Part 36
എബി എല്ലായിടവും അനു വിനെ അന്വേഷിച്ചു കണ്ടില്ല. അപ്പോഴാണ് അയാൾ ഒരുകാര്യം ചിന്തിച്ചത്, അനുവിന് ഒരു പ്രയാസം വന്നാൽ അവൾ സ്ഥിരമായി ചെന്നിരിക്കുന്ന ഒരിടമുണ്ട്. അവൾ ജനിച്ചു വളർന്ന വീട്. അവിടെയുള്ള രണ്ട് കല്ലറകൾ. അലെക്സിന്റെയും നന്ദിനിയുടെയും. അവരുടെ അടുത്തിരുന്നു മുട്ടിപ്പായി പ്രാർഥിക്കുമ്പോൾ എല്ലാവിഷമങ്ങളും മറക്കാറുണ്ടെന്നു അവൾ പറയുമായിരുന്നു.എബി അങ്ങോട്ടേക്ക് വച്ചുപിടിച്ചു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
നല്ല മഴപെയ്യുന്നുണ്ടായിരുന്നു. മഴപോലും കൂസാതെ അനു കല്ലറകൾക്ക് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു അനു അവളുടെ മുഖത്ത് ഒരു നിർവികാരത നിറഞ്ഞിരുന്നു. കരയാനിനി കണ്ണീരില്ലാത്തപോലെ കണ്ണുകൾ വെളുത്തിരിക്കുന്നു. അവൾക്ക് പകരമായി പ്രകൃതി കരയും പോലെ മഴവർഷിക്കുന്നു.
\"സ്നേഹവും കരുതലും ലാളനയുമെല്ലാം വേണ്ടുവോളം തന്നിട്ട് പെട്ടെന്നൊരു ദിവസം എന്നെ മാത്രം തനിച്ചാക്കി നിങ്ങളങ്ങ് പോയി.
എന്നേം കൂടി കൂട്ടാരുന്നില്ലേ. ഒന്നും താങ്ങാൻ കഴിയുന്നില്ല.പ്രാണൻ തന്നവരും പോയി, പ്രണയം തന്നവനും പോയി.. ഇപ്പൊ നഷ്ടപ്രണയത്തിന്റെ ബാക്കിപത്രം പോലെ ഒരു തീരാ ദുഃഖം കൂടി പേറി നിൽക്കുന്നു. അനാഥപ്പെണ്ണിനെ കൂടെകൂട്ടിയ പാപത്തിന് പപ്പക്കും അന്നമ്മച്ചിക്കും തേച്ചാലും മായ്ച്ചാലും മാറാത്ത കളങ്കമായി തീർന്നിരിക്കുന്നു, ഞാൻ. എന്റേയീ തീരുമാനം ഒരിക്കലും തെറ്റല്ലല്ലോ അപ്പച്ചാ. മരിച്ചു മുകളിൽ നിൽക്കുന്ന നിങ്ങളെപ്പോലും അവഹേളിക്കുന്നത് കേട്ടുനിൽക്കേണ്ടി വന്നു എനിക്ക്.ഇനിയിതൊന്നും കേൾക്കാനും കാണാനും ഞാൻ തയ്യാറല്ല..\" അവൾ കല്ലറകളിലേക്ക് നോക്കി നെടുവീർപ്പിട്ടു.
എബിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല അനു അവിടെ തന്നെ നിൽക്കുന്നത് കണ്ട് അയാൾ വേഗത്തിൽ
അവളുടെ അടുത്തുച്ചെന്നു.
\"മോളെ....\" ആവിളികേട്ട് അവൾ തിരിഞ്ഞുനോക്കി
\"പപ്പാ....\"അവൾ വിളിക്കെ അയാളുടെ കണ്ണുകൾ നിറഞ്ഞു.
