Aksharathalukal

മായാമൊഴി 💖( അവസാന ഭാഗം )

“പോയിട്ടു വരട്ടെയെന്നു പറയൂ മായമ്മേ…..
ഒരു വർഷത്തിനുള്ളിൽ ഈ വീട് പൊളിച്ചുമാറ്റി ഭംഗിയുള്ള നല്ലൊരു വീടുണ്ടാക്കിയ ശേഷം നമ്മൾ ഇങ്ങോട്ടു തന്നെ വരും ……
മായമ്മയുടെ അനിയേട്ടനു മുന്നിൽ മായമ്മ അനിലേട്ടന്റെ കൂടെ ജീവിച്ചാൽമതി കെട്ടോ…..”

ചുണ്ടുകളും കവിളുകളും വിറപ്പിച്ചുകൊണ്ടു വിതുമ്പുന്ന അവളെ ചേർത്തുപിടിച്ചു സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവരെ തഴുകി ആശ്വസിപ്പിക്കാനെന്നപോലെ എവിടെനിന്നോ വീശിയടിച്ചെത്തിയ ഇളം കാറ്റിൽ അവരെ ഊഞ്ഞാലാടാനെന്നപോലെ ആകാശമുല്ല മരത്തിൻറെ ചില്ലകൾ പതിയെ ഉലഞ്ഞപ്പോൾ പൂക്കലകളിൽ വിടർന്നുനിന്നിരുന്ന ഒരു ആകാശമുല്ലപ്പൂവ് ആരോ സമ്മാനിക്കുന്നതുപോലെ അവളുടെ തലയിലേക്ക് ഞെട്ടറ്റു വീണു ……
പിന്നെ അവിടെനിന്നും അവളുടെ ചുമലിലൂടെ അയാളുടെ നെഞ്ചിലേക്കും……
അവിടെ നിന്നും പിന്നെയും താഴേക്കു തെന്നിനീങ്ങിയ ശേഷം അയാളുടെ ഒക്കത്തുള്ള മോളുടെ മടിയിൽ വിശ്രമിക്കുകയും ചെയ്തു……!

“ആകാശമുല്ല പൂവ്…..!
മായമ്മയുടെ പ്രണയം പോലെ വാടികൊഴിഞ്ഞുവീണുകഴിഞ്ഞാലും സുഗന്ധം പരത്തുന്ന പൂവ്……!
മായമ്മയുടെ തലയിൽ വീണശേഷം എന്റെ നെഞ്ചിലൂടെ മോളുടെ മടിയിലെത്തിയിരിക്കുന്ന ….
ഈ പൂവ് അനിയേട്ടന്റെ സമ്മതവും സമ്മാനവുമാണ് .
അതുകൊണ്ട് ……
പ്രണയത്തിന് വാടാതെ സുഗന്ധമുള്ള ഈ പൂവും ഇന്നത്തെ നമ്മുടെ ദിവസത്തിനു സാക്ഷിയാകട്ടെ…….”

മോളുടെ മടിയിൽ വീണുകിടക്കുന്ന ആകാശമുല്ല പൂവെടുത്തു മണത്തുനോക്കിയശേഷം ഇണചേർന്നു കിടക്കുന്ന കരിനാഗങ്ങളെപ്പോലെ മെടഞ്ഞിട്ടിരിക്കുന്ന അവളുടെ നീണ്ടമുടിയുടെ ഇടയിൽ തിരുകിയശേഷം അവളെയും ചേർത്തുപിടിച്ചുകൊണ്ടു കാറിനടുത്തേക്കു നടക്കുമ്പോഴാണ് അവളുടെ ചെവിയിൽ അയാൾ മന്ത്രിച്ചത്.

അനന്തരം മായമ്മ ……
●●●●●●●●●●●●●●

“എനിക്കു പേടിയാവുന്നു അവിടെ കുറെ ആൾക്കാരൊക്കെ കാണുമോ ……”

വണ്ടിയോടിക്കുന്ന അയാളുടെ മടിയിലേക്കും തൻറെ മടിയിലേക്കും മാറിമാറി ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന മോളെ പിടിച്ചു മടിയിൽ അടക്കി നിർത്തുന്നതിടയിലാണ് അവൾ ചോദിച്ചത് .

