Aksharathalukal

എലിസബേത്ത് -31

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം മുപ്പത്തിയൊന്ന്




      നിഴലുകളും പഴുത്തുണങ്ങിയ കരിയിലകളും കൂടിച്ചേർന്ന് കിടക്കുന്ന നെല്ലിമരത്തിന്റെ കരിങ്കൽത്തറയുടെ ഒരറ്റത്തായി ജോസ്മിയിരുന്നു. ഇന്നലെ രാത്രിയിൽ ഫാത്തിമ വന്നു. അവൾ തന്നെയാണ് ഇവിടെ കാണാമെന്ന് പറഞ്ഞതും. അടുക്കി വെച്ചിരുന്നു, അവളോട് ചോദിക്കാനുള്ള കുറെ ചോദ്യങ്ങൾ. അത് മുൻപ്. 
    പക്ഷെ, ഇപ്പോൾ മനസ്സ് ആകെ ശൂന്യമായത് പോലെ. ചോദ്യങ്ങളെല്ലാം ഒരു മഞ്ഞിൻ മറയ്ക്കപ്പുറത്താണെന്ന് തോന്നി. കഴിഞ്ഞ് പോയതിനെല്ലാം ഒരു ദു:സ്വപ്നത്തിന്റെ ആയുസ്സ് മാത്രമായിരുന്നോ ? ജോസ്മിക്ക് ജോസ്മിയാകാനേ കഴിയൂ.
     " അരണേടെ ഓർമ്മയാ ഇവൾക്ക്. എല്ലാം പെട്ടെന്ന് മറക്കും.."
പപ്പ പറയാറുണ്ട്. 
ശരിയായിരിക്കണം.
വഴക്കും വൈരാഗ്യവുമൊക്കെ കെട്ടിക്കിടക്കുന്ന ജലാശയം പോലെയാണ്. അവിടെയാണ് അഴുക്കും മാലിന്യങ്ങളും കൂത്താടികളും വളരുന്നത്. അതുകൊണ്ട് അവയൊന്നും മനസ്സിൽ വെക്കാതെ ഒഴുകുന്ന ഒരു നദിയാകണമെന്നും പപ്പ ചിരിച്ചു കൊണ്ട് പറയും.
     " അപ്പൊ.. ഈ വീട്ടിലെ ഏറ്റവും നല്ല സ്വഭാവം എന്റെ ജോസുട്ടിയുടേതാ..'
അപ്പോഴൊക്കെ അഭിമാനത്തോടെ പപ്പയോട് ചേർന്ന് നിന്ന് അവളും ചിരിക്കും. എപ്പോഴും പപ്പ ജോസുട്ടിയെന്ന് വിളിക്കാറില്ല. വല്ലപ്പോഴും ഇഷ്ടം കൂടുമ്പോൾ മാത്രം. പക്ഷെ, അങ്ങനെ കേൾക്കാൻ അവൾക്കിഷ്ടമായിരുന്നു.
     ദൂരെ നിന്നും മൈതാനത്തിന്റെ ഒരരികിലൂടെ നടന്ന് വരുന്ന ഫാത്തിമയെ ജോസ്മി കണ്ടു. അവളെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയില്ല. എന്താണ് അവളോട് ചോദിക്കേണ്ടതെന്നറിയില്ല. ഒന്നും മിണ്ടാതെ കണ്ണുകളിൽ മാത്രം നോക്കി സത്യമേതെന്നറിയാനുള്ള വിദ്യയുമറിയില്ല. 
      ഒരു പകൽ മുഴുവൻ തീക്കനലിൽ വെന്തുരുകിയത് ഏതോ കഴിഞ്ഞ ജന്മം പോലെ അത്രയും വിദൂരമാണെന്ന് തോന്നുന്നു. ഇല്ല..എനിക്കവളോട് ഒന്നും ചോദിക്കാനില്ല. 
