Aksharathalukal

നഷ്ട സ്വർഗ്ഗം


നഷ്ട സ്വർഗം 

ഡിസംബർ മാസത്തിലെ ഒരു ശൈത്യകാലരാത്രിയിൽ  ലോകമെങ്ങും
കമ്പളിപ്പുതപ്പിനുള്ളിൽ 
സുഖമായുറങ്ങുമ്പോൾ
ഈട്ടിക്കാനം ഗ്രാമത്തിലെ വിജനമായ ചെമ്മൺ പാതയിലൂടെ ഒരു സൈക്കിളിന്റെ ചക്രങ്ങൾ മുന്നോട്ടുരുണ്ടു.

റോഡിന് ഇടതു വശത്തായി \"ഈട്ടിക്കാനം പഞ്ചായത്തിലേക്ക്‌ സ്വാഗതം\" എന്നെഴുതിയ നിറം മങ്ങിയ ഒരു ബോർഡ് സ്ഥാപിച്ചിരുന്നു.

സൈക്കിളിന്റെ ശബ്ദം കേട്ടപ്പോൾ വഴിവക്കിലെ കടത്തിണ്ണയിൽ മൂടിപ്പുത്ച്ചു് കിടന്നുറങ്ങിയ വേലായുധൻ ഉറക്കം മുറിഞ്ഞതിന്റെ നീരസത്തോടെ പുതപ്പു മാറ്റി തല പുറത്തേക്കിട്ടു. അയാളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.

\"അല്ല ചാക്കോ മാഷായിരുന്നോ. എവിടെപ്പോയിട്ട് വരുവാ മാഷേ \"

\"ഞാൻ പള്ളിപ്പടിയിൽ മൂത്ത മോളുടെ വീട്ടിൽ പോയിട്ട് വരുവാ. കുറച്ചു നാളായി
അവിടായിരുന്നു. നീ ഉറങ്ങിയാരുന്നോ വേലായുധാ \"

\"ഇല്ല മാഷേ മുടിഞ്ഞ തണുപ്പാ. എങ്ങനെയുറക്കം വരും. മാഷ് ഇപ്പോ എങ്ങോട്ടാ \"

\"പഴയ വീടുവരെയൊന്നു പോകണം. കുറച്ചു നാളായി 
അടഞ്ഞു കെടക്കുവല്ലേ. ചെതല് കേറി എല്ലാം നശിച്ചു കാണും. നാളെ രാവിലെ നീ അങ്ങോട്ട്‌ വാ. എല്ലാമൊന്നു വൃത്തിയാക്കണം \"

\"ഇപ്പൊ ഞാൻ കൂട്ട് വരണോ. ആ വഴി മോശമാണ്. പ്രത്യേകിച്ച് രാത്രിയിൽ \"

\"വേണ്ടടോ. താനുറങ്ങിക്കോ \"

ചാക്കോ മാഷ്  മുന്നോട്ട് നീങ്ങി.

വഴിയരുകിൽ ചപ്പു ചവറുകൾ കത്തിച്ചു കുറച്ചുപേർ തീ
കായുന്നുണ്ടായിരുന്നു. മാഷ് അവിടെ സൈക്കിൾ
നിർത്തിയിറങ്ങി.

\"ചാക്കോ മാഷേ സുഖമാണോ.\"

കുഞ്ഞാലി കുശലം ചോദിച്ചു.

\"ഇത് എല്ലാരുമുണ്ടല്ലോ. \"

മാഷിന് സന്തോഷമായി.

\"പോത്തനും  വർക്കിയും സന്തോഷും മമ്മതും.. എല്ലാവർക്കും സുഖമല്ലേ..\"

\"മാഷേ,  കണ്ടിട്ട് കുറേക്കാലമായല്ലോ \"

\"ഞാൻ മൂത്ത മോളുടെ വീട്ടിലായിരുന്നു പള്ളിപ്പടിയിൽ. അല്ല നിങ്ങളിവിടെന്താ പരിപാടി. വെള്ളമടിയാണോ സന്തോഷേ..\"

\"കാട്ടുപന്നി മലയിറങ്ങി വരും മാഷേ. കൃഷി മൊത്തം കുത്തിമലർത്തും. ഇതാ അതിന്റെ പാത.  ഇവിടെ വരുമ്പോൾ ഓടിച്ചു വിടും. ഞങ്ങൾ മാറി മാറി കാവലിരിക്കും. \"

\"എന്നാ ഞാൻ വരട്ടെ. പഴേ
വീടുവരെ പോകണം \"

മാഷ് സൈക്കിളുമായി മുന്നോട്ട് നടന്നു.

