Aksharathalukal

സുമതി വളവ്

സുമതി വളവ് 

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

\"ഇപ്പൊ പഠിപ്പിച്ചതു കൂടി ആയപ്പോൾ ഈ ചാപ്റ്ററും കഴിഞ്ഞു... ഇനി ഓണപരീക്ഷ വരെ റിവിഷൻ ആയിരിക്കും... എല്ലാവരും ഒന്നു കൂടി ഈ പാഠമൊന്നു വായിച്ചു നോക്കിയേ... സംശയമുള്ളത് ചോദിക്കണം കേട്ടോ...\" ശ്രീഹരി കുട്ടികളോടായി പറഞ്ഞു.

അത്യാവശ്യം പേര് കേട്ട ഒരു ട്യൂഷൻ അധ്യാപകൻ ആണ് ശ്രീഹരി. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ ഹരി വലിയ തിരക്കിലാണ്. വെളുപ്പിന് ആറു മണി മുതൽ ഓരോ സ്‌ഥലങ്ങളിലായി അവൻ മാറി മാറി ട്യൂഷൻ പഠിപ്പിക്കാൻ പോയിട്ടാണ് 
ചിലവുകൾ ഒക്കെ നോക്കിയിരുന്നത്. കുറച്ചു സമയം ഫ്രീ കിട്ടിക്കഴിഞ്ഞാൽ പി എസ് സി പഠനമൊക്കെയായി ഒതുങ്ങി കൂടാറാണ് അവന്റെ പതിവ്. ഇപ്പൊ വൈകുന്നേരമുള്ള ഈവെനിംഗ് സെക്ഷൻ പത്താം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കുവാണ് കക്ഷി. ഇത് കഴിഞ്ഞിട്ട് വേണം നന്ദിയോട് പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു കുഞ്ഞിനെ സ്പെഷ്യൽ ട്യൂഷൻ പഠിപ്പിക്കാൻ പോകേണ്ടതും. അങ്ങനെ ശ്രീഹരിയുടെ ജീവിതം ഓടിതീർന്നു കൊണ്ടിരിക്കുന്ന സമയം.

\"ടാ നിങ്ങൾക്ക് ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചോണെ... അവസാനം ഞാൻ ചോദ്യം ചോദിക്കുമ്പോൾ മനസിലായില്ല, അറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല എന്നൊക്കെ പറഞ്ഞാൽ എന്റെ സ്വഭാവം മാറും... പറഞ്ഞേക്കാം...\"

\"ഞങ്ങൾ ചോദിച്ചോളാം സാറെ...\" ആകാശ് താളത്തിൽ പറഞ്ഞു.

\"ഉം... ഉം... വേഗം നോക്ക്... ഞാൻ അപ്പുറത്തെ ക്ലാസ്സിൽ ഉണ്ടാവും.\" ഹരിയും അതേ താളത്തിൽ പറഞ്ഞു കൊണ്ട് തൊട്ടടുത്ത് ഒമ്പതാം ക്ലാസ്സിലേക്ക് കയറി.
പുസ്തക താളുകൾ ഓരോന്നായി മറിച്ചു നോക്കുന്നതിനിടയിൽ ഷെൽഫിൽ അടുക്കി ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾക്കിടയിലിരുന്ന ഒരു മാസികയിൽ നന്ദുവിന്റെ കണ്ണുകളുടക്കി.
അവൻ പതിയെ കൈ എത്തിച്ചു ആ മാസിക കൈക്കുള്ളിലാക്കി.

\"ടാ നീ വായിക്കുന്നില്ലേ...? വായിച്ചിട്ട് ഡൌട്ട് ഒന്നും ഇല്ലെങ്കിൽ അടുത്ത സ്റ്റെപ് റിവിഷനും അടിയും ആയിരിക്കും... വെറുതെ തല്ലു കൊള്ളാതെ എന്തെങ്കിലും നോക്കെടാ...\" ആകാശ് നന്ദുവിന്റെ തോളിൽ പിടിച്ചു കുലുക്കി.

\"നിക്കെടാ ഒരു മിനിറ്റ്... ഇതൊന്നു മറിച്ചു നോക്കിക്കോട്ടെ... എന്നിട്ട് നമുക്ക് വായിക്കാം. സാറെന്തായാലും കുറച്ചു സമയം കഴിഞ്ഞേ ഇവിടേക്ക് വരൂ...\" നന്ദു ആ മാസികയിലെ പൊടിയൊക്കെ ഒന്ന് തട്ടിക്കുടഞ്ഞു.

