നോവ് - ചെറുകഥ
ചൂളം വിളിച്ച് കടന്നുപോകുന്ന ട്രെയിനിന്റെ താളം, ഒരു കുളിർ തെന്നലിന്റെ തലോടലായി ദേവൻ അറിയുന്നുണ്ടായിരുന്നു.
പുറമേ ഓടി അകലുന്ന രൂപങ്ങൾ ഒരു തിരിച്ചുപോക്കിന്റെ ഓർമ്മ സമ്മാനിക്കുന്നത് പോലെ ദേവന് തോന്നി.
മുന്നോട്ട് നടന്നുപോയ വഴിത്താരയിലൂടെ ഒരു തിരിച്ചുപോക്ക്......
സുഖമുള്ള ഓർമ്മകൾ ഒന്നും നെഞ്ചിലേറ്റി അല്ല ഈ മടക്കയാത്ര.....
കമ്പാർട്ട്മെന്റിൽ തിരക്ക് തീരെ കുറവായിരുന്നു.
പുറത്തെ അന്ധകാരം രാത്രിയുടെ നാഴികയ്ക്ക് വേഗത കൂട്ടിക്കൊണ്ടിരുന്നു.
നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടിൽ ഓർമ്മകൾ ഒത്തിരിയുണ്ട്......
മുറിവേറ്റ മനസ്സുമായിട്ടായിരുന്നു തന്റെ ജീവിതയാത്രകൾ.....
നഷ്ടങ്ങളുടെ കൂമ്പാരം ആയിരുന്നു ജീവിതത്തിലെ പ്രതിഫലം....
ആകെ ആശ്വാസമായിരുന്നത് തന്റെ മകൾ ആതിരയായിരുന്നു.
മടിയിൽ കിടന്നുറങ്ങുന്ന അവളുടെ തലമുടി ഇഴകളിലൂടെ ദേവൻ കയ്യോടിച്ചു.
അച്ഛന്റെ മനസ്സിലെ വേദനകൾ ആയിരുന്നു അവളുടെ ജീവിതത്തിലെ നോവുകളും.....
എവിടെയാണ് പിഴച്ചത്......?
പലപ്പോഴും താൻ ആലോചിച്ചിട്ടുണ്ട്.
ഒറ്റപ്പാലത്തെ അറിയപ്പെടുന്ന തറവാട്ടിലെ മൂത്ത സന്തതി....
ഒരു ധിക്കാരിയെ പോലെ ഇഷ്ടപ്പെട്ട പെൺകുട്ടിയെ കയ്യും പിടിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ സ്വപ്നങ്ങൾ ഏറെ ആയിരുന്നു.....
അച്ഛനെ ധിക്കരിച്ച് നാടും വിട്ട്, ബോംബെയ്ക്ക് ഭാര്യയെയും കൂട്ടിക്കൊണ്ട് വണ്ടി കയറുമ്പോൾ തന്റെ ചുവടുകൾ പിഴയ്ക്കുകയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല.
സമൂഹത്തിലെ സമ്പന്നർക്കൊപ്പം മത്സരിക്കാൻ കൊതിച്ച ഭാര്യയ്ക്ക് താനെന്നും പരാജയങ്ങളുടെ നായകനായിരുന്നു.
അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന താൻ ജീവിതത്തിലെ നോവു മറക്കാനാണ് എഴുതാൻ തുടങ്ങിയത്.....
സാവധാനം ബോംബെയിലെ മലയാളികൾക്കിടയിൽ താനൊരു അറിയപ്പെടുന്ന എഴുത്തുകാരനായി....
അപ്പോൾ ഒന്നും തന്റെ വേരുകൾ ഒറ്റപ്പാലത്തെ പൂമംഗലം തറവാട്ടിൽ ആയിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല...
ഇടയ്ക്ക് ഉയർന്നുപൊന്തുന്ന ചൂളം വിളി ദേവനെ ഓർമ്മയിൽ നിന്നുണർത്തി.
