Aksharathalukal

സ്വർഗ്ഗകവാടവും തുറന്ന്

സ്വർഗ്ഗകവാടവും തുറന്ന്

സ്വർഗ്ഗകവാടം അവൾക്ക് മുമ്പിൽ മലർക്കെ
തുറക്കപ്പെട്ടു,
അവസാനം വാഗ്ദാത്ത ഭൂമിയിൽ ചുറ്റും
കണ്ണോടിച്ചു..
ആപ്പിൾ തൊട്ടത്തിന് നടുക്ക് മഞ്ഞു
പെയ്യുന്ന ചെറിയതും നീണ്ടതുമായ ഇടവഴി
മുമ്പോട്ട് പോവുമ്പോൾ മാതളവും
പനിനീരും, പല വർണ്ണപൂക്കളും
പലനിറത്തിലുള്ള ഫലവൃക്ഷങ്ങളും, അവൾ
ജീവിതത്തിൽ ഒരിക്കലും കാണാത്ത
ഏതൊക്കോയോ പക്ഷിക്കൂട്ടങ്ങളും,
അരികിലൂടെ ഒഴുകുന്ന തേനും പാലും നിറച്ച
അരുവികൾ,
അവൾക്കിഷ്ടം കറുത്ത വസ്ത്രം
ആയിരുന്നെങ്കിലും അന്ന് വെളുത്ത
പട്ടിനേക്കാൾ മൃദുവായ ഒരു വസ്ത്രത്തിലും
രത്നങ്ങൾ പതിച്ച ഒരു മാലയിലും അവൾ
മാലാഖയെ പോലെ കാണപ്പെട്ടു,
അവൾ ആഗ്രഹിച്ച കൊലുസിന്റെ
പാദസ്വരം തൂവെള്ള കാലുകളുടെ ഭങ്ങി
കൂട്ടി,
കൈകളിൽ മുത്തുകൾ പതിച്ച വളയും
മോതിരവും,
അതികം വലുപ്പമില്ലാത്ത ചുവന്നകല്ലുകൾ
ഉള്ള ലോലാക്ക് അവളുടെ കാതിൽ തിളങ്ങി
കൊണ്ടിരുന്നു ..
ഇടതൂർന്നു നീണ്ട മുടികൾ അന്ന്
ആദ്യമായി അവളെ അനുസരിച്ചു.
അവൾ ആ ഇടവഴിയുടെ അവസാനത്തിൽ
വലിയചെമ്മൻ പാതകളോട്
കൂടിയ കൊട്ടാരത്തിൽ പ്രവേശിച്ചു.
ആരവങ്ങളുമായി സ്വർഗവാസികൾ
അവളെ എതിരേറ്റു,
ഇളംതണുപ്പുള്ള കാറ്റ് അവളെ ഉമ്മവെച്ചു
കടന്നുപോയിക്കൊണ്ടിരുന്നു.
പ്രവേഷണകവാടത്തിൽ കുടിക്കാൻ
മുന്തിരിച്ചാറിൽ മധുരം ചേർത്തു
സ്വർഗത്തിൽ മാത്രം കണ്ടുവരുന്ന
ചിലഫലങ്ങളുടെ സത്ത് പിഴിഞ്ഞു
ഉണ്ടാക്കിയ വിശിഷ്ട പാനീയം തളികയിൽ
വന്നു ചേർന്നു.
അവളെ സ്തുതിക്കാനും അവളെ
എതിരേറ്റാനും വന്ന ആബാലവൃദ്ധം
ജനങ്ങളിൽ അവൾ ഏറ്റവും സുന്ദരിയായി
കാണപ്പെട്ടു ..
അവൾ കൈകൾ ഉയർത്തി തന്റെ
രക്ഷിതാവിനെ സ്തുതിച്ചു,
കരുണാമയനായ എന്റെ നാഥാ നീ എന്നോട്
വാഗ്ദത്തം ചെയ്ത ഭൂമി,
ഞാൻ ആഗ്രഹിച്ചതിലും ഭംഗിയായി എന്റെ
മുന്നിൽ തെളിഞ്ഞിരിക്കുന്നു,
നിന്നോടുള്ള എന്റെ കൃതജ്ഞത ഞാൻ
ഇതിനാൽ അറിയിച്ചു കൊള്ളുന്നു, \'
പൊടുന്നനെ അവളുടെ മനസിൽ
ഒരു ഉൾതീ ഉണ്ടായി, അവൾ ചുറ്റും
കണ്ണോടിച്ചു. വന്ന ഓരോ ജനക്കൂട്ടത്തിലും
തിരഞ്ഞു ..