\"അയ്യോ മാഷേ ആ വഴി പോകല്ലേ. പ്രത്യേകിച്ച് ഇന്ന് വെള്ളിയാഴ്ച്ചയാണ്. ഇന്ന് ഇവിടെ കൂടിയിട്ട് രാവിലേ പോകാം.\"

വർക്കി പിന്നിൽനിന്നും വിളിച്ചു പറഞ്ഞു.

\"അല്ലേൽ ഞാൻകൂടെ വരാം \"

\"സാരമില്ലടോ. നീ തീ കായ്. എനിക്ക് പേടിയൊന്നുമില്ല. ഈ പ്രായത്തിൽ ആരെ പേടിക്കാൻ!\"

മാഷ് സൈക്കിളിൽക്കയറി.
എവിടെനിന്നോ നായ്ക്കൾ ഉറക്കെ ഓരിയിട്ടു. 
നിലാവെട്ടംവീണ പാതയിലൂടെ മാഷിന്റെ സൈക്കിൾ പൊയ്ക്കൊണ്ടിരുന്നു.

എല്ലാ വീടുകളിലും ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് പല നിറത്തിലുള്ള നക്ഷത്രങ്ങൾ
തൂങ്ങിയാടുന്നുണ്ടായിരുന്നു.
ജാതിഭേദമില്ലാതെ  എല്ലാ ആഘോഷങ്ങളും കൊണ്ടാടുന്ന ഗ്രാമമായിരുന്നത്. 

ഒരു വളവിലെത്തിയപ്പോൾ  സാമാന്യം വലിയ ഒരു കാട്ടുപന്നി റോഡിനു കുറുകെ ചാടിയിട്ട് കാട്ടിലേക്കു പാഞ്ഞുപോയി. ചെറുമരങ്ങൾ വല്ലാതെ കുലുങ്ങി.

അതിന്റെ പോക്ക് നോക്കിയിട്ട് തിരിഞ്ഞ മാഷിന്റെ മുന്നിൽ 
പെട്ടന്ന് പൊട്ടിമുളച്ചതുപോലെ ഒരു പെൺകുട്ടി കാണപ്പെട്ടു.
മാഷ് സൈക്കിളിൽനിന്നും ഇറങ്ങി. 

നല്ലപോലെ വസ്ത്രങ്ങളും ആഭരണവും ധരിച്ച അവൾ ഏതോ വലിയ വീട്ടിലെയാവാമെന്ന് മാഷിന് തോന്നി. എന്നാലും ഈ ഗ്രാമത്തിൽ ഈ സമയത്ത് അവൾ എങ്ങനെ വന്നുവെന്ന് അയാൾ അതിശയിച്ചു.

പെൺകുട്ടി വല്ലാതെ പരവശയായിരുന്നു. 

\"നീ ആരാ?. ഇവിടെ ഈ രാത്രിയിൽ എവിടുന്ന് വന്നു ? \"

അയാൾ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി.

\"ഞാൻ മായ. വീട്
എർണ്ണാകുളത്താണ്. ഞങ്ങൾ  അടുത്തയിടെ വിവാഹിതരായവരാണ്. ഇവിടുത്തെ  ടൂറിസ്റ്റ്
ഹോട്ടലിലേക്ക്  പോകുന്നവഴി കാർ പഞ്ചറായി. ഭർത്താവ് കാറിൽനിന്നുമിറങ്ങി ഹോട്ടലിലേക്ക് വിളിച്ചു വിവരം പറഞ്ഞു. ഞാനും പുറത്തിറങ്ങി. 
നല്ല നിലാവെട്ടമുണ്ടായിരുന്നു.
ഹോട്ടലിൽനിന്നും
വണ്ടിവരുംവരെ ഇവിടമൊക്കെ കാണാമെന്നു കരുതി വെറുതെ നടന്നു. ഭർത്താവ് മുന്നിലുണ്ടായിരുന്നു. ഇപ്പോൾ കാണുന്നില്ല. എവിടെയോ
പോയ്മറഞ്ഞു. സാർ എന്നെ സഹായിക്കണം \"

ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അവൾ കൈ കൂപ്പി കരഞ്ഞു.

\"എവിടെയാണ്  കാർ കിടക്കുന്നത് \"

മാഷ് സംശയത്തോടെ അവളെ നോക്കി.

\"ഒരു സ്വർണ്ണക്കടയുടെ  പരസ്യബോർഡിനടുത്താണ്.\"

അവൾ ഓർത്തെടുത്തു

\"ഒരു വലിയ കുരിശുമുണ്ട് അവിടെ \"

മാഷ് തലകുലുക്കി.

