Aksharathalukal

ഹർഷം 3

ഹർഷം 3

ഹൈറേൻജ് കയറി തുടങ്ങിയതേ അർജുൻ, സാരഥിയുടെ റോൾ ജിത്തുവിന് കൈമാറിയിരുന്നു...
ഒപ്പം കോ ഡ്രൈവർ സീറ്റും ചായ്ച്ചു ഒരു കുഞ്ഞു മയക്കത്തിനും തരം നോക്കി...
ഏഴുമണികൂറോളം നീണ്ട യാത്രയ്ക്ക് ഒടുവിൽ കിള്ളിപ്പാറയിൽ അവർ എത്തുമ്പോൾ നേരം പുലർന്നിരുന്നു....

നല്ല മൂടൽ മഞ്ഞും തണുപ്പും ഒക്കെയായപ്പോൾ ഒരു ചൂട് ചായ എങ്കിലും കിട്ടാതെ ഒന്നും ശരിയാവില്ല എന്ന അവസ്ഥയിലായിരുന്നു ജിത്തു...
അപ്പോഴും അർജുൻ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു...
അടുത്തായി കണ്ട ഒരു ചായകടയോട് ചേർത്ത് വണ്ടി ഒതുക്കിനിർത്തി,ജിത്തു തട്ടി വിളിച്ചപ്പോഴാണ് അർജുൻ മൂരി നിവർത്തി കണ്ണ് തുറന്നത് പോലും..

രാവിലെ ഏഴു മണി കഴിഞ്ഞതേ ഉള്ളുവെങ്കിലും കടയിൽ നല്ല തിരക്കുണ്ട്...
തോട്ടത്തിലും എസ്റ്റേറ്റ്ലുമൊക്കെ പണിക്കു പോകുന്ന തൊഴിലാളികളാണ് അവരെന്നു ഒറ്റ നോട്ടത്തിൽ മനസിലാകും...

ജിത്തു പുറത്തെ വലിയ വീപയിൽ നിറച്ചു വെച്ചിരിക്കുന്ന നല്ല തണുത്ത വെള്ളത്തിൽ നിന്നും കുറച്ചു എടുത്തു മുഖവും വായും കഴുകി വന്നു...
കടുപ്പം കൂട്ടി രണ്ടു ചായയ്ക്ക് പറഞ്ഞപ്പോൾ അർജുനും അരികിൽ എത്തി....
കിള്ളിപ്പാറ എന്ന ആ ചെറിയ ജംഗ്ഷൻ കഴിഞ്ഞു അരമണിക്കൂർ കൂടി യാത്ര ഉണ്ടായിരുന്നു ഹരിയുടെ വീട്ടിലേക്ക്...

ചെന്ന് കയറുന്നതും ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന ജിത്തുവിന്റെ നിർബന്ധം കാരണം അവർ ഇരുവരും രാവിലത്തെ പ്രാതലും കടയിൽ നിന്നാക്കി....

കഴിച്ചു കഴിഞ്ഞു പൈസയും കൊടുത്ത് തിരികെ കാറിൽ കയറുമ്പോഴേക്കും ഹരിയുടെ വിളിയും എത്തിയിരുന്നു...
അവർ പുറപ്പെട്ട സമയം വെച്ച് നോക്കുമ്പോൾ വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞതിനാൽ വഴിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്നറിയാനായായിരുന്നു അവൻ വിളിച്ചത്..
അവർ ജംഗ്ഷനിൽ എത്തി എന്ന് പറഞ്ഞതും അവരെ കൂട്ടാൻ ഹരി വരാമെന്ന് പറഞ്ഞെങ്കിലും അർജുന് വഴി അറിയാവുന്നതിനാൽ അവർ ഹരിയെ നിരുത്സാഹപ്പെടുത്തി....
മുന്നോട്ടുള്ള യാത്രയിൽ അർജുൻ ഡ്രൈവ് ചെയ്തു...

ജഗ്ഷനിൽ നിന്നും കുറച്ചു മാറി ഒരു ഇടവഴിയിൽ കൂടിയാണ് പിന്നിടുള്ള യാത്ര...
അധികം പരിഷ്കാരങ്ങളോ ബഹളങ്ങളോ ഇല്ലാത്ത തികച്ചും ശാന്തമായൊരു ഗ്രാമാന്തരീക്ഷം...
തങ്ങളും അത്ര കണ്ടു നാഗരീക ചുറ്റുപാടിൽ നിന്നും വരുന്നവർ അല്ലാത്തതുകൊണ്ട് പ്രേത്യേകിച്ചു കൗതുകങ്ങൾ ഒന്നും ഇരുവരിലും ഉണ്ടായിരുന്നില്ല... എന്നിരുന്നാലും പച്ചപ്പും തണുപ്പും ശാന്തതയുമൊക്കെ മനസും ഒന്ന് കുളിർപ്പിച്ചു....
അല്പം നേരത്തെ മുഷിച്ചിൽ തോന്നാത്ത യാത്രയ്ക്ക് ഒടുവിൽ അവർ എത്തിച്ചേർന്നത് ഒറ്റ നിലയിൽ ഉള്ള ഒരു ഇടത്തരം വീടിനു മുമ്പിൽ ആയിരുന്നു.. ചുറ്റും പച്ചക്കറിയും വാഴയും, കപ്പയും, ചേനയും അങ്ങനെ ഒട്ടുമിക്ക കൃഷികളും ഉണ്ടായിരുന്നു...
അല്പം അകലം ഇട്ടാണ് അയല്പക്കത്തെ വീടുകളൊക്കെ ഉള്ളത് അവിടെയും ഇതുപോലെ തന്നെ കൃഷിയും കാര്യങ്ങളുമൊക്കെയുണ്ട്....