എവിടെ?
തന്റെ അത്മാവിനോട് ചേർത്തവൻ തന്റെ
റൂഹിന്റെ പാതി എവിടെ?

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ
കഴിഞ്ഞില്ല,
തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നും
ചന്ദ്രതാരാങ്കിത വാനിൽ നോക്കി അങ്ങനെ
ദുഃഖിതയായി ഇരുന്നു,
അവളുടെ ചിന്താവേരൂകൾ ഓർമകളുടെ
മണ്ണിലേക്ക് ആഴ്ന്നിറങ്ങി,

യാത്രപറച്ചിലിന്റെ അവസാന നിമിഷത്തിൽ
ഒന്നും പറയാനില്ലാതെ.
മിഴികൾ വാർത്തു നിന്റെ മുഖത്തു
നോക്കാതെ താഴോട്ട് നോക്കി ഇരുന്ന
ഞാൻ ..
എന്റെ താടി അൽപ്പം ഉയർത്തി നെറ്റിയിൽ
ചുംബിച്ചു ..
കണ്ണുകളിൽ നോക്കി നീ പറഞ്ഞു ..

 \' ഈ മണ്ണിൽ നമ്മൾക് ഒന്നു
ചേരാതിരിക്കാൻ കാരണങ്ങൾ ഉണ്ടാകാം ..
എനിക്ക് നീയും നിനക്ക് ഞാനും നമ്മൾ
പ്രണയതാൽ തീർത്ത ലോകത്തിൽ ഇനി
ആരും കടന്നു വരില്ല.
അവിടെ നമ്മൾക്ക് ഇഷ്ടം പോലെ
ജീവിക്കാം ..
മരണത്തിനപ്പുറത്തെ സ്നേഹത്തിന്റെ ആ
ലോകത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും,
അവിടെ നമ്മെ തടുക്കാൻ വിധിയോ
സമൂഹത്തിന്റെ മുടന്തൻ ഞായങ്ങളോ
ഉണ്ടാകില്ല ..
ഇന്ന് നമ്മെ എതിർക്കാൻ വന്നവർ അന്ന്
അവരുടെ ലോകത്തിൽ തിരക്കിൽ
ആയിരിക്കും,
അന്ന് നമ്മൾ ഇവിടെ ബാക്കി വെച്ച
സ്വപ്നങ്ങൾ അവിടെ യാഥാർഥ്യമാകും.
ഈ ഭൂമിയിൽ നമ്മൾ പ്രണയിച്ചിരുന്നു
എന്നതിന്റെ അടയാളമായി നിന്നെ മാത്രം
ഓർത്തു നിനക്കായി ഞാൻ ജീവിച്ചു
തീർത്ത്,
പ്രണയത്തിന്റെ ജീവിക്കുന്ന
രക്തസാക്ഷിയാവും ...

അവസാന വാക്കിൽ അവന്റെ ശബ്ദം
ഇടറുന്നുണ്ടായിരുന്നു.
ഒരിക്കലും ആഗ്രഹിക്കാത്ത മടക്കം ..

ആളുകൾ മൂഢസ്വർഗ്ഗത്തിൽ ആണ്.
അവർ കരുതുന്നത് എന്നെ അവർക്ക്
നിന്റെ ഇല്ലാഴ്ചയിൽ സന്തോഷിപ്പിക്കാൻ
കഴിയും എന്നാണ് ..
പിടിവാശികൾ, പണത്തിന്റെ ഹുങ്ക് ..
എന്തും വിലകൊടുത്തു വാങ്ങാൻ കിട്ടും
എന്ന അഹങ്കാരം ..
താൻ കെട്ടിയതും ചിന്തിച്ചതും ആയ
ലോകത്തിൽ തന്റെ ബാക്കിയുള്ളവരും
ജീവിക്കണം എന്ന വ്യാമോഹം ..
അവൾ പിറുപിറുത്തു.
ഇത്രമേൽ പ്രണയിച്ചിട്ടും അത്രമേൽ
മോഹിച്ചിട്ടും ..
ഇതിരിയുള്ളാരു ജീവിതത്തിൽ രണ്ടു
തുരുത്തിൽ രണ്ടായിട്ടിങ്ങനെ ..