     പക്ഷെ, ഇതുവരെ ഞാൻ കണ്ട ഒരു ഫാത്തിമയല്ല ഇതെന്ന് ഞാനറിയുന്നു. സ്നേഹത്തോടെ തോളിൽ കൈ ചേർക്കുമ്പോൾ ശ്വാസം മുട്ടിക്കാൻ മാത്രം കരുത്തുള്ളതായി മാറിയോ അവളുടെ കൈകൾ ? ഒരു കാറ്റ് വന്ന് കരിയിലകളെ പറത്തി ഇപ്പോഴവളുടെ കാഴ്ച്ചയെ മറച്ചു കളഞ്ഞു.
     വന്നപാടെ ജോസ്മിയുടെ അടുത്തായി അവളിരുന്നു. ജോസ്മി അവളുടെ മുഖത്തേക്ക് നോക്കിയില്ല. രണ്ട് പേരും അല്പസമയം ഒന്നും മിണ്ടിയില്ല. ജോസ്മിയുടെ മൗനം ഫാത്തിമയുടെ ഉള്ളുലച്ചു. ഫാത്തിമ അവളുടെ കൈകളിൽ പിടിച്ചു. 
    " ജോസ്മീ..രണ്ട് ചീത്തയെങ്കിലും നീ പറ. അത് കേൾക്കാനാണ് ഞാൻ വന്നത്.."
     ജോസ്മി വെറുതെ ചിരിച്ചു. 
ഒരു ചീത്ത കൊണ്ട് പഴയ പാത്തുവിനെ എനിക്ക് തിരിച്ചു കിട്ടില്ലല്ലൊ! എല്ലാം പറയാനും കേൾക്കാനും തനിക്ക് ആകെയുണ്ടായിരുന്നത് അവൾ മാത്രമാണെന്നും അവളറിഞ്ഞില്ല. നഷ്ടങ്ങളെല്ലാം തനിക്ക് മാത്രം. കഷ്ണങ്ങൾ പെറുക്കിയെടുത്ത് ഒട്ടിക്കാൻ പോലുമാകാതെ ചിതറിപ്പോയതും നഷ്ടപ്പെട്ടതും തനിക്ക് മാത്രം.
     ഒന്നും മിണ്ടാതെ വോളിബോൾ കോർട്ടിൽ കളിക്കുന്ന കുട്ടികളെയും നോക്കി ജോസ്മിയിരുന്നു. 
     " പാത്തൂ..എല്ലാരേം എളുപ്പം വിശ്വസിക്കുന്ന ഒരു മണ്ടിയാണ് ഞാനെന്ന് പപ്പ എപ്പഴും പറയും. ജീവിതത്തിൽ ഏറ്റവും കൂടുതൽ കരയാൻ പോകുന്നതും ഈ സ്വഭാവം കൊണ്ടായിരിക്കുമെന്നും.."
     അത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. 
ഫാത്തിമ ജോസ്മിയുടെ തോളിലേക്ക് ചാഞ്ഞു. അവളുടെ തേങ്ങലിൽ ചുമലുകൾ നനഞ്ഞു. 
      " നിന്റെയീ കണ്ണീര് മുമ്പത്തെപ്പോലെ എന്നെ പൊള്ളിക്കുന്നില്ല..പാത്തൂ.."
     " നീയിത് വിശ്വസിക്കണം.. ഒന്നും ഇഷ്ടമുണ്ടായിട്ട് ചെയ്തതല്ല ഞാൻ. എല്ലാം ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണവൻ.."
     അവൾ മുഖമുയർത്തി കവിളിൽ പടർന്ന് കിടന്ന കണ്ണീർപ്പാടുകൾ തുടച്ചു. കണ്ണുകളിൽ നിന്നും കണ്ണീർ പിന്നേയും കവിളിലേക്ക് ഒഴുകിയിറങ്ങി. കിതപ്പിൽ അക്ഷരങ്ങൾ വഴുതി.
    " ഒരു ഫാഷൻ ഷോയിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്. പതിയെ അവനെന്റെ രക്ഷകനായി മാറി. എനിക്കവനോട് കടുത്ത പ്രണയമായിരുന്നു. പക്ഷെ, നീ കണ്ട ആ ബോംബെക്കാരന്റെ കിടപ്പറയിലായിരുന്നു എന്റെ ആദ്യരാത്രി. "
      അവൾ വീണ്ടും കിതച്ചു. തൊണ്ടയിൽ വാക്കുകൾ കുരുങ്ങി ശ്വാസം മുട്ടി.
