Aksharathalukal

പൂച്ച നീതി


🟥 രവി നീലഗിരിയുടെ കഥ
©️



      കണ്ണിൽ ചോരയില്ലാത്തയാളായിരുന്നു പൂച്ചകളുടെ യജമാനൻ. ഭക്ഷണം തീരെയില്ല. അതു മാത്രമോ.? തന്ത്രപരമായ നിലപാടുകളും, നുണ പറച്ചിലുകളും, ഒഴിഞ്ഞു മാറലുകളും, കളിയാക്കലുകളും, ഭീഷണിയുടെ ശബ്ദങ്ങളും.
     " വേണെങ്കീ..മച്ചിന് മുകളിലെ എലികളെ പിടിച്ച് തിന്ന് വിശപ്പടക്കാം."
     " അവയൊന്നും പിടി തരുന്നില്ല യജമാനനേ."
     കൂട്ടത്തിൽ പൂച്ചകളുടെ നേതാവ് വേണു യജമാനന് മുന്നിലേക്ക് കയറി നിന്ന് പറഞ്ഞു. യജമാനൻ എല്ലാ പൂച്ചകളേയും നോക്കി പരിഹസിച്ച് ചിരിച്ചു. ആ ചിരി നടന്നു ചെന്ന് വേണുവിൻ്റെ മനസ്സിൻ്റെ ഇടനാഴിയിലൂടെ കടന്ന് ഹൃദയത്തിൻ്റെ രണ്ടാമത്തെ അറയിലെത്തി ഉറങ്ങിക്കിടന്ന ഒരു കൊടുങ്കാറ്റിനെ തട്ടിയുണർത്തി.
    " നീയിവിടെ എന്തെടുക്ക്വാ.?"
    " ഞാൻ ഉറങ്ങുവാരുന്നു.."
കൊടുങ്കാറ്റ് കണ്ണുകൾ ചിമ്മിത്തുറന്ന് ഒരു കോട്ടുവായിട്ടു കൊണ്ട് പറഞ്ഞു.
   " ഇതാണോ..ഉറങ്ങാൻ കണ്ട നേരം.!"
അതിന് മറുപടിയൊന്നും പറയാതെ പുതപ്പെടുത്ത് വീണ്ടും മൂടിപ്പുതച്ച് കിടന്നു കൊണ്ട് കൊടുങ്കാറ്റ് പറഞ്ഞു:
   " എല്ലാം നിനക്കറിയില്ലേ ?"
യജമാനൻ വീണ്ടും ചിരിച്ചു കൊണ്ടേയിരുന്നു.
    " നിങ്ങൾ ഒരുമിച്ച് നിന്നാൽ നടക്കാത്ത കാര്യമാണോ അത്.?'പക്ഷെ ഒരുമിച്ച് നിക്കണം."
    " അത് ശരിയാ.."
    എല്ലാ പൂച്ചകളും ഒരുമിച്ച് പറഞ്ഞു. അതൊരു തരം തന്ത്രപരമായ കണക്കു കൂട്ടലുകൾ ആണെന്ന് വേണുവിനറിയാം. കൂലിയില്ലാത്ത ജോലി ! ഒടുവിൽ വിശപ്പു സഹിയ്ക്കാൻ കഴിയാതെ അവയെല്ലാം വലിയ വായിൽ നിലവിളിയ്ക്കാൻ തുടങ്ങി..മ്യാവൂ..മ്യാവൂ..
    അവറ്റകളുടെ വലിയ വായിലുള്ള കരച്ചിൽ യജമാനൻ്റെ മനസ്സിലേക്ക് സംഗീത മഴയായി പെയ്തിറങ്ങി. യജമാനൻ എന്ന് പൂച്ചകളും, മുതലാളി എന്ന് നാട്ടുകാരും വിളിക്കുന്ന മത്തായിച്ചൻ്റെ ഉള്ളൊന്ന് തണുത്തു. ഇനി അതൊന്ന് ചൂടു പിടിപ്പിക്കണം. അയാൾ അടുക്കളയുടെ പിന്നാമ്പുറത്തേക്ക് ചെന്നു. 
   " ഈ കരച്ചിലിനു പോലും ഒരു സംഗീതമുണ്ട്. ഇല്ലേ.. മോളേ.?"
   " ഒണ്ട് മൊതലാളീ.."
