Aksharathalukal

മാംഗല്യം തന്തുനാനേന -9

ഭാഗം ഒമ്പത്

അന്തിച്ചു നിൽക്കുന്ന മഞ്ജുവിനെക്കടന്ന് മഹിയും വിനോദും റൂമിലേക്ക് കയറി. മഹി പുറത്തേയ്ക്കുള്ള വാതിലടച്ചു കുറ്റിയിട്ടു. പിന്നെ അകത്തെ വാതിലിലൂടെ തൊട്ടപ്പുറത്തുള്ള രഞ്ജുവിന്റെ മുറിയിലേക്ക് നടന്നു.

വാതിൽക്കൽ തന്നെ നിന്നിരുന്ന മഞ്ജു വേഗം പോയി വാതിലടച്ചു കുറ്റിയിട്ടു. പിന്നെ വിനോദിനെ കണ്ട ഭാവം പോലും നടിക്കാതെ കട്ടിലിൽ പുറം തിരിഞ്ഞു കിടന്നു. സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. രാവിലെ മുതലുള്ള സംഭവങ്ങളിൽ അവൾക്കൊട്ടും ഉൾക്കൊള്ളാൻ പറ്റാത്തത് വിനോദ് അവളെ പന്തലിലുപേക്ഷിച്ച് പോയതാണല്ലോ.

അവളെ എങ്ങനെ അഭിമുഖികരിക്കണം എന്നറിയാതെ വിനോദ് കുറച്ചു സമയം എന്തോ ആലോചിച്ചു നിന്നു. മഞ്ജു അന്നനുഭവിച്ച മാനസിക പിരിമുറുക്കങ്ങളുടെ പ്രതിഫലനമാണ് അവൾ കാണിക്കുന്നത് എന്നവനുമറിയാം. എല്ലാം ഓർക്കുംതോറും അവനും സങ്കടം സഹിക്കാനായില്ല. പതിയെ കട്ടിലിൽ അവൾക്കരികിലായി ഇരുന്ന് അവളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ അടഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാര ധാരയായി പ്രവഹിക്കുന്നുണ്ടായിരുന്നു. വിനു പതിയെ വിളിച്ചു:

"മഞ്ജു..."

അവൾ മിണ്ടിയില്ല. കേട്ടതായിപ്പോളും നടിച്ചില്ല. വിനു വീണ്ടും പറഞ്ഞു:

ഞാൻ ചെയ്തത് മഹാ അപരാധമാണെന്ന് എനിക്കറിയാം മഞ്ജു. പക്ഷെ എനിക്കപ്പോൾ ചേട്ടനെ അനുസരിക്കാനെ പറ്റുമായിരുന്നുള്ളൂ. നിനക്കെന്നോട് ക്ഷമിച്ചുകൂടെ എന്നു ഞാൻ ചോദിക്കുന്നില്ല മഞ്ജു. ഒരു പക്ഷെ ഒരു പെണ്ണിനും നേരിടാനാവാത്ത ഒരു സാഹചര്യത്തിലേക്ക് നിന്നെ ഒറ്റയ്ക്ക് തള്ളിയിട്ടു പോയത് എന്റെ തെറ്റു തന്നെ, അതിന് എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാൻ ഞാനൊരുക്കമാണ്. എന്തു ശിക്ഷയും നീയെനിക്ക് തന്നോളൂ."

അതു കേട്ട് മഞ്ജു കണ്ണുകൾ തുടച്ച് ദേഷ്യത്തോടെ എഴുനേറ്റിരുന്നു. എന്നിട്ട് പറഞ്ഞു:

"ശിക്ഷിക്കാനും രക്ഷിക്കാനുമൊക്കെ ഞാൻ ദൈവമൊന്നുമല്ലല്ലോ. വിനുവേട്ടൻ ഉപേക്ഷിച്ചു പോയ ഞാനും എന്റെ കുടുംബവുമിപ്പോൾ ജീവനോടെയിരിക്കുന്നത് മഹിയേട്ടന്റെ കരുണ കൊണ്ടാണ്. രഞ്ജുവിനോടുള്ള സ്നേഹം മഹിയേട്ടൻ അങ്ങനെ തെളിയിച്ചു. ഞാൻ മൂലം അവർ വേർപിരിയാൻ ഞാൻ സമ്മതിക്കില്ല. അതിനു വിനുവേട്ടന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ, ഇല്ലെങ്കിൽ പറഞ്ഞാൽ മതി, എനിക്കറിയാം എന്തു വേണണെന്ന്."