\"മനസിലായി. മത്തായി വളവ്. ഇവിടുത്തെ ഏറ്റവും അപകടം പിടിച്ച വളവ്.  കുട്ടിയെ
ഞാനവിടെ എത്തിക്കാം. എന്റെ വീട് അവിടെയടുത്താണ് \"

\"സാറേ, എന്റെ ഭർത്താവ്\"

\"അയാളും അവിടെക്കാണും. കുട്ടിക്ക് സ്ഥലകാലവിഭ്രമം വന്നതാണ് . അറിയാത്ത സ്ഥലത്ത് എത്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. വിഷമിക്കാതെ. വരൂ \"

മാഷ് മുന്നോട്ട് നടന്നു.

\"ഈ രാത്രിയിൽ നിങ്ങൾ എങ്ങോട്ട് പോകുന്നു?\"

പെൺകുട്ടി മാഷിനെ നോക്കി.

\"പേടി തോന്നുന്നില്ലേ ഒറ്റക്ക് നടക്കാൻ \"

\"ഞാൻ ഒരു റിട്ടയേർഡ് സ്കൂൾ മാഷാണ്.  മൂത്തമോളെ കാണാൻ പോയതാ.. പിന്നെ പേടി..\"

അയാൾ ആകാശത്തു തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനെ നോക്കി.

\"എന്റെ എട്ടാമത്തെ വയസ്സിൽ ഇവിടെ താമസം തുടങ്ങിയതാ. എല്ലാവരും പരസ്പരം അറിയും. ഒന്ന് വിളിച്ചാൽ ഓടി വരുന്ന നിഷ്കളങ്കരായ നാട്ടുകാരാണ് ചുറ്റിനും. ചതിയും വഞ്ചനയും അറിയാത്തവർ. ആരെ പേടിക്കണം. അതും ശാന്തിയുടെയും സമാധാനത്തിന്റെയും ഈ ക്രിസ്മസ് കാലത്ത് \"

അടുത്തുനിന്നും ഒരു നായ ഉറക്കെ ഓരിയിട്ടു. പിന്നെ അനവധി നായകൾ. അവയുടെ കണ്ണുകൾ ഇരുളിൽ
തീപ്പൊട്ടുപോലെ തിളങ്ങി.

\"ഞാൻ പ്രേതങ്ങളെയാണ് ഉദ്ദേശിച്ചത്.\"

പെൺകുട്ടി വികൃതമായി
പല്ലിളിച്ചു. 

\"കഴിഞ്ഞയേതോ പ്രളയത്തിന്
ഇവിടുത്തെ ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിൽ പോയെന്ന്  കേട്ടിരുന്നു. നൂറു കണക്കിന് മൃതദേഹങ്ങൾ ഇനിയും
കിട്ടിയിട്ടില്ല.. അവരെ പല രാത്രിയാത്രക്കാരും കണ്ടിട്ടുണ്ടത്രേ\"

\"നിങ്ങളൊക്കെ പഠിച്ചവരല്ലേ. ഇപ്പോഴും ഇതിലൊക്കെ വിശ്വസിക്കുമോ? \"

മാഷ്  അവളെ ഉറ്റുനോക്കി.

\"ഒരു ഗ്രാമത്തിലെ മരിച്ചവർ മൊത്തം പ്രേതമായി അലയുമോ? എനിക്കറിയില്ല \"

അയാൾ പുശ്ചിച്ചു ചിരിച്ചു.
നിലാവെട്ടത്തുകൂടെ അവർ രണ്ടുപേരും മുന്നോട്ട് നടന്നുകൊണ്ടിരുന്നു.

\"എന്റെ വീടെത്തി .\"

അല്പമകലെ ഇരുൾനിറഞ്ഞ ഒരു വീട് കാണപ്പെട്ടു. മാഷ് അവിടേക്ക് തിരിഞ്ഞു.

\"ഇപ്പോൾ ആൾത്താമസമില്ല. ഞാൻ ചെന്നിട്ടുവേണം 
ലൈറ്റിടാൻ. ഇവിടെന്നും ഒരു ഇരുന്നൂറു മീറ്റർ നടന്നാൽ നിങ്ങൾ വന്ന സ്ഥലത്തെത്തും. നേരെ പൊയ്ക്കോളൂ \"

മാഷ് മുന്നിലേക്ക്‌ കൈ ചൂണ്ടി.
ചന്ദ്രനെ മേഘങ്ങൾ മറച്ചു. പാതയിൽ ഇരുൾ നിറഞ്ഞു.

\"എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയാ..\"

പെൺകുട്ടിയുടെ പല്ലുകൾ ഇരുളിൽ തിളങ്ങി.

\"അവിടെവരെ കൂട്ട് വരുമോ.\"

\"അത് പിന്നെ..\"

മാഷ്  ഒന്ന് നിർത്തി.

