Aksharathalukal

എലിസബേത്ത് -32

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം മുപ്പത്തിരണ്ട്



       കാറ്റ് വീശുമ്പോൾ ഇലകൾ കൊഴിയുന്നുണ്ട്. മങ്ങിയ മഞ്ഞ നിറമുള്ള ആയുസ്സൊടുങ്ങിയ അരയാലിലകൾ. മുൻപെ വീണ് ഉണങ്ങിക്കിടന്ന കരിയിലകൾക്ക് മീതെ ഒരു പിടച്ചിലോടെ വന്ന് വീണ് കരിയിലകളാകാൻ കാത്തു കിടക്കുന്ന ജരാനരകൾ ബാധിച്ച ഇലകളെ അവൾ വെറുതെ നോക്കിയിരുന്നു. സമയമാകുമ്പോൾ കാലം എല്ലാറ്റിനെയും വീഴ്ത്തിക്കളയുന്നുണ്ട്. ആ പ്രകൃതി നിയമത്തിൽ മനുഷ്യനും, മൃഗങ്ങളും, മരങ്ങളുമൊക്കെ കഥാപാത്രങ്ങൾ..
     നെറ്റിയിലൂടെ തൊട്ടുരുമ്മി താഴെ വീണ് കിടന്ന ഒരിലയെ ജൂലി കൈയിലെടുത്തു. മഞ്ഞ നിറമുള്ള ഉണങ്ങിയ അതിന്റെ ഞരമ്പുകളിലൂടെ അവൾ കൈവിരൽത്തുമ്പുകളോടിച്ചു. 
     മ്യൂസിയത്തിന്റെ ഇടതു ഭാഗത്തായി വലിയ തിരക്കില്ലാത്ത ഒരു ടാറിട്ട റോഡുണ്ട്. ഓരത്ത് നിരയായി നില്ക്കുന്ന വലിയ മരങ്ങളുടെ നിഴലുകൾ വീണ് റോഡ് വെയിലിന്റെ ചൂടറിയാതെ കിടന്നു. 
     മ്യൂസിയത്തിന്റെ മുൻഭാഗം വിജനമായിരുന്നു. ഒരു കാവൽക്കാരനും, ഒന്നു രണ്ട് പോലീസുകാരും, ഒരു തോട്ടക്കാരനുമൊഴിച്ചാൽ മറ്റാരെയും ജൂലി അവിടെ കണ്ടില്ല. ശക്തൻ തമ്പുരാന്റെ കൊട്ടാരത്തിലേക്ക് കാഴ്ച്ചക്കാർ എത്തിത്തുടങ്ങിയിട്ടില്ല. 
     മ്യൂസിയത്തിന്റെ കവാടത്തിനടുത്തുള്ള ആൽമരച്ചുവട്ടിൽ കാണാമെന്നായിരുന്നു ഇന്നലെ വിളിച്ചപ്പോൾ സാന്ദ്ര പറഞ്ഞത്. രാജീവും ഉണ്ടാകുമെന്ന് പറഞ്ഞു. നഗരത്തിലെ തിരക്കില്ലാത്ത ഒരിടം. 
     " കത്തെടുക്കാൻ മറക്കണ്ട.."
രാത്രിയുടെ നിശ്ശബ്ദതയിൽ പതിഞ്ഞ ശബ്ദത്തിൽ അവൾ ഓർമ്മിപ്പിക്കുന്നത് രണ്ടാം തവണ.
     " ഉം.. കത്തിന്റെ ഫോട്ടോയെടുത്തിട്ടുണ്ട്. അത് പോരെ.? "
    " മതി - "
    " ഫോൺ നമ്പറോ ? "
    " എലിസബേത്ത് തന്നു.."
    " എലിസബേത്തോ ?"
ഫോണിന്റെ അങ്ങേ തലയ്ക്കലുള്ള സാന്ദ്രയുടെ ശബ്ദത്തിലെ അമ്പരപ്പ് ജൂലിയറിഞ്ഞു. ശ്വാസം മുട്ടുന്ന ഒരു കിതപ്പും.
   " എല്ലാം നാളെ നേരിൽ പറയാം."
എങ്കിലും അവളുടെ തടുത്ത് നിർത്താൻ പറ്റാത്ത ആകാംക്ഷയിൽ അടുത്ത ചോദ്യം വന്നു. അപ്രതീക്ഷിതമായി എലിസബേത്ത് ഇതിനുള്ളിലേക്ക് എങ്ങനെയാണ് കടന്ന് വന്നത് ? സാന്ദ്ര ചിന്താകുഴപ്പത്തിലായി.
    " എല്ലാം അവളറിഞ്ഞോ?"
    " ഉം.."
    " അതെങ്ങനെ?"
    " ടെറസ്സിന് മുകളിൽ നിന്നെയും രാജീവിനെയും അവൾ കണ്ടിരുന്നു.."
  സാന്ദ്ര നിശ്ശബ്ദയായി.