“ങാ….. ഒരൊറ്റ ദിവസം കൊണ്ടു അയ്യായിരം പേരെയെങ്കിലും ഞാൻ ക്ഷണിച്ചിട്ടുണ്ട് …..”

ഒരു നുള്ളു പ്രതീക്ഷിച്ചുകൊണ്ടാണ് പുറത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് അയാൾ മറുപടി കൊടുത്തതെങ്കിലും പെട്ടെന്നുള്ള പ്രതികരണമൊന്നും കാണാത്തപ്പോൾ അതിശയത്തോടെ കണ്ണാടിയിൽ നോക്കിയപ്പോൾ പുറത്തേക്കു നോക്കി അന്തസ്സോടെ അവൾ കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു …..

★★★★★★★★★★★★★

“മോൻറെ കയ്യിൽ ഒരു ടൗവ്വൽ കെട്ടികൂടായിരുന്നോ ……
സ്നേഹം തോന്നുമ്പോൾ ഭ്രാന്തൻനായയുടെ സ്വഭാവം കാണിക്കുന്ന ഈ പെണ്ണിനെ അല്ലാതെ വേറെയാരെയും ഞാൻ കണ്ടിട്ടില്ല ……”

വണ്ടിയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് തൻറെ വെളുത്ത കൈത്തണ്ടയിൽ ചുവന്ന നിറത്തിൽ തെളിഞ്ഞുനിൽക്കുന്ന അവളുടെ കടിയേറ്റിരിക്കുന്ന പല്ലിന്റെപാടിൽ നോക്കിക്കൊണ്ടു അമ്മ പറഞ്ഞത് .

“ഇതെല്ലാം ചെറുതാണ് ……
ഇനിയെത്ര വലുതു കിട്ടാനുണ്ട് …….”

അതിനു മറുപടിയായി റോഡിലേക്കു അലക്ഷ്യമായി നോക്കികൊണ്ടുല്ല അവളുടെ പിറുപിറുക്കൽ കേട്ടപ്പോൾ അയാൾ ഉറക്കെ ചിരിച്ചുപോയി .

★★★★★★★★★★★★★

“നീയെന്താ പുഞ്ച കണ്ടത്തിൽ നിന്നാണോ സ്വന്തം കല്യാണത്തിന് വരുന്നത് ഷർട്ടു മുഴുവൻ അഴുക്കാണല്ലോ…….”

ക്ഷേത്രനടയിൽ വണ്ടിയെത്തിയ ഉടനെ തങ്ങളെ സ്വീകരിക്കാനെത്തിയ അങ്കിളിനെ വകയായുള്ള കമൻറ് കേട്ടപ്പോഴാണ് അയാൾ സ്വന്തം ഷർട്ടിലേക്ക് ജാള്യതയോടെ നോക്കിയത്…..!

ആകാശനീലിമനിറത്തിലുള്ള ഷർട്ടിന്റെ മുൻഭാഗത്തു അവിടവിടെയായി പടർന്നിരിക്കുന്ന അവളുടെ നെറ്റിയിലെ ചുവന്ന പൊട്ടും കൺമഷിയും ……
കൺമഷി പുരണ്ട കണ്ണീരും…..
പിന്നെ ചോക്കലേറ്റിന്റെ വയലറ്റ് നിറവും……!

” അതൊന്നുമല്ല മായയുടെ നാട്ടിലിന്നു ഹോളിയായിരുന്നു……”

അങ്കിളിന്റെ മുഖത്തുനോക്കാതെയാണ് ചമ്മലോടെ മറുപടി പറഞ്ഞത് .

