Aksharathalukal

പുതിയ ആകാശം

മയിലാടുംപാറ എന്ന സുന്ദര വനത്തിലെ വളരെ ഉയരമുള്ള ആൽമരത്തിൽ 
സത്യൻ എന്ന് പേരുള്ള ആൺതത്തയും ഷീലയെന്നു പേരുള്ള പെൺതത്തയും സന്തോഷത്തോടെ 
താമസിച്ചിരുന്നു.

വലുതും ചെറുതുമായ കിളികളും അണ്ണാൻ, ഓന്ത്,  മരപ്പെട്ടി  തുടങ്ങിയ ചെറു ജീവികളും ആ മരത്തിൽ പാർത്തിരുന്നു.

പെൺതത്ത മിസ്സ്‌ ഷീല മുട്ടയിടാറായപ്പോൾ വളരെ കഷ്ടപ്പെട്ട്  അവർ മൂന്ന് അറകളുള്ള മനോഹരമായ  കൂടുണ്ടാക്കി. ഒന്ന് അവർക്ക്, ഒന്ന് അവരുടെ മക്കൾക്ക്‌, മൂന്നാമത്തത് വിരുന്നുകാർക്ക്.

ഒരു ദിവസം ഷീലതത്ത ഉറക്കെ കരഞ്ഞുകൊണ്ട് അകത്തെ മുറിയിൽപോയി  വലിയ ഒരു മുട്ടയിട്ടു. പിന്നെയും കരഞ്ഞു.

വിവരമറിഞ്ഞ സത്യൻ പെട്ടന്ന് പറന്നെത്തി. ഷീല മുട്ടയുടെ മുകളിൽ അടയിരുന്നു.

ദിവസവും സത്യൻ ഭാര്യക്ക്  വേണ്ട നെൽക്കതിരുകളം മധുരമുള്ള പഴങ്ങളും കൊത്തിക്കൊണ്ട് വന്നു.

കുറച്ച്  ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു  സുന്ദരനായ ഒരു തത്തക്കുട്ടൻ പുറത്തു വന്നു. അവന് ചുവന്ന ചുണ്ടും പച്ച ചിറകും ഉണ്ടായിരുന്നു.
ആ മരത്തിലെയും അടുത്ത മരത്തിലെയും കിളികളും ജീവികളും കുഞ്ഞിനെക്കാണാൻ സമ്മാനങ്ങളുമായി വന്നു.

28 ദിവസം കഴിഞ്ഞപ്പോൾ
വനത്തിലെ പൂജാരിക്കിളി  സുകുമാരനെന്ന മൂങ്ങ അവന് സോമൻ എന്ന് പേരിട്ടു.

സോമനെ സത്യനും ഷീലയും പൊന്നുപോലെ വളർത്തി. അവനെ കൂട്ടിന് വെളിയിൽ ഇറക്കിയതേയില്ല. വെയിലും മഴയും കൊണ്ട് അവൻ കറുത്ത് പോയാലോയെന്നായിരുന്നു അവരുടെ പേടി.

മറ്റു കൂടുകളിലെ
കിളിക്കുഞ്ഞുങ്ങൾ പറന്ന്  പോയപ്പോൾ സോമൻ വീട്ടിൽ തന്നെയിരുന്നു.

മകൻ ആവശ്യപ്പെടുന്ന ഏത് പഴങ്ങളും സത്യൻ കൊണ്ടുവരുമായിരുന്നു.
ഏഴ് മലകളും ഏഴ് നദികളും കടന്ന്   പഴങ്ങൾ കൊണ്ടുവരുവാൻ സത്യനും ഷീലയും മത്സരിച്ചു.

സോമൻ  മരക്കൊമ്പിലിരുന്നു സ്വാദിഷ്ടമായ പഴങ്ങൾ കഴിച്ചുകൊണ്ട് പാട്ട് പാടി.

പീയോ പീയോ പീയോ 
കൂടു നല്ല കൂട്
ഇത്‌ സോമന്റെ കൂട്
സുന്ദരമീ കൂട്ടിൽ 
കായ കിട്ടും പഴം കിട്ടും
ചിറക് നനയുകില്ല 
കൂടു നല്ല കൂട്

അടുത്ത കൊമ്പിൽ താമസിക്കുന്ന തിലകൻ എന്ന ഉപ്പൻ ഒരു നാൾ സത്യനോട് പറഞ്ഞു.

