Aksharathalukal

നൂപുരധ്വനി 🎼🎼 (29)

രാവിലെ പതിവ് പോലെ ബാലുവിനെ വ്യായാമം ചെയ്യിപ്പിക്കുകയാണ് ചിന്നു... അവൾ അത്രയും ശ്രദ്ധയോടെ ഓരോന്ന് ചെയ്യിപ്പിക്കുമ്പോഴും അവൻ അവളുടെ മുടിയിൽ പിടിച്ച് വലിച്ചിട്ടും കവിളിൽ പിച്ചിയിട്ടുമൊക്കെ കുറുമ്പ് കാട്ടിക്കൊണ്ടിരുന്നു... കപടദേഷ്യം കാട്ടി കണ്ണുരുട്ടുന്നുണ്ട് ചിന്നുവെങ്കിലും അവനതൊന്നും കാര്യമാക്കാതെ വീണ്ടും കുറുമ്പ് കാട്ടിക്കൊണ്ടിരുന്നു...

\"ബാലുവേട്ടാ.. അടങ്ങിയിരിക്ക് ട്ടോ..കുറുമ്പ് കാട്ടിയാ നല്ല പെട കിട്ടും എന്റെ കയ്യീന്ന്... \"
അവളവന്റെ കയ്യിൽ പതിയെ ഒരടി കൊടുത്തു.. അവൻ കയ്യുഴിഞ്ഞ് അവളെ കൂർപ്പിച്ചു നോക്കി.. പിന്നെ കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി.. മുഖവും വീർപ്പിച്ചിരുന്നു... ചിന്നു അത്‌ കണ്ടൊന്ന് ചിരിച്ചു...

\"ഇനി നമുക്ക് തല മസ്സാജ് ചെയ്യാം.. ബാലുവേട്ടന് തല വേദനിക്കുന്നെന്ന് പറഞ്ഞില്ലേ ഇന്നലെ... ചക്കീടെ കൈ തൊട്ടാ തലവേദനയൊക്കെ പമ്പ കടക്കും.. കണ്ടോ... \"
അവനോട് കളിയോടെ പറഞ്ഞു കൊണ്ട് ഡോക്ടർ നിർദേശിച്ചത് പ്രകാരം അവൾ അവന്റെ തലയിലെ ക്ഷതമേറ്റ ഞെരമ്പിൽ പതിയെ ഉഴിയാൻ തുടങ്ങി...

ബാലുവിന് നല്ല സുഖം തോന്നി.. അവന്റെ കണ്ണുകൾ പതിയെപ്പതിയെ അടഞ്ഞു പോയി... കണ്ണുകൾ പൂർണമായും അടഞ്ഞ് പോയി അവനൊരു ചെറുമയക്കത്തിലേക്ക് പോയി വീണു..

പതിയെ.. അവന്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ അവ്യക്തമായ ചില ചിത്രങ്ങൾ തെളിയാൻ തുടങ്ങി...

\"ചക്കിയുടെ മുഖം..തന്നെ ഇമ വെട്ടാതെ നോക്കി നിന്നവളുടെ രൂപം.... പിന്നീടെപ്പോഴോ തന്റെ ഉള്ളിൽ കയറിപ്പറ്റിയ അവളുടെ മനോഹരമായ ചിരി.. സ്റ്റേജിൽ നിന്നു കൊണ്ട് അവളെ നോക്കുന്ന താൻ... കരഞ്ഞു കലങ്ങിയ മിഴികളോടെ നിൽക്കുന്ന ചക്കിയെ ചേർത്തു പുണരുന്ന താൻ... സുന്ദരിയായി തനിക്ക് മുൻപിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചക്കി... അവളുടെ കഴുത്തിൽ മാല ചാർത്തുന്ന താൻ.. അവളെ ചേർത്തു പുണർന്ന് അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് ചേർത്ത് ചുംബിക്കുന്ന താൻ... തനിക്ക് നേരെ ചീറിപ്പാഞ്ഞു വരുന്നൊരു വാഹനം...
പിന്നെ  കെട്ടിടത്തിനു മുകളിൽ നിന്നും തന്റെ കണ്മുന്നിൽ വന്ന് വീഴുന്ന ചക്കി... അവൾക്ക് ചുറ്റും പരന്നൊഴുകിയ രക്തം... തന്നെ നോക്കിക്കൊണ്ട് നിശ്ചലമായ അവളുടെ ശരീരം....!!!!\"

രണ്ട് നാൾ മുൻപ് ചിന്നു വരച്ച ഫ്ലിപ് ബുക്കിൽ താനും അവളുമുള്ള കുറേ ചിത്രങ്ങൾ കണ്ടത് പോലെ ഓർമ്മയിൽ നിന്നുമുള്ളൊരാ ചിത്രങ്ങൾ ഓടിയകലും  പോലെ അവന്റെ കണ്ണിൽ തെളിഞ്ഞു....

