ആർ ആർക്കു സ്വന്തം...
തീരമെൻ സ്വന്തമെ-
ന്നോർത്തു മദിക്കുന്ന
തിരയ്ക്കു തീരം സ്വന്തമോ!
തൊട്ടു തലോടി പിന്മാറിയകലുന്ന
തിരകൾ തീരത്തിൻ സ്വന്തമോ!
മഴ പെയ്തു തോരുമ്പോൾ
മാനത്തു വിരിയുന്ന
മാരിവില്ലാർക്കു സ്വന്തം
മാനത്തിനോ, മഴയ്ക്കോ!
തലോടിയുണർത്തുന്ന
ദിവാകര കിരണങ്ങൾ
കുമുദത്തിൻ സ്വന്തമാണോ,
അവൾക്കായി മാത്രമാണോ!
ഇതളടർന്നൂർന്നുവീഴും
പൂവൊരു നാളിലും
ശലഭത്തിൻ സ്വന്തമല്ല;
ശലഭമോ പൂവിനും സ്വന്തമല്ല!
കാറ്റത്ത് പൊഴിയുന്ന
സുന്ദര സൂനങ്ങൾ
കാറ്റിനും സ്വന്തമല്ല,
ഗന്ധം പൂവിനും സ്വന്തമല്ല!
കാണുന്ന കാഴ്ചകൾ
കണ്ണിനു സ്വന്തമോ
കേൾക്കുന്ന ഗീതികൾ
കാതിന്നും സ്വന്തമോ..?
ആർക്കുമില്ലാരും സ്വന്തം
എല്ലാരുമെല്ലാർക്കും സ്വന്തം
നാമെല്ലാമീശ്വര സൃഷ്ടി,
നാമെല്ലാമൊന്നിന്റെയംശം!
എന്നെന്നുമെന്റേതുമാത്രം
എന്നൊരു സ്വാർത്ഥത വേണോ,
എല്ലാരുമെന്നുമെല്ലാരെയും
സ്നേഹിച്ചു കഴിയട്ടെ മന്നിൽ!
....🖊️കൃതി