\"വേഗം നോക്ക്... സാർ വന്നാലറിയാലോ...\" ആകാശ് അവനെ വാണിംഗ് ചെയ്യുന്ന പോലെ നോക്കി. നന്ദു പതിയെ ഓരോ താളുകളായി മറിച്ചു. കാടിനെയും കാടിന്റെ മക്കളെയും കുറിച്ചുള്ള കുറേയധികം ആർട്ടിക്കിൾ അവന്റെ കണ്ണുകളിൽ ആവേശം പകർന്നു. അതൊക്കെ കണ്ട് ആകാശും അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് മാസികയിലേക്ക് നോക്കി. മാസികയുടെ നടുഭാഗത്തേക്കെത്തിയപ്പോഴേക്കും ഇരുവരുടെയും കണ്ണുകളിൽ കൗതുകം കൊടുമുടി കീഴടക്കുന്ന ഒരു തലക്കെട്ടു കണ്ടു. നന്ദുവിന്റെ ചുണ്ടുകൾ പതിയെ ആ തലക്കെട്ടു മന്ത്രിച്ചു.

\"സുമതി വളവ്...\" അവന്റെ ചുണ്ടുകൾ ചേർന്നു ചെറുതായി ശബ്ദം ഉണ്ടായപ്പോഴേക്കും ആ ക്ലാസ്സിലിരുന്ന പന്ത്രണ്ടു കുട്ടികളും ശ്വാസമടക്കി പിടിച്ചു കൊണ്ട് നന്ദുവിനെ തിരിഞ്ഞു നോക്കി.

\"ടാ... പതിയെ... സാർ അപ്പുറത്തുണ്ട്...\" ആകാശ് അവനെ ഒന്ന് കൂടി ഓർമ്മപ്പെടുത്തി.

\"ടാ നീ അതൊന്ന് വായിച്ചേ... പതിയെ വായിച്ചാൽ മതി...\" ശ്രവ്യ തിരിഞ്ഞിരുന്നു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. എല്ലാവരുടെയും കണ്ണുകളിൽ ആകാംഷ നിറഞ്ഞ ഭാവം അവന്റെ കണ്ണുകൾ ഒപ്പി എടുത്തു.

\"സുമതി വളവ്...\" അവൻ ആവേശത്തോടെ വായിക്കാൻ തുടങ്ങി.

മൈലമൂട് സുമതി വളവ് എന്ന് കേട്ടാല്‍ കേള്‍ക്കുന്നവരുടെ മനസ്സ് അറിയാതൊന്ന് കിടുങ്ങുന്ന കാലമുണ്ടായിരുന്നു. അത്ര കണ്ട് ഭയമാണ് ഇന്നും സുമതി വളവ് ഈ നാട്ടുകാരുടെ മനസ്സിൽ. അറുപത് വര്‍ഷം മുമ്പ് കൊല ചെയ്യപ്പെട്ട സുമതിയെന്ന ഗര്‍ഭിണിയായ യുവതിയുടെ ആത്മാവ് ഗതി കിട്ടാതെ ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്ന വിശ്വാസമാണ് ഈ ഭയത്തിന് കാരണം.

\"തിരുവനന്തപുരം ജില്ലയില്‍ കല്ലറ പാലോട് റോഡില്‍ മൈലമൂട്ടില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ വനത്തിനുള്ളിലെ എസ് അകൃതിയിലുള്ള കൊടും വളവാണ് സുമതിയെ കൊന്ന സുമതി വളവ് എന്നറിയപ്പെടുന്നത്. ഇവിടെ വച്ചാണ് സുമതി കൊല്ലപ്പെട്ടതും. വനപ്രദേശമായതിനാല്‍ സന്ധ്യ മയങ്ങുമ്പോള്‍ തന്നെ ഇരുട്ടിലാകുന്ന സ്ഥലമാണിത്. എപ്പോഴും ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം തുളച്ചിറങ്ങുന്ന വിജനമായ പാത. റോഡിന്റെ വശങ്ങളിലായി പച്ച വിരിച്ചു പടർന്നു നിൽക്കുന്ന വൃക്ഷങ്ങൾ ഒരു വനത്തെ തന്നെ ഓർമ്മിപ്പിക്കുന്നു. റോഡിന്റെ ഒരു വശം വലിയ ഗര്‍ത്തമാണ്. ഒപ്പം കാടിന്റെ വന്യമായ വിജനതയും. ഇതിനൊപ്പം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കുന്ന കഥകള്‍ കൂടിയാകുമ്പോള്‍ എത്ര ധൈര്യശാലിയായാലും ഈ സ്ഥലത്തെത്തുമ്പോള്‍ സുമതിയുടെ പ്രേതത്തെക്കുറിച്ച് അറിയാതെയെങ്കിലും ഓര്‍ത്ത് പോകും. പ്രത്യേകിച്ചും രാത്രി കാലങ്ങളിലെ യാത്രക്കാർ.\" എല്ലാവരുടെയും മുഖത്തു ആകാംഷ നിറഞ്ഞു.