\"എടാ പൊട്ടാ ആദ്യം നീ നിന്റെ മകനെ പറക്കാൻ പഠിപ്പിക്ക്. അവൻ തനിയെ പോയി ഇഷ്ടമുള്ള പഴം കൊത്തി തിന്നട്ടെ. അല്ലെങ്കിൽ അവൻ വഷളായി പോകും.
ചുമ്മാതിരുന്നു പാടുന്ന കാണുമ്പോൾ വല്ലാത്ത കലിപ്പ് വരുന്നു \"

ഉപ്പൻ വായിലിരുന്ന കുരു പുറത്തേക്ക് തുപ്പി.

\"അതിന് സമയമായില്ല ചേട്ടാ \"

സത്യൻ പറഞ്ഞു.

\"സമയമാകുമ്പോൾ അവൻ പറന്നോളും. ഇപ്പോൾ അവൻ കൊച്ചു കുട്ടിയല്ലേ. കൊച്ചു കുട്ടി \"

\"ഉവ്വ ഉവ്വ \"

ജോസപ്രകാശ് എന്ന പരുന്ത് താഴ്ന്നു പറന്നു വന്നു ഉപ്പനരുകിൽ ഇരുന്നു.

\"അവൻ നല്ല ഞറക്ക ഞറക്കും. അനങ്ങാക്കള്ളൻ. ചുമ്മാതിരുന്നു ഞണ്ണാനറിയാം ഹി.. ഹി.. ഹി.. \"

ഇത് കേട്ട് ഷീല കൂടിന് വെളിയിൽ വന്നു.

\"ചേട്ടന്മാരെ, നിർത്തു.. നിർത്തൂ ചേട്ടന്മാരെ \"

ഷീല 12 വട്ടം കൺപോളകൾ ചിമ്മിയടച്ചു.

\"എന്റെ കുഞ്ഞിനെയൊന്നും പറയല്ലേ ചേട്ടന്മാരെ. ഒന്നും പറയല്ലേ ചേട്ടന്മാരെ. എനിക്കത് സഹിക്കില്ല ചേട്ടന്മാരെ \"

ഓരോ ദിവസവും സോമൻ പറയുന്ന പഴങ്ങളും കതിരുകളും കൊണ്ടുവന്ന് സത്യനും ഷീലയും മടുത്തു. ദൂരെ ദിക്കിലേക്ക് പറന്ന്  അവരുടെ ചിറക് തളർന്നു.

സോമൻ ഒന്നും കാര്യമാക്കിയില്ല. പറയുന്ന പഴം കിട്ടും. അത് തിന്നിട്ട് ഉറങ്ങണം. അത്ര തന്നെ.

തിന്ന് കൊഴുത്ത അവന്
തടി വച്ചു.
തന്റെ ചുവന്ന ചുണ്ടും മനോഹരമായ തൂവലും നോക്കി അവൻ വല്ലാതെ അഹങ്കരിച്ചു. ഈ വനത്തിലെയല്ല ലോകത്തിലെ തന്നെ ഏറ്റവും സുന്ദരൻ താനാണന്ന് അവൻ കരുതി. മറ്റു കിളികളോട് അവന് പുശ്ചമായിരുന്നു. 
ദിവസത്തിൽ എപ്പോഴെങ്കിലും  കൂടിന് പുറത്ത് ഇറങ്ങിയിട്ട് താഴേക്ക്‌ നോക്കും.
പേടിച്ച് തല കറങ്ങുമ്പോൾ അയ്യോ മമ്മീ  എന്ന് പറഞ്ഞുകൊണ്ട് തിരിച്ചു കൂട്ടിൽ കയറും.

വാതിലിലൂടെ ആകാശത്ത് പറക്കുന്ന കിളികളെ അവൻ അതിശയത്തോടെ നോക്കി നിന്നു.
അവയുടെ ചിറകുകൾ എങ്ങനെയാണ് 
വീശുന്നതെന്ന് അവന് മനസിലായില്ല. തന്റെ ചിറകുകൾ ഇതേവരെ അവൻ
പൊക്കിയിട്ടില്ലായിരുന്നു. അതിന് അവന്റെ മാതാ പിതാക്കൾ അവസരം കൊടുത്തില്ല.