“വൈകിയപ്പോഴേ…..
പെണ്ണിന്റെ വീട്ടിൽ പോയി ഹോളി ആഘോഷിച്ചു വരികയാണെന്ന് മനസിലായി……
പിന്നെന്തിനാണ് ആദ്യരാത്രിയെന്നൊക്കെ പറയുന്നത്……”

തിരക്കിനിടയിൽ പെണ്ണിനെയെത്തിനോക്കാനെത്തിയ അയാളുടെ കൂട്ടുകാരൻറെ കമൻറ് കേട്ടതും അവൾ ചൂളിപ്പോയി …….!
അയാളെ നുള്ളിവലിച്ചുകൊണ്ട് ജാള്യത തീർക്കുവാൻ എരിപൊരികൊണ്ടെങ്കിലും അയാൾ കയ്യെത്താത്ത അകലത്താണ് …..
പിന്നെ ആരെയെങ്കിലും നുള്ളാമെന്നു കരുതിയാൽ തൊട്ടടുത്തുള്ളതു അമ്മയാണ് …..
പക്ഷെ….
അമ്മയെ നുള്ളാൻ പറ്റില്ലല്ലോ……

മോളുടെ ചെവിയിൽ പിടിച്ചു തിരുമ്മിക്കൊണ്ടു തൽക്കാലം ആശ്വസിക്കാമെന്നു കരുതിയപ്പോൾ അച്ഛനെ വിരലിൽ തൂങ്ങിക്കൊണ്ടു ഒരു പൂമ്പാറ്റയെ പോലെ അവൾ മുന്നിൽ പറക്കുകയാണ്……!

★★★★★★★★★★★★★

ക്ഷേത്രത്തിന് പുറത്തുനിന്നും മാലയണിയിച്ചു താലിചാർത്തിയ ശേഷം അങ്കിളിനെ ഭാര്യ നീട്ടിയ പാത്രത്തിൽനിന്നും സിന്ദൂരം തൊട്ടു അയാൾ തന്റെ സീമന്തരേഖയിൽ അണിയിക്കുമ്പോൾ ശരീരത്തിലൂടെ ഒരു വിറയൽ പടരുന്നത് അവളറിഞ്ഞു…….
ഒപ്പം കണ്ണുകളും നിറഞ്ഞു……!
പക്ഷെ…..
തൊട്ടടുത്ത നിമിഷം തന്റെ സാരിയുടെ തുമ്പു വലിച്ചെടുത്തുകൊണ്ടു വിരൽത്തുമ്പിലെ സിന്ദൂരം തുടച്ചുകളയുന്നതു കണ്ടപ്പോൾ നാലുവര്ഷങ്ങൾക്കു മുന്നെ തനിക്കു താലിചാർത്തുമ്പോൾ കൂട്ടുകാരുടെ നിർബന്ധം കൊണ്ടു തൊട്ടിരുന്ന ചന്ദനക്കുറി താലി ചാർത്തികഴിഞ്ഞയുടനെ തന്റെ കല്യാണ സാരിയുടെ തുമ്പുയർത്തി ഇതേപോലെ അനിയേട്ടനും നെറ്റിയിലെ ചന്ദനം മയ്ച്ചുകളഞ്ഞിരുന്ന കാര്യം മനസിലേക്ക് ഓടിയെത്തി…..!

രൂപത്തിൽ മാത്രമല്ല…..
സ്വഭാവത്തിലും ഇഷ്ടങ്ങളിലും ഇടപെടലുകളിലുമൊക്കെ ഒരുപാട് സാമ്യങ്ങളുണ്ട്……!

അതോർത്തപ്പോൾ കുളിരണിഞ്ഞ കണ്ണുകളോടെ അവൾ അയാളുടെ നേരെ മിഴികൾ ഉയർത്തി.

★★★★★★★★★★★★
“നീ ഇവൾക്ക് വീടും പരിസരവും കാര്യങ്ങളുമൊക്കെ പരിചയപ്പെടുത്തിക്കൊടുക്കൂ……
ഭക്ഷണമൊക്കെ ഞങ്ങൾ ഉണ്ടാക്കിക്കോളും…. നിലവിളക്കുമായിത്തിയ അങ്കിളിന്റെ ഭാര്യ അവളെ അകത്തേക്കു ക്ഷണിച്ചുകൊണ്ടുപോയ ശേഷം അങ്കിളാണ് പറഞ്ഞത് .
പക്ഷേ…..
മായമ്മ നാണംകുണുങ്ങി തലകുനിച്ചുകൊണ്ടു അകത്തേക്ക് പോയപ്പോഴേക്കും കുഞ്ഞുമായ യാതൊരു അപരിചിതത്വവമില്ലാതെ വീടിനുള്ളിലെ ആട്ടുകട്ടിലും ഊഞ്ഞാലും പതുപതുത്ത കുഷ്യനുള്ള സോഫകളുമൊക്കെ കയ്യടക്കി ആധിപത്യം സ്ഥാപിച്ചുകൊണ്ടു തലകുത്തി മറിഞ്ഞു തുടങ്ങിയിരുന്നു .

