Aksharathalukal

കെയ്കാടൻ

യഥാർത്ഥ സ്ഥലങ്ങളെയും സത്യമല്ലാത്ത കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയ ഒരു കെട്ടുകഥാ ചരിത്രം.


ഭാഗം -1


ഇരുട്ടിനെ വകവെയ്ക്കാതെ അയാൾ ഓടുകയായിരുന്നു, ലക്ഷ്യസ്ഥാനം അപ്പോഴും ഒരു കായലിനും അപ്പുറമാണ് എന്ന് അയാൾക്ക് നല്ല ബോധ്യമുണ്ട്, തലയിലെ ചുമടായിരുന്ന പെട്ടിക്ക് അയാൾ ഇട്ടിരുന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു, ഇല്ലായിരുന്നു എങ്കിൽ ഈ ഓട്ടത്തിന് പകരം ആ സമയം തന്റെ പിന്നാലെ ആക്രമിക്കാൻ വന്നവരുടെ കൂട്ടത്തിലെ ഒരു പത്തുപേരുടെയെങ്കിലും ശവം വീഴുമായിരുന്നു. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് പാഞ്ഞ അയാളുടെ നൂറു ചുവടുകൾക്കു മുന്നിൽ ഇരുട്ടിലൂടെ നിലാവെളിച്ചം വീണു തിളങ്ങുന്ന കായൽ തെളിഞ്ഞു വന്നു, കാലുകൾക്ക് വേഗത കൂടി, തലയിൽ അത്രമേൽ ശ്രദ്ധയോടെയും ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെയും ബാലൻസ് ചെയ്തു പിടിച്ചിരുന്ന ആ ചുമടുമായി അയാൾ വളരെ വേഗത്തിൽ ഓടിവന്നു കായലിലേക്ക് ചാടി.


വെള്ളത്തിൽ എത്തിയപ്പോൾ തലച്ചുമടു കൈകളിലേക്ക് മാറി, അങ്ങനെ ആ വലിയ പെട്ടി കൈകളിൽ മാറിമാറി പിടിച്ചു കൊണ്ട് ഒരു മത്സ്യ കന്യകനെപ്പോലെ അയാൾ  വേമ്പനാട് കായൽ നീന്തുവാൻ തുടങ്ങി, ലക്ഷ്യം പെരുമ്പളംകരതന്നെ. പിന്നാലെ ഓടിവന്നവരിൽ നീന്തൽ വശമുണ്ടായിരുന്ന കുറച്ചുപേർ പുറകെ കായലിലേക്ക് ചാടുന്ന ശബ്ദം അയാളുടെ ചെവികളിൽ എത്തി. ഏകദേശം മുക്കാൽ മണിക്കൂർ നേരത്തെ നീന്തലിനു വിരാമമിട്ടുകൊണ്ട് അയാൾ പെട്ടിയുമായി പെരുമ്പളം കര പിടിച്ചു. നീന്തി തളർന്ന അയാൾ പതിയെ ആ വലിയ പെട്ടി വലിച്ചു കരയിലേക്ക് കയറ്റി. ശേഷം അൽപനേരം അങ്ങനെ ആ തീരത്തു കിടന്നു.


\"വേലായുധാ..., നിനക്കുള്ള വെട്ടാണെടാ ആ വരുന്നത്, എഴുന്നേൽക്കെടാ എന്ന് \", ഒരു അശരീരി അയാളുടെ ചെവിയിൽ അടിച്ചു.


കൈകൾ നിലത്തു കുത്തി വേലായുധൻ പതിയെ എഴുന്നേറ്റിരുന്നു, ശേഷം കായലിലേക്ക് നോക്കി, അകലെ അഞ്ചാറുപേർ കര ലക്ഷ്യമാക്കി നീന്തി വരുന്നുണ്ട്, വേലായുധൻ പതിയെ എഴുന്നേറ്റു നിന്നു, ശേഷം നനഞ്ഞൊട്ടിയ ഷർട്ട്‌ ഊരി അരികിൽ കണ്ട തൈ തെങ്ങിൽ തൂക്കി, അരയിലെ മുണ്ട് ഒന്ന് കുടഞ്ഞെടുത്തു മടക്കി കുത്തി താൻ വലിച്ചു കരയ്ക്കുകയറ്റിയ പെട്ടിയുടെ മേലെ കാല് കയറ്റി വെച്ചു നിന്നു. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു,
\"കെയ്കാടന്റെ കരയിൽ വന്നു തല്ലി ജയിച്ചു ഈ പെട്ടിയുമായി ഇവിടെ നിന്നും പോകാം എന്ന് ഉറപ്പുള്ളവന്മാർ മാത്രം കരയിലേക്ക് കയറ്, അല്ലാത്ത എല്ലാ കടയാടി മക്കളും ഇപ്പൊ തിരിച്ചു പൊയ്ക്കോളണം, ഉയിര് ധാനം കൊടുക്കുന്ന പരിപാടി ഈ കെയ്കാടൻ വേലായുധനില്ല\".