ഇതിനിടയിൽ വിൻസെന്റ്, സുധീർ,  രാഘവൻ തുടങ്ങിയ കിളികളുമായി അവൻ ചങ്ങാത്തം കൂടി. അവർ മുടിഞ്ഞ കഞ്ചാവ് തീറ്റക്കാരായിരുന്നു. അപ്പനും അമ്മയും തീറ്റ തേടിപ്പോയാൽ അവർ കഞ്ചാവിന്റെ ഇലയുമായി വരും. സോമൻ ഇല തിന്ന് പൂസായി മരത്തിലിരിക്കും.

\"തത്തമോനേ അവരുമായി ചങ്ങാത്തം കൂടരുത് മോനേ \"

ഇടയ്ക്കിടയ്ക്ക് അതുവഴി വരുന്ന നസീർ എന്ന മങ്കി അവനെ ഉപദേശിച്ചു. 

\"അവർ ചീത്തയാണ് \"

സോമൻ മങ്കിയെ നോക്കി.

\"താൻ തന്റെ പണി നോക്കടാ കുരങ്ങാ \"

മങ്കിയുടെ ഭാര്യ ശാരദയെന്ന പെൺമങ്കി 12 വട്ടം കണ്ണുകൾ ചിമ്മിയടച്ചു സോമനെ നോക്കി.

\"നിന്റെ നല്ലതിനല്ലെയോ എന്റെ ചേട്ടൻ  അങ്ങനെ പറഞ്ഞത്. നീ എന്തിനാ
കഞ്ചാവില തിന്നുന്നത്. ചങ്ക് വാടിപ്പോകും \"

\"നീ പോടീ  മങ്കീ \"

സോമൻ ശാരദയെ ആട്ടിയോടിച്ചു.

\"നീ അനുഭവിക്കുമെടാ..\"

നസീർ അവനെ ശപിച്ചു.

 \"അനുഭവിക്കുമെടാ ഉണ്ടക്കണ്ണാ \"
\"വാ ചേട്ടാ നമുക്ക് പോകാം ചേട്ടാ \"

ശാരദ നസീർമങ്കിയെ പിടിച്ചുകൊണ്ട് അടുത്ത മരത്തിലേക്കു ലോങ്ങ്‌ ജമ്പ് ചെയ്തു.

അത് കണ്ടു ഭാസി, ബഹദൂർ തുടങ്ങിയ അണ്ണാന്മാർ ഉറക്കെ പൊട്ടിച്ചിരിച്ചു.

\"നിർത്തിനാടാ പൊട്ടന്മാരെ \"

ഉറക്കം നഷ്ടപ്പെട്ട മുത്തയ്യ എന്ന് പേരുള്ള ഇനാംപൂച്ചി പൊത്തിൽ നിന്നും തലയിട്ടു  അവരെ വഴക്ക് പറഞ്ഞു. പിന്നെ തല ഉള്ളിലേക്ക് വലിച്ചു.

വഴിതെറ്റി പറന്നു വന്ന ജയഭാരതി എന്ന സുന്ദരിതത്ത സോമനെ കണ്ടു. അവൾ 12 പ്രാവശ്യം കണ്ണു ചിമ്മിയടച്ചു അവനെ നോക്കി.

\"ഹായ്.. ചേട്ടാ.. ചേട്ടൻ എത്ര സുന്ദരനാണ്. എന്നെ കല്യാണം കഴിക്കുമോ ചേട്ടാ. നമുക്ക് ഒരുമിച്ച് പറക്കാം ചേട്ടാ \"

\"എനിക്ക് പറക്കാൻ അറിയില്ലല്ലൊ \"

സോമൻ സങ്കടത്തോടെ പറഞ്ഞു.

ജയഭാരതി അവനെ തുറിച്ചു നോക്കി. ഇവനൊരു പൊട്ടൻ തന്നെ.

അപ്പോഴേക്കും അവളുടെ ആങ്ങള ജയൻതത്ത പറന്നു വന്നു.

\"മോളേ ഇവൻ ഒരു ഫൂൾ ആണ്. കുഴി മടിയൻ. നീ വാ  നമുക്ക് കൂട്ടിൽ പോകാം. ഷാജി തത്തയെക്കൊണ്ട് നിന്നെ ഞാൻ കെട്ടിക്കും. വാാാ..ഷാജി എവിടെടാ നീ..\"

അവർ പറന്നു പോയി. നിരാശയോടെ സോമൻ നോക്കിയിരുന്നു.

\"എടാ സോമൻ തത്തേ താഴോട്ട് ചാടടാ ഉണ്ടക്കണ്ണാ, ബോണ്ടാ വയറാ .\"

താഴെ നിന്നും നമ്പിയാർ കുറുക്കൻ നാക്കു നീട്ടി വിളിച്ച് പറഞ്ഞു.

