Aksharathalukal

പ്രണയം



"കഥയും കവിതയും കലഹിച്ചു ഇണചേർന്ന നിമിഷത്തെ രചന"


"ഒരു നിമിഷമെങ്കിൽ ഒരുനിമിഷം, അവളോട് സംസാരിക്കാതിരിക്കുമ്പോൾ, അവളെ കേൾക്കാതിരിക്കുമ്പോൾ, അവളെ കാണാതിരിക്കുമ്പോൾ, ആ സമയത്തെല്ലാം കിട്ടുന്ന ഒരു സമാധാനമുണ്ടല്ലോ, ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല അത്‌. ഈ ലോകത്തിൽ ഞാൻ അനുഭവിച്ചറിയുന്ന ഏറ്റവും വലിയ സമാധാനമാണത്, സന്തോഷമാണത്,  സ്വാതന്ത്ര്യമാണത്."


ഇത്രയും പറഞ്ഞുകൊണ്ട് പ്രിയപ്പെട്ട തന്റെ കൂട്ടുകാരുടെ ഇടയിൽ നിന്നും അകലേക്ക്‌ നടന്നു നീങ്ങിയ അവന്റെ ഹൃദയത്തിൽ അപ്പോൾ ആയിരം പെരുമ്പറകൾ ഒന്നിച്ചു മുഴങ്ങുന്നുണ്ടായിരുന്നു. എന്നെന്നേക്കുമായുള്ള അവന്റെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവസാനമാണ് അതെന്ന് അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു. പക്ഷെ അവനത് ആരോടും പറഞ്ഞില്ല, പറയാനവന് ശക്തിയില്ലായിരുന്നു.


ഓരോ നിമിഷവും അവന്റ ഫോണിലേക്ക് വരുന്ന ഓരോ വിളികളും അവളുടേതാകണം എന്നവൻ ആശിച്ചിരുന്നു, ഓരോ മെസ്സേജുകൾ അവൾക്ക് അവൻ അയക്കുമ്പോളും ഒരു ചിരിച്ചുകൊണ്ടുള്ള മറുപടി എന്നുമവൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ പ്രതീക്ഷകൾ എന്നും പ്രതീക്ഷകൾ മാത്രമായിരുന്നു എന്ന് ഓരോ ദിവസവും അവനെ പഠിപ്പിക്കുകയായിരുന്നു.


പണ്ടെന്നും കളിക്കുവാൻ പോകുന്ന മൈതാനത്തിരുന്നവൻ അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കുമായിരുന്നു,  തന്റെ പ്രിയപ്പെട്ടവളെ ഓർത്തുകൊണ്ട് ആ സൂര്യനെ നോക്കി പുഞ്ചിരിക്കുമായിരുന്നു. എന്നാൽ ഇന്നവൻ തിരിച്ചറിഞ്ഞു, തന്റെ പ്രിയതമയെ വിട്ടുപിരിയുന്ന ഒരു കാമുകന്റെ ചോരയിൽ കുതിർന്നുള്ള വിടപറച്ചിലാണ് താൻ എന്നും ആസ്വദിച്ചിരുന്നതെന്ന്. ആ ദുഃഖം ഇന്നവനുംപേറുന്നു.


"എന്നും തൻ കാഴ്ച്ചകൾ പകുതി മറച്ചുകൊണ്ടൊളിച്ച അമ്പിളിയും ചൊല്ലിയവനോട്, ഒരുനാൾ ഞാനും വരുമെൻ കാമുകിക്കായ് പൂർണമായുള്ള എൻ രൂപമെടുത്തുകൊണ്ട്, അന്നവൾ എന്നോട് ചൊല്ലും ആ പിണക്കങ്ങളൊക്കെയും അവളുടെ ഇഷ്ടങ്ങളായിരുന്നെന്നു. കാത്തിരിപ്പാണ് ഈ ജന്മമെങ്കിൽ കാതോർക്കലും കൂടിയാണ് നിൻ ജീവിതം എന്നാരോ അവനോട് മന്ത്രിച്ചുകൊണ്ടിരുന്നു."