     " പിന്നെ രണ്ടാം രാത്രി അവന്റെ കൂടെയും. മൂന്നാം രാത്രി അവന്റെ കൂട്ടുകാരുടെയും.."
     ജോസ്മി അവളുടെ വായ പൊത്തി. 
പിന്നെ രണ്ട് കൈകൾ കൊണ്ടും അവളെ മാറിലേക്ക് ചേർത്തടുപ്പിച്ചു.
     " നിർത്ത്.. പാത്തൂ, ഇനിയെനിക്കൊന്നും കേൾക്കണ്ട.."
     " ക്ഷമിക്കെടീ..എന്നോട് - "
അവൾ മുഖം പൊത്തി തേങ്ങി.
     " പേടിക്കേണ്ട, എന്റെ മനസ്സിൽ ദ്വേഷ്യമിരിക്കില്ല പാത്തൂ..പപ്പ പറഞ്ഞതുപോലെ ഞാനൊരു വലിയ മണ്ടിയായത് നന്നായി - "
    സമയം വൈകിയിരിക്കുന്നു. ജോസ്മി എഴുന്നേറ്റു. ഫാത്തിമയും. കാമ്പസ് വിജനമായി. കുട്ടികളെല്ലാവരും ഓരോരുത്തരായി പോയിക്കഴിഞ്ഞു. കാന്റീനിൽ നിന്നും നാസർക്കയുടെ പഴയ പാട്ട് കേൾക്കുന്നുണ്ട്. റംലത്തിന്റെ അസുഖം മാറിയിരിക്കണം.
     " ചോദിക്കാൻ മറന്നു.. ഉമ്മയുടെ അസുഖം എങ്ങനെയുണ്ട് ?"
    " മരിച്ചു.."
    ഭാവഭേദങ്ങളൊന്നുമില്ലാതെ അവൾ നിന്നു. 
ആകാശത്തിന് കീഴെ അവളെ ബന്ധിപ്പിച്ചിരുന്ന ആകെയൊരു കണ്ണി. എല്ലാ ഒന്നാം തീയ്യതികളിലും ബാങ്കിലേക്ക് പൈസ വരുമ്പോൾ ഓർക്കുന്ന ഒരു ക്ഷീണിച്ച മുഖം. അതിനപ്പുറത്തെ ഓർമ്മകളിലൊന്നും ഉമ്മ വരാറില്ലെന്ന് അവൾ പറയാറുണ്ട്. വലിയൊരു കമ്പനിയുടെ എംഡിയായിരിക്കേണ്ട സ്ത്രീ. അവസാനം പട്ടമഹിഷിയിൽ നിന്നും അടുക്കളക്കാരിയിലേക്കുള്ള സ്ഥാനക്കയറ്റം..
    " മരിച്ചത് നന്നായി. ജീവിതം അത്രമേൽ ദുസ്സഹമാകുമ്പോൾ ചിലർക്ക് മരണം ഒരു ഭാഗ്യമാകുന്നു.."
      അള്ളാഹുവിന്റെ കണക്ക് പുസ്തകത്തിലുള്ള കർമ്മഫലങ്ങളുടെ പേജുകൾ ഉമ്മ കണ്ട് കാണില്ല. നീ അളന്ന് കൊടുക്കുന്ന അതേ പാത്രത്തിൽ തന്നെ നിനക്ക് അളന്ന് കിട്ടുമെന്ന ബൈബിൾ വചനവും ഓർത്ത് കാണില്ല. 
      ഞാൻ കുടിച്ച പാനീയത്തിന് മധുരമോ കയ്പൊ ആയിരുന്നുവെങ്കിൽ അതിൽ കയ്പൊ മധുരമോ കലർത്തിയത് ഞാൻ തന്നെയായിരുന്നു. അമാദോ റൂയിസിന്റെ പഠിക്കാനുണ്ടായിരുന്ന കവിത അവളോർത്തു.
      അവൾ പുറത്തെ നിരത്തിലേക്ക് നോക്കി വെറുതെ ചിരിച്ചു.