\"എനിക്ക് പേടിയാ അങ്കിൾ. ചാടിയാൽ ചത്തുപോകും \"

സോമൻ വിറയലോടെ താഴേക്ക്‌ നോക്കി.

ഉമ്മർ, ബാലൻ, ഗോവിന്ദൻകുട്ടി ജനാർദ്ദനൻ തുടങ്ങിയ കാട്ടു പൂച്ചകളും മേലേക്ക് നോക്കി വെള്ളമിറക്കി നിൽപ്പുണ്ടായിരുന്നു. അത്രയും തടിയുള്ള കൊഴുത്ത തത്തയെ അവർ കണ്ടിട്ടില്ല.

സത്യനും ഷീലയും അവന് പഴം പറിക്കാൻ മലകൾ താണ്ടി പറന്നുകൊണ്ടിരുന്നു. അലഞ്ഞു മടുത്ത അവർ ഒരു മരക്കൊമ്പിൽ വിശ്രമിച്ചു.

\"മറ്റു കിളികൾ പറയുന്നത് നാം കേട്ടില്ല. ശരിയല്ലേ  ഷീലാമ്മേ \"

സത്യൻ ഷീലയോട്  പറഞ്ഞു.

\"അവന് ഇപ്പോഴും പറക്കാൻ അറിയില്ല. തീറ്റയും ഉറക്കവും മാത്രം \"

\"ചേട്ടാ, നിർത്തു.. \"

ഷീലതത്ത 12 വട്ടം കൺപോളകൾ ചിമ്മിയടച്ചു.

\"എന്റെ കുഞ്ഞിനെയൊന്നും പറയല്ലേ ചേട്ടാ. ഒന്നും പറയല്ലേ ചേട്ടാ\"

\"വാട്ടീസ് യുവർ പ്രോബ്ലം മാൻ \"

അവരുടെ സംഭാഷണം കേട്ട് അടുത്ത മരത്തിലിരുന്ന കാക്ക ചോദിച്ചു.

\"ഞാൻ കാക്ക. പേര് രജനികാന്ത്  കാക്ക ഭായ് എന്ന് വിളിക്കും \"

\"ഭായ് ഞാൻ പറയാം \"

സത്യൻ എല്ലാം തുറന്നു പറഞ്ഞു.

\"നിങ്ങളുടെ മകനെ വഷളാക്കിയതിനു കാരണം നിങ്ങൾ തന്നെ. അവൻ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചുകൊടുത്തു. പറക്കേണ്ട സമയത്ത് പറത്തിയില്ല.ഇപ്പോൾ അവന് സ്വയം ജീവിക്കാൻ അറിയില്ല. കഷ്ടം. \"

\"രക്ഷിക്കണം കാക്ക ചേട്ടാ \'

ഷീല തത്ത 12 വട്ടം കൺപോളകൾ ചിമ്മിയടച്ചു ഭായിയെ നോക്കി.

\"ഓക്കേ ബ്രോ. നാളെത്തന്നെ അവൻ പറന്നിരിക്കും.\"

\"പക്ഷേ അവൻ താഴെ വീണാൽ കുറുക്കന്മാരും കാട്ടു പൂച്ചകളും കൊന്നു തിന്നും.\"

\"ബിലിവ് മീ, ഞാൻ ഒരുവട്ടം പറഞ്ഞാൽ നൂറു വട്ടം പറഞ്ഞപോലെ. വീ വിൽ മീറ്റ്
ടുമോരോ മോർണിംഗ് ബ്രോ \"

ഇതെല്ലാം കണ്ട് കൂട്ടിനുള്ളിലിരുന്ന മധുവെന്ന് പേരുള്ള വൃദ്ധനായ പരുന്ത് പുഞ്ചിരിച്ചു.

പിറ്റേന്ന് രാവിലെ പതിവുപോലെ സൂര്യനുദിച്ചു. കിളികൾ ഉണർന്നു ചിലച്ചുകൊണ്ട് നാനാ ദിക്കിലേക്കും പറക്കാൻ തുടങ്ങി. സത്യനും ഷീലയും അന്ന് പുറത്ത് പോയില്ല.

സോമൻതത്ത പുറത്തിറങ്ങി വെയിൽ കായാൻ മരക്കൊമ്പിൽ
അള്ളിപ്പിടിച്ചിരുന്നു. പിന്നെ പാട്ട് പാടി.