\"നന്ദൂ ഫ്ലോ കളയാതെ ബാക്കി വായിക്ക്...\" സോഫിയ ആവേശം കൊണ്ടു.

\"സുമതി മരിച്ചിട്ട് ഇപ്പോള്‍ അറുപത് വര്‍ഷങ്ങൾ കഴിഞ്ഞു. എന്നിട്ടും പട്ടാപകല്‍ പോലും ഇത് വഴി കടന്ന് പോകാന്‍ പലര്‍ക്കും ഭയമാണ്. സുമതിയുടെ ആത്മാവിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന അല്ലെങ്കില്‍ പ്രചരിപ്പിക്കുന്ന ഭീകര കഥകള്‍ അത്ര കണ്ട് ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം. ഈ കഥകള്‍ക്ക് പിന്നിലെ സത്യം എന്തായിരിക്കും...? സങ്കല്‍പ്പങ്ങളോ അതോ വെറും കെട്ട് കഥയോ? ഇതിന്റെയെല്ലാം പൊരുള്‍ തേടുകയാണ് ഇവിടെ. ആരാണ് സുമതി? എന്തിനു വേണ്ടി ആയിരിക്കും സുമതിയെ കൊന്നത്? അങ്ങനെ കുറേയധികം ചോദ്യങ്ങൾ ഉയരുമ്പോൾ... സുമതിയെ പറ്റി നമുക്കൊന്നറിയാൻ ശ്രമിച്ചാലോ...\" നന്ദുവിന്റെ തൊണ്ടക്കുഴിയൊന്നുയർന്നു പൊങ്ങി. എല്ലാവരും ശ്വാസമടക്കി പിടിച്ചു നന്ദുവിന് ചെവി കൊടുത്തു.

\"നിർത്തല്ലേ... ബാക്കി വായിക്ക്...\" ആകാശ് ഒന്ന് കൂടി നന്ദുവിന്റെ അടുത്തേക്ക് ചേർന്നിരുന്നു. നന്ദു മാസിക ഒന്ന് കൂടി ശെരിയായി പിടിച്ചു.

\"കാരേറ്റ് ഊന്നന്‍പാറ പേഴുംമുടായിരുന്നു സുമതിയുടെ നാട്. കൊല്ലപ്പെടുമ്പോള്‍ 22 വയസ്സായിരുന്നു പ്രായം. വെളുത്ത് വടിവൊത്ത ശരീരം. ഒത്ത പൊക്കം. കണങ്കാല്‍ വരെ നീണ്ട് കിടക്കുന്ന മുടി. കരിനീലക്കണ്ണുകള്‍. ഇതൊക്കെയായിരുന്നു സുമതിയെ നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് പറയാനുണ്ടായിരുന്നത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു സുമതിയുടേത്. അയല്‍വാസിയും വകയിലെ ബന്ധുവുമായ രത്നാകരന്റെ വീട്ടില്‍ അടുക്കള ജോലികളിലും മറ്റും സഹായിയക്കാനായി സുമതി പോവുക പതിവായിരുന്നു. രത്നാകരന് അന്ന് 24 വയസ്സായിരുന്നു പ്രായം. സുമതിയുടെ സൗന്ദര്യത്തില്‍ മയങ്ങിയ രത്നാകരൻ അവളെ കല്യാണം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞു വശത്താക്കി. ഒടുവില്‍ സുമതി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ അയാൾ കാലു മാറി. എന്നാല്‍ സുമതി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യത്തോടെ രത്നാകരന്റെ പിന്നാലെ കൂടി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ് ആ കൊലബാധകം അരങ്ങേറിയത്.\" എല്ലാവരുടെയും ഓരോ ശ്വാസമേടുപ്പും വ്യക്തമായ ശബ്ദം സൃഷ്ടിച്ചു പുറത്തേക്ക് പാഞ്ഞു.

\"ടാ... ടാ... ടാ... എല്ലാവരും വായിക്കുന്നുണ്ടോ അതോ... കളിക്കുവാണോ...?\" ഹരിയുടെ ശബ്ദം കേട്ടപ്പോഴേക്കും എല്ലാവരും ഞെട്ടി ഉണർന്നു.

\"വായിക്കുവാ സാറെ...\" ആകാശ് വിളിച്ചു കൂവി.

\"ഹും... വേഗായിക്കോട്ടെ...\" ഹരി വീണ്ടും ഒമ്പതാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി.

\"നന്ദൂ ബാക്കി വായിക്ക്...\" സോഫിയ നന്ദുവിനെ നോക്കി. ഹരി ശ്രദ്ധിക്കുന്നില്ല എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി നന്ദു വായന തുടർന്നു.