★★★★★★★★★★★★★★

“ഇതൊക്കെ ഇനി മായമ്മയ്ക്കുള്ളതാണ് അമ്മ ഉപയോഗിച്ചിരുന്ന മുറിയിലെ ഷെൽഫ് തുറന്നശേഷം അമ്മയുടെ ആഭരണങ്ങൾ അടങ്ങിയ പെട്ടിയെടുത്ത തുറന്നുകാണിച്ചുകൊണ്ട് പറയുമ്പോൾ സ്വർണം ഉപയോഗിക്കാറില്ലെങ്കിലും സ്വർണാഭരണങ്ങൾ കാണുമ്പോൾ അവളുടെ കണ്ണുകൾ മഞ്ഞലോഹത്തെപോലെതന്നെ തിളങ്ങുമെന്നു കരുതിയാണ് അയാൾ പറഞ്ഞത്…..!

” എനിക്കെന്തിനാണ് ഇതൊക്കെ…… ഞാനിതൊന്നും ഉപയോഗിക്കില്ല ….
എനിക്കു താലിമാല മാത്രംമതി ….
അതിലാണ് എന്റെ ഇനിയുള്ള വിശ്വാസവും എനിക്കേറ്റവും വിലപ്പെട്ടതും…..
അത്രയും വേറെയൊന്നിനും ഞാൻ നൽകുന്നുമില്ല ഞാൻ കാണുന്നുമില്ല…..”

ആഭരണപ്പെട്ടിയിലേക്കു വെറുതെയൊന്ന് കണ്ണോടിച്ചുകൊണ്ടു താലിമാലയെടുത്ത് ചുണ്ടിൽ അമർത്തിശേഷം നേരത്തെ കഴുത്തിലുണ്ടായിരുന്ന നേർത്ത മാലയുടെ കൊളുത്തഴിച്ചെടുത്തു അയാളുടെ കൈയ്യിലെ ആഭരണപെട്ടിയിൽ നിക്ഷേപിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത് …..!

” മായമ്മ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇതൊക്കെ നിനക്കു അവകാശപ്പെട്ടതാണ് നീതന്നെ സൂക്ഷിച്ചാൽ മതി …….
മായമ്മയ്ക്ക് വേണ്ടേമെങ്കിൽ അനിമോൾക്കും ഇനി വരാനുള്ള കുറേ കുഞ്ഞുമായമാർക്കും നമുക്കിതു ഒരുപോലെ വീതിച്ചു കൊടുക്കാം പോരേ ….
അതുവരെ എവിടെയാണെന്നുവച്ചാൽ മായമ്മയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ മതി കെട്ടോ……..”

ആഭരണപെട്ടി ബലമായി കൈയിലേല്പിച്ചുകൊണ്ടു പറയുമ്പോൾ അവളുടെ കണ്ണുകളിൽ നാണം വിടരുന്നതും കൂമ്പിയടയുന്നതും കൗതുകത്തോടെ അയാൾ ശ്രദ്ധിച്ചു.