പീയോ പീയോ പീയോ 
കൂടു നല്ല കൂട്
ഇത്‌ സോമന്റെ കൂട്
സുന്ദരമീ കൂട്ടിൽ 
കായ കിട്ടും പഴം കിട്ടും
ചിറക് നനയുകില്ല 

ഇന്നത്തെ മെനുവിനെപ്പറ്റി ചിന്തിച്ചുകൊണ്ട് ചുറ്റിനും നോക്കുമ്പോൾ ഒരു തടിയൻ കാക്ക അവന്റെ അടുത്ത കൊമ്പിൽ വന്നിരുന്നു.
കറുകറുത്ത കാക്കയെ അവൻ ആദ്യം കാണുകയായിരുന്നു.

\"വണക്കം..  ഗുഡ് മോർണിംഗ് മിസ്റ്റർ സോമൻ \"

ആ കിളി തന്റെ പേര് എങ്ങനെ അറിഞ്ഞു എന്ന് സോമൻ അതിശയിച്ചു.

\"താങ്കൾ ആരാണ്. \"

\"ഞാൻ... വൂ ഹ... ഹ.. ഹ..\"

കാക്ക ചിരിച്ചു.

\"ഞാൻ ഭായ്.. കാക്ക ഭായ്.. വാ നമുക്ക് ഒന്ന് പറക്കാം. മനുഷ്യരുടെ മോർണിംഗ് വാക്ക് പോലെ നമുക്ക് ഒരു മോർണിംഗ് ഫ്ലൈ നടത്താം. കമോൺട്ര  സോമാ \"

\"എനിക്ക് പറക്കാൻ അറിയില്ല അങ്കിൾ \"

സോമൻ വിറച്ചു.

\"ഞാൻ പഠിപ്പിക്കാം \"

താഴെ കുറുക്കന്മാരും കാട്ടു പൂച്ചകളും ഒത്തു ചേർന്ന് വായും പൊളിച്ചു മേലേക്ക് നോക്കി നിൽപ്പായി.
സോമൻ വീഴുമ്പോൾ ഒരു കടിക്ക് അകത്താക്കണം. അവർ മനസ്സിൽ ചിന്തിച്ചു.

ഓർക്കാപ്പുറത്ത് കാക്ക ഒരു സന്ദേശം കൊടുത്തു. നിമിഷങ്ങൾക്കകം നൂറുകണക്കിന് കാക്കകൾ ഉറക്കെ കരഞ്ഞുകൊണ്ട് അവിടേക്കെത്തി.

അവയുടെ വരവ് കണ്ട ജീവികൾ ജീവനും കൊണ്ട് ഓടി.

കാക്ക ഭായ്  ഒറ്റ തള്ളിനു സോമനെ താഴേക്കു വീഴ്ത്തി.
പറക്കാനറിയാത്ത അവൻ ഉറക്കെ കരഞ്ഞു.

\"മമ്മി.. രക്ഷിക്കൂ \"

അവൻ തറയിൽ വീഴും മുമ്പ് കാക്കകൾ അവനെ പൊക്കി ആകാശത്തിലേക്കു കൊണ്ടുപോയി. പിന്നെ താഴെക്കിട്ടു.

സോമൻ ഉറക്കെ കരഞ്ഞു.

ഇത്‌ പലവട്ടം ആവർത്തിച്ചു. ക്രമേണ സോമന്റെ ഭയം അകന്നു. അവൻ ചിറകുകൾ വീശാൻ തുടങ്ങി.

അവൻ തനിയെ പലവട്ടം പറന്നു. തന്റെ ചിറകുകളുടെ ബലത്തിൽ അവൻ അഭിമാനിച്ചു.

തനിയെ പറന്ന് അവൻ തന്റെ കൂട്ടിലെത്തി. സത്യനും ഷീലയും അത് നോക്കി നിന്നു.

\"നന്ദി കാക്ക ഭായ് \"

അവർ മൂവരും ഒരുമിച്ച് പറഞ്ഞു.

സോമന്റെ മുന്നിൽ ഒരു പുതിയ ആകാശം തുറക്കപ്പെട്ടു.

അകന്നു പോകുന്ന കാക്കഭായിയേം കൂട്ടരെയും നോക്കി അവർ ചിറകുകൾ വീശി.

🙏🏼


(മനു നാസിക് )