Aksharathalukal

സാബുവിന്റെ തിരോധാനം, ഒരു സസ്പെൻസ് ത്രില്ലർ

2012 അവസാനകാലത്തു, മുങ്ങാൻ പോകുന്ന അനിയൻ അംബാനിയുടെ റിലൈൻസ് കമ്മ്യൂണിക്കേഷൻസിൽ നിന്നും ഒരു കച്ചി തുമ്പ് പോലെയാണ്, എന്റെ സഹപ്രവർത്തകനായ കൃഷ്ണരാജ് വഴി, കൃഷ്ണരാജിന്റെ സുഹൃത്തായിരുന്ന നിതിൻ ചെറിയാൻ റെഫർ ചെയ്തു എനിക്ക് ബാംഗ്ലൂരിലുള്ള കോൾട് ടെക്നോളജിസ് ൽ ജോലി കിട്ടുന്നത്. ആദ്യഘട്ട ഇന്റർവ്യൂ, കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്ന മധു ജോസഫ് ആയിരുന്നു എടുത്തത്. അതുകൊണ്ട്  വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. രണ്ടാം ഘട്ടം ശ്രീ വകമുടി വെങ്കട പദ്മകുമാർ എന്ന കോൾട്ടിലെ പുലി മാനേജർ. പക്ഷെ റിലൈൻസിലെ സുരേഷ്‌കുമാർ പിഷാരത്തിനും, രവീന്ദ്രൻ കുന്നേരിക്കും, റെയിൽറ്റൽ ലെ സാംജിക്കും ബിജു കെ എമ്മിനും ശിഷ്യപ്പെട്ട എനിക്ക് പദ്മകുമാറിന്റെ ചോദ്യങ്ങളൊന്നും ഒന്നുമല്ലായിരുന്നു. സംഭവം പദ്മകുമാർ കോൾട്ടിലെ ഏറ്റവും മികച്ച സാങ്കേതിക അറിവുള്ള മാനേജർ ആയിരുന്നു. ബാക്കി ഒക്കെ കണക്കാ...

അങ്ങനെ 2012 ഡിസംബർ 24 ആം തിയതി തിങ്കളാഴ്ച, ബാംഗ്ലൂരിലെ മാന്യത ടെക് പാർക്കിലെ സിൽവർ ഓക് ബിൽഡിങ്ങിലെ 5 ഉം 6ഉം നിലകളിലുള്ള കോൾട് ഓഫീസിൽ ഞാൻ രാവിലെ 8 മണിക്ക് തന്നെ ജോയിൻ ചെയ്തു.

അവധികാലവും, പിന്നെ അടുത്ത ദിവസം ക്രിസ്മസും ആയിരുന്നതിനാൽ, വലിയ ഫോർമാലിറ്റികളൊന്നും കൂടാതെ ഏകദേശം 10 മണിക്ക് എന്നെ എന്റെ ഡിപ്പാർട്മെന്റിൽ കൊണ്ടുവന്നാക്കി. ഞാൻ ആദ്യം പരിചയപ്പെട്ടത്, ടീം ലീഡ് അടൂർകാരൻ സണ്ണി ചേട്ടനെയാണ്.  പരിചയപ്പെട്ട നിമിഷം തന്നെ സണ്ണിച്ചേട്ടൻ എന്നെ ചായ കുടിക്കാൻ ക്ഷണിച്ചു. അവിടെ വച്ച് മധു ജോസഫ്നെ കണ്ടു, നിതിൻ ചെറിയൻ ലീവ് ആണെന്നും പറഞ്ഞു. അങ്ങനെ പിന്നീട് ജോബി അലക്സ്‌, ജെറിൻ തുടങ്ങിയ മലയാളികളെയും പരിചയപ്പെട്ടു.

സംഭവം നമ്മൾ ജപ്പാനിലെ KVH എന്ന ടെലികോം കമ്പനിയുടെ നെറ്റ്‌വർക്ക് ഓപ്പറേഷൻ ഔട്ട്സോഴ്സ് ചെയ്ത് ചെയുകയാണ്, പലരും ഇതിനകം തന്നെ ജപാനിൽ പോയി ഒന്നു രണ്ടു മാസം ചെലവഴിച്ചിട്ടുമുണ്ട്. ഞാനും സണ്ണിച്ചേട്ടനും അടങ്ങുന്ന ടീം,  സർവീസ് ആക്ടിവേഷനിലാണ്. ആദ്യകാലം ഞങ്ങൾ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ (NOC ) റൂമിൽ ആയിരുന്നു.