അവരെ കാത്തു ഹരി മുറ്റത്തു തന്നെ നിൽപുണ്ടായിരുന്നു...
അവനെ കണ്ടതും ഒന്ന് കെട്ടിപിടിച്ചു സന്തോഷം പങ്ക് വെച്ചിട്ട് അർജുൻ നേരെ വീടിനുള്ളിലേക്ക് കടന്നു...
നല്ല പരിചയം ഉള്ള വീടുപോലെ സ്വാതന്ത്ര്യത്തോടെ അകത്തേക്ക് പോകുന്ന അവനെ കണ്ടു ജിത്തു ഒരു നിമിഷം മടിച്ചു നിന്നു...

ജിത്തുവിന്റെ നിൽപ്പും ഭാവവും കണ്ടു ഒരു ചിരിയോടെ ഹരി അവനെയും കൂട്ടി ഉള്ളിലേക്ക് നടന്നു...
അകത്തെത്തി സോഫയിലേക്ക് ഇരുന്നപ്പോഴും കണ്ണുകൾ തിരഞ്ഞത് അർജുനെയാണ്....

ഹാളിന് ഇടതുവശത്തു മുറിയിൽ നിന്നും ചിരിയും സംസാരവും കേട്ടപ്പോഴേ അർജുൻ അവിടെ ഉണ്ടാവുമെന്ന് മനസിലായി ഒപ്പം ഏതാനും പെൺ ശബ്‌ദങ്ങളും കേട്ടതിനാൽ അങ്ങോട്ടേക്ക് പോകാൻ ജിത്തുവിന് മടി തോന്നി..
ഒപ്പം അർജുനോട് ചെറിയ ദേഷ്യവും....

" അർജുൻ ഇവിടെ കുറെ തവണ വന്നിട്ടുള്ളത് കൊണ്ട് ഇവിടെ എല്ലാവരുമായി നല്ല കൂട്ടാണ്...., അതുകൊണ്ട് അവനു വലിയ ഫോർമാലറ്റിയുടെ ആവശ്യമൊന്നും ഇതുവരെയില്ല....
നിനക്കും വേണ്ട,,, "

ചിരിയോടെ പറയുന്ന ഹരിയ്ക്ക് നേരെ വരുത്തി തീർത്ത ചിരിയോടെ ജിത്തുവും ഒന്ന് തലയാട്ടി സമ്മതം അറിയിച്ചു...

അപ്പോഴേക്കും കടുംകാപ്പിയും പലഹാരങ്ങളുമായി രണ്ടു സ്ത്രീകളും അവർക്കൊപ്പം അർജുനും അങ്ങോട്ടേക്ക് വന്നു....
അർജുൻ ഒരു ഗ്ലാസ്‌ കടുംകാപ്പി ജിത്തുവിന് എടുത്തു നൽകി ഒപ്പം പ്ലേറ്റിൽ നിന്നും ഒരു കൊഴുക്കട്ടയും എടുത്തു കടിച്ചു കൊണ്ടു സോഫയിലേക്ക് ഇരുന്നു..
ഹരി എല്ലാവരെയും പരിചയപെടുത്തുന്നതിനു മുമ്പേ അർജുൻ ആ ചുമതല ഏറ്റെടുത്തു....

ഹരിയുടെ അമ്മ ലളിതയും ചേച്ചി ശ്രീപാർവതിയും....
അപ്പോഴേക്കും കുളി കഴിഞ്ഞു എങ്ങോ പോകാനായി അവന്റെ അച്ഛനും തയ്യാറായി വന്നിരുന്നു...
ബാലചന്ദ്രൻ.....

അദ്ദേഹം ഇരുവരോടും കുശലന്വേഷണങ്ങൾ നടത്തി, യാത്ര പറഞ്ഞു പുറത്തേക്ക് പോയി....
പോകും മുമ്പ് ഹരിയെ എന്തൊക്കെയോ ജോലികൾ പറഞ്ഞേൽപ്പിച്ചിരുന്നു...
നിശ്ചയതലേന്നത്തെ അവസാനവട്ട തിരക്കുകളിൽ ആയിരുന്നു ഏവരും....

