Aksharathalukal

നൂപുരധ്വനി 🎼🎼 (31)

\"ചിന്നു \"

ഒബ്സെർവേഷന് പുറത്ത് കസേരയിലിരുന്നൊന്ന് മയങ്ങി പോയതാണ് ചിന്നു.. അപ്പോഴാണ് ഗിരിജ അവളെ വിളിക്കുന്നത്... വിളി കേട്ട് ചിന്നു കണ്ണുകൾ തുറന്നു... അവൾക്ക് കുറച്ച് മാറി ഇരുന്നിരുന്ന രാഹുലും അവരെ നോക്കി.. രാമചന്ദ്രൻ അവിടെ ഉണ്ടായിരുന്നില്ല..

ഗിരിജ അവൾക്കരികിൽ ഇരുന്നു.. അവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിൽ അവർ പൊതിഞ്ഞു പിടിച്ചു.. അവർ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു..ചിന്നുവിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.. ആദ്യമായിട്ടാണിങ്ങനെ ഒരു പുഞ്ചിരി പോലും ഗിരിജ അവൾക്ക് നൽകുന്നത്.. അവൾക്ക് ആ സങ്കടത്തിലും ചെറിയൊരു സന്തോഷം തോന്നി....

\"മോൾക്ക് എന്റെ മോനെ എത്ര ഇഷ്ടമാണെന്ന് എനിക്കറിയാം.. അവന് നിന്നെയും... അവന്റെയുള്ളിൽ നിന്റെ പേര് ചക്കിയെന്നാണെങ്കിലും അവൻ സ്നേഹിച്ചത് നിന്നെ മാത്രമാണെന്നുമറിയാം...\"

ഗിരിജ പറയുമ്പോൾ അവൾക്കുള്ളിൽ അവനോടുള്ള പ്രണയം ഒരു വെളിച്ചം പോലെ നിറഞ്ഞു നിന്നു.. അവൾ അവർക്കൊരു ചെറു പുഞ്ചിരി നൽകി...
ആ പുഞ്ചിരിയിൽ രാഹുലിനും സന്തോഷം തോന്നി...

\"പക്ഷേ!!!\"

ഗിരിജയുടെ സ്വരം മാറി...ചിന്നുവിന്റെയും രാഹുലിന്റെയും മുഖം മങ്ങി..

\"സർജറി കഴിഞ്ഞ് ഉണരുന്ന എന്റെ മോന് നിന്നെയോ നിങ്ങളുടെ പ്രണയമോ ഓർമ്മയുണ്ടാകില്ല... പറഞ്ഞു പഠിപ്പിക്കാൻ കഴിയുന്ന ഒന്നാണോ പ്രണയം ... അത്‌ ഉള്ളിൽ തനിയെ വരേണ്ടതല്ലേ...?\"

ഗിരിജ ചോദിക്കുമ്പോൾ ചിന്നുവിന്റെ ഹൃദയം വല്ലാതെ പിടഞ്ഞു തുടങ്ങിയിരുന്നു... രാഹുലിന്റെ പുരികം ചുളിഞ്ഞു...

\"പറഞ്ഞു പഠിപ്പിക്കേണ്ടി വരില്ല മാഡം.. ബാലുവിന്റെയുള്ളിൽ ഇവളെ ഉള്ളൂ.. എത്ര മറന്നെന്ന് പറഞ്ഞാലും അവന്റെയുള്ളിൽ എവിടെയെങ്കിലും ഇവളുണ്ടാകും...\"
രാഹുൽ പൂർണ ആത്മവിശ്വാസത്തോടെ പറയുന്നത് കേട്ട് ഗിരിജ ഒരു നിമിഷം മുഖം കുനിച്ചു മൗനമാർന്നു...

മുഖമുയർത്തി ചിന്നുവിനെ നോക്കിയ ഗിരിജയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു....ചിന്നു പകച്ചു പോയി...

\"അവന് ഞാൻ നല്ലൊരു അമ്മയായിരുന്നില്ല മോളേ...പ്രൊഫഷന്റെ തിരക്കുകളിലും ചെറുപ്പത്തിന്റെ അഹങ്കാരങ്ങളിലും ഞാനവനെ മറന്നു പോയിരുന്നു...മുതിർന്നപ്പോൾ അവനെന്നെ അവഗണിക്കാൻ തുടങ്ങി.. ഞാനവനോട് ചെയ്തത് പോലെ...എനിക്കത് സഹിക്കാനായില്ല...അപ്പോഴാണ് ഞാൻ ചെയ്തു കൂട്ടിയത് എത്ര വലിയ തെറ്റായിരുന്നെന്ന് എനിക്ക് മനസ്സിലായത്...