അങ്ങനെ ഞങളുടെ പിറകിൽ ഇരിക്കുന്ന, നമ്മളെയൊന്നും ഒരു മൈൻഡും ഇല്ലാതെ മുഴുവൻ നേരം ബിസി ആയ, ഫുൾ ടൈം ആഷ് പുഷ് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരുത്തൻ, ചിലനേരം കുറച്ച് മലയാളി തൃശൂർ സ്ലാങ്കോക്കെ കേറിവരുന്ന മൊതല്, പിന്നെ സണ്ണി ചേട്ടനോട് മലയാളത്തിൽ സംസാരിക്കുന്ന, ലവനാണ് നമ്മുടെ കഥയിലെ നായകൻ. തൃശൂർ ഗെഡി, പാവറട്ടി പുലി സാബു,......അറിയില്ലേ ..... മ്മടെ...സാബു ജോസ്, അവനാണ് മ്മടെ താരം. പാവറട്ടി പള്ളിയിലെ പഴയ ക്വയർ ഗായകൻ, കോൾട്ടിന്റെ ആസ്ഥാന ഗാനഗന്ധർവ്വൻ,.... സാബു ജോസ്.

വല്ലപ്പോഴും കൂട്ടു കൂടിയാൽ, അടിച്ച് പാമ്പാകുന്ന സാബു ജോസ്...

അടിച്ച് പാമ്പായി നാലുപേർ ചേർന്നു ടാക്സി വിളിച്ച് പോയി, അവസാനം ടാക്സിക്കൂലി പങ്കുവച്ചപ്പോൾ ഡ്രൈവറെയും ചേർത്ത് കണക്കു കൂട്ടി ഹരിച്ച സാബു ജോസ്

പക്ഷെ ആള് മനസ്സിൽ ദൈവ ഭയമുള്ള നല്ല ഒന്നാം നമ്പർ തൃശൂർ സത്യക്രിസ്ത്യാനിയാണ്. നോയമ്പ്എല്ലാം കൃത്യമായി എടുക്കുന്ന പുണ്യാളൻ. സണ്ണി ചേട്ടനെ പോലെയല്ല.

സാബു ഒരിക്കൽ ജോലി സംബദ്ധമായി ജപ്പാനിൽ പോയപ്പോൾ, കൂടെ എരുമപ്പെട്ടി സ്വദേശിനി സ്വന്തം ഭാര്യ റോസിയെ ജപ്പാനിൽ കൊണ്ടുപോയപ്പോൾ, എരുമപ്പെട്ടി ദേശക്കാർ ആ നാട്ടിൽ ആദ്യമായി ജപ്പാനിൽ പോയ റോസിയുടെ ഭർത്താവായ സാബുവിനെ, ജപ്പാനിൽ പോയ റോസിയുടെ ഭർത്താവ് സാബു  എന്നും വിളിച്ചുപോന്നു. അങ്ങനെ സാബു എരുമപ്പെട്ടിയിലും ഫെമസ് ആയി.

പക്ഷെ സാബു കോൾട് മൊത്തം ഫെമസ് ആയത്, ഒരൊറ്റ രാത്രികൊണ്ടായിരുന്നു, ഒരൊറ്റ രാത്രികൊണ്ട്.  അതൊരു സംഭവമായിരുന്നു. ഇനിയുള്ള കഥ സണ്ണി ചേട്ടന്റെ അനുഭവമാണ്, സാബു മൂലമുള്ള ദുരനുഭവം.....

ഒരു ദിവസം രാത്രി, സണ്ണി ചേട്ടൻ പതിവുപോലെ ഒരു 11 മണിയായപ്പോൾ ഉറങ്ങാൻ കിടന്നു. ഒരു 11.30-11.45 ആയപ്പോൾ ഫോൺ ബെൽ അടിച്ചു, ആദ്യം മൈൻഡ് ചെയ്തില്ല, പിന്നെ തോന്നി, രാത്രി വിളിക്കണമെങ്കിൽ എന്തെകിലും അത്യാവശ്യകാര്യമായിരിക്കും, നോക്കിയപ്പോൾ സാബുവിന്റെ ഭാര്യ റോസിയുടെ കാൾ. സണ്ണി ചേട്ടൻ തിരിച്ചുവിളിച്ചു, റോസി ആകെ വിഷമത്തിലായിരുന്നു, സാബു ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല, സാബുവിന്റെ i-phone സ്വിച്ച് ഓഫ്‌ ആണ്. കമ്പനി വക മാനേജർസിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു എന്ന് പറഞ്ഞു, പിന്നെ വിവരമൊന്നുമില്ല. വിഷമിക്കണ്ട, അവൻ വേറെ ഫ്രണ്ട്സിന്റെ കൂടെ പോയിക്കാണും എന്ന് സണ്ണി ചേട്ടൻ റോസിയെ ആശ്വസിപ്പിക്കാൻ പറഞ്ഞു. നോയമ്പ് കാലമാണ്, സാബു ചേട്ടൻ കള്ള് കുടിക്ക മാത്രമല്ല നോൺ വെജ് പോലും കഴിക്കില്ല എന്ന് റോസി. ശരി ഞാൻ ഒന്നു അന്വേഷിക്കട്ടെ എന്ന് പറഞ്ഞു സണ്ണി ചേട്ടൻ കാൾ കട്ട്‌ ചെയ്ത്. റോസിയുടെ ശബ്ദത്തിൽ വളരെ പേടി നിഴലിച്ചിരുന്നു.

