പിറ്റേന്ന് പെരുമ്പളംകര ഉണരുന്നത് അംബുജം ജീവനോടെയുണ്ട് എന്നുള്ള വാർത്തയുമായ് തന്നെയാകണം എന്ന വീറോടെ തന്റെ പത്നിയെയും കൊണ്ട് രാത്രിയിൽ കൊച്ചിക്ക് വഞ്ചി തുഴഞ്ഞ കെയ്കാടൻ വേലായുധന്റെ വാശിക്കുമുന്നിൽ കാലവും തോറ്റുപോയി.
ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് വെട്ടുകൊണ്ട നെഞ്ചും തടവി വേലായുധനെ നോക്കി പുഞ്ചിരിച്ച അംബുജത്തോട് വാളിന് മുന്നിലേക്ക് ചാടുമ്പോൾ നമ്മുടെ കുട്ടികളെ ഓർക്കാൻ മേലായിരുന്നോ എന്ന ചോദ്യം വേലായുധൻ ചോദിച്ചു, നമ്മുടെ കുഞ്ഞുങ്ങൾ നിങ്ങളുടെ തോളിൽ എന്നും സുരക്ഷിതരാണ് എന്നുള്ള ഉറപ്പ് എനിക്ക് ഉണ്ട് എന്നുള്ള മറുപടിയാണ് അംബുജം അതിനു നൽകിയത്. അതുകേട്ടതും അംബുജത്തെ ചേർത്തുപിടിച്ച വേലായുധന്റെ കണ്ണുകളിൽ നിന്നും ഒരു ചൂട് കണ്ണുനീർ തുള്ളി അവളുടെ മേലേക്ക് പതിഞ്ഞു.
കണ്ണുനീരിനു നല്ല ചൂട് എന്ന് പറഞ്ഞു ചെറിയൊരു പുഞ്ചിരിയോടെ പതിയെ അയാളിൽ നിന്നും അകന്നു കിടക്കയിലേക്ക് കിടന്ന അംബുജം പിന്നീട് വേലായധന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കാര്യം പറഞ്ഞു, \"ദേവിക്ക് ഞാൻ ഇനി ഒരു ചുവന്ന പട്ട് എന്നുകൊടുക്കും എന്നറിയില്ല, പക്ഷെ കൊടുക്കുന്നുണ്ട് എങ്കിൽ പെരുമ്പളം കരയിൽ വന്നു കെയ്കാടൻ വേലായുധന്റെ മുന്നിൽ വെച്ചു അയാളുടെ ഭാര്യയെ വെട്ടിയ കാലന്റെ നെഞ്ചിലെ ചോരയാൽ ചുവന്ന പട്ടായിരിക്കും കൊടുക്കുക\". ശേഷം പതിയെ മയക്കത്തിലേക്ക് വീണു.
വേലായുധനു കൂട്ടായ് വഞ്ചിയിൽ തന്നോടൊപ്പം കൊച്ചിക്ക് വന്ന പത്മനാഭനും ഭാര്യ വള്ളിയും ആശുപത്രിയിൽ അംബുജത്തോടൊപ്പം നിന്നു, വേലായുധൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ അവിടെനിന്നും ഇറങ്ങി നടന്നു.
*****
അംബുജം ആശുപത്രി വിടാൻ ഏകദേശം നാലുമാസമെടുത്തു, അവിടെ നിന്നും അവളെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുവാൻ വേലായുധൻ വന്നില്ല, കാരണം എന്തെന്ന് ചോദിച്ചതിന് അവളോട് ആരും മറുപടിയും പറഞ്ഞില്ല. ചങ്കിന്റെ ഉള്ളിൽ ആരൊക്കെയോ ചേർന്നു വലിയൊരു പാറക്കല്ല് കൊണ്ടുവന്നു വെച്ചപോലെ തോന്നി അംബുജത്തിന്. വേമ്പനാട് കായലിന്റെ തീരത്ത് എത്തിയ നേരം അക്കരെ പെരുമ്പളംകര അവളെ നോക്കി പുഞ്ചിരിക്കുന്നപോലെ തോന്നി, അത്രയും നേരം ഇനി അങ്ങോട്ട് പോകണമോ എന്ന് ആലോചിച്ചു വന്ന അവൾ ഇനി എന്തൊക്കെ സംഭവിച്ചാലും പെരുമ്പളംകര തന്നെ തന്റെ ഇടം എന്നുറപ്പിച്ചു വള്ളിയോടൊപ്പം വഞ്ചിയിലേക്ക് കയറി.