പക്ഷെ ഒരിക്കൽ പോലും അവനെന്നോട് ദേഷ്യത്തോടെ പെരുമാറിയിട്ടില്ല... അവന്റെയുള്ളിൽ എന്നോട് സ്നേഹമുണ്ടെന്നെനിക്കറിയാം... അത്‌ കൊണ്ടാണ് ഞാൻ കാത്തിരുന്നത്.. എന്നെങ്കിലും എന്റെ മോൻ എന്റെ തെറ്റുകൾ പൊറുക്കുമെന്ന്...എന്നോട് അടുക്കുമെന്ന്...
പക്ഷേ ഇന്ന് വരെ അതുണ്ടായില്ല...

പകരം ഞാൻ കണ്ടത് അവൻ നിന്നിലേക്ക് അടുക്കുന്നതാണ്.. അവന് നീ എല്ലാമായി മാറുന്നതാണ്...നീ വരച്ച അവന്റെ ചിത്രങ്ങളും നെഞ്ചോട് ചേർത്ത് അവനുറങ്ങുന്നത് ഞാൻ കണ്ടു.. നിന്നെയോർത്ത് പ്രണയത്തോടെ ചിരിക്കുന്നത് കണ്ടു... അവന്റെ മൊബൈലിൽ ഒരിക്കൽ നിന്റെ ഫോട്ടോ ഞാൻ കണ്ടു...

ഏട്ടനോട് പോലും പറഞ്ഞില്ല... ഇനിയൊരിക്കലും അവൻ എന്നെ സ്നേഹിക്കില്ലെന്ന് എനിക്ക് തോന്നി...അവൻ നിന്നെ മാത്രമേ ഇനി സ്നേഹിക്കൂ എന്ന് മനസ്സിലായി...ഒരുപാട് സങ്കടപ്പെട്ടു ഞാൻ .. ഒരുപാട് കരഞ്ഞു ഞാൻ...

ഓർമ്മകൾ നഷ്ടമായി ഒരു കൊച്ചു കുഞ്ഞിനെപ്പോലെയായപ്പോൾ അവൻ എന്നെ തേടുമെന്ന് വെറുതെ പ്രതീക്ഷിച്ചു.. പക്ഷേ അപ്പോഴും അവനെന്നെ കണ്ടില്ല... അമ്മയുടെ സ്ഥാനത്തു പോലും അവൻ കണ്ടത് എന്നെയല്ല.. നിന്നെയാണ്...\"

കരച്ചിലോടെ പറഞ്ഞു പറഞ്ഞ് ഗിരിജ കിതച്ചു തുടങ്ങി... ചിന്നുവാകെ പകച്ചിരിക്കുകയാണ്.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..രാഹുലിന്റെ മുഖത്തുമുണ്ട് പകപ്പ്.. അവർ ഇടയ്ക്കിടെ പരസ്പരം നോക്കുന്നുണ്ട്...

\"നീയും ഇവനും അവന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണ് അവനീ മാറ്റങ്ങളെല്ലാം...ആ ആക്സിഡന്റും ഇന്നത്തെ അവന്റെ അവസ്ഥയും അവന്റെ ജീവന് വന്ന ഭീഷണിയും എല്ലാം നിന്നെ കണ്ടുമുട്ടിയതിനു ശേഷമാണ്....അത്‌ വരെ അവന്റെ ജീവിതത്തിൽ എല്ലാം ശാന്തമായിരുന്നു.. അത്‌ അതേപോലെ മുന്നോട്ട് പോയിരുന്നെങ്കിൽ എന്നെങ്കിലും അവനെന്നെ സ്നേഹിക്കുമായിരുന്നു..അവനെ എന്നിലേക്ക് അടുപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നു..\"

കണ്ണുകൾ അമർത്തി തുടച്ച് വീറോടെ പറയുന്ന ഗിരിജയെ കണ്ട് രാഹുലിന് തോന്നിയത് പുച്ഛമാണ്...

\"നിന്റെ തലയിലെഴുത്തിന്റെ ഗുണമാണ് എന്റെ മോനും കൂടി അനുഭവിക്കേണ്ടി വന്നത്...നിന്റെ അമ്മയുടെ ഉയിരെടുത്തു കൊണ്ടല്ലേ നീ ജനിച്ചു വീണത്.. നിനക്ക് വേണ്ടിയല്ലേ നിന്റെ ചേച്ചി മരിച്ചു വീണത്... നിന്റെ അച്ഛനും പോയത് ആ കാരണം കൊണ്ടല്ലേ..അങ്ങനെ നോക്കിയാൽ ശാപം പിടിച്ചൊരു ജന്മമല്ലേ നിന്റേത്... ആ ശാപമല്ലേ എന്റെ കുഞ്ഞും ഇപ്പൊ അനുഭവിച്ച് കൊണ്ടിരിക്കുന്നത്...\"

ഗിരിജയുടെ സ്വരത്തിൽ അമർഷം നിറഞ്ഞു വന്നു... ചിന്നു ഹൃദയം തകർന്ന് പൊട്ടിക്കരഞ്ഞു പോയിരുന്നു... രാഹുൽ അവളെയൊന്ന് നോക്കി കണ്ണുകൾ ഗിരിജയിലേക്ക് തിരിച്ചു... അവൻ ദേഷ്യത്താൽ പല്ല് ഞെരിച്ച് കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു...