സണ്ണിച്ചേട്ടൻ സാബുവിന്റെ ഫോണിൽ ഒന്നു ട്രൈ ചെയ്തു. " നീവു് കരയ്മാടുന്ന ചന്താദാരു ഈഗ സമയതല്ലി സ്വിച്ച് ഓഫ്‌ അഗിത്തെ,    the subscriber you are calling......." എന്ന് ഉത്തരം. സണ്ണിച്ചേട്ടൻ സാബുവിന്റെ ഡിപ്പാർട്മെന്റിലെ മറ്റൊരു മാനേജർ, എന്റെയും സണ്ണിച്ചേട്ടന്റെയും മുൻ മാനേജർ പദ്മകുമാറിനെ വിളിച്ചു, അദ്ദേഹം പറഞ്ഞു, ഗോപാലൻ മാളിലെ ഒരു പബ്ബിൽ ആയിരുന്നു പാർട്ടി.സാബു നോയമ്പ് കാരണം മദ്യം കഴിച്ചില്ല, അവസാനം ഒരു ഗ്ലാസ്‌ വൈൻ കുടിച്ച് ഒരു 9.30-10 മണിക്ക് വീട്ടിൽ പോയി. വേറെ വിവരമൊന്നുമില്ല.

സണ്ണി ചേട്ടൻ റോസിയെ വിളിച്ച് കാര്യം പറഞ്ഞു. 10 മണിക്ക് ഇറങ്ങിയാലും, ഹോർമാവിൽ എത്താൻ കൂടിയാൽ അര മണിക്കൂർ, 10.30 ന് എങ്കിലും വീട്ടിൽ എത്തണ്ടതല്ലേ, ഇനി സാബു വേറെ ഏതെങ്കിലും സുഹൃത്തുക്കളുടെ വീട്ടിൽ പോയതാണെങ്കിലോ എന്ന് സണ്ണി ചേട്ടൻ ചോദിച്ചു. റോസി എന്താണ്ട് കരഞ്ഞു തുടങ്ങി. അപ്പോൾ തന്നെ സണ്ണി ചേട്ടൻ ഭാര്യ റിയ ചേച്ചിയെയും, മകൻ എബലിനെയും കൂട്ടി സാബുവിന്റെ വീട്ടിൽ പോയി. റോസി തന്റെ മൂന്നു വയസ്സുകാരൻ മകനെയും കെട്ടിപിടിച്ചു കരയുന്നു. പല തവണ സാബുവിന്റെ ഫോണിൽ ട്രൈ ചെയ്തു,...... ചന്താദാരു ഇപ്പോഴും സ്വിച് ഓഫ്‌ തന്നെ.

സാബുവിന് ജോലിയിൽ പീഡനകാലമാണെന്നും റിപ്പോർട്ടിങ് പദ്മകുമാറിൽ നിന്നും മാറ്റി, ഇപ്പോൾ ഗുർഗാവിലുള്ള വേറെ ഒരാൾക്കാണെന്നും അയാളുമായി സ്ഥിരം പ്രശ്നങ്ങളാണെന്നും റോസി പറഞ്ഞു. സാബുവിന്റെ അപ്പറൈസൽ റേറ്റിംഗ് 2 ആണെന്നും, ഇനി മനം നൊന്തു സാബു എന്തെകിലും കടും കൈ ചെയ്തതാണെങ്കിലോ?…...എന്ന് പറഞ്ഞു റോസി ഒരേ കരച്ചിൽ.

ഞാൻ ഒന്നു ഗോപാലൻ മാൾ വരെ ഒന്നു പോയിട്ട് വരാം എന്ന് പറഞ്ഞു, സണ്ണി ചേട്ടൻ ഗോപാലൻ മാൾ ലക്ഷ്യമാക്കി പാഞ്ഞു.