ബാലുവിന്റെ ശരീരം കിടുകിടെ വിറയ്ക്കാൻ തുടങ്ങി...അടഞ്ഞ കൺപോളകൾക്കുള്ളിൽ കൃഷ്ണമണികൾ പരക്കം പാഞ്ഞു...അസഹനീയമായ വേദനയാൽ അവൻ തല പൊത്തിപ്പിടിച്ച് കൊണ്ട് കസേരയിൽ നിന്നും നിലത്തേക്ക് വീണു....

അവന്റെ ശരീരം ചെറുതായി വിറച്ചു തുടങ്ങിയതേ ചിന്നു പരിഭ്രമിച്ച് പോയിരുന്നു... അവന്റെ സംഘർഷങ്ങൾ കൂടി വരും തോറും അവളിൽ ഭയമേറി വന്നു... അവൾ അവനെ വിളിച്ചു കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി....

\"ബാ.. ബാലുവേട്ടാ... എന്നെ.. എന്നെ നോക്ക് ബാലുവേട്ടാ.. ഈശ്വരാ.. എന്താ.. എന്താ പറ്റിയേ... ബാലുവേട്ടാ....\"
അവൾ കരഞ്ഞു കൊണ്ട് അവന്റെ കൈകളെ ശിരസിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ തന്റെ മുടി കൈകളാൽ മുറുക്കി വലിച്ചു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
മുഖം ചുവന്നു വിങ്ങി....

പക്ഷേ അടുത്ത നിമിഷത്തിൽ ഭ്രാന്തമായി അലറി വിളിച്ചു കൊണ്ട് അവൻ അവളുടെ കഴുത്തിലൂടെ പിടി മുറുക്കി... അവൾക്ക് ശ്വാസം മുട്ടി... അവന്റെ വിരലുകൾ എപ്പോഴൊക്കെയോ അവളുടെ കഴുത്തിലെ മാലയിൽ കൊരുത്തു... വേദന കഠിനമാകും തോറും അവന്റെ ശക്തി കുറഞ്ഞു വന്നു...

അവളിലെ പിടി അയഞ്ഞു തുടങ്ങി.. അവന്റെ കൈകൾ തളർച്ചയോടെ താഴ്ന്ന് അവൻ പിറകിലേക്ക് മറിഞ്ഞു.. പക്ഷേ അവന്റെ വിരലുകളിൽ കോർത്തിരുന്ന മാലയും അവൻ വീണതിനൊപ്പം പൊട്ടിച്ചിതറി.. മാലയും അവളുടെ മുഖമുള്ള ലോക്കറ്റിന്റെ പകുതിയും അവന്റെ ലൈബ്രറി ഷെൽഫിനടിയിലേക്ക് തെറിച്ചു പോയി വീണു.. അവന്റെ മുഖമുള്ള ബാക്കി പകുതി അവളുടെ വസ്ത്രത്തിനുള്ളിലേക്കും വീണു പോയി....

അവൻ വീഴുന്നതിനൊപ്പം അവന്റെ ശരീരത്തിലേക്ക് വീണു പോയ ചിന്നു ഇതൊന്നും അറിഞ്ഞില്ല... അവൾ നടുങ്ങി വിറച്ചു പോയിരുന്നു...
ബോധരഹിതനായി കിടക്കുന്ന ബാലുവിനെ കണ്ട് ഒരു നിമിഷം അവൾ മരവിച്ചിരുന്നു പോയി... അടുത്ത നിമിഷം അവൾ വാതിൽ തുറന്ന് പുറത്തേക്കോടി...

താഴെ ചെന്നവൾ രാമചന്ദ്രനെയും ഗിരിജയെയും വിളിച്ചു കൊണ്ടു വന്നു...ബാലുവിന്റെ കിടപ്പ് കണ്ട് അവരും വല്ലാതെ ഭയന്നു ... ഗിരിജ കരയാൻ തുടങ്ങിയിരുന്നു.. ഒട്ടും വൈകിക്കാതെ രാമചന്ദ്രൻ വേലക്കാരെ വിളിച്ചു വരുത്തി.. അവരുടെ സഹായത്തോടെ അവനെ കാറിലേക്ക് കയറ്റി അയാൾ ഹോസ്പിറ്റലിലേക്ക് കുതിച്ചു...

ഗിരിജ കാറിലേക്ക് കയറിയതിനു പിന്നാലെ പോകാൻ ചിന്നു തുനിഞ്ഞെങ്കിലും രാമചന്ദ്രന്റെ രൂക്ഷമായൊരു നോട്ടത്തിൽ അവൾക്ക് പിന്മാറേണ്ടി വന്നു....ബാലുവിനെയും കൊണ്ടവർ പോയതും ചിന്നു രാഹുലിനെ വിളിച്ചു...