ഗിരിജ കണ്ണുകൾ തുടച്ച് എഴുന്നേറ്റ് രാഹുലിന്റെ അടുത്തേക്ക് ചെന്നു...

\"പിന്നെ നീ... നിനക്കെന്ത് യോഗ്യതയുണ്ട് എന്റെ മോന്റൊപ്പം സൗഹൃദം പങ്കിടാൻ... അർഹതയില്ലാത്തതാണ് നീയിത്രയും കാലം കൈവശപ്പെടുത്തി വച്ചിരുന്നത്...നിന്റെ കൂടെ കൂടിയതിൽ പിന്നെയാണ് ബാലു തന്നിഷ്ടം കാട്ടാൻ തുടങ്ങിയത്.. ഞങ്ങളെ അനുസരിക്കാതെയായത്..ബാലു അവന്റെ അച്ഛനെ ധിക്കരിച്ചത് മുഴുവൻ നിനക്ക് വേണ്ടിയാണ്...\"

ദേഷ്യം അടക്കിപ്പിടിച്ച് നിൽക്കുന്ന രാഹുലിന്റെ കണ്ണുകൾ നനഞ്ഞു പോയിരുന്നു... ചിന്നുവും കരഞ്ഞു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു...

\" ഇത്രയും കാലം രണ്ട് പേരും കൂടി ചെയ്തു തന്ന ഉപകാരങ്ങൾ ഒരുപാടുണ്ട്.. ഇനി വയ്യ.. എന്റെ മോനെ നിങ്ങൾ രണ്ടു പേരിൽ നിന്നും രക്ഷിക്കാനായിട്ടാകും ദൈവം അവന് ഇങ്ങനെയൊരു അവസ്ഥ കൊടുത്തത്...
സർജറി കഴിഞ്ഞ് അവൻ എഴുന്നേൽക്കുമ്പോൾ പരിചയം പുതുക്കാൻ നിങ്ങൾ രണ്ട് പേരും അവന്റെ മുൻപിൽ ഉണ്ടാകരുത്... \"

പറഞ്ഞ് വരവേ ഗിരിജ വീണ്ടും കരഞ്ഞു തുടങ്ങിയിരുന്നു... ചിന്നുവും രാഹുലും ഞെട്ടി നിൽക്കുകയാണ്..ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്...
ഗിരിജ വീണ്ടും ചിന്നുവിന്റെ അടുത്ത് പോയി നിന്നു...

\"നൊന്തു പെറ്റ മകന് വേണ്ടി ഒരമ്മയുടെ അപേക്ഷയാണ്... ഒഴിഞ്ഞ് പോകണം... എന്റെ മോന്റെ മുന്നിൽ നിന്നും... ജീവിതത്തിൽ നിന്നും നിങ്ങൾ ഒഴിഞ്ഞ് മാറി തരണം... അവനെ ജീവനോടെ സന്തോഷത്തോടെ എന്റെ മകനായി കണ്ട് സ്നേഹിക്കാനുള്ള കൊതി കൊണ്ട് ചോദിക്കുകയാണ്...തിരിച്ചു തരുമോ എന്റെ മകനെ നിങ്ങൾ ... ഒരിക്കലും ഒരിക്കലും അവന്റെ ജീവിതത്തിലേക്ക് മടങ്ങാതെ അവന്റെ മേലുള്ള ശാപം ഒഴിവാക്കി തരുമോ ചിന്നു നീ ..അവനെയും കൊണ്ട് ഞങ്ങളീ നാട് തന്നെ ഉപേക്ഷിച്ച് പോകുകയാണ്.. പുറകേ നിങ്ങൾ രണ്ടാളും വരരുത്..പ്ലീസ്.. പ്ലീസ്‌...\"

തന്റെ മുൻപിൽ കൈ കൂപ്പി നിന്നു കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കരഞ്ഞപേക്ഷിക്കുന്ന ആ അമ്മയെ കണ്ട് ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി ചിന്നുവിന്... ഒരു നിമിഷം തല കറങ്ങി അവൾ കസേരയിലേക്ക് വീണു പോയി... രാഹുലും നിറഞ്ഞൊഴുകുന്ന കണ്ണുകളാൽ തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി...