അവിടെ എത്തിയപ്പോൾ 12.30 കഴിഞ്ഞു, ആകെ സെക്യൂരിറ്റി മാത്രം, സെക്യൂരിറ്റി പറഞ്ഞു, പബ് എല്ലാം അടച്ചു, ഇനി ഞാൻ മാത്രമേ ഉള്ളൂ. പലരും കുടി കഴിഞ്ഞു കാർ ഇവിടെ ഉപേക്ഷിച്ചു പോകാറുണ്ട്, നിങ്ങൾ പാർക്കിങ്ങിൽ കാർ ഉണ്ടോ എന്ന് നോക്കൂ. സണ്ണി ചേട്ടൻ സാബുവിന്റെ KL-46 D രെജിസ്ട്രേഷൻ റിട്സ് vdi ആ പാർക്കിങ്ങിൽ മൊത്തം പരതി, അവിടെ കണ്ടില്ല. സണ്ണിച്ചേട്ടൻ തിരിച്ചു് സാബുവിന്റെ വീട്ടിൽ ചെന്നു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തു .

ഇതിനകം പദ്മകുമാർ കോൾട് ട്രാൻസ്‌പോർട് ഡെസ്കിൽ വിളിച്ച് കാര്യം ധരിപ്പിച്ചു, അവർ പാർട്ടിക്ക് പോയവരുടെ ലിസ്റ്റ് എടുത്ത്, ഓരോരുത്തരെയായി വിളിച്ച് സാബുവിനെ കുറിച്ച് അന്വേഷിച്ചു, ചിലർ സ്വിച് ഓഫ്‌, ചിലർ phone എടുത്തില്ല, എടുത്തവർ എല്ലാം ഏതാണ്ട് ഒരേ സ്വരത്തിൽ സാബു 9.30-10 മണിക്ക് പോയി എന്ന് പറഞ്ഞു.

ഇനി എന്ത് ചെയ്യും, സണ്ണി ചേട്ടൻ പോലീസിൽ വിവരമറിയിക്കാം എന്ന് തീരുമാനിക്കുകയും, സണ്ണിച്ചേട്ടനും റോസിയും, സാബുവിന്റെ മൂന്നു വയസ്സുകാരൻ മകനും, പിന്നെ സാബുവിന്റെ രണ്ടു മൂന്നു അയൽക്കാരും മൂന്നു വണ്ടികളിലായി ഒരു വാഹന പ്രചാരണ ജാഥയായി ഹെന്നൂർ പോലീസ് സ്റ്റേഷനിൽ പോയി അവിടെ ഡ്യൂട്ടിയിലുള്ള പോലീസുകാരോട് കാര്യം പറഞ്ഞു, ജോലി മാന്യത ടെക്ക് പാർക്കിൽ ആണെന്ന് പറഞ്ഞപ്പോൾ, പോലീസ് പറഞ്ഞു, അമ്മ, നിങ്ങൾ വിഷമിക്കണ്ട, ഈ കമ്പ്യൂട്ടർ എഞ്ചിനീയർ മാരെല്ലാം ഇങ്ങനെയാണ്, വൈകീട്ട് കുടിച്ച്, കഞ്ചാവും അടിച്ചു വേറെ ആരുടെയെങ്കിലും വീട്ടിൽ പോയി കിടക്കും, നാളെ രാവിലെ കെട്ടിറങ്ങുപ്പോൾ തിരിച്ചു വരും, ഞങ്ങൾ ഇങ്ങനെ എത്ര കേസ് കാണുന്നതാ, ഇപ്പൊ കേസ് ഒന്നും എടുക്കണ്ട, ഇത് വരെ ഈ സ്റ്റേഷനിൽ ആക്‌സിഡന്റ് ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല, നാളെ രാവിലെ പത്തുമണി വരെ നോക്കൂ, എന്നിട്ടും ആൾ വന്നില്ലെങ്കിൽ കേസ് എടുക്കാം. ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്കൂ.

റോസി പറഞ്ഞു, നോയമ്പ് കാലമാണ്, സാബു ചേട്ടൻ കുടിക്കില്ല, വേറെ എന്തോ പറ്റിയതാണ്.

സണ്ണി ചേട്ടൻ പറഞ്ഞു, നമുക്ക് ഹോസ്പിറ്റലുകൾ ഒന്നു നോക്കാം, പിന്നെ ആ പ്രദേശത്തുള്ള എല്ലാ ഹോസ്പിറ്റലും കയറി ഇറങ്ങി അവിടെ ഡ്യൂട്ടിയിലുള്ള മലയാളി നേഴ്‌സുമാരോട് അന്വേഷിച്ചു, എന്തെകിലും ആക്‌സിഡന്റ്,....,..സാബു,...... മലയാളി... ഒന്നുമില്ല, അപ്പോൾ സാബുവിന്റെ മകൻ വിശന്നു കരയാൻ തുടങ്ങി, ഹോസ്പിറ്റലിലെ കോഫി ഷോപ്പിൽ നിന്നും സണ്ണി ചേട്ടൻ ബിസ്‌ക്കറ് വാങ്ങി കൊടുത്തു, എനിക്ക് ക്രീം ബിസ്‌ക്കറ്  വേണം മകൻ വാശിപിടിച്ചു.. കൊച്ചു കുഞ്ഞല്ലേ, അവനുണ്ടോ അപ്പനെ കണാതായതു അറിയുന്നത്.
ഇതൊക്കെ കഴിഞ്ഞപ്പോഴേക്കും സമയം 4 കഴിഞ്ഞു.

