷമമില്ലെങ്കിൽ എന്റെയും അനിയേട്ടന്റെയും കല്യാണ ഡ്രസുകൾ എടുക്കണമെന്നുണ്ട്……
അതുപോലെ അനിയേട്ടനു അത്രയും ഇഷ്ടപ്പെട്ടതുകൊണ്ടും വാങ്ങിതന്നിരുന്ന ഒന്നുരണ്ടു സാരികളും …..
രണ്ടും നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ മാത്രമേ എടുക്കൂ……… ”

ഒരു നിമിഷം നിർത്തിയശേഷമാണ് അവൾ തുടർന്നത് …..

” അനിമോളെ കൂടാതെ കുറെ സ്നേഹവും ഇതുപോലെയുള്ള സമ്മാനങ്ങളും മാത്രമേ എനിക്കു തന്നിരുന്നുള്ളൂ……
അതിനു മാത്രമേ സാധിച്ചിട്ടുള്ളൂ….. ”

തലതാഴ്ത്തി പറയുന്നതിനിടയിൽ ചാണകമെഴുതിയ തറയിലേക്ക് കണ്ണുനീർത്തുള്ളികൾ ഉതിർന്നു വീണു ചിതറുന്നുണ്ടായിരുന്നു .

” അതിനെന്താ മായമ്മേ……
നിനക്കു പ്രിയപ്പെട്ടതെല്ലാം എനിക്കും അതേപോലെ പ്രിയപ്പെട്ടതുതന്നെയാണ് ……
അതുകൊണ്ട് …..
എനിക്കുവേണ്ടി മായമ്മ പ്രിയപ്പെട്ടതൊന്നും
ഉപേക്ഷിക്കേണ്ട കാര്യമില്ല കെട്ടോ…….
നിന്നെയെനിക്കു മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും സാധിക്കുന്നുണ്ട് മായമ്മേ…..”

ചുമലിൽ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുമ്പോൾ കണ്ണുനീരിനിടയിലും അവളുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറയുന്നതുകണ്ടപ്പോൾ തന്റെ മനസും നിറയുന്നതായി അയാൾക്ക്‌ തോന്നി.

“അനിലേട്ടൻ വിഷമിക്കുകയൊന്നും വേണ്ട…… ഞാനിതൊന്നും ഉപയോഗിക്കുകയില്ല കെട്ടോ….. പക്ഷേ ഇഷ്ടത്തോടെ വാങ്ങിത്തന്നതൊക്കെ ഇവിടെ ഉപേക്ഷിച്ചു പോകുവാൻ തോന്നുന്നില്ല….”

നേരത്തെ തന്നെ പായ്‌ക്ക്‌ചെയ്തിരുന്ന സാധനങ്ങൾ അയാളെ ഏൽപ്പിക്കുമ്പോഴാണ് അടഞ്ഞ ശബ്ദത്തിൽ പറഞ്ഞത്.

“ഉപയോഗിച്ചാലും എനിക്കു യാതൊരു പ്രശ്നവുമില്ല മായമ്മേ………”

മോളുടെ കവിളിലും അവളുടെ മൂർദ്ധാവിൽ അരുമയോടെ ചുണ്ടമർത്തിയശേഷം മോളെ താഴെയിറക്കി നിർത്തിയാണ് അവൾ നൽകിയ സാധനങ്ങളും ഷോപ്പിങ് ബാഗുകളുമായി കാറിനടുത്തേക്കു നടന്നത്.

കാറിൻറെ ഡിക്കിയിൽ സാധനങ്ങളൊക്കെ അടുക്കിവെച്ചു തിരിച്ചെത്തുമ്പോഴേക്കും തന്റെ കൂടെ പുറപ്പെടുവാൻ അവൾ വീടിൻറെ വാതിലടച്ചു തുടങ്ങിയെന്നു കണ്ടപ്പോൾ മനസിൽ ഒരു മഴ പെയ്യുന്നതുപോലെയാണ് അയാൾക്കു തോന്നിയത് .