\"പേടിപ്പിച്ചു കളഞ്ഞല്ലോ നീ... ഞാനെവിടെല്ലാം നോക്കിയെന്നോ \"
\"ഞാൻ അപ്പച്ചനേം അമ്മയേം കാണാൻ വന്നതാ പപ്പാ..\"
\"നിന്റെ മനപ്രയാസം പപ്പക്കറിയാം. വിഷമിക്കാതെ മോളെ, അവൻ പോണേൽ പോട്ടെ, നിനക്ക് ഞങ്ങളില്ലേ, അവനെക്കാളും നല്ലൊരാളെ എന്റെ മോൾക്ക് പപ്പാ കൊണ്ടുവരും, എന്റെ മോള് എല്ലാം മറക്കണം.\"
\"മറന്നുകഴിഞ്ഞു പപ്പാ... ഇനി അയാളെ പറ്റിയോർത്തു അനു വിഷമിക്കില്ല, നിങ്ങളെ ആരെയും വിഷമിപ്പിക്കുമില്ല\"
അവളുടെ വാക്കുകളിൽ ധൈര്യം നിറഞ്ഞപോലെ അയാൾക്ക് തോന്നി.അവൾ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് നടക്കേ എബി ഒന്നാശ്വസിച്ചെങ്കിലും അയാൾക്ക് ഒരുൾഭീതി തോന്നിയിരുന്നു.
അന്നത്തേദിവസം അനു അവരോട് സാധാരണപോലെ പെരുമാറി, കുറേനേരം അന്നയുടെ മടിയിൽ തലചായ്ച്ചുകിടന്നു. എല്ലാം മറക്കാമെന്നും നാളെ മുതൽ പുതിയ ജീവിതമാണെന്നും അവൾ പറഞ്ഞതുകേട്ട് ഇരുവരും സമാധാനിച്ചു.വിശപ്പില്ലാത്തതുകൊണ്ട് അത്താഴം വേണ്ടെന്ന് പറഞ്ഞ് അനു നേരത്തെത്തന്നെ മുറിയിലേക്ക് പോയി.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ചന്തുവും നാൻസിയും വീട്ടിലെത്തിയപ്പോൾ തന്നെ സന്ധ്യയായിരുന്നു.ആദ്യം തന്നെ വിഷ്ണുവിനെക്കണ്ട് കാര്യമറിയാൻ തീരുമാനിച്ച് രണ്ടുപേരും കൂടി ചന്ദ്രോത്തേക്ക് തിരിച്ചു. ചെന്നിറങ്ങിയതും വിഷ്ണു ചന്തുവിനെ ഓടിവന്നു കെട്ടിപ്പിടിച്ചു. എന്നാൽ ചന്ദു അവനെ സാവകാശം നീക്കിനിർത്തി.
\"ഞങ്ങൾക്ക് സത്യമറിയണം.... എന്താ ഉണ്ടായത്...\"ചന്തു ചോദിക്കേ വിഷ്ണു അവരെ മാറ്റിനിർത്തി സംസാരിച്ചു. വിഷ്ണു പറഞ്ഞ കാര്യങ്ങൾ കെട്ട് ചന്തുവിന്റെയും നാൻസിയുടെയും മുഖം വിവർണമായിക്കൊണ്ടിരുന്നു. തിരിച്ചു ചന്തുവും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ആ പെൺകുട്ടി അപ്പോഴും അവിടെ നിൽക്കുന്നുണ്ടായിരുന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\"നീ... പറയുന്നതൊന്നും അതേപടി ദഹിക്കില്ല വിഷ്ണൂ.. അനുവിനോടും കൂടി സംസാരിച്ചിട്ടെ ഒരു തീരുമാനമെടുക്കാൻ കഴിയൂ...\"
ചന്തു ദേഷ്യത്തോടെ പറയുന്നത് കെട്ട് വിഷ്ണുവിന്റെ മുഖം ചുവന്നു.
\"ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ എല്ലാം... ഇനി അവളുടെ ഭാഗം കേൾക്കേണ്ട കാര്യമില്ല... എനിക്ക്..\"
\"കണ്ണുകൊണ്ട് കാണുന്നതുപോലും ഇന്ന് വിശ്വാസയോഗ്യമല്ല, വിഷ്ണുവേട്ടാ... കാര്യങ്ങൾ അന്വേഷിച്ചറിയണം..ഇപ്പൊ വാശിപ്പുറത്ത് ഇങ്ങനൊരു ചടങ്ങ് നടന്നിട്ട് നാളെ ദുഖിക്കേണ്ടി വരരുത്..\"
നാൻസി വിഷ്ണുവിനോട് അപേക്ഷിച്ചു നോക്കി.