\'വീട്ടുകാരെ കണ്ണീരിൽ ആഴ്ത്തി നിങ്ങളുടെ
കൂടെ ഞാൻ ജീവിക്കില്ല.
നിങ്ങളെ ചങ്ക് തകർത്തു ഞാൻ മറ്റൊരു
ജീവിതം സ്വീകരിക്കില്ല ...
നിങ്ങളെ പെണ്ണായി ഞാൻ എന്റെ വീട്ടിൽ
ഉണ്ടാകും .. ആരും തൊടാത്ത ആർക്കും
കാഴ്ചവെക്കാത്തവൾ ആയി.\'

എന്തു പറയണം എന്ന് പരസ്പരം
അറിയില്ലായിരുന്നു ..
കാരണം അവരുടെ ഹൃദയങ്ങൾ ഒരിക്കലും
പിരിയാൻ പറ്റാത്ത രീതിയിൽ അത്രയും
അലിഞ്ഞു ചേർന്നിരുന്നു ..
ഇനി
മരണത്തിലേക്കും ജീവിതത്തിലേക്കും
ഇല്ലാതെ മരണത്തിനപ്പുറം കെട്ടുകഥ
പോലെ ഒരു ജീവിതത്തിനു കാത്തിരിപ്പ് ..

പിന്നീട് അവർ കണ്ടിരുന്നില്ല.
കുറെ വാശികൾക്കപ്പുറം വീട്ടുകാർ
അവളുടെ ഇഷ്ടം നടത്താൻ തീരുമാനിച്ചു ..
 കുറെ തിരഞ്ഞു അവനെ
എവിടെയും കണ്ടില്ല ..
പ്രിയപ്പെട്ടവരുടെ വേർപാടിനപ്പുറം ..
ഭൂമിയുടെ ഏതോ ലോകത്തു ആർക്കും
അറിയാത്തയിടങ്ങളിൽ പകലന്തിയോളം
അലഞ്ഞു നടക്കുകയായിരുന്നു..
എത്ര കാലം ജീവിച്ചു എന്നോ? എപ്പോ മരിച്ചു
എന്നോ ? അവൾക്ക് അറിയില്ലായിരുന്നു.
പുറത്തു വാഹനശബ്ദത്തിലും നടന്നു
പോകുന്ന വഴിയിലും .. കാണുന്ന ഓരോ
മുഖങ്ങളിലും അവനെ അവൾ തിരഞ്ഞു
കൊണ്ടിരുന്നു ..
എത്രയോ ആളുകൾ അവളെ കാമം
നിറഞ്ഞ നോട്ടം നോക്കി ..
ചിലർ പുച്ഛിച്ചു ..
പലരും മക്കളെ അവളെ കാട്ടി പറഞ്ഞു.
\'
പ്രണയിച്ചു നടന്നാൽ ഇങ്ങനെ ഇരിക്കും
ഒറ്റമരത്തിൽ ആരും ഇല്ലാതെ ഒറ്റയ്ക്ക്
അങ്ങനെ ..\'

