\"ദാസാ എന്റെ കുഞ്.. അവൾക്ക് ഇപ്പോഴേ ഒരു കല്യാണം വേണ്ടാന്ന് പറഞ്ഞതാ.. ഞാനാടാ എന്റെ കുഞ്ഞിനെ നിർബന്ധിച്ചത്... എന്റെ കുഞ്ഞിന് ഇത് സഹിക്കുവോട.. ഞാൻ ഇനി ഈ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും..\"അങ്ങോട്ടേക്ക് ചെന്ന ശ്രീ കാണുന്നത് ദാസച്ഛനെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛനെയാണ്.. അവളുടെ നെഞ്ച് ഒന്ന് വിങ്ങി..
\"ഡാ മനു.. ഈ കല്യാണം പറഞ്ഞ മുഹൂർത്തത്തിൽ തന്നെ നടക്കും.. എന്റെ മകൻ അശ്വിൻ ദേവൂന്റെ കഴുത്തിൽ താലി കെട്ടും..\"
ദാസച്ഛന്റെ വാക്കുകൾ കേട്ട് അവൾ അവിടെ തറഞ്ഞു നിന്നു. ഒന്ന് കരയാൻ പോലും ആവാതെ ഒരു ശില പോലെ അവൾ അവിടെ നിന്നു....
എന്താണ് താൻ ചെയ്യേണ്ടത്... അച്ചേട്ടൻ എന്റെയാന്ന് ഉറക്കെ വിളിച്ച് പറയാൻ തോന്നുന്നുണ്ട്... പക്ഷെ ആവുന്നില്ല... ദാസച്ഛനെ പ്രതീക്ഷയോടെ നോക്കുന്ന അച്ഛനെ കണ്ട് ഒന്നിനും ആവാതെ അവൾ അവിടെ തന്നെ തറഞ്ഞു നിന്നു...
\"ദാസാ കുട്ടികൾ സമ്മതിക്കുവോട...\"
\"അച്ചുനോട് ഞാൻ സംസാരിക്കാടാ ഞാൻ പറഞ്ഞാൽ അവൻ കേൾക്കും.. നീ വിഷമിക്കണ്ട..\"
അച്ചേട്ടൻ സമ്മതിക്കുവോ.. ഇല്ല... അച്ചേട്ടൻ എന്നെ അല്ലേ ഇഷ്ടം അപ്പൊ എങ്ങനാ സമ്മതിക്കുക...
\"മോളെ നീ ചെന്ന് അച്ചുനെ വിളിച്ചിട്ട് വാ \".. എന്ന് ദാസച്ചൻ അവളോട് ആയി പറയുമ്പോൾ മരവിച്ച മനസ്സുമായി അവൾ അച്ചുവിന്റെ അടുത്തേക്ക് പോയി...
എങ്ങനെ കഴിയും തനിക്ക് അച്ചേട്ടനെ തന്റെ ചേട്ടന്റെ സ്ഥാനത്ത് കാണാൻ... ഇല്ല പറ്റില്ല... എന്നെ കൊണ്ട് കഴിയില്ല... അച്ചേട്ടൻ എന്റെയാ എന്റെ മാത്രം... എന്നാൽ അതെനിമിഷം തന്നെ കൂടുതൽ മികവോടെ അവളുടെ അച്ഛന്റെയും ചേച്ചിയുടെയും മുഖം തെളിഞ്ഞു വന്നു... ഇന്ന് ഇവിടെ വെച്ച് ഈ കല്യാണം നടന്നില്ലെങ്കിൽ അച്ഛൻ ഈ നാട്ടുകാരുടെ മുന്നിൽ വെച്ച് നാണം കെടില്ലേ.. ചേച്ചിയുടെ കുഴപ്പം കൊണ്ടാണ് കല്യാണം നടക്കാഞ്ഞത് എന്ന് നാട്ടുകാർ പറിയില്ല... ഇല്ല ആരും അങ്ങനെയൊന്നും പറയരുത്.. ഇന്ന് തന്നെ ഈ കല്യാണം നടക്കണം... പക്ഷെ അച്ചേട്ടൻ...
ഒരു ഭാഗത്ത് തന്റെ പ്രണയം മറുഭാഗത് അച്ഛൻ... ആർക്കാണ് താൻ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്... അച്ഛൻ തന്നെയല്ലേ... അമ്മയില്ലാത്ത ഞങ്ങൾ രണ്ടു മക്കളേം പൊന്ന് പോലെ നോക്കി വളർത്തിയ അച്ഛൻ തന്നെ അല്ലേ ഞാൻ പ്രാധാന്യം കൊടുക്കേണ്ടത്... അമ്മയുടെ മരണശേഷം ഒരു കല്യാണത്തിന് എല്ലാരും അച്ചനെ നിർബന്ധിച്ചപ്പോൾ രണ്ടാനമ്മ ഒരിക്കലും സ്വന്തം അമ്മയാവില്ല എന്ന് വിശ്വസിച്ച് ഞങ്ങളെ നോക്കി വളർത്തിയ ആൾ..