\"അതോ എന്റെകൂടെ വരാൻ പേടിയാണോ.? ഞാൻ ഒരു പ്രേതമൊന്നുമല്ല കേട്ടോ.\"

\"കുട്ടി നടക്ക്. ഇങ്ങോട്ട് ഞാൻ സൈക്കിളിൽ വന്നോളാം \"

പെൺകുട്ടി മുന്നോട്ട് നടന്നു. സൈക്കിളുമായി മാഷ് പിന്നാലെ നടന്നു. അയാൾ കിതയ്ക്കാൻ തുടങ്ങിയിരുന്നു.

എവിടെനിന്നോ കാലൻകോഴികൾ കൂകി. അതിന്  അകമ്പടിയായി നായ്ക്കൾ ഉറക്കെ ഓരിയിട്ടു.

അല്പമകലെ ടോർച്ചുകളുടെ
വെളിച്ചത്തോടൊപ്പം ആരൊക്കെയോ പെൺകുട്ടിയുടെ പേര് ഉറക്കെ വിളിക്കുന്ന ഒച്ച കേൾക്കുന്നുണ്ടായിരുന്നു.
അവൾ മുന്നോട്ടോടി.

അവിടെ കാറിനരുകിൽ അവളുടെ  ഭർത്താവ് നിൽപ്പുണ്ടായിരുന്നു. വേറെയും വണ്ടികളും
ആളുകളുമുണ്ടായിരുന്നു.

\"മായ നീ.. നീ എവിടെയായിരുന്നു.?\"

അയാൾ അവളെ ചേർത്തുപിടിച്ചു.

\"അറിയില്ല.. നമ്മൾ ഒരുമിച്ചല്ലേ നടക്കാൻ പോയത്. ഇടക്ക് വച്ച് ചേട്ടനെ കണ്ടില്ല. ഞാൻ വല്ലാതെ പേടിച്ചുപോയി.\"

\"ആര് നടക്കാൻ പോയി ? \"

അയാൾ അവളെ തുറിച്ചുനോക്കി.

\"നമ്മൾ
കാറിനരുകിലല്ലായിരുന്നോ. ഫോൺ വിളിച്ചുതിരിഞ്ഞപ്പോൾ നിന്നെക്കണ്ടില്ല. ഹോട്ടൽ ജീവനക്കാരും ഞാനുംകൂടി തിരയാത്ത ഇടമില്ല. നീ എങ്ങോട്ടാണ് പോയത്?\"

\"മുന്നിലേക്ക്  കുറെയേറെ നടന്നപ്പോൾ പ്രായമായ ഒരാൾ  സൈക്കിളിൽ വരുന്നുണ്ടായിരുന്നു. അയാളാണ് ഇവിടെവരെ കൂട്ട് വന്നത്. ഇതാണ് ആ നല്ല മനുഷ്യൻ \"

അവൾ പുറകിലേക്കു തിരിഞ്ഞു.
അവിടെ വൃദ്ധനോ സൈക്കിളൊ ഉണ്ടായിരുന്നില്ല.

കുറ്റിക്കാടുകളും ചെറുമരങ്ങളും നിറഞ്ഞ അവിടെ  നടപ്പാതയും ഇല്ലായിരുന്നു.

\"മേഡം സ്വപ്നം കാണുകയാണോ.?\"

ഹോട്ടൽ
ജോലിക്കാരിലൊരുവൻ ചുറ്റിനും പകച്ചു നോക്കി.

\"വർഷങ്ങൾക്ക് മുമ്പ് ഒരു പ്രളയത്തിൽ മണ്ണിനടിയിലായ ആ ഗ്രാമം ഇതാണ്. അതില്പിന്നെ ഇവിടെ ആരും താമസിച്ചിട്ടില്ല.
ഒരു വലിയ ശവപ്പറമ്പാണെന്ന് പറയാം \"

അയാളെ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

\"വരൂ.. ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്. അവർ സുഖമായി ഉറങ്ങട്ടെ. റസ്റ്റ്‌ ഇൻ പീസ് \"

കുന്നുകയറുന്ന കാറിലിരുന്ന് അവൾ ഒരിക്കൽക്കൂടി പിന്നിലേയ്ക്കു തിരിഞ്ഞു നോക്കി.

അവിടെ ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആശകളും അഭിലാഷങ്ങളും 
നിനച്ചിരിക്കാത്ത ഒരു രാവിൽ പാഞ്ഞുവന്ന
മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിരുന്നു.

അത്  പറുദീസ നഷ്ടപ്പെട്ടവരുടെ ഗ്രാമമായിരുന്നു !


🙏🏼

(മനു നാസിക് )