എലിസബേത്തിനെ വെറുതെയൊരു കൊച്ചു കുട്ടിയായി കണ്ടത് തെറ്റ്. അർദ്ധരാത്രിയിൽ ടെറസിലേക്ക് കയറി വരാൻ മാത്രം ഒരു സംശയത്തിന്റെ വഴിമരുന്നുകളിട്ടു കൊടുത്തത് താനും ജൂലിയും തന്നെയായിരിക്കണം. എലിസബേത്തിന്റെ മുന്നിൽ സ്വയം വില കുറഞ്ഞത് പോലെ അവൾക്ക് തോന്നി. 
    " സാന്ദ്രാ..അവൾ നമ്മുടെ പുറകെയുണ്ടായിരുന്നു. രാജീവിന്റെയും - "
    " അവളൊ ?"
    " ഉം..അവൾക്കൊരു സഹായിയുണ്ട്."
രണ്ട് പേരും കുറച്ച് സമയം നിശ്ശബ്ദരായി. 
    " എന്തായാലും അവളുടെ കൈയിൽ കുറച്ച് ഫൈന്റിംങ്സുണ്ട്. അവൾ നമ്മെക്കാളും കുറച്ച് കൂടി മുൻപെ സഞ്ചരിച്ചിട്ടുണ്ട്."
    " അങ്ങനെയെങ്കിൽ നമ്മുടെ യാത്രയിൽ അവളെയും കൂട്ടാം.."
പതിമൂന്ന് വയസ്സുള്ള പക്വതയില്ലാത്ത ഒരു കുട്ടിയായി അവളെ മാറ്റി നിർത്തണ്ട. തന്നെയുമല്ല, സഞ്ചരിക്കുന്നത് സമാന്തര വഴികളിലൂടെയും. അത് ശരിയാണെന്ന് ജൂലിക്കും തോന്നി. 
    നാളെ കാണാമെന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു. സമയം വൈകി സംസാരിക്കുന്നത് ശരിയല്ല. ഈയിടെയായി രാവെന്നോ പകലെന്നോ ഇല്ല, പപ്പയുടെ കണ്ണുകൾ എപ്പോഴും പുറകിലുണ്ടെന്നൊരു തോന്നൽ.
     എലിസബേത്ത് പറഞ്ഞത് കേട്ടപ്പോൾ ജൂലിക്കും എല്ലാം അത്ഭുതമായിരുന്നു. ജൂലിയുടെയും രാജീവിന്റെയും പുറകിൽ കുറച്ച് ദിവസം അവളുണ്ടായിരുന്നു എന്നതും അമ്പരപ്പോടെയാണ് അവൾ കേട്ടിരുന്നത്. 
    " അപ്പോൾ രാജീവിനെ ഭീഷണിപ്പെടുത്തിയ രണ്ടു പേരെ നീയയച്ചതായിരുന്നോ ?"
    " അല്ല - "
    " പിന്നെ, അതാരായിരുന്നു ?"
    " അതറിയില്ല - "
നമ്മുടെയൊക്കെ പുറകിൽ ഇനിയും മറ്റാരോ ഉണ്ടെന്നൊരു തോന്നൽ രണ്ട് പേർക്കും തോന്നാതിരുന്നില്ല. ജൂലി എന്തോ ആലോചിച്ചിരുന്നു.
    ജൂലി അന്വേഷിച്ചു കൊണ്ടിരുന്ന ഗ്രീറ്റിംഗ് കാർഡ് എലിസബേത്തിന്റെ കൈയിലുണ്ടെന്നറിഞ്ഞപ്പോൾ അവൾ വീണ്ടും അമ്പരന്നു.
    " കാർഡിന് പുറകിൽ ഞാൻ ഫോൺ നമ്പർ എഴുതിയിട്ടുണ്ട്..അത് കണ്ട് പിടിച്ച വഴിയും.."
എലിസബേത്ത് കാർഡ് ജൂലിക്ക് നേരെ നീട്ടി. കുറെ സമയം സാന്ദ്രയും ജൂലിയും ഇതിന് വേണ്ടി മുറിയാകെ തിരഞ്ഞതാണ്. 
     " മനാഫ് എന്നാണവന്റെ പേര്. ആളൊരു ഫാഷൻ ഡിസൈനറാണ്. മുംബെയിൽ നിന്നും ഇടക്ക് കേരളത്തിലേക്ക് വരും. മുനിയൻ പാറയിൽ ഒരു ഫാം ഹൗസുണ്ട്. വന്നാൽ അവിടെയാണ് താമസം. ഇത്രയും കാര്യങ്ങൾ ഞങ്ങൾ കണ്ട് പിടിച്ചിട്ടുണ്ട്.."
    " ഞങ്ങളെന്ന് പറഞ്ഞാൽ?"
    " എന്നെ സഹായിക്കാൻ എനിക്കൊരു കൂട്ടുകാരനുണ്ട്."
അവൾ ആഷിക്കിനെക്കുറിച്ച് പറഞ്ഞു. പ്രായം അവളേക്കാൾ ഒന്നോ രണ്ടോ വയസ്സ് കൂടും. അത്രമാത്രം. ജൂലി ചിരിച്ചു. എല്ലാം ഒരു കഥ കേൾക്കുന്നത് പോലെ അവൾ കേട്ടിരുന്നു. അനിയത്തിയെക്കുറിച്ചോർത്തപ്പോൾ ജൂലിക്ക് സന്തോഷവും അഭിമാനവും തോന്നി.