പ്രാതൽ പുറത്തു നിന്നും കഴിച്ചതിന്റെ പേരിൽ അമ്മയുടെയും ചേച്ചിയുടെയും പരിഭവം പറച്ചിൽ കണ്ടപ്പോൾ മറുതൊന്നും പറയാതെ അർജുനൊപ്പം ഇരുന്നു രണ്ടു ഇഡലി കൂടി കഴിച്ചു ജിത്തു.....

രാത്രിയിലെ ഉറക്കമൊഴിച്ചുള്ള യാത്രയും ലോങ്ങ്‌ ഡ്രൈവിന്റെ ക്ഷീണവും ജിത്തുവിൽ ചെറിയൊരു തലവേദനയ്ക്ക് തുടക്കം കുറിച്ചു...
അതിനാൽ തന്നെ ഹരി അവനോട് തന്റെ റൂമിൽ പോയി ഇത്തിരി റസ്റ്റ്‌ എടുത്തോളാൻ പറഞ്ഞയച്ചു...

അടുക്കളയിലെ ഒരുക്കങ്ങൾക്കും സഹായങ്ങൾക്കുമായി അയല്പക്കത്തെ സ്ത്രീകൾ വീട്ടിൽ എത്തികൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ജിത്തു റൂമിൽ നിന്നും പുറത്തിറങ്ങി...

വൈകിട്ടത്തേക്കുള്ള ഒരുക്കങ്ങൾക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ തയ്യാറായ ഹരിയ്ക്കൊപ്പം അർജുനും പോകാൻ തയ്യാറായി...
അർജുൻ കാർ സ്റ്റാർട്ട്‌ ചെയ്തപ്പോഴേക്കും ജിത്തുവും അവർക്കൊപ്പം വന്നു കയറി....

തലവേദനയുടെ കാര്യം പറഞ്ഞു ഹരി ജിത്തുവിനോട് റസ്റ്റ്‌ എടുത്തോളാൻ പറഞ്ഞെങ്കിലും അതൊന്നും കൂട്ടാക്കാതെ ജിത്തുവും അവർക്കൊപ്പം കൂടി...
ഹരി കോ ഡ്രൈവർ സീറ്റിൽ ആയിരുന്നു അതിനാൽ ജിത്തു പുറകിൽ കയറി...

ടൗണിലേക്ക് പോകാൻ മുക്കാൽ മണിക്കൂറോളം സമയം എടുക്കുമെന്ന് പറഞ്ഞതിനാൽ സൗഹൃദസംഭാഷങ്ങളിൽ ഒന്നും ഇടപെടാതെ ജിത്തു സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകൾ അടച്ചു...
ക്ഷീണം കാരണമാകാം വേഗം തന്നെ ചെറിയൊരു മയക്കത്തിലേക്കും അവൻ വഴുതി വീണു....

വീടിനടുത്തുള്ള ബസ് സ്റ്റോപ്പ് കഴിഞ്ഞു പോന്നപ്പോഴാണ്  ഹരി പരിചയം ഉള്ള ആരെയോ കണ്ടിട്ട് അർജുനോട് വണ്ടി നിർത്താൻ പറഞ്ഞത്...
സ്റ്റോപ്പിൽ നിന്നും കുറച്ചു മുന്നോട്ട് നീങ്ങിയാണ് കാർ നിർത്തിയത് എന്നതിനാൽ അർജുൻ റിവേഴ്‌സ് എടുക്കാൻ തുടങ്ങിയെങ്കിലും ഹരി തടഞ്ഞു...
ഇപ്പോൾ വരാമെന്നു പറഞ്ഞു ഹരി ഇറങ്ങി പോയി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ഒരു യുവതിയോട് സംസാരിക്കുന്നതും അല്പം കഴിഞ്ഞു ആളെ കൂടെ കൂട്ടി കൊണ്ട് വരുന്നതും അർജുൻ മിററിലൂടെ കണ്ടു...

കാറിന്റെ അടുത്തെത്തിയതും പുറകു വശത്തെ ഡോർ ഹരി അവൾക്കായി തുറന്നു നൽകി...
പുറകിൽ ഇരുന്നു ഉറങ്ങുന്ന ജിത്തുവിനെ ഒന്നു നോക്കിയിട്ട് അവളും പെട്ടെന്ന് ഉള്ളിലേക്ക് കയറി...

ആരെന്നു സംശയത്തിൽ നോക്കുന്ന അർജുനെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു....
തിരിച്ചു ചിരിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ അവളെ നോക്കുന്ന അർജുനെ കണ്ടു ഹരി തന്നെ ആളെ പരിചയപെടുത്തി....

"ഇത് ഞങ്ങളുടെ സ്വന്തം ശീമാട്ടി......."

അങ്ങനെ പറഞ്ഞതും അവൾ ഹരിയെ കപട ഗൗരവത്തിൽ ഒന്ന് തുറിച്ചു നോക്കി...
ഉടനെ തന്നെ നാക്ക് കടിച്ചുകൊണ്ട് ഹരി തിരുത്തി...

"ശീമാട്ടി അക്ക "

തുടരും........