വേലായുധനു പിന്നാലെ നീന്തി കരയ്ക്ക് കയറാൻ നിന്നവരിൽ ഒന്നുരണ്ടുപേർ കരയിൽ നിന്ന വേലായുധനെ അങ്ങനെ കാണുകയും അയാളുടെ ശബ്ദത്തെ അതേപോലെ കേൾക്കുകയും ചെയ്തപ്പോൾ പിന്നിലേക്ക് ഒന്ന് നോക്കി, കൂട്ടത്തിൽ ആളുകുറവാണ് എന്ന് മനസിലായപ്പോൾ എന്തൊക്കെയോ തെറികൾ ഉച്ചത്തിൽ വിളിച്ചു കൊണ്ട് തിരികെ വടുതല കര ലക്ഷ്യമാക്കി നീന്തുവാൻ തുടങ്ങി.


അപ്പോഴേക്കും അഞ്ചാറുപേർ തീരത്തെ ചെളി നിറഞ്ഞ മണ്ണിൽ ചവിട്ടി കരയിലേക്ക് കയറി തുടങ്ങിയിരുന്നു. \"എന്റെ കരയിൽ ചവിട്ടി, എന്നെയും കിടത്തി, ഞാൻ കൊണ്ടുവന്ന മുതലും എടുത്തു ഈ വേമ്പനാട് കായൽ കടന്നു വടുതല താണ്ടി അരൂക്കര പിടിക്കാം എന്ന് ഉറപ്പുള്ളവൻ വരിനെടാ\" എന്ന് ആക്രോശിച്ച വേലായുധനു നേരെ വായിൽ കടിച്ചു പിടിച്ച കൊടുവാളുകൾ കൈകളിലേക്ക് എടുത്തു ഗുണ്ടകൾ വീശി. വെട്ടി ഒഴിഞ്ഞു തന്റെ മേലിൽ കൊള്ളാതെ അവരെയെല്ലാം വായുവിൽ കറങ്ങി ചാടി ചവിട്ടി വീഴ്ത്തിയ വേലായുധൻ മുണ്ടൊന്നു വീണ്ടും കുടഞ്ഞു മടക്കി കുത്തി. ഇനി അടികഴിഞ്ഞേ മുണ്ടഴിക്കു എന്ന് ഉറപ്പിച്ചുള്ള കുത്ത്. ശേഷം ഏകദേശം പത്തു മിനിട്ടെ വേണ്ടി വന്നുള്ളൂ, കൈയ്യും കാലും ഒടിഞ്ഞ നിലയിൽ പകുതി കായലിലും പകുതി കരയ്ക്കുമായി അവരെല്ലാം നിരന്നു കിടന്നു.


എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കിയിട്ട് തൈ തെങ്ങിൽ തൂക്കിയ തന്റെ ഷർട്ട്‌ എടുത്തു കുടഞ്ഞു ചുരുട്ടി താൻ കൊണ്ടുവന്ന പെട്ടിയുടെ അടിയോടെ ചേർത്തു തലയിലേക്ക് എടുത്തു വെച്ചുകൊണ്ട് നിലാവിൽ തെളിഞ്ഞ ചിറയിലെ ചെറിയ വഴിയിലൂടെ വേലായുധൻ മുന്നോട്ടു നടന്നു. നടക്കുന്നതിന്റെ ഇടയിൽ അയാൾ ഒന്ന് നിന്നു തിരിഞ്ഞു, എന്നിട്ട് വെട്ടുകൊണ്ട് കിടക്കുന്നവരോടായി പറഞ്ഞു, \"നിന്റെയൊക്കെ ഉടലിൽ ബാക്കിയുള്ള ജീവൻ എന്റെ ധാനമല്ല, അതെനിക്ക് കോടതി കയറി ഇറങ്ങാനുള്ള മടികൊണ്ട് തിരികെ തന്നതാണ് \". ഇതും പറഞ്ഞു പിന്നെ ഉച്ചത്തിൽ നല്ലൊരു നാടൻ പാട്ടും പാടിക്കൊണ്ട് അയാൾ നടന്നകന്നു.