സംഭവം കോൾട് ടെലികോം കമ്പനി ആണല്ലോ, പലരും ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ജോലി ചെയ്തവർ, കോൾട്ടിലെ 24/7 NOC യിൽ ജോലിചെയ്തിരുന്ന ഒരാൾ, തന്റെ എയർടെലിലെ സുഹൃത്ത് വഴി സാബുവിന്റെ ഫോൺ ലാസ്റ്റ് ലൊക്കേഷൻ  ട്രേസ് ചെയ്തു. അത് കമ്മന ഹള്ളിയിലെ ഒരു ടവർ ആയിരുന്നു. അങ്ങനെ കോൾട്ടിലെ വേറെ പലരും , അരുൺ കൃഷ്ണനും, നിതിനും അടക്കം ഒരുപാടു പേർ ഇതിനകം സാബുവിനെ തിരഞ്ഞു കമ്മന ഹള്ളി മുഴുവൻ പാഞ്ഞു. സംഭവം കമ്മന ഹള്ളി ഒരു റെസിഡഷ്യൽ ഏരിയ ആണ്, ഒരു പാട് വീടും, ചെറിയ റോഡുകളും ഉള്ള സ്ഥലം. ലൊക്കേഷൻ മനസ്സിലാക്കിയ കോൾട് ട്രാൻസ്‌പോർട് ഡസ്ക് കമ്മനഹള്ളി ഭാഗത്തുള്ള എല്ലാവരെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചു,, എന്തിനു പറയുന്നു, കമ്മന ഹള്ളി ഓയിൽ മിൽ റോഡിൽ താമസിക്കുന്ന, നാട്ടിൽ അവധിക്കുപോയ പ്രശാന്ത് നായരേയും വിളിച്ചു. അങ്ങനെ സംഭവം ജഗ പൊക ആയി.

അങ്ങനെ സണ്ണി ചേട്ടനും റോസിയും അവസാനം 5-5.30 ആയപ്പോൾ, കമ്മന ഹള്ളിയിലെ ഒരു സ്ട്രീറ്റിൽ സാബുവിന്റെ കാർ കണ്ടെത്തി, കാർ ആണെകിൽ റോഡിൽ അലക്ഷ്യമായി പാർക്ക്‌ ചെയ്തിരിക്കുന്നു, കുറച്ചു ഭാഗം റോഡിൽ,  കുറച്ചുഭാഗം പാർക്കിങ്ങിൽ, ചെറിഞ്ഞു ഒരു അപശകുനം പോലെ. റോസിയുടെ നെഞ്ചിടിപ്പ് കൂടി, അലറികരഞ്ഞുകൊണ്ട് റോസി കാറിനടുത്തേക്ക് പോയി, മകനെയും ഒക്കത്തിരുത്തികൊണ്ട്. കാർ ലോക്ക് ആയിരുന്നു, കാറിൽ സാബുവിന്റെ ലാപ്ടോപ്. ആ സമയം സാബുവിനെ തിരഞ്ഞ മറ്റു കൂട്ടരും സ്പോട്ടിൽ എത്തി.

രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളും കൂട്ടത്തിൽ കൂടി എന്താ സംഭവം എന്നറിയാൻ, ഒരു സ്ത്രീ ഒരു കുഞ്ഞു കുട്ടിയേയും എടുത്ത് കരഞ്ഞു കുറേ ആളുകളുടെ കൂടെ നിൽക്കുന്നു. ആളുകൾക്ക് കൂടാൻ വേറെ വല്ലതും വേണോ.
റോസി വിതുമ്പി വിതുമ്പി കരഞ്ഞു. കാർ കണ്ടെത്തിയ വിവരം ട്രാൻസ്‌പോർട് ഡെസ്കിൽ അറിയിച്ചു,

ഇനി സാബുവിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെകിലോ..ബാംഗ്ലൂർ അല്ലെ.......പലതരം സംശയങ്ങൾ.

അവസാനം സണ്ണിച്ചേട്ടന്, കോൾട്ടിലെ മറ്റൊരു മാനേജർ ആയ യോഗേന്ദ്രയുടെ ഫോൺ വന്നു , നിങ്ങൾ നിൽക്കുന്ന ലൊക്കേഷന് സമീപമാണ്, പ്രശാന്ത് മേത്ത യുടെ താമസം. ആരാണ് പ്രശാന്ത് മേത്ത, അത് ഞാൻ അവസാനം പറയാം.