അയാൾ മകളുടെ മുഖത്തേക്ക് നോക്കി.
എല്ലാം മറന്ന് ഉറങ്ങാൻ അവൾക്ക് എന്നും അച്ഛന്റെ ഈ കാൽച്ചുവട് തന്നെ വേണം.
ജീവിതത്തിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ തകരുമ്പോഴാണ് അവസാനം താൻ ബോംബെയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് മടക്കയാത്രയ്ക്ക് ഒരുങ്ങിയത്.
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുപോക്ക്.....
അന്ന് ആതിര ബാംഗ്ലൂരിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.
മകളോട് യാത്ര പറഞ്ഞ് നാട്ടിലേക്ക് തിരിക്കാനാണ് അന്ന് ബാംഗ്ലൂരിൽ എത്തിയത്.
പക്ഷേ അച്ഛനെ വിട്ടുപിരിയാൻ അവൾക്കാകുമായിരുന്നില്ല.
അന്ന് തന്നോടൊപ്പം ഒറ്റപ്പാലത്തേക്ക് തിരിച്ചതാണ് ആതിര....
പൂമംഗലം തറവാട് അത്ഭുതത്തോടെയാണ് അവൾ നോക്കി കണ്ടത്.
ബോംബയും ബാംഗ്ലൂരും നൽകിയ ബഹളങ്ങളിൽ നിന്ന് ഒറ്റപ്പാലം എന്ന ഗ്രാമത്തിന്റെ ആത്മാവ് അവൾ തൊട്ടറിയുകയായിരുന്നു.....
ഒരു തിരിച്ചുപോക്ക് അവൾ ആഗ്രഹിച്ചിരുന്നില്ല..... താനും.....
കാരണം പൂമംഗലത്തെ ക്കുള്ള തന്റെ തിരിച്ചുവരവ് ആരെല്ലാമോ സ്വപ്നം കണ്ടിരുന്നു......
പക്ഷേ അച്ഛന്റെ വേർപാട്... അത് തന്നെ തളർത്തി കളഞ്ഞു....
തറവാടിന്റെ മേൽനോട്ടത്തിൽ ഉള്ള സ്കൂളിൽ അധ്യാപികയായി ആതിര ചേർന്നു...
അത് അവൾക്ക് പുതിയ ലോകമായിരുന്നു...
ദേവന്റെ കൈകൾ വീണ്ടും ആതിരയുടെ തലമുടിയിടകളിലൂടെ ചലിച്ചു.
ദേവൻ പുറത്തേക്ക് കണ്ണുപായിച്ചു.
പുറത്തെ ദൃശ്യങ്ങളെല്ലാം ഓടി അകലുകയാണ്......
ഒറ്റപ്പാലത്തുനിന്ന് ബോംബെയ്ക്കാണ് ഈ യാത്ര....
മനസ്സിലെ മുറിപ്പാടുകളിൽ കാലത്തിന്റെ കൈയൊപ്പ്...... നോവ്..!
ജീവിതത്തിലെ താളപ്പിഴകളിൽ എവിടെനിന്നോ കടന്നുവരുന്നു..... നോവ്...!
കണ്ണുനീർ മുത്തുകൾ അടർന്നു വീഴുമ്പോഴും മനസ്സിൽ എവിടെയോ തുടങ്ങുന്ന നഷ്ടബോധം..... അത് നോവിന്റെ ആരംഭം ആണ്.
ഈ യാത്ര അത്തരത്തിലുള്ളതാണ്....
അഗ്നിയിൽ നിന്ന് ഉയരുന്ന ചുടു കാറ്റുപോലെ.....
മരുഭൂമിയിലെ മണൽ കാറ്റ് പോലെ.....
മനസ്സിനെ തളർത്തി, നോവ് എന്ന കൊടുങ്കാറ്റ് ഉയർന്നുപൊന്തുകയാണ്.....