” ഞാനിതു മുറിയിലെ ഷെൽഫിൽ സൂക്ഷിക്കാം പക്ഷേ എനിക്കു നിങ്ങളുടെ സ്വർണമോ…. പണമോ …..
ഒന്നും വേണ്ട അനിലേട്ടാ…..
ഈ മനസുമാത്രം മതിയെനിക്ക്…….
ഇപ്പോൾ നിങ്ങൾ കാണിക്കുന്ന സ്നേഹം അതൊരിക്കലും നഷ്ടപ്പെടാതിരുന്നാൽ മതി….. അതുമാത്രമേ എനിക്കുവേണ്ടൂ…….
അത്രയേ ഞാൻ മോഹിക്കുന്നുള്ളൂ
കണ്ണുകളിലേക്കുതന്നെ ഉറ്റുനോക്കി പറയുന്നതു കണ്ടപ്പോൾ കരയിൽ അകപ്പെട്ടുപോയ മീനിനെ പോലെ പിടിക്കുന്ന അവളുടെ കണ്ണുകളിൽ നിറയെ പ്രണയവും എന്തിനൊക്കെയോ ക്ഷണിക്കുന്ന മാദകത്വമാണെന്നും അയാൾക്ക് തോന്നി .

“ഹോ…… വേഗമൊന്നു രാത്രിയായി കിട്ടിയാൽ മതിയായിരുന്നു…….”

അവളുടെ കണ്ണുകളിലെ പ്രണയവും മാദകത്വവും ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്കു ആർത്തിയോടെ ഒപ്പിയെടുക്കുന്നതിനിടയിലാണ് കുസൃതി നിറഞ്ഞ ചിരിയോടെ പറഞ്ഞത് .

“ഓ…. തുടങ്ങിയല്ലോ …..
ഒന്നു പോയേ……”

അയാളുടെ നെഞ്ചിലൊട്ടി ചേർന്നുനിൽക്കുന്നതിനിടയിൽ കൈവണ്ണയിൽ നല്ലൊരു നുള്ളുകൊടുത്തുകൊണ്ടാണ് അഭരണപ്പെട്ടിയുമായി മുറിയിൽ നിന്നും അവൾ പുറത്തേക്ക് ഇറങ്ങിപ്പോയത്.

★★★★★★★★★★★★★★

അമ്മയുടെ ആഭരണപ്പെട്ടി തന്റെ ഷെൽഫിനുള്ളിൽ ഭദ്രമായി സൂക്ഷിക്കുന്നതു നോക്കിനിക്കുന്നതിടയിലാണ് ആഭരണങ്ങളൊന്നും ധരിക്കാതെ ശൂന്യമായ കഴുത്തും കാതും കൈകളുമുള്ള അവളുടെ അമ്മയുടെ മുഖം അയാളുടെ മനസ്സിലേക്ക് ഓടിയെത്തിയത് .

“മായമ്മേ…….
അതിൽ അമ്മ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരു മാലയും കമ്മലുകളും രണ്ടുവളകളും വേറെതന്നെ മാറ്റിവച്ചിട്ടുണ്ട്…..
അതെടുത്തു അമ്മയ്ക്ക് കൊടുത്തോളൂ …..
പാവം അവരെടുത്തോട്ടെ……”

” ഏതമ്മ …. ”
പെട്ടെന്നവൾ അങ്ങനെയാണ് ചോദിച്ചത് .

“ഇവിടെയിപ്പോൾ ഒരു അമ്മയല്ലേയുള്ളൂ മായമ്മേ……
ആ അമ്മയ്ക്ക് ആ അമ്മയ്ക്ക് കൊടുക്കാനാണ് ഞാൻ പറഞ്ഞത് ……..”

ചിരിയോടെയാണ് അയാൾ തിരുത്തി കൊടുത്തത്.
“അയ്യോ…..
അതൊന്നും വേണ്ട അനിലേട്ടാ ……
ആരെങ്കിലും കണ്ടാൽ മോശമല്ലേ…….
നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ എൻറെ മാല ഞാൻ അമ്മയ്ക്ക് കൊടുക്കാം……”

ആഭരണപ്പെട്ടിയിൽ മറ്റാഭരണങ്ങളുടെ കൂടെ സൂക്ഷിച്ചിരുന്ന തൻറെ നേർത്ത മാല പെട്ടിയിൽ നിന്നും തിരികെയെടുത്തുകൊണ്ടാണ് മടിയോടെ അവൾ പറഞ്ഞത് .