പക്ഷേ…..
അടച്ചിരുന്ന വാതിൽ ഒരിക്കൽ കൂടെ തുറന്നുകൊണ്ട് ചുമരിലുള്ള ഫോട്ടോയിൽ ഒരുതവണകൂടി നോക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരവും തോന്നി…..!

” വേണമെങ്കിൽ ആ ഫോട്ടോയുമെടുത്തോളൂ മായമ്മേ……
എനിക്കു വിഷമമൊന്നുമില്ല……”

” വേണ്ട ……”
ചുണ്ടുകൾകൊണ്ടു പതിയെ മന്ത്രിച്ചശേഷം തല രണ്ടുതവണ വിലങ്ങനെ ചലിപ്പിച്ചുകൊണ്ടു നിഷേധാർത്ഥത്തിലുള്ള അപ്രതീക്ഷിത മറുപടിയായിരുന്നു…..!

” അനിലേട്ടാ ……”

വരാന്തയിൽ കയറിമോളെയെടുത്തു പടിയിറങ്ങി തുടങ്ങുമ്പോൾ പിറകിൽ നിന്നും അപ്രതീക്ഷിതമായി അവളുടെ ശബ്ദം കേട്ടപ്പോൾ ആശങ്കയോടെയാണ് അയാൾ തിരിഞ്ഞു നോക്കിയത് .

“അനിലേട്ടനു വിഷമമുണ്ടാകും അല്ലേ…..
ഇല്ലെന്നു പറഞ്ഞാലും വിഷമമുണ്ടാകുമെന്നു എനിക്കറിയാം……
കഴിയുന്നതും വേഗം ഞാനെല്ലാം ശ്രമിക്കാം കേട്ടോ ……
സത്യം പറഞ്ഞാൽ ഇപ്പോൾ നിങ്ങൾ മാത്രമേ എന്റെ മനസ്സിലുള്ള .
പക്ഷേ …..
കഴിഞ്ഞുപോയ ചില രംഗങ്ങളൊക്കെ മനസ്സിൽ നിന്നും അത്രയൊന്നും വേഗത്തിൽ വിട്ടുപോകുന്നില്ല അനിലേട്ടാ……
അതിനുവേണ്ടി ചിലപ്പോൾ കുറച്ചു സമയം എനിക്കു വേണ്ടിവരും ……
അതുവരെ എന്നെ വെറുക്കാണോ എന്നോടു ദേഷ്യം തോന്നുവാനും പാടില്ല കേട്ടോ …..
അതിൻറെ പേരിൽ എന്നോട് ദേഷ്യപ്പെടുകയോ….
പിണങ്ങുകയോ വെറുപ്പു തോന്നുകയോ ചെയ്യുകയാണെങ്കിൽ നിമിഷം ഞാൻ മരിച്ചു കളയും ഉറപ്പാണ് ……..”

കണ്ണുകളിലേക്ക് നോക്കി പറയുകയായിരുന്നില്ല തേങ്ങുകകയായിരുന്നു……!
” അനിലേട്ടനെ മറക്കണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ …….
ഇനി പറയുന്നുമില്ല ……
പറയുകയുമില്ല പോരെ ……”

മുറ്റത്തിറങ്ങി അവളുടെ നേരെ കൈനീട്ടുന്നതിനിടയിലാണ് ഉറച്ച ശബ്ദത്തിൽ അയാൾ മറുപടി പറഞ്ഞത് .

“എല്ലാവരും പോയാൽ അനിയേട്ടൻ ഇവിടെ ഒറ്റയ്ക്കാവും …….”

അയാളുടെ കയ്യിൽ പിടിച്ചുകൊണ്ട് പടിയിറങ്ങുമ്പോഴായിരുന്നു ഹൃദയം പറിഞ്ഞുപോകുന്നതുപോലുള്ള ആത്മഗതം…..!