     " പോയ്സണായിരുന്നു.. സ്വയം കഴിച്ചതാവാം. അല്ലെങ്കിൽ കഴിപ്പിച്ചതുമാവാം. അറിയണമെന്ന് തോന്നിയില്ല. ആരോടും ചോദിച്ചുമില്ല.."
    ജോസ്മി ഒന്നും മിണ്ടാതെ നിന്നു.
    ഐസിയു വിലെ തണുപ്പിൽ കിടക്കുമ്പോൾ വാക്കുകളും തണുത്ത് മരവിച്ച് കിടക്കുമെന്ന് ആദ്യമായി അവളറിഞ്ഞത് ഉമ്മയെ കാണാൻ ഐസിയു വിൽ കയറിയപ്പോഴായിരുന്നു. ഓർമ്മകളും മഞ്ഞിൻകട്ടകൾ പോലെ അവിടെ ഉരുകാതെ കിടക്കും.    
      വളരെ കഷ്ടപ്പെട്ടാണ് ഉമ്മയെ കാണാനുള്ള അനുവാദം വാങ്ങിയത്. കുറെ നേരം ഉമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തോ പറയാനുണ്ട്. പക്ഷെ, ഓക്സിജൻ മാസ്കിനുള്ളിൽ ഉമ്മയുടെ അക്ഷരങ്ങളും വിറങ്ങലിച്ച് കിടന്നു. ഇപ്പോൾ കണ്ണുകളിൽ എനിക്ക് കാണാം, എന്നോട് പറയാനായി ബാക്കി വെച്ച ഒരുപാട് കാര്യങ്ങൾ. വിശേഷങ്ങൾ. കുറ്റബോധത്തിന്റെ കുമ്പസാരങ്ങൾ..പക്ഷെ, കണ്ണുകളിൽ നോക്കി മനസ്സ് പറയുന്നത് വായിച്ചെടുക്കാനുള്ള അത്ഭുതസിദ്ധിയും എനിക്ക് വശമില്ലാതെ പോയി.
       അപ്പോൾ ഉമ്മയുടെ കണ്ണുകളിൽ ഉരുണ്ടുകൂടി നിന്ന കണ്ണീർ തുള്ളികൾ എന്നോട് പറഞ്ഞത് ഞാൻ വായിക്കാൻ ശ്രമിച്ചു: ഉമ്മയെ വെറുക്കരുതേ മോളേ..     
     അങ്ങനെയാവണം. ആവും.
     എണീക്കാൻ നേരം ഉമ്മ അവളുടെ കൈവിരലുകളിൽ പിടിച്ചു. വിരലുകളാകെ ശോഷിച്ചു പോയിരിക്കുന്നു. വിരലുകളിലെ തണുപ്പ് ഫാത്തിമയുടെ ദേഹമാകെ പടർന്നു. പിന്നെ അതൊരു നദിയായി മനസ്സിലേക്ക് കുത്തിയൊലിച്ചൊഴുകി. മരണത്തിന്റെ തണുപ്പ് എങ്ങനെയാണെന്നറിയില്ല. ഇതായിരിക്കുമോ ?
     " ഞാൻ പുറത്തുണ്ട്. പുറത്തുണ്ടാവും..കൂടെയുണ്ട്, എപ്പഴും. കരയാതെ.."
അവൾ ഉമ്മയുടെ കൈവിരലുകളിൽ ഉമ്മ വെച്ചു.
     " സൈലൻസ്..ലോപല എവരു മാട്ലാട കൂടതു.."
     " സോറി..സിസ്റ്റർ.."
   വാതിലെവിടെ ?
കണ്ണീരിന്റെ നനുത്ത മറയിൽ തപ്പി.
അവളെഴുന്നേറ്റ് ഐസിയു വിന് പുറത്ത് കടന്നു. മനസ്സിന് ഒരു കനം. വാതിലിനപ്പുറത്തെ ഒരു കസേരയിൽ അയാളുണ്ടായിരുന്നു. മുഖത്തെ ചിരി ചിലപ്പോൾ മറച്ചു പിടിച്ചതായിരിക്കണം.
      " മീരു എപ്പടു വച്ചാരു ?"
      " വെളുപ്പിന്.."