അവൾ എലിസബേത്തിനെ ചേർത്ത് പിടിച്ച് നിറുകയിൽ ഉമ്മ വെച്ചു.
    " മോളെ..നീയിതെല്ലാം ഒറ്റയ്ക്ക്..?"
    " മോളല്ല.. നിങ്ങൾക്ക് ഒരാൺതുണയായി ജീസ്സസയച്ച മോൻ.."
   എലിസബേത്തിനൊപ്പം അവളും ചിരിച്ചു.
    " സംശയം തോന്നി, ആദ്യം കുഞ്ഞേച്ചിയായിരുന്നു ഫോക്കസിൽ. പിന്നെ വെല്ല്യേച്ചിയാണെന്ന് മനസ്സിലായത് അന്നത്തെ രാത്രിയായിരുന്നു.."
    അതിന് ശേഷം എവിടെ നിന്ന് തുടങ്ങണമെന്നൊരു അനിശ്ചിതത്ത്വം തുടക്കം മുതലേ എലിസബേത്തിനുണ്ടായിരുന്നു. അതുകൊണ്ട് അവസാനത്തെ കൊറിയറിന് വേണ്ടിയായിരുന്നു പിന്നെയുളള കാത്തിരിപ്പ്. അത് കൈയിൽ കിട്ടിയ ദിവസം വ്യക്തമായ ഒരു ചിത്രം കിട്ടി. അതൊരു ഭീഷണിക്കത്തായത് കൊണ്ട് അവന്റെ ഹിസ്റ്ററിയെടുക്കാൻ അപ്പോൾ തന്നെ തീരുമാനിച്ചു. 
    " ആഷിക്ക്, ഞാനൊരു ഫോൺ നമ്പർ അയച്ചിട്ടുണ്ട്. അതിൽ വിളിച്ച് അവന്റെ കിട്ടാവുന്ന ഇൻഫർമേഷൻസ് എടുക്കണം.."
   " അതെങ്ങനെ?"
   " എങ്ങനെയെങ്കിലും -"
ആകെ കൈയിലുള്ളത് ഒരു ഫോൺ നമ്പർ മാത്രം. എലിസബേത്ത് ഏല്പിച്ച ജോലി മുൻപത്തേത് പോലെ എളുപ്പമല്ലെന്നറിഞ്ഞു. എങ്കിലും രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് അവൻ അത്യാവശ്യമായ കാര്യങ്ങൾ തപ്പിയെടുത്തു. അവനെ സഹായിക്കാൻ പുതിയൊരു കൂട്ടുകാരിയെ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു.
    " ഇത് മതിയോ ?"
    " മതി - "
    " നീയവനെ വിളിച്ചിരുന്നോ ?"
    " ഉം.. പേരും പ്രൊഫഷനും കൺഫേം ചെയ്തത് അങ്ങനെയാണ്. "
പുതിയ കൂട്ടുകാരിയെ കൊണ്ടാണ് വിളിപ്പിച്ചതെന്ന് പറഞ്ഞ് അവൻ ചിരിച്ചു.
    " ആളൊരു സെലിബ്രിറ്റിയാണ്. ഗൂഗിളിലുണ്ട്.. തന്നെയുമല്ല ഒരു ബെസ്റ്റ് സെല്ലർ ഓതറുമാണ്."
    " അപ്പോൾ നമ്മുടെ ജോലി കുറച്ചൂടെ എളുപ്പമാവും."
    " അതെങ്ങനെ? "
    " നേർത്തൊരു കാറ്റും ഒരു തീപ്പൊരിയും മതി, കാട്ടുതീയാവാൻ. സാധാരണക്കാരെപ്പോലെയല്ല."
    ആഷിക്ക് നിശ്ശബ്ദനായി. 
ചില സമയങ്ങളിൽ അവൾ പറയുന്നത് മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും.
    " കൗടില്യൻ പറയുന്നത് പോലെ ഉയരം കൂടുന്തോറും വീഴ്ച്ചക്ക് ശക്തി കൂടും."
    അത് പറയുമ്പോൾ എലിസബേത്തിന്റെ മനസ്സിൽ എന്താണെന്ന് അവന് മനസ്സിലായില്ല. എന്തെങ്കിലും കണക്ക് കൂട്ടലുകളുണ്ടാവണം. അവളെന്തോ ആലോചിക്കുകയാണെന്ന് മാത്രം തോന്നി. അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൻ ചോദിച്ചു:
    " ഇനിയെന്താണ് ?"
    " ഇനിയോ..കണ്ണടച്ച് കിടക്ക്, ഒരു പാട് രാത്രിയായി. " ഫോൺ വെക്കുന്നതിന് മുൻപ് ഇടക്ക് കയറി അവൾ ചോദിച്ചു:
    " നീ ദു:സ്വപ്നങ്ങൾ കാണാറുണ്ടോ ?"
