Aksharathalukal

നൂപുരധ്വനി 🎼🎼 (28)

\"ചക്കീ!!!\"

ഓടി വന്നു തന്നെ പുണർന്നു മുറുക്കുന്ന ബാലുവിനെ കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ചിന്നു... അവന്റെ പിടിത്തത്തിൽ എല്ലു പൊടിയും പോലെ വേദനിക്കുന്നുണ്ട്... ശ്വാസം മുട്ടുന്നുണ്ട്.. പക്ഷേ അവനെ അടർത്തി മാറ്റാൻ കഴിയുന്നില്ല...

തന്റെ പ്രാണനാണ്... ഈയൊരവസ്ഥയിൽ...
അവന്റെ കണ്ണുനീർ തോൾ നനയ്ക്കുന്നതറിയുന്നുണ്ടെങ്കിലും ഒന്നും പറയാൻ കഴിയുന്നില്ല.. അവനെയൊന്ന് തിരികെ പുണരാൻ കൈകൾ ഉയരുന്നില്ല....

നീരസം മറയ്ക്കാതെ രാമചന്ദ്രൻ അത്‌ മുഖത്ത് പ്രകടമാക്കുന്നുണ്ട്...അവളുടെ നിസ്സഹായത കണ്ടിട്ടാകണം...രാഹുൽ മുന്നോട്ട് വന്നു...

\"ഡാ... ചക്കിക്ക് ശ്വാസം മുട്ടുന്നെടാ... വിട്.. ഇനിയിപ്പോ ചക്കി നിന്റെ കൂടെത്തന്നെയുണ്ടല്ലോ... പിന്നെന്താ \"
ബാലുവിനെ ബലമായി പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങിക്കൊണ്ട് അവൻ അവളെ കൂടുതൽ അമർത്തി പിടിച്ചു...

\"ബാ.. ബാലു.. ഏട്ടാ... ച.. ചക്കിക്ക്... ചക്കിക്ക് ശ്വാസം മുട്ടുന്നു...\"
അവൾ അവന്റെ പുറത്ത് മെല്ലെയൊന്ന് അമർത്തി... അവന്റെ ശരീരം നിശ്ചലമായി...
ഞൊടിയിൽ അവൻ അവളെ വിട്ട് മാറി...

\"യ്യോ... ഞാൻ ഇനി പതിയെ പിടിക്കാവേ...\"
അവൻ അവളുടെ കയ്യിൽ പതിയെ തടവി...

രാഹുലിന്റെയും ചിന്നുവിന്റെയും മാധവന്റെയും ദേവകിയുടേയുമൊക്കെ കണ്ണുകൾ നിറഞ്ഞു... എന്നാൽ രാമചന്ദ്രന്റെ മുഖത്ത് അസ്വസ്ഥത നിറഞ്ഞു....

\"നമുക്ക് പോകാം സർ..\"
കണ്ണുകൾ തുടച്ച് കൊണ്ട് രാഹുൽ രാമചന്ദ്രനോട് പറഞ്ഞു... ഒന്ന് മൂളുക മാത്രം ചെയ്തിട്ട് അയാൾ പുറത്തേക്ക് പോയി... പിറകെ ചിന്നുവിനെയും അവളെ തൊട്ടും തലോടിയും നിൽക്കുന്ന ബാലുവിനെയും ഒന്ന് നോക്കി രാഹുലും പുറത്തേക്ക് പോയി...

അന്ന് തുടങ്ങുകയായിരുന്നു ബാലുവിന്റെയും അവന്റെ ചക്കിയുടെയും പുതുനാളുകൾ... അവന്റെ മനസ്സിന് മരുന്നായി അവളും അവളുടെ നോവിന് മരുന്നായി അവനും മാറിയ ദിനങ്ങൾ....

പത്തു നാൾക്ക് ശേഷം ആ ഗ്രാമത്തിൽ നിന്നും ബാലുവിന്റെ വീട്ടിലേക്കുള്ള പറിച്ചു നടൽ... ബാലു സന്തോഷവാനായിരുന്നു...അവൻ നഷ്ടപ്പെട്ടു പോയ തന്റെ ബാല്യം തിരിച്ചു പിടിച്ചു ജീവിക്കുകയാണെന്ന് തോന്നി പലപ്പോഴും രാഹുലിനും ചിന്നുവിനും... ചിന്നു അവന് അമ്മയാകുന്നത് രാഹുൽ കണ്ടറിഞ്ഞു...