“വേണ്ട …..
മായമ്മയ്ക്ക് പറ്റില്ലെങ്കിൽ വേണ്ട …..
ഇപ്പോൾ എന്റെയും അമ്മയല്ലേ ഞാൻ തന്നെ കൊടുത്തേക്കാം …….
പിന്നെ ഇവിടെയുള്ളത് മുഴുവൻ മായമ്മയുടെതും കൂടെയാണ് കെട്ടോ……
എനിക്കവകാശപ്പെട്ട എല്ലാറ്റിനും മായമ്മയ്ക്കും അവകാശമുണ്ട്…….
ഇവിടെ എന്റേതും നിന്റേതുമില്ല .
പകരം …..
നമ്മുടേതുമാത്രമേയുള്ളൂ ……
അതുപോലെ ഞാനും നീയുമില്ല .
പകരം ……
നമ്മൾ മാത്രമേയുള്ളൂ മനസിലായോ……”

പറഞ്ഞശേഷം പെട്ടിയിൽ നിന്നും മാലയും കമ്മലുകളും വളയുമെടുത്ത് അമ്മയുടെ നേരെ നീട്ടിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു
അതുകണ്ടപ്പോൾ ചാരിതാർത്ഥ്യത്തോടെ അയാളുടെ കണ്ണുകളും നിറഞ്ഞു.

★★★★★★★★★★★★★

“മായമ്മേ നാളെ നമുക്കൊന്നു പുറത്തൊക്കെ കറങ്ങണം മോൾക്ക് ഒരു മാലയും പാദസരവും വളയും ബ്രെസ്ലെറ്റ് ഒക്കെ വാങ്ങണം കേട്ടോ…..
അവൾ വിസ്മയ അനിലിന്റെയും മായാജാലക്കാരി മായമ്മയുടെയും മോളാണ്…..
അവളെ അങ്ങനെ തന്നെ നടത്തിക്കണം…..
പക്ഷെ……
എൽ കെ ജി യും യു കെ ജി യും ഇംഗ്ലീഷ് മീഡിയമൊന്നും വേണ്ട കെട്ടോ…….
നമുക്ക്‌ അംഗൻവാടിയും സാധാരണ സ്കൂളും മതി……
എങ്കിൽ മാത്രമേ സഹജീവികളോട് സ്നേഹമുള്ള മനുഷ്യപറ്റുള്ള കുട്ടികളായി വളരൂ……..
ഇപ്പോൾ ചില ആൾക്കാരൊക്കെ വരുന്നതല്ലേ അതുകൊണ്ട് തൽക്കാലം മായമ്മയുടെ മാല മോളുടെ കഴുത്തിലിട്ടു കൊടുക്കൂ
പുറത്താരോ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ പുറത്തേക്കിറങ്ങി പോകുന്നതിനിടയിലാണ് അയാൾ ഓർമപ്പെടുത്തിയത് .

★★★★★★★★★★★

ഒരുപൂമ്പാറ്റയെ പോലെ വീടുമുഴുവൻ പറന്നുനടക്കുകയായിരുന്നു അനിമോളെ തൊട്ടും തലോടിയും മണപ്പിച്ചും …..
മായമ്മയെയും അമ്മയെയും പരിചയപ്പെട്ടും കുശലം പറഞ്ഞും ഭക്ഷണം കഴിച്ചശേഷം അയൽക്കാരും കൂട്ടുകാരുമൊക്കെ മടങ്ങിത്തുടങ്ങിയിരുന്നു.

ഏറ്റവുമവസാനം രേഷ്മയുടെ കൂടെ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് അവളുടെ അടുത്തു നിൽക്കുകയായിരുന്നു അയാളെ ആൻറി കൈമാടിവിളിച്ചുകൊണ്ടു മാറ്റിനിർത്തി സംസാരിച്ചത്.

“അതേ…..
കാര്യമെല്ലാം ശരിതന്നെ……
പക്ഷെ ചിലർക്കൊക്കെ ഉർവ്വശി ശാപം ഉപദ്രവവുമാകാറുണ്ട് ……
ഇതും അതുപോലെ സംഭവിക്കരുത്…. ഇത്രയുംകാലം അലഞ്ഞുതിരിഞ്ഞു നടന്നതുകൊണ്ട് ബിസിനസിൽ ശ്രദ്ധിക്കുകയോ മര്യാദയ്ക്ക് ഓഫീസിൽ വരികയോ ചെയ്യാറില്ല….. ഇനിമുതൽ ഭാര്യയോടുകൂടെ വീടിനുള്ളിൽ തന്നെയാകുമോ….. !
അടുത്താഴ്ച മുതൽ കൃത്യമായി ഓഫീസിൽ വന്നേക്കണം പറഞ്ഞേക്കാം ……”

മറുപടിയായി അയാൾ ചിരിച്ചുകൊണ്ട് തലചൊറിഞ്ഞതേയുള്ളൂ.

