Aksharathalukal

ഹർഷം 2

ഹർഷം 2

             ജിത്തു കുളി കഴിഞ്ഞു കോളേജിൽ പോകാൻ തയ്യാറാവനായി മുറിയിൽ എത്തുമ്പോൾ, ഏട്ടന്മാർ തമ്മിൽ മിക്കപ്പോഴും പതിവുള്ള ലഹള നടക്കുകയാണ്.....

അനിരുധ് തേച്ചു മടക്കിവെച്ച അവന്റെ നേവി ബ്ലൂ ഷർട്ട് ശിവദത്തിന്റെ  ശരീരത്തോട് ചേർന്ന് കിടക്കുന്നു...
അനി വായിട്ടലയ്ക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ ഏതോ ഒരു പ്രണയഗാനവും മൂളി കണ്ണാടിയിൽ നോക്കി മുടി ഭംഗിയിൽ ഒതുക്കി വെയ്ക്കുന്ന തിരക്കിലാണ് ശിവ...

അനി പറയുന്നതൊന്നും കേട്ടഭാവം കൂടി ശിവയുടെ പെരുമാറ്റത്തിൽ കാണാൻ ഇല്ലാത്തതിനാൽ, ഇനിയും അവനോട്  നാവിട്ട് അലച്ചു വായിലെ വെള്ളം വറ്റിക്കേണ്ടല്ലോ  എന്ന ചിന്തയാൽ അവന്റെ നടുമ്പുറം നോക്കി നല്ലൊരു വീക്ക് വെച്ചു കൊടുത്തിട്ട് അനി  അലമാരിയിൽ നിന്നും അലക്കി വെച്ചിരിക്കുന്ന മറ്റൊരു ഷർട്ട് എടുത്തു തേക്കാൻ തുടങ്ങി.....
ഏട്ടന്മാർ രണ്ടാളും തമ്മിലുള്ള പോര് ഇത്തിരിനേരം നോക്കി നിന്നിട്ട് ഒരു ചിരിയോടെ ജിത്തു തന്റെ ഡ്രെസ്സുകൾ അടുക്കിയ കബോഡ് തുറന്നു....

ഏട്ടന്മാരുടെ കണ്ണ് ആ ഭാഗത്തോട്ടു പതിക്കാത്തതിനാൽ അതൊരിക്കലും അലങ്കോലമാകാറില്ല....
വലിയ പകിട്ടോ കടുംവർണങ്ങളൊ ഇല്ലാത്ത അനേകം ഷർട്ടുകളിൽ നിന്നും ഏറ്റവും മുകളിലായി വെച്ചിരുന്ന ഒന്ന് എടുത്ത് മാറ്റി ധരിക്കാൻ അതുമായി അടുത്ത മുറിയിലേക്ക് പോയി....

ഏട്ടന്മാർ രണ്ടാളും അച്ഛന്റെ ശരീര പ്രകൃതവും അമ്മയുടെ നിറവുമാണ്..
അതിനാൽ തന്നെ ഒത്തപൊക്കവും അതിനൊത്ത വണ്ണവുമൊക്കെയുള്ള കാണാൻ സുമുഖരായ രണ്ട് ചെറുപ്പക്കാർ...
എന്നാൽ ജിത്തു അവരിൽ നിന്നും നേർ വിപരീതമാണ് അച്ഛന്റെ ഇരുനിറവും അമ്മയെപ്പോലെ വണ്ണവും അല്പം പൊക്കം കുറവുമുള്ള ആള്...
പ്രായം ഇരുപത്തി രണ്ടിനോട് അടുക്കുന്നുള്ളുവെങ്കിലും പലപ്പോഴും രണ്ടു ഏട്ടന്മാരേക്കാൾ അധികം പ്രായവും തോന്നിപ്പിക്കുക ജിത്തുവിന് തന്നെയാണ്...