   യജമാനൻ വേലക്കാരി പെൺകുട്ടി രാജിയുടെ പാവാടയുടെ നാടയഴിക്കാൻ തുടങ്ങുകയായിരുന്നു അന്നേരം. അവൾ ഒരു പാവപ്പെട്ട കുടുംബത്തിലെ മൂത്ത പെൺകുട്ടിയായിരുന്നതുകൊണ്ട് ഷഡ്ഡി ഇട്ടിരുന്നില്ല. സ്വന്തമായി ഷഡ്ഢി ഉണ്ടായിരുന്നില്ല എന്നതാണ് നേര്. 
      റേഷൻ കടയിലേക്കുള്ള വഴി മാത്രമറിയാവുന്ന അവൾ അവിടെയൊന്നും അത് വില്പനക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടില്ല. റേഷൻ കാർഡിലുമില്ല. തന്നെയുമല്ല അവളെപ്പോലുള്ള ഒരു സാധു പെൺകുട്ടിക്ക് ഷഡ്ഢിയും ബ്രായുമൊക്കെ ആഡംബരവും ആർഭാടവുമൊക്കെയാകുന്നു. അതു കൊണ്ട് തന്നെ മത്തായിച്ചനെപ്പോലുള്ളവർക്ക് അത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിത്തീർത്തു. തന്നെയുമല്ല ആർത്തി പിടിച്ചുള്ള തീറ്റക്കിടയിൽ അതൊക്കെ ഒരു പൊല്ലാപ്പ് തന്നെ. ഇറച്ചി തീറ്റക്കിടയിൽ ഒരു എല്ല് വന്നു പെടുമ്പോഴുള്ള ഒരു പൊറുതികേട്.
     അവളുടെ അച്ഛൻ്റെയോ മറ്റൊ ആണെന്ന് തോന്നുന്നു, അവളെക്കാളും വലിയൊരു ഷർട്ടായിരുന്നു അന്നേരം അവൾ ഇട്ടിരുന്നത്. 
     മലർത്തിക്കിടത്തി ഷർട്ടിൻ്റെ ബട്ടണുകൾ ഓരോന്നായി അയാൾ അഴിച്ചു. ഏഴാം ക്ലാസ്സിൽ പഠിക്കേണ്ട പ്രായമുള്ള ഒരു പെൺകുട്ടിയുടെ മുലകൾക്ക് എന്ത് വലിപ്പം കാണും? അതും പോഷകാഹാരങ്ങൾ കഴിക്കാത്ത ഒരു പെൺകുട്ടിയുടെ..
     " നിനക്ക് ഒരനിയത്തി ഇല്ല്യോടീ.?"
     " ഉം."
     " എത്രാം ക്ലാസ്സേലാ.?"
     " മൂന്നില്.."
     അന്നേരം മ്യാവു എന്ന കരച്ചിൽ കേട്ട് മത്തായിച്ചൻ നോക്കുമ്പോൾ ജനൽപ്പടിയിൽ ഒരു പൂച്ച. അയാൾ മേശപ്പുറത്തിരുന്ന വില കൂടിയ ഒരു പെർഫ്യൂമിൻ്റെ കുപ്പിയെടുത്ത് അതിനെയെറിഞ്ഞു. പോ..പൂച്ചേ. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്താ കാര്യം.?
    " വേണ്ട..യജമാനനേ..ഞാനീ കാഴ്ച്ച കാണാതിരിക്കാൻ കണ്ണുകൾ അടക്കുകയാണ്. അറിയാതെ വന്നു പോയതാണ്. ഇമ്മാതിരി കാഴ്ച്ചകളൊന്നും ഒരു പാവം പൂച്ചയുടെ ഇത്തിരിപ്പോരം പോന്ന മനസ്സ് താങ്ങൂല.."
    വേണു ജനലിൻ്റെ കർട്ടൻ വലിച്ചിട്ട് കാഴ്ച്ചകൾക്കു മേലെ ഒരു മറയിട്ടു.
    " ഇനി മുതൽ ജോലിക്ക് അമ്മേനെ വിടണ്ട. നീ തന്നെ വന്നാ മതീ. വേണേങ്കീ, സ്കൂളില്ലാത്ത ദിവസം അനിയത്ത്യേം കൂട്ടിക്കോ..നിനക്കൊരു കൂട്ടായീല്ലോ."