\"എനിക്ക് എന്റെ അച്ഛൻ ആണ് വലുത്.. അച്ഛന്റെ സന്തോഷം ആണ് വലുത്...\"
അച്ഛന്റെ സന്തോഷത്തിന് മുന്നിൽ തന്റെ സന്തോഷം ഒന്നും അല്ല എന്ന് മനസ്സിലാക്കിയ നിമിഷം...എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ അച്ചുവിന്റെ അടുത്തേക്ക് നടന്നു..
*********
\"ഡാ അവനെ വിളിച്ചിട്ട് കിട്ടുന്നില്ലടാ..\"അച്ചു
\"ഡാ നീ എങ്ങനെ ടെൻഷൻ ആവാതെ.\"രാഹുൽ.
\"ഡാ അവൻ കല്യാണത്തിന് ഇഷ്ടം അല്ലെന്ന് ഒരിക്കൽ പോലും എനിക്ക് തോന്നിയിട്ടില്ല.. അവൻ ദേവൂനെ അത്രക്ക് ഇഷ്ടാടാ.. അത് മനസ്സിലാക്കിയവനാ ഞാൻ.. പക്ഷെ ഇതിപ്പോ എന്താ അവൻ പറ്റിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ലടാ..\"
രാഹുലിനെ പോലെ തന്നെ അച്ചുവിന്റെ നല്ല സുഹൃത്താണ് ജിത്തുവും.. ദേവൂനെ പെണ്ണ് കാണാൻ വന്നപ്പോ തൊട്ട് ഉള്ള പരിചയം ആണ്.. കുറച്ച് നാളായിട്ടുള്ള പരിചയം മാത്രം ആയിരുന്നെങ്കിലും അവൻ തന്റെ നല്ലൊരു സുഹൃത്തായിരുന്നു.. തന്റെയും ശ്രീയുടെയും കാര്യത്തെ കുറിച്ച് അറിയാവുന്ന മൂന്നാമൻ.. പക്ഷെ ഇപ്പൊ എന്താണ് അവൻ പറ്റിയത്..
\"അച്ചു ഏട്ടാ...\"
പുറകിൽ നിന്നുമുള്ള വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി..കരഞ്ഞു കലങ്ങിയ കണ്ണുകളും വിളറി ഇരിക്കുന്ന ആ മുഖവും കണ്ട് അവന്റെ മനസ്സ് നൊന്തു...
\"ഒന്നുല്ലടാ നീ വിഷമിക്കണ്ട...\"അവളെ സമാധാനിപ്പിക്കാൻ ആയി അവൻ പറഞ്ഞു..
\"അച്ഛ വിളിക്കുന്നു..\"
എങ്ങനെയോ അവൾ പറഞ് ഒപ്പിച്ചു..അവൻ പോകാൻ വേണ്ടി തിരിഞ്ഞതും അവൾ അവന്റെ കൈപിടിച്ച് നിർത്തി.അവൻ എന്തെന്ന രീതിയിൽ അവളെ തിരിഞ്ഞ് നോക്കി..
\"ദാസച്ചൻ എന്ത് പറഞ്ഞാലും സമ്മതിക്കണം..\"എന്ന് പറഞ് അവന്റെ കൈവിട്ട് അവൻ മുന്നേ കേറി നടന്നു..അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അവൻ അവളുടെ പുറകെ പോയി..
രണ്ട് പേരും കൂടി അവിടെ ചെന്നപ്പോൾ ദാസച്ചൻ മാത്രമേ അവിടുണ്ടായിരുന്നുള്ളു..
\"ദാസച്ചാ അച്ഛയെവിടെ..\"ശ്രീ
\"ദേവൂന്റെ അടുത്തോട്ടു പോയി..\"അതും പറഞ് ദാസ് അച്ചുവിന് നേരെ തിരിഞ്ഞു..
\"അച്ചു.\"
\"എന്താച്ചാ..\"
\"ഇതുവരെ നിന്റെ കാര്യത്തിൽ നിന്നോട് അഭിപ്രായം ചോദിക്കാതെ ഞാൻ എന്തേലും തീരുമാനം എടുത്തിട്ടുണ്ടോ..\"അച്ഛൻ എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കുന്നത് എന്ന് മനസ്സിലാവാതെ അവൻ പറഞ്ഞു.