അതൊന്നും കുറച്ചു നാൾ മുമ്പ് വരെ അവനെ ഒരുതരത്തിലും അലട്ടിയിരുന്നില്ല...
അന്നും എന്നും ഏട്ടന്മാർക്ക് ജിത്തു അവരുടെ കുഞ്ഞനുജൻ ആണെങ്കിലും ആ ബന്ധത്തിലെ ഊഷ്മളത ഇടയ്ക്കെപ്പോഴോ ജിത്തുവിനു നഷ്ടമായി...
നന്ദയുടെ വരവോടെ,,,,,,

ആ ഓർമകളിൽ വീണ്ടും ജിത്തുവിന്റെ ഉള്ളു വിങ്ങി....
എന്നാൽ അടുത്ത നിമിഷം തന്റെ ശിവേട്ടന്റെ  സന്തോഷം നിറഞ്ഞ മുഖം ഓർമയിൽ തെളിഞ്ഞപ്പോൾ തന്റെയുള്ളിലെ നൊമ്പരം ചെറു മിഴിനീർക്കണങ്ങളാൽ തന്റെ കണ്ണുകളിൽ തന്നെ അവൻ പൂട്ടിയിട്ടു....

ചുണ്ടിൽ ഒരു ചിരി വരുത്തി അവനും ഹാളിലേക്ക് ചെന്നപ്പോൾ, ഏട്ടന്മാർ രണ്ടാളും പാകം ചെയ്തു വെച്ചിരുന്നവയൊക്കെ ടേബിളിലേക്ക് എടുത്തു വെച്ച്  അച്ചാച്ചന്റെ ഒപ്പം കഴിക്കാൻ ഇരുന്നിരുന്നു...
മരുന്നുകളൊക്കെ കഴിക്കാൻ ഉള്ളതുകൊണ്ട് അച്ഛൻ വരാൻ കാത്തിരിക്കാൻ സമ്മതിക്കാതെ ഇന്ദിരയെയും അവർ കഴിക്കാൻ പിടിച്ചിരുത്തി വിളമ്പി കൊടുത്തു....

ഒരു കുറ്റി പുട്ടിന്റെ പകുതി എടുത്തു പാത്രത്തിലേക്ക് വെച്ചു അല്പം കറിയുമെടുത്തു ജിത്തുവും കഴിക്കാൻ ഇരുന്നു...
കഴിച്ചു തുടങ്ങിയതും പുറത്തുനിന്നും \"ജിത്തു\" എന്നുള്ള വിളികേട്ടു....
ജിത്തുന്റെ സന്തതസഹചാരിയും ആത്മാർത്ഥ സുഹൃത്തുമായ അർജുന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതും ജിത്തു കഴിപ്പ് മതിയാക്കി പെട്ടെന്ന്  എഴുന്നേറ്റ് പോകാൻ തുടങ്ങി...
എന്നാൽ അനിയുടെ രൂക്ഷമായൊരു നോട്ടത്തിൽ ജിത്തു തിരികെ കസേരയിലെക്കിരുന്നു വേഗം മിച്ചമുള്ള ഭക്ഷണം കൂടി അകത്താക്കി...
അപ്പോഴേക്കും ജിത്തുവിനെ വിളിച്ചുകൊണ്ട് അർജുൻ അകത്ത് എത്തിയിരുന്നു.....
അവൻ അകത്തേക്ക് വന്നതും സമയം വൈകുന്നുവെന്നും ബസ് മിസ്സ്‌ ആകും എന്നും പറഞ്ഞ് ധൃതി വെക്കാൻ തുടങ്ങി....
അതിനനുസരിച്ച് ജിത്തുവും പോകാൻ ധൃതി കാട്ടി തുടങ്ങി....

