Aksharathalukal

അറുപതാം വയസ്സിലെ പ്രണയം


വൈകുന്നേരത്തെ നടത്തത്തിനു ശേഷം അവർ ആ പാർക്കിലെ ബെഞ്ചിൽ ഇരുന്നു കൊണ്ട് എന്നത്തേയും പോലെ കുട്ടികളുടെ കളികളും തിരക്കിട്ടു ഓടുന്ന ലോകത്തിലെ ആൾക്കൂട്ടത്തെയും വിശ്രമിക്കാൻ എത്തുന്ന കുറെ ആളുകളെയും എല്ലാം നോക്കുകയും അവരെപ്പറ്റിയും അന്നത്തെ വാർത്തകളെ പറ്റിയും എല്ലാം സംസാരിച്ചു കൊണ്ടിരുന്നു.  എന്നും ഉള്ളതാണ് ആ ചർച്ച.  അവർക്ക് അതൊരു നേരംപോക്ക് മാത്രം അല്ലായിരുന്നു. ശെരിക്കും അറുപത് കഴിഞ്ഞു വിശ്രമജീവിതത്തിലേക്ക് വരുന്ന ഒട്ടുമിക്ക ആളുകളുടെയും ദിനചര്യ തന്നെയാണ് അത്. അവർ രണ്ടുപേരും അതുതന്നെയാണ് ചെയ്യുന്നതും എന്നും. കുട്ടികൾ അവരെ ലവ് ബേർഡ്‌സ് എന്നാണ് വിളിച്ചിരുന്നത്.  ആ വിളി അവരും ആസ്വദിച്ചിരുന്നു.  കാരണം എല്ലാവരും ഈ ലോകത്തിലേ ലവ് ബേർഡ്‌സ് ആണെന്നാണ് അവരു പറഞ്ഞിരുന്നത്.


അന്നത്തെ ആ സായാഹ്നത്തിൽ ആ ബെഞ്ചിൽ ഇരുന്നപ്പോൾ തന്റെ വാർദ്ധക്യം ചുളിവുകൾ വീഴ്ത്തിയ കൈകൾ അയാൾ തന്റെ പാതിയുടെ കൈകളുടെ മേലെ വെച്ചിട്ട്  മുത്തേ എന്ന് വിളിച്ചു.  പെട്ടെന്നൊരു ഞെട്ടലോടെ അവർ അയാളിലേക്ക് നോക്കി. കുറച്ചു നേരം അങ്ങനെ നോക്കിയിരുന്നതിനു ശേഷം അയാളുടെ ആ വിളിക്ക് "" എന്തോ"" എന്ന് മറുപടി കൊടുത്തു.


പരസ്പരം ഒരു ചിരി...
ഒരുപാട് ഓർമ്മകൾ ഒരൊറ്റ വിളിയിൽ അവരുടെ മനസിലേക്ക് ഓടിയെത്തി..


നീ ഓർക്കുന്നുണ്ടോ അന്ന് ഞാൻ നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്.,  എനിക്ക് വട്ടാണ് എന്നാണ് നീ അന്നെനിക്ക് തന്ന മറുപടി..
അതിനു ശേഷം പലരുടെയും വാക്കുകളിലൂടെ എന്നെ നീ ഇഷ്ടപെടുന്നുവെന്നു മനസിലാക്കിയ ഞാൻ നിന്നെ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കാണാൻ ഓടിയെത്തിയതും,  അവിടെ വെച്ച് നീ നിന്റെ ഇഷ്ടം പറഞ്ഞതും..


ചെറിയൊരു പുഞ്ചിരിയോടുകൂടി ആ ഓർമ്മകൾ പറഞ്ഞപ്പോൾ
" നമുക്ക് ശെരിക്കും വയസായോ മുത്തേ " എന്ന് തിരികെ അയാളോട് ആ മുത്തശ്ശി ചോദിച്ചു.


മുത്തേ എന്ന ആ വിളിയാണ് ശെരിക്കും അവർ രണ്ടുപേരും ആസ്വദിച്ചത്.  ഒരുപക്ഷെ കുറെ ഓർമകളിലേക്കുള്ള അവരുടെ മനസിന്റെ പാലം ആവാം ആ വിളികൾ.