കണ്ണുകളിൽ നോക്കി മനസ്സ് വായിക്കാൻ കഴിയുന്ന ഒരു വരം കിട്ടിയെങ്കിൽ ! കരിന്തിരി കത്തുന്ന ഒരു വിളക്ക് കാണുമ്പോഴുളള സന്തോഷം ആ കണ്ണുകളിലുണ്ടോ ? എനിക്കും അയാൾക്കുമിടയിലുള്ള ഏകതടസ്സം നീങ്ങുമ്പോഴുള്ള നിഗൂഢമായ ഒരു ചിരി ആ മുഖത്തുണ്ടോ ? 
      ഇടനാഴിയിലേക്ക് ഒതുങ്ങി നിന്നപ്പോൾ അയാൾ പുറകിൽ വന്നു. അയാളുടെ സ്വാധീനം കൊണ്ടാണ് പോലീസ് ഇതുവരെയും വരാതിരുന്നതെന്ന് മുഖത്ത് അല്പം ചിരി വരുത്തി അയാൾ പറഞ്ഞു. നല്ലത്. സംസാരിക്കാൻ പറ്റിയാൽ ചിലപ്പോൾ ഉമ്മ സത്യം വിളിച്ചു പറഞ്ഞാലോ..
     " പഠിപ്പെല്ലാം അവസാനിപ്പിച്ച് തിരിച്ചു വരണം. ഇനി നീയാണ് കമ്പനിയൊക്കെ നോക്കി നടത്തേണ്ടത്.."
     നിഗൂഢമായ ഒരു സന്തോഷം മനസ്സിലുണ്ടാകണം. കണക്കുകൂട്ടലുകളെല്ലാം ശരിയായി വരുമ്പോഴുള്ള ഒരാനന്ദം. വലയിലകപ്പെട്ട ഇരയെ കാണുമ്പോഴുള്ള ചിലന്തിയെ അവളോർത്തു. 
     അറിയാവുന്ന മലയാളത്തിലാണയാൾ പറഞ്ഞത്. താൻ കുട്ടിയായിരിക്കുമ്പോൾ ഉമ്മ കുറെ മലയാളം പഠിപ്പിച്ച് കൊടുത്തിരുന്നു. അന്നയാൾ കമ്പനിയുടെ മാനേജരായിരുന്നെന്ന് വലുതായപ്പോഴറിഞ്ഞു.
     വിളിച്ചു വരുത്തുന്നതിന്റെ ഉദ്ദ്യേശം അവൾക്കൂഹിക്കാം. നാട്ടുകാർക്കിടയിൽ പകൽ മകളാക്കുകയും രാത്രിയിൽ മെത്തയാക്കുകയും ചെയ്യുന്ന ബുദ്ധി. ചോരയും നീരും വറ്റി തുടിപ്പും മുഴുപ്പും ഇല്ലാതായ ഒരു ഉണങ്ങിയ ശരീരത്തിന് ചന്തയിൽ വിലയില്ല.
      ഒരു കാര്യത്തിൽ അവൾക്ക് ഉമ്മയോട് നന്ദിയുണ്ട്. അയാളുടെ കൺവെട്ടത്ത് നിന്നും അവളെ മാറ്റി നിർത്താനുള്ള ബുദ്ധി കാണിച്ചതിന് -
     " മോഹമറിയാം..അടിയിൽ കെടക്കാനല്ലെ? വരാം. അതിന് ഉമ്മ മരിച്ചിട്ടില്ലല്ലൊ. മരിക്കട്ടെ - "
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
     " പോലീസുകാരെ വിലക്ക് വാങ്ങിയ പോലെ അതിനുള്ളിലെ നഴ്സുമാരെ വാങ്ങാൻ നോക്കണ്ട, ശ്വാസം നിർത്താൻ. നിർത്തി മുൻപരിചയവുമുണ്ടല്ലൊ. പഴയ കുട്ടിയല്ല ഞാൻ.."
    ഒച്ചയുയർന്നപ്പോൾ തൊട്ടടുത്തുള്ളവർ ശ്രദ്ധിക്കുന്നത് കണ്ടു. അവളുടെ ഭാവം മാറിയത് കണ്ട് അയാളും ചെറുതായി അമ്പരന്നു.