ഈ മടക്കയാത്ര ഒരിക്കൽപോലും താൻ ആഗ്രഹിച്ചിരുന്നില്ല.
കണ്ണുകൾ നിറയാൻ തുടങ്ങി.
തന്റെ ശരീരത്തിലെ ഒരു ചലനം പോലും തന്റെ മകൾ അറിയും.
ദേവൻ വേഗം തന്നെ കണ്ണുകൾ തുടച്ചു.
ബോംബെ തനിക്ക് എന്നും നൽകിയത് നോവിന്റെ നീണ്ട നിരയായിരുന്നു.
പൊട്ടിയകന്ന പട്ടം പോലെയായിരുന്നു തന്റെ കുടുംബം.......
കടിഞ്ഞാൺ ഇല്ലാതെ ഇന്നും അത് പായുകയാണ്.......
ഒറ്റപ്പാലം എന്ന ഗ്രാമത്തിന്റെ പരിശുദ്ധിയിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ താനും മകളും ശ്രമിക്കുമ്പോൾ, ബോംബെ എന്ന നഗരത്തിന്റെ ബഹളത്തിൽ ആയിരുന്നു തന്റെ ഭാര്യയും, ഒപ്പം ബോംബെ സെൻട്രൽ ജയിലിൽ കൊലക്കയർ കാത്തുകിടക്കുന്ന തന്റെ മകൻ സൂര്യയും........
തന്റെ സ്വപ്നം മുഴുവൻ തന്റെ മക്കളായിരുന്നു.......
അതിൽ ഏറെ പ്രതീക്ഷ സൂര്യയിലും.....
പക്ഷേ എല്ലാം തകർത്തെറിഞ്ഞത് അവനായിരുന്നു.....
കോളേജിലെ ഒരു ബ്രാഹ്മണ പെൺകുട്ടിയെ അവനും, കൂട്ടുകാരും ചേർന്ന് മാനഭംഗപ്പെടുത്തിയപ്പോൾ, അവസാനം ആ കുട്ടിക്ക് മരണമല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.
അമ്മയുടെ ലാളനയിൽ അവനൊരു സൂര്യദേവനായിരുന്നു.....
" ജന്മം കൊണ്ട് രാമൻ....
കർമ്മം കൊണ്ട് രാവണൻ......
അതെ... അവൻ.... ദേവേട്ടന്റെ മകൻ.... സൂര്യ.... സൂര്യദേവൻ...... "
പലരും പുച്ഛിച്ചു തള്ളുന്നത് താൻ കേട്ടിട്ടുണ്ട്.
നോവ് ഉയരാൻ തുടങ്ങിയിരിക്കുന്നു.....
ഇപ്പോൾ കണ്ണുകൾ നിറയും....
ദേവൻ വേഗം തന്നെ കണ്ണുകൾ തുടച്ചു.
ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത എത്രയെത്ര സംഭവങ്ങളാണ് തന്റെ ജീവിതത്തിലൂടെ കടന്നു പോയിരിക്കുന്നത്........
മകനുവേണ്ടി യാചിക്കാൻ മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ പോയ ആ ദിവസം ഇന്നും താൻ നടുക്കത്തോടെയാണ് ഓർക്കുന്നത്........
ഒരിക്കലും തന്റെ ഇഷ്ടപ്രകാരമായിരുന്നില്ല ആ യാത്ര....... തന്റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങിയായിരുന്നു അവരെ ചെന്നു കണ്ടത്.
ആതിരയും തന്റെയൊപ്പം അന്നുണ്ടായിരുന്നു.
യുദ്ധക്കളത്തിൽ നിരായുധനായ ഒരു യോദ്ധാവിനെ പോലെയായിരുന്നു താൻ അന്ന്.....