പക്ഷെ പ്രശാന്ത് മേത്തയുടെ വീട് കൃത്യമായി അവിടെയുള്ള ആർക്കും അറിയില്ല. അപ്പോഴേക്കും ആരോ ഒരാൾ ഒരു പോലീസ് കാരനെയും കൂട്ടി സംഭവസ്ഥലത്തെത്തി, പോലീസ് പറഞ്ഞു, ഇപ്പൊ ഓരോ വീട്ടിലും കയറി ചോദിച്ചാൽ ആളുകൾ തെറി പറയും, കുറച്ചുകൂടെ നേരം വെളുത്തിട്ട് ചോദിക്കാം.

അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ ഒരു വീട്ടിൽ നിന്നും ഇറങ്ങി വന്നു കാര്യം തിരക്കി. അദ്ദേഹത്തോട് കാര്യം തിരക്കി, ഒരു താടി വച്ച ഡൽഹിക്കാരൻ ബാച്ച്ലർ താമസിക്കുന്ന വീട്, അദ്ദേഹം കൃത്യമായി വീട് കാണിച്ച് കൊടുത്തു, ഗേറ്റിനു ഉള്ളിലൂടെ കരഞ്ഞുകൊണ്ട് എന്തിവലിഞ്ഞു നോക്കിയ റോസി, സാബുവിന്റെ ഷൂസ് കണ്ടപ്പോൾ , ചേട്ടന്റെ ഷൂസ് ചേട്ടന്റെ ഷൂസ് എന്ന് വിളിച്ച് കൂവി.

അങ്ങനെ സണ്ണി ചേട്ടനും  റോസിയും ഒക്കത്തു കുഞ്ഞും പിന്നെ രണ്ടു മൂന്ന് സാബുവിന്റെ അയൽക്കാരും ഗേറ്റ് തകർത്ത് ഉള്ളിൽ കയറി, കാളിങ് ബെൽ അടിക്കുകയും, കൂടെ വാതിലിൽ മുട്ടുകയും ചെയ്തു. അല്പസമയത്തിനുള്ളിൽ ഒരാൾ കണ്ണും തിരുമ്മി വാതിൽ തുറന്നു, അതാ മറ്റൊരു മാനേജർ സുജിത് ആന്റണി, നിമിഷ നേരത്തിൽ സുജിത്തിനെ തട്ടിമാറ്റി അവർ ഉള്ളിൽ കടന്നു, അതാ സാബു നിലത്ത് സ്‌പൈഡർ മാൻ കിടക്കുന്ന പോലെ ബോധമില്ലാതെ കമന്നു കിടക്കുന്നു. വേറെയും രണ്ടു മൂന്നുപേർ അവിടെ ഇവിടെയായി കിടക്കുന്നു. സോഫയിൽ അലക്ഷ്യമായി ഒരു ഗിറ്റാർ, ആകെ മൊത്തം ഒരു നിഗൂഢത..

ഘടാ ഘടിയന്മാരായ സാബുവിന്റെ അയൽക്കാർ സാബുവിനെ പൊക്കി നിവർത്തിയിരുത്തി, സാബു ഉറക്ക പിച്ചിൽ എന്താ എല്ലാരും കൂടെ, ഞാൻ എവിടെയാ....

സങ്കടവും, സന്തോഷവും ദേഷ്യവും കൊണ്ട് നിയന്ത്രണം വിട്ട റോസി, സാബുവിന്റെ കരണക്കുറ്റി നോക്കി ഒന്നാ പൊട്ടിച്ചു. നല്ല എണ്ണം പറഞ്ഞ ഫസ്റ്റ് ക്ലാസ്സ്‌ അടി. സ്വബോധം തിരിച്ചു കിട്ടിയ സാബു കുഞ്ഞിനെ റോസിയുടെ കയ്യിൽ നിന്നും വാങ്ങി ഉമ്മവച്ചു. അയൽക്കാർ സാബുവിനെ തൂക്കിയെടുത്ത് കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി, എല്ലാവരും ഒരു ചെറു പുഞ്ചിരിയോടെ മടങ്ങി, ഒന്നും മനസ്സിലാകാതെ സുജിത് ആന്റണി കിളിപോയപോലെ അവിടെ നിന്നു. എന്തൊക്കെയാണിവിടെ സംഭവിച്ചത്......ആരൊക്കെയാണ് രാവിലെ വന്നു കയറിയത്..... എന്തിനാണ് സാബുവിനെ അടിച്ചത് തുടങ്ങിയ ചോദ്യങ്ങളുമായി.

ഇതാണ് ഈ കഥയിലെ നായകന്റെ കഥ, ഇനി വില്ലൻ ആര്.... പ്രശാന്ത് മേത്ത,
നായക് നഹി...... ഖൽ നായക് ഹു മേം.......