     അവൾ പുറത്തേക്കിറങ്ങി.
റോഡിലൂടെ കറുത്ത കൊടിയുമായി ഒരു കൂട്ടം ആളുകൾ നിശ്ശബ്ദമായി നടന്ന് പോകുന്നുണ്ട്. മുൻപിൽ ഒരു ശവവണ്ടിയും. അവൾ വെറുതെ റോഡിനപ്പുറത്തെ ബസ് സ്റ്റോപ്പിലേക്ക് നോക്കി നിന്നു. ഒരു ചുവന്ന നിറത്തിലുള്ള ബസ് അതിന് മുൻപിൽ വന്ന് നിന്നു.
     " ജോസ്മീ..കാലം ഒരു ദിവസം നമുക്കു മുന്നിൽ ഒരു കണക്ക് പുസ്തകം നിവർത്തി വെക്കും. നല്ല മഴയുള്ള ഒരു രാത്രിയിൽ ഉപ്പക്ക് നെഞ്ച് വേദന വന്ന ദിവസവും ആ പുസ്തകത്തിലുണ്ടാവും. ഞാനപ്പോൾ ഉപ്പയുടെ മടിയിലായിരുന്നു. തൊട്ടടുത്ത ക്വാർട്ടേഴ്സിൽ നിന്നും ഓടിയെത്തിയത് അയാളായിരുന്നു. അയാൾ ശക്തിയായി നെഞ്ചിലമർത്തി. പിന്നെ അറിയാതെ, പതുക്കെ ആ കൈകൾ കഴുത്തിലേക്കിറങ്ങുമ്പോൾ തൊട്ടുപുറകിൽ ഉമ്മയും നില്പുണ്ടായിരുന്നു. ഞാനന്ന് തീരെ കുഞ്ഞ്. ഉപ്പയുടെ അവസാന ഞെരക്കമാണ് ഈ മഴയിൽ ചേർന്നലിയുന്നതെന്ന് തിരിച്ചറിയാൻ പറ്റാത്തത്ര കുഞ്ഞ്. വലുതായപ്പോൾ ചുമരുകൾ ആ കഥകളെന്നോട് പറഞ്ഞു."
     നടക്കാൻ തുടങ്ങുന്നതിന് മുൻപായി അവൾ ജോസ്മിയുടെ കൈയിൽ പിടിച്ചു.
    " അധികദിവസം ഞാനുണ്ടാവില്ല. പോണം. അല്ലെങ്കിൽ സൂര്യപേട്ടയിൽ നിന്നും അയാളിവിടെ വരും. "
    " നിന്റെ പഠിപ്പ് ?"
    " കിടക്ക പങ്കിടാൻ ഒരു ബിരുദത്തിന്റെ ആവശ്യമില്ല ജോസ്മീ.. ഇനി ബിരുദം വേണ്ടത് അനംഗകലയിലാണ്. കാമശാസ്ത്രത്തിൽ ബിരുദമുള്ള കോളേജുകൾ ഹൈദരാബാദിലുണ്ടോന്നും അറിയില്ല. അന്വേഷിക്കണം.."
     അവൾ തിരിഞ്ഞു നോക്കി ചിരിച്ചു.
     മൈതാനത്തിന്റെ ഒരരികിലൂടെ അവൾ നടന്ന് മറയുന്നത് വരെ ജോസ്മി അവിടെ തന്നെ നിന്നു. ലൈബ്രറി പൂട്ടി താക്കോൽക്കൂട്ടവും കിലുക്കി അവളുടെ മുൻപിലൂടെ നടന്ന് പോയ ചന്ദ്രേട്ടനെ അവൾ കണ്ടില്ല. നെല്ലിമരത്തിന്റെ നിഴലുകൾ വലുതായി ഗേറ്റിന് മുൻവശം വരെ വളർന്ന് കിടന്നതും അവൾ കണ്ടില്ല.
     രാത്രിയിൽ എല്ലാവരും ഉറങ്ങിയെന്നുറപ്പ് വരുത്തിയതിന് ശേഷം അവൾ വീണ്ടും മനാഫയച്ച കൊറിയർ എടുത്ത് നിവർത്തി. എത്രയോ പ്രാവശ്യം ഇത് വായിച്ച് കഴിഞ്ഞിരിക്കുന്നു.