    " ഉം.. ചിലപ്പോൾ നിന്നെ -"
    അവൾ ചിരിച്ചു. അവനും.
    " ആരാ, പുതിയവൾ ?"
    " ഓ..അവളൊ, ഒരു പാവം കുട്ടി."
    " മുടിയുണ്ടോ ?"
    " നന്നായുണ്ട്.."
    " ഉം..അപ്പൊ എന്നെപ്പോലെ ആണല്ല - "
അവൻ മറുപടിയൊന്നും പറയാതെ ചിരിച്ചു. അവൾക്കവന്റെ ചിരി കാണാം. തീരെ ശബ്ദം കേൾക്കാതെയുള്ള ഒതുക്കിയ ചിരി.
    " സുന്ദരിയാണോ ?"
    " നിന്റത്രേമില്ല - "
    വെളിച്ചമണച്ച് കണ്ണടച്ച് ഉറക്കത്തെ കാത്ത് കിടക്കുമ്പോൾ എലിസബേത്തിന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം. അഷിക്ക് ചോദിച്ചു നിർത്തിയ അതേ ചോദ്യം.
    ഇനിയെന്ത് ?
    സാന്ദ്രയും രാജീവും എത്തിയപ്പോൾ പിന്നെയും അരമണിക്കൂർ കഴിഞ്ഞിരുന്നു. ജൂലിയുടെ തൊട്ടടുത്തായി രാജീവ് മോട്ടോർ സൈക്കിൾ നിർത്തി. പഴകിയ, സിമന്റ് തേപ്പുകളടർന്ന അരയാലിന്റെ തറയിൽ ജൂലിയുടെ അടുത്തായി അവർ ഇരുന്നു.    
     എലിസബേത്ത്, കൊറിയറിൽ വന്ന കത്തിന്റെ ഒരു ഫോട്ടോ കോപ്പി ജോസ്മിയറിയാതെ എടുത്തു വെച്ചിരുന്നു. സാന്ദ്രയേയും രാജീവിനെയും നാളെ കാണുമെന്ന് പറഞ്ഞപ്പോൾ എലിസബേത്ത് അതെടുത്ത് ജൂലിക്ക് കൊടുത്തു.
     " ഇതു കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഇതിൽ പറഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങൾ കണ്ട് പിടിച്ചാൽ നന്നായിരുന്നു. ഒന്ന്, ഫാം ഹൗസിന്റെ കൃത്യമായ ലൊക്കേഷൻ. അത് നമുക്കാവശ്യം വരും. മുനിയൻപാറ എന്ന ഹൈറേഞ്ച് മാത്രമേ നമുക്കറിയൂ. പേരറിയാത്ത ഈ ഫാംഹൗസ് ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ കണ്ടുപിടിക്കുന്നത് അസാദ്ധ്യവുമാകും. പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന ബസ് സ്റ്റോപ്പും.."
     " ഉം..നോക്കട്ടെ -"
     " വെല്ല്യേച്ചി ഭീഷണിക്ക് വഴങ്ങി പോകുന്നുണ്ടോ എന്നറിയാൻ, വണ്ടി വരുന്ന ആ ബസ് സ്റ്റോപ്പ് നമ്മളറിഞ്ഞിരിക്കണം. യാതൊരു കാരണവശാലും നമ്മൾ വെല്ല്യേച്ചിയെ പോകാനനുവദിക്കരുത്."
    അവൾ തലയാട്ടി. എന്ത് ഭീഷണിയുണ്ടെങ്കിലും ജോസ്മി ഇനി അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ലെന്ന് അവൾക്കും തോന്നി. ഭീഷണിക്ക് വഴങ്ങി എങ്ങാനും പോകാൻ സാദ്ധ്യതയുണ്ടെങ്കിലോ ? അങ്ങനെയെങ്കിൽ അത് തടഞ്ഞേ മതിയാകൂ..
      " പക്ഷെ, അതിന് മുൻപായി പോകാൻ തീരുമാനിച്ചിട്ടുണ്ടോ എന്നറിയണം."
     " അതെങ്ങനെ ?"
അതറിയുന്നത് ജോസ്മിക്ക് മാത്രം. അവളുടെ മനസ്സിലുള്ള തീരുമാനം അറിയാൻ നമുക്കിപ്പോൾ വഴികളൊന്നുമില്ലെന്നും എലിസബേത്ത് ചിരിച്ചു കൊണ്ട് കുഞ്ഞേച്ചിയോട് പറഞ്ഞു..
     ജൂലി നിശ്ശബ്ദയായി.
     " അതിനുള്ള വഴിയാണ് ആലോചിക്കേണ്ടത്."
എലിസബേത്ത് ജനലിനപ്പുറത്തുള്ള പാടവരമ്പിലേക്ക് നോക്കിയിരുന്നു.