★★★★★★★★★★★★★

” ഞാൻ അവനോടൊരു കാര്യം പറഞ്ഞിട്ടുണ്ട് …. മോൾ അതൊന്നും കാര്യമാക്കണ്ട കേട്ടോ…..
ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാണ് മോളെ….
ഞാനങ്ങനെ പലതും അവനോടു പറയും
അവൻ ഞാൻ പ്രസവിക്കാത്ത മോനാണ് …..
അതുകൊണ്ട് എന്തുകേട്ടാലും മോൾ കാര്യമാക്കാരുത് കെട്ടോ……”

മടങ്ങാൻ ഒരുങ്ങുമ്പോൾ മോളെ പിടിച്ചടുപ്പിച്ചു ഒരു ഉമ്മ നൽകികൊണ്ട് അവളെ ഓർമിപ്പിക്കാനും ആൻറി മറന്നില്ല.

ആൻറിയെന്താണ് ……
അനിലേട്ടനോടു പറഞ്ഞത് ……
എന്തോ പറഞ്ഞെന്ന് എന്നോട് പറഞ്ഞല്ലോ……”

ആൻറി പോയശേഷമാണ് അവൾ സംശയം ചോദിച്ചത് .

“ഓ……അതൊന്നുമില്ല തിരക്കിട്ടു ഓഫീസിൽനിന്നും വരേണ്ട കാര്യമൊന്നുമില്ല കാര്യങ്ങളൊക്കെ ആൻറി മാനേജ് ചെയ്തോളാമെന്നാണ് പറഞ്ഞത്……”

ഒന്നു പരുങ്ങിയ ശേഷം അല്പനേരം ആലോചിച്ചുകൊണ്ടു ഒരുകള്ളച്ചിരിയോടെയാണ് മറുപടി പറഞ്ഞത്.

” ശരിയാ ……
പാവം ആൻറി അല്ലേ …..”

അയാളുടെ പരുങ്ങലും കള്ളച്ചിരിയും കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായിരുന്നു.
ഒപ്പം ആന്റി രാവിലെ അയാളെ ഉപദേശിച്ച കാര്യം മനസ്സിൽ ഓർത്തുകൊണ്ടാണ് ചിരിയോടെ അവളും മറുപടി കൊടുത്തത് .

“ഒരാഴ്ച കഴിയട്ടെ ……
എട്ടുമണിക്ക് ഞാൻ ഓഫീസിൽ പറഞ്ഞേക്കും നോക്കിക്കോ……!”

മനസ്സിൽ പറഞ്ഞുകൊണ്ട് അവളും അയാളെ നോക്കി വീണ്ടും കള്ളച്ചിരിചിരിച്ചു .

★★★★★★★★★★★

“മോളെവിടെ …….
അവൽഡയും ഇവിടെ കിടത്തിയാൽ മതി ഇല്ലെങ്കിൽ അവൾക്കു വിഷമമാകില്ലേ…..
കുട്ടികളുടെ മനസ് വേദനിപ്പിക്കരുത്……”

രാത്രിയിൽ അവൾ ഒറ്റയ്ക്ക് മുറിയിലേക്ക് കയറിവന്നശേഷം വാതിലടച്ചു കുറ്റിയിടുവാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് അയാൾ തിരക്കിയത്.

” ശരി …….
എങ്കിൽ ഞാനിപ്പോൾ പോയി അമ്മയെയും മോളെയും കൂട്ടിയിട്ടുവരാം അമ്മയും ഇവിടെത്തന്നെ കിടക്കട്ടെ……”

വാതിൽ തുറക്കുവാൻ ശ്രമിക്കുന്നതായി അഭിനയിച്ചുകൊണ്ടാണ് ചിരിയോടെ അവൾ പറഞ്ഞത് .