സമയം മൗനമായി കടന്നു പോകവേ മൂന്ന് പേരിലും ബാക്കിയായത് കണ്ണീർ മാത്രമായിരുന്നു....

\"മാഡം...ബാലു വല്ലാതെ വയലന്റ് ആകുന്നുണ്ട്... ചക്കിയെ ചോദിക്കുകയാണ്... ബാലുവിന് സ്‌ട്രെസ്‌ തീരെ കൊടുക്കരുതെന്ന് പറഞ്ഞിട്ടാണ് സർ പോയത്...ആരാ ചക്കിയെന്ന് വച്ചാൽ ഒന്നകത്തേക്ക് വരൂ...\"

സിസ്റ്റർ പറഞ്ഞിട്ട് അകത്തേക്ക് പോകുമ്പോൾ ഗിരിജയുടെയും രാഹുലിന്റെയും കണ്ണുകൾ ചിന്നുവിലായിരുന്നു.. അവളുടെ തീരുമാനം എന്താകുമെന്ന ഭയത്തിലായിരുന്നു ഇരുവരും...

കുറച്ച് നിമിഷങ്ങൾ മൗനമായി ആലോചനയോടെ ഇരുന്ന ചിന്നു പതിയെ കണ്ണുകൾ തുടച്ച് എഴുന്നേറ്റു നിന്നു.. പിറകെ രാഹുലും ഗിരിജയും...

\"ഇന്ന് കൂടി... ഇന്ന് കൂടി മാത്രം ബാലുവേട്ടന്റെ ചക്കിയായി കഴിയാൻ എന്നെ അനുവദിക്കണം..നാളെ സർജറി കഴിഞ്ഞ് ബാലുവേട്ടൻ സുഖമായി ഇരിക്കുന്നുവെന്ന് അറിഞ്ഞിട്ട് ഞാൻ പൊയ്ക്കോളാം.. പിന്നെയൊരിക്കലും ഞാനായിട്ട് ബാലുവേട്ടന്റെ മുൻപിലേക്ക് വരില്ല...സത്യം..\"

ഗിരിജയുടെ കൈ പിടിച്ച് അതിൽ സത്യം ചെയ്തു ചിന്നു... രാഹുൽ അവളെ പകപ്പോടെ നോക്കി നിന്നു പോയിരുന്നു... ഒന്നും പറയാതെ ഗിരിജ തിരികെ സീറ്റിൽ പോയി ഇരുന്ന് കണ്ണുകൾ തുടച്ചു... ചിന്നു മെല്ലെ ബാലുവിനടുത്തേക്ക് നടന്നു.. ഇപ്പോൾ നടന്നതൊക്കെയും ഉൾക്കൊള്ളാൻ കഴിയാതെ പിടയുന്ന മനസ്സുമായി രാഹുൽ പുറത്തേക്ക് പാഞ്ഞിറങ്ങി പോയി....

അവൻ പോയതും ഇടനാഴിക്കപ്പുറം നിന്നും രാമചന്ദ്രൻ പുറത്തേക്ക് വന്നു...

അയാളുടെ ചുണ്ടിലൊരു വക്രച്ചിരിയുണ്ടായിരുന്നു...വിചാരിച്ചത് നടന്നതിന്റെ സന്തോഷം...

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼



നൂപുരധ്വനി 🎼🎼 (32)

നൂപുരധ്വനി 🎼🎼 (32)

4.6
8573

\"ചക്കീ!!\"മുറിയിലേക്ക് കയറി വരുന്ന ചിന്നുവിനെ കണ്ട് ചുണ്ട് വിതുമ്പി...കരച്ചിലിൽ തേങ്ങിക്കൊണ്ട് കൈ നീട്ടി വിളിച്ചു ബാലു..അമ്മയ്ക്ക് വേണ്ടി കരഞ്ഞു വാശി പിടിക്കുന്ന മകൻ പ്രതീക്ഷിക്കാത്ത നേരത്ത് അമ്മയെ കണ്ട ഭാവമായിരുന്നു അപ്പോഴവന്....അവന്റെ മുഖമൊക്കെ ആകെ ചുവന്നു വീങ്ങിയിരുന്നു....ചിന്നു ആ കാഴ്ച സഹിക്കാനാകാതെ മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു....ബാലു വല്ലാതെയൊന്ന് പിടഞ്ഞു... കയ്യിലെ ക്യാനുല വലിച്ചൂരിയെറിഞ്ഞവൻ ബെഡ്‌ഡിൽ നിന്നും ഇറങ്ങിയോടി... അവൾക്കടുത്തേക്ക്... തടയാൻ ശ്രമിച്ച നഴ്സുമാർക്കൊന്നും അവനെ തടയാൻ ബലം പോരായിരുന്നു....ഓടിച്ചെന്നവൻ ചിന്ന