ദിനങ്ങളും രാത്രികളും ചിന്നുവിൽ മാത്രം ലയിച്ച് ബാലു ജീവിച്ചു... അവളുടെ വാക്കുകൾ കേട്ട്... അവളുടെ താരാട്ട് കേട്ട്. അവളുടെ നെഞ്ചിൽ ചാഞ്ഞുറങ്ങി.. അങ്ങനെയങ്ങനെ അവനൊരു കൊച്ചു കുട്ടിയായി മാത്രം ജീവിച്ചു... സങ്കടങ്ങളോ വേദനകളോ ആശങ്കകളോ ഇല്ലാതെ...
ഒപ്പം ഡോക്ടർ നിർദേശിച്ച മരുന്നുകൾ ചിന്നു കൃത്യമായി അവനെ കഴിപ്പിച്ചു കൊണ്ടിരുന്നു... അദ്ദേഹം പറഞ്ഞു കൊടുത്ത വ്യായാമങ്ങൾ ചെയ്യിച്ചു....

മകന്റെ ഈയൊരവസ്ഥയിൽ മനമുരുകി അവനെയൊന്ന് ചേർത്ത് നിർത്തി സ്നേഹിക്കാനൊരു അവസരം ഗിരിജ ആഗ്രഹിച്ചെങ്കിലും കർമഫലം അവർക്കതിനുള്ള അവസരം നൽകിയില്ല...
മകന് മറ്റൊരാൾ... അതും പ്രായത്തിൽ അവനെക്കാൾ ചെറിയൊരു പെൺകുട്ടി അമ്മയാകുന്നത് അവർക്ക് നോക്കി നിൽക്കേണ്ടി വന്നു...

ചിന്നുവിനോട് അനിഷ്ടമൊന്നും കാട്ടിയില്ലെങ്കിലും അടുപ്പം കാട്ടാനും അവർക്കായില്ല... രാമചന്ദ്രന്റെ കണ്ണിലാകട്ടെ അവൾക്ക് മകനെ നോക്കാൻ നിർത്തിയ ഒരു ആയയുടെ വില മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതും കൂടാതെ ഇടയ്ക്കിടെ ബാലുവിനെ കാണാൻ വീട്ടിലെത്തുന്ന രാഹുലിനോട് അവൾ കാട്ടുന്ന അടുപ്പവും അയാളെ ദേഷിപ്പിച്ചുകൊണ്ടിരുന്നു....

ആദ്യമൊക്കെ അച്ഛനെയും അമ്മയെയും രാഹുലിനെയുമൊക്കെ അകറ്റി നിർത്തിയ ബാലു ചിന്നുവിന്റെ നിരന്തരമായ സ്വാധീനത്തിൽ അവരെ സ്നേഹിച്ച് തുടങ്ങി.. എങ്കിലും ചിന്നു കഴിഞ്ഞാൽ രാഹുലിനോട് തന്നെയായിരുന്നു അവന് അടുപ്പം കൂടുതൽ ....

ഒരിക്കൽ ചിന്നു പറഞ്ഞ് കൊടുത്തൊരു  മുത്തശ്ശിക്കഥയിൽ നിന്നും ബാലു പിടിച്ചെടുത്ത വാക്കായിരുന്നു \"കല്യാണം\"...
പെട്ട് പോയതാകട്ടെ ചിന്നുവും... കഥ തീർന്ന നിമിഷം തൊട്ട് ബാലു വാശി തുടങ്ങിയതാണ്.. കല്യാണം കഴിക്കണമെന്നും പറഞ്ഞ്... ചിന്നു ഒരുപാട് ശ്രമിച്ചിട്ടും ആ വാശി നിന്നില്ല....

ഒടുവിൽ അമ്പോറ്റിയെ കാട്ടിത്തരാമെന്നും പറഞ്ഞ് ചിന്നു അവനെയും കൊണ്ട് ക്ഷേത്രത്തിൽ പോയി...അവിടെയെത്തിയതും ബാലുവിന്റെ വാശി കൂട്ടാനെന്നത് പോലെ ഒരു വിവാഹം നടക്കുന്നു... ബാലു വീണ്ടും തുടങ്ങി കല്യാണത്തിന്റെ പേരും പറഞ്ഞ് ബഹളം... അവർ ചെയ്തത് പോലെ ചിന്നുവിന്റെ കഴുത്തിൽ മാല കെട്ടണമെന്ന്...