” സാരമില്ല അനിയേട്ടൻ ഒറ്റയ്ക്കല്ലല്ലോ മുത്തശ്ശനും മുത്തശ്ശിയുമൊക്കെയില്ലേ ……”

സഹതാപത്തോടെയാണ് അയാൾ ആശ്വസിപ്പിച്ചത്.

” വാ….. നമുക്കു അനിയേട്ടനോടു പറഞ്ഞിട്ടു വരാം ……”

മുറ്റത്തിറങ്ങിയ ഉടനെ തന്റെ കൈകളിൽ നിന്നും കൈകൾ അടർത്തി മാററിക്കൊണ്ടു വീടിന്റെ വടക്കുഭാഗത്തെ ആകാശമുല്ലയുടെ ചുവട്ടിലേക്കു ചുവടുവച്ചുകൊണ്ടാണ് പറഞ്ഞത്.

മോളുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട് അവളുടെ പിറകെ ആകാശമുല്ലയുടെ ചുവട്ടിലേക്ക് നടക്കുമ്പോൾ തന്റെ കാൽപാദം മുതൽ തലച്ചോർ വരെ തരിപ്പോ വിറയലോ എന്തോ കടന്നു പോകുന്നതു പോലെ അയാൾക്ക് തോന്നുന്നുണ്ടായിരുന്നു.

ആകാശമുല്ല ചെടിയുടെ തണലിന്റെ മറപറ്റി കിടക്കുന്ന ഒരു കാട്ടുചെടിയോ പുല്ലുകൾപോലുമില്ലാത്ത ആറടിമൺകൂന…..!

അതിൻറെ ഒരു ഭാഗത്തു നിറയെ വാരിവിതറിയതുപോലെ വാടിയതും അല്ലാത്തതുമായ ആകാശമുല്ല പൂക്കൾ ……!

“മോളുടെ പണിയാണതെല്ലാം….. അംഗൻവാടിയിൽ പോകുന്നതിനു മുന്നേയും വന്നതിനുശേഷവും അവളുടെ പ്രധാന ജോലിയാണിത്…….
പൂക്കളൊക്കെ പൊറുക്കിയെടുത്തു കാൽകീഴിൽ വയ്ക്കും…….!”

അടുത്ത വീടുകളിൽ വിവരമറിയിച്ച ശേഷം ധൃതിയിൽ പിറകെയെത്തിയ അമ്മയാണ് വിശദീകരിച്ചത്.

“മോൾക്കറിയുമോ കാര്യങ്ങൾ ……”

മോളെ നോക്കിയശേഷം പതുക്കെയാണ് അമ്മയോട് ചോദിച്ചത്.

” ഇല്ല …….പറഞ്ഞാൽ മനസിലാക്കുവാനുള്ള പ്രായമായില്ലല്ലോ…….
അച്ഛനെ ചോദിക്കുമ്പോൾ ദുബായിലാണെന്നു നുണ പറയും…….
ഇതിനുള്ളിൽ ദൈവമുണ്ടെന്നാണ് പറഞ്ഞുകൊടുത്തുത്…….
അതുകൊണ്ട് രാവിലെയും വൈകുന്നേരവും മുടങ്ങാതെ ഇവിടെ വന്നു പ്രാർത്ഥിക്കും……”

പറയുമ്പോൾ അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.

” സാരമില്ല അനിമോളുടെ അച്ഛൻ ദുബായിൽനിന്നും വന്നല്ലോ…..
ഇനിയെന്താ പ്രശ്നം അല്ലെ മോളെ……”

നടന്നുകൊണ്ടിരുന്ന മോളെയെടുത്തു നെറ്റിയിൽ ചുണ്ടമർത്തികൊണ്ടാണ് അയാൾ പറഞ്ഞത്.