******


ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി അഞ്ചുവർഷം കഴിഞ്ഞിട്ടും പെരുമ്പളം കരയിൽ താമസിക്കുന്ന പത്തമ്പതു കുടുംബങ്ങളിൽ ആരും തന്നെ അതറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നില്ല എന്നല്ല അറിയിച്ചിരുന്നില്ല എന്നുവേണം പറയാൻ. രാമൻ നമ്പിയും കുട്ടൻ തമ്പുരാനും പെരുമ്പളം കരയെ രണ്ടായി പകുത്തു പുലയ പറയ ഈഴവ മുക്കുവന്മാരെ അടിമകളാക്കി, കൃഷി നടത്തി, ചുമടെടുപ്പിച്ചു, കച്ചവടം നടത്തി വളർന്നു പന്തലിച്ച സമയമായതിനാൽ ആരുടേയും ഒച്ച പൊങ്ങുവാനോ എതിർത്തു സംസാരിക്കുവാനോ പോയിട്ട് അവരുടെ അനുവാദമില്ലാതെ കരവിട്ട് പുറത്ത് പോയി എന്തെങ്കിലും ചെയ്യുവാൻ പോലും അവർ സമ്മതിച്ചിരുന്നില്ല. അങ്ങനെ നിന്ന ആ കരയിലേക്ക് വേമ്പനാട് കായൽ നീന്തി ഒരുനാൾ എത്തിയ വീരനായിരുന്നു കെയ്കാടൻ വേലായുധൻ.


ആറടി പൊക്കവും ഒത്ത വണ്ണവുമുള്ള ആണൊരുത്തൻ, ന്യായമുള്ള എന്തിനു വേണ്ടിയും വാദിക്കുവാനും, അടികൊടുക്കേണ്ടിടത്ത് അടി കൊടുക്കുവാനും, ഒഴിഞ്ഞു മാറേണ്ടിടത്ത് മാറിത്തന്നെ നടക്കുവാനും കഴിവുള്ളവൻ. രാമൻ നമ്പിയും കുട്ടൻ തമ്പുരാനും എന്തുപറഞ്ഞാലും അനുസരിക്കാത്ത ചങ്കുറപ്പുള്ള പെരുമ്പളംകാരൻ അതാണ് വേലായുധൻ.


ഒരുനാൾ ഇരുട്ടിൽ പൂത്തോട്ടനാടിൽ വന്നു കടത്തു കിട്ടാതെ കടവിൽ ഇരുന്നു നേരം വെളുപ്പിക്കാൻ തുണിഞ്ഞ സമയം, അതേ ഇരുട്ടിൽ നിന്നും ഉയർന്നു പൊങ്ങിയ വടിവാളുകളിൽ നിന്നും രക്ഷനേടാൻ കായലിൽ ചാടുകയും പിന്നെ നീന്തി പെരുമ്പളംകര പിടിക്കുകയും ചെയ്തു എന്ന് നാട്ടുകാർ പറയുന്ന വേലായുധൻ.  സ്വന്തമായി അധ്വാനിച്ച പണവും കൊണ്ട് അന്ന് രാത്രിയിൽ കരയിലേക്ക് നീന്തിവന്ന വേലായുധൻ നല്ല വിലകൊടുത്തു ഒരു പുരയിടം വാങ്ങി കെയ്ക്കാട്ട്നികർത്തിൽ എന്ന് പേരുമിട്ട് അവിടെ താമസിക്കുവാൻ തുടങ്ങി.