     ഹാന്റ്ബാഗിൽ നിന്നും കത്തെടുത്ത് ജൂലി അവർക്ക് നേരെ നീട്ടിയപ്പോൾ രണ്ട് പേരും ആകാംക്ഷയോടെ ഒരുമിച്ച് വായിക്കാൻ തുടങ്ങി. കത്ത് വായിച്ച് കഴിഞ്ഞ് അവർ അല്പ സമയം നിശ്ശബ്ദരായിരുന്നു. എലിസബേത്തിന്റെ അന്വേഷണങ്ങളിൽ നിന്നും മനസ്സിലായ കാര്യങ്ങൾ കൂടി ജൂലി പിന്നീട് അവരോട് വിവരിച്ചു.
    " എന്നാണ് അവൻ പറഞ്ഞ തിയ്യതി ?"
    " അടുത്ത പതിനേഴിന്. വ്യാഴാഴ്ച്ച."
    " അതിന് മുമ്പ്, അത്യാവശ്യമായി നമുക്കറിയേണ്ടത് ഒരേയൊരു കാര്യം മാത്രം..."
സാന്ദ്ര ഒന്ന് നിവർന്നിരുന്ന് രണ്ട് പേരോടുമായി പറഞ്ഞു. കാറ്റിൽ മുഖത്തേക്ക് പറന്ന് വീണ മുടിയിഴകൾ ചെവികൾക്ക് പിറകെ തിരുകി വെച്ച് അവൾ രണ്ട് പേരുടെയും മുഖത്ത് നോക്കി. ജൂലിയും രാജീവും അതെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ അവളെ തന്നെ നോക്കിയിരുന്നു. 
    " ഭീഷണിപ്പെടുത്താനായി അവന്റെ കൈയിലുള്ള മെറ്റീരിയലുകൾ എന്താണെന്നറിയണം. അതിന്റെ വെറാസിറ്റിയറിയണം. അത് ഫാബ്രിക്കേറ്റഡാണോ എന്നുമറിയണം.. "
   അതറിയാനുള്ള വഴിയെന്താണ് ?
ഇപ്പോഴറിയേണ്ടത് അത് മാത്രമാണെന്ന് സാന്ദ്ര പറഞ്ഞു. മറ്റുള്ളതെല്ലാം പിന്നെ. അതുവഴി ഭീഷണിയുടെ ആഴം എത്രയുണ്ടെന്നറിയണം. 
    " അതിന്റെ ആഴം നോക്കി വേണം വെല്ല്യേച്ചി ആ ഭീഷണിയിൽ ഭയന്ന് പോയിട്ടുണ്ടോയെന്നറിയാൻ."
     ജൂലിക്കും രാജീവിനും അത് ശരിയാണെന്ന് തോന്നി. ഭീഷണിപ്പെടുത്തി ജോസ്മിയെ അവൻ പറയുന്നത് പോലെ അനുസരിപ്പിക്കാൻ മാത്രം അവന്റെ കൈയിലുള്ളതെന്തായിരിക്കും.? ഒരു ചതിയിലൂടെയല്ലാതെ ജോസ്മിയെ തെറ്റായ വഴിയിലേക്ക് നയിക്കാൻ പറ്റില്ലെന്നവർക്കറിയാം. ഇതിന് മുൻപ് ജോസ്മി ഫാംഹൗസിൽ പോയിട്ടുണ്ട്. അവിടെ അവൾക്ക് മാത്രമറിയാവുന്ന ചില രഹസ്യങ്ങൾ…
    അതാണറിയാനുള്ളത്.
    " എന്താണ് ആ രഹസ്യങ്ങളെന്ന് പറയാൻ കഴിയുന്നത് ഒരേയൊരാൾക്ക് മാത്രം..വെല്ല്യേച്ചിക്ക്.."
സാന്ദ്ര പറഞ്ഞ് നിർത്തി.
    " അപ്പോൾ ?"
ജൂലിക്ക് വാക്കുകൾ മുഴുമിക്കാൻ കഴിഞ്ഞില്ല.
     " ഇതിന്റെ ഉത്തരങ്ങളെല്ലാം ഇനി വായുവിൽ നിന്ന് കണ്ടെത്തേണ്ടിവരും.."
    സാന്ദ്ര അസ്വസ്ഥതയോടെ കരിയിലകൾക്ക് മീതെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. അരയാലിലകൾക്കിടയിലൂടെ കടന്ന് വന്ന വെയിലിന്റെ ചീളുകൾ അവളുടെ കാലടികളിൽ വീണ് കിടന്നു.
     " രണ്ട് വഴികളെയുള്ളു. "
      അവൾ നിന്നു.
രണ്ട് പേരും കാതോർത്തു.
      " എലിസബേത്തിനെയും, ആഷിക്കിനേയും നമ്മുടെ കൂടെ കൂട്ടിയത് പോലെ ജോസ്മിയേയും കൂട്ടുക. ഇനിയുള്ള യാത്ര എല്ലാവരും ഒരുമിച്ച്. അല്ലെങ്കിൽ, ജോസ്മിയറിയാതെ എല്ലാം സ്വയം കണ്ട് പിടിച്ച് നമ്മൾ നടത്തുന്ന യാത്ര. ഇതിലേത് വേണമെന്ന് നമ്മൾ തിരഞ്ഞെടുക്കണം.."