\"രാഹുലേട്ടാ.. ബാലു.. ബാലുവേട്ടൻ...കണ്ണ്.. കണ്ണടച്ചു കിടക്കാ...ഞാൻ വിളിച്ചിട്ട്.. എ..എണീറ്റില്ല... കുറേ.. കുറേ വേദനിച്ചു പാവത്തിന്...കരയുവായിരുന്നു...എനിക്ക്.. എനിക്ക് പേടിയാവണു... എന്നെ.. എന്നെ കൊണ്ടോയില്ല രാഹുലേട്ടാ.. ഒന്ന്.. ഒന്ന് പോയി നോക്കുവോ.. എന്റെ.. എന്റെ.. ബാ.. ബാലുവേട്ടൻ!!!!\"

ഏങ്ങലടിക്കിടയിൽ ചിന്നുവിന്റെ വാക്കുകൾ മുറിഞ്ഞ് പോയി.. അതോടൊപ്പം അവൾ പൊട്ടിക്കരയാൻ കൂടി തുടങ്ങിയതോടെ രാഹുൽ ആകെ ഭയന്നു വിറച്ചു പോയി...

\"മോളേ... കരയല്ലേ... ഞാൻ.. ഞാൻ വരാം.. നിന്റെ ബാലുവേട്ടന് ഒന്നും സംഭവിക്കില്ല..
ഞാൻ വന്നു കൊണ്ട് പോകാം നിന്നെ... ഇപ്പൊ.. ഇപ്പൊ വരാം... \"
രാഹുൽ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ബൈക്കിന്റെ താക്കോലെടുത്തിരുന്നു അപ്പോഴേക്കും... ഫോൺ പോക്കറ്റിലേക്കിട്ട് അമ്മയോട് കാര്യമൊന്നു സൂചിപ്പിച്ച് രാഹുൽ ബൈക്കുമെടുത്തു ബാലുവിന്റെ വീട്ടിലേക്ക് പാഞ്ഞു...

അവനവിടെ എത്തുമ്പോൾ ഉമ്മറത്തെ വെറും തറയിൽ കരഞ്ഞു തളർന്നിരിപ്പുണ്ടായിരുന്നു ചിന്നു...
രാഹുൽ ബൈക്ക് സ്റ്റാന്റിലിട്ട് ഇറങ്ങി അവൾക്കടുത്തേക്ക് ചെന്നു... അവനെ കണ്ടതും അവളുടെ കരച്ചിൽ ഒന്ന് കൂടെ കൂടി...രാഹുലവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു...

\"എന്താ പറ്റിയേ മോളേ അവന്? \"
രാഹുലും കരയുക തന്നെയായിരുന്നു... കരഞ്ഞു കൊണ്ട് തന്നെ ചിന്നു നടന്നതെല്ലാം അവനോട് പറഞ്ഞു... രാഹുലിന്റെ ഹൃദയം ഭയത്താൽ വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു...

\"ചിന്നു.. നീ വാ.. നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.. വാ...\"
അവളെ അടർത്തി മാറ്റി അവനവളെ വലിച്ചെഴുന്നേൽപ്പിച്ച് ബൈക്കിനടുത്തേക്ക് നടന്നു... അവൻ കയറിയിരുന്നു ബൈക്ക് സ്റ്റാർട്ടാക്കിയതും അവളും വേഗത്തിൽ കയറിയിരുന്നു..

അവളെയും കൊണ്ടവൻ പായുകയായിരുന്നു തന്റെ ബാലുവിന് അരികിലേക്ക്....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (30)

നൂപുരധ്വനി 🎼🎼 (30)

4.8
5916

രാഹുലും ചിന്നുവും ഹോസ്പിറ്റലിൽ എത്തുമ്പോൾ ഐ.സി.യൂവിന് മുൻപിൽ ഇരിക്കുന്നുണ്ട് രാമചന്ദ്രനും ഗിരിജയും.. ഗിരിജ അപ്പോഴും കരച്ചിൽ തന്നെയാണ്.. രാമചന്ദ്രനും ആകെ പരിഭ്രമത്തിലാണ്...രാഹുലിനൊപ്പം നടന്നു വരുന്ന ചിന്നുവിനെ കണ്ടതോടെ ആ പരിഭ്രമം അമർഷത്തിലേക്കും നീരസത്തിലേക്കും വഴി മാറി.. അയാളുടെ കണ്ണിൽ തങ്ങൾക്കായി തെളിയുന്ന അവജ്ഞ ചിന്നുവിനും രാഹുലിനും നോവ് നൽകിയെങ്കിലും അതിനേക്കാൾ അകത്ത് കിടക്കുന്നവനെക്കുറിച്ചുള്ള ആധിയായിരുന്നു ഇരുവരിലുമേറെ...\"നിന്നോട് വരണ്ടെന്ന് പറഞ്ഞതല്ലേ.. ഇവനെയും കൂട്ടിയിപ്പോ എന്തിനാണിങ്ങോട്ട് വന്നത്...നിന്റെ അശ്രദ്ധ കാരണമാ എന്റെ കുഞ്ഞ