     ◾നെക്സ്റ്റ് തേഴ്സ്ഡെ. അതായത് ഒക്ടോബർ പതിനേഴ്. അതേ സ്ഥലം. അതേസമയം. അന്ന് വന്നത് പോലെയല്ല. ഒറ്റയ്ക്ക്.. ബസ്സ്റ്റോപ്പിനടുത്ത് കൃത്യം പന്ത്രണ്ട് മണിക്ക് വണ്ടി കാത്ത് നില്ക്കും. ഇതൊരു ഇന്റിമിഡേഷനാണെന്ന് വേണമെങ്കിൽ കരുതിക്കോളൂ.. നിന്നെ ഞാൻ വെറുതെ വിടാൻ പോണില്ല..
- മനാഫ്.
       പിറ്റെ ദിവസം രാവിലെ ലൈബ്രറിയിൽ ഫാത്തിമയെ കണ്ടു. മനാഫയച്ച കൊറിയർ ജോസ്മി ഫാത്തിമക്ക് വായിക്കാൻ കൊടുത്തു.
    " ഇതവന്റെ ഭീഷണിക്കത്താണ്.."
 അവളത് വായിച്ച് കുറെ സമയം നിശ്ശബ്ദയായിരുന്നു.
    " യാതൊരു കാരണവശാലും ഇനി നീയവിടെ പോകരുത്.." 
എന്തും ചെയ്യാൻ മടിയില്ലാത്തവനാണവൻ. ഏതിനും അവന്റെ കൂടെ ഒരു സംഘം തന്നെയുണ്ട്. ഒരു ഫോൺ കോൾ മതി, ബോംബെയിൽ നിന്നും ഇങ്ങെത്താൻ. ഫാംഹൗസാണ് എല്ലാറ്റിന്റെയും ഇടത്താവളം. അവനവിടെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ബോംബെക്കാരന് വരുമ്പോഴൊക്കെ ഓരോ പെൺകുട്ടികളെ കിട്ടിയാൽ മതി.
    " ഫാംഹൗസ് അവന്റെയാണോ ?"
അവർ ലൈബ്രറിയിൽ നിന്നും പുറത്തേക്കിറങ്ങി. ചന്ദ്രേട്ടന്റെ ചീത്ത കേൾക്കാൻ വയ്യ. രണ്ട് പേരും അയാളെ നോക്കി ചിരിച്ചു.
    " അല്ല..അത് ബോംബെക്കാരന്റെയാ.."
    " അപ്പൊ..അലക്സ് എന്ന പേര് ?"
    " അത് വിളിപ്പേരാണ് -"
ഒരു ഇസ്ലാമിനെങ്ങനെ ഇങ്ങനെയൊരു വിളിപ്പേര് ? മനസ്സിലാകാത്ത ഒരു പാട് മിസ്റ്ററികൾ പോലെ തോന്നുന്നു. ഫാത്തിമയും അതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല.
    " അനൂപ് ?"
ജോസ്മി അവളുടെ കണ്ണുകളിലേക്ക് നോക്കി.
    " കാമുകനല്ല. ബോംബെയിൽ നിന്നും വന്ന അവന്റെ ഒരു സുഹൃത്ത്. മയക്ക്മരുന്ന് കഴിച്ചപ്പോൾ അവനെന്നെ കെട്ടണം. അതിന്റെ അവസാനമാണ് നീയവിടെ കണ്ടത് - "
      ജീവിതത്തിലേക്ക് നമ്മളറിയാതെ കടന്നു വരുന്ന ചില കറുത്ത കഥാപാത്രങ്ങൾ. ആവശ്യമില്ലെങ്കിലും അവർ നമ്മുടെ സ്വാസ്ഥ്യം കവർന്ന് കടന്ന് പോകുന്നു. ജോസ്മി എന്തോ ആലോചിച്ചിരുന്നു.
    " അവന് എന്നേയും സംശയമുണ്ട്.."
    " എന്തിന് ?"