“അതെന്തിനാണ് അമ്മയെയും കൊണ്ടുവരുന്നത്…..”

അന്ധാളിപ്പോടെയാണ് അയാൾ ചോദിച്ചത്.

” എൻറെ അനിലേട്ടാ ……
ഞാനില്ലെങ്കിൽ അവൾ എത്ര ദിവസം വേണമെങ്കിലും നിൽക്കും ……
പക്ഷേ അമ്മയുടെ മണവും താരാട്ടുമില്ലാതെ അവൾ ഉറങ്ങില്ല …….
അതുകൊണ്ട് …..
സാരമില്ല അവളവിടെ കിടന്നോട്ടെ ……

★★★★★★★★★★★★

“ഇപ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു……
ഞാൻ അനിലേട്ടന്റെ കൂടെ വരുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരുന്നോ…..”

കുതിപ്പും കിതപ്പുമെല്ലാം കഴിഞ്ഞു അയാളുടെ രോമാവൃതമായ നെഞ്ചിൽ തലചായ്ച്ചു തളർന്നു കിടക്കുമ്പോഴാണ് മീശരോമങ്ങൾ എണ്ണുന്നതുപോലെ മീശയിൽ പതുക്കെ പിടിച്ചുവലിച്ചുകൊണ്ട് അവൾ ചോദിച്ചത് .

“ആദ്യം അങ്ങനെ തോന്നിയിരുന്നു…..
പക്ഷേ പിന്നീടൊന്നും നടക്കില്ലെന്നും തോന്നി…..”

അവളെ നെഞ്ചോടുചേർത്തു പിടിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത് .

“നിങ്ങളെന്നോട് ആദ്യമായി ചോദിച്ചപ്പോൾ തന്നെ വിട്ടുപോകുവാനോ നിഷേധിക്കുവാനോ കഴിയില്ലെന്നു എനിക്കും തോന്നിയിരുന്നു …
ഉള്ളിന്റെയുള്ളിൽ എന്തോ ഒരിഷ്ട്ടം…..”

ഇരുട്ടിൽ അയാളുടെ തലമുടി മാടിയൊതുക്കി നെറ്റിയിൽ ചുണ്ടമർത്തി കൊണ്ടാണ് അവളും പറഞ്ഞത് .

“മായമ്മ എൻറെകൂടെ വന്നില്ലെങ്കിൽ മായമ്മയുടെ വീട്ടിൽ നിന്നും വരുന്ന വഴിയിൽ ഞാൻ എവിടെയെങ്കിലും വണ്ടി ഇടിച്ചു മരിക്കുമായിരുന്നു …….”

അവളെ ഒന്നുകൂടി നെഞ്ചിൽ അമർത്തികൊണ്ടാണ് ആത്മഗതം പോലെ അയാൾ പറഞ്ഞത് .

“നിങ്ങൾ എന്നെ കൂട്ടാതെ വന്നിട്ടുണ്ടെങ്കിൽ ഈ സാരിയിൽ എന്നെ അവസാനിപ്പിക്കാൻ ഞാനും തീരുമാനിച്ചിരുന്നു …. ”

കട്ടിലിൽ അഴിഞ്ഞുളഞ്ഞു വീണുകിടക്കുന്ന ചുവന്നസാരി തപ്പിയെടുത്തുകൊണ്ടു ഇരുട്ടിൽ പരസ്പരം മുഖം കാണാതെ പറയുമ്പോൾ രണ്ടുപേരും കരയുകയായിരുന്നെന്നു…..
രണ്ടുപേർക്കും അറിയില്ലായിരുന്നു…….!

ഒരു ഹൃദയത്തോടു മറ്റൊരു ഹൃദത്തിനു തോന്നിയിരുന്ന വളവുകളും വിവേചനങ്ങളുമില്ലാത്ത ഇഷ്ടത്തിന്റെയും പ്രണയ സാഫല്യത്തിന്റെയും സന്തോഷകണ്ണുനീർ.......




അവസാനിച്ചു.🥰💖