ഒരു ദിവസം പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവ ദിനം. ഉത്സവം കാണാന്‍ കൊണ്ടുപോകാമെന്ന് രത്നാകരൻ സുമതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. രത്നാകരന്‍ തന്റെ അംബാസിഡര്‍ കാറില്‍ സുമതിയെയും കൂട്ടി ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു. വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും വഴിയില്‍ നിന്നിരുന്ന സുഹൃത്തിനെയും രത്നാകരൻ കാറില്‍ കയറ്റി. കാര്‍ പാങ്ങോട് എത്തി ക്ഷേത്രത്തിലേക്കു പോകാൻ ഇടതു ഭാഗത്തേക്കു തിരിയുന്നതിന് പകരം നേരെ പാലോട് ഭാഗത്തേക്കു പാഞ്ഞു. വനാതിര്‍ത്തിയില്‍ മൈലമൂട് പാലത്തിന് സമീപം എത്തിയപ്പോള്‍ കാര്‍ കാട്ടിനുള്ളിലേക്ക് കയറ്റി നിര്‍ത്തി. വഴി നിശ്ചയമില്ലാതിരുന്ന സുമതിയോട് അമ്പലത്തിലേക്കു പോകാന്‍ അതുവഴി കുറുക്കുവഴിയുണ്ടെന്ന് പറഞ്ഞു അയാൾ തെറ്റിദ്ധരിപ്പിച്ചു. അത് വിശ്വസിച്ച സുമതി അവിടെ ഇറങ്ങി അവര്‍ക്കെപ്പം നടന്നു. മൂവരും പാതി രാത്രിയില്‍ വനത്തിനുള്ളിലൂടെ ഒരു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് നടന്നു കഴിഞ്ഞിരുന്നു. സുമതിയെ സൂത്രത്തില്‍ ഉള്‍വനത്തിലെത്തിച്ച് കൊല നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനിടയില്‍ കാമുകന്റെയും കൂട്ടുകാരന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ സുമതിക്ക് താന്‍ ചതിയില്‍ പെട്ടുവെന്ന് മനസ്സിലാവുകയും വനത്തിനുള്ളില്‍ കിടന്ന് ഉച്ചത്തില്‍ നില വിളിയ്കാന്‍ തുടങ്ങുകയും ചെയ്തു. പല തവണ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രത്നാകരനും കൂട്ടുകാരനും കൂടി അവളെ പിന്തുടര്‍ന്ന് പിടികൂടി. കാട്ടുവള്ളികള്‍ കൊണ്ട് കൈകള്‍ കെട്ടിയ സുമതിയെ കുറച്ച് ദൂരം കൂടി അവര്‍ വനത്തിലുള്ളിലൂടെ വലിച്ചിഴച്ചു കൊണ്ട് പോയി. ഇതിനിടയില്‍ ദിശ തെറ്റിയ രത്നാകരനും കൂട്ടുകാരനും ഉള്‍വനമെന്ന് തെറ്റായി ധരിച്ച് നടന്നെത്തിയത് കല്ലറ പാലോട് റോഡില്‍ ഇപ്പോള്‍ സുമതി വളവ് എന്നറിയപ്പെടുന്ന എസ്സ് വളവിന് സമീപത്തായിരുന്നു. ഇവിടെ വച്ചാണ് സുമതിയെ കൊല്ലുന്നത്. രത്നാകരന്‍ സുമതിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ച് കഴുത്ത് മലര്‍ത്തി വച്ചു കൊടുക്കുകയും കൂട്ടുകാരന്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കഴുത്ത് അറുക്കുകയുമായിരുന്നു. ഇതിനിടയില്‍ തന്നെ കൊല്ലരുതെന്നും തമിഴ് നാട്ടിലെങ്ങാനും കൊണ്ട് പോയി ഉപേക്ഷിച്ചാല്‍ അവിടെ ജീവിച്ചു കൊള്ളാമെന്നും ഒരിക്കലും തിരിച്ചു വരില്ലെന്നും അവൾ അപേക്ഷിച്ചു. കേള്‍ക്കാതിരുന്ന രത്നാകരനോട് വയറ്റില്‍ വളരുന്ന കുഞ്ഞിനോടെങ്കിലും ദയ കാണിക്കാൻ അവൾ കെഞ്ചി. ജീവനോടെ വിടണമെന്ന് സുമതി കേണപേക്ഷിച്ചെങ്കിലും രത്നാകരന്റെ മനസ്സ് അലിഞ്ഞില്ല. സുമതിയുടെ കഴുത്തില്‍ കത്തി താഴ്ന്നപ്പോള്‍ ചീറ്റിയൊഴുകിയ രക്തം കണ്ട് രത്നാകരനും കൂട്ടുകാരനും ഭയന്നു. തുടര്‍ന്ന് ഇരുവരും സുമതിയെ അവിടെ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞ് കാട്ടില്‍ വിറക് ശേഖരിക്കാനായി എത്തിയവരാണ് സുമതിയുടെ മൃതദ്ദേഹം കാണുന്നത്.