മൺകൂനയുടെ അടുത്തെത്തിയപ്പോ അടുക്കള ഭാഗത്തുനിന്നും ആകാശമുല്ലയുടെ ചുവട്ടിലേക്ക് സ്ഥിരമായി നടന്നുപോകുന്നതുകൊണ്ടു പുല്ലുകൾപോലും കിളിർക്കാത്ത ഇടവഴിയിയുണ്ടെന്നും ആറടിമൺകൂനയുടെ തലയുടെ ഭാഗത്തു വെട്ടുകല്ലിന്റെ മുകളിൽ കഴുകിവൃത്തിയാക്കിയ ഒരു ടിഫിൻബോക്സ് സൂക്ഷിച്ചിരിക്കുന്നതും അയാളുടെ ശ്രദ്ധയിൽപെട്ടത്. …..!

“ഈ വീട്ടിൽ അവളെന്തുണ്ടാക്കിയാലും ആ പാത്രത്തിൽ വിളമ്പി ഇവിടെ കൊണ്ടുവച്ചശേഷമേ അവൾ കഴിക്കുകയുള്ളൂ……
എത്ര വട്ടം പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല അവൻ പോയപ്പോൾ മുതൽ തുടങ്ങിയ ശീലമാണ്……
ഇന്നലെ രാവിലെ അവളുണ്ടാക്കിയ ഉപ്പുമാവു ഇപ്പോഴും ആ പാത്രത്തിലുണ്ടാകും…..
ഇവിടെ വിളമ്പിവെച്ച ശേഷം ഒരു നുള്ളുപോലും കഴിക്കാതെയാണ് അവളുടെ ഓഹരിയും പൊതിഞ്ഞെടുത്തുകൊണ്ട് ആരെയോ കാണാനുണ്ടെന്നും പറഞ്ഞുകൊണ്ടു ഇന്നലെ രാവിലെ ഇവിടെനിന്നും ഇറങ്ങിയോടിയത്….. എനിക്കതൊന്നും കാണുവാൻ വയ്യ മോനെ….. അതുകൊണ്ട്……
ഞാൻ ഞാനതെടുത്തു മാറ്റാനൊന്നും പോയില്ല……!

സാരിയുടെ തുമ്പുയർത്തി കണ്ണുകൾ തുടക്കുന്നതിനിടയിൽ അമ്മയുടെ ശബ്ദം മുഴുവൻ പുറത്തേക്കു വന്നില്ലെങ്കിലും അവൾ കഴിക്കാതെയാണല്ലോ…..
ഹോസ്പിറ്റലിൽ കൊണ്ടുവന്നു സ്നേഹപൂർവ്വം തനിക്കിന്നലെ വിളമ്പിത്തന്നതെന്നോർത്തപ്പോൾ എത്ര നിയന്ത്രിച്ചിട്ടും അയാളുടെ കണ്ണുകൾ പെയ്തു തുടങ്ങി…….!

ആകാശമുല്ലയുടെ അടുത്തെത്തിയതും ആറടി മൺകൂനയുടെ പൂക്കൾ വിതറിയിരിക്കുന്ന ഭാഗത്തു മുട്ടുകുത്തിയശേഷം മുഖം പൊത്തി വാവിട്ടുകരയുന്ന അവളെ കണ്ടപ്പോൾ തന്റെ ഹൃദയവും നൂറു നൂറു കഷണങ്ങളായി ചിതറിപ്പോകുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു ……!

ഇപ്പോൾ ഇങ്ങനെയാണെങ്കിൽ അനിയേട്ടൻ ഇനി മുതൽ ഭൂമിയിലില്ല എന്നറിഞ്ഞ നിമിഷം അവൾ എങ്ങനെയായിരിക്കും സഹിച്ചിട്ടുണ്ടാവുക എന്നോർക്കാൻ പോലും തനിക്കു ശക്തിയില്ലെന്ന് അയാൾക്കു മനസ്സിലായി .

“മായമ്മേ……
മായമ്മേ……”

മോളെ താഴെ നിർത്തിയ ശേഷം അവളുടെ തോളിൽ പിടിച്ചുലച്ചുകൊണ്ട് കരയുന്നതുപോലെയാണ് അയാൾ വിളിച്ചു നോക്കിയത്.