മകളെ നഷ്ടപ്പെട്ട ഒരു അച്ഛന്റെയും,അമ്മയുടെയും വേദന എന്തെന്ന് താൻ അന്ന് അനുഭവിച്ചറിഞ്ഞു.
അപ്രതീക്ഷിതമായി മരിച്ച പെൺകുട്ടിയുടെ മൂത്ത സഹോദരന്റെ കാലുകൾ തന്റെ നെഞ്ചിൽ പതിക്കുമ്പോൾ മുറ്റത്ത് കിടന്നിരുന്ന ചെളി വെള്ളത്തിലേക്ക് താൻ മറിഞ്ഞുവീണു.
ഹിന്ദിയിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് വീണ്ടും തന്നെ ചവിട്ടാൻ ഒരുങ്ങിയ അയാളുടെ കാലുകളിൽ തന്റെ മകൾ പൊട്ടിക്കരഞ്ഞുകൊണ്ട് കയറിപ്പിടിച്ചത് ഇന്നും താൻ ഓർക്കുന്നു.
രക്തം പൊടിയുന്ന കൈകളുമായി, മകളുടെ കൈകളിൽ താങ്ങി തിരിഞ്ഞു നടക്കുമ്പോൾ മുകളിൽത്തെ നിലയിലെ ജനാലയുടെ അഴികളിൽ മുഖം അമർത്തി പൊട്ടിക്കരയുന്ന ഒരു അമ്മയുടെ ചിത്രം ഇപ്പോഴും തന്റെ മനസ്സിനെ വേട്ടയാടുന്നുണ്ട്.
ഒരായുസ്സിൽ സഹിക്കാവുന്നതിലേറെ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു താനും തന്റെ മകളും.....
പിന്നീട് എപ്പോഴോ ജീവിതം തിരിച്ചു കിട്ടി എന്ന് തോന്നിയത് ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ്.
മുംബൈയിലെ ജീവിതത്തെക്കുറിച്ച് ഒന്നും താൻ തറവാട്ടിൽ ആരോടും പറഞ്ഞിരുന്നില്ല... അതൊന്നും ഇവിടെ അറിയരുതെന്ന് മകളോടും താൻ വിലക്കിയിരുന്നു.
ബാല്യവും കൗമാരവും സമ്മാനിച്ച സൗഹൃദങ്ങൾ തന്നെ വീണ്ടും തേടിയെത്തിയപ്പോൾ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുവരികയാണെന്ന് ദേവന് തോന്നി.
അപ്പോഴും മനസ്സിലെ നീറ്റൽ മുംബൈയിലെ ഫ്ലാറ്റിൽ കഴിയുന്ന തന്റെ ഭാര്യയെ കുറിച്ച് ഓർത്തായിരുന്നു.
ആതിര പലയാവർത്തി അമ്മയെ വിളിച്ചെങ്കിലും ലക്ഷ്മി ഒറ്റപ്പാലത്തേക്ക് വരാൻ കൂട്ടാക്കിയില്ല.
പഴയ തലമുറയ്ക്ക് ഒപ്പം ദേവൻ മനസ്സ് പങ്കു വയ്ക്കുമ്പോൾ പുതിയ തലമുറയിലെ ബന്ധങ്ങൾ ആതിരേയും തേടിയെത്തി തുടങ്ങിയിരുന്നു.
പക്ഷേ ഇതിനിടയിലാണ് ഭൂതകാലത്തിന്റെ ഓർമ്മയുടെ ഭാണ്ഡകെട്ടുകൾ അഴിക്കാൻ ചിലർ ദേവനെ തേടി പൂമംഗലം തറവാട്ടിൽ എത്തിയത്.......
അതിനു കാരണമായത് ദേവൻ എന്ന എഴുത്തുകാരനിലൂടെ ആയിരുന്നു.
ദേവൻ എഴുതിയ നോവലിനായിരുന്നു ആ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.