താൻ ഒരിക്കലും ഒറ്റയ്ക്ക് അല്ലെന്ന് ആ
വിഡ്ഡികൾക്ക് അറിയില്ലല്ലോ ..
ഓരോ രാത്രിയും രക്ഷിതാവിനോട്
പ്രാർത്ഥനയിൽ ഉറങ്ങാതെ ഇരുന്നു ..
ഇടയ്ക്ക് കണ്ണാടിയിൽ നോക്കിയപ്പോൾ
അവൾക്ക് നരകൾ ബാധിച്ചു
തുടങ്ങിയിരുന്നു.
അവളുടെ മനസിൽ അയാൾ അപ്പോഴും
26 ന്റെ തുടിപ്പുള്ള ചിരിക്കുന്ന നർമങ്ങൾ
പറഞ്ഞു തന്നെ സന്തോഷിപ്പിച്ച
ചെറുപ്പക്കാരൻ ആയിരുന്നു ..
ചിലപ്പോൾ കുട്ടികൾ വന്നു അവളെ ചുറ്റും
കൂടും .. അവളുടെ പ്രണയകഥ തേടി ..
അവൾക്ക് അതു വിവരിക്കാൻ എന്തോ
ആവേശം ആയിരുന്നു ..
അവസാനം അവർക്കൊപ്പം അവരും
കരയും ..
നിങ്ങൾ പിരിയേണ്ടിയിരുന്നില്ല ..
അവർ കൊതി പറയും ..
ആ രാത്രി അവളെ വല്ലാതെ അലസോല
പെടുത്തിയാണ് കടന്നു പോവാറുള്ളത് ..

ഒരിക്കൽ തപാലിൽ ഒരു കത്ത് വന്നു.

ഈ ലോകത്തിൽ എനിക്ക് ഏറ്റവും
പ്രിയപ്പെട്ടവളെ ...

നമ്മൾ ഒന്നവേണ്ട നാളുകൾ അടുത്തു
എന്നു എന്റെ മനസ് പറയുന്നു.
വാർധക്യ ത്തിന്റെ ചുളിവുകൾ എന്നിൽ
വീണ് തുടങ്ങി ..
ഇപ്പൊ നേരെ വളരെ കഷ്ടപ്പെട്ടാണ്
എഴുനേറ്റ് നടക്കുന്നത്.
പിന്നെ സഹായത്തിനു ഒരു പയ്യൻ
ഉണ്ട്. .സുബ്രു .. പണ്ട് അഞ്ചേരിയിലെ
തെരുവിൽ ആരുടെയോ അവിഹിത്തിന്റെ
ഭാരം ഉപേക്ഷിച്ചതാണ്.
ഒട്ടിയ വയറുമായി എന്റെ മുന്നിൽ വന്നു
അന്ന് മുതൽ എന്റെ കൂടെ ഉണ്ട് .. ഇപ്പൊ
ഇവന് മലയാളം ഒക്കെ അറിയാം .. ഞാൻ
നിന്റെ കഥകൾ ഒരുപാട് പറഞ്ഞിട്ടുണ്ട്.
ഞാൻ ഒരിക്കൽ ദൂരെ നിന്നും നിന്നെ
കാണിച്ചു കൊടുത്തു അവനു ..
നിന്റെ മുമ്പിൽ വരണം എന്നു എനിക്ക്
ഉണ്ടായിരുന്നു പക്ഷെ. നിന്റെ ഉമ്മയ്ക്ക്
ഞാൻ വാക്ക് കൊടുത്തിരുന്നു .. നിങ്ങളുടെ
മകളുടെ കമ്മുന്നിൽ ഇനി ഒരിക്കലും വരില്ല
എന്നു..
അവരുടെ ശാപത്തിൽ ചവിട്ടി നിന്നെ
എന്നോട് ചേർക്കാൻ ഞാൻ ആഗ്രഹിച്ചില്ല ..
നീയും അതു തന്നെ അല്ലെ പ്രതീക്ഷിച്ചതു ..
ഞാൻ ഒരിക്കലും അവർക്ക് ഒരു നല്ല
മരുമകൻ അല്ല. സ്വത്തുകൊണ്ടും സൗന്ദര്യം
കൊണ്ടും ഒന്നും..
പക്ഷെ നീ സ്നേഹം കൊണ്ട് എന്നെ
തോൽപ്പിച്ചു കളഞ്ഞു.
ഞാൻ കരുതി ഏതോ ജീവിതത്തിൽ
ചേക്കേറിയിരിക്കും എന്നു .. നിനക്ക്
എന്നു പറഞ്ഞു ഒരു ലോകവും നിന്നെ
എന്നെക്കാൾ സ്നേഹിക്കാൻ ഒരുപാട്
പേരും ഉണ്ടാകും എന്ന് ..
പക്ഷെ ഒരുപാട് വൈകി പോയി ..
എന്റെ ആരോഗ്യം ഒക്കെ നശിച്ചിരിക്കുന്നു ...
ഇനി നിനക്ക് എന്റെ ഭാരം ചുമക്കാൻ നേരം
ഉണ്ടാകുകയുള്ളൂ ..
നിന്നെ ചൂടും വെയിലും ഏൽക്കാതെ
കാതുരക്ഷിക്കേണ്ട ഞാൻ നിനക്ക് ഒരു
ബാധ്യത ആയി ഒരിക്കലും എനിക്ക്
സഹിക്കില്ല ..
എന്നു നിന്റെ ...