പെരുംഞ്ചിറക്കരി വള്ളത്താവളത്തിൽ ഇറങ്ങിയ അംബുജത്തെ കാണാൻ അവിടെ മടലുതല്ലാനും കയറുപിരിക്കാനും ചുമടെടുക്കുവാനും വന്ന പെണ്ണുങ്ങൾ ഓടിക്കൂടി. എല്ലാവരോടും ചിരിച്ചു തന്നെ വർത്തമാനം പറഞ്ഞുകൊണ്ട് അവൾ പതിയെ ആ മണൽ വഴിയിലൂടെ മുന്നോട്ടു നടന്നു. ഓടിക്കൂടിയവരുടെ കണ്ണുകളിൽ സന്തോഷമാണോ സഹതാപമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല, നനഞ്ഞ മണ്ണിൽ നിന്നുമുള്ള തണുപ്പ് അവളുടെ കാലുകളിലൂടെ തലയിലേക്ക് അരിച്ചിറങ്ങും പോലെ തോന്നി അംബുജത്തിന്.
കെയ്ക്കാട്ട് നികർത്തിൽ വീട്ടിലേക്ക് ആദ്യമായി വന്നപ്പോൾ എങ്ങനെ ഇരുന്നോ അതേ പോലെ തോന്നി അവൾക്ക് ആ വീട് അകലെ നിന്നും കണ്ടപ്പോൾ. പുതിയ ഓലക്കൊണ്ടുള്ള വേലിയാൽ മോടിപിടിച്ചു നിന്ന ആ വീടിന്റെ അരികിലെത്തിയപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു എന്തെന്നാൽ വീടിന്റെ ഉമ്മറപ്പടിയിൽ അവളെയും കാത്തുകൊണ്ട് കെയ്കാടൻ വേലായുധൻ ഇരിക്കുന്നുണ്ടായിരുന്നു. അവൾ അല്പം ബുദ്ധിമുട്ടിയാണെങ്കിലും അയാളുടെ അടുത്തേക്ക് ഓടി ചെന്നു കെട്ടിപിടിച്ചു, തന്നെ കൂട്ടാൻ വരാതിരുന്നതിനുള്ള പരിഭവം പറയുവാൻ അയാളുടെ മുഖത്തേക്ക് നോക്കിയ അവളുടെ മുഖം പിടിച്ചു തിരിച്ചു കൊണ്ട് വേലായുധൻ അംബുജത്തിന്റെ ചെവിയിൽ ആരും കേൾക്കാതെ തന്നെ അതിനുള്ള മറുപടി പറഞ്ഞു.
അംബുജം അയാളുടെ നെഞ്ചിൽ നിന്നും ഒന്ന് പിന്നോട്ട് മാറി, ശേഷം അഴിഞ്ഞു കിടന്ന മുടി കൈകൊണ്ട് കോതി കെട്ടിയിട്ട് വീടിന്റെ തെക്കുവശത്തുള്ള അഴയിലേക്ക് ചെന്നു നോക്കി, അവിടെ രക്തക്കറ പിടിച്ചൊരു തുണി കാറ്റിൽ ഇളകിയാടുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൾ വേലായുധനെ ഒന്ന് നോക്കി.
*******
അംബുജത്തെ ആശുപത്രിയിലാക്കിയ ശേഷം തിരികെ പെരുമ്പളം കരയിലെത്തിയ വേലായുധൻ ആദ്യം അന്വേഷിച്ചത് പൂരത്തിന്റെ അന്ന് അവിടേക്കെത്തിയ വരത്തനായ ആ ചോരക്കണ്ണുകളെയായിരുന്നു. അതിനുള്ള ഉത്തരം പ്രതാപന്റെ കടയിൽ നിന്നും തന്നെ അയാൾക്ക് കിട്ടുകയും ചെയ്തു. കോഴിക്കോട് ബാലുശ്ശേരി അങ്ങാടിയിലെ തല്ലുകാരൻ മാപ്പിള, അങ്ങ് വടക്കോട്ട് അയാൾ ബാലുശ്ശേരി മാപ്പിളയായിരുന്നു എങ്കിൽ ഇങ്ങ് തെക്കോട്ടു അയാൾ കോഴിക്കോടൻ കോയയാണ്.