ആറ് മാസത്തിന് ശേഷം പോലീസ് പിടിയിലായ രത്നാകരനെയും കൂട്ടുകാരന്‍ രവീന്ദ്രനെയും കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. പതിനഞ്ചു വർഷത്തിനു ശേഷം ഇരുവരും ജയില്‍ മോചിതരായെങ്കിലും താമസിയാതെ രവീന്ദ്രനും, പതിനഞ്ച് വര്‍ഷം മുമ്പ് രത്നാകരനും മരണപ്പെട്ടു. സുമതിയുടെ ആത്മാവ് കൊലപ്പെടുത്തി എന്ന് തന്നെ ഇന്നും ആ നാട്ടുകാർ വിശ്വസിക്കിന്നു. ഈ കൊലപാതകത്തോടെ മൈലമൂട് എസ്സ് വളവ് നാട്ടുകാര്‍ക്ക് സുമതിയെ കൊന്ന സുമതി വളവായി. കൊല ചെയ്യപ്പെട്ടത് ഗര്‍ഭിണിയായതിനാല്‍ ഇവിടം അറും കൊലയുടെ വാസ സ്ഥലമായി നാട്ടുകാര്‍ ചിത്രീകരിച്ചു.

രാത്രികാലങ്ങളില്‍ വെളുത്ത വസ്ത്രം ധരിച്ച് അഴിച്ചിട്ട മുടിയുമായി വനത്തിനുള്ളിലെ റോഡരുകില്‍ ഉലാത്തുന്ന സ്ത്രീ രൂപത്തെ കണ്ടുവെന്ന് അവകാശപ്പെടുന്നവരും നിരവധിയാണ്. വാഹന യാത്രക്കാരാണ് ഇവരിലധികവും. സുമതി വളവില്‍ എത്തുമ്പോള്‍ വാഹനത്തിന്റെ എന്‍ജിന്‍ നിന്നുപോവുക, ലൈറ്റുകള്‍ താനെ അണഞ്ഞു പോവുക, ടയറുകളുടെ കാറ്റ് പോവുക തുടങ്ങിയ കഥകളും പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കുന്നുണ്ട്. ഗ്രാമീണരായ നാട്ടുകര്‍ കേട്ട കഥകള്‍ കാട്ടുതീ പോലെ അവിടമാകെ ആളിപടർന്നു. ഇതോടെ പട്ടാപ്പകല്‍ പോലും ആ വഴി കടന്ന് പോകാന്‍ ആളുകള്‍ മടിച്ചു. സുമതി മരിച്ച് ആറ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ജനങ്ങളുടെ മനസ്സിലെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രേതങ്ങളുടെ താഴ്വര എന്നു തന്നെ ഇന്നും സുമതി വളവ് അറിയപ്പെടുന്നു. സുമതിയുടെ കൊലപാതകത്തിന് ശേഷം ഇവിടെ ദുര്‍മരണങ്ങള്‍ നിത്യ സംഭവങ്ങളയി. കൂടാതെ അടിക്കടി പ്രത്യക്ഷപ്പെടുന്ന അനാഥ പ്രേതങ്ങള്‍ നാട്ടുകാരുടെ മാത്രമല്ല പൊലീസിന്റെയും ഉറക്കം കെടുത്താന്‍ തുടങ്ങി. സുമതിയുടെ കൊല നടന്ന ശേഷം ഇതുവരെ ഇവിടെ 30 ല്‍ അധികം മനുഷ്യരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഫോറസ്റ്റ് ജീവനക്കാര്‍ പറയുന്നു. മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ ഇവിടെ കൊണ്ട് തള്ളുന്നതാവാം എന്ന നിഗമനത്തിലാണ് ഇന്നും അധികാരികൾ. ഈ അടുത്ത കാലത്ത് സുമതി വളവില്‍ റോഡില്‍ നിന്നും 100 മീറ്റര്‍ മാറി വനത്തിനുള്ളില്‍ ആറ് മാസത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അജ്ഞാത മൃതദ്ദേഹങ്ങളാകും കണ്ടെത്തുന്നതില്‍ അധികവും എന്നാണ് നാട്ടുകാരുടെ വാദം. അസ്ഥികള്‍ മാത്രമവശേഷിക്കുമ്പോഴാകും മൃതദേഹങ്ങള്‍ കിടക്കുന്ന വിവരം പലപ്പോഴും പുറം ലോകമറിയുക. അതു കാരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാന്‍ പോലും കഴിയാതെ വരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. സുമതി വളവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നാണ് പൊലീസും ഒരു വിഭാഗം ജനങ്ങളും കരുതുന്നത്. ഇവരുടെ ശല്യം ഇപ്പോള്‍ ഏറെക്കുറെ ഇല്ലാതായിട്ടുണ്ടെങ്കിലും ഇടയ്കിടെയുണ്ടാകുന്ന ദുരൂഹമരണങ്ങളും പ്രത്യക്ഷപ്പെടുന്ന അജ്ഞാത മൃതദേഹങ്ങളും സുമതിയെ കൊന്ന വളവിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ഭീതി വിട്ടൊഴുയാതായിരിക്കാന്‍ ഇടയാക്കി.\"