ആ വാർത്ത അറിഞ്ഞപ്പോൾ മനസ്സിൽ നിറഞ്ഞ ആഹ്ലാദം പെട്ടെന്ന് തന്നെ ഇല്ലാതായതുപോലെ ദേവനും ആതിരക്കും തോന്നി.
മനസ്സിൽ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു.
പത്രക്കാരും സഹപ്രവർത്തകരും ബോംബെ എന്ന മഹാ നഗരത്തിൽ അലഞ്ഞു അവസാനം ഒറ്റപ്പാലത്ത് എത്തുമ്പോൾ ദേവനെ പുറംലോകം അറിയുകയായിരുന്നു.
നോവെന്ന മഹാ സമുദ്രത്തെ നെഞ്ചിലേറ്റി നടക്കുന്ന അച്ഛനും മകളും ഇതിനകം തന്നെ എല്ലാം സഹിക്കാൻ പഠിച്ചു കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ സഹതാപ വാക്കുകളിൽ ഒരു പൊട്ടിക്കരച്ചിലോ തേങ്ങലോ ഒന്നും ഉണ്ടായില്ല.
പിന്നീടുള്ള ദിനങ്ങൾ കണക്കെടുപ്പിന്റെതായിരുന്നു.
പൂമംഗലം തറവാടിന്റെ കോലായിൽ രാത്രിക്ക് ചായ പൂശാൻ ഒരുങ്ങുമ്പോൾ, എല്ലാവരും ഒത്തുകൂടി ദേവൻ എന്ന എഴുത്തുകാരന്റെ നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയായിരുന്നു.
പക്ഷേ ഒന്നും തിരികെ ലഭിക്കുകയില്ലെന്ന് ദേവനും ആതിരക്കും അറിയാമായിരുന്നു.
എന്നാൽ അമ്മയുടെയും അനുജന്മാരുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങിയാണ് വധശിക്ഷ കാത്തു കിടക്കുന്ന മകനുവേണ്ടി രാഷ്ട്രപതിക്ക് ദയാ ഹർജി നൽകാൻ ഒരുങ്ങിയത്.
ആദ്യം തനിക്ക് അത് ഉൾക്കൊള്ളാൻ ആയില്ല.
പക്ഷേ തന്റെ മകനും കൂട്ടുകാരും ചേർന്ന് നടത്തിയ ക്രൂരതയിൽ നിയമത്തിന്റെ തുലാസിൽ തന്റെ മകൻ മാത്രം ഒറ്റപ്പെട്ടു നിൽക്കുകയും മറ്റുള്ളവരെല്ലാം നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരിക്കുകയാണെന്ന മറ്റുള്ളവരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് തനിക്കും തോന്നിത്തുടങ്ങി.
അവസാനം ദയാഹർജിയുടെ അടിയിൽ വിറയ്ക്കുന്ന കൈകളോടെ ഒപ്പിടുമ്പോൾ, തന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ജനലഴികൾക്കിടയിൽ മുഖം പൊത്തികരയുന്ന ആ അമ്മയുടെ ചിത്രമായിരുന്നു.
കണ്ണുകൾക്ക് കനം വയ്ക്കുന്നത് പോലെ ദേവന് തോന്നി.
ഓർമ്മകളുടെ ഭാരം ശരീരത്തെയും തളർത്താൻ തുടങ്ങിയിരിക്കുന്നു.
ബോംബെ എന്ന മഹാ നഗരത്തിലെത്താൻ ഇനി മണിക്കൂറുകളെ ഉള്ളൂ.
ഈ യാത്ര ബോംബെ സെൻട്രൽ ജയിലിലേക്കാണ്.
വർഷങ്ങൾക്കുശേഷം ഒരച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇത്.
ദയാ ഹർജി അയക്കുമ്പോൾ ഒരു പ്രതീക്ഷയും തന്നിൽ ഉണ്ടായിരുന്നില്ല.