വീട്ടിൽ നിന്നും ഏകദേശം ഒരു മണിക്കൂറോളം യാത്ര ഉണ്ടായിരുന്നു കോളേജിലേക്ക്... എന്നിരുന്നാലും പത്തുമണിക്ക് ക്ലാസ്സ്‌ തുടങ്ങുന്നതിനു എട്ടു മണിക്ക്വ വെപ്രാളപ്പെട്ടു പോകേണ്ട കാര്യം എന്താണെന്നു ആർക്കും മനസിലായില്ല.....

വീടിനു അടുത്തുള്ള കോളേജിൽ ശിവദത്ത് പിജി ചെയ്യുമ്പോൾ അതെ കോളേജിൽ തന്നെ ഡിഗ്രി വിദ്യാർത്ഥി ആയിരുന്ന ജിത്തു അന്നൊക്കെ ഏറെ താല്പര്യത്തോടെയാണ് ഏട്ടനൊപ്പം ഒരുമിച്ചു കോളേജിൽ പോയികൊണ്ടിരുന്നതും,അവൻ തന്റെ ഏട്ടനാണെന്നു, തന്നെ അറിയുന്നവർക്കൊക്കെ പരിചയപെടുത്തിയിരുന്നതും,
എന്നാൽ ഡിഗ്രി കഴിഞ്ഞതും അതെ കോളേജിൽ ചേരാതെ പിജിയ്ക്ക് അല്പം അകലെയുള്ള കോളേജിൽ നിർബന്ധപൂർവ്വം അഡ്മിഷൻ എടുത്തു...

അവൻ അവിടെ ജോയിൻ ചെയ്തു ആറു മാസങ്ങൾ കഴിഞ്ഞു അനി അതെ കോളേജിൽ ജോലിയ്ക്ക് കയറിയെങ്കിലും അവനൊപ്പം ഒരുമിച്ചു പോകാനോ അവൻ തന്റെ സഹോദരൻ ആണെന്നോ അറിയിക്കാൻ അവൻ ഒരിക്കലും ശ്രമിച്ചിരുന്നുമില്ല...

എന്നാൽ അതിന്റെ കാരണം എന്തെന്ന് ചോദിച്ചാൽ ഒരിക്കലും ജിത്തുവിനു  മറുപടി ഉണ്ടായിരുന്നില്ല....
പലപ്പോഴും ഈ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ജിത്തുവിന്റെ അവസ്ഥ മനസിലാക്കി അതിനു മറുപടി നൽകിയത് അർജുൻ ആയിരുന്നു...

ബ്രോക്കർ പൈസ ലാഭിച്ചു അനിയന്റെ ക്ലാസ്മേറ്റ്‌ വഴി കുഞ്ഞേട്ടനു ലൈഫ് ഉണ്ടാക്കിയതുപോലെ വല്യേട്ടന് നടക്കില്ലഎന്ന് അല്പം കളിയോടെ അർജുൻ പറഞ്ഞപ്പോൾ അതൊക്ക എല്ലാവരും ഒരു തമാശയായി കണ്ടു ചിരിച്ചു കളഞ്ഞു...
അപ്പോഴും ആ ഒരു തമാശയ്ക്ക് പുറകിൽ ജിത്തു അനുഭവിച്ച സങ്കടം ആരും അറിഞ്ഞിരുന്നില്ല....
ആരെയും അറിയിക്കാൻ ജിത്തു താല്പര്യപെട്ടതുമില്ല....

പിന്നെ അധികം നിന്ന് സമയം കളയാതെ അർജുനും ജിത്തുവും പോകാൻ ഇറങ്ങി....
വീട്ടിൽ നിന്നും ഒരു വളവു കഴിഞ്ഞു അഞ്ചു മിനിറ്റ് നടക്കാൻ ഉണ്ടായിരുന്നു ബസ് സ്റ്റോപ്പിലേക്ക്...