\"ഇല്ല..\"
\"നിന്റെ ഏതേലും ആഗ്രഹങ്ങൾ ഞാൻ എതിർത്തിട്ടുണ്ടോ..\"
\"ഇല്ലചാ..\"
\"എന്നാൽ ഇന്ന് നിന്റെ ആഗ്രഹവും ഇഷ്ടവും ഒന്നും നോക്കാതെ ഞാൻ ഒരു തീരുമാനം എടുത്തു... നീ എന്നെ അനുസരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..\"
അച്ചു ഒന്നും മനസ്സിലാവാതെ അച്ഛനെ തന്നെ നോക്കി നിന്നു..
\"അച്ഛൻ എന്തൊക്കെയാ പറയുന്നേ.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..\"
\"പറയാം..\"
അച്ചു അച്ഛന്റെ വാക്കുകൾക്കായ് കാതോർത്തു.. ശ്രീ വേദനയോടെ എല്ലാം കേട്ട് അവിടെ തളർന്ന് നിന്നു..
\"ഈ കല്യാണം മുടങ്ങാൻ പാടില്ല.. ദേവൂന്റെ കഴുത്തിൽ നീ താലി കെട്ടണം..\"
അരുതാത്തത് എന്തോ കേട്ട പോലെ അച്ചു തറഞ്ഞു നിന്നു.. കണ്ണീർ വാർത്തുകൊണ്ട് ശ്രീയും..
\"അച്ഛൻ എന്തൊക്കെയാ ഈ പറയണേ.. ദേവൂനെ ഞാൻ കല്യാണം കഴിക്കണോന്നോ.. No way.. ഇത് നടക്കില്ല..\"
പെട്ടെന്ന് ബോധം വന്നത് പോലെ അച്ചു പറഞ്ഞു.
\"എന്താ നടന്നാൽ... മ്മ്.. എന്താ നടന്നാലെന്ന്..ദേവു മോൾക്ക് എന്താ ഒരു കുഴപ്പം പഠിപ്പില്ലേ.. നല്ലൊരു ജോലിയില്ലേ... ഏഹ്.. അതോ നിനക്ക് ഇനി വേറെ വല്ല ഇഷ്ടവും ഉണ്ടോ..\"അച്ഛന്റെ ആ ചോദ്യത്തിൽ അവൻ അവൻ എതിരെ നിൽക്കുന്ന ശ്രീയെ ഒന്ന് നോക്കി. അവൾ തല ഇരുവശത്തേക്കും ചലിപ്പിച്ചു ഒന്നും പറയല്ലേ എന്ന രീതിയിൽ കണ്ണും നിറച്ച് നിൽപ്പുണ്ട്.. അവളുടെ ആ നിൽപ്പ് കണ്ട് ദയനീയമായി അവൻ അവളെ നോക്കി..
\"ഇനി അഥവാ അങ്ങനെന്തേലും ഉണ്ടെങ്കിൽ തന്നെ നീ അത് മറന്നേരെ.. മനുവിന് ഞാൻ വാക്ക് കൊടുത്തതാ..\"
\"അച്ഛൻ വാക്ക് കൊടുത്തുന്നു പറഞ്.. എനിക്ക് ദേവൂനെ അങ്ങനെ ഒന്നും... അച്ഛാ എന്നെ കൊണ്ട് പറ്റില്ല .. പ്ലീസ് ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്..\"
ഇരു കയ്യും കൂപ്പി അച്ഛനോട് പറയുന്ന അച്ചുനെ ശ്രീ വേദനയോടെ നോക്കി..
\"ഞാൻ ഇന്നേ വരെ നിന്നോട് ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല...അവളെ നീ കെട്ടുവോന്നല്ല കെട്ടണം എന്ന ഞാൻ പറഞ്ഞത്... ഇല്ലേൽ പിന്നെ നിനക്ക് ഇനി അച്ഛൻ ഇല്ല..\"എന്ന് പറഞ് പുറത്തേക്ക് ഇറങ്ങി പോകുന്ന അച്ഛനെ അച്ചു വേദനയോടെ നോക്കി.. അവിടെ ശ്രീയും അച്ചുവും മാത്രം ആയി..
അവൻ അവളുടെ അടുത്തേക്ക് ചെന്നു..
\"ഞാൻ ഞാൻ എന്താ കുഞ്ഞി വേണ്ടത്..\"
\"ദാസച്ചൻ പറയുന്നത് പോലെ കേക്കണം.. എന്റെ ചേച്ചിയെ സ്വീകരിക്കണം \"
കൈ കൂപ്പി തന്റെ മുന്നിൽ നിന്ന് കരഞ്ഞു പറയുന്ന കുഞ്ഞിയെ അവൻ വേദനയോടെ നോക്കി..