എന്നാൽ ദയാ ഹർജി അംഗീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് വരുമ്പോൾ മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരാൻ തനിക്ക് ആയതുമില്ല.
ഇതിനിടെ ആരുടെയൊക്കെയോ ശ്രമഫലമായി മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുടെ മാപ്പപേക്ഷ സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് താനറിഞ്ഞു.
അറിയാതെ തന്നെ ജനലഴികളിൽ പിടിച്ച് പൊട്ടിക്കരഞ്ഞു നിന്ന ഒരു അമ്മയുടെ മുഖം ഒരു ആവർത്തി കൂടി മനസ്സിലേക്ക് ഓടി വന്നു.
തന്റെ മകനോട് ക്ഷമിച്ചു കൊണ്ടുള്ള ആ മാപ്പപേക്ഷയിൽ നൊന്തു പ്രസവിച്ച ഒരമ്മയുടെ തീരാ നോവ് അടങ്ങിയിട്ടുണ്ടാവും.
തന്നെ കാണണം എന്നുള്ള മകന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവസാനം താൻ തിരിച്ച് ബോംബെയ്ക്ക് മടക്കയാത്രയ്ക്ക് ഒരുങ്ങിയത്.
ഈ യാത്രയിലും തന്റെ മനസ്സിലെ നീറ്റലായി മാറിയത് ഭാര്യ ലക്ഷ്മി ആയിരുന്നു.
' പരാജയങ്ങളുടെ നായകനെ ' ഒരിക്കൽപോലും വിളിക്കാനോ നേരിൽ കാണാനോ അവൾ മുതിർന്നില്ല.
കിഴക്ക് വെള്ള കീറാൻ തുടങ്ങിയിരിക്കുന്നു.
മഹാനഗരത്തിന്റെ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്ന ബോംബെ.....
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവുകളിൽ പോലും ഒരു മഹാ നഗരത്തിന്റെ ബഹളവും ഒപ്പം തന്നെ ഇടയ്ക്ക് കടന്നുവരാറുള്ള അശാന്തിയും കൈകോർത്തു കിടക്കുന്നു.
റെയിൽവേ സ്റ്റേഷനിൽ നന്നേ തിരക്ക് കുറവാണ്.
ചിലപ്പോൾ മഞ്ഞായും,മറ്റു ചിലപ്പോൾ പേമാരി ആയും കാലം ജനങ്ങളെ ആലസ്യത്തിലേക്ക് തള്ളിവിടാറുണ്ട്.
ട്രെയിനിൽ നിന്നിറങ്ങി ദേവനും ആതിരയും അൽപ്പസമയം അവിടെ കിടന്നിരുന്ന ബെഞ്ചിൽ ഇരുന്നു.
ഈ സമയം ആതിരയുടെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു.
അവൾ അതിൽ പതിഞ്ഞിരുന്ന നമ്പറിലേക്ക് നോക്കി.
അച്ഛന്റെ ശ്രദ്ധ തന്നിലേക്ക് പതിയും മുമ്പ് അവൾ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് അൽപദൂരം നടന്ന്, അത് തന്റെ ചെവിയോട് അടുപ്പിച്ചു.
വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ രംഗങ്ങൾ എന്താകുമെന്ന ആകാംക്ഷയിലായിരുന്നു ദേവന്റെ മനസ്സപ്പോൾ.
ഈ സമയം ആതിര അടുത്തെത്തിയിരുന്നു.
രണ്ടുപേരും ബോംബെ സെൻട്രൽ ജയിൽ എന്ന ലക്ഷ്യസ്ഥാനത്തേക്ക് റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടന്നു.
ജനലഴികളിൽ പിടിച്ച് മകൻ മുന്നിൽ നിൽക്കുമ്പോഴും അവന്റെ മുഖത്തേക്ക് നോക്കാൻ ദേവനു മടിയായിരുന്നു.