    ജോസ്മിയുടെ കൂടെ നമ്മളെല്ലാവരും ഉണ്ടെന്ന തിരിച്ചറിവ് നല്ലതാണെന്ന അഭിപ്രായമായിരുന്നു ജൂലിക്ക്. സഹായത്തിന് ആരുമില്ലെന്ന തോന്നലിൽ വെല്ല്യേച്ചി ഒറ്റക്കെടുക്കുന്ന തീരുമാനങ്ങളേക്കാൾ എന്തുകൊണ്ടും നന്നായിരിക്കും കൂട്ടായെടുക്കുന്ന തീരുമാനങ്ങൾ.
    " അല്ലെങ്കിൽ അവൻ സൂചിപ്പിച്ച ബസ് സ്റ്റോപ്പ് കണ്ട് പിടിച്ചാലും മതി - "
    " എന്നിട്ട് ?"
സംശയത്തോടെ ജൂലി സാന്ദ്രയെ നോക്കി.
   " അവൻ ഡ്രൈവറെയാണ് അയക്കുന്നതെങ്കിൽ ജോസ്മിക്ക് പകരം ഞാൻ പോകാം "
    ജൂലി എതിർത്തു.
    " അതപകടമാണ്. അവന്റെ താവളത്തിലേക്ക് പോകുന്നത് സേഫല്ല. തന്നെയുമല്ല അവന്റെ സന്നാഹങ്ങളെന്തൊക്കെയാണെന്ന് നമുക്കറിയില്ല "
     അത്രയും നേരം നിശ്ശബ്ദനായിരുന്ന രാജീവ് എഴുന്നേറ്റു. വളർന്ന് വരുന്ന കുറ്റിത്താടിയിൽ കൈവിരലുകളോടിച്ച് അവനൊരു നിമിഷം ആലോചിച്ചു.
    " നമുക്ക് മുന്നിലുള്ള ഈയൊരു പ്രശ്നത്തെ ഞാനൊന്ന് സംഗ്രഹിച്ച് പറയട്ടെ...അതായത്, ഒരു പെൺകുട്ടിക്ക് ഒരുവന്റെ ഒരു ഭീഷണിക്കത്ത് വരുന്നു. അവൻ പറയുന്നതു പോലെ അനുസരിച്ചില്ലെങ്കിൽ ചില ഫോട്ടോസുകൾ അവൻ എക്സ്പോസ് ചെയ്യുമെന്നാണ് ഭീഷണി. ആ ഫോട്ടോസുകൾ പുറത്ത് വരുന്നത് ആ പെൺകുട്ടിയുടെ ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്യും. അത് മാത്രമല്ല വ്യക്തിപരമായ ഭീഷണിയുമുണ്ട്. അപ്പോൾ മൂന്ന് വഴികളെ അവൾക്ക് മുന്നിലുള്ളു. ഒന്ന്, അവൻ എന്താണോ പറയുന്നത് അതനുസരിക്കുക. രണ്ട്, ആ തെളിവുകളും, ഭീഷണിയും എന്നത്തേക്കുമായി ഇല്ലാതാക്കുക. മൂന്ന്, ഇത് രണ്ടിനും കഴിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുക.."
     അവനൊന്ന് നിർത്തി. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് ചുറ്റും നോക്കി. പോലീസ്കാരെ ഇപ്പോൾ അവിടെയൊന്നും കാണാനില്ല. ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവനതിന് തീ പിടിപ്പിച്ചു. 
     ആകാംക്ഷയോടെ തന്നെ അവർ രണ്ടു പേരും അവൻ പറയുന്നത് കേട്ടിരുന്നു.
    " ഇതു പോലെയുള്ള സാഹചര്യങ്ങളിൽ പെടുന്ന ഒരു ശരാശരി പെൺകുട്ടിയുടെ അവസ്ഥകളാണ് ഞാൻ പറഞ്ഞത്. നമുക്ക് ജോസ്മിയിലേക്ക് വരാം. ഒന്നാമത്തേത് നമ്മൾ അനുവദിക്കുന്നില്ല. അതായത് അവൻ പറഞ്ഞതനുസരിച്ച് അവന്റെ കൂടെ പോകുന്ന വഴി. മുന്നാമത്തെതായ ആത്മഹത്യയിലേക്കും നമ്മളവളെ തള്ളി വിടുന്നില്ല.. പിന്നെ നമുക്ക് മുന്നിലുള്ള വഴിയേതാണ് ?"
   രാജീവ് പറഞ്ഞത് ശരിയാണ്. ഇനിയൊരു വഴി മാത്രം. അവൻ കവാടത്തിന് പുറത്തെ തിരക്ക് പിടിച്ച നഗരത്തിലേക്ക് വെറുതെ നോക്കി. പിന്നെ സിഗരറ്റിന്റെ അവസാനത്തെ പുകയുമെടുത്ത് ശാന്തമായി പറഞ്ഞു:
    " രണ്ടാമത്തെ വഴി..അതായത് ആ തെളിവുകളെയും, ഭീഷണിയേയും എന്നേക്കുമായി ഇല്ലാതാക്കുക. അത് അവളുടെ ഭാവി ജീവിതത്തിന് തടസ്സമാകുമ്പോൾ -"
   " എന്ന് വെച്ചാൽ ?"