ബാലുവിന് സ്‌ട്രെസ് തീരെ കൊടുക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളത് കൊണ്ട് അവനെ അടക്കി നിർത്തിയെ മതിയാകുമായിരുന്നുള്ളൂ ..
ഒടുവിൽ ഒരു നിവൃത്തിയുമില്ലാതെ ചിന്നു രണ്ടും കൽപ്പിച്ച് പേഴ്സിൽ നിന്നും ആ മാല പുറത്തെടുത്തു...

ബാലു അവൾക്കായി നൽകിയ പ്രണയോപഹാരം...

ഒരിക്കൽ അവൻ അത്രയും പ്രണയത്തോടെ കഴുത്തിൽ കെട്ടി തന്നതാണ്... എടുത്ത് സൂക്ഷിച്ചു വച്ചതാണ്... അവന് വേണ്ടി അവളത് വീണ്ടും അണിയാൻ തയ്യാറായി... അവന്റെ കയ്യാലെ...

ആ പ്രപഞ്ച ശക്തിക്ക് മുൻപിൽ വച്ച് ബാലു ആ മാല അവളുടെ കഴുത്തിൽ വീണ്ടും കെട്ടി.. അവൾക്കുള്ളിൽ ആ മാല താലി തന്നെയായി നിറഞ്ഞു..അർത്ഥമറിയില്ലെങ്കിലും അവനൊരുപാട് സന്തോഷത്തിലായിരുന്നു...
കണ്ണിൽ കണ്ട വിവാഹത്തിന്റെ ചടങ്ങുകൾ അവൻ അനുകരിച്ചു...അവളുടെ നെറുകിൽ കുങ്കുമം കൊണ്ട് ചുവപ്പിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞത് കണ്ടവൻ അതേ കുങ്കുമച്ചുവപ്പോടെ അവളുടെ കണ്ണുകൾ തുടച്ചു... അവൾ ചിരിക്കുന്നത് കണ്ട് അവളുടെ കവിളുകളിൽ മാറി മാറി അമർത്തി ചുംബിച്ചു...


ദിവസങ്ങൾ ഒരുപാട് ഓടിയകന്നു...
അവരുടെ ജീവിതം ശാന്തമായി ഒഴുകി...

മുന്നിലൊരു വലിയ ചുഴി ഒളിപ്പിച്ച് പിടിച്ചു കൊണ്ട്!!!!!

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
നൂപുരധ്വനി 🎼🎼 (29)

നൂപുരധ്വനി 🎼🎼 (29)

4.8
5744

രാവിലെ പതിവ് പോലെ ബാലുവിനെ വ്യായാമം ചെയ്യിപ്പിക്കുകയാണ് ചിന്നു... അവൾ അത്രയും ശ്രദ്ധയോടെ ഓരോന്ന് ചെയ്യിപ്പിക്കുമ്പോഴും അവൻ അവളുടെ മുടിയിൽ പിടിച്ച് വലിച്ചിട്ടും കവിളിൽ പിച്ചിയിട്ടുമൊക്കെ കുറുമ്പ് കാട്ടിക്കൊണ്ടിരുന്നു... കപടദേഷ്യം കാട്ടി കണ്ണുരുട്ടുന്നുണ്ട് ചിന്നുവെങ്കിലും അവനതൊന്നും കാര്യമാക്കാതെ വീണ്ടും കുറുമ്പ് കാട്ടിക്കൊണ്ടിരുന്നു...\"ബാലുവേട്ടാ.. അടങ്ങിയിരിക്ക് ട്ടോ..കുറുമ്പ് കാട്ടിയാ നല്ല പെട കിട്ടും എന്റെ കയ്യീന്ന്... \"അവളവന്റെ കയ്യിൽ പതിയെ ഒരടി കൊടുത്തു.. അവൻ കയ്യുഴിഞ്ഞ് അവളെ കൂർപ്പിച്ചു നോക്കി.. പിന്നെ കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി.. മുഖവും