കൊച്ചിയിൽ നിന്നും വടക്കോട്ടുള്ള ചരക്ക് വണ്ടിയിൽ കയറി കോഴിക്കോട് ബാലുശ്ശേരി അങ്ങാടിയിൽ ഇറങ്ങിയ വേലായുധൻ അടുത്തു കണ്ട ഒരു ജവുളിക്കടയിൽ കയറി വെളുത്തൊരു പട്ട് തുണി വാങ്ങി കക്ഷത്തിൽ വെച്ചു. ശേഷം അങ്ങാടിയിലൂടെ റോന്തു ചുറ്റി അവിടുത്തെ കാര്യങ്ങൾ എല്ലാം ഒന്ന് കണ്ടു മനസിലാക്കികൊണ്ടിരുന്നു. അങ്ങനെ നടന്നു അങ്ങാടിയുടെ ഒത്ത നടുക്കെത്തിയപ്പോൾ പണ്ട് ചുങ്കം പിരിക്കാൻ വന്നിരുന്ന സായിപ്പിന് നിൽക്കാൻ പാകത്തിന് പണിതു വെച്ചിരുന്ന വലിയ തറ ഒന്ന് കണ്ണിനുമുന്നിൽ തെളിഞ്ഞു, അതിന്റെ മുകളിലായി ഒരു ചുരുട്ട് ബീഡിയും കത്തിച്ചു ആഞ്ഞു വലിച്ചുകൊണ്ട് കോയയും.
വേലായുധൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി, അന്ന് പൂരപ്പറമ്പിൽ വെച്ചുകണ്ട അതേ കണ്ണുകൾ. കയ്യിലിരുന്ന പട്ട് വിടർത്തി പിന്നെ നീളത്തിൽ ചുരുട്ടി അരയിൽ കെട്ടിയ ശേഷം നടുവും നെഞ്ചും വിരിച്ചു നല്ലപോലെ ശ്വാസം ഉള്ളിലേക്കെടുത്തു ഒന്ന് ആഞ്ഞു ചാടി ആ തറയിലേക്ക് കയറി നിന്നു. അപ്രതീക്ഷിതമായി താൻ ഇരിക്കുന്ന തറയിലേക്ക് ചാടി വന്ന ആളെ മനസിലാകാതെ തരിച്ചിരുന്ന കോയയുടെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു വേലായുധൻ, ആ ചവിട്ടിന്റെ ആഘാതത്തിൽ അയാൾ തറയിൽ നിന്നും തെറിച്ചു താഴേക്ക് വീണു.
അതുവരെ ബാലുശ്ശേരിക്കാർ കണ്ടത് കോയയുടെ ചീറിയുള്ള അടികൾ മാത്രമായിരുന്നു, എന്നാൽ അന്നവിടെ കൂടിയ എല്ലാവരും വേലായുധന്റെ വായുവിൽ പറന്നുള്ള അടിക്കണ്ട് കോരിത്തരിച്ചു നിന്നുപോയി. കോയ കയ്യിൽ കിട്ടിയ കമ്പും കോലുമെല്ലാമെടുത്തു തലങ്ങും വിലങ്ങും വീശി, എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിക്കൊണ്ട് വേലായുധൻ അയാളുടെ അടികളെ പഠിച്ചു, പിന്നീട് വായുവിൽ കറങ്ങി ചാടി കോയ ഒന്നടിക്കുമ്പോൾ മൂനടി വീതം അയാളുടെ മേലേക്ക് കൊടുത്തുകൊണ്ടിരുന്നു. ഒരു യന്ത്ര മനുഷ്യനെപ്പോലെ കയ്യും കാലുമുപയോഗിച്ച് വേലായുധൻ കോയയുടെ മേലേക്ക് ഇടിച്ചു കയറി.
അടികൊണ്ട് അവശനായ കോയ തന്നെ കൊല്ലരുതേ എന്ന് വേലായുധന്റെ കാലുപിടിച്ചു കെഞ്ചി, കൊല്ലാൻ തന്നെയാണ് താൻ വന്നത് എന്ന് മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്ന വേലായുധൻ പതിയെ കോയയുടെ മുടികൂട്ടി പിടിച്ചു തന്റെ മുഖത്തോട് അടുപ്പിച്ചു പിടിച്ച ശേഷം \"ആര് പറഞ്ഞിട്ടാണ് നീ എന്നെ വെട്ടാൻ വന്നത് \"എന്ന് ചോദിച്ചു. അതിനുള്ള ഉത്തരം ഒട്ടും ആലോചിക്കാതെ തന്നെ കോയ വേലായുധനോട് പറഞ്ഞു, അത് കേട്ടതും അരികിൽ കണ്ട ഇറച്ചിവെട്ടു കടയിൽ ഇരുന്ന വലിയ കത്തിയിലേക്കായി വേലായുധന്റെ നോട്ടം, മിന്നൽ വേഗത്തിൽ അതുപോയെടുത്തു തിരികെ കോയയുടെ അരികിലേക്കെത്തിയ വേലായുധൻ, \" എന്റെ പെണ്ണിന്റെ ജീവനെടുക്കാൻ വീശിയ നിന്റെ കൈ ഞാൻ ഇങ്ങ് എടുക്കുവാ \" എന്നും പറഞ്ഞു കൊണ്ട് അയാളുടെ വലതുകൈ വെട്ടിയെടുത്തു. ശേഷം അരയിൽ കെട്ടിയ പട്ടുത്തുണിയെടുത്തു കോയയുടെ കൈയ്യിൽ കെട്ടിയ വേലായുധൻ അയാളെ തന്റെ ചുമലിലേക്ക് എടുത്തിട്ട് അടുത്തുള്ള ആശുപത്രിയിലേക്ക് നടക്കുവാൻ തുടങ്ങി. നടക്കുന്നതിന്റെ ഇടയിൽ അയാൾ ബാലുശ്ശേരി അങ്ങാടി മുഴുവൻ കേൾക്കെ പറഞ്ഞു, \"കോയയുടെ കൈവെട്ടിയത് ആരാ എന്ന് ചോദിച്ചാൽ തെക്ക് പെരുമ്പളം കരയിൽ നിന്നൊരു കെയ്കാടൻ ആണെന്ന് പറഞ്ഞേക്കണം,\".