തിരിച്ചയാക്കാനോ തിരിച്ചു വരണം എന്നു
പറയാനോ ... കൂടെ വന്നു കെട്ടിപ്പിടിച്ചു
ശിഷ്ടകാലം പാതസേവ ചെയ്യാനോ ഒരു
അവസരം തന്നില്ല ..
എന്നും അദ്ദേഹത്തെ സുശ്രുഷിച്ചു
സ്നേഹിച്ചു പകൽ മായുമ്പോൾ കുടിൽ
ആണേലും കൊട്ടാരം ആണേലും ഉള്ളത്
വെച്ചു കാത്തിരുന്നു. കൊച്ചു കൊച്ചു
പരിഭവത്തിൽ പ്രണയം ഓള്പ്പിച്ചു കഴിയാൻ
അല്ലെ കൊതിച്ചത്. എന്നിട്ടു എന്തേ
ഇങ്ങനെ ചിന്തിച്ചു. നിങ്ങൾ എനിക്ക്
എങ്ങനെ ബുദ്ധിമുട്ട് ആവുക. എന്റെ
പ്രണയത്തിന്റെ ആഴം കാണിച്ചുതരാൻ
കിട്ടിയ ഒരു അവസരം .. 
എന്നിട്ടും ...
മരിക്കും മുമ്ബ് ഒരിക്കൽ എങ്കിലും ..
അന്ന് ഒരുപാട് കരഞ്ഞു. പിന്നീടുള്ള
രാത്രികളും ഒരുപാട് കരഞ്ഞു ..

എന്റെ ഉമ്മാ....
 നിങ്ങൾ എന്നെ ഒരുപാട്
സ്നേഹിച്ചിരുന്നില്ലേ ... ഞാൻ കാൽ
ഇടരുമ്പോൾ ഒക്കെ എന്നെ ചേർത്തു
നിർത്തി. എനിക്ക് വയ്യാതെ ആവുമ്പോൾ
എന്തൊരു ഭയം ആണ് നിങ്ങൾക്ക്..
എന്റെ കാര്യം ചെയ്തു തരാനും എന്നെ
നോക്കാനും നിങ്ങൾക്ക് വല്ലാത്ത ഇഷ്ടം
ആയിരുന്നു ..
എന്നിട്ടും പിടയ്ക്കുന്ന എന്റെ കൽബ്
എന്തേ നിങ്ങൾ കാണാതെ പോയി.
എത്ര രാത്രികൾ ഞാൻ കണ്ടിട്ടുണ്ട് നിങ്ങൾ
എന്നെ ഓർത്തു പൊട്ടി പൊട്ടി കരയുന്നത് ..
എന്നെ അടുത്തു നിർത്തി ഒരിക്കൽ പറഞ്ഞു,

എന്റെ വാശി കുടുംബക്കാർ ഒക്കെ പറഞ്ഞപ്പോൾ എനിക്കും അങ്ങനെ തോന്നി പക്ഷെ നിന്റെ ജീവിതം ഇങ്ങനെ ആകും എന്നു കരുതി ഇല്ല,

ആഗ്രഹിച്ച മരണത്തിലേക്ക്
അണിഞ്ഞൊരുങ്ങി ചെല്ലുമ്പോൾ ഒരുപാട്
പ്രതീക്ഷകൾ ആയിരുന്നു ..
ഇതുവരെ വീർപ്പുമുട്ടിപ്പിച്ച ചിന്തകൾക്ക്
അവസാനം ..
എന്നിട്ടു ഇപ്പൊ ഇവിടെ .. വീണ്ടും അജ്ഞാത
വാസം ..
ഇനിയും എന്നെ പരീക്ഷിച്ചു തീർന്നില്ലേ ..
അവൾ അറിയാതെ രണ്ടുതുള്ളി കണ്ണുനീർ
നിലത്തു വീണു .. സ്വർഗം വിറച്ചു ..
സന്തോഷത്തിന്റെ ലോകത്തിൽ ആരാണ്
ഈ കരഞ്ഞത്.
ദൈവകല്പന ഉണ്ടായി ..