വളവു കഴിഞ്ഞതും അകലെ നിന്നും വരുന്ന സ്കൂട്ടി കണ്ടതും ജിത്തുവിന്റെ മുഖം വല്ലാണ്ടായി...
നന്ദയാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ അർജുനും ഒന്നും മിണ്ടാതെ മുമ്പോട്ട് നടന്നു...
അരികിൽ എത്തിയതും വണ്ടി നിർത്തി അവൾ ജിത്തുവിനെ വിളിച്ചുവെങ്കിലും വിളി കേൾക്കാനോ, അവളെയൊന്നു നോക്കാനോ താല്പര്യമില്ലതെ ജിത്തു വേഗത കൂട്ടി മുന്നോട്ട് നടന്നു....
മൂന്നു വർഷം ഒന്നിച്ചുണ്ടായിരുന്ന സൗഹൃദം ആയതിനാൽതന്നെ അവളെ കണ്ടില്ലന്നു നടിച്ചു പോകാൻ അർജുന് സാധിച്ചില്ല...
ചെറിയൊരു കുശലാന്വേഷണത്തിലൂടെ അവൾ വയ്യാണ്ടിരിക്കുന്ന ഇന്ദിരമ്മയെ കാണാൻ ചിറയ്ക്കലേക്കാണെന്നു അറിഞ്ഞു....
ഒപ്പം ശിവയെ കാണാനാവുന്നതിന്റെ തെളിച്ചവും ആ മുഖത്ത് കണ്ടപ്പോൾ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി അർജുൻ ജിത്തുവിനോപ്പം എത്താൻ നടന്നു.....
അപ്പോഴേക്കും ജിത്തു ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു...
അർജുൻ അരികിൽ എത്തിയെങ്കിലും അവൻ ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല.... നന്ദ അവന്റെ വീട്ടിലേക്കാണ് പോയേക്കുന്നതെന്ന് അർജുൻ പറഞ്ഞതിനും ഒരു മൂളൽ മാത്രമായിരുന്നു മറുപടി...

പതിവ് ബസിനു തിരക്കിട്ടു കയറി എല്ലാ സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റിയിറക്കി പതുക്കെ യാത്ര ചെയ്തു കോളേജിൽ അവർ എത്തിയപ്പോഴേക്കും അനിയുടെ ബൈക്കും എത്തിയിരുന്നു....
അവനൊരു പുഞ്ചിരി നൽകി ഇരുവരും ക്ലാസിൽ എത്തിയപ്പോഴാണ് അന്ന് സബ്‌മിറ്റ് ചെയേണ്ട നിഷ മാമിന്റെ അസ്സൈൻമെന്റിന്റെ കാര്യം ജിത്തു ഓർക്കുന്നത് പോലും, രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്ന കാര്യമാണെങ്കിലും അമ്മയുടെ ഹോസ്പിറ്റൽ കാര്യങ്ങളിലും മറ്റും പെട്ട് അത് അവൻ പാടെ മറന്നു പോയിരുന്നു...
മാനേജ്മെന്റ് നടത്തുന്ന കോളേജ് ആയതിനാലും അറ്റെന്റൻസും മറ്റും സ്ട്രിക്ട് ആയതിനാലും ഒരുപാട് ലീവ് ഇപ്പോൾ തന്നെ ആയതിനാലും ക്ലാസ് കട്ട് ചെയ്യുന്ന കാര്യം ആലോചിക്കാൻ പോലും സാധിച്ചില്ല...
പിന്നെ ഫസ്റ് അവർ നിഷ മാമിന്റെ ക്ലാസ്സ്‌ ആയതുകൊണ്ട് ക്ലാസ്സിൽ ഇരുന്ന് എഴുതുന്ന കാര്യവും നടപ്പുള്ളതല്ല...
ഇനി വരുമ്പോലെ വരട്ടെ എന്നും കരുതി ജിത്തു ക്ലാസ്സിൽ ഇരുന്നു...
പ്രതീക്ഷിച്ചത് പോലെ കുറച്ചു ശകാരവും ഉപദേശവും അളവിൽ കൂടുതൽ പരിഹാസവും ഒക്കെക്കൂട്ടി കുഴച്ചു അവസാനം ക്ലാസ്സിന് പുറത്താക്കി...
മറ്റു കുട്ടുകാർ ഇല്ലാത്തതിനാലും മറ്റൊന്നും ചെയ്യാൻ ഇല്ലതിനാലും ജിത്തു മറ്റെങ്ങോട്ടേക്കും പോകാതെ ക്ലാസിനു പുറത്തെ അരമതിലിൽ തന്നെയിരുന്നു....