******
വേലായുധന്റെ ജീവന് വിലപറഞ്ഞു കോയക്ക് പൈസ കൊടുത്തത് അവസാന കാലം വരെയും അയാളോടുള്ള പക മനസ്സിൽ കൊണ്ടുനടന്ന രാമൻ നമ്പിയാണ് എന്ന് കോഴിക്കോട് ചെന്നു കോയയുടെ വായിൽ നിന്നും കേട്ടറിഞ്ഞു തിരികെ പെരുമ്പളം കരയിലെത്തിയ വേലായുധനു പക്ഷെ നമ്പിയെ തന്റെ കൈകൊണ്ട് കൊല്ലുവാൻ കഴിഞ്ഞില്ല, എന്തെന്നാൽ വേലായുധനെപേടിച്ചു തന്റെ എല്ലാമെടുത്തു നാടുവിടാൻ ശ്രമിച്ച നമ്പി അന്ന് രാത്രിയിൽ വേമ്പനാട് കായലിൽ വഞ്ചി മറിഞ്ഞു മരണമടഞ്ഞു.
*****
അടുത്ത പൂരം വരുന്നത് വരെ കാത്തു നിൽക്കാതെ പിറ്റേന്ന് തന്നെ പുതിയൊരു ചുവന്ന പട്ടും വാങ്ങി വേലായുധന്റെ കയ്യും പിടിച്ചു തന്റെ നാല് മക്കളുമായി അംബുജം വടക്കു ദിക്കുള്ള ദേവി ക്ഷേത്രത്തിലേക്ക് ചെന്നു. അമ്പല നടയിൽ നിന്നും കൈകൂപ്പി തൊഴുതു നടയിലെ പടിക്കെട്ടിലേക്ക് അവൾ കയ്യിലിരുന്ന ചുവന്ന പട്ട് വെച്ച ശേഷം വേലായുധനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. വേലായുധൻ പടിക്കെട്ടിയിൽ ഇരുന്ന പട്ടിലേക്ക് ഒന്ന് നോക്കി, പുതിയ പട്ടിന്റെ മടക്കുകൾ വിടർന്നപ്പോൾ അതിനകത്തിരുന്ന കോയയുടെ രക്തക്കറയുള്ള വെള്ളപട്ട് അയാളുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു.
ശ്വാസം മെല്ലെയൊന്ന് വലിച്ചു വിട്ട് തെല്ലാശ്വാസത്തോടെ തന്റെ മക്കളെയും വിളിച്ചു വേലായുധൻ പതിയെ ക്ഷേത്രത്തിന്റെ പുറത്തേക്ക് ഇറങ്ങി അമ്പലത്തിന്റെ പിന്നിലുള്ള കായൽ തീരത്തുപോയി പടിഞ്ഞാറെക്കര നോക്കി നിന്നു. അപ്പോഴേക്കും അംബുജവും അങ്ങോട്ടെത്തി, അവൾ മക്കളെ നാലുപേരെയും ചേർത്തു പിടിച്ചു വേലായുധന്റെ ഇടത്തെ തോളിലേക്ക് ചാഞ്ഞു കൊണ്ട് അങ്ങനെ നിന്നു.
അപ്പോഴും പടിഞ്ഞാറു നിന്നും വീശിയിരുന്ന കാറ്റ് \"കെയ്കാടാ ഇത് നിന്റെ കരയാണെടാ\" എന്ന് വേലായുധന്റെ ചെവിൽ മൂളുന്നുണ്ടായിരുന്നു.
*******അവസാനിച്ചു *******