\' ഞാൻ എന്റെ
അടിമകൾക്ക് സന്തോഷത്തിനായി പണിത
ഈ ലോകത്തിൽ കണ്ണുനീർ വീഴ്ത്തിയവളെ
എന്റെ മുന്നിൽ എത്തിക്കുക ..\'

\'നിനക്ക് ഞാൻ ഇവിടെ എന്തു കുറവാണ്
വരുത്തിയത് ഇങ്ങനെ കണ്ണുനീർ
പൊഴിക്കാൻ. നീ ആവിശ്യപ്പെട്ടതൊക്കെ
ഞാൻ തന്നില്ലേ ..\'

\'എന്റെ രക്ഷിതാവേ നീ വലിയവനും
കരുണാമയനും ആണ്. ഞാൻ
ആഗ്രഹിച്ചതിലും സ്ഥാനങ്ങൾ എനിക്ക്
തന്നു.
പക്ഷെ ഇതിൽ ഒന്നും എന്റെ സന്തോഷം
ഇല്ല ..
എന്റെ പ്രണനാഥനെ എന്നിൽ ചേർക്കാതെ ഈ ലോകത്തിൽ എന്നല്ല എവിടേം ഞാൻ സന്തോഷിക്കില്ല,..\'

\'അവന്റെ കാര്യം ആണോ.\'

ദൈവം ഉറക്കെ ചിരിക്കാൻ തുടങ്ങി ..

\'അവന്റെ മാതാവ് അവന്റെ പേരിൽ
ദാനമായി കൊടുത്ത ഭക്ഷണത്തിനും
മരിക്കും അവരെ സുശ്രുഷിച്ചു എന്ന
ഒറ്റകാരണം കൊണ്ട് മാത്രം ആണ് സ്വർഗം
കൊടുത്തത്.
അവൻ എന്നെ ഓർക്കുന്നതിലും നിന്നെ
ചിന്തിച്ചു കാണുന്ന ആളുകളിലും കാണുന്ന
മുഖങ്ങളിൽ നിന്റെ കഥകൾ മാത്രമേ
അവനു പറയാൻ ഉള്ളു.
അവൻ നിന്നിലൂടെ എന്നെ കാണാൻ
ശ്രമിച്ചു.
നീ എന്നിലൂടെ അവനെ കാണാൻ ശ്രമിച്ചു.
അവന്റെ എല്ലാ സൽകര്മങ്ങളും നിനക്ക്
വേണ്ടി അവൻ ഭൂമിയിൽ നിന്നും മാറ്റി
വെച്ചു.
അവനു സ്വർഗത്തിൽ താഴ്ന്ന സ്ഥാനം
ആണ്.
നീ അവനെക്കാൾ എത്രയോ മുകളിൽ
ആണ് ..\'

\'ഭൂമിയിൽ ജീവിക്കാൻ കഴിയാത്തെ
ആത്മാക്കൾ ഇവിടെ ആണ് പ്രതീക്ഷ
അർപ്പിക്കുന്നത്..
നിത്യമായ സന്തോഷലോകമാണ് എനിക്ക്
മുമ്പിൽ നീ തുറന്നതെങ്കിൽ എനിക്ക്
അദ്ദേഹവും വേണം.
നീ അളവുകൾ ഇല്ലാതെ സ്നേഹിക്കുകയും
കാരുണ്യം ചൊരിയുകയും ചെയ്യുന്നവൻ
അല്ലെ.
നിന്റെ മഹത്തായ ഔതാര്യം ഈ
പാവപ്പെട്ടവളിൽ ചൊരിഞ്ഞാലും ..
ഞങ്ങളെ ഒന്നായി ചേർത്താലും ..\'

അവൾ വീണ്ടും കരയാൻ തുനിഞ്ഞു.
ദൈവം തടഞ്ഞു ..
അവളോട് തന്റെ കൂടെ വരാൻ പറഞ്ഞു.
നടന്നു കുറച്ചു മുമ്പോട്ട് പോയപ്പോൾ ..
തന്റേതിന് സമാനമായ ഒരു കൊട്ടാരം ..
പക്ഷെ അതിലും പ്രൗഢി ഉണ്ട് ..
പരിവാരങ്ങളുടെ ബഹളം ഇല്ല.
അവിടെ നിന്നും ദൈവം ഉറക്കെ വിളിച്ചു ..
എന്നിട്ട് പറഞ്ഞു ..