\"നിന്നോടൊക്കെ ഞാൻ എന്തു പറഞ്ഞിട്ടാ പോയത്...?\" ഹരിയുടെ ശബ്ദം മുഴങ്ങിയപ്പോഴേക്കും എല്ലാവരും ഒന്ന് ഞെട്ടി എഴുന്നേറ്റു. പലരുടെയും കണ്ണുകൾ ഭയത്താൽ തറഞ്ഞു നിന്നിരുന്നു. മറ്റു പലരുടെയും മുഖത്തു വിയർപ്പു കണങ്ങൾ ചാലു തീർത്തു താഴെക്കൊഴുകുന്നുണ്ടായിരുന്നു.

\"നന്ദൂ... എന്താ നിന്റെ കൈയിൽ ഇരിക്കുന്നത്...?\" ഹരി മുന്നോട്ടു നീങ്ങി നന്ദുവിന്റെ കൈയിൽ നിന്നും മാസിക പിടിച്ചു വാങ്ങി അവൻ തുറന്നു പിടിച്ചിരിക്കുന്ന പേജിലേക്ക് നോക്കി.

\"സുമതി വളവോ... നിന്നോടൊക്കെ ഇതാണോ വായിക്കാൻ ഞാൻ പറഞ്ഞത്...?
ഇനി ആരും വായിക്കണ്ട... എല്ലാരും ടെക്സ്റ്റും ബുക്കുമൊക്കെ അടച്ചു വച്ചേ...\" അവൻ ദേഷ്യ ഭാവത്തിൽ വടിയെടുത്തു ഡെസ്കിൽ ഉറച്ച ശബ്ദത്തിൽ രണ്ടടി അടിച്ചു.

\"സാർ ഞങ്ങൾ വായിക്കുന്നെ ഉള്ളു...\" അല്പം ഭയത്തോടെ ആകാശ് പറഞ്ഞു.

\"അതേ വായിക്കുന്നെ ഉണ്ടായിരുന്നുള്ളു... പക്ഷേ നിങ്ങളുടെ ടെക്സ്റ്റ്‌ അല്ലെന്ന് മാത്രം... മര്യാദക്ക് ബുക്ക് അടച്ചു വയ്ക്ക്.\" അവന്റെ ശബ്ദം അല്പം കൂടി ഉച്ചത്തിലായി.

\"ശ്രവ്യ എഴുന്നേറ്റെ... Define the cause of french revolution...?\" അവൻ വടി ഒന്ന് കൂടി വീശി കാണിച്ചു. അവൾ ഭയത്തോടെ തല താഴ്ത്തി നിന്നു.

\"അറിയില്ലേ... ങ്‌ഹേ...? ആകാശ്... പറയ്...?\" അവൻ നല്ല ദേഷ്യത്തിൽ ഓരോരുത്തരെയായി വിളിച്ചു. എല്ലാവരുടെയും മുഖത്തു പതിവിലും വിപരീതമായി ഭയം നിറഞ്ഞു നിന്നു.

\"ദേ കുരുപ്പുകളെ... വെറുതെ ഓരോന്ന് ഒപ്പിച്ചു വച്ചിട്ട്... പഠിക്കാതെ ഇരിക്കാനാണ് നിങ്ങളുടെ ഒക്കെ ഉദ്ദേശം എങ്കിൽ... എന്റെ കൈയിലിരിക്കുന്നത് നല്ല പോലെ മേടിക്കും... പറഞ്ഞേക്കാം... നിങ്ങളെ ഒക്കെ വിടാൻ സമയം ആയതു കൊണ്ടിന്നത്തേക്ക് വെറുതെ വിടുന്നു. നാളെ വരുമ്പോ പഠിക്കാതെ ഇങ്ങനെ വന്നിരിക്കാനാണ് ഉദ്ദേശമെങ്കിൽ അടിച്ചു പൊട്ടിക്കും ഞാൻ എല്ലാത്തിനെയും...\" അവനൊന്നു ഖനപ്പിച്ചു. ആരും ഒരക്ഷരം പോലും മിണ്ടാതെ തല താഴ്ത്തി നിന്നു.