    " അവിടെ നടന്നതൊന്നും അപ്രതീക്ഷിതമല്ലെന്ന്.. അതിലെന്റേയും കൈയുണ്ടെന്ന് -"
ജോസ്മിയുടെ മനസ്സ് കലങ്ങി. അവളെഴുന്നേറ്റു. ചായയുടെ പൈസ കൊടുക്കാൻ നേരം നാസർക്ക ചിരിച്ചു.
     " റംലത്തിനെ കൊണ്ട് വന്നു മോളെ.."
     " തോന്നി, ഇന്നലത്തെ പാട്ട് കേട്ടപ്പോൾ - "
മെയിൻ ഗേറ്റിനടുത്ത് രണ്ട് പേരും അല്പനേരം നിന്നു.
     " ക്ലാസ്സിലേക്കില്ലേ?"
     " ഇല്ല. മമ്മക്ക് സർജറിക്ക് ശേഷമുള്ള ഒരു റിവ്യൂ ചെക്കപ്പുണ്ട്, ഉച്ചക്ക് ശേഷം.."
     " നാല് നായ്ക്കളുടെ മരണം, അതവനെ ഭ്രാന്തനാക്കിയിട്ടുണ്ട് ജോസ്മീ.. അതുകൊണ്ട് അവൻ നിന്റെ പുറകെത്തന്നെയുണ്ടാകും..സൂക്ഷിക്കണം."
    അവൾ ഒന്നും മിണ്ടാതെ നടന്നു. 
    " ഞാനും വരാം സ്റ്റോപ്പിലേക്ക്.."
    " വേണ്ട പാത്തൂ.."
    " എന്തായാലും പപ്പയോടും അനിയത്തിമാരോടും ശ്രദ്ധിക്കാൻ പറയണം."
     ജോസ്മി വെറുതെ ചിരിച്ചു. ഭയം ഒരു കരിവണ്ടിനെപ്പോലെ അവളുടെ തലച്ചോറിനുള്ളിലേക്ക് പതുക്കെ തുളച്ച്കയറി വരുന്നത് അവളറിഞ്ഞു.
      ബസ്സിറങ്ങിയപ്പോൾ വീട്ടിലേക്കുള്ള ഇടവഴി തുടങ്ങുന്നിടത്ത് റോഡ് സൈഡിൽ നിറുത്തിയിട്ടിരിക്കുന്ന ഒരു ജീപ്പ് അവൾ കണ്ടു. അവളടുത്തെത്തിയപ്പോൾ അതിൽ നിന്നും രണ്ട് മൂന്ന് ചെറുപ്പക്കാർ പതുക്കെ പുറത്തേക്കിറങ്ങി ജീപ്പിൽ ചാരി നിന്നു.
     

◼️തുടരുന്നു..



എലിസബേത്ത് -32

എലിസബേത്ത് -32

0
501

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം മുപ്പത്തിരണ്ട്       കാറ്റ് വീശുമ്പോൾ ഇലകൾ കൊഴിയുന്നുണ്ട്. മങ്ങിയ മഞ്ഞ നിറമുള്ള ആയുസ്സൊടുങ്ങിയ അരയാലിലകൾ. മുൻപെ വീണ് ഉണങ്ങിക്കിടന്ന കരിയിലകൾക്ക് മീതെ ഒരു പിടച്ചിലോടെ വന്ന് വീണ് കരിയിലകളാകാൻ കാത്തു കിടക്കുന്ന ജരാനരകൾ ബാധിച്ച ഇലകളെ അവൾ വെറുതെ നോക്കിയിരുന്നു. സമയമാകുമ്പോൾ കാലം എല്ലാറ്റിനെയും വീഴ്ത്തിക്കളയുന്നുണ്ട്. ആ പ്രകൃതി നിയമത്തിൽ മനുഷ്യനും, മൃഗങ്ങളും, മരങ്ങളുമൊക്കെ കഥാപാത്രങ്ങൾ..     നെറ്റിയിലൂടെ തൊട്ടുരുമ്മി താഴെ വീണ് കിടന്ന ഒരിലയെ ജൂലി കൈയിലെടുത്തു. മഞ്ഞ നിറമുള്ള ഉണങ്ങിയ അതിന്റെ ഞരമ്പുകളിലൂടെ അവൾ ക