\'നീ ഭൂമിയിൽ ഉള്ളവരെ പോലെ ആണ്
ആകാശത്തിൽ ഉള്ളവൻ എന്നു
കരുതിയോ ..?
നിന്നെക്കാൾ നിന്റെ മനസ് അറിയുന്നവൻ
ആണ് നിന്റെ രക്ഷിതാവ് ..
അവൻ എന്നോട് അവിശ്യപ്പെട്ടതാണ്.
അവൾ എന്നെ ചോദിക്കുമ്പോൾ എന്റെ
അടുത്തു നീ എത്തിച്ചു തരണം എന്നു.
എന്റെ പാത്രം മനുഷ്യരുടെ പോലെ അല്ല ..
അതിൽ എത്ര എടുത്താലും വറ്റില്ല ..
സ്നേഹിക്കുന്നവരെ പിരിക്കാൻ ഞാൻ
എവിടെയും പറഞ്ഞിട്ടില്ല ..
അവർ എന്റെ വാക്കുകൾ അവരുടെ
ആവശ്യത്തിനു മാറ്റം വരുത്തുന്നു ..
എല്ലാ പ്രണങ്ങളുടെയും ഉത്ഭവം എന്നിൽ
നിന്നാണ് എന്നു അവർ ഒരിക്കലും
അറിയുന്നില്ല ..

ദൈവം അവിടെ നിന്നും മറഞ്ഞു ..
അവൻ അവിടേക്ക് വന്നു.

അവൾ ഓടി പോയി നെഞ്ചത്തു കുറെ അടി
വെച്ചു കൊടുത്തു ..

\'എന്നാലും ..\'

\'ഒന്നും പറയണ്ട .. എന്നോട് ക്ഷമിക്കു
പെണ്ണേ ..\'

\'ഹും ന്നോട് മിണ്ടണ്ട ..\'

\'ന്റെ കൽബി അല്ലെ ..?\'

\'അല്ല ..\'

\'ന്റെ പൊന്നല്ലേ ..?\'

\'അല്ലാന്നേ ..\'

ന്റെ റൂഹിന്റെ പാതി അല്ലെ ..?

\'അല്ല അല്ല .. ഞാൻ ആരേം ആരും അല്ല ..\'

\'ഇങ്ങോട്ട് നോക്കിയേ ..\'

\'നോക്കില്ല ..\'

അവൻ അവളെ താടി ഉയർത്തി ..
കണ്ണിലേക്ക് നോക്കി ..
അവളുടെ കണ്ണുകൾ അവനോടുള്ള
പ്രണയദാഹത്താൽ നിറഞ്ഞിരുന്നു.
അവൾ വീണ്ടും പറഞ്ഞു .. 
\'എന്നാലും
നിങ്ങൾക്ക് അന്ന് എന്റെ അടുത്തു ..\'

\'ഒന്നും പറയണ്ട ..\'
അവൻ വായ പൊത്തി ..

\'എന്തൊരു മൊഞ്ച .. ന്റെ പൊന്ന്ന് ..
എത്ര കാലത്തിനു ശേഷമാണ്
ഈകുറുമ്പുകൾ ഒന്നൂടെ കാണുന്നെ ..
പറയാൻ ഉണ്ട് എനിക്ക് നിന്നോട് ഒരുപാട്
കഥകൾ.. മാറ്റമില്ലാതെ കിടക്കയല്ലേ
ഇവിടെ ജീവിതം പറഞ്ഞു തീർക്കാം ....
എല്ലാം നീ ചോദിക്കുന്ന നിന്റെ മനസിൽ
ഉള്ള എല്ലാം ...\'

ശുഭം.