\"ഇന്നത്തേക്ക് പൊയ്ക്കോ എല്ലാവരും... നാളെ വരുമ്പോ പഠിച്ചിട്ട് വാരണം... പിന്നെ ഡൗട്സ് എന്തെങ്കിലും ഉണ്ടെങ്കിൽ നാളെയൊന്നു നോക്കീട്ടു വേണം വരാൻ... മനസ്സിലായോ നിങ്ങൾക്ക്...?\" അവൻ അല്പം സമാധാനമായി പറഞ്ഞു. പേടിയോടെ തല താഴ്ത്തി നിന്ന കുട്ടികളുടെ മുഖത്തു ചെറുതായി പുഞ്ചിരി വിടർന്നു. എല്ലാവരും ആശ്വാസത്തോടെ ബുക്കുകൾ എടുത്തു ബാഗിലെക്കു വച്ചു.

\"സാറെ റ്റാറ്റാ...\" സന്തോഷത്തോടെ ഓരോരുത്തരായി പുറത്തേക്കിറങ്ങി. എല്ലാവരെയും വിട്ട ശേഷം അവൻ ഒന്നു കൂടി ആ മാസികയുടെ പേജുകളിലേക്ക് കണ്ണോടിച്ചു.

\"സുമതി വളവ്\" എന്ന തലക്കെട്ട് അവന്റെ മനസ്സിൽ വരച്ചു വച്ച പോലെ തെളിഞ്ഞു നിന്നു. ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തവൻ താഴേക്കിറങ്ങി ബൈക്ക് ലക്ഷ്യമാക്കി നടന്നു. ഷർട്ടിനുള്ളിൽ നിന്ന് അവൻ ഹെഡ് സെറ്റ് ചെവിയിലേക്ക് വച്ചു. ബൈക്കിൽ നിന്ന് ഹെൽമറ്റും എടുത്തു തലയിലേക്ക് വച്ച് അവൻ ബൈക്കിലേക്ക് കയറി. ഫോൺ ഒന്നു കൂടി എടുത്തു ഓൺലൈൻ മ്യൂസിക് പ്ലേ ചെയ്യാൻ ശ്രമിച്ചു. റെയിഞ്ച് ഇല്ലാത്തതു കൊണ്ടാവും പാട്ട് പ്ലേയായില്ല. അവൻ പതിയെ ഫോൺ പോക്കറ്റിലേക്ക് വച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

നന്ദിയോട് ഒരു വീട്ടിൽ സ്പെഷ്യൽ ട്യൂഷൻ പഠിപ്പിക്കാൻ പോകുന്ന പൊക്കാണ് ഹരിയുടേത്. വെളിച്ചം തെളിഞ്ഞു തുടങ്ങിയ സ്ട്രീറ്റ് ലൈറ്റുകളും തിരക്കിലാർന്ന കടകളുമെല്ലാം പിന്നിലേക്കോടി മറഞ്ഞു. അല്പം കൂടി മുന്നിലേക്ക് കടന്നപ്പോഴേക്കും ഇരു വശവും മരങ്ങളാൽ ചുറ്റപ്പെട്ട റോഡിലേക്ക് അവൻ പ്രവേശിച്ചു. ഇടതൂർന്നു വളർന്നു നിൽക്കുന്ന വനത്തിൽ നിന്നും ചീവീടിന്റെ കാതു തുളയ്ക്കുന്ന ശബ്ദം അവന്റെ കാതിൽ മുഴങ്ങി നിന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശമല്ലാതെ ഒരു ചെറു നുറുങ്ങു വെട്ടം പോലുമില്ലാത്ത വനാന്തരീക്ഷം. കൂമന്റെ ഒച്ച ഇടക്ക് കേൾക്കുന്നുണ്ട്.

\"വരാം ഞാൻ...\"🎶🎶🎶🎶 എവിടെ നിന്നോ അവന്റെ കാതുകളിൽ ജോസഫ് സിനിമയിലേ ഗാനത്തിന്റെ വരി മുഴങ്ങി. അവൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചു. ചുറ്റും ഇരുട്ട് മാത്രം. വിചനമായ പാത... അവൻ ഒന്നു കൂടി ചുറ്റും നോക്കി. താൻ അല്പം മുമ്പ് കണ്ട തലക്കെട്ട് അതിവേഗം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

\"സുമതി വളവ്...\" അവൻ ചുറ്റും ഒന്നു കൂടി നോക്കി. അതേ താൻ നിൽക്കുന്ന സ്‌ഥലം അതു തന്നെയാണ്. അവന്റെ ചെന്നിയിലൂടെ വിയറപ്പു കണങ്ങൾ ചാലു തീർത്തൊഴുകി. ഹൃദയം പതിവിലും വേഗമിടിച്ചു. എന്തെന്നില്ലാത്ത ഭയം അവനെ വന്നു മൂടാൻ തുടങ്ങി.