അച്ഛന്റെ ചുമലിൽ മുറുകെ പിടിച്ചിരുന്ന ആതിരയുടെ കൈകൾ ആയിരുന്നു ദേവന് ആശ്വാസം നൽകിയത്.
എന്നാൽ ജനലഴികളിൽ പിടിച്ചു മുഖം പൊത്തിക്കരയുന്ന മകന്റെ മുഖത്തേക്ക് ദേവന്റെ കണ്ണുകൾ അറിയാതെ പതിച്ചു.
എന്നും നോവുമായി തന്നെ പിന്തുടരുന്ന മുഖം.....
ഇത് കുറ്റബോധം കൊണ്ടാണോ.....?
അതോ കാർമേഘങ്ങൾക്കിടയിൽ നിന്ന് ഈ സൂര്യദേവൻ പുറത്തേക്ക് വരികയാണോ...?
" അച്ഛാ മാപ്പ്.... "
താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ....
ആതിരയും അത്ഭുതത്തോടെയാണ് അത് കേട്ടത്.
" ഞാൻ എന്നും നിങ്ങളെ വേദനിപ്പിച്ചിട്ടേ ഉള്ളൂ.... അതിന് അച്ഛൻ എന്നോട് പൊറുക്കണം...... "
ദേവൻ ജയിൽ അഴികളിലൂടെ മകന്റെ കൈകളിൽ പിടിച്ചു.
" പൊറുക്കാനാവാത്ത തെറ്റാണ് നീ ചെയ്തത്.... എന്നാലും ഒരച്ഛന്റെ സ്നേഹം ആയുഷ്കാലം മുഴുവൻ നെഞ്ചിലേറ്റി നടന്നവനാണ് ഞാൻ.... ആ സ്നേഹം പകർന്നു നൽകാൻ എനിക്ക് നിങ്ങൾ രണ്ടുപേരും അല്ലേ ഉള്ളൂ..... ഒരിക്കലും ഒരച്ഛന് മക്കളെ വെറുക്കാൻ ആവില്ല..... അതുകൊണ്ട് എന്നെങ്കിലും നീ ഇവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ആ സ്നേഹം നിനക്ക് ആവശ്യമെങ്കിൽ എന്നെ തേടി വരാം.... ഈ ബോംബെ എന്ന മഹാനഗരത്തിൽ അല്ല..... അച്ഛൻ കളിച്ചു വളർന്ന മണ്ണുണ്ട്..... അങ്ങ് ദൂരെ ഒറ്റപ്പാലത്ത്..... "
ദേവൻ മകന്റെ കൈകളിൽ മുറുകെ പിടിച്ചു.
" ഞാൻ തീർച്ചയായും വരും അച്ഛാ.... "
സൂര്യയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ മുത്തുകൾ അടർന്നുവീണു.
സൂര്യയോട് യാത്രപറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴാണ് മകന്റെ വിളി പിറകിൽ നിന്ന് ഉയർന്നത്.
" അച്ഛാ, അമ്മ ഇപ്പോൾ അവിടെ ഒറ്റയ്ക്കല്ലേ.... "
ഒരല്പസമയം അവരുടെ ഇടയിൽ നിശബ്ദത പരന്നു.
ദേവൻ കുറച്ചു മുന്നോട്ടു നടന്നു മകനെ നോക്കി.
അച്ഛന്റെ കണ്ണുകളിലെ നനവ് സൂര്യ അറിയുന്നുണ്ടായിരുന്നു.....
അതിലുപരി അച്ഛന്റെ മനസ്സിലെ നോവ് ആതിരയും....
" അവളെയും കാണണം.... ഈ യാത്ര പുറപ്പെടുമ്പോൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചതാണ്..... കാരണം അച്ഛന് ആരെയും വെറുക്കാൻ ആവില്ല മോനേ.... "
ആ വാക്കുകൾ ആതിരയുടെ മനസ്സിൽ ഒരു കുളിർ തെന്നൽ ആയിരുന്നു.