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ എന്തോ ഒരു ശബ്ദവും ക്ലാസിലെ പെൺകുട്ടികളുടെ നിലവിളിയും കേട്ടാണ് ജിത്തു ഓടി ക്ലാസിൽ കയറിയത്...
അവൻ നോക്കുമ്പോൾ നിലത്തേക്ക് വീണുകിടക്കുന്ന നിഷ മാമിനെ പിടിച്ചു എഴുനേൽപ്പിക്കാനുള്ള ശ്രമത്തിലാണ് ചിലർ,, അത്യാവശ്യം വണ്ണമുള്ള അവരെ ബോധമറ്റ് കിടക്കുമ്പോൾ ഉയർത്താൻ ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു..

ഇതെല്ലാം കണ്ടു വന്ന ജിത്തു മറ്റൊന്നും ആലോചിക്കാതെ അവരെ പൊക്കിയെടുത്തു പുറത്തേക്ക് ഇറങ്ങി അപ്പോഴേക്കും ആരോ സ്റ്റാഫ് റൂമിൽ അറിയിച്ചതിനെ തുടർന്ന് ഏതാനും ടീച്ചസും കൂടി വന്നിരുന്നു...
അവരിൽ ഒരാളുടെ വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഒരു സഹായത്തിനു ജിത്തുവും കൂടെ പോയി....
നിഷായ്ക്ക് ബോധം തെളിഞ്ഞെങ്കിലും നല്ല ക്ഷീണം ഉള്ളതിനാൽ ജിത്തു തന്നെയാണ് അവരെ കാറിൽ നിന്നും എടുത്തു വീൽചെയറിൽ ഇരുത്തിയതും...

കൂടെ മറ്റു ടീചേർസ് ഉള്ളതിനാൽ ജിത്തു കാറുമായി വന്ന സാറിനോപ്പം പുറത്തു നിന്നു....
കുറച്ചധികം നേരത്തിനു ശേഷം പുറത്തേക്ക് വന്ന ഒരു ടീച്ചർക്ക് പറയാൻ സന്തോഷമുള്ള ഒരു വിശേഷം കൂടി ഉണ്ടായിരുന്നു...
വിവാഹം കഴിഞ്ഞു പത്തു വർഷങ്ങൾക്ക് മേലെ ചികിത്സയും മറ്റുമായി നടന്നിരുന്ന നിഷ മാം ഒരു അമ്മയാകാൻ പോകുന്നുവെന്നു...

അപ്പോഴേക്കും ടീച്ചർന്റെ ഭർത്താവും വയ്യഴിക അറിഞ്ഞു ആശുപത്രിയിൽ എത്തിയിരുന്നു...
ടീച്ചറിന് അരികിൽ ആള് വന്നതിനാൽ  തന്നെ മറ്റുള്ളവർ തിരികെ കോളേജിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ യാത്ര പറയാൻ ജിത്തുവും നിഷയ്ക്ക് അടുത്തെത്തി...
നന്ദി സൂചകമായ പുഞ്ചിരിക്ക് മറുപടിയും ഒരു പുഞ്ചിരിയിൽ ഒതുക്കി ജിത്തുവും തിരികെ പോന്നു....
മറ്റു വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ അന്നത്തെ ദിവസവും കടന്നു പോയി....