     വൈകുന്നേരം പോകാൻ നേരം വില കൂടിയ ഒരു സുഗന്ധതൈലത്തിൻ്റെ കുപ്പിയും ഒരു ഷേവിങ്ങ് സെറ്റും മത്തായിച്ചൻ അവൾക്ക് കൊടുത്തു.
    " നാളെ വരുമ്പോ മുടിയൊക്കെ കളഞ്ഞേച്ച് വരണം.."
    നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അവൾ വീടെത്തും വരെ നിർത്താതെ ഓടി. വഴിയരികിൽ അമ്മ കാത്തു നില്പുണ്ട്.
    " നീയെന്തേലും കഴിച്ചോ?"
    " ഇല്ലമ്മേ."
    " മൊതലാളി എന്തേലും തന്നോ മോളേ.?"
മുതലാളി തന്ന സാധനങ്ങൾ അവൾ അമ്മയുടെ കൈകളിൽ ഭദ്രമായി ഏല്പിച്ചു.
     " ഇതെന്തിനാ മോളേ..ഈ ഷേവിങ്ങ് സെറ്റ് ?"
     " മുടി കളയാനാ.."
    അമ്മ കണ്ണുകളടച്ചു പിടിച്ചു. അടഞ്ഞ കൺ പോളകൾക്കിടയിലൂടെ കണ്ണുനീർ ചാലുകളായി ഒഴുകിയിറങ്ങി ഭൂമിയിൽ പതിച്ചു. അതൊരു കൈ തോടായി, നദിയായി, പുഴയായി കടലിൽ ചെന്ന് ഉപ്പു വെള്ളമായി. അത് കുറുക്കി ഉപ്പു തരികളാക്കി നമ്മളൊക്കെ കഞ്ഞിയിലിട്ടു.
     കടലിരമ്പങ്ങളുടെ മനസ്സുമായി അമ്മ വഴിയരികിൽ മുട്ടുകുത്തി നിന്നു. രണ്ടു കൈകളും ആകാശത്തേക്കുയർത്തിപ്പിടിച്ച് നെഞ്ചു പൊട്ടി അലറിക്കരഞ്ഞു. 
     ആകാശത്ത് എല്ലാരുമുണ്ടായിരുന്നു. കൃഷ്ണനും, ക്രിസ്തുവും, പ്രവാചകൻ നബിയുമൊക്കെയായി..പിന്നെ മുപ്പത്തി മുക്കോടി ദൈവങ്ങളും...
      അന്നേരം കരച്ചിൽ കേട്ട് മൂന്നാം കണ്ണുമായി ശിവൻ അവരുടെയടുത്തേക്ക് വന്നു. രണ്ടു പേരെയും മാറി മാറി നോക്കി. കഴുത്തിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ട് പേടിച്ച് രാജി അമ്മയുടെ പുറകിലൊളിച്ചു.
    " ഇത് പ്ലാസ്റ്റിക്ക് പാമ്പാണോ മാമാ..?"
ശിവൻ അവളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
    " മോളിങ്ങടുത്തു വാ.."
അമ്മയുടെ പുറകിൽ നിന്നും അവൾ സ്വല്പം മാറി മുന്നിലേക്ക് വന്നു.
     " മോള് എത്രാം ക്ലാസ്സിലാ പഠിക്കുന്നേ.?"
     " ഞാൻ സ്കൂളീപ്പോണില്ല."
     " അതെന്താ..?"
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു .
     " പഠിക്കാനെനിക്കിഷ്ടാർന്നൂ. അമ്മക്ക് വയ്യാണ്ടായ്പ്പോ നിർത്തി..."
     തൊട്ടടുത്ത പറമ്പിലെ മരച്ചില്ലകളിൽ നിന്നും ഇരുട്ട് ഇടവഴിയിലേക്കിറങ്ങി വന്ന് അവരെ മൂടി.
      " ഇതെന്താ മാമാ.?"
      " ഇതോ..ഇതാണ് പാശുപതാസ്ത്രം."
      " ഇതെനിക്ക് തരോ.?"
     " പിന്നെന്താ...ഇതിൻ്റെ ആവശ്യം ഇപ്പോൾ എനിക്കല്ല. നിനക്കാണ്.."
    ശിവൻ പാശുപതാസ്ത്രം അവൾക്ക് കൊടുത്തു. 