ആരാണ് പ്രശാന്ത് മേത്ത.....സത്യത്തിൽ അന്ന് രാത്രി എന്താണ് സംഭവിച്ചത്....

കോൾട് എന്നത്, ഫിഡലിറ്റി ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഒരു സഹോദര സ്ഥാപനമാണ്, അത് 13 യൂറോപ്യൻ രാജ്യങ്ങളിൽ, ലീസ്ഡ് ലൈൻ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ നൽകിവരുന്നു. കോൾട്ടിനു ഇന്ത്യയിൽ ഗുർഗാവിലും ബാംഗ്ലൂരും രണ്ട് ഓഫ്‌ഷോർ ബാക്ക് ഓഫീസ് സപ്പോർട്ട് ഉണ്ട്. KVH എന്നത് ഫിഡിലിറ്റിയുടെ മറ്റൊരു സ്ഥാപനമാണ്. KVH ന്റെ കുറച്ച് ബാക്ക് ഓഫീസ് സപ്പോർട്ട് കോൾട് ബാംഗ്ലൂരിൽ നിന്നും ചെയ്തു പോന്നു. അതിനു പ്രത്യകം മാനേജ്മെന്റും ഉണ്ടായിരുന്നു.

പിന്നീട് KVH നെ കോൾട്ടിൽ ലയിപ്പിച്ചു കോൾട് ഏഷ്യ എന്നാക്കി. അതിനു ശേഷം KVH ന്റെ സർവീസ് ഡെലിവറി, കോൾട് യൂറോപ്പിന്റെ സർവീസ് ഡെലിവറി ഡയറക്ടർ ആയ രാജപ്പൻ എന്നുവിളിക്കുന്ന രജനീഷ് ഗുപ്തക്ക് കീഴിൽ വന്നു. രാജപ്പൻ കോൾട് ഏഷ്യയെ വരുത്തിയിലാക്കാൻ, കോൾട് ഏഷ്യയിലെ മാനേജർ മാരെ ചവിട്ടിക്കൂട്ടാൻ തന്റെ വിശ്വസ്ഥനായ, സുന്ദരനും സുമുഖനും താടിക്കാരനുമായ പ്രശാന്ത് മേത്തയെ ബാംഗ്ലൂരിലേക്ക് അയച്ചു.

നാലൊരു വീട്ടിൽ ജനിച്ച താടിക്കാരൻ, ബാംഗ്ലൂരിൽ വന്ന്, രാജപ്പൻ ഏല്പിച്ച ചവിട്ടിക്കൂട്ടൽ ദൗത്യം മറന്നു, എല്ലാവരോടും കമ്പനി കൂടി, എല്ലാവർക്കും പ്രിയങ്കരനായ മാനേജർ ആയി മാറി. അദ്ദേഹം എന്റെയും കൂടെ മാനേജർ ആയിരുന്നു. എന്തുകാര്യവും എപ്പോ വേണമെങ്കിലും ചെന്നുപറയാവുന്ന, എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന താടിക്കാരൻ, ആര് കമ്പനി കൂടാൻ വിളിച്ചാലും, ട്രിപ്പ്‌ പോകാൻ വിളിച്ചാലും അവരോടു കൂടെ പോയി. യാതൊരു ഡിസ്ക്രിമിനേഷൻ കൂടാതെ.
മാത്രമല്ല അദ്ദേഹം നല്ലൊരു ഗിറ്റാറിസ്റ്റും ആയിരുന്നു. അത്യാവശ്യം പാടുകയും ചെയ്യും.

താടിക്കാരന് സാബുവുമായി നേരിട്ട് ഔദ്യോധികമായി യാതൊരു ബന്ധവുമില്ലായിരുന്നു. ആ രാത്രിയിലെ പാർട്ടിയിലാണ് സാബുവിനെ പരിചയപ്പെടുന്നത് തന്നെ. പാർട്ടി കഴിഞ്ഞ് 9.30 ന് ഇറങ്ങിയ സാബു, പുറത്ത് പ്രശാന്ത് മേത്തയെയും, സുജിത് ആന്റണിയെയും കാണുകയും, പരിചയപെടുകയും, കുശലന്വേഷണം നടത്തുകയും ചെയ്തു, ആരോടും പെട്ടന്ന് കമ്പനിയാകുന്ന പ്രശാന്ത്, സാബുവിനെ തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും, കുറച്ച് നേരം പാട്ടൊക്കെ പാടി ഗിറ്റാർ വായിച്ചു അതികം താമസിക്കാതെ പോകാമെന്നും പറഞ്ഞു.