\"ഇല്ല നാൻസി, ഇനിയെന്റെ മനസ് മാറില്ല, ഇതൊക്കെ എന്റെ മുന്നിൽ ഈശ്വരൻ കാട്ടിതന്നതാ... പ്രണയം ഒരു ചതിയാണെന്ന് എനിക്ക് മനസിലായി...\"
\"ഞാൻ പറയുന്നതൊന്നു കേൾക്കേടാ നീ...\"ചന്തു ആവുന്നത്ര താഴ്മയോടെ പറഞ്ഞു.
\"എനിക്കിനി ഒന്നും കേൾക്കണ്ട.. എന്റെ ആത്മാർത്ഥ സുഹൃത്താണ് നീയെങ്കിൽ നാളെ കല്യാണത്തിന് വന്നേക്ക്...\"
അതും പറഞ്ഞ് വിഷ്ണു നടന്നുപോയി.
ചന്തുവും നാൻസിയും പിന്നീടൊരു നിമിഷം പോലും അവിടെ നിന്നില്ല.
\"വാ നാൻസി...എന്താണ് നടന്നതെന്നു അവൾക്കേ പറയാൻ പറ്റൂ,ഇനി ഉത്തരം പറയേണ്ടത് അനുവാണ്... നമുക്ക് പോകാം \"
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ടിങ് ടിങ്.....
അന്നയും എബിയും കൂടി അത്താഴം കഴിഞ്ഞ് അടുക്കളയിൽ അനുവിനെപ്പറ്റി സംസാരിച്ചു നിൽക്കെയാണ് കാളിങ് ബെൽ കേട്ടത്. എബി പോയി വാതിൽ തുറന്നു.പുറത്ത്തുനിന്നവരെ കണ്ടതും എബിയുടെ മുഖം തെളിഞ്ഞു.
\"വാ മക്കളെ, കയറി വാ.\"
ചന്ദുവിനെയും നാൻസിയെയും അയാൾ സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു. അന്നയും അങ്ങോട്ടേക്ക് വന്നു.
\"എന്താ അങ്കിൾ ഇത്, എന്താ നടന്നത് \"
ചന്തുവിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
\"ബെന്നി ചതിച്ചതാ ന്റെ മോളെ \"അന്ന മറുപടിനൽകി.
\"ഒന്നിനും ഒരു വ്യക്തതയില്ല ആന്റി,... ഇനിയെല്ലാം അവൾ തന്നെ പറയട്ടെ, അനു എവിടെ \"
നാൻസി അവളെ തിരഞ്ഞു.
\"അവൾ മുറിയിലുണ്ട്. കുറേ നാളായി വാതിലടച്ചു ഇരിപ്പുതന്നെയാ. ഞാൻ വിളിക്കാം \"അന്നയും നാൻസിയും അവളെ വിളിക്കാനായി മുകളിലേക്ക് പോയി.
\"നാളെയാണ് കല്യാണം അല്ലെ , മോനെ \"
എബി സങ്കടത്തോടെ ചോദിച്ചു.
\"അതേ അങ്കിളേ , എടുത്തുചാട്ടമാ, വാശി..ഇനിയൊന്നും പറഞ്ഞുമനസിലാക്കാൻ കഴിയില്ല, അനുഭവിക്കട്ടെ.\"
അപ്പോഴേക്കും മുകളിൽ നിന്നു അന്നമ്മ നിലവിളിക്കുന്ന ശബ്ദം കേട്ടു.
എല്ലാരും അങ്ങോട്ടേക്കോടി..
\"ഇച്ചായാ, ഓടിവായോ.... അനുമോള്.... ഈശോയെ..\"
ചന്ദുവും എബിയും ചെല്ലുമ്പോൾ അന്ന പൊട്ടിക്കരയുകയായിരുന്നു. നാൻസി വെപ്രാളത്തോടെ പറഞ്ഞതനുസരിച്ച് ചന്തു വാതിൽ ചവിട്ടിത്തുറന്നു. എല്ലാരുടെയും ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിന്നതുപോലെ തോന്നി.കൈനരമ്പിൽ നിന്നും ചോര വാർന്നോഴുകി കട്ടിലിൽ ബോധമില്ലാതെ അനു..
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️