\"കുഞ്ഞി അപ്പൊ അപ്പൊ നീയോ.. നമ്മൾ ഒരുമിച്ച് എന്തൊക്കെ സ്വപ്നം കണ്ടതാ കുഞ്ഞി.. അതൊക്കെയോ.. ഏഹ്.. പറ...\"
\"മറക്കണം അച്ചേട്ടാ.. എല്ലാം മറക്കണം... എന്റെ ചേച്ചിയെ സ്വീകരിക്കണം.. എനിക്ക് എന്റെ ചേച്ചിയുടെ ജീവിതമാ വലുത്..\"
അവൾ പറയുന്നത് കേട്ട് അവൻ ദേഷ്യം ഇരച്ചു കയറി.
\"അപ്പൊ എല്ലാരുടേം സന്തോഷത്തിന് വേണ്ടി ഞാൻ എന്റെ ജീവിതം തൊലക്കണം അല്ലേ... \"അവളുടെ കൈ തണ്ടയിൽ പിടിമുറിക്കി കൊണ്ട് അവൻ ചോദിച്ചു..
\"പറയടി പുല്ലേ... ഇതിന് വേണ്ടിയാണോ നീ എന്നെ സ്നേഹിച്ചത്... എന്തിനാരുന്നടി... ഏഹ്..ഇങ്ങനെ അവസാന നിമിഷം തള്ളി കളയാൻ ആരുന്നെങ്കിൽ പിന്നെ എന്തിനാ എന്നെ സ്നേഹിച്ചേന്ന്. .. പറയടി..\"അവന്റെ ഓരോ ചോദ്യങ്ങളോടൊപ്പം അവളുടെ കൈയിലുള്ള പിടിയും മുറുകി.. ആദ്യമായാണ് അവനെ ഇത്രെയും ദേഷ്യത്തിൽ അവൾ കാണുന്നത്..
\"എന്താടി മിണ്ടാതെ നിക്കുന്നെ.. നിന്റെ നാവിറങ്ങി പോയോ..\"കൈയിലെ പിടിവിട്ട് അവളുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ട് അവൻ ചോദിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.. അവരെ തിരക്കി വന്ന രാഹുലും അപ്പുവും ഈ കാഴ്ച്ച കണ്ടോണ്ടാണ് അകത്തേക്ക് കെയറി വന്നത്.. രാഹുൽ പെട്ടെന്ന് ചെന്ന് അവനെ പിടിച്ച് മാറ്റി..
\"ഡാ ഇവൾ പറഞ്ഞത് നീ കേട്ടോ.. ഇപ്പൊ ഇവക്ക് എന്നെ വേണ്ടാന്ന്..\"വീണ്ടും അവളുടെ നേരെ ചാടി കൊണ്ട് അച്ചു രാഹുലിനോട് പറഞ്ഞു..
\"എന്തൊക്കെയാ ശ്രീ ഇത്.. നമുക്ക് അച്ഛനോട് സംസാരിക്കാം.. നമുക്ക് കാര്യങ്ങൾ എല്ലാം അവരോട് പറയാം...\"രാഹുൽ
\"ഒന്നും പറയണ്ട... എനിക്ക് എന്റെ അച്ഛനും ചേച്ചിയുമാ വലുത്... രാഹുലേട്ടൻ ഇയാളോടൊന്ന് പറഞ് മനസ്സിലാക്കി കൊടുക്ക്..\"എന്ന് പറഞ് അവൾ പുറത്തേക്ക് ഇറങ്ങി പോയി...അച്ചുവിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു... അവൾ ഇപ്പൊ പറയുന്നത് ഒന്നും അവൻ ഉൾകൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല.. അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ നിന്നു..
\"അപ്പു അച്ഛൻ എവിടെ..\"അച്ചു
\"ദേവു ചേച്ചിടെ അടുത്ത്..\"
അവൻ പെട്ടെന്ന് അവിടുന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് പോയി.. പിറകെ ഇവൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയാതെ രാഹുലും അപ്പുവും.
അവർ എല്ലാരും നിൽക്കുന്ന റൂമിന്റെ വാതിൽ തള്ളി തുറന്ന് കൊണ്ട് അവൻ അകത്തേക്ക് കേറി.. അകത്ത് ദേവൂനെ ചേർത്ത് പിടിച്ച് കൊണ്ട് മായ നിൽപ്പുണ്ട്.. അതിന് അടുത്തായി ദാസച്ഛനും മനു അച്ഛനും പിന്നെ ചുമരിൽ ചാരി ശ്രീയും...വാതിൽക്കലായി രാഹുലും അപ്പുവും വന്ന് നിൽപ്പുണ്ട്..
\"എനിക്ക് സമ്മതമാണ്...\" അച്ചുവിന്റെ വാക്കുകൾ കേട്ട് എല്ലാരും ഒരു നിമിഷം ഞെട്ടി.. പക്ഷെ പെട്ടെന്ന് തന്നെ മനുവിന്റെയും ദാസിന്റെയും മായയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. എന്നാൽ ദേവുവും ശ്രീയും രാഹുലും അപ്പുവും നിർവികാരരായി നിന്നു..
തുടരും.....