നിഷ മാമിന് rest പറഞ്ഞിരിക്കുന്നതിനാൽ ലോങ്ങ്‌ ലീവിന് അപേക്ഷിച്ചു...
പകരം അടുത്ത ആഴ്ച മുതൽ പുതിയ ആള് ജോയിൻ ചെയ്‌യും....
വരുന്നത് വല്ല ചുള്ളനോ ചുള്ളത്തിയോ ആകണെയെന്നു കുട്ടികൾ മുട്ടിപ്പായി പ്രാർത്ഥിച്ചുവെങ്കിലും, ദക്ഷായണി എന്നൊരു പേര് സ്റ്റാഫ് റൂമിൽ നിന്നും അറിഞ്ഞപ്പോൾ ആ ഇന്റെരെസ്റ്റും പോയി കിട്ടി...
ജിത്തുവിന് പിന്നെ ഈ വക കാര്യങ്ങളിൽ ഒന്നും താല്പര്യം ഇല്ലാത്തതിനാൽ അതൊന്നും അവനെ ബാധിച്ചതുമില്ല...

അന്ന് ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞു കോളേജിലെ മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ ജിത്തുവിനോപ്പം വെറുതെ ഓരോന്നും സംസാരിച്ചു ഇരിക്കുമ്പോഴാണ് ഇരിക്കുമ്പോഴാണ് അർജുന്റെ ഫോണിലേക്ക് ഹരി വിളിച്ചത്...
ഡിഗ്രിക്ക് അവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആയിരുന്നു അവൻ....
ഇടുക്കിയിലാണ് അവന്റെ വീട് അതിനാൽ തന്നെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം..
ഫോറെസ്റ്റ് ഓഫീസർ ആയ അച്ഛന് റിട്ടയർമെന്റ് ആയപ്പോൾ പിന്നെ കുടുംബത്തന് ഒപ്പം നിൽക്കാൻ  പിജിക്ക് അവനും സ്വന്തം നാട്ടിൽ തന്നെ കോളേജിൽ ചേർന്നു...

മിക്കപ്പോഴും വിളിക്കാറുള്ള അവൻ ഇപ്പോൾ വിളിച്ചത് തന്റെ ചേച്ചിയുടെ വിവാഹനിശ്ചയം ക്ഷണിക്കാൻ കൂടിയായിരുന്നു....
പഠിക്കുന്ന കാലത്ത് രണ്ടു മൂന്നു തവണ അർജുൻ അവന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ജിത്തു പോയിട്ടുണ്ടായിരുന്നില്ല അതിനാൽ തന്നെ രണ്ട് ദിവസം മുമ്പേ വരാൻ പറഞ്ഞു രണ്ടാളെയും പ്രേത്യേകം ക്ഷണിച്ചു....

അവൻ ഫോൺ വെച്ച് കഴിഞ്ഞപ്പോൾ മുതൽ അർജുൻ നിശ്ചയതിനു പോകുന്ന കാര്യത്തിന്റെ പ്ലാനിങ്ങിൽ ആയിരുന്നു....
വനത്തിനോട് ചേർന്ന കിള്ളിപ്പാറ എന്നൊരു ഭംഗിയുള്ള ഗ്രാമം ആയിരുന്നു അവന്റെ നാട്...
അർജുന് ഒരുപാട് ഇഷ്ടമുള്ളൊരു സ്ഥലം..
അതിനാൽ വീണ്ടും ഒരിക്കൽ കൂടി പോകുന്നതിന്റെ ആവേശത്തിൽ ആയിരുന്നു അവൻ....