അവളുടെ സംസാരം വിനുവിനെ അദ്‌ഭുതപ്പെടുത്തി, ഒരിക്കലും ഇത്രയും കർശനമായി അവൾ സംസാരിക്കുന്നത് താൻ കേട്ടിട്ടില്ല എന്നവനോർത്തു. മൃദുലഭാവങ്ങൾ മാത്രം ഉണ്ടായിരുന്ന പ്രണയത്തോടെ മാത്രം സംസാരിച്ചിരുന്ന തന്റെ മഞ്ജു, ചില മണിക്കൂറുകൾ കൊണ്ട് വല്ലാതെ മാറിയിരിക്കുന്നു. രാവിലെ മുതലുള്ള ഈ സമയത്തിനിടയിൽ അവൾ അത്രമാത്രം മനോവിഷമം അനുഭവിച്ചിരിക്കും. കുറ്റം തന്റെതാണല്ലോ സഹിക്കുക തന്നെ. ഇപ്പോൾ താൻ കൂടെയുണ്ടെന്ന തോന്നലാണ് അവൾക്ക് കൊടുക്കേണ്ടത്.

"മഞ്ജു, ഞാൻ  നാളെത്തന്നെ ട്രാൻസ്ഫറിന്  അപേക്ഷ കൊടുക്കാം. ചേട്ടൻ കഷ്ടി ഒരു മാസത്തോളം ഇവിടെ ഉണ്ടാകും. ആ ഒരു മാസത്തിനിടയിൽ ട്രാൻസ്ഫർ എന്തായാലും ശരിയാകും. ചേട്ടൻ പോയാലുടനെ നമ്മൾ തിരുവനന്തപുരം പോകുന്നു. ആരെതിർത്താലും ഇനി ഇതിന് മാറ്റമില്ല. വാക്ക് !"

"എനിക്കു വിശ്വസിക്കാമോ?"

"നൂറു ശതമാനം വിശ്വസിക്കാം."

"വിശ്വാസം ഒരു തവണ നഷ്ടപ്പെട്ടാൽ അതു പിന്നെ തിരിച്ചു കിട്ടാൻ വലിയ പ്രയാസമാണ് വിനുവേട്ടാ..."

"അതെനിക്ക് മനസ്സിലാവുന്നുണ്ട് മഞ്ജു, ഇനിയത് തിരിച്ചു കൊണ്ടുവരേണ്ടത് എന്റെ ആവശ്യമാണല്ലോ. ഞാൻ നിന്റെ കാല് പിടിക്കണോ?"

" തല്ക്കാലം വേണ്ട, സമയമാകുമ്പോൾ ഞാൻ പറയാം..."

മുഖഭാവത്തിൽ മാറ്റം വരുത്താതെ ഗൗരവത്തിലാണ് അവളത് പറഞ്ഞത് എങ്കിലും അവൾ അഴഞ്ഞു എന്നവന് മനസ്സിലായി. ചെറിയൊരു ചിരിയോടെ അവൻ കട്ടിലിൽ വിശ്രമിച്ചിരുന്ന അവളുടെ  കൈയെടുത്ത് പതിയെ തലോടിക്കൊണ്ടിരുന്നു. ആശ്വാസത്തോടെ അവൾ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.

'പാവം, ഇത്രേയുള്ളൂ തന്റെ പെണ്ണിന്റെ പിണക്കം.' അവളുടെ നെറുകയിൽ  ചുംബിച്ചുകൊണ്ട് അവനോർത്തു.

തുടരും....


....🖊️കൃതി

മാംഗല്യം തന്തുനാനേന- 10

മാംഗല്യം തന്തുനാനേന- 10

4.4
1603

ഭാഗം പത്ത് അതേ സമയം രഞ്ജുവിന്റെ മുറിയിലേക്കു കടന്നു ചെന്ന മഹി അവളുടെ ബെഡ്‌ഡിൽ കയറി കിടപ്പായി. രഞ്ജു ബാത്‌റൂമിൽ പോയി വന്നപ്പോൾ കട്ടിലിൽ ആരോ കിടക്കുന്നത് കണ്ട് അമ്പരന്നു. മഹിയാണെന്ന് മനസ്സിലായപ്പോൾ അവൾ ചിരിച്ചുകൊണ്ട് അങ്ങോട്ട് ചെന്നു.\"അല്ല, മണവാളന് മുറി മാറിയോ, ഇത് എന്റെ മുറിയാണ്, മണവാട്ടി അപ്പുറത്തെ മുറിയിൽ.\"പെട്ടെന്ന് തിരിഞ്ഞു കിടന്ന് രഞ്ജുവിനെ വലിച്ചു തന്നിലേക്കിട്ട് മഹി പറഞ്ഞു:\"എന്റെ മണവാട്ടി ഇവിടെയാണല്ലോ!\"മഹിയുടെ മേലേയ്ക്ക് വീണ രഞ്ജു കുതറാൻ  നോക്കിയെങ്കിലും അവനവളെ ബലമായി തന്നിലേക്ക് ചേർത്തു. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു, നാണം ക