ഒപ്പം അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത് റെയിൽവേ സ്റ്റേഷനിൽ വച്ച് അവൾക്ക് വന്ന അമ്മയുടെ ഫോൺ കോളായിരുന്നു.
ജയിലിൽ നിന്നും തിരിച്ചു നടക്കുമ്പോഴാണ് ദേവൻ ഫ്ലാറ്റിലേക്ക് പോകുന്നതിനെപ്പറ്റി സൂചിപ്പിച്ചത്.
എന്നാൽ തങ്ങൾക്കൊപ്പം നാട്ടിലേക്ക് തിരിക്കാൻ അമ്മ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് ആതിര പറയുമ്പോൾ ദേവൻ വിശ്വസിക്കാനാവാതെ ആ മുഖത്തേക്ക് നോക്കി.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ദേവന്റെ കണ്ണുകൾ ചുറ്റും തിരഞ്ഞു.
തിരക്കിനിടയിൽ നിന്നും ആതിര ഈ സമയം അമ്മയെ കണ്ടെത്തിയിരുന്നു.
മകൾക്കൊപ്പം ഭാര്യക്ക് അടുക്കലേക്ക് നടക്കുമ്പോൾ ദേവന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.
' പരാജയങ്ങളുടെ നായകനെ ' അവൾക്കുൾ കൊള്ളാൻ കഴിയുമോ എന്ന ഭയം ദേവനെ അലട്ടി.
എന്നാൽ ആ നാല് കണ്ണുകളും തമ്മിലിടയുമ്പോൾ ഭാര്യയുടെ കണ്ണുകളിൽ നിന്ന് ഉതിർന്ന് വീണ കണ്ണുനീർ മുത്തുകളിൽ അലിവിന്റെ കണിക ദേവൻ അറിയുന്നുണ്ടായിരുന്നു.
" ഈ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ ദേവേട്ടാ..... "
ലക്ഷ്മി പൊട്ടിക്കരച്ചിലിന്റെ വക്കത്തോളമെത്തിയിരുന്നു.
" ഞാൻ നിന്നെ ഒരിക്കലും വെറുത്തിട്ടില്ല... എല്ലാ നോവും ഈ മനസ്സിൽ കൊണ്ടു നടന്നിട്ടേ ഉള്ളൂ..... മക്കളെ നേർവഴിക്ക് നയിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.... അവിടെ നമുക്ക് തെറ്റുപറ്റി.... ഇന്നതെല്ലാം എല്ലാവർക്കും ബോധ്യമായിരിക്കുന്നു..... "
ദേവന്റെ നെഞ്ചിലേക്ക് ലക്ഷ്മി ചായുമ്പോൾ എന്തെല്ലാമോ തിരിച്ചുകിട്ടിയ നിർവൃതിയിലായിരുന്നു ആതിര.
" അച്ഛാ ഞാൻ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് റിസർവ് ചെയ്തിട്ട് വരാം... "
ആതിര തിരിഞ്ഞു നടന്നു.
അവളുടെ കാലുകൾക്ക് വേഗത ഏറുകയായിരുന്നു....
നോവ് എന്ന മഹാസമുദ്രത്തിൽ നിന്നും കരകയറുകയാണ് എന്നറിഞ്ഞപ്പോൾ അവളുടെ മനസ്സിൽ സന്തോഷം തിരതല്ലി.
അതിലുപരി നന്മ നിറഞ്ഞ മനസ്സുമായി ഒരു ഗ്രാമം മുഴുവൻ തങ്ങളെ കാത്തിരിപ്പുണ്ട്.......
ആ പച്ചപ്പ് നിറഞ്ഞ മനസ്സിലേക്ക് ഓടി അണയാൻ അവളുടെ മനസ്സ് വെമ്പുകയായിരുന്നു.
.......................... ശുഭം........................................