” വേണ്ട മോനെ …..
അവളെ വിളിക്കേണ്ട……
മരിച്ചെന്നു പറഞ്ഞാലും സമ്മതിക്കാതെ……
അവൻ കൂടെയുണ്ടെന്നു പറഞ്ഞുകൊണ്ട് ജീവിച്ചതാണ്…….!
ഇപ്പോൾ വിട്ടുപിരിയുന്നതിന്റെ സങ്കടമാകും കരയട്ടെ….
കരഞ്ഞു കരഞ്ഞു അവളുടെ മനസുകലങ്ങി തെളിയട്ടെ അതാണ് നല്ലത്……”
അമ്മ ഓർമ്മപ്പെടുത്തിയതു കേട്ടപ്പോൾ ഒരുനിമിഷം അവരെയൊന്നു നോക്കിയശേഷം അവളെ തനിച്ചുകരയുവാൻ സമ്മതിക്കില്ലെന്നു പറയുന്നതുപോലെ മോളെ പിടിച്ചു മുന്നിൽ നിർത്തിയശേഷം മുട്ടുകുത്തിയിരിക്കുന്ന അവളുടെ ചുമലിൽ കയ്യൂന്നികൊണ്ട് തൊട്ടടുത്തു മുട്ടിയുരുമ്മി അയാളും മുട്ടുകുത്തിയിരുന്നു…..!

” പ്രിയപ്പെട്ട അനിലേട്ടാ ജീവിതത്തിൽ ഒരിക്കൽപോലും കാണുവാൻ പറ്റിയില്ലെങ്കിലും നിങ്ങളിപ്പോൾ എന്റെയും ആരൊക്കെയോയായി മാറിയിരിക്കുന്നു ……
നിങ്ങളുടെ നിർഭാഗ്യമാണ് എനിക്കിപ്പോൾ ഭാഗ്യമായി വന്നിരിക്കുന്നത് …..!
അതുകൊണ്ട് ……
ഞാനവൾക്ക് പുതിയൊരു ജീവിതം കൊടുക്കുകയല്ല ……
പകരം നിങ്ങൾ നിർത്തി പോയിടത്തുനിന്നും ഞങ്ങൾ വീണ്ടും തുടങ്ങുക മാത്രമാണ് ചെയ്യുന്നത് …….
നിങ്ങളെക്കാൾ അവളെ സ്നേഹിക്കാൻ കഴിയില്ലെങ്കിലും നിങ്ങളോളം സ്നേഹിക്കുവാൻ എനിക്കും എന്നെ സ്നേഹിക്കുവാൻ അവൾക്കും സാധിക്കുമെന്ന ഉറച്ച വിശ്വാസമെനിക്കുണ്ട്…..

അല്ലെങ്കിലും….
അവളുമായി അടുത്തുപോയ ഒരാൾക്കുപോലും അവളെയൊരിക്കലും മറക്കുവാനോ വെറുക്കുവാനോ സാധിക്കുകയില്ലെന്നു എന്നെക്കാൾ നിങ്ങൾക്കല്ലേ കൂടുതൽ അറിയുന്നത് …….
നിങ്ങളിൽനിന്നും അവളെ അകറ്റി നിർത്തുവാനോ…..
മാറ്റിനിർത്തുവാനോ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല…….

പകരം കൂടുമാറി കൂടുമാറുന്നതുപോലെ ഇനിമുതൽ നിങ്ങളായി പുനർജനിച്ചുകൊണ്ട്…. നിങ്ങളായിമാറിക്കൊണ്ട് അവളുടെ പ്രണയം മുഴുവൻ പിടിച്ചുവാങ്ങി ഞാൻ എൻറെ ജീവിതം അവളുടെയും നമ്മുടെ മോളുടെയും കൂടെ ജീവിച്ചു തീർക്കും…….
അവളിലൂടെ ഇനിയെത്ര കുഞ്ഞു മായമാമാരോ കുഞ്ഞുഅനിലുമാരോ വന്നാലും……
മരണംവരെ എൻറെ ആദ്യത്തെ മോൾ നമ്മുടെ അനിമായതന്നെയായിരിക്കും ……
അവളെയും മോളെ ഞാനിപ്പോൾ കൊണ്ടുപോക്കുകയാണ് എത്രയും പെട്ടെന്നു തന്നെ നിങ്ങളുടെ മുന്നിലേക്കു തന്നെ ഞങ്ങൾ തിരിച്ചു വരും……!