എന്നാൽ ജിത്തു അതിലൊന്നും വലിയ താല്പര്യം കാണിച്ചില്ല....
എങ്കിലും അവസാനം അർജുന്റെ നിർബന്ധം സഹിക്ക വയ്യാതെ സമ്മതിച്ചു...
എന്നാലും വീട്ടിൽ സമ്മതിച്ചാൽ മാത്രമേ വരു എന്ന് അവൻ കട്ടായം പറഞ്ഞു....
ഞായറാഴ്ച ആണ് ഫങ്ക്ഷൻ എന്നതിനാൽ ക്ലാസും മുടങ്ങില്ല,, അതിനാൽ തന്നെ വീട്ടിലും അനുമതി കിട്ടി....

ഇത്തിരി ദൂരകൂടുതൽ ഉള്ളതിനാൽ വെള്ളിയാഴ്ച രാത്രിയിലേക്ക് പുറപ്പെടാൻ അവർ തീരുമാനിച്ചു....
രാത്രിയിൽ പുറപ്പെട്ടാൽ നേരം വെളുക്കുമ്പോഴേക്കും അങ്ങ് എത്താനാവും....
ബസിനു പോയാൽ മൂന്ന് ബസ് മാറി കേറണം എന്നുള്ളതിനാൽ അർജുൻ വീട്ടിൽ പറഞ്ഞു സമ്മതിപ്പിച്ചു കാർ എടുത്തിരുന്നു.... ജിത്തുവിനും ഡ്രൈവിംഗ് അറിയാവുന്നതിനാൽ രണ്ടാളും മാറി മാറി ഡ്രൈവ് ചെയ്‌യാം എന്നും തീരുമാനിച്ചു....

അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും അത്താഴവും കഴിഞ്ഞു  എല്ലാവരോടും യാത്ര പറഞ്ഞു കിള്ളിപ്പാറയിലേക്ക് അവർ  പുറപ്പെടുമ്പോഴും ജിത്തുവിന് വലിയ ഉത്സാഹം ഒന്നുമില്ലായിരുന്നു...
എന്നാൽ അർജുൻ വളരെയധികം സന്തോഷവാനായിരുന്നു....

സ്റ്റിരിയോയിൽ പ്ലേ ചെയ്യുന്ന പാട്ട് കേട്ടും ഒപ്പം മൂളിയും ആസ്വദിച്ചു ഡ്രൈവ് ചെയ്യുന്ന അർജുനെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ ജിത്തു സീറ്റിലേക്ക് ചായുമ്പോൾ,,
ആ യാത്ര അവന്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെ പറ്റി  ഊഹിക്കാൻ പോലുമാകില്ലയിരുന്നു........

തുടരും.......

🪄ആഗി

ഹർഷം 3

ഹർഷം 3

5
713

ഹർഷം 3ഹൈറേൻജ് കയറി തുടങ്ങിയതേ അർജുൻ, സാരഥിയുടെ റോൾ ജിത്തുവിന് കൈമാറിയിരുന്നു...ഒപ്പം കോ ഡ്രൈവർ സീറ്റും ചായ്ച്ചു ഒരു കുഞ്ഞു മയക്കത്തിനും തരം നോക്കി...ഏഴുമണികൂറോളം നീണ്ട യാത്രയ്ക്ക് ഒടുവിൽ കിള്ളിപ്പാറയിൽ അവർ എത്തുമ്പോൾ നേരം പുലർന്നിരുന്നു....നല്ല മൂടൽ മഞ്ഞും തണുപ്പും ഒക്കെയായപ്പോൾ ഒരു ചൂട് ചായ എങ്കിലും കിട്ടാതെ ഒന്നും ശരിയാവില്ല എന്ന അവസ്ഥയിലായിരുന്നു ജിത്തു...അപ്പോഴും അർജുൻ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു...അടുത്തായി കണ്ട ഒരു ചായകടയോട് ചേർത്ത് വണ്ടി ഒതുക്കിനിർത്തി,ജിത്തു തട്ടി വിളിച്ചപ്പോഴാണ് അർജുൻ മൂരി നിവർത്തി കണ്ണ് തുറന്നത് പോലും..രാവിലെ ഏഴു മണി