ഈ ജന്മം ഇനി എങ്ങനെയെന്നവന് തീർച്ചയില്ലായിരുന്നു, എന്നാൽ ഇനിയൊരു ജന്മമുണ്ടെങ്കിൽ അവളുടെ കാമുകനായി തന്നെ ഈ സുന്ദര ഭൂമിയിൽ ഒരിക്കൽ കൂടി ഇണങ്ങിയും പിണങ്ങിയും കഴിയണം, (വേണ്ട, പിണക്കം വേണ്ട, പ്രത്യേകിച്ച് ഇങ്ങനെ ഒരിക്കലും പിണങ്ങേണ്ട, എന്നവൻ ഒരിക്കൽ കൂടി മനസ്സിൽ മന്ത്രിച്ചു.)


"തന്റെ പ്രിയപ്പെട്ട മുറിയിലെ ഫാനിന്റെ തുഞ്ചത്തും, തെക്കേപ്പുറത്തെ മാവിന്റെ കൊമ്പിലും, പോകുന്ന വഴിയിലെ പാലത്തിന്റെ മുകളിലും കീഴെ ആ ആഴത്തിലുള്ള ആറിന്റെ തിരയിലും, കൂട്ടുകാരന്റെ വീടിന്റെ മുന്നിലെ റെയിൽവേ ട്രാക്കിലും അവനെ തിരക്കി ഒരപരിചിതനെന്നും വന്നിരുന്നു". പക്ഷെ അവനു ഭയമായിരുന്നു, ആ വ്യക്തിയെ പരിചിതനാക്കാൻ അവനു കഴിയുമായിരുന്നില്ല, കാരണം അവന്റെ പ്രണയത്തിൽ എന്നുമൊരു പ്രതീക്ഷ അവൻ കാത്തുസൂക്ഷിച്ചിരുന്നു.


"എന്നുമായിടവഴികളിൽ അവനവളെ കാത്തുനിന്നിരുന്നൊരാമരച്ചുവട്ടിൽ ഇന്നുമവൻ പോയിരുന്നു, മാമ്പൂപൂത്തില്ല, കിളികളെ കണ്ടില്ല, ആ മരം ഇലകൾ കൊഴിച്ചുകൊണ്ടങ്ങനെ അവനെയാ മാമടിത്തട്ടിൽ അൽപനേരം തലോടി ഉറക്കി".


'പ്രണയിനിതൻ കാൽപാദം ആ മണ്ണിൽ പതിക്കുമ്പോൾ കേൾക്കുന്നൊരാ പാദസരത്തിൻ സ്വരത്തിലന്നും ലയിക്കുവാൻ,  ആവുന്നപോലവൻ ചെവികൾ ആ കൊഴിഞ്ഞുവീണ ഇലകളെ വകഞ്ഞുമാറ്റികൊണ്ട് മണ്ണിൻ മാറിൽ ചേർത്തുവെച്ചു".


"വെന്തുരുകുന്ന മനസ്സിനറിയുമോ ഇനിയുള്ള കാലങ്ങളത്രയും അവനു നൽകാൻ അവൾ തന്നിൽ സൂക്ഷിച്ച ഓർമ്മകൾ മാത്രമാണ് ബാക്കിയുള്ളതെന്ന്. പ്രണയമെന്ന സാഗരത്തിൻ വീഥിയിൽ ഉഴലുന്ന ദേഹമായവനിനിയെന്നും ആ ഓർമകളെത്തഴുകി തൻ ജീവിതം ഹോമിക്കുമെന്ന്."


"പ്രണയമാണെനിക്കവളോട്... 

അടങ്ങാത്ത പ്രണയം..

കേവലം കുറച്ച് ഐസ് കട്ടകളിലൂടെയോ, ബോട്ടിലിൽ നിറച്ച സോഡയിലൂടെയോ, പച്ചയായ വെള്ളത്തിലൂടെയോ എനിക്ക് അവളിൽ അലിയേണ്ട. എന്നിൽ അവൾ അവളായിത്തന്നെ അലിയട്ടെ,"


"അങ്ങനെ അവൾ എന്നിലേക്ക് എരിഞ്ഞിറങ്ങണം, പതിയെ പതിയെ എന്റെ ബോധമനസ്സിനെ കീഴ്‌പ്പെടുത്തി എന്നിൽ അവൾ അവളായിത്തന്നെ അലിഞ്ഞു ചേരട്ടെയെന്നവൻ വിധിയെഴുതി."


"പ്രണയം, അതുമൊരു ലഹരിയാണ്,  നഷ്ടമായാലും ഇല്ലെങ്കിലും. ഓർമകളിലെങ്കിലും അറിയണമെന്നും, അലിയണമെന്നും ആ സുന്ദര ലഹരിയിൽ ആറാടണമെന്നും".


*Alcoholic love*