അവൾക്ക് നിങ്ങളോടുള്ള പ്രണയത്തിന്റെയും എനിക്കവളോടുള്ള പ്രണയത്തിന്റെയും ഓർമയ്ക്കായി ഞാനിവിടെയൊരു പ്രണയത്തിന്റെ വീടുണ്ടാക്കും ……
പ്രണയം പൂത്തുതളിക്കുന്ന വീട്…..!

നിങ്ങളും ഞാനും അവളും മോളും ചേർന്ന അനിമായയെന്നു പേരുള്ള മനോഹരമായ പ്രണയവീട് ……..!

അതുപൂർത്തിയാകുന്നതുവരെ മാത്രമാണ് നിങ്ങളിൽ നിന്നും ഞാനവളെ പറിച്ചു മാറ്റുന്നത്…..
അതുകൊണ്ട് ക്ഷമിക്കൂ അനിലേട്ടാ ……”

ഇടതുകൈകൊണ്ട് മോളെ നെഞ്ചോടടുക്കിയും വലതുകൈകൊണ്ട് അവളെ ചേർത്തുപിടിച്ചുകൊണ്ടും പ്രണയം ഉറങ്ങുന്ന ആറടിമണ്ണിന്റെ കാൽക്കാൾ മുട്ടുകുത്തിയിരിക്കുമ്പോൾ അയാളുടെ മനസും നിശബ്ദം മന്ത്രിക്കുകയായിരുന്നു.

അവളുടെ വാവിട്ടു കരച്ചിൽ ക്രമേണ വിതുമ്പലായും തേങ്ങലായും പതിയെ പതിയെ കെട്ടടങ്ങി….. !
മനസ്സിലെ കുറ്റബോധത്തിന്റെയും തെറ്റുചെയ്യുകയാണെന്ന മിഥ്യാബോധത്തിന്റെയും ഭാരം കരഞ്ഞുതീർത്തു മനസു ശാന്തമാക്കിയശേഷം ആറടിമണ്ണിൽ തൊട്ടു വന്ദിച്ച കൊണ്ട് അവൾ തന്നെയാണ് ആദ്യം എഴുന്നേറ്റത് ……
മോളും അതുപോലെ ചെയ്തപ്പോൾ …..
അയാളും അതുതന്നെ അനുകരിച്ചു.

” പോകാം അല്ലെ….”
മോളെയെടുത്തശേഷം കണ്ണുകൾകൊണ്ടാണ് അയാൾ അനുമതി ചോദിച്ചത് .

അതുകണ്ടയുടനെ സാരിയുടെ മുന്താണി തുമ്പെടുത്തു വായിൽ തിരുകികൊണ്ട് ആറടിമൺകൂനയിലേക്കു തിരിഞ്ഞു നോക്കി അവൾ ഒരിക്കൽ വിതുമ്പി .

“ഞാൻ പോകട്ടെ അനിയേട്ടാ …..”




തുടരും........ ♥️



മായാമൊഴി 💖( അവസാന ഭാഗം )

മായാമൊഴി 💖( അവസാന ഭാഗം )

4.8
10573

“പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ….. ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും …… മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..” ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ ആകാശമുല്ല മരത്തിൻറെ ചില്ലകൾ പതിയെ ഉലഞ്ഞപ്പോൾ പൂക്കലകളിൽ വിടർന്നുനിന്നിരുന്ന ഒരു ആകാശമുല്ലപ്പൂവ് ആര