നിന്റെ കൈകൾ പിടിച്ചുകൊണ്ട് നടന്ന വഴികളും, നിൻ കൈ വിരലുകളാൽ എന്റെ കവിളിൽ നീ വരച്ച ചിത്രങ്ങളും,  എൻ നെഞ്ചിൽ നീ പൊഴിച്ച സംഗീതവും ഇന്നും എന്നെ നിന്റെ കൂടെത്തന്നെ ചേർത്തിരുത്തുന്നു.  നമ്മുടെ ശരീരത്തിനെ പ്രായം കൂടിയിട്ടുള്ളു പക്ഷെ മനസിപ്പോളും ഒരു 35 വയസ്സ് പിന്നിൽ തന്നെയാണ്.


ഓരോ ദിനവും നിന്റെകൂടെ നടക്കുമ്പോൾ എനിക്ക് നിന്റെ കൈകളിൽ പിടിക്കണം,  ആദ്യമൊക്കെ അതൊരു കൗതുകം ആയിരുന്നു എനിക്ക്,  എന്നാൽ പിന്നെ അത് ഇഷ്ടം ആയി,  പിന്നെ കരുതൽ ആയി, പിന്നെ എപ്പോളോ അത് ജീവശ്വാസം ആയി.  അതുകൊണ്ടാണ് മുത്തേ നാം ഇന്നും ഇങ്ങനെ ഇവിടെ ഇരിക്കുന്നത്.


നീയുമായി നടന്ന വഴികളിൽ ഒന്നുപോലും ഇപ്പോൾ പഴയപോലെ ആയിരിക്കില്ല പക്ഷെ നമ്മുടെ ഓർമ്മകൾ എന്നും അതെ പുതുമയിൽ നിൽക്കും.
"നമുക്ക് ഒന്ന് അതുവഴിയൊക്കെ പോയാലോ? "


ആ ചോദ്യം. അത് ആ മുത്തശ്ശിയുടെ കണ്ണുകളെ പഴയപോലെ വിടർത്തി, അവർ അയാളുടെ തോളിലേക്ക് ചാഞ്ഞു,  കൈകൾ മുറുകെ പിടിച്ചു.. എന്നിട്ട് പറഞ്ഞു..
" പോകണം മുത്തേ,  നമുക്ക് പോകണം,  എല്ലായിടത്തും പോകണം,  എനിക്ക് അന്നത്തെപോലെ മുത്തിന്റെ കൈകൾ പിടിച്ചുകൊണ്ട് നടക്കണം, ഈ തോളിൽ ചേർന്ന് നിന്ന് കാഴ്ചകൾ കാണണം. ഈ നെഞ്ചിൽ തലവെച്ചു ആ ഹൃദയം ഇടിക്കുന്നത് കേട്ട് കിടക്കണം. മുത്തിന്റെ കൈകളിൽ തലവെച്ചു ഉറങ്ങണം. '"


കുറച്ചുനേരംകൂടി എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അയാൾ അങ്ങനെ ഇരുന്നു, അയാളുടെ തോളിൽ തലചായ്ച്ചുകൊണ്ട് അയാളുടെ പാതിയും. എന്തോ തീരുമാനിച്ചപോലെ അയാൾ തന്റെ പാതിയെ വിളിച്ചു,
"മുത്തേ.. "


അവർ അയാളെ മുഖം ഉയർത്തി നോക്കി.


അവർ പരസ്പരം അങ്ങനെ കുറച്ചുനേരം ഇരുന്നു,  പതിയെ രണ്ടുപേരുടെ ചുണ്ടുകളിലും ചെറിയൊരു പുഞ്ചിരി വിടർന്നു,  ചേർത്തുപിടിച്ച കൈകൾ വിടാതെ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു, എന്നിട്ട് മെല്ലെ ആ പാർക്കിലെ വഴിയിലൂടെ മുന്നോട്ടു നടന്നു,. എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചപോലെ തന്നെ..


അപ്പോളും പിന്നിൽ എവിടെയോ ആരുടെയോ മൊബൈലിൽ ആ പാട്ടു കേൾക്കുന്നുണ്ടായിരുന്നു, 
""എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു""....

****