    പിന്നെ എന്തോ ഓർത്ത പോലെ പെട്ടെന്ന് അവൾ സന്തോഷത്തോടെ ശിവൻ്റെയടുത്തേക്ക് നീങ്ങി വന്ന് പറഞ്ഞു:
      " അതിന്...ഞാൻ സ്കൂളീ പോണില്ലെങ്കിലും മാലു മിടുക്കിയാ. അവൾ നല്ലോണം പഠിക്കും. ക്ലാസ്സിൽ ഒന്നാമതാ.."
      " അതാരാ മാലു..?"
      '' അനീത്തിയാ -"
കുറച്ചു സമയം ശിവൻ ഒന്നും മിണ്ടാതെ നിന്നു. പിന്നെ രണ്ടു പേരെയും ചേർത്തു നിർത്തി ഇരുവരുടെയും നിറുകയിൽ കൗടില്ല്യം കൊണ്ട് തലോടി.
     " മകളെ...കൃത്യമായി പറഞ്ഞാൽ അയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്തി ഒന്ന് വർഷം മുൻപുള്ള ഒരു ഫെബ്രുവരിയിലാണ് കലിയുഗം തുടങ്ങുന്നത്. സത്യയുഗവും, ത്രേതായുഗവും, ദ്വാപരയുഗവും കഴിഞ്ഞുള്ള കലിയുഗം...കലി എന്ന് പറഞ്ഞാൽ പോരാട്ടം, കിടമത്സരം, എന്നൊക്കെയാണ്… നിങ്ങളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഇതിലൂടെയാണ്. ആകാശത്തു നിന്ന് ഞങ്ങൾക്ക് ഇതെല്ലാം നോക്കിക്കാണാനേ കഴിയുകയുള്ളു. ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇടപെടാനുള്ള അധികാരം ഞങ്ങൾക്കിപ്പോഴില്ല. പക്ഷെ, ഒന്നുണ്ട്. ചില ജോലികൾ ഞങ്ങൾ ചിലരെ ഏല്പിച്ചിട്ടുണ്ട്.. സമയമാകുമ്പോൾ അതവർ ചെയ്യും.."
      ശിരസ്സിൽ ഒളിപ്പിച്ച ഗംഗാ നദിയിൽ നിന്നും ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് ശിവൻ അവർക്ക് കുടിക്കാൻ കൊടുത്തു.
    " കൈലാസത്തിലേക്ക് ഇനി എപ്പോഴാണ് ബസ്സ്..?"
    " നാളെ വെളുപ്പിന് അഞ്ചരക്ക്..."
    രാത്രി ശിവൻ നേരെ പോയത് വേണുവിനടുത്തേക്കാണ്. പക്ഷെ ശിവന് വേണുവിനെ കാണാനായില്ല. കൂറ്റൻ നായകൾ ശിവനെ കോമ്പൗണ്ടിൻ്റെ പരിസരത്തേക്ക് പോലും അടുപ്പിച്ചില്ല. തന്നെയുമല്ല വേണുവും കൂട്ടരും ഭക്ഷണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലുമായിരുന്നു. ദിവസം മൂന്നു കഴിഞ്ഞു അവറ്റകൾ എന്തെങ്കിലും കഴിച്ചിട്ട്‌.
     രാത്രിയിൽ മച്ചിൻ മുകളിലെ ഇരുട്ടിന്റെ അകത്തളങ്ങളിൽ എലികൾ ഓടി നടന്നു. പക്ഷെ, അതൊരു കള്ളനും പോലീസും കളിയായിരുന്നു. പിടികൊടുക്കാതെ, മെയ് വഴക്കത്തോടെ സൂത്ര നീക്കങ്ങളിലൂടെയുള്ള തരംതാണ കളിയാക്കലുകളും, രക്ഷപ്പെടലുകളും ..
     പിന്നെ നിരാശയോടെ, വിശക്കുന്ന വയറിനു മുന്നിൽ വേറെ വഴിയില്ലാതെ വേണുവും സംഘവും നേരം വെളുക്കുന്നതിന് മുൻപ് യജമാനനേയും കടിച്ചു വലിച്ച് നക്സലൈറ്റുകളെ പോലെ പുറത്തേയ്ക്ക് നടന്ന് നടന്ന് പിന്നെ തിരുനെല്ലിക്കാടിനുള്ളിലേയ്ക്ക് മറഞ്ഞു.



⚫ ഓർക്കുന്നു : നക്സൽ പ്രസ്ഥാനവും വയനാട് കേണിച്ചിറ മത്തായി വധക്കേസും.