   " എല്ലാ അർത്ഥത്തിലും ഇല്ലാതാക്കുക.."
സിഗരറ്റിന്റെ വലിച്ച് തീർന്ന കുറ്റി കരിയിലകളിലേക്ക് വീണു. പിന്നെ അവന്റെ വലതുകാലിലെ ഷൂസ് അതിന് മേലെ ഞെരിഞ്ഞമർന്നു. 
    " അവനെ കൊന്ന് കളയണം -"
     ദൂരെ, മേഘങ്ങൾ ഒഴുകി നടക്കുന്ന ആകാശം. അരയാൽച്ചില്ലകൾക്കിടയിലൂടെ ജൂലി വെറുതെ ആകാശത്തേക്ക് നോക്കി. അരയാലിലകളിൽ കാറ്റ് പതിഞ്ഞ് വീശുമ്പോൾ പഴുത്ത ഇലകൾ ഞെട്ടറ്റ് കരിയിലകൾക്ക് മുകളിലേക്ക് വീഴുന്നു. അരയാലിന്റെ കൊമ്പിൽ നിന്നും നിലം മുട്ടിക്കിടന്ന ഒരു വേരിൽ പിടിച്ച് സാന്ദ്ര നിശ്ശബ്ദയായി നിന്നു.
     അപ്രതീക്ഷിതമായി ജൂലിയുടെ മൊബൈലിലേക്ക് വന്ന ഫോൺ കോളിന്റെ അങ്ങേത്തലയ്ക്കൽ ജോസ്മിയായിരുന്നു. കിതപ്പിൽ മുറിഞ്ഞ വാക്കുകൾക്ക് പിറകെ വെല്ല്യേച്ചിയുടെ തേങ്ങലും ജൂലി കേട്ടു. ഫോൺ വെച്ചതും ജൂലി ഒരു നിമിഷം തളർന്ന് തറയിലിരുന്നു. സാന്ദ്ര അവളുടെ തോളിൽ പിടിച്ച് കുലുക്കി.
     " എന്താ..എന്തു പറ്റീ ?"
സാന്ദ്രയുടെ കണ്ണുകളിലെ അക്ഷമ മുഖത്ത് വായിക്കാം. വിളിച്ചത് ജോസ്മിയാണെന്ന് മനസ്സിലായി. രാജീവും ജൂലിയുടെ അടുത്തു വന്നു.
     " പപ്പക്ക് ഒരാക്സിഡന്റ് പറ്റിയെന്ന്..."
ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്ന അവൾ കൈകാലുകൾ കുഴഞ്ഞ് എഴുന്നേല്ക്കാനാവാതെ സാന്ദ്രയുടെ തോളിലേക്ക് പതുക്കെ ചാരി. കണ്ണീരിൽ അവളുടെ കാഴ്ച്ച മങ്ങാൻ തുടങ്ങിയിരുന്നു. സാന്ദ്ര അവളെ ശരീരത്തോട് ചേർത്തു പിടിച്ചു.
    " നീ കരയാതെ..വാ, നമുക്ക് ഹോസ്പിറ്റലിൽ പോകാം."
    സാന്ദ്ര അവളെ താങ്ങി എഴുന്നേല്പിച്ചു. 
    രാജീവ് മ്യൂസിയത്തിന്റെ കവാടത്തിനപ്പുറത്ത് ഒരോട്ടോറിക്ഷക്ക് കൈ കാട്ടി. നഗരം തിരക്കിൽ ശ്വാസം മുട്ടി വിയർത്ത് കിടന്നു.
    " സിറ്റി ഹോസ്പിറ്റൽ.."
നഗരത്തിരക്കിൽ ഓട്ടോറിക്ഷയിലിരുന്ന് മൂന്ന് പേരും അസ്വസ്ഥരായി.
   " എംജി റോഡിലൂടെ ഒരു ജാഥ വരുന്നുണ്ട്. അതാ ഈ റോഡിൽ ഇത്രയും ട്രാഫിക്.."
അത് പറഞ്ഞ് ഓട്ടോറിക്ഷക്കാരനും അസ്വസ്ഥതയോടെ അവരെ നോക്കി.
     ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ തന്നെ കാഷ്വാലിറ്റിയുടെ മുൻപിലെ കസേരയിൽ ജോസ്മിയെ കണ്ടു. കവിളിൽ കണ്ണീർ പാടുകൾ ഉണങ്ങിക്കിടപ്പുണ്ട്.
     " എന്ത് പറ്റി ?"
സാന്ദ്ര ജോസ്മിയുടെ രണ്ട് കൈയിലും കൂട്ടിപ്പിടിച്ചു. ജൂലി വെല്ല്യേച്ചിയ്യടെ തൊട്ടടുത്തിരുന്നു.
     " ഒരു ലോറിയും പപ്പയുടെ കാറുമായി ഇടിക്കുകയായിരുന്നു. ഇടത് കൈക്കും, കാലിനും ഫ്രാക്ച്ചറുണ്ട്..പക്ഷെ, കൂടെയുണ്ടായിരുന്നയാൾ ഐസിയൂ വിലാ.."