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
വരാം ഞാൻ...
നിനക്കായൊരിക്കൽ
നീയുള്ള ലോകങ്ങളിൽ..
വരുംന്നേരമെന്നോടു ചേരേണമെൻ ജീവനേ നീ
അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം
ഉയിരേ ഇനിയും...
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

ആ ഗാനത്തിന്റെ ശീലുകൾ വീണ്ടും വീണ്ടും അവന്റെ കാതിലൂടെ ഒഴുകി. ഹരി സർവ്വ ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു കൊണ്ട് വീണ്ടും വണ്ടിയെടുത്തു. ആരൊക്കെയോ തന്നെ പിന്തുടരുന്ന പോലെ അവനു തോന്നി. അവൻ വേഗത വീണ്ടും കൂട്ടി. രണ്ടു വരി കേട്ടതും പാട്ട് വീണ്ടും നിന്നു. അവൻ തിരിഞ്ഞു നോക്കാതെ വണ്ടി പായിച്ചു. പേടിച്ചു വല്ലാതെ ആയ ശ്രീഹരി ഒരു വിധത്തിൽ മെയിൻ റോഡിലേക്കെത്തി.

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ.. ഗോവിന്ദാ ..ഹേയ്
ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ ..
ആനാരേ ഗോവിന്ദാ ആലെ ഗോവിന്ദാ
അങ്ങാടിപ്പാട്ടിന്റെ മേളം താ ..
ഇനി മിന്നലടിക്കും മേഘത്തിൽ
മിന്നി മിനുങ്ങും ഗോവിന്ദാ
തങ്കരഥത്തിൽ പാഞ്ഞെത്തീ
മംഗളമരുളും ഗോവിന്ദാ ..
ഹേ ബോലോ ബോലൊ.. രാധേ ബോൽ
ഹേയ് തിത്തിത്താരം തൊട്ടെന്നാൽ
നേരോ നേരോ നെഞ്ചിൽ തുള്ളാട്ടം
ഹേ.. ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ആനന്ദഗോവിന്ദാ
ആലോലത്തേരോട്ടാം ആഹാ ഗോവിന്ദാ
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

അവന്റെ കാതുകളിൽ വീണ്ടും ഗാനത്തിന്റെ ശീലുകൾ മുഴങ്ങി. തന്റെ ചെവിയിൽ താൻ തന്നെ എടുത്തു ഫിറ്റ്‌ ചെയ്ത ഹെഡ് സെറ്റിന്റെ കാര്യം അപ്പോഴാണ് അവന്റെ ബോധമണ്ഡലത്തിലേക്ക് വന്നത്. താൻ നേരത്തെ ഓൺലൈൻ പാട്ടുകൾ കേൾക്കാൻ ശ്രമിച്ചതിനിടയിൽ അത് ക്ലോസ് ചെയ്യാൻ മറന്നതും അവൻ ഓർത്തു. റേഞ്ച് ഇല്ലാത്ത കാരണം... റേഞ്ച് കിട്ടുന്ന സാഹചര്യത്തിൽ തന്റെ തന്നെ ഫോണിൽ നിന്നാണ് പാട്ട് കേട്ടതെന്ന് അവൻ അല്പം ജാള്യതയോടെ ഓർത്തു. അവൻ ഒരു ചെറു ചിരിയോടെ ചെവിയിൽ നിന്നും ഹെഡ് സെറ്റ് എടുത്തു മാറ്റി. സ്വയം തലക്കിട്ടൊന്ന് കൊട്ടി. പാട്ടൊക്കെ ക്ലോസ് ചെയ്തു അവൻ ഫോൺ പോക്കറ്റിലേക്ക് വച്ചു വണ്ടിയെടുത്തു.

സുമതി വളവ് സത്യമോ മിഥ്യയോ എന്ന അന്വേഷണം തുടരാതെ അവൻ അവന്റെ തിരക്കു പിടിച്ച ലോകത്തിലേക്ക് വീണ്ടും ചേക്കേറി. അപ്പോഴും സുമതി വളവ് ഒരു പിടികിട്ടാത്ത ചോദ്യമായി തുടർന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കഴിഞ്ഞു.


ഇഷ്ടമായാൽ അഭിപ്രായം പറഞ്ഞിട്ട് പോണേ കൂട്ടുകാരേ ❤❤❤
സുമതി വളവ് ആ incident റിയൽ ആയി നടന്നതാണ്... അതിനു പിന്നിലുള്ള പ്രേത കഥകൾ എത്ര മാത്രം സത്യം ആണെന്ന് ഇന്നും ആർക്കുമറിയില്ല. ഞാൻ കേട്ടറിഞ്ഞ കുറച്ചു കാര്യങ്ങൾ ചേർത്തു കഥയായി അവതരിപ്പിച്ചു എന്നെ ഉള്ളു. എല്ലാവരും അഭിപ്രായം പറയണേ ❤

എന്ന് നിങ്ങളുടെ സ്വന്തം 🥰പ്രാർത്ഥന 🥰
🥰SB🥰