അവർ പ്രശാന്ത് ന്റെ വീട്ടിൽ എത്തി, അവിടെ വച്ച് ഒരു മോഡേൺ,  ദേവസഭാതലം രാഗിലമാക്കി, പിന്നീട് സാബുവിന് ബിയർ കൊടുത്തു  പിന്നെയും  ഗാനമേള തുടർന്നു, പിന്നെ റം ആയി, വിസ്കി ആയി, സാബു പാടുന്നു, പ്രശാന്ത് ഗിറ്റാർ വായിക്കുന്നു, സാബു പാടുന്നു പ്രശാന്ത് ഗിറ്റാർ വായിക്കുന്നു.

ഇതിനകം സാബുവിന്റെ 6 മണിക്കൂറിലധികം ചാർജ് നിലക്കാത്ത I -phone, ഓഫ്‌ ആയ കാര്യം അറിഞ്ഞില്ല, അങ്ങനെ വൈകാതെ എല്ലാവരും അടിച്ചു കോൺ തെറ്റി ഓഫ്‌ ആയി.

സാബുവുമായി മുൻപ് യാതൊരു ബന്ധവുമില്ലാതിരുന്ന പ്രശാന്ത് നെ ആരും അന്ന് രാത്രി സംശയിച്ചില്ല. അഥവാ സംശയിച്ചാലും, പ്രശാന്ത് ഓഫ്‌ ആയിരുന്നു.

രാവിലെ സാബുവിനെ അന്വേഷിച്ചു ഒരു പട തന്നെ വന്ന കാര്യവും,  ഓഫ്‌ ആയി പോയ പ്രശാന്ത് അറിഞ്ഞില്ല.

ഈ സംഭവം, രാജപ്പൻ അറിഞ്ഞു കലിപ്പായി. ചില കുൽശ്രിത ശക്തികൾ (വെളുത്ത കൈകൾ ) കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് കഥമെനഞ്ഞു രാജപ്പനെ ഇളക്കി.

കൂടുതൽ കലിപ്പിലായ രാജപ്പൻ പ്രശാന്ത് നെ ഗുർഗാവിലേക്കു, തിരിച്ചു വിളിപ്പിച്ചു, സീനിയർ മാനേജറിൽ നിന്നും തരം താഴ്ത്തി വെറും കണ്സള്റ്റന്റ് ആക്കി, പിന്നെ പ്രശാന്ത് മേത്തക്ക് കോൾട്ടിൽ കഷ്ടകാലമായിരുന്നു.

വാൽകഷ്ണം : അന്ന് രാത്രി തന്നെ സാബുവിനെ കാണാതായ വിവരം, റോസി നാട്ടി, റോസിയുടെ വീട്ടിലും സാബുവിന്റെ വീട്ടിലും അറിയിച്ചു, റോസിയുടെ അപ്പൻ, സാബുവിന്റെ അളിയൻ, പിന്നെ ഒരു പള്ളീലെ അച്ഛനെയും കൂട്ടി അടുത്ത വിമാനത്തിൽ കൊച്ചിയിൽനിന്നും വരാൻ പ്ലാൻ ഇട്ടു. ഗൾഫിൽ ഉള്ള സാബുവിന്റെ ചേട്ടനും, air india എക്സ്പ്രസ്സ്‌ ൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ശ്രമം നടത്തി . ഒന്നും വേണ്ടി വന്നില്ല, സാബുവിനെ കണ്ടെത്തി.
പള്ളീലെ ആച്ഛനെ എന്തിനാണ് കൂട്ടിയതെന്നു സണ്ണി ചേട്ടന് ഇപ്പോഴും സംശയം....

എന്നെ അറിയുന്നവരോട് ഞാൻ എപ്പോഴും പറയാറുണ്ട്, മദ്യം ആരോഗ്യത്തിന് ഹാനികരം, ചെറിയ അളവിൽ മനസ്സിന് സുഖം. അടിച്ചു ഓഫ്‌ ആകുന്നവർ, വീട്ടിൽ പോയി ഓഫ്‌ ആകുക, അല്ലെങ്കിൽ വീട്ടിൽ നേരത്തെ വിളിച്ച് ഞാൻ ഓഫ്‌ ആകാൻ പോകുകയാണെന്നു പറയുക, മിനിമം i-phone ഉപയോഗിക്കാതിരിക്കുക, ചാർജ് നിക്കില്ല, നിങ്ങൾ ഓഫ്‌ ആകും മുൻപ് i-phone വെടി തീരും.

ആ രാത്രി ഞാൻ ഇതൊന്നുമറിയാതെ തൊട്ടടുത്ത സ്ഥലമായ ഹെന്നൂർ ക്രോസ്സിലെ എന്റെ വാടക വീട്ടിൽ സുഖമായുറങ്ങി..

കുറച്ച് കൂടിപ്പോയല്ലേ....

എന്ന് നിങ്ങളുടെ സ്വന്തം ബിനോയ്‌.