    " അതാരാ ?"
    " ഓഫീസിലെ ഒരു സ്റ്റാഫാ - "
    ജൂലിയുടെ മുഖത്തെ പരിഭ്രമവും, കണ്ണുകളിലെ നനവും കണ്ടപ്പോൾ ജോസ്മി അവളെ ചേർത്ത് പിടിച്ചു.
    " പപ്പക്ക് ഒന്നുമില്ല മോളെ.. മോളകത്ത് പോയി കണ്ടോളൂ..."
   " മമ്മ..?"
   " ഇപ്പോഴാണറിയിച്ചത് -"
രാത്രിയിൽ ഏറെ വൈകിയും ജോസ്മി വരാന്തയിൽ തന്നെയിരുന്നു. കണ്ണുകൾ തുറന്ന് പിടിച്ച് ചുമരിൽ തലയും ചാരി അവൾ പുറത്തെ ഇരുട്ടിലേക്ക് വെറുതെ നോക്കിയിരുന്നു. ഇരുട്ടിന്റെ നിശ്ശബ്ദതയിലേക്ക് തുളച്ചിറങ്ങി വരുന്ന ഒരു ആംബുലൻസിന്റെ സൈറൻ. പിന്നെ വരാന്തയിൽ തിക്കിത്തിരക്കുന്ന കുറെ കാൽപ്പാദങ്ങൾ. സ്ട്രെച്ചറിന്റെ തുരുമ്പിച്ച ചക്രങ്ങളുടെ എണ്ണയില്ലാത്ത ശബ്ദം...
    അവൾ മുഖം തിരിച്ചു. 
    ആകാശം ഇരുണ്ട് കിടന്നു. അങ്ങിങ്ങായി മിന്നുന്ന നക്ഷത്രങ്ങളെ അവൾ കണ്ടില്ല. പകരം, ഇരുട്ടിൽ ഒരു കടവാവലിന്റെ ചിറകടിക്കൊപ്പം കണ്ടത് മനാഫിന്റെ മുഖം.
    " ഒരു ലോറി കാറിന് നേരെ കൊണ്ട് വന്ന് കയറ്റുകയായിരുന്നു മോളെ..പിന്നെയത് നിർത്താതെ ഓടിച്ച് പോവുകയും ചെയ്തു.."
    കാഷ്വാലിറ്റിയിൽ വെച്ച് അവ്യക്തമായി പപ്പ പറഞ്ഞ വാക്കുകൾ ജോസ്മി വീണ്ടും ഓർത്തു.
   ഒരു ചതുപ്പിൽ പുതഞ്ഞ് പോകുന്നത് പോലെ. പിടിവള്ളിയില്ലാതെ. താഴേക്ക്. നിലവിളിക്കാൻ തുറന്ന വായക്കുള്ളിൽ ചെളിയും ചേറും നിറയുന്നു. ഞരക്കങ്ങളില്ല. പിന്നെ, തീർത്തും ആഴങ്ങളിലേക്ക്..
       എല്ലാറ്റിനും കാരണം ഞാനാണ്. ഞാൻ മാത്രം. ഒന്ന് മുള്ളണമെങ്കിലും പപ്പയുടെ അനുവാദം ചോദിച്ചിരുന്ന പഴയ ജോസ്മിയാണോ ഇത് ? മാറിയത് ഞാൻ. 
    തല കുനിച്ചിരുന്ന് അവൾ തേങ്ങി. എന്റെ പിഴ. എന്റെ വലിയ പിഴ. ഞാനൊരു നല്ല മകളല്ല പപ്പാ -
   .

◼️തുടരുന്നു..



എലിസബേത്ത് -33

എലിസബേത്ത് -33

0
461

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം മുപ്പത്തിമൂന്ന്    കാളിങ് ബെല്ലിന്റെ ശബ്ദം. ആരായിരിക്കും? ആരും അവളെ അന്വേഷിച്ച് ഇനി വരാനില്ല. തൊട്ടടുത്ത മുറികളിലെ കുട്ടികൾ പോലും. മുൻപൊക്കെ വല്ലപ്പോഴും ഇവിടെ വന്നിരുന്നത് ജോസ്മി മാത്രം. കുറച്ച് ദിവസങ്ങളായി അവളുമില്ല.     തുറന്ന മുറിയുടെ വാതിലിനപ്പുറത്ത് അവനായിരിക്കുമെന്ന് ഫാത്തിമ ഒരിക്കലും കരുതിയില്ല. പെട്ടെന്ന് അവളൊന്ന് ഭയന്നു. ചിരിക്കാനും മറന്നു. എന്നാൽ, അവൻ പുഞ്ചിരിച്ചു.    മനാഫ് മാത്രമല്ല. കൂടെ മൂന്ന് പേരുണ്ട്. പക്ഷെ അവർ മൂന്ന് പേരും വരാന്തയിൽ നിന്നതേയുള്ളു. ബോംബെയിൽ നിന്നും വന്നവരായിരിക്കണം. അവർ പര