തന്റെ പറമ്പിൽ വിളഞ്ഞ കപ്പയ്ക്കും കാച്ചിലിനും അധികാരം പറയാൻ വന്ന നമ്പിയെയും കൂട്ടരെയും അങ്ങ് മാരാരിതീരത്തുനിന്നും വാങ്ങി കയറും കമ്പിയും കെട്ടി സൂക്ഷിച്ചു വെച്ച തെരണ്ടി വാല്കൊണ്ട് അടിച്ചോടിച്ച വേലായുധൻ അന്നുമുതൽ കെയ്കാടൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു. നമ്പിക്ക് കിട്ടിയ അടിക്ക് പകരം ചോദിക്കാൻ ചെന്ന കുട്ടൻ തമ്പുരാനും ശിങ്കിടികൾക്കും പക്ഷെ തിരണ്ടി വാലിനു പകരം കിട്ടിയത് നല്ല ഉശിരൻ ഗദകൊണ്ടുള്ള അടിയായിരുന്നു.


******


പുറത്തു പലകരകളിലും, പിന്നെ പൊതുവായും കമ്മ്യൂണിസ്റ്റ്‌ സർക്കാർ അധികാരത്തിൽ ഏത്തി. എന്നിട്ടും പാവങ്ങൾ പിന്നെയും പട്ടിണി കിടക്കുവാണോ എന്ന് ചോദിച്ചു കൊണ്ട് ഒരുനാൾ വഞ്ചിയും എടുത്തു പെരുമ്പളം കരയ്ക്ക് പുറത്തുപോയ വേലായുധൻ പഴങ്ങാട് തുറയിലെ അരിവിതരണ കേന്ദ്രത്തിൽ ചെന്നു രണ്ടു ചാക്ക് അരിയെടുത്തു ഒരു വലിയ പെട്ടിക്കുള്ളിലാക്കി പെരുമ്പളത്തേക്ക് വരുമ്പോഴായിരുന്നു രാമൻ നമ്പി പൈസ കൊടുത്തു തയ്യാറാക്കി നിർത്തിയ അരൂർക്കര ഗുണ്ടകൾ അയാളെ ആക്രമിച്ചത്. അരി കായൽ കടന്നു ഇക്കരെ എത്തിക്കണം എന്ന വാശിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി വഞ്ചി കാത്തു നിൽക്കാതെ കായലിൽ ചാടിയ വേലായുധൻ അങ്ങനെ പെരുമ്പളത്തെ പാവപ്പെട്ട വീട്ടുകാർക്ക് വേണ്ടി അന്ന് രാത്രി അരിയെത്തിച്ചു. രാമൻ നമ്പിയും കുട്ടൻ തമ്പുരാനും ചേർന്നു നാട്ടുകാർക്ക് കൊടുക്കുന്ന വിലയുടെ പകുതിക്ക് അരി നൽകാൻ വേലായുധൻ തുനിഞ്ഞതിനാൽ അന്നുമുതൽ അവർക്കും കുറയ്ക്കേണ്ടി വന്നു അരിയുടെ വില.


(തുടരും)

******

(dweepinteithihasam.blogspot.com)


കെയ്കാടൻ (ഭാഗം -2)

കെയ്കാടൻ (ഭാഗം -2)

4.3
253

ഭാഗം- 2 കെയ്കാടൻ വേലായുധന്റെ യഥാർത്ഥ സ്ഥലം സത്യത്തിൽ പെരുമ്പളം തന്നെയായിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു ഇരുപത്തഞ്ചു വർഷങ്ങൾക്കു മുന്നേയുള്ള കനത്ത മഴയുള്ള ഒരു രാത്രിയുടെ അവസാനം അയാളുടെ മാതാ പിതാക്കൾ ആ കരവിട്ട് കിഴക്കൻ മലകയറാൻ വിധിക്കപ്പെട്ടു. ബ്രിട്ടീഷുകാർ നോക്കി നടത്തിയിരുന്ന തേയിലത്തോട്ടത്തിലും ബീഡി ചുരുട്ട് ഫാക്ടറികളിലും അക്കാലത്ത് പണിക്കാരെ ആവശ്യമുണ്ട് എന്നുള്ള വായ്മൊഴി വാർത്തകളാണ് അവരെ ആ മലക്കയറ്റിയത്. അവിടെ വെച്ച് അവർക്കു പിറന്ന കുട്ടികളിൽ ഇളയവനായിരുന്നു വേലായുധൻ. നേതാവാകാൻ ജനിച്ച ആണൊരുത്തൻ എന്ന് മൂന്